ജീവന്റെ വിലയുള്ള ലോണ്‍ ആപ്പുകള്‍
വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ സംശയമില്ല.
വായ്പയുടെ ചരിത്രത്തിന് മനുഷ്യന്റെ ഉല്‍പ്പത്തിയോളം തന്നെ പഴക്കമുണ്ട്. ക്രയവിക്രയങ്ങള്‍ ബാര്‍ട്ടര്‍ സിസ്റ്റം എന്നറിയപ്പെടുന്ന കറന്‍സിയുടെ സഹായമില്ലാതെ പരസ്പരം ക്രയവിക്രയങ്ങള്‍ നടത്തുന്നതായിരുന്നു ആദ്യത്തെ ലക്ഷണമൊത്ത രീതി. എന്നാല്‍ വായ്പകള്‍ അന്നുമിന്നും അനസ്യൂതം നടന്നുകൊണ്ടുമിരുന്നു.
വായ്പകള്‍ കടക്കെണിയിലേക്ക് നയിക്കാനും, അപൂര്‍വ്വമായി അവ ആത്മഹത്യയിലേക്ക് നയിക്കുവാനും തുടങ്ങിയിട്ട് കാലമേറെയായി.വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കേരളം കാണാന്‍ പോകുന്ന ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ സംശയമില്ല.
കോവിഡാനന്തരം
കോവിഡ് കാലം നമ്മുടെ സാമൂഹ്യ സാമ്പത്തികരംഗത്തു ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഏതുവിധേനയും മറികടക്കാന്‍ പലരും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ചെന്നു വീഴുകയാണുണ്ടായത്. പിന്നീട് കോവിഡ് മാറിയപ്പോളും തൊഴില്‍ പ്രതിസന്ധി നിലനിക്കുകതന്നെ ചെയ്തു. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ലോണ്‍ ആപ്പുകള്‍ വേരുറപ്പിച്ചത്.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍
ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ മൊബൈ ല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിലും ക്യാമറയിലും, ഗ്യാലറിയിലുമൊക്കെ കൂടി കയറുവാന്‍ അനുമതി ചോദിക്കുന്നത് പലരും ശ്രദ്ധിക്കാറില്ല. അവരെ സംബന്ധിച്ച് പെട്ടെന്ന് അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തു കിട്ടുന്ന പണം എത്രയും പെട്ടെന്നുതന്നെ നേടുകയാണ് ലക്ഷ്യം. മാത്രമല്ല ഒട്ടുമിക്ക ആള്‍ക്കാരും അതില്‍ ചോദിക്കുന്നതെന്തെന്ന് വായിച്ചുനോക്കാന്‍ പോലും മെനക്കെടാറില്ല. താഴെയുള്ള ‘OK’ ബട്ടണില്‍ അമര്‍ത്തി മുന്നോട്ടുപോകും. എന്നാല്‍ പിന്നീടാണ് അതിന്റെ അപകടം മനസ്സിലാകുന്നത്. നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്മുടെതന്നെ അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നമ്പറുകളിലും, ഫോട്ടോയിലുമൊക്കെ കടന്നുകയറുവാന്‍ കഴിയുകയും പിന്നീട് അത് മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുവാനും കാരണമാകുന്നു. മാത്രമല്ല പണം തരുമ്പോള്‍ അവര്‍ ഒപ്പിട്ടു തിരികെ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന രേഖയിലെ വായ്പാകാലാവധി അവര്‍ ആദ്യം പറയുന്നതുതന്നെ ആയിരിക്കണമെന്നും നിര്‍ബന്ധമില്ല. മൂന്നുമാസം കാലാവധിയായി ആണ് നാം വായ്പ എടുക്കുന്നതെങ്കിലും, ഫോമില്‍ അത് ഒന്നോ രണ്ടോ മാസം ആയിരിക്കും. മൂന്നുമാസം കഴിയുമ്പോള്‍ മാത്രമായിരിക്കും നാം കുന്നുകൂടിയ പലിശ കാണുകയും, അപകടം തിരിച്ചറിയുകയും ചെയ്യുന്നത്. 30 മുതല്‍ 40 ശതമാനം വരെ പലിശയ്ക്ക് ഇത്തരത്തില്‍ പണം നല്കുമ്പോള് ആണ് മാസങ്ങള്‍ കഴിയുമ്പോള്‍ നൂറും ഇരുന്നൂറും ശതമാനമായി ഉയരുന്നതും ആയിരങ്ങള്‍ കടമെടുത്തയാള്‍ ലക്ഷങ്ങള്‍ തിരിച്ചടയ്ക്കേണ്ടി വരുന്നതും.
മാനഹാനിയെ ഭയക്കരുത്
നമ്മുടേതല്ലാത്ത തെറ്റുകളില്‍ നാം ഒരംശം പോലും ഭയക്കേണ്ട ആവശ്യമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ മലയാളിയുടെ സ്വതസിദ്ധമായ മാനഹാനിയെ ആണ് ഇത്തരം വായ്പാസംഘങ്ങള്‍ ചൂഷണം ചെയ്യുന്നത്. ആത്മഹത്യകള്‍ ഉണ്ടാകുന്നതും സാമ്പത്തികപ്രതിസന്ധിക്കൊപ്പം തനിക്കുണ്ടായ മാനഹാനികൂടി ഉണ്ടായത് കൊണ്ടാണ്. ഒരുപക്ഷേ ഇത്തരം ആപ്പുകളിലൂടെ വായ്പയെടുക്കുന്നത് വീട്ടുകാരോടുപോലും ആരും പറയാതെയാണ് എന്നതാണ് ഏറെ ഗൗരവകരം. പിന്നീട് വഞ്ചിക്കപ്പെടുമ്പോള്‍ അവര്‍ ആത്മഹത്യയെ തെരഞ്ഞെടുക്കുന്നു. പോലീസിന്റെ സഹായമില്ലാതെ നമുക്ക് ഇവര്‍ക്കെതിരെ ഒന്നും ചെയ്യാനാവില്ല. അന്വേഷണത്തില്‍ പോലീസിനുള്ള ലീഗല്‍ ജൂറിസ് ഡിക്ഷന്‍ പോലും മറികടന്നുകൊണ്ട് അവര്‍ക്ക് അന്വേഷിക്കാന്‍ കഴിയാറുണ്ട്. സംഘടിതമായി നടക്കുന്ന കുറ്റകൃത്യം ആയതിനാല്‍ ഈ അപ്പുകളില്‍ പലതും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വിദേശരാജ്യങ്ങളില്‍ ആയിരിക്കും. അതിനാല്‍ ഇവിടെ ഒരു ലീഗല്‍ ജൂറിസ് ഡിക്ഷന്‍ പ്രശ്നം ഉണ്ടാകുന്നു.
പണം നഷ്ടപ്പെടുന്നവരില്‍ മാനഹാനി ഭയന്ന് ചെറിയൊരു ശതമാനം ആള്ക്കാര് മാത്രം പരാതിയുമായി മുന്നോട്ടുവരുന്നതും അന്വേഷണത്തിന്റെ ഗൗരവത്തെ ബാധിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം പ്ളേസ്റ്റോറില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ധാരാളം ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയുണ്ടായി. പക്ഷേ, അവയൊക്കെ ഗെയിമുകളുടെയും മറ്റും രൂപത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. ഇവരുടെയൊക്കെ ലക്ഷ്യം തട്ടിപ്പുമാത്രമാണെന്നും, ഇതില്‍ പെട്ടാല്‍ പണവും മാനവും നഷ്ടപ്പെടുമെന്നും മനസ്സിലാക്കിക്കൊണ്ട് അകറ്റിനിര്‍ത്തുകയാണ് ഉത്തമം. അഥവാ പെട്ടുപോയിട്ടുണ്ടെങ്കില്‍ തന്നെ ധൈര്യത്തോടെ നേരിടുവാനുള്ള ആര്‍ജ്ജവം കാണിച്ചാല്‍ മാത്രമേ കുറ്റം ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും കഴിയുകയുള്ളൂ.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ഥിരമായി ഒരു ഹെല്പ് ലൈന്‍, ഉന്നതതല അന്വേഷണ സംവിധാനം, മുഴുവന്‍ സമയ പ്രചാരണപരിപാടി എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. വൈകാതെ ഇവ നിലവില്‍ വരും. നിയമപരമായി മാത്രമല്ല, സാമൂഹികമായ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഇതിനെ തുടച്ചുനീക്കാന്‍ കഴിയൂ എന്ന് മലയാളി ഇതിനകം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തില്‍ വിവരസാങ്കേതികവിദ്യയിലെ കേരളത്തിന്റെ കുതിച്ചുചാട്ടം ഇത്തരത്തില്‍ നഷ്ടം മാത്രം സമ്മാനിക്കുന്ന തരത്തിലേക്ക് മാറാതെയിരിക്കുവാനുള്ള ജാഗ്രതയും നാം പുലര്‍ത്തേണ്ടതുണ്ട്.