ആർ.ശങ്കർ :കേരളത്തിന് വികസന മാതൃക കാട്ടിയ പ്രതിഭ

കേരളീയർക്കൊരു നല്ല പാഠമെന്ന് വിശേഷിപ്പിക്കാവുന്ന ആർ ശങ്ക‌ർ, നല്ലൊരു വികസന മാതൃക കേരളീയർക്കായി നൽകിയ മഹദ് വ്യക്തിത്വമായിരുന്നു. അദ്ധ്യാപകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്‌ട്രീയ നേതാവ്, ഭരണകർത്താവ് എന്നീ നിലകളിലൊക്കെയുള്ള ശങ്കറിന്റെ അതുല്യ സംഭാവനകളെ ആധുനികകേരളം തിരിച്ചറിയണം.

ശ്രീനാരായണഗുരുവിന്റെ ദർശനം ഹൃദയത്തിലേറ്റി, ഗുരുവിന്റെ മാനവ വികസന മാർഗ്ഗങ്ങൾ കർമ്മരംഗത്തവതരിപ്പിച്ചു വിജയിച്ച മഹാനായിരുന്നു ആർ. ശങ്കർ. ആധുനിക കേരളത്തിന്റെ ഗതിവിഗതികളെ രൂപപ്പെടുത്തുകയും സാമൂഹിക വ്യവസ്ഥിതിയിൽ പിന്നാക്കവിഭാഗങ്ങൾക്ക് മാന്യമായ ഇടം നേടിയെടുക്കാൻ യത്നിക്കുകയും ചെയ്ത പ്രതിഭാധനനായ രാഷ്ട്രീയ നേതാവും കഴിവുറ്റ സംഘാടകനുമായിരുന്നു ആർ.ശങ്കർ. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വം. എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയ്ക്ക് അനുപമമായ സംഭാവനകൾ നൽകിയ കർമ്മയോഗി. 1972 നവംബർ 7 ന് അതിധന്യമായ ജീവിതകാണ്ഡത്തിന് തിരശീല വീണു.

കേരളീയർക്കൊരു നല്ല പാഠമെന്ന് വിശേഷിപ്പിക്കാവുന്ന ആർ ശങ്ക‌ർ, നല്ലൊരു വികസന മാതൃക കേരളീയർക്കായി നൽകിയ മഹദ് വ്യക്തിത്വമായിരുന്നു. അദ്ധ്യാപകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ് എന്നീ നിലകളിലൊക്കെയുള്ള ശങ്കറിന്റെ അതുല്യ സംഭാവനകളെ ആധുനികകേരളം തിരിച്ചറിയണം. മികവാർന്നതും സമൂഹത്തിനു പ്രയോജനം നൽകുന്നതുമായ അനേകം കർമ്മമേഖലകളിലൂടെയാണ് ശങ്കർ കടന്നു പോയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ചുരുങ്ങിയ കാലയളവിൽ ഓരോ ദിവസവും 24 മണിക്കൂറും കേരളത്തിന്റെ വികസനത്തെക്കുറിച്ചു മാത്രമായിരുന്നു ആ മനസ്സിലെ ചിന്തകളും പ്രവൃത്തിയും. ദീർഘദൃഷ്ടി, കൃത്യനിഷ്ഠ, അദ്ധ്വാനം, ശരിയായ ആസൂത്രണം ഇതൊക്കെയായിരുന്നു ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയരഹസ്യം. ഭരണരംഗത്തെ ചുവപ്പുനാട, മെല്ലെപ്പോക്ക് തുടങ്ങിയവ മൂലമുണ്ടാകുന്ന കുരുക്കുകൾ തന്റെ ഭരണകൂടത്തെ ബാധിക്കാൻ ശങ്കർ അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥ മേധാവിത്വം ശങ്കർ അനുവദിച്ചില്ല.
ഉയർന്ന ഉദ്യോഗസ്ഥരുടെ ഭരണസ്വാതന്ത്ര്യം സാമൂഹ്യ നന്മയ്ക്ക് വിധേമായി അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നവോത്ഥാന കേരളത്തിന് ശ്രീനാരായണ സമൂഹം സംഭാവന ചെയ്ത ആദ്യമുഖ്യമന്ത്രിയാണ് ശങ്കർ. 1962 സെപ്തംബർ 26 ന് മുഖ്യമന്ത്രിയായ അദ്ദേഹത്തെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണ, മതലോബികൾ നടത്തിയ ഗൂഢാലോചനയിലൂടെ താഴെയിറക്കിയ നടപടി കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

രാഷ്‌ട്രീയത്തിൽ നിന്ന് സമുദായ പ്രവർത്തനത്തിലേക്ക്
മുഖ്യമന്ത്രിപദം ഒഴിഞ്ഞതോടെ രാഷ്ട്രീയത്തിലെ കുതികാൽവെട്ടിലും അധാർമ്മികതയിലും മനസ്സ് വേദനിച്ച ശങ്കർ പിന്നീടുള്ള അദ്ദേഹത്തിന്റെ കർമ്മപഥം സമുദായ പ്രവർത്തന മേഖലയിൽ വിനിയോഗിക്കാൻ തീരുമാനിച്ചു. എസ്. എൻ. ഡി. പി യോഗത്തിന്റെയും എസ്. എൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. മുഖ്യമന്ത്രിയായിരിക്കെ തന്റെ സമുദായത്തിന് ആവശ്യമുള്ളത് ഒപ്പിട്ടെടുക്കാൻ അദ്ദേഹം കാട്ടിയ ധീരതയാണ് കേരളത്തിലങ്ങോളമിങ്ങോളം ശ്രീനാരായണ കോളേജുകളുടെ പിറവിക്ക് നാന്ദിയായത്. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽ നിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ ഈഴവ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ശങ്കർ, ഗുരുവിന്റെ പേരിൽ കൊല്ലത്ത് ആദ്യ കോളേജ് സ്ഥാപിച്ചതിനു പിന്നാലെ എസ്.എൻ വനിതാ കോളേജും സ്ഥാപിച്ചു. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചതോടെ പല കോണുകളിൽ നിന്ന് വിമർശനമുയർന്നു ‘മറ്റു സമുദായക്കാർക്ക് അർഹമായത് നൽകിയതിനൊപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ ഒപ്പിട്ടെടുത്തു’ എന്നായിരുന്നു വിമർശകർക്കുള്ള അദ്ദേഹത്തിന്റെ ധീരമായ മറുപടി. എസ്.എൻ.ഡി.പി യോഗത്തിലേക്കുള്ള ശങ്കറിന്റെ അരങ്ങേറ്റം 1944 ൽ 35 -ാമത്തെ വയസ്സിൽ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ടായിരുന്നു. 1948 ൽ ആധുനിക ലോകചരിത്രത്തിലാദ്യമായി ഉല്‍പ്പന്ന പിരിവിലൂടെയും ജനപങ്കാളിത്തത്തോടെയും ശ്രീനാരായണ കോളേജ് എന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു കൊണ്ട് ആർ. ശങ്കർ വിദ്യാഭ്യാസ വിപ്ലവത്തിനു തിരികൊളുത്തി. 1952 ൽ ശ്രീനാരായണ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി. 1948 ൽ തിരുവിതാംകൂർ നിയമസഭാംഗമായ ശങ്കർ, തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് മറ്റു അഞ്ചു പേരുമായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെത്തി. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കോൺഗ്രസ് ആദ്യമായി 1960 ൽ അധികാരത്തിലേറിയപ്പോൾ ശങ്കർക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. ധനകാര്യമന്ത്രി എന്ന നിലയിൽ തുടർച്ചയായി അഞ്ചു ബഡ്ജറ്റുകൾ അവതരിപ്പിച്ച ശേഷമാണ് 1962-64 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായത്. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ന്യൂനപക്ഷ, സവർണ്ണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും തുടരുന്നു.

ശങ്കർ തുടങ്ങിവച്ച വിദ്യാഭ്യാസ വിപ്ളവത്തിന്റെ തുടർച്ചയെന്നോണം നിരവധിവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം വളർന്ന് പന്തലിച്ച് വിദ്യാസുഗന്ധം പരത്തുന്നത്. ശങ്കറിന്റെ കാലഘട്ടം മുതലേ കോടതിയിൽ കേസ് കൊടുത്തും അപവാദപ്രചരണങ്ങളിലൂടെയും പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇപ്പോഴും അത് തുടരുന്നു. എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെ നേരിട്ടോ, അതേ മാതൃകയിൽ കർമ്മനിരതമാകാൻ ഇന്നത്തെ യോഗ നേതൃത്വം പ്രതിജ്ഞാബദ്ധമാണ്. യോഗത്തിനും ട്രസ്റ്റിനുമെതിരെ കോടതികളിൽ കേസുകൾ നൽകി അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാനാണ് ചില ശക്തികൾ ഇന്നും ശ്രമിക്കുന്നത്. സമാനമായ ശക്തികൾ ശങ്കറിനെയും വിടാതെ പിന്തുടർന്നപ്പോൾ അതിന്റെ നഷ്ടം സംഭവിച്ചത് സമുദായത്തിനാണെന്നത് വിസ്മരിക്കരുത്.

Author

Scroll to top
Close
Browse Categories