സര്‍ഗാത്മകമാകട്ടെ നമ്മുടെ കലാലയങ്ങൾ…

കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും കുട്ടികളെ കിട്ടാതെ അധ്യയനം നടത്തേണ്ടിവരുമ്പോള്‍, കുട്ടികള്‍ മേന്മയുള്ള വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ഒഴുകുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ മതിയോ? കുട്ടികളുടെ പിന്തുണയില്ലാതെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും മുന്നോട്ടുപോകാനാവില്ല. ശക്തമായ നിയമങ്ങളും, നിര്‍ബന്ധങ്ങളും ആവാം. പക്ഷേ, അത് ആത്മാര്‍ത്ഥമായിരിക്കുകയും, കുട്ടികളുടെ നല്ലഭാവിക്കു വേണ്ടി ആണെന്ന ചിന്ത കുട്ടികളില്‍ ഉളവാക്കേണ്ടതുമുണ്ട്

കലാലയങ്ങള്‍ വിദ്യാര്‍ത്ഥിസൗഹൃദമാകാത്തത് ഇതാദ്യമല്ല. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ഇപ്പോള്‍ അതൊരു ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു എന്നുമാത്രം. ഈ വിഷയവുമായി ബന്ധപ്പെട്ട് അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സമരവും, സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലും നടന്നു. എന്താണ് നമ്മുടെ പ്രൈവറ്റ് കോളേജുകളില്‍ നടക്കുന്നത്? വിദ്യാര്‍ത്ഥിസമരത്തില്‍ പങ്കെടുക്കുന്നവരുടെ ഭാഷ്യം മുഖവിലയ്ക്കെടുത്താല്‍ അവിടങ്ങളില്‍ അതിരുകടന്ന മാനസികപീഡനങ്ങള്‍ ആണോ നടക്കുന്നത്? കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും കുട്ടികളെ കിട്ടാതെ അധ്യയനം നടത്തേണ്ടിവരുമ്പോള്‍, കുട്ടികള്‍ മേന്മയുള്ള വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ഒഴുകുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ മതിയോ? ഒരുപക്ഷെ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒരു മേഖലയായ ഉന്നതവിദ്യാഭ്യാസരംഗം പുരോഗതിയിലേക്ക് ഉയര്‍ത്താനുള്ള ശക്തമായ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഏതുരീതിയിലാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തെ സ്വാധീനിക്കുന്നത്? കാതലായ ധാരാളം ചോദ്യങ്ങളാണ് അമല്‍ജ്യോതി കോളേജിലെ സംഭവം ഉയര്‍ത്തുന്നത്.

ശ്രദ്ധയുടെ
മരണത്തിനുപിന്നില്‍

ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നിലെ പ്രേരണ കണ്ടെത്തണം. പൊലിസിന്റെ അന്വേഷണത്തിൽ അത് വ്യക്തമാകട്ടെ. ഒരുപക്ഷേ, ആത്മഹത്യ ആണെങ്കില്‍പ്പോലും അതിനുപിന്നിലെ പ്രേരണ എന്താണെന്ന് കണ്ടത്തേണ്ടതുണ്ട്. അവരുടെ ഹോസ്റ്റല്‍ വാര്‍ഡനായ ഒരു കന്യാസ്ത്രീയുടെ പേരാണ് കുട്ടികള്‍ വീണ്ടും വീണ്ടും എടുത്തുപറഞ്ഞത്. പെണ്‍കുട്ടികളെ അവര്‍ അഭിസംബോധനചയ്യുന്നതുപോലും വിലകുറഞ്ഞ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു എന്നാണ് ശ്രദ്ധയുടെ മരണത്തിനുശേഷമുള്ള പ്രതിഷേധത്തില്‍ മറ്റു വിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറഞ്ഞത്. വീടുകളില്‍ നിന്നും അകന്നുനില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാനസികമായ പിന്തുണയും, വീടുപോലെയുള്ള അന്തരീക്ഷമൊരുക്കുകയുമാണ് ഏതൊരു വിദ്യാഭ്യാസസ്ഥാപനത്തിലെ ഹോസ്റ്റലും ചെയ്യേണ്ടത്.

എന്നാല്‍ അമല്‍ ജ്യോതി കോളേജിലെ ഹോസ്റ്റല്‍ അക്കാര്യത്തില്‍ അമ്പേ പരാജയമായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ശ്രദ്ധയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നും, ആത്മഹത്യാശ്രമം നടന്നുവെന്ന സത്യം മറച്ചുവച്ചുകൊണ്ട് കോളേജ് അധികൃതര്‍ ശ്രദ്ധ കുഴഞ്ഞുവീണതാണെന്ന് വാസ്തവവിരുദ്ധമായ വിവരം നല്‍കിയത് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടാക്കി എന്നതും മരണകാരണമായി എടുത്തുപറയുകയുണ്ടായി. ശ്രദ്ധയെപ്പോലെതന്നെ ഓരോ കുട്ടികളും അവരുടെ ദുരനുഭവങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇനിയും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കുവാനുള്ള ജാഗ്രത നാം പുലര്‍ത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്.

കലാലയങ്ങള്‍
ഇങ്ങനെ മതിയോ?

കലാലയങ്ങള്‍ ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നു. സമൂഹത്തിനെ എങ്ങിനെ സമീപിക്കണമെന്നും, തന്റെ തൊഴില്‍മേഖല എന്തെന്നും കണ്ടെത്തുന്നത് കലാലയങ്ങളിലാണ്. സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍, കലാകായികമായ കഴിവുകള്‍, ശക്തമായതും ആഴത്തിലുമുള്ള സൗഹൃദം എന്നിവയൊക്കെ കലാലയ കാലത്തിലൂടെയാണ് ഓരോരുത്തരും സമ്പാദിക്കുന്നതും, പരിപോഷിപ്പിക്കുന്നതും. ആ കാലഘട്ടം ഓരോ വിദ്യാര്‍ഥിയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ സ്വകാര്യ കോളേജുകളുടെ കഥ മേല്‍പറഞ്ഞതുപോലെയാണെങ്കില്‍ കുട്ടികളെ അത് സമ്മര്‍ദ്ദത്തിലേക്കും, വിഷാദത്തിലേക്കും മാത്രമേ തള്ളിവിടുകയുള്ളൂ. അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും പീഡനങ്ങള്‍ പലവിധത്തിലാണ് കുട്ടികളില്‍ ആഘാതം ഉണ്ടാക്കുന്നത്. ശ്രദ്ധയുടെ ജീവന്‍ ഒരു ആത്മഹത്യയില്‍ അവസാനിച്ചെങ്കിലും, അത്തരം അനുഭവങ്ങള്‍ മനസ്സില്‍ പേറിയ നൂറുകണക്കിന് കുട്ടികളുടെ ജീവിതം മുഴുവന്‍ ആ കയ്പേറിയ അനുഭവങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് ഇരിക്കുകയും ചെയ്യും

ഇപ്പോഴും ചോദ്യമായി
അവശേഷിക്കുന്നവര്‍

2017 ജനുവരി ആറിനാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിന്റെ ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ പോലും വിധിയെഴുതിയെങ്കിലും പ്രണോയിയുടെ അമ്മയും അമ്മാവനും മാത്രമല്ല പ്രണോയിയെ അറിയുന്നവര്‍ക്കൊന്നും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പ്രണോയിയുടെ മരണം മനസികപീഡനം മൂലം തന്നെയാണെന്ന് ഇപ്പോഴും ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.

മുമ്പും പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ സംഭവമാണ് ഒരുപക്ഷേ പ്രൈവറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥിപീഡനത്തിന്റെ വ്യാപ്തി വെളിവാക്കിയത് (എല്ലാ കോളേജുകളുമല്ല). പിന്നീടിങ്ങോട്ട് ഒന്നിലധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഏറ്റവുമൊടുവില്‍ അമല്‍ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണത്തിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഇവിടെയും ധാരാളം ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ശ്രദ്ധയും പോയിരിക്കുന്നത്..

കോളേജുകളില്‍
സംഭവിക്കുന്നത്

സ്വകാര്യകോളേജുകളുടെ സ്വയംഭരണാവകാശമാണ് പലപ്പോഴും മാനേജ്മെന്റിന്റെയും, അദ്ധ്യാപകരുടെയും തുറുപ്പുചീട്ടാവുന്നത്. പരീക്ഷയ്ക്ക് ജയിക്കണമെങ്കില്‍ മാനേജ്മെന്റിന്റെ ഇംഗിതത്തിന് വഴങ്ങണമെന്നും, അവരുടെ നിയമങ്ങള്‍ക്കെതിരെ ചോദ്യമുയര്‍ത്താന്‍ പാടില്ലെന്നുമൊക്കെയുള്ള രീതിയിലാണ് പല സ്വകാര്യ കലാലയങ്ങളും പ്രവര്‍ത്തിക്കുന്നത്.
കുട്ടികളെ ഭയപ്പെടുത്തിക്കൊണ്ട് ചിരിക്കുന്നതിനും, ശബ്ദം അല്‍പ്പം ഉയര്‍ത്തി സംസാരിക്കുന്നതിനുപോലും വിലക്കുള്ള കലാലയങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരം വിചിത്രമായ നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട് ലംഘനങ്ങള്‍ കണ്ടെത്തി ശിക്ഷിച്ച ഒരു കോളേജ് പിഴയിനത്തില്‍ മാത്രം ഒരുവര്‍ഷം ഒന്‍പതു ലക്ഷത്തോളം രൂപവരെ പിരിച്ചെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു.

എന്‍ജിനീയറിങ്
കോളേജുകള്‍ മാത്രമോ?

സ്വകാര്യ എന്‍ജിനീയറിങ് കോളേജുകള്‍ ആണ് പലപ്പോളും ഇത്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ നടക്കുന്നതും എന്‍ജിനീയറിങ് കോളേജുകളിലാണ്. കേരളത്തില്‍ എണ്‍പതുകളുടെ അവസാനമാണ് സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായത്. എന്‍ജിനീയറിങ് വിഷയങ്ങള്‍ക്ക് തൊഴില്‍സാധ്യത ഏറിയതോടെ സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ നിയന്ത്രണമില്ലാതെ എന്‍ജിനീയറിങ് കോളേജുകള്‍ അനുവദിച്ചു. ഇതിന്റെ ഫലമായി മാനേജ്മെന്റുകള്‍ പണം വാരിയെറിഞ്ഞും, സ്വാധീനം പ്രയോജനപ്പെടുത്തിയും കോളേജുകളുടെ അനുമതി നേടിയെടുത്തു. എന്നാല്‍ അവിടെയൊന്നും വിദ്യാര്‍ത്ഥിസൗഹൃദമായ ഒരു അന്തരീക്ഷം ഒരുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കച്ചവടം തന്നെയായിരുന്നു ലക്ഷ്യം. പണമെറിഞ്ഞുകൊണ്ട് ജോലിനേടിയ അദ്ധ്യാപകരാകട്ടെ ആ പണത്തിനപ്പുറം കുട്ടികളെയും, അവരുടെ വികാരങ്ങളെയും മനസ്സിലാക്കുവാന്‍ ശ്രമിച്ചതുമില്ല.

കുട്ടികള്‍ക്ക് അത്തരം കോളേജുകളില്‍ അതിസമ്മര്‍ദ്ദത്തോടെ പഠിക്കേണ്ടിവന്നു. ഇന്റെര്‍ണല്‍ മാര്‍ക്കിന്റെയും മറ്റും ബലത്തില്‍ അധ്യാപകര്‍ കുട്ടികളെ വരുതിയിലാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഐടിയുടെയും, കമ്പ്യൂട്ടര്‍ സയന്‍സിന്റേയുമൊക്കെ പുരോഗതി എന്‍ജിനീയറിങ് കോളേജുകളുടെ സാധ്യതയും, തൊഴില്‍മാനങ്ങളും ഉയര്‍ത്തുകയും വീണ്ടും അത്തരം കോളേജുകള്‍ പെരുകുകയും ചെയ്തു. സര്‍ക്കാര്‍ കോളേജുകളില്‍ മെറിറ്റ് സീറ്റ് മാത്രമായതിനാല്‍ മാര്‍ക്ക് അല്‍പം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളെ ഏതുവിധേനയും ആശ്രയിക്കേണ്ടിവരികയും ചെയ്തു.

കുട്ടികള്‍ക്ക് നീതി അന്യമോ?

ജിഷ്ണു പ്രണോയിയുടെ കഥ ആദ്യം പറഞ്ഞിരുന്നല്ലോ. ഇത്തരം സംഭവങ്ങളില്‍ കുട്ടികള്‍ക്ക് നീതി ലഭിക്കുന്ന സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നുതന്നെ പറയേണ്ടിവരുന്നു. മുന്തിയ അഭിഭാഷകരെ ഏര്‍പ്പാടാക്കുവാന്‍ കഴിയുന്ന മാനേജ്മെന്റുകള്‍ കേസ് അവര്‍ക്കനുകൂലമാക്കുവാന്‍ തീര്‍ച്ചയായും ശ്രമിച്ചുകൊണ്ടിരിക്കും. ആദ്യത്തെ ഒരു ആളിക്കത്തലില്‍ കുട്ടിയുടെയും രക്ഷാകര്‍ത്താക്കളുടെയും ഒപ്പം മാധ്യമങ്ങളും, സുഹൃത്തുക്കളും ഉണ്ടാവുമെങ്കിലും കോളേജില്‍ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പലരും പല വഴികളിലേക്ക് തിരിയുമ്പോള്‍ ആ കേസുകള്‍ വിസ്മൃതിയിലാവുന്നു. ശക്തമായ മാനേജ്മെന്റുകള്‍ക്കെതിരെ കേസ് നടത്തുവാന്‍ പോലും കഴിയാതെ ഒറ്റപ്പെട്ട ചെറുത്തുനില്പുമാത്രമായി വിദ്യാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം അവസാനിക്കുന്നു. വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും
പരാതികള്‍

ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രൈവറ്റ് കോളേജുകളില്‍ നിന്നിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നവയായിരുന്നു. പലതരത്തിലുള്ള മാനസികവും, ശാരീരികവുമായ പീഡനങ്ങളുടെ കഥകളാണ് കുട്ടികള്‍ക്ക് ഓര്‍ത്തു പറയുവാനുണ്ടായിരുന്നത്. പഠനകാലം ആസ്വദിക്കുന്നതിനുപകരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയ കഥകളാണ് പലര്‍ക്കും പറയുവാനുണ്ടായിരുന്നത്. സ്വന്തം കലാലയത്തെക്കുറിച്ചു അഭിമാനപൂരിതരാകേണ്ടവര്‍ അതിനെപ്പറ്റിയുള്ള പരാതിയുടെ പഴങ്കഥകള്‍ പറയുന്ന സ്ഥിതിയാണ് കണ്ടത്. പരാതിയോ പരിഭവമോ പ്രകടിപ്പിക്കാനാവാതെ സഹിച്ചുജീവിച്ചവരാണ് ഏറെയെങ്കിലും, അതിനെതിരെ ശബ്ദമുയര്‍ത്തിയവരും അതിലുണ്ട്.

നല്ല കോളേജുകളും

ഈ സന്ദര്‍ഭത്തില്‍ സ്വകാര്യ കോളേജുകളെ അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. വളരെയധികം വിദ്യാര്‍ത്ഥിസൗഹൃദമായി അധ്യയനം നടത്തുന്ന കോളേജുകളുമുണ്ട്. അവയ്ക്കൊക്കെത്തന്നെ പഠന-ഭരണ മേഖലകളില്‍ മേന്മ അവകാശപ്പെടാനുമാകുന്നുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകവും, പാഠ്യേതരവും, കായികപരമുമായ കഴിവുകള്‍ പരിപോഷിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്തുകൊണ്ട് അത്തരം കലാലയങ്ങള്‍ പുരോഗതിയുടെ പടികള്‍ കയറുന്നു. കുട്ടികളുടെ പിന്തുണയില്ലാതെ ഒരു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകാനാവില്ല. ശക്തമായ നിയമങ്ങളും, നിര്‍ബന്ധങ്ങളും ആവാം. പക്ഷേ, അത് ആത്മാര്‍ഥമായിരിക്കുകയും, കുട്ടികളുടെ നല്ലഭാവിക്കു വേണ്ടി ആണെന്ന ചിന്ത കുട്ടികളില്‍ ഉളവാക്കേണ്ടതുമുണ്ട്. അല്ലാതെ കുട്ടികളെ അടിച്ചമര്‍ത്തിക്കൊണ്ട് ലാഭം മാത്രം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നത്തെനിലയില്‍ മുന്നോട്ടുപോകുക പ്രയാസമാണ്.

Author

Scroll to top
Close
Browse Categories