നിത്യ ചൈതന്യ യതിശിഷ്യര്‍ ഇല്ലാതെപോയ ഗുരു

ഡ്രൈവിംഗ് പരിശീലനം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള വിജ്ഞാന മേഖലകളില്‍ ഗുരു-ശിഷ്യര്‍ എന്നൊക്കെ പൊതുവെ പറയാറുണ്ട്. എന്നാല്‍ ആദ്ധ്യാത്മിക രംഗത്തെ ഗുരു-ശിഷ്യ പാരസ്പര്യം അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്ത മാണ്. അത് എന്തല്ല എന്ന് അറിഞ്ഞെങ്കില്‍ മാത്രമേ അതെന്താണ് എന്ന് അറിയാന്‍ കഴിയുകയുള്ളൂ.

”നടരാജഗുരുവിന്റെ മഹാസമാധിക്കുശേഷം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടു. അതോടെ എന്റെ പേര് ഗുരു നിത്യ ചൈതന്യ യതി എന്നായി പതിയുകയും ചെയ്തു. ഗുരുസ്ഥാനം ഏറ്റെടു ക്കേണ്ടി വന്നെങ്കിലും ഞാന്‍ ഒരിക്കലും ആരേയും ശിഷ്യരായി കരുതിയിട്ടില്ല. ഗുരു സ്ഥാനം ഇണങ്ങാത്ത ഒരു കിരീടംപോലെയാണ് എന്റെ തലയിലിരിക്കുന്നത്.” (അടിവര ലേഖകന്റേത്)
ഗുരു നിത്യ ചൈതന്യ യതി തന്റെ ആത്മകഥയായ ‘യതിചരിത’ത്തില്‍ (പേജ് 173) രേഖപ്പെടുത്തിയ വരികളാണിത്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ഗുരുവായിരിക്കുന്ന തനിക്ക് ഗുരുസ്ഥാനം ‘രാജിവയ്ക്കാന്‍’ കഴിയില്ല എന്ന് 1976 ല്‍ പ്രസിദ്ധീകരിച്ച ഒരു ഇംഗ്‌ളീഷ് പുസ്തകത്തില്‍ (In the Stream of Consciousness : പേജ് 61) പറഞ്ഞിട്ടുമുണ്ട്. അനേകം പേര്‍ ഒരാളെ ഗുരുവായി കരുതുക; ആ ആളാകട്ടെ ”ഞാന്‍ ഒരിക്കലും ആരെയും ശിഷ്യരായി കരുതിയിട്ടില്ല” എന്നു പറയുകയും ചെയ്യുന്നു. അതെന്താണങ്ങനെ? അത്മകഥയിലും കത്തുകളിലും കൃതികളിലുമായി വ്യാപിച്ചു കിടക്കുന്ന നിത്യ ചൈതന്യ യതിയുടെ സ്വന്തം വചനങ്ങളില്‍ നിന്നു തന്നെ ഈ ചോദ്യത്തിനുത്തരം അനുമാനിക്കാന്‍ കഴിയും. അങ്ങനെ ചില അനുമാനങ്ങളാണ് ഈ കുറിപ്പ്.

ശിഷ്യരല്ലാത്തവര്‍
ഡ്രൈവിംഗ് പരിശീലനം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള വിജ്ഞാന മേഖലകളില്‍ ഗുരു-ശിഷ്യര്‍ എന്നൊക്കെ പൊതുവെ പറയാറുണ്ട്. എന്നാല്‍ ആദ്ധ്യാ ത്മിക രംഗത്തെ ഗുരു-ശിഷ്യ പാരസ്പര്യം അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്ത മാണ്. അത് എന്തല്ല എന്ന് അറിഞ്ഞെങ്കില്‍ മാത്രമേ അതെന്താണ് എന്ന് അറിയാന്‍ കഴിയുകയുള്ളൂ.

‘നിത്യ ഫാന്‍സ്’
ശിഷ്യരല്ല:

”ഒരു കാലത്തും എനിക്ക് സാഹിത്യകാരനായി ചമയേണ്ടിവരില്ല. ഞാന്‍ ശാസ്ത്ര ത്തെപ്പറ്റിയും കലയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്. അവയെല്ലാമാണ് എന്റെ എഴുത്തുകളിലെ ഏറ്റവും വിലക്ഷണമായ കൃതികള്‍.” ഗുരു നിത്യയുടെ ഒരു കത്തിലെ (ഭാഗം 1 പേജ് 198)* വരികളാണിത്. കലയുടേയും സാഹിത്യത്തിന്റേയും മേഖലയില്‍ വച്ചുകൊണ്ടല്ല തന്നെ കാണേണ്ടത് എന്ന വ്യക്തമായ സന്ദേശമാണിത്. തന്നെ മനസ്സിലാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും അത് വായനക്കാര്‍ മനസ്സിലാക്കാത്തതിന്റെ സൂചനയും അതേ കത്തിലുണ്ട്: ”ഞാന്‍ മുഴുവന്‍ മനസ്സും ഹൃദയവും ആത്മാവും വച്ചെഴുതിയ കൃതികള്‍ തുറന്നു നോക്കാന്‍പോലും ആളുകള്‍ക്ക് ശങ്കയാണുള്ളത്.” ഈ വിഭാഗത്തില്‍പ്പെട്ട കൃതികളൊന്നും തുറന്നു നോക്കുകപോലും ചെയ്യാതെ നിത്യ ചൈതന്യ യതിയുടെ സാഹിത്യ രചനകള്‍ മാത്രം വച്ചു കൊണ്ട് ആഴമില്ലാത്ത വൈകാരിക ആരാധന നടത്തുന്നവരെയാണ് ഇവിടെ ‘നിത്യ ഫാന്‍സ്’ എന്നുദ്ദേശിക്കുന്നത്. ഫാന്‍സും ശിഷ്യരും ‘അജവും ഗജവുമാണ്.’
അന്തേവാസികള്‍
ശിഷ്യരല്ല:

ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ അന്തേവാസികളായിരുന്നവരെക്കുറിച്ച് ഗുരു നിത്യ യുടെ അഭിപ്രായങ്ങള്‍ ചില കത്തുകളില്‍ കാണാം. 1997-ല്‍ എഴുതിയ ഒരു കത്തില്‍ (2:93) പറയുന്നു: ”മറ്റു ആശ്രമങ്ങള്‍പോലെയല്ല ഗുരുകുലം. വൃദ്ധനായ ഒരാള്‍ പതിനെട്ടു മണിക്കൂറോളം ജോലിചെയ്തുവേണം ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കാന്‍. എന്നാല്‍ അവര്‍ അത് അറിഞ്ഞ് പ്രവര്‍ത്തിക്കുകയില്ല. എന്നാലും രണ്ടുപേര്‍ എന്നെ നന്നായി സഹായിക്കുന്നുണ്ട്. . . ഇങ്ങനെ സാമ്പത്തി കമായി പ്രയാസം ഉണ്ടാകുന്നതിനിടയില്‍ പെണ്ണും ആണും മതിമറന്ന് കളിച്ചാല്‍ വീടുകളിലേക്കാളും കഷ്ടത നിറഞ്ഞതാകും ഇവിടെയും.” മറ്റൊരു കത്തിലെ (3:34) ചില വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ അന്തേവാസികളുമായി ഗുരു-ശിഷ്യ ബന്ധത്തെ ക്കാള്‍ ഡോക്ടര്‍ – രോഗി ബന്ധമാണോ ഗുരു നിത്യ കണ്ടിരുന്നത് എന്ന സംശയം പോലും തോന്നിപ്പോകും: ”ഗുരുകുലത്തെ കഴിയുന്നതും ഒരു സൈക്യാട്രിക് വാര്‍ഡാ ക്കാതിരിക്കാന്‍ എനിക്ക് വിചാരമുണ്ട്. അതുകൊണ്ട് രേഗികളുടെ എണ്ണം വര്‍ദ്ധിപ്പി ക്കാതിരിക്കുക. അവരെയൊക്കെ പി.എം. മാത്യുവിന് വിട്ടുകൊടുക്കുന്നതാണ് നല്ലത്.” ഡോ.പി.എം. മാത്യു വെല്ലൂര്‍ വിദഗ്ധനായ ഒരു മനശ്ശാസ്ത്രജ്ഞന്‍ ആയിരുന്നു. അന്തേവാസികള്‍ ശിഷ്യരല്ല എന്ന് ഇതിലും വാചാലമായി എങ്ങനെ പറയാന്‍ കഴിയും?

സഹായികള്‍ ശിഷ്യരല്ല:
അന്തേവാസികളില്‍ ചിലര്‍ തന്നെ സഹായിക്കുന്നുണ്ട് എന്നാണല്ലൊ ഗുരു നിത്യ എഴുതിയിരിക്കുന്നത്. അതിനര്‍ത്ഥം അവരെ ശിഷ്യരായി കണ്ടു എന്നാണോ? ഒരുദാ ഹരണം എടുത്താല്‍ ഉത്തരം വ്യക്തമാകും. ഒരു ശാസ്ത്രജ്ഞന് ഭാര്യയും മക്കളും പ്രൈവറ്റ് സെക്രട്ടറിയും അവസാനകാലത്ത് ഹോംനഴ്‌സുമൊക്കെയുണ്ടെന്നിരിക്കട്ടെ. അതില്‍ ആരെയെങ്കിലും ‘ശിഷ്യര്‍’ എന്നു പറയാന്‍ കഴിയുമൊ? ഇല്ല. കാരണം ഒരു ശാസ്ത്രജ്ഞന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും അതിന്റെ അടി സ്ഥാനത്തില്‍ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് മുന്നേറാനും കഴിയുന്നവരെ മാത്രമേ ആ ശാസ്ത്രജ്ഞന്റെ ശിഷ്യരായി കണക്കാക്കാറുള്ളൂ. ഗുരു നിത്യയുടെ കാര്യത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജ്ഞാന പാരമ്പര്യം സ്വാംശീകരിച്ച് അവയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നവര്‍ മാത്രമേ ശിഷ്യരായി മാറുകയുള്ളൂ. വ്യക്തിപരമായും ഗ്രന്ഥരചനയിലും നിത്യ ചൈതന്യ യതിയെ സഹായിക്കുന്നതിന് അതിന്റേതായ മൂല്യമുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സഹായം’ ശിഷ്യത്വ ത്തിനുള്ള യോഗ്യതയാവില്ല എന്നു മാത്രം. ഗുരു നിത്യ വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാണിച്ചിരുന്ന നിഷ്‌കര്‍ഷയുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവം നടത്തുന്നത്.

സുഹൃത്തുക്കള്‍ ശിഷ്യരല്ല:
”എന്റെ കുടുംബ പശ്ചാത്തലം സംസ്‌കൃത പണ്ഡിതന്മാരുടേതാണ്. അതുകൊണ്ട് ഏത് വാക്കിനെപ്പറ്റി പറയുമ്പോഴും അതിന്റെ നിഷ്പത്തി നോക്കാതി രിക്കില്ല.” ഒരു കത്തിലെ (2:101) വരികളാണിത്. തന്റെ കൂടെയുണ്ടായിരുന്ന പലരേയും ഗുരു നിത്യ വിശേഷിപ്പിച്ചിരുന്നത് ‘സൃഹൃത്തുക്കള്‍’ എന്നാണ്. വാക്കുകളുടെ വാച്യാര്‍ത്ഥത്തിനപ്പുറം നിഷ്പത്തിക്കുപോലും പ്രാധാന്യം നല്‍കിയിരുന്ന ഗുരു നിത്യ സുഹൃത്ത് എന്ന് ആരെയെങ്കിലും വിശേഷിപ്പിച്ചാല്‍ അതിനര്‍ത്ഥം ‘ശിഷ്യന്‍’ എന്നല്ല അര്‍ത്ഥം. ഇനി സൃഹൃത്ത് എന്ന് പറഞ്ഞാലും ശിഷ്യന്‍ തന്നെയാണ് എന്ന് വ്യാഖ്യാനിച്ചാലോ? അത് നിത്യ ചൈതന്യ യതിക്ക് അര്‍ത്ഥമറിഞ്ഞ് വാക്കുകള്‍ പ്രയോഗിക്കാന്‍ അറിയില്ല എന്ന് സ്ഥാപിക്കലാവും!

കാഷായം നല്‍കിയാലും
ശിഷ്യരാവില്ല:

ശിഷ്യരല്ലാത്തവരുടെ ‘ലിസ്റ്റ്’ കാണുമ്പോള്‍ ഒരു സംശയം തോന്നാം. നിത്യ ചൈതന്യ യതി ആര്‍ക്കെങ്കിലും കാഷായ വസ്ത്രം നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ ശിഷ്യരായി കാണേണ്ടതല്ലേ? കാഷായം നല്‍കുന്നതുകൊണ്ടു മാത്രം ആരും ശിഷ്യരാകുന്നില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാന്‍ കഴിയും. കാരണം, ഗുരു നിത്യയുടെ ജീവിതം തന്നെ അതിന് ദൃഷ്ടാന്തമാണ്. അദ്ദേഹം ഗുരുവായി സ്വീകരിച്ചിട്ടുള്ളത് നടരാജഗുരുവിനെയാണ്. നിത്യ ചൈതന്യ യതി തന്റെ ശിഷ്യനാണെന്ന് നടരാജ ഗുരുവും എഴുതിയിട്ടുണ്ട്. എന്നാല്‍ നിത്യ ചൈതന്യ യതിക്ക് കാവി വസ്ത്രവും ദീക്ഷാനാമവും നല്‍കി സന്യാസം ഔപചാരികമായി അഗീകരിച്ചത് നടരാജഗുരുവല്ല; രമണാശ്രമത്തിലെ സ്വാമി രാമദേവാനന്ദയാണ്. അതായത് സന്യാസം നല്കിയത് ഒരാള്‍; ഗുരുവായി സ്വീകരിച്ചത് മറ്റൊരാളിനെ. എന്നുവച്ചാല്‍ ഗുരു നിത്യ ആര്‍ക്കെ ങ്കിലും സന്യാസം നല്‍കിയിട്ടുണ്ടെങ്കില്‍ അത് സന്യാസത്തിനുള്ള അംഗീകാരമായി എന്നല്ലാതെ ആ ആളിനെ ശിഷ്യനൊ ശിഷ്യയോ ആയി അംഗീകരിച്ചു എന്നല്ല അര്‍ത്ഥം. അതുകൊണ്ടാണല്ലൊ ”ആരെയും” ശിഷ്യരായി കരുതാത്തത്.

ശിഷ്യരാകേണ്ടവര്‍
തനിക്കാരും ശിഷ്യരില്ല എന്ന ആത്മകഥയിലെ സൂചനയ്ക്ക് ഒരു വിശദീകരണമായി കണക്കാക്കാവുന്ന ഒരു പ്രസ്താവന ഗുരു നിത്യ ഒരിക്കല്‍ പരസ്യമായി നടത്തിയിട്ടുണ്ട്. അതിന് ദൃക്‌സാക്ഷിയായിരുന്ന ഒരാള്‍ തന്നെ പറഞ്ഞ കാര്യമാണിത്. അതിലെ ആശയം ഇങ്ങനെയാണ്: ”നാരായണഗുരുവിന് ശിഷ്യനായി നടരാജഗുരു ഉണ്ടായിരുന്നു. നടരാജഗുരുവിന് ഞാനും പ്രസാദും ശിഷ്യരാണ്. എനിക്കാവട്ടെ സൃഹൃത്തുക്കള്‍ മാത്രമേയുള്ളൂ, ശിഷ്യരില്ല.” പ്രസാദ്, സ്വാമി മുനി നാരായണ പ്രസാദാണ്. ഇത് പറഞ്ഞിട്ട് ഒരുകാര്യം കൂടി പറഞ്ഞു: ”ആരെങ്കിലും ശിഷ്യരായി വരുമോ എന്ന് പന്ത്രണ്ടു വര്‍ഷം ഞാന്‍ കാത്തിരുന്നു. ആരും വന്നില്ല.”
ഇതു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമുക്ക് തോന്നുന്ന ഒരു സംശയമുണ്ട്. ”സുഹൃത്തുക്കളില്‍” ഒരാളെപ്പോലും യതി തന്റെ ശിഷ്യന്‍ ആയി കരുതാത്തതെന്താണ്? അവരിരാരിലും തന്റെ ശിഷ്യരാകാനുള്ള യോഗ്യത കാണാത്തതുകൊണ്ടാണോ? അങ്ങനെയാണെങ്കില്‍ നിത്യ ചൈതന്യ യതിയുടെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ആകാനുള്ള യോഗ്യത എന്തായിരിക്കും? അതേപ്പറ്റിയും ചില അനുമാന ങ്ങള്‍ നടത്താന്‍ കഴിയും.

ശില്‍പവും
ശില്പിയും:

1967-ല്‍ പ്രസിദ്ധീകരിച്ച ‘ഗുരുവും ശിഷ്യനും’ മുതല്‍ സമാധിക്ക് തൊട്ടുമുമ്പ് ഗുരു നിത്യ എഴുതിയ, ”മഹാപ്രഭോ ചിറകൊതുക്കാന്‍ സമയമായി” എന്ന് ലോകത്തെ അറിയിച്ച, കത്തുവരെ പല കൃതികളിലും തന്നെ താനാക്കിയതില്‍ നടരാജഗുരു വഹിച്ച പങ്ക് വിവരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നുണ്ട്. നടരാജഗുരു ശിഷ്യരെ രൂപപ്പെടുത്തിയതിന്റെ രീതി ‘യാത്ര’ എന്ന പുസ്തകത്തില്‍ (പേജ് 204; 2021 പതിപ്പ്) ഇങ്ങനെ പറയുന്നു: ”നടരാജഗുരു ശിഷ്യന്മാരെ രൂപപ്പെടുത്തിയെടുത്തത് ഒരു ചിത്രകാരന്‍ പെയിന്റ് ചെയ്യുന്നതുപോലെയായിരുന്നില്ല. ഒരു ശില്പി ഉളിയും ചുറ്റികയും ഉപയോഗിച്ച് കരിമ്പാറിയില്‍ നിന്നും രൂപങ്ങള്‍ ഉണ്ടാക്കിയെടുത്തിരുന്നതു പോലെയാണ്.” നടരാജ ശില്പിയുടെ കരവിരുതിന്റെ പൂര്‍ണ്ണത ‘നിത്യശില്പ’ത്തില്‍ നമുക്ക് കാണാം.

ഏത് ”ഉളിയും ചുറ്റികയും” ഉപയോഗിച്ചാണ് നടരാജഗുരു തന്റെ മനോഹര ശില്പം രൂപപ്പെടുത്തിയത്? അതറിയാന്‍ നാം അഭ്യൂഹങ്ങള്‍ ഒന്നും നടത്തേണ്ട കാര്യമില്ല. ശിഷ്യന്‍ തന്നെ ലിഖിത രേഖ ആക്കിയിട്ടുണ്ട്: ”എന്നെ സംബന്ധിച്ചിടത്തോളം നാടരാജ ഗുരു ഒരു വ്യക്തിയല്ല. നാരായണനിലും പത്‌മനാഭനിലും വസ്ഷ്ഠനിലും ശക്തിയിലും പരാശരനിലും വ്യാസനിലും ശങ്കരനിലും നാരായണ ഗുരുവിലും കൂടി ഒഴുകി എന്നിലേക്കെത്തുന്ന ഒരു മഹാ ജ്ഞാനധാരയുടെ പ്രത്യക്ഷരൂപമാണ്. എന്റെ ജീവനെ ഭരിക്കുന്ന സ്വപ്‌ന കാന്തിയിലെ ആ ഉജ്ജ്വല പ്രകാശത്തെ ഉള്ളിന്റെയുള്ളില്‍ ഏന്തിക്കൊണ്ടാണ് ഞാന്‍ ഓരോ ചുവടും വയ്ക്കുന്നത്.” ‘യാത്ര’യിലെ അതേ പേജിലുള്ള വാക്കുകളാണിത്.
മഹത്തായ ഒരു ദാര്‍ശനിക ധാരയിലൂടെ ഗുരു ശിഷ്യനെ രൂപപ്പെടുത്തി. ആ പ്രകാശത്തെ ”ഉള്ളിന്റെയുള്ളില്‍” ഏന്തിയപ്പോള്‍ ശിഷ്യന്‍ ഇന്നറിയപ്പെടുന്ന നിത്യ ചൈതന്യ യതിയായി. യതിയുടെ ശിഷ്യന്മാരാകാന്‍ വേണ്ട അടിസ്ഥാന യോഗ്യതയും ഇതേ ദാര്‍ശനിക ധാര സ്വാംശീകരിക്കലാണ്. ഈ ധാര ഏതാണെന്നുള്ളത് ഇവിടെ പരാമര്‍ശിച്ച പേരുകളില്‍ നിന്നുതന്നെ സ്പഷ്ടമാണ്. നാരായണ ഗുരുകുല ത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമായി നിത്യ ചൈതന്യ യതിയെ കാണുമ്പോള്‍ ഈ ധാര എന്താണെന്ന് ഒന്നുകൂടി വ്യക്തമാകും.

നാരായണ ഗുരുകുലം
ധ്യാനകേന്ദ്രമല്ല:

”വേദാന്തം വല്ലതും വായിച്ചിട്ടുണ്ടോ?” ആത്മോപദേശശതകത്തിന് വ്യാഖ്യാനം എഴുതാന്‍ അനുവാദം ചോദിച്ച എ.ഡി. ഹരിശര്‍മ്മയോട് നാരായണഗുരു ചോദിച്ച ചോദ്യമാണിത്. ”വായിച്ചിട്ടുണ്ടോ” എന്നു ചോദിച്ചാല്‍ ‘അറിയാമോ’ എന്നാണല്ലൊ അര്‍ത്ഥം. ഡോ. ടി. ഭാസ്‌കരന്റെ ‘ശ്രീനാരായണഗുരു വൈഖരി’യില്‍ (മൂന്നാം പതിപ്പ് പേജ് 47) ഈ ചോദ്യമുണ്ട്. ”നാരായണഗുരു കറയറ്റ വേദാന്തിയാണ്” എന്ന് ഗുരു നിത്യയും എഴുതിയിരിക്കുന്നു.(3:15)
”കറയറ്റ വേദാന്തി” എന്ന പ്രയോഗത്തെ പരമ്പരാഗത വേദാന്തത്തിന്റെ പശ്ചാത്തലത്തിനേക്കാളേറെ, നാരായണഗുരു സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ച തനതായ വേദാന്തമായി കാണുന്നതാണ് ശരി. ശങ്കരാചാര്യരുടെ വേദാന്തത്തില്‍ ബുദ്ധനില്‍ നിന്നും ഏറ്റുവാങ്ങിയ മാനവികതയുടെ സൗരഭ്യം കൂടി കലര്‍ത്തിയതാണ് നാരായണഗുരുവിന്റെ ദര്‍ശനം എന്ന് നിത്യ ചൈതന്യ യതി എഴുതിയിട്ടുണ്ട് (2: 247). ഈ തനതായ വേദാന്തം ജാതി, മത, വംശ, വര്‍ഗ്ഗ, ദേശ, ലിംഗ ഭേദങ്ങളൊന്നുമില്ലാതെ ആവശ്യമുള്ള ആര്‍ക്കും പഠിപ്പിച്ചു കൊടുക്കുവാനുള്ള സംവിധാനം എന്ന നിലയില്‍ നടരാജഗുരു സ്ഥാപിച്ചതാണ് നാരായണ ഗുരുകുലം എന്ന് ഗുരുകുലത്തിന്റെ ‘ഭരണഘടനാ’പരമായ രേഖയില്‍ (ഭാഗം രണ്ട്) പറയുന്നുണ്ട്.
നാരായണഗുരുവിന്റെ ദര്‍ശന തനിമയുടെ വ്യാപ്തി അന്വേഷിക്കുന്ന സത്യകാമികള്‍ക്കുവേണ്ടി നടരാജഗുരു രചിച്ച ബൃഹത്ഗ്രന്ഥമാണ്, മലയാളത്തില്‍ ‘ബ്രഹ്മവിദ്യ – സര്‍വ്വവിദ്യാപ്രതിഷ്ഠ’ എന്ന പേരില്‍ ലഭ്യമായ, ‘ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഓഫ് ദി അബ്‌സൊല്യൂട്ട്്’ (An Integrated Science of The Absolute). ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ നടരാജഗുരു എഴുതിയിരിക്കുന്നു: ”ഈ ഗ്രന്ഥം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ പോകുന്ന ശിഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഉള്ളില്‍ കണ്ടിരുന്നത് നിത്യ ചൈതന്യ യതിയെയാണ്.”
ശിഷ്യന് പ്രയോജനപ്പെടാന്‍ വേണ്ടി അഥവാ ശിഷ്യനെ രൂപപ്പെടുത്താന്‍ വേണ്ടി ഈ ഗ്രന്ഥമെഴുതാന്‍ നടരാജഗുരു മുപ്പത് വര്‍ഷത്തിലധികം ‘അദ്ധ്വാനിച്ചു.’ അതിലെ ആശയം സ്വായത്തമാക്കിയതിലൂടെ പിന്നീട് ശിഷ്യനും ഗുരുവിന്റെ നിലയിലേക്ക് ഉയര്‍ന്നു. ആതേ ആശയങ്ങള്‍ സ്വാംശീകരിച്ച് തന്റെ ‘അടുത്തെങ്കിലും’ എത്താന്‍ യോഗ്യതയുള്ള ഒരാളെപ്പോലും ലഭിക്കാത്തതുകൊണ്ടാണോ ഗുരു നിത്യ ആരെയും ശിഷ്യരായി അംഗീകരിക്കാതിരുന്നത് എന്നതും ആലോചനാ വിഷയമാണ്.
അടുത്തലക്കത്തിൽ:
നിത്യ ചൈതന്യ യതി –
കര കവിഞ്ഞ നദി

Author

Scroll to top
Close
Browse Categories