അദ്ധ്യാത്മ-ആധുനിക ശാസ്ത്ര ഗ്രന്ഥങ്ങള്‍
പുരാണകഥകളിലെ ഭാഷ നെഗറ്റീവ് ആയിരിക്കുന്നത് അവയെ ഉപരിതല സ്വഭാവമുള്ള (verticalised) സന്ദര്ഭത്തില്പ്പെടുത്തി ചിന്തിക്കുമ്പോഴാണ്. ‘പര’യും ‘അപര’യുമായവയുടെ ഒരു ഒത്തുചേരലും ഈ സന്ദര്‍ഭത്തിലുണ്ട്. ജര്‍മ്മന്‍ ചിന്തകനായ ഇമ്മാനുവൽ കാന്റിന്റെ ട്രാന്സെന്റല് ഇസ്തെറ്റിക്സ് (transcendental aesthetics) എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണിത്.
കഴിഞ്ഞ ഭാഗത്തില്‍ ഗുരുവിന്റെ പ്രപഞ്ചവീക്ഷണത്തിലെ ശാസ്ത്രീയതയും ആധുനിക ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളുടെ ചര്‍ച്ച തുടങ്ങി വച്ചിരുന്നു. ഈ ചര്‍ച്ച തുടരുന്നു.
ആധുനിക ശാസ്ത്രഗ്രന്ഥങ്ങള്‍ ഗണിതശാസ്ത്രപരവും വിശ്ലേഷണ, സംശ്ലേഷണാത്മകമായ ( deductive reasoning ,Inductive reasoning) രീതികള്‍ സ്വീകരിച്ച് രചിച്ചിട്ടുള്ളവയാണ്. അതുകൊണ്ടു തന്നെ അവ വളരെ പോസിറ്റീവുമായ ചിന്തകളും ആശയങ്ങളുമാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പുരാതനമായ അദ്ധ്യാത്മ ശാസ്ത്രഗ്രന്ഥങ്ങള്‍ അതാത് രാജ്യങ്ങളുടെ സാoസ്കാരിക പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ്. അവ സെമിറ്റിക് പശ്ചാത്തലമാകാം, ഗ്രീക്ക് പശ്ചാത്തലമാകാം, ചൈനീസ് പശ്ചാത്തലമാകാം, ഭാരതീയ പശ്ചാത്തലമാകാം. മാത്രമല്ല പലതരം മിന്നുകളും കെട്ടുകഥകളും ഉപമാനങ്ങളും തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന, ഓരോ പ്രദേശത്തിനും പ്രിയപ്പെട്ട പ്രതിപാദന ശൈലിയിലുമാണ് അവ രചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവയുടെ നെഗറ്റീവ് സ്വഭാവം വ്യക്തവുമാണ്. കോംപ്റ്റെയെപ്പോലുള്ള പോസിറ്റിവിസ്റ്റ് ചിന്തകര്‍ അവയെ നിറംപിടിപ്പിച്ച നുണകളായി തള്ളിക്കളയുക മാത്രമല്ല, പ്രാകൃതമെന്ന് പറഞ്ഞ് പുച്ഛിക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വാഭാവികം മാത്രം.
എന്നാല്‍, അതിപ്രാചീനമായ കല്പിതകഥകളിലും അവ വളരെ സങ്കീര്ണ്ണമായവയാണെങ്കില്പ്പോലും, അവയിലൊക്കെ സംശുദ്ധ താല്പര്യത്തിന്റെ വെളിച്ചത്തില്‍ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാകും. ഇത്തരം കഥകള്‍ എല്ലാ മനുഷ്യരുടെയും സഹജമായ പൊതുതാല്പര്യങ്ങളില് നിന്നും രൂപം കൊണ്ടിട്ടുള്ളവയുമാണ്. മനുഷ്യപ്രകൃതിക്ക് അനുയോജ്യമായ തരത്തിലുള്ള ഇത്തരം കഥകളെ അശാസ്ത്രീയമെന്ന് കരുതി തള്ളിക്കളയുന്നത് ശാസ്ത്രലോകത്തിന് അനുയോജ്യമല്ല. കോംറ്റെയെപ്പോലുള്ള പോസിറ്റീവ് ചിന്തകര്‍ ഇതിനെ പരോക്ഷമായി അംഗീകരിക്കുന്നുമുണ്ട്. ഇവയിലൊക്കെ സൂക്ഷ്മമായി തത്വവിചാരം നടത്തുന്നതിന്റെയും വിശ്വരചനാ സംബന്ധിയായ ദര്‍ശനങ്ങളുടെയും ഉത്തമമാതൃകകളെയാണ് നാം കണ്ടെത്തേണ്ടത്. അതിന് സാധിക്കുകയും ചെയ്യും.
ചുരുക്കത്തില്‍, ദാര്‍ശനിക ചിന്തയുടെ ലോകത്തില്‍ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും വിളിക്കാവുന്ന രണ്ട് വശങ്ങളുണ്ടെന്ന് കാണാം. ഈ വിരുദ്ധവശങ്ങള്ക്ക് നടുവിലായിരിക്കും ശരിക്കും ശാസ്ത്രീയമായ ഏകീകൃതഭാഷയുടെ സ്ഥാനം. ഈ ശാസ്ത്രീയമായ സത്യം വെളിപ്പെട്ടുകിട്ടിയാല്‍ ഇവയും പോസിറ്റീവ് ആണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.
പുരാണകഥകളിലെ ഭാഷ നെഗറ്റീവ് ആയിരിക്കുന്നത് അവയെ ഉപരിതല സ്വഭാവമുള്ള (verticalised) സന്ദര്ഭത്തില്പ്പെടുത്തി ചിന്തിക്കുമ്പോഴാണ്. ‘പര’യും ‘അപര’യുമായവയുടെ ഒരു ഒത്തുചേരലും ഈ സന്ദര്‍ഭത്തിലുണ്ട്. ജര്‍മ്മന്‍ ചിന്തകനായ ഇമ്മാനുവൽ കാന്റിന്റെ ട്രാന്സെന്റല് ഇസ്തെറ്റിക്സ് (transcendental aesthetics) എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണിത്. ഇതേ സന്ദര്ഭത്തില്പ്പെടുന്ന അനുപ്രസ്ഥാക്ഷത്തിലൊന്നില്- പോസിറ്റീവ് വശത്ത് (Horizontal axis) വരുന്നതാണ് ലോകത്തിലെ യഥാതഥമായ സംഭവങ്ങളും പരീക്ഷണ സന്ദര്‍ഭങ്ങളും. ഈ പരീക്ഷണ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഫ്രാന്‍സിസ് ബേക്കണ്‍ ശാസ്ത്രീയമായ ചിന്താരീതിയെ അവതരിപ്പിക്കുന്നത്.
ബേക്കണ്‍ പറയുന്നു, ”കാര്യങ്ങള്‍ നടക്കണമെന്നുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാനാകുന്നത് പ്രകൃതിയിലെ വസ്തുക്കളെ കൂട്ടി യോജിപ്പിക്കുകയും തമ്മില്‍ വേര്‍പെടുത്തുകയും ചെയ്യുന്നത് മാത്രമാണ്. ബാക്കി കാര്യങ്ങള്‍ നടത്തുന്നത് അവയുടെ ഉള്ളില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രകൃതിയാണ്”. [M. Robertson (ed) The philosophical works of Francis Bacon, London, rout ledge, 1905, Ref, Integrated Science of The Absolute]. ഈ പ്രകൃതിയെയാണ് ശ്രീനാരായണഗുരു അറിവ് എന്ന് വിളിച്ചത്.