ഒറ്റക്കെട്ടായി ഉണര്‍ന്നു ചിന്തിക്കണം
ഇന്ത്യന്‍ ജനതയിലെ എണ്‍പത്തിയഞ്ച് ശതമാനം വരുന്ന മഹാഭൂരിപക്ഷത്തെയും അടിമകളാക്കി മാറ്റിത്തീര്‍ത്തത് പുരുഷസൂക്തമെന്ന മനുഷ്യത്വവിരുദ്ധമായ സാമൂഹ്യദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ്. ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്രമാണമാക്കി സൃഷ്ടിച്ച ചാതുര്‍വര്‍ണ്യ സാമൂഹ്യവ്യവസ്ഥ സ്ഥാപിച്ചുകൊണ്ടാണ് അവരീ ദുഷ്‌കൃത്യം നിര്‍വ്വഹിച്ചത്. ഭൂമിയും സമ്പത്തും അറിവും അധികാരവും ബ്രാഹ്മണര്‍ക്ക് സ്വന്തം എന്നതാണ് ബ്രാഹ്മണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അന്തസത്ത.
ശ്രീനാരായണഗുരു നമുക്കായി പകര്‍ന്നുനല്‍കിയ വെളിച്ചമുണ്ട്. അത് നവോത്ഥാനത്തിന്റെ വെളിച്ചമാണ്. ഇരുട്ടിലാണ്ടുകിടന്നിരുന്ന നാം ആ വെളിച്ചത്തിലൂടെ ഏറെ സഞ്ചരിച്ചു. നവോത്ഥാനത്തിന്റെ ആ വെളിച്ചം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി തുറക്കുന്നതായിരുന്നു.
ഗുരുവിന്റെ ദര്‍ശനങ്ങളേയും ആദര്‍ശങ്ങളേയും സത്യസന്ധമായി പിന്‍പറ്റുന്ന ഒരു സമൂഹമായി, ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രീനാരായണീയര്‍ എന്നവകാശപ്പെടുന്ന നമുക്ക് എത്രകണ്ട് കഴിയുന്നുണ്ട് എന്നത് അതീവ ഗൗരവമായി പരിചിന്തനം ചെയ്യേണ്ട സമയമാണിത്. ഗുരു മുന്നോട്ടുവച്ച മതാതീത മാനവസങ്കല്പം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സര്‍വ്വ മനുഷ്യരുടെയും നന്മയ്ക്കും ഐശ്വര്യത്തിനും ഐക്യത്തിനുമായി സര്‍വ്വസമുദായ മൈത്രിക്കായി തുടക്കത്തിലും മനുഷ്യരെല്ലാം ‘മനുഷ്യന്‍’ എന്ന ഒരേ ജാതിയില്‍പ്പെട്ടവരാണെന്ന ഗുരുവിന്റെ സന്ദേശം സമൂഹത്തിലാകെ പ്രചരണം നടത്തുന്നതിനുമായി തുടര്‍ന്നും മുന്നോട്ടിറങ്ങേണ്ട സമയമാണിത്. കാലത്തിന്റെ ഈ ആഹ്വാനം ചെവിക്കൊള്ളാന്‍ നമുക്കാവുന്നില്ലെങ്കില്‍ ഒരു സമുദായമെന്ന നിലയില്‍ ഗുരുവിനോട് കാണിക്കുന്ന നിന്ദയായി ചരിത്രം ഇതിനെ രേഖപ്പെടുത്താനിടയുണ്ട്.
ഇന്ത്യന്‍ ജനതയിലെ എണ്‍പത്തിയഞ്ച് ശതമാനം വരുന്ന മഹാഭൂരിപക്ഷത്തെയും അടിമകളാക്കി മാറ്റിത്തീര്‍ത്തത് പുരുഷസൂക്തമെന്ന മനുഷ്യത്വവിരുദ്ധമായ സാമൂഹ്യദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ്. ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്രമാണമാക്കി സൃഷ്ടിച്ച ചാതുര്‍വര്‍ണ്യ സാമൂഹ്യവ്യവസ്ഥ സ്ഥാപിച്ചുകൊണ്ടാണ് അവരീ ദുഷ്‌കൃത്യം നിര്‍വ്വഹിച്ചത്. ഭൂമിയും സമ്പത്തും അറിവും അധികാരവും ബ്രാഹ്മണര്‍ക്ക് സ്വന്തം എന്നതാണ് ബ്രാഹ്മണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അന്തസത്ത. മൂവായിരത്തിലേറെ വര്‍ഷങ്ങളായി (ഇന്ത്യയിലെ ബുദ്ധിസ്റ്റ് കാലഘട്ടമൊഴികെ) ചാതുര്‍വര്‍ണ്യ സാമൂഹ്യവ്യവസ്ഥയും ബുദ്ധിസ്റ്റുകാലഘട്ടത്തിനുശേഷം ബ്രാഹ്മണിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ജാതിവ്യവസ്ഥയുമാണ് ഇന്ത്യന്‍ ജനതയെ ഇരുട്ടില്‍ നിര്‍ത്തുന്ന സാമൂഹികക്രമം. പുരുഷസൂക്തമെന്ന ദര്‍ശനവും ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രവും അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം രൂപം നല്‍കിയ ചാതുര്‍വര്‍ണ്യവ്യവസ്ഥയും പിന്നീട് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ജാതിവ്യവസ്ഥയുമാണ് ഇന്നും തുടരുന്നത്.
ജാതിവ്യവസ്ഥ സ്വാര്‍ത്ഥരായ ഒരു വിഭാഗം പുരാതന മനുഷ്യരുടെ (ബ്രാഹ്മണിസ്റ്റുകളുടെ) സൃഷ്ടിയാണ്. അതിന് യാതൊരു അപ്രമാദിത്വവുമില്ല.
ഒരാള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന എന്തും മറ്റൊരാള്‍ക്ക് പുനഃസൃഷ്ടിക്കുവാനും പുതുക്കാനും നശിപ്പിക്കാനും കഴിയും. ജാതിവ്യവസ്ഥ മനുഷ്യസൃഷ്ടമായതിനാല്‍ അതില്‍ എന്തുതരത്തിലുള്ള ഇടപെടലും സാധ്യമാണ്. ജാതി എന്നത് സ്വഗണ വിവാഹവ്യവസ്ഥ പിന്തുടരുന്ന ഒരു സാമൂഹ്യകൂട്ടായ്മയാണ്. താന്‍ ഒരു പ്രത്യേക ജാതിയായതിനാല്‍ മറ്റുള്ള ജാതികളുടെ മുകളിലാണെന്നോ താഴെയാണെന്നോ ഉള്ള മനോഭാവമാണ് ജാതീയത അഥവാ ജാതിസംസ്‌കാരം. ജാതി സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ജാതികളെ കുത്തനെ അടുക്കിവച്ചിരിക്കുന്നു എന്ന് ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന സാങ്കല്പിക സംവിധാനമാണ് ജാതിവ്യവസ്ഥ.
ചാതുര്‍വര്‍ണ്യസിദ്ധാന്തത്തിന് പവിത്രതയും ദിവ്യത്വവും പുരോഹിതന്മാരായിരുന്ന ബ്രാഹ്മണിസ്റ്റുകള്‍ കല്പിച്ചുനല്‍കിയതിനാല്‍ വെറുമൊരു സാങ്കല്പികസംവിധാനമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ കെണിയില്‍ ദൈവവിശ്വാസികളും ആധുനികശാസ്ത്രബോധമില്ലാത്തവരുമായ പുരാതന ജനതയെ എളുപ്പത്തില്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.
മനസ്സില്‍ നിരന്തരം താലോലിച്ചുകൊണ്ടുനടക്കുന്ന ഒരു സങ്കല്‌പത്തെ വിശേഷിച്ച് ദൈവകല്പിതമെന്ന് പുരോഹിതന്മാരാല്‍ വിശ്വസിപ്പിക്കപ്പെട്ട ഒരു സങ്ക്‌ലപത്തെ, യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതും വാസ്തവവിരുദ്ധവും പുരാതന കാലഘട്ടത്തിലെ ഒരു പ്രത്യേക ജനസമൂഹത്തിലെ സ്വാര്‍ത്ഥമതികളായ ഒരു ഗ്രൂപ്പിന്റെ സൃഷ്ടിയുമായ ഒരു സങ്കല്പത്തെ, ഒരു ജനസമൂഹം ഒന്നടങ്കം ദീര്‍ഘനാളായി വച്ചുപുലര്‍ത്തിപ്പോരുന്ന അവസ്ഥ സൃഷ്ടിക്കാനായതുകൊണ്ട് സങ്കല്പം എന്ന അവസ്ഥ മാറി അതൊരു യാഥാര്‍ത്ഥ്യമാണ് എന്ന തോന്നല്‍ ആ സമൂഹത്തിന് കൈവരിക്കാനിടയായി. ക്രമേണ അതൊരു സാമൂഹ്യമനോഭാവമായി രൂപാന്തരപ്പെട്ടു. ഈ രീതിയില്‍ രൂപപ്പെട്ട സാമൂഹ്യമനോഭാവമാണ് സാമൂഹ്യവ്യവസ്ഥയുടെ നിലനില്പിനാധാരമായ ആചാരാനുഷ്ഠാനങ്ങളുടെ രൂപപ്പെടലിനും നിലനില്‍പ്പിനും ഇടയായതും. ആചാരാനുഷ്ഠാനങ്ങളുടെ പിന്‍തുടര്‍ച്ചയിലൂടെ സാമൂഹ്യവ്യവസ്ഥയുടെയും സാമൂഹ്യക്രമത്തിന്റെയും നിലനില്‍പ് ഉറപ്പുവരുത്തുകയും ചെയ്യാന്‍ സാധിച്ചു.
ഹിന്ദുത്വ ജാതിവ്യവസ്ഥയുടെ സവിശേഷപ്രത്യേകത അത് ശ്രേണീകൃതമായ രീതിയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഒന്നിനു കീഴില്‍ മറ്റൊന്ന് എന്ന ക്രമത്തിലും മുകളിലോട്ട് പോകുന്തോറും ആദരവും താഴോട്ട് പോകുന്തോറും അവജ്ഞയും ഓരോ ജാതിയിലും സൃഷ്ടിച്ചെടുക്കാന്‍ പര്യാപ്തമായ ധാര്‍മ്മികബോധമാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. ഈ ജാതിബോധത്തെയാണ് വര്‍ണ്ണാശ്രമധര്‍മ്മം (സനാതനധര്‍മ്മം) എന്നവര്‍ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം ശരിയല്ല. വര്‍ണ്ണജാതിവ്യവസ്ഥ നിലവില്‍ വരുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സമത്വത്തിലും സ്വാതന്ത്ര്യലും സാഹോദര്യത്തിലും അധിഷ്ഠിതമായ ധാര്‍മ്മികത ഉണ്ടായിരുന്നു. വര്‍ണ്ണാശ്രമ ധര്‍മ്മമാണ് സനാതന ധര്‍മ്മമെന്ന അവകാശവാദം കാപട്യമാണ്.
വര്‍ണ്ണാശ്രമധര്‍മ്മമെന്ന പേരില്‍ മനുഷ്യത്വവിരുദ്ധമായ ഒരു സാമൂഹ്യബോധം സൃഷ്ടിച്ച് ഈ ധര്‍മ്മം പാലിച്ചുകൊണ്ട് ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന നിയമം (മനുസ്മൃതി) നിര്‍മ്മിച്ച് നടപ്പിലാക്കുകയും ചെയ്തുകൊണ്ടാണ് ജാതിവ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമാക്കിത്തീര്‍ത്തത്. ബ്രാഹ്മണിസ്റ്റ് സാമൂഹ്യവ്യവസ്ഥ തുടരുന്നിടത്തോളം കാലം മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയ്ക്കും സാമൂഹ്യജീവിതത്തിലെ അടിമത്തം തുടരുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
ഈയൊരു ദുര്‍ഘടസന്ധിയിലാണ് ഇന്ത്യന്‍ ജനതയുടെ വിമോചകനായി അവതരിച്ച ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്.
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ആധുനിക ജനാധിപത്യമൂല്യങ്ങള്‍ (സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത, തുല്യനീതി തുടങ്ങിയവ) അടിസ്ഥാന പ്രമാണമായി സ്വീകരിച്ചുകൊണ്ട് ഭരണം നടത്തുന്ന ഒരു ഭരണകൂടം ഇന്ത്യയില്‍ നിലവില്‍ വരാത്ത സാഹചര്യം നിലനില്‍ക്കുന്നു. എണ്‍പത്തിയഞ്ച് ശതമാനം വരുന്ന അവര്‍ണ്ണജനതയ്ക്ക് ജനാധിപത്യഭരണഘടനയെന്ന ആ വെള്ളിവെളിച്ചംപോലും തങ്ങളുടെ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനായി ഉപകരിച്ചില്ലെന്ന സത്യം നമ്മെ തുറിച്ചുനോക്കുകയാണ്.
ഭരണഘടനാമൂല്യങ്ങളെ ഭരണനിര്‍വ്വഹണത്തിനുള്ള അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്ന ഒരു ഭരണകൂടസൃഷ്ടിയിലൂടെ മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് അടിമത്തത്തില്‍ നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ. അഞ്ച് വര്‍ഷത്തൊരിക്കലുള്ള വോട്ടവകാശം എന്ന ജനാധിപത്യം ബ്രാഹ്മണിസ്റ്റുകളെയും അവരുടെ പിന്തുണക്കാരായ സവര്‍ണ്ണമേധാവികളെയും സ്ഥിരമായി ഭരണത്തിലെത്തിക്കുന്ന സംവിധാനം മാത്രമാണെന്ന്, ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള എഴുപത്തിമൂന്ന് വര്‍ഷക്കാലം തെളിയിക്കുന്നു. സാമൂഹ്യജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും മതനിരപേക്ഷതയും തുല്യനീതിയുമൊന്നും ഈ ഭരണകൂടങ്ങളുടെ അജണ്ടയിലെ വിഷയങ്ങളായിരുന്നില്ലല്ലോ.
ഇന്ന് ലോകത്ത് നിലവിലുള്ള ജനാധിപത്യഭരണഘടനകളിലെ ഉല്‍കൃഷ്ടങ്ങളായ ആശയങ്ങള്‍ സ്വീകരിച്ചും മനുഷ്യരെയെല്ലാം ഒന്നായി കാണുന്ന ശ്രീബുദ്ധന്‍, ശ്രീനാരായണഗുരു, പെരിയോര്‍ രാമസ്വാമി നായ്ക്കര്‍, ഛത്രപതി സാഹുമഹാരാജ്, മഹാത്മാ ജ്യോതിഫാ ഫൂലേ തുടങ്ങിയ മനുഷ്യഗുരുക്കന്മാര്‍ മുന്നോട്ടുവച്ച മാനവീക ദര്‍ശനത്തെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടുമാണ് ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി ഭരണഘടന രൂപപ്പെടുത്തിയത്. ആധുനിക ജനാധിപത്യത്തിന് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവന എന്ന നിലയിലാണ് ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെ വാഴ്ത്തുന്നത്.
അത്യുന്നതമായ ജനാധിപത്യമൂല്യങ്ങളെ സാമൂഹ്യജീവിതത്തിന്റെ ദാര്‍ശനികാടിത്തറയായി അംഗീകരിച്ചുകൊണ്ട് അതിനനുസൃതമായ ഒരു സാമൂഹ്യവ്യവസ്ഥയും സാമൂഹ്യക്രമവും സൃഷ്ടിക്കുന്നതും സാമൂഹ്യജനാധിപത്യജീവിതരീതിയിലേയ്ക്ക് ജനങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുന്നതുമായ ജനാധിപത്യരാഷ്ട്രമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുക എന്നതാണ് ഇന്ത്യന്‍ ജനതയുടെ സ്വപ്‌നം.
8547872734