എം പി അപ്പൻ: ഐഹികത്തിൽ സമ്പ്രീതനായ മഹാകവി

ചില സാഹിത്യരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിലും എം പി അപ്പൻ മനസ്സുവെച്ചിരുന്നു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ തർജ്ജമചെയ്യാൻ കേരളവർമ്മയെ പ്രചോദിപ്പിച്ച സാഹചര്യം വിദ്വൽക്കവി ശിരോമണി വെളുത്തേരി കേശവൻവൈദ്യരുടെ ശാകുന്തളപരിഭാഷ കാണാനിടയായതാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.
ആത്മാവിഷ്ക്കരണപ്രധാനങ്ങളായ കാവ്യങ്ങളെക്കൊണ്ട് സഹൃദയമനസ്സിൽ പ്രതിഷ്ഠനേടിയ മഹാകവിയാണ് എം പി അപ്പൻ. കൃത്രിമമായ വർണ്ണപ്പൊലിമയോ ഭാവതീക്ഷ്ണതയോ അദ്ദേഹത്തിന്റെ കവിതകളെ ബാധിച്ചിട്ടില്ല. അവിച്ഛിന്നഗതിയായ ശയ്യാഗുണവും ഏകാഗ്രമായ സൗന്ദര്യോപാസനയുമാണ് അപ്പൻകവിതകളുടെ സവിശേഷത. ഗീതകപ്രസ്ഥാനത്തിന്റെയും അർച്ചനാലാപങ്ങളുടെയും രങ്‌ഗത്ത് അപ്പനെപ്പോലെ നിരന്തരമായും ഏകാഗ്രമായും വ്യാപരിച്ച് ആ രചനകളെ ആ ശാഖയിലെ സജീവസമ്പത്തുകളായി നിലനിർത്താൻ കഴിഞ്ഞവർ വേറെയില്ല. കവിതയെ ജീവനെക്കാളും ഔരസസന്തതികളെക്കാളും താൻ സ്നേഹിയ്ക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു :
“ജീവനെക്കാളും ഞാൻ സ്നേഹിച്ചിടുന്നതെൻ
ഭാവനാപുത്രരെയാണു ഭദ്രേ!”
കവിതയ്ക്കാലംബമായ ലോകത്തെയും ലോകജീവിതത്തെയും അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ചിരുന്നു.
"വിണ്ണിലേക്കെന്നെ വിളിയ്ക്കേണ്ട ഞാനുമീ
മണ്ണിൽക്കിടന്നു കഴിഞ്ഞുകൊള്ളാം
ചെന്തീക്കടലിലീ ലോകമെരിയുമ്പോൾ
ഹന്ത! സുഖമെനിയ്ക്കെന്തിനായി?"
എന്ന് ‘അടർക്കളത്തിൽ’ എന്ന കവിതയിൽ നാരകീയമെങ്കിലും ഇഹലോകത്തോടുള്ള ആസക്തി അദ്ദേഹം വ്യക്തമാക്കി.
മറ്റു കവികളോടുള്ള ഹൃദയൈക്യം അവരുടെ കൃതികളുടെ വിവർത്തനത്തിനും അപ്പനെ പ്രേരിപ്പിച്ചു. എഡ്വേർഡ് ആർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’, ദിവ്യദീപം എന്ന പേരിൽ വിവർത്തനംചെയ്തു. ഷെല്ലി, വേഡ് സ് വർത്ത്, കീറ്റ്സ്, റോബർട് ബ്രിഡ്ജ്, ജോർജ് റസ്സൽ, വാൾട്ടർ ഡി ലാമേർ, മേരി ക്വറില്ലീ, റോബർട് ബ്രൗണിങ്, വിക്ടർ യൂഗോ, പുഷ്കിൻ മുതലായ പാശ്ചാത്യകവികളെയും ടാഗോർ, ഹരീന്ദ്ര ചതോപാദ്ധ്യായ, സരോജിനീദേവി, കെ വി പുട്ടപ്പ, നിർമ്മൽപ്രഭാ ബർദോളി, നീലമണീ ഫൂക്കർ, ആനന്ദനാരായൺ മുല്ല, ഹേം ബറുവ, നയിനീ സുബ്ബറാവു മുതലായ ഭാരതീയകവികളുടെയും രചനകൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
നാല്പതോളം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി മലയാളകാവ്യശേഖരത്തിലുണ്ട്. സുവർണ്ണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനികഗാനം, യുദ്ധകാഹളം, അന്തിമേഘങ്ങൾ, കതിർമാല, ബാലികാരാമം, കിളിക്കൊഞ്ചൽ, ലീലാസൗധം, പനിനീർപ്പൂവും പടവാളും, സ്വാതന്ത്ര്യഗീതം, സൗന്ദര്യധാര, ഭൂമിയും സ്വർഗ്ഗവും, അമൃതബിന്ദുക്കൾ, വജ്ജ്രബിന്ദുക്കൾ, കാവ്യഹൃദയം, പളുങ്കുമണികൾ, കായും കനിയും, ഉദ്യാനസൂനം, പ്രസാദം,ദിവ്യദീപം, ശ്രീബുദ്ധൻ, ടാഗോർ, സ്മരണോപഹാരം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ.
നല്ല കാവ്യവിമർശകൻ കൂടിയായിരുന്നൂ, എം പി അപ്പൻ. കാവ്യകലയുടെ മർമ്മം അറിഞ്ഞ്, അത് എവിടെവിടെ എങ്ങനെയൊക്കെ പാലിയ്ക്കണമെന്ന് ഒരദ്ധ്യാപകന്റെ ചുമതലയോടെ കാവ്യലോകസഞ്ചരണം നടത്തുന്ന എഴുത്തുകാർക്ക് വ്യക്തമായ നിർദ്ദേശം നല്കുന്ന കാര്യത്തിൽ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ഉത്തമകാവ്യങ്ങളെ, അവയുടെ വൈവിദ്ധ്യ ഭങ്‌ഗിയിൽ നോക്കിക്കാണാനും വിലയിരുത്താനും ശ്ലാഘിയ്ക്കേണ്ടതിനെ ലോപം കൂടാതെ ശ്ലാഘിയ്ക്കാനും മടികാണിയ്ക്കാത്ത ഋജുബുദ്ധിയായിരുന്നു, മഹാകവി അപ്പൻ. വെണ്മണി മഹനെപ്പോലെ വാസനാശാലിയായ ഒരു മലയാളകവി ഉണ്ടായിട്ടില്ലെന്ന് ‘ഉറപ്പിച്ചു പറയാ’ൻ അപ്പൻ മടിച്ചിട്ടില്ല. “പ്രസാദം, മാധുര്യം, ഓജസ്സ് എന്നീ മൂന്നു ഗുണങ്ങളും വേണ്ടുവോളമുള്ള ശൈലി” വെണ്മണിമഹനിലും വള്ളത്തോളിലും മാത്രമാണ് അദ്ദേഹം കാണുന്നത്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശൈലിയ്ക്കുള്ള ഗുണവും ദോഷവും ഏറക്കുറെ കൊച്ചുണ്ണിത്തമ്പുരാനിലും ഈ മഹാകവി കാണുന്നുണ്ട്. “ധാരാളം അശ്ലീലച്ചുവ വന്നുപോയിട്ടുണ്ടെങ്കിലും സുകുമാരകൃതികൾ തള്ളിക്കളയുവാനുള്ളതല്ല” എന്ന് കെ സുകുമാരന്റെ കഥകളെ വിലയിരുത്തുമ്പോൾ അപ്പൻ സമ്മതിയ്ക്കുന്നു. ചില സാഹിത്യരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിലും എം പി അപ്പൻ മനസ്സുവെച്ചിരുന്നു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ തർജ്ജമചെയ്യാൻ കേരളവർമ്മയെ പ്രചോദിപ്പിച്ച സാഹചര്യം വിദ്വൽക്കവി ശിരോമണി വെളുത്തേരി കേശവൻവൈദ്യരുടെ ശാകുന്തളപരിഭാഷ കാണാനിടയായതാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. ശാകുന്തളവിവർത്തനങ്ങളെ സംബന്ധിച്ച് ഞാൻ നടത്തിക്കൊണ്ടിരുന്ന പഠനത്തിന് സഹായകമായി ചില വസ്തുതകളിൽ സംശയനിവാരണം ആവശ്യപ്പെട്ട് അയച്ച എന്റെ കത്തിന് അദ്ദേഹം നല്കിയ മറുപടി ചാരിതാർത്ഥ്യജനകമാണ്. ആ കത്തിന്റെ പൂർണ്ണരൂപം ഇവിടെ പകർത്തുന്നു:
M.P.APPAN
PRASADAM തിരു: 14
VAZHUTHACAUD
TRIVANDRUM-14 26/11/’81
ശ്രീ. മുരളീധരന്,
കത്തു കിട്ടി. വിവരം അറിഞ്ഞു സന്തോഷിയ്ക്കുന്നു.
ശാകുന്തളം ആദ്യം തർജ്ജമചെയ്തത് വെളുത്തേരിയാണ്.
കൈയെഴുത്തുപ്രതി (1056 ൽ) കേരളവർമ്മയെ കാണിച്ചപ്പോൾ ‘കേശവന് ഇത് അച്ചടിയ്ക്കണമെന്നുണ്ടോ?’ എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. മാറ്റർ തിരിച്ചുകൊടുത്തു. പിറ്റേ ദിവസംമുതൽ കേരളവർമ്മ വിവർത്തനം തുടങ്ങി. താമസിയാതെ മാസികയിൽ പ്രസിദ്ധപ്പെടുത്തി കേരളകാളിദാസനായി. ഈ വസ്തുത എന്റെ ‘പളുങ്കുമണികൾ’ (നരസിംഹവിലാസം ബുക്കു ഡിപ്പോ,തുറവൂർ), ‘കായും കനിയും’ (എന്‍.ബി.എസ്, കോട്ടയം) എന്നീ കൃതികളിലും വി കുഞ്ഞുകൃഷ്ണന്റെ ‘രണ്ട് വിദ്വല്‍ക്കവികൾ’ ഒന്നാം ഭാഗത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്വല്‍ക്കവികൾ എന്ന പുസ്തകത്തിൽ, ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിലുള്ള പ്രസക്തഭാഗം ഉദ്ധരിച്ചിരിയ്ക്കുന്നു.
വെളുത്തേരിയുടെ ശാകുന്തളം ഇന്നോളം അച്ചടിച്ചിട്ടില്ല. അത് എവിടെയോ ഉണ്ട്. താങ്കൾ വിദ്വാൻ വി കുഞ്ഞുകൃഷ്ണൻ, ആനപ്പാറയിൽ, മുട്ടത്ത്,തിരുവനന്തപുരം എന്ന വിലാസത്തിൽ എഴുതിയാൽ കൂടുതൽ വിവരങ്ങൾ തരും. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം (എസ് പി സി എസ്, കോട്ടയം) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ വെളുത്തേരിയെ സംബന്ധിയ്ക്കുന്ന ഖണ്ഡിക ഗോവിന്ദപ്പിള്ള പ്രസിദ്ധപ്പെടുത്തിയ ഒന്നാം പതിപ്പ് ഞാൻ അന്വേഷിച്ചിട്ട് കണ്ടുപിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൈവശമുള്ളവർ അത് പുറത്തെടുക്കുന്നില്ല. മുൻമുഖ്യമന്ത്രി സി അച്യുതമേനോന്റെ ഒരു ഉപന്യാസസമാഹാരത്തിലും വെളുത്തേരിശാകുന്തളം പറയുന്നുണ്ട്. മൂന്നാലു രോഗങ്ങൾ എന്നെ തുടർച്ചയായി ഉപദ്രവിച്ചുവരുന്നു. ചികിത്സ നടക്കുന്നുണ്ട്. താങ്കൾ ശ്രീ കുഞ്ഞുകൃഷ്ണന് എഴുതുക. ടിയാൻ പെരുന്നെല്ലി കൃഷ്ണൻ വൈദ്യന്റെ അനന്തരവനാണ്. വെളുത്തേരിസാഹിത്യത്തെപ്പറ്റി അധികമായി പറയാൻ കഴിവുള്ള പണ്ഡിതശ്രേഷ്ഠനാണ്.താങ്കൾക്ക് സകലവിജയങ്ങളും നേരുന്നു.
എന്ന്
സ്നേഹപൂർവ്വം (ഒപ്പ്)
പൗരസ്ത്യകവിതകളെന്നപോലെതന്നെ പാശ്ചാത്യകവിതകളിലും അപ്പൻ ആകൃഷ്ടനായിരുന്നു. പ്രാദേശികതയോ ജാതീയതയോ ഒന്നും അദ്ദേഹത്തിന്റെ സമീപനരീതിയിൽ പക്ഷപാതം കലർത്തിയിട്ടില്ല. നിർഭയവും നിഷ് പക്ഷവുമായിരുന്നൂ, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.
1913-ൽ മാർച്ച് മാസം 29 ന് തിരുവനന്തപുരം മേടയിൽ വീട്ടിൽ കെ മാടുവിന്റെയും കൊച്ചാപ്പിയുടെയും മകനായി എം പൊന്നപ്പൻ എന്ന എം പി അപ്പൻ ജനിച്ചു. ഗണിതശാസ്ത്രത്തിൽ ബി എ ഓണേഴ്സ് പാസ്സായി, എൽ ടി ബിരുദവും നേടി 1938 ൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ച അപ്പൻ 1958-ൽ ഹെഡ് മാസ്റ്ററായി 1962വരെ അദ്ധാപകനായി തുടർന്നു. അതേവർഷംമുതൽ 1968വരെ എൻസൈക്ലോപ്പീഡിയയിൽ ജോലിനോക്കി.
1973-ൽ ഉദ്യാനസൂനം എന്ന കൃതിയ്ക്ക് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ശാരദാപ്രതിഷ്ഠയുടെ സുവർണ്ണജൂബിലി സ്മാരകസ്വർണ്ണമെഡൽ നല്കി അദ്ദേഹത്തെ ആദരിച്ചു. ആശാൻപ്രൈസ്, ശൂരനാട് കുഞ്ഞൻപിള്ള അവാർഡ്, വള്ളത്തോൾ പുരസ്ക്കാരം1995, ഉള്ളൂർ പുരസ്ക്കാരം 2003, മൂലൂർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്ക്കാരം 1998എന്നിങ്ങനെ അനവധി സാഹിത്യപുരസ്ക്കാരങ്ങൾക്ക് മഹാകവി എം പി അപ്പൻ അർഹനായിട്ടുണ്ട്. 2003 ഡിസംബർ 10 ന് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സിൽ ആ ജീവിതസപര്യയ്ക്ക് വിരാമമായി.
8281201432, 9745601432