ആര്‍. ശങ്കര്‍ സമാനതകളില്ലാത്ത വ്യക്തിത്വം

ശങ്കര്‍ വിദ്യാഭ്യാസമന്ത്രിയാ യിരിക്കുമ്പോഴാണ് നാട്ടിലുടനീളം ജൂനിയര്‍ കോളേജുകളുടെ ഒരു ശൃംഖല തന്നെ ആരംഭിച്ചത്. ഇത്കേ രളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിതെളിച്ചു. സംസ്‌കൃത വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്‍കി. 15ല്‍ പരം സംസ്‌കൃത സ്‌കൂളുകള്‍ ആരംഭിച്ചു.

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ കര്‍മ്മയോഗിയാണ് ആർ. ശങ്കര്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും, അറിവിന്റെ ലോകത്ത് നിന്ന് അകറ്റിനിര്‍ത്തപ്പെട്ട പിന്നോക്കവിഭാഗങ്ങളേയും വിദ്യാഭ്യാസ വിപ്ലവത്തിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിലെത്തിയ്ക്കാന്‍ പരിശ്രമിച്ച വിപ്ലവകാരി.

കേരള മുഖ്യമന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി വിദ്യാഭ്യാസമന്ത്രി, സ്വാതന്ത്ര്യസമരസേനാനി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എന്‍.ഡി.പി യോഗംജനറല്‍ സെക്രട്ടറി, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ്, എസ്.എന്‍. ട്രസ്റ്റ് സ്ഥാപകന്‍,പ്രഗല്ഭനായ അദ്ധ്യാപകന്‍……., ആര്‍.ശങ്കറിന്റെ,വ്യക്തിത്വം സമാനതകളില്ലാത്തതായിരുന്നു.

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കുഴിക്കാലിടവക ഗ്രാമത്തില്‍ വിളയില്‍ വീട്ടില്‍, രാമന്‍ വൈദ്യരുടേയും കുഞ്ഞുകാളിയമ്മയുടേയും 11 മക്കളില്‍ അഞ്ചാമനായി 1909 ഏപ്രില്‍ 30ന് ജനിച്ചു. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്), എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, മുഖ്യമന്ത്രിപദം വരെ എത്തിയ അസാധാരണ വ്യക്തിത്വം.
നാലുവര്‍ഷത്തോളം ശിവഗിരി ശ്രീനാരായണ ഹൈസ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. മികച്ച അദ്ധ്യാപകനായിരുന്നു ആർ.ശങ്കറെന്ന് പ്രിയ ശിഷ്യനായിരുന്ന പ്രൊഫസര്‍. പി. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ആശാന്‍ കവിതകളോട് ഒരു പ്രത്യേക താല്പര്യം തന്നെയായിരുന്നു. ശിവഗിരി സ്‌കൂളില്‍ ഹെ ഡ് മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ് ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ശങ്കര്‍, ഐ.സി.എസ് പരീക്ഷയ്ക്ക് ചേര്‍ന്നത്. എഴുത്ത് പരീക്ഷയില്‍ ജയിച്ചു. പക്ഷേ ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടു.

മഹാകവി കുമാരനാശാനെ ആദ്യമായും അവസാനമായും വിദ്യാര്‍ഥിയായ ശങ്കര്‍ കാണുന്നത് കൊല്ലത്തെ കേരളകൗമുദി ഓഫീസില്‍വച്ചാണ്. ആശാന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിതാഭാഗം ഏതെന്ന് ചോദിച്ചപ്പോള്‍ ലീലയിലെ വരികളാണ് ആശാന്‍ ചൊല്ലിയത്….
‘ കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതിന്‍ നിന്നിതാ വിചാരം
പരമഹിത മറിഞ്ഞുകൂടാ, യായു
സ്ഥിരതയുമി,ല്ലതിനിന്ദ്യമീ നരത്വം! ‘

ജീവിതത്തില്‍,ഉന്നതങ്ങളില്‍ എത്താനുള്ളവനാണ് താനെന്ന ബോധം ശങ്കറിനുണ്ടായിരുന്നു.

1933 ല്‍ നിയമപഠനത്തിനായി തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.അച്യുതമേനോന്‍, അന്ന് ലോ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു.
1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി.അന്ന് പ്രായം 29 വയസ്സ്. പട്ടംതാണുപിള്ള,മന്നത്ത് പത്മനാഭന്‍, സി. വി.കുഞ്ഞിരാമന്‍, സി. കേശവന്‍, തുടങ്ങിയ മഹാരഥന്മാരുടെ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരന്‍ ശങ്കര്‍ ആയിരുന്നു. യുവാക്കള്‍ക്ക് ശങ്കറിന്റെ പ്രസംഗം ഹരമായിരുന്നു. സാഹിത്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അതേ ലാഘവത്തോടെ മഹാ സദസ്സുകളില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ ചെയ്തു.

ആർ.ശങ്കർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

1936 ഒക്ടോബര്‍ ഒന്നിന് തിരുവിതാംകൂര്‍ ദിവാനായി സി.പി.രാമസ്വാമി അയ്യര്‍ സ്ഥാനമേറ്റു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സി.പി. തീരുമാനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ മേല്‍ കൊടിയ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടു. 1938 സെപ്റ്റംബര്‍ ഏഴാം തീയതി ചവറ, ശങ്കരമംഗലത്ത് വച്ച്, കുമ്പളത്തോടൊപ്പം,സി. കേശവന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഓച്ചിറയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോള്‍ ശങ്കറിനേയും അറസ്റ്റ് ചെയ്തു. അന്നുരാത്രിതന്നെ കൊല്ലം കസ്ബപോലീസ് സ്റ്റേഷനില്‍ കൂടിയ പ്രത്യേകകോടതി 18 മാസത്തെ തടവിനും 1500 രൂപ പിഴയും വിധിച്ചു. ശങ്കറിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ജയിലിലെ 24 നമ്പര്‍ കുടുസ്സുമുറിയില്‍ സഹ തടവുകാരനായി ഉണ്ടായിരുന്നത് കേരള കൗമുദി പത്രാധിപരായ കെ. സുകുമാരന്‍ ആയിരുന്നു. മഹാരാജാവിന്റെ തിരുനാള്‍ പ്രമാണിച്ച് രാഷ്ട്രീയ തടവുകാരെ യെല്ലാം വിട്ടയക്കാന്‍ ഉത്തരമായി. കൂട്ടത്തില്‍ ശങ്കറിനെയും മോചിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് തുടര്‍ച്ചയായി നാലുവര്‍ഷം,ശങ്കര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു.

1944ല്‍ ശങ്കര്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 35 വയസ്സായിരുന്നു പ്രായം. 1947 ജൂലൈയില്‍ ആദ്യത്തെ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മന്നത്ത് പത്മനാഭന്‍, ഹിന്ദു മന്ത്രിമാരുടേയും, ആര്‍. ശങ്കര്‍ ഹിന്ദു നിയമസഭാംഗങ്ങളുടെയും, ശങ്കരനാരായണന്‍, മഹാരാജാവിന്റെയും, പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. മന്നമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

സി. അച്യുതമേനോന്‍
കെ. സുകുമാരന്‍

1948 ജൂണില്‍, പട്ടംതാണുപിള്ള കൊല്ലം എസ്. എന്‍.കോളേജ് ഉദ്ഘാടനം ചെയ്തു.തൊട്ടടുത്ത വര്‍ഷം ഡിഗ്രി കോഴ്‌സുകളും ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മഹാസ്ഥാപനമായി കൊല്ലം ശ്രീനാരായണ കോളേജ് വളര്‍ന്നു.അടുത്ത 15 വര്‍ഷങ്ങള്‍ കൊണ്ട് 12 ല്‍ പരം കോളേജുകളും, നിരവധി ഹൈസ്‌കൂളുകളും,മിഡില്‍ സ്‌കൂളുകളും എസ്.എന്‍. ട്രസ്റ്റിന്റെ, ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയിലെ, മികച്ച പ്രതിഭകള്‍ ആയിരുന്നു, എസ്.എന്‍. കോളേജിലെ അദ്ധ്യാപകര്‍.

അദ്ധ്യാപകരായി നിയമിക്കുന്നതിന് ജാതിയും, സമ്പത്തുമായിരുന്നില്ല മാനദണ്ഡമായി നോക്കിയത്,മറിച്ച് അവരുടെ അക്കാദമിക് മികവും, യോഗ്യതയുമായിരുന്നു.

1946 മുതല്‍ 54 വരെ ശങ്കര്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു. 1952-ലാണ് എസ്.എന്‍.ട്രസ്റ്റ് സ്ഥാപിച്ചത്. 1949 ല്‍ കേന്ദ്ര ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ശങ്കര്‍ നിയമസഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ ‘ദിനമണി’ പത്രം ആരംഭിച്ചു. 1955ല്‍ പേ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. 1956 ല്‍ മലയാളത്തില്‍ ആദ്യമായി ഒരു ഇയര്‍ബുക്ക് പ്രസിദ്ധീകരിക്കുന്നത്, ആര്‍. ശങ്കര്‍ ആയിരുന്നു.

കുമാരനാശാന്‍
പട്ടം താണുപിള്ള

1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അത് ഒരു ചരിത്ര സംഭവമായിരുന്നു. 27 മാസവും 27 ദിവസവും നീണ്ടുനിന്ന നിന്നു ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ.

1957 ല്‍ ശങ്കര്‍ കെ.പി.സി.സി പ്രസിഡണ്ടായി. 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടം മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. തുടര്‍ച്ചയായി 5 ബഡ്ജറ്റുകള്‍ അവതരിപ്പിക്കുക എന്ന, അപൂര്‍വ ബഹുമതി നേടുകയുണ്ടായി. ‘പട്ടം ‘പഞ്ചാബ് ഗവര്‍ണ്ണറായി പോയതിനെ തുടര്‍ന്ന് 1962 സെപ്റ്റംബര്‍ 26ന് ശങ്കര്‍ കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.കേരളത്തിന്റെ നാനാ മുഖമായ അഭിവൃദ്ധിയ്ക്കായി സുപ്രധാനമായ നിരവധി ഭരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ,സാമ്പത്തിക പ്രത്യേകതകളും, വിഭവ ലഭ്യതയും, വികസന സാധ്യതകളും പൂര്‍ണമായും മനസ്സിലാക്കാനുള്ള വിപുലമായ സാമ്പത്തിക സര്‍വ്വേ നടത്തി.ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.

ശങ്കര്‍,വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണ് നാട്ടിലുടനീളം ജൂനിയര്‍ കോളേജുകളുടെ ഒരു ശൃംഖല തന്നെ ആരംഭിച്ചത്. ഇത്,കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിതെളിച്ചു. സംസ്‌കൃത വിദ്യാഭ്യാസത്തിന് ഏറെ പ്രോത്സാഹനം നല്‍കി. 15ല്‍ പരം സംസ്‌കൃത സ്‌കൂളുകള്‍ ആരംഭിച്ചു.

കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാനുള്ള കഴിവ് ഒരു ഭരണകര്‍ത്താവ് എന്ന നിലയിലുള്ളഅദേഹത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നു. ഫയലുകള്‍ മുഴുവന്‍ പഠിച്ചതിനുശേഷമായിരുന്നു അദ്ദേഹം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്.

നര്‍മ്മപ്രയോഗങ്ങള്‍ കൊണ്ട് കേള്‍വിക്കാരെ രസം പിടിപ്പിക്കുന്ന പ്രസംഗശൈലി പ്രത്യേകതയായിരുന്നു. സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ‘നമുക്ക് എന്തൊക്കെ അവശതകള്‍ ഉണ്ടായിരുന്നാലും നാം ഓരോരുത്തരും ഭാരതത്തിലെ ഉത്തമ പൗരന്മാരാണെന്നുള്ള ബോധം വിസ്മരിക്കരുതെന്ന് അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം പറയുമായിരുന്നു. അവശജന ലക്ഷങ്ങളുടെ സമുദ്ധാരണത്തിലൂടെ മാത്രമേ ദേശീയ പുരോഗതി സാദ്ധ്യമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.

Author

Scroll to top
Close
Browse Categories