പ്രമാണങ്ങളേക്കാൾ പ്രമാണം ഗുരുവാക്യം

ആനയെഴുന്നള്ളിപ്പിന് പ്രമാണവുമായി പലരും വന്നിട്ടുണ്ട്.ഈ പ്രമാണങ്ങളേക്കാൾ പ്രമാണം നമുക്ക് ഗുരുവാക്യമാണെന്നോർക്കണം. കരിയും കരിമരുന്നും പാടില്ലെന്ന് ഗുരുവാണ് പറഞ്ഞത്. അത് അനുസരിക്കേണ്ടത് ( കഴിയാവുന്നിടത്തോളം ) നമ്മുടെ കടമയാണ്.ഗുരുവിനൊപ്പം ഒരു ആർജ്ജിതനും, ബ്രാഹ്മണനും ജ്യോത്സ്യനും വളർന്നിട്ടില്ല. ഒരു ബിഷപ്പ് പണ്ട് പറഞ്ഞിരുന്നു’ ഗുരുവെന്ന മഹാവെളിച്ചം ഉണ്ടായിട്ടുപോലും ആ സമുദായത്തിൽ പലരും ഇന്ന് മിന്നാമിനുങ്ങിൻ്റെ പുറകേയാണല്ലോയെന്ന്.’
പൗരാണിക ഗ്രന്ഥങ്ങളൊക്കെ മനസ്സിലാക്കിയ ഗുരുവാണ് പറഞ്ഞത് സംസ്‌കൃതം അറിയാമെങ്കിൽ പ്രമാണം ചമയ്ക്കാമെന്ന്. ആചാരശാസ്ത്രങ്ങളെല്ലാം സ്മൃതി ഗ്രന്ഥങ്ങളാണ്.സ്‌മൃതികളെ കാലാനുസൃതം മാറ്റാവുന്നതുമാണ്.ഗുരു പറഞ്ഞത് ” സ്‌മൃതിയിൽ ശൗചം ചെയ്താലും ശ്രുതിയിൽ കാഷ്ടിക്കരുതെന്നാണ് “.ഇന്ന് ആർജ്ജിതബ്രാഹ്മണരെന്നു സ്വയം വിളിക്കുന്നവർ കാണുന്നിടത്തെല്ലാം കാഷ്ടിക്കുന്നവരായി മാറി.

മനുഷ്യനുണ്ടാക്കിയ ദൈവങ്ങൾക്കും അവന്റെ മതവിശ്വാസത്തിനും വേണ്ടി പാവം ആനയെ എന്തിന് ഉപയോഗിക്കണം.ഒരു ദൈവത്തെയും ആനയ്ക്ക് സ്വയം ചുമക്കേണ്ടതില്ല. പാവം ആനയ്ക്കറിയോ ദൈവമാണ് തന്റെ പുറത്തിരിക്കുന്നതെന്ന്. ആനയെ പരിശീലിപ്പിച്ച് വിഗ്രഹത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ചിട്ട് ആന ദൈവത്തെ വണങ്ങിയെന്ന് പത്രവാർത്ത കൊടുക്കുന്ന വിഡ്ഢികൾ. മനുഷ്യർ ഉണ്ടാക്കിയ ആചാരങ്ങളെ അവർ സ്വയം ആചരിച്ചോളുക’ പാവം ആനയെ വെറുതെ വിട്ടുകൂടെ ‘? കാലിൽ ചങ്ങലയിട്ട് പഴുത്തു വ്രണമായി പാപ്പാൻന്മാരുടെ ക്രൂരത എന്തിന് ആ സാധു മൃഗം സഹിക്കണം?
ഏതെങ്കിലും ഒരാനയോ, ആടോ, പശുവോ ,കാളയോ പ്രമാണം എഴുതിയിട്ടുണ്ടോ? ഇല്ല. ഈ പാവങ്ങളെ വെറുതെ വിട്ടുകൂടെ? അവറ്റകളെ ഉപയോഗിച്ച് വിശപ്പടക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന മനുഷ്യർ അവന്റെ ഇഷ്ടത്തിനനുസരിച്ച് എഴുതിവച്ചത് പ്രമാണം. അത്തരം പാപപങ്കിലമായ പ്രമാണം എടുത്തുദ്ധരിച്ച് ചിലർ ആനക്കായി മുറവിളി കൂട്ടുന്നു. കാരുണ്യ ശാലികളായ മഹാത്മാക്കൾ ബുദ്ധനും ഗുരുവുമൊക്കെ യാതൊരു തരത്തിലും പ്രാണി ഹിംസചെയ്യരുതെന്ന് ഉപദേശിച്ചു. മനുഷ്യൻ സൃഷ്ടിച്ച ദൈവത്തെ പ്രീതിപ്പെടുത്താനും അവരെ ചുമക്കാനും പാവം മൃഗങ്ങളെ എന്തിന് ഉപയോഗിക്കണം. സ്വന്തം മക്കളെ ബലി നൾകിയാൽ,സ്വയം ചുമന്നാൽ രണ്ടു പേർക്കും പുണ്യം കിട്ടുമല്ലോ. നമ്മളെപ്പോലെ ആ മൃഗങ്ങൾക്കും സ്വച്ഛമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.അത് അപഹരിക്കാൻ ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനെന്തധികാരം?
കരിയും കരിമരുന്നും പാടില്ലാന്ന് ഗുരുവാണ് പറഞ്ഞത്. അത് അനുസരിക്കേണ്ടത് ( കഴിയാവുന്നിടത്തോളം ) നമ്മുടെ കടമയാണ്. ഗുരുവിനൊപ്പം ഒരു ആർജ്ജിതനും, ബ്രാഹ്മണനും ജ്യോത്സ്യനും വളർന്നിട്ടില്ല. ഒരു ബിഷപ്പ് പണ്ട് പറഞ്ഞിരുന്നു’ ഗുരുവെന്ന മഹാവെളിച്ചം ഉണ്ടായിട്ടുപോലും ആ സമുദായത്തിൽ പലരും ഇന്ന് മിന്നാമിനുങ്ങിന്റെ പുറകേയാണല്ലോയെന്ന്.’
ആനയും, ആടും, കോഴിയും കാളയും ഒക്കെ നമ്മുടെയെന്നല്ല പല മതത്തിലും ദൈവത്തിന്റെ നൈവേദ്യമോ അടിമയോ ദൈവത്തിന് യാത്ര ചെയ്യാനും ഒക്കെയുള്ള ഉപകരണം ആണ്. എന്നാൽ ഈ ജീവികളെല്ലാം ഹൈന്ദവ വിശ്വാസ പ്രകാരം പവിത്രവുമാണ്. ചിലരുടെ പിടിവാശിയും ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചതു പോലെ അഹങ്കാരവുമാണ്. ആനയെ ഉപയോഗിക്കൽ,
പുതിയ തലമുറയും ലോകവും അതിവേഗം സഞ്ചരിക്കുമ്പോൾ നാം മാത്രം ബാലരമ അമർചിത്രകഥയിലെ കഥാപാത്രങ്ങൾക്കു വേണ്ടി ജീവിക്കുന്നു. യഥാർത്ഥത്തിൽ ഗുരുക്കന്മാരെയാണ് ആരാധിക്കേണ്ടത്. ഗുരു ദേവന്മാരെ പ്രതിഷ്ഠിച്ചത് അന്നത്തെ പിന്നോക്കക്കാർക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി മാത്രമാണ്.

മഹാഭാരതം, പറയുന്നു.
കേവലം ശാസ്ത്രം ആശ്രിത്യ
ന കർത്തവ്യോ വിനിർണ്ണയ:
യുക്തി ഹീനേ വിചാരയത് തു.
ധർമ്മ ഹാനി: പ്രജായതേ എന്ന്
കേവലം ശാസ്ത്രവും പ്രമാണവും പറഞ്ഞു എന്ന് കരുതി ഓരോന്ന് ചെയ്യരുത്. യുക്തിഭദ്രമായതുമാത്രം ചെയ്യുക. യുക്തി ഹീനമായ വിചാരത്താൽ പിടിവാശിയാൽ അഹങ്കാരത്താൽ ധർമ്മഹാനി സംഭവിക്കാം.
പണ്ട് ഹിമാലയത്തിലേക്ക് നടന്നു പോയ ഒരു തീർത്ഥ വാഹക സംഘം ‘അനേകായിരം പേർ ചെങ്കുത്തായ പർവ്വത ചരുവിലൂടെ ഒറ്റവരിയായ് മുകളിലേക്ക് കയറികൊണ്ടിരിക്കുന്നു. അതിൽ ഒരച്ഛനും അമ്മയും കുട്ടിയും കൂടിയാത്ര ചെയ്യുന്നു.ഇടയ്ക്കെപ്പോഴോ കുട്ടിക്ക് വെളിക്കിരിക്കണമെന്ന് തോന്നി (അപ്പിയിടാൻ ) വഴിയിൽ നിന്ന് മാറിയിരിക്കാൻ.വഴിയല്ലാതെ മറ്റൊരിടം ഇല്ല. ശരി കുട്ടി ആ തീർത്ഥാടകരുടെ ഒറ്റയടിപ്പാതയിൽ ഇരുന്നു അപ്പിയിട്ടു, എന്നാൽ കുഞ്ഞിന്റെ വിസർജ്യം വഴിയിൽ കിടക്കുകയും മറ്റു തീർത്ഥാടകർ അതിൽ ചവിട്ടുകയും ചെയ്താലോ എന്നും ആലോചിച്ച് അത് മൂടുവാൻ മണ്ണോ മണലോ കിട്ടാത്തതിനാൽ വിഷമിച്ചു നിൾക്കുമ്പോഴാണ് ആ അമ്മ ഗോമുഖിലെ ഗംഗാമാതാവിന് അർച്ചന ചെയ്യാനായി വാങ്ങിയ പൂക്കളുടെ കാര്യമോർത്തത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ ആ പൂക്കളെടുത്ത് കുട്ടിയുടെ അപ്പിയുടെ പുറത്തേക്ക് ഇട്ട് മൂടി.പുറകിൽ താഴെ മലമുകളിലേക്ക് കയറി വന്നു കൊണ്ടിരുന്നവർ അത് കാണുന്നുണ്ടായിരുന്നു അവർ പൂക്കളിടുന്നത്. കയറി വന്നവരെല്ലാം അവിടെ പൂക്കളിട്ടു. കുട്ടിയും അമ്മയും അച്ഛനും തിരിച്ചിറങ്ങി വരുമ്പോൾ അവിടെ വലിയ പൂജ നടക്കുകയാണ്. പൂക്കളുടെ അടിയിൽ അപ്പിയാണെന്നറിയാതെ, ദാ ഇതുപോലാണ് ഓരോ ആചാരങ്ങളും, ആനയുൾപ്പടെ പല ജീവികളും ആചാരത്തിന്റെ ഭാഗമായത് ആരുടേയൊക്കെയോ അന്നന്നേരത്തെ ആവശ്യങ്ങളായിരിക്കാം. ഗുരുവിനെ അനുസരിക്കുക.ഗുരുവിനെതിരെ പണ്ട് ഒരു ബിജു എഴുതിയപ്പോൾ ഗുരു നിത്യ ചൈതന്യയതി ബിജുവിനൊരു തുറന്ന കത്ത് എഴുതി. അതിൽ പറഞ്ഞതാണ്, ‘ നാവു പുഴുത്തു പോകാതെ സൂക്ഷിക്കണമെന്ന്. ഇവിടെ പഴയ അയുക്തികമായ ആചാരശാസ്ത്രങ്ങളിൽ ഉള്ള പിടിവാശി ഉപേക്ഷിച്ച് ഗുരു ഉപദേശം പിൻപറ്റുക’ കാലത്തിനൊപ്പം മാറിയില്ലങ്കിൽ നാം പിൻതള്ളപ്പെടും എന്നു മാത്രമല്ല. കുടുംബം പോലും നശിച്ചുപോകും. യുക്തിപൂർവ്വം പറയുന്ന ഏത് ശാസ്ത്രവും സ്വീകരിക്കാം അത് കൊച്ചു കുട്ടിയാണെങ്കിൽ പോലും, ഗുരുവിനെപ്പോലും ആനപ്പുറത്തെഴുന്നള്ളിക്കുന്ന മഹാപണ്ഡിത തന്ത്രിമാർ ഉള്ള ഈ നാട്ടിൽ മൂഢർക്ക് ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും മാത്രമല്ല. മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ആചാരവുമാകാം.
ഗുരു എടുത്തു കുഴിച്ചുമൂടി കളഞ്ഞതെല്ലാം ഇന്ന് ഈഴവ ക്ഷേത്രക്കാർ കുഴിയിൽ നിന്ന് മാന്തിയെടുത്തു പ്രതിഷ്ഠിക്കുകയാണ്.വൈദീക സംഘടനകളിലെ പല തന്ത്രിമാരും ഇത്തരം വൈകൃതങ്ങളെ അന്ധമായി വിശ്വസിക്കുന്നവരാണ്.ശിവനും വിഷ്ണുവുമെല്ലാം സങ്കല്പലോകത്തെ അതികായന്മാരാണ്,യാഥാർത്ഥ്യമല്ല. ഭാഗവതവും ദശാവതാരങ്ങൾ സത്യമല്ലെന്ന് പറയുന്നുണ്ട്
ഈ ദുർദേവതകളെ പൂജിക്കുന്നവർ ഇത്തരം ആചാരങ്ങളെ പിൻപറ്റുന്നവർ തൃണജളൂകാദികളായി (കുളയട്ട) പിറക്കുമെന്നാണ് സത്യദർശികൾ പറയുന്നത്. ബൗദ്ധീകവികാസം എന്നത് – ദൈവങ്ങളിൽ നിന്ന് കിട്ടുന്നതല്ല. സ്വയം ധ്യാനത്തിലൂടെ ആർജ്ജിക്കേണ്ടതാണ്.