ഉരുകുന്ന കേരളം;കാത്തിരിക്കുന്നത് കൊടും വേനല്‍….
കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ‘എല്‍നിനോ’ എന്ന പ്രതിഭാസമാണ് കടുത്ത ചൂടിന്പിന്നില്‍ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ പ്രതിഭാസം മൂലം 2024 നെ ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു. ഇതുമൂലം തെക്കേ അമേരിക്കയില്‍ കൂടുതല്‍ മഴ ലഭിക്കുവാനും, ആസ്ട്രേലിയയില്‍ വരള്‍ച്ചയ്ക്കും, ഇന്ത്യയില്‍ മഴയുടെ അളവ് ക്രമാതീതമായി കുറയുന്നതിനും ഈ പ്രതിഭാസം കാരണമായേക്കാം എന്നും പറയപ്പെടുന്നു.
മുമ്പ് പലപ്പോഴും കേരളം ചൂടുകൊണ്ട് ഉരുകുമ്പോളും നാളെ ഒരു മഴ വരുമെന്ന് പ്രതീക്ഷയും, ഋതുക്കള്‍ മാറുമ്പോള്‍ എല്ലാം ശരിയായി, സുഖകരമായ കാലാവസ്ഥയിലേക്കു ഭൂമി തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ചൂട് ഇന്നത്തേക്കാള്‍ കഠിനമാകും എന്നാണ് കാലാവസ്ഥാനിരീക്ഷകരും, ശാസ്ത്രജ്ഞന്മാരും ഒരേസ്വരത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
വേനല്‍ക്കാലം സ്വാഭാവികമായും ചൂടുകാലമാണെന്ന് നമുക്കറിയാമെങ്കിലും, ഇതുവരെയില്ലാത്ത, അസഹനീയമായ ഒരു ചൂട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാസ്വഭാവങ്ങളെ തൊട്ടറിഞ്ഞ മുതുമുത്തശ്ശന്മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, ഇങ്ങനെ ഒരു കാലാവസ്ഥ അവരുടെ അനുഭവത്തില്‍ നടാടെയാണ്. കഴിഞ്ഞ അന്‍പതോ, നൂറോ വര്‍ഷങ്ങളുടെ ചരിത്രത്തില്‍ പോലും ഇങ്ങനെ അസഹനീയമായ ഒരു ചൂട് ആദ്യമായാണ്. നമുക്ക് കേട്ടുകേഴ്വിയില്ലായിരുന്ന സൂര്യതാപം പോലെയുള്ള അവസ്ഥകള്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്നു. നമ്മുടെ കാലാവസ്ഥ നമ്മുടെ അറിവിനും, പ്രതീക്ഷകള്‍ക്കുമപ്പുറം അപകടകരമായ രീതിയില്‍ പൊയ് ക്കൊണ്ടിരിക്കുന്നു.
മാര്‍ച്ച് ഇനിയും ചൂടേറും
മാര്‍ച്ചിലെ പൊള്ളുന്ന ചൂടിലേക്ക് നാം മെല്ലെ നടന്നടുക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് ഉച്ചസമയങ്ങളില്‍ ഉയര്‍ന്നുയര്‍ന്നു വരുന്നു. നിര്‍ജ്ജലീകരണം പോലെയുള്ള പ്രശ്‌നങ്ങള്‍ കുട്ടികളടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ജലസ്രോതസ്സുകളില്‍ വെള്ളം വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇനിയും ചൂട് കടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈയവസരത്തില്‍ കൂടുതല്‍ ജാഗ്രതയും, ശ്രദ്ധയും നാം ഇക്കാര്യത്തില്‍ പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് വഴിതെളിച്ചേക്കാം. മാത്രമല്ല ഇക്കാര്യത്തില്‍ നമുക്ക് കഴിയുന്നതുപോലെയുള്ള മുന്നൊരുക്കങ്ങളും കൂടുതല്‍ ക്രിയാത്മകമായി നടത്തേണ്ടതുമുണ്ട്.
എല്‍നിനോയും, ലാ നിനയും
ഈ വര്‍ഷം ഫെബ്രുവരി ആദ്യം മുതല്‍ തന്നെ കനത്ത ചൂടാണ് സംസ്ഥാനത്തു അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ‘എല്‍നിനോ’ എന്ന പ്രതിഭാസമാണ് ഇതിനുപിന്നില്‍ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ പ്രതിഭാസം മൂലം 2024 നെ ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു. ഇതുമൂലം തെക്കേ അമേരിക്കയില്‍ കൂടുതല്‍ മഴ ലഭിക്കുവാനും, ആസ്ട്രേലിയയില്‍ വരള്‍ച്ചയ്ക്കും, ഇന്ത്യയില്‍ മഴയുടെ അളവ് ക്രമാതീതമായി കുറയുന്നതിനും ഈ പ്രതിഭാസം കാരണമായേക്കാം എന്നും പറയപ്പെടുന്നു.
സ്പാനിഷ് ഭാഷയില്‍ ‘എല്‍നിനോ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ചെറിയ ആണ്‍കുട്ടി’ എന്നാണ്. നീണ്ട ഒരു കാലയളവില്‍, അതായത് ഏതാണ്ട് ഏഴുവര്‍ഷം വരെ പസഫിക് സമുദ്രത്തിനു മധ്യത്തില്‍ ഭൂമധ്യരേഖയ്ക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്തു സമുദ്രോപരിതലത്തില്‍ അസാധാരണമായ ചൂട് ഉണ്ടാവുന്നു. ഭൂമിയുടെ പടിഞ്ഞാറന്‍ പ്രദേശത്തേക്ക് ഉള്ള വായൂപ്രവാഹത്തിന്റെ വേഗത കുറയുകയും, ചൂടുവെള്ളം കിഴക്കോട്ടു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രധാനകാരണം. തെക്കേ അമേരിക്കയുടെ തീരത്തുനിന്നും, ഗാലപ്പഗോസ് ദ്വീപുകളുടെ പടിഞ്ഞാറന്‍ ഭാഗം വരെയാണ് ഈ പ്രതിഭാസം പ്രകടമാവുക.
ഇതിന്റെ നേര്‍വിപരീതമായി സംഭവിക്കുന്ന പ്രതിഭാസമാണ് ‘ലാ നിന’ (സ്പാനിഷ് ഭാഷയില്‍ ചെറിയ പെണ്‍കുട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം). എല്‍ നിനോ സമുദ്രത്തെ ചൂടാക്കുമ്പോള്‍, ലാ നിന ആവട്ടെ പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം തണുപ്പിക്കുന്നു. ഭൂമിയില്‍ ഉണ്ടാകുന്ന സ്വാഭാവികമായ കാലത്തിന്റെ അവസ്ഥകള്‍, കാറ്റിന്റെ ഗതിയും സമയക്രമവും ഒക്കെ മാറ്റാന്‍ ഈ പ്രതിഭാസങ്ങള്‍ക് കഴിയും. 2014 മുതല്‍ 2016 വരെ നീണ്ടുനിന്ന എല്‍നിനോ പ്രതിഭാസം അന്ന് നമ്മുടെ കാലാവസ്ഥയെ ഏറെ സ്വാധീനിച്ചിരുന്നു. 2016 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി അടയാളപ്പെടുത്തുകയുമുണ്ടായി. ഇതുമൂലം ചിലയിടങ്ങളില്‍ കൊടും ചൂടും വരള്‍ച്ചയുമുണ്ടായപ്പോള്‍, മറ്റുചിലയിടങ്ങളില്‍ കൊടും പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി.
സൂപ്പര്‍ എല്‍നിനോ
1982-83, 1997-98, 2015-16 കാലഘട്ടത്തില്‍ ലോകത്തുണ്ടായ ഗുരുതരമായ കാലാവസ്ഥാവ്യതിയാനത്തിനും, പ്രകൃതിദുരന്തങ്ങള്‍ക്കും വഴിയൊരുക്കിയ എല്‍നിനോകളെ സൂപ്പര്‍ എല്‍നിനോകള്‍ എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇത്തരമൊരു സൂപ്പര്‍ എല്‍നിനോയ്ക്ക് സാധ്യതയുണ്ടെന്നാണ് ‘നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റമോസ്ഫെറിക് അഡ്മിനിഷ്ട്രേഷന്‍’ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വര്‍ഷം ശക്തമായ എല്‍നിനോ ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരെയാണ്. ഇതുമൂലം വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ഉണ്ടായ 18 വരള്‍ച്ചകളില്‍ പതിമൂന്നെണ്ണം എല്‍നിനോയുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. ഇതൊക്കെക്കൊണ്ടാണ് ശാസ്ത്രജ്ഞന്മാര്‍ ഇപ്പോളത്തെ കടുത്ത ചൂടും, കാലാവസ്ഥാമാറ്റവുമൊക്കെ എല്‍നിനോയുമായി ബന്ധപ്പെട്ടാണ് എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മണ്‍സൂണ്‍ മഴ വല്ലാതെ കുറയും എന്നതാണ് ഇന്ത്യയെ വിശിഷ്യാ കേരളത്തെയും ഇത് ആശങ്കയില്‍ ആഴ്ത്തുന്നത്.
ആഗോളതാപനവും,
കാലാവസ്ഥാവ്യതിയാനവും
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ കാരണങ്ങളിലേക്ക് നോക്കിയാല്‍ നമുക്ക് വലിയ പഠനങ്ങളുടെ ആവശ്യം ഉണ്ടാവേണ്ടതില്ല. നാം കേട്ടുപഴകിയ ആഗോളതാപനവും, കാലാവസ്ഥാവ്യതിയാനവും ഒക്കെത്തന്നെയാണ് കാരണങ്ങളെങ്കിലും അതിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ നമ്മുടെ ഇടപെടലുകള്‍ ഇന്നും പേരിനുമാത്രമായി തുടരുകയാണ്. ഫലമോ, ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹരിതഗൃഹവാതകങ്ങളുടെ ബാഹുല്യം, വനനശീകരണം, എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില ഉയരുന്നുണ്ട്. അതൊരു ആഗോളപ്രതിഭാസം ആണെങ്കിലും അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാവുന്നുണ്ട്.
കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാവുന്നത്. ആ രീതി ഇനിയുള്ള വര്‍ഷങ്ങളിലും കൂടിക്കൂടി വരാന്‍ തന്നെയാണ് സാധ്യതയും. ആഗോളതലത്തില്‍ ഭൂമിയ്ക്കും, അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയില്‍ ആണ്. മേല്‍സൂചിപ്പിച്ചതരത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വനനശീകരണമാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാമാറ്റത്തെ ഉള്‍ക്കൊള്ളേണ്ടിവരുന്നതാണ് ഇപ്പോള്‍ അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കുവാനും, ചൂട് അവിടെത്തന്നെ നിലനിന്നുകൊണ്ട് ഹരിതഗൃഹപ്രഭാവം സംഭവിക്കുവാനും കാരണമാകുന്നു.
ഈ മാസങ്ങളില്‍ കൂടുതലായും തെക്കുപടിഞ്ഞാറന്‍ കാറ്റിനേക്കാള്‍, വടക്കുകിഴക്കന്‍ കാറ്റാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലായി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാറ്റ് ഏറെയും കരപ്രദേശങ്ങള്‍ കടന്നാണ് കേരളത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ജലാംശം കുറവുള്ളതും വരണ്ടതുമായ ഈ കാറ്റ് സ്വാഭാവികമായും താപനില ഉയരുന്നതിന് കാരണമാകുന്നു. മറിച്ചു അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ് താരതമ്യേന കേരളത്തില്‍ സൃഷ്ടിക്കുന്നത് ഈര്‍പ്പം നിറഞ്ഞതും തണുത്തതുമായ അന്തരീക്ഷമാണ്. അവയുടെ അഭാവം കേരളത്തെ കൂടുതല്‍ ചൂടിലേക്ക് തള്ളിവിടുന്നു. കൂടാതെ വേനലില്‍ ഉണ്ടാകാറുള്ള ഒറ്റപ്പെട്ട വേനല്‍മഴ മാറിനില്‍ക്കുന്നതും ചൂടിന്റെ കാഠിന്യം കൂട്ടുന്നുണ്ട്.
പ്രകൃതിയോട്
ഇണങ്ങി
കുറെ വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ ഇത്തരത്തിലെ കഠിനമായ ചൂട് വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ചൂടിനെ പ്രതിരോധിക്കുക എന്നതിനേക്കാള്‍ വരും വര്‍ഷങ്ങളിലെ കൂടി ഇതുപോലെയുള്ള കഠിനമായ കാലാവസ്ഥയ്ക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനായി നമ്മുടെ ജീവിതരീതി തന്നെ ക്രമീകരിക്കണം. കൂടുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ നാം ശ്രമിക്കണം. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതുതന്നെയാണ് ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും മൂലകാരണം. അത് ഒഴിവാക്കി പ്രകൃതിയോടിണങ്ങി ജീവിക്കുവാന്‍ കഴിഞ്ഞാല്‍ ധാരാളം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാനാകും. കാലാവസ്ഥാവ്യതിയാനം എന്ന ആഗോളപ്രതിതിഭാസത്തെ ഒറ്റയടിയ്ക്ക് നമുക്ക് അതിജീവിക്കുവാനാകില്ല. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ചെറുക്കാനാകും.
9946199199