കേരള ചരിത്രത്തിലെ ഭൂമി സമ്പാദനവും പൊയ്കയില്‍ അപ്പച്ചനും
ജാതിയും ഭൂമിയും പരസ്പരസഹായികള് ആയിരിക്കുന്നത് കൊണ്ട് തന്നെ ഭൂമിപ്രശ്നത്തെ മറികടക്കാന്‍ ജാതിനിര്‍മ്മൂലനം അതിപ്രധാനമാണ്. സാമൂഹിക പരിഷ്കരണം ഉണ്ടാവാതെ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം സാമൂഹിക പരിവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. അത്രമേല്‍ ജാതിബന്ധിതമായ ഈ സമൂഹത്തില്‍ ബ്രാഹ്മണിസത്തെ എതിര്‍ത്തുകൊണ്ട് വേണം ഇതിന് മാറ്റം കൊണ്ടുവരാന്‍.
കേരളത്തില്‍ അടിത്തട്ട് മനുഷ്യര്‍ക്ക് ഇടയില്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങളും, പോരാട്ടങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. നവോത്ഥാനകാലത്ത് ഒരുപാട് ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ നടന്നു. അന്നത്തെ ശ്രീമൂലം പ്രജാസഭയില്‍ അന്നത്തെ ദലിത് പ്രതിനിധികള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നു . അങ്ങനെ അടിത്തട്ട് ജനതകള്‍ക്ക് സര്‍ക്കാരില്‍നിന്ന് ആദ്യമായി ഭൂമി വാങ്ങിയെടുത്തത് മഹാത്മാ അയ്യന്‍കാളിയാണ്.ഭൂമിയെന്ന അധികാരത്തിനുമുകളില്‍ അവകാശമുണ്ടായിരുന്ന ജനതകള്‍ക്ക് മാത്രമേ സാമൂഹിക പരിവര്‍ത്തനത്തിന് സാധിച്ചിരുന്നുള്ളു എന്ന കേരളത്തിന്റെ ചരിത്രയാഥാര്‍ഥ്യത്തെ നോക്കുമ്പോള്‍ ഇതിനെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായിതന്നെ കാണേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ തുടക്കവര്‍ഷത്തില്‍ നടന്ന ഈ സംഭവത്തിന് ശേഷമാണ് നവോത്ഥാന ചരിത്രത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും വിസ്മരിക്കാന്‍ പാടില്ലാത്തതുമായ ഒരു സംഭവം നടക്കുന്നത്. അതാണ് പൊയ്കയില്‍ അപ്പച്ചന്റെയും അനുയായികളുടെയും 1917ലെ ഭൂമി സമ്പാദനം. ആദ്യമായി അടിത്തട്ട് ജനവിഭാഗങ്ങള്‍ സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഭൂമി ഇതാണ് എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകത.ചലനമില്ലാത്ത അവസ്ഥയില്‍ നിന്നും സാമൂഹിക ചലനക്ഷമതയുള്ള മനുഷ്യരിലേക്ക് തന്റെ ജനതയെ പരിവര്‍ത്തനപ്പെടുത്തിയ നടപടി ആയിട്ടായിരുന്നു അപ്പച്ചന് തന്നെ ആ സംഭവത്തെ പ്രഖ്യാപിച്ചത്.
സവര്‍ണ്ണവിഭാഗങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് അടിത്തട്ട് മനുഷ്യരെ അവരുടെ ആവാസവ്യവസ്ഥകളില്‍ നിന്നും, അവര്‍ കാട് വെട്ടിത്തളിച്ച് ഉണ്ടാക്കിയെടുത്ത കൃഷിയിടങ്ങളില്‍ നിന്നും പുറത്താക്കുന്നത് അക്കാലത്ത് പതിവായിരുന്നു. അങ്ങനെ ഉണ്ടായ ഒരു ലഹളയായിരുന്നു കൊഴുക്കുച്ചിറ ലഹള. അതിനെതുടര്‍ന്നാണ് സ്വന്തമായി ഭൂമി സമ്പാദിക്കാന്‍ അപ്പച്ചനും അനുയായികളും തോട്ടം മേഖലയില്‍ ഊഴിയവേലയ്ക്ക്(Bonded Labour) പോവുന്നത്. തന്റെ ജനതയ്ക്ക് താമസിക്കാന്‍ സ്വന്തമായി ഭൂമി വേണം എന്ന് പറഞ്ഞുകൊണ്ട് അപ്പച്ചന് പ്രത്യക്ഷ രക്ഷ ദൈവസഭയുടെ പേരില്‍ വാങ്ങാന്‍ പോവുന്ന 55 ഏക്കര്‍ 36 സെന്റ് സ്ഥലത്തിന്റെ മുഴുവന്‍ തുകയും കണ്ടെത്താനായിരുന്നു അവര്‍ മുണ്ടക്കയത്തിന് അടുത്തുള്ള ചിറ്റടി എന്ന പ്രദേശത്തെ പാലാമ്പടം ട്രോപിക്കല്‍ പ്ലാന്റേഷന്റെ കീഴിലുള്ള തോട്ടത്തില്‍ ഊഴിയവേലയ്ക്ക് പോവാന്‍ തീരുമാനിച്ചതും ഏകദേശം ഒന്നരവര്‍ഷക്കാലം അവിടെ ജോലി ചെയ്തതും.
വളരെ ദുരിതവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചിറ്റടിതോട്ടത്തിലെ അപ്പച്ചന്റെയും അനുയായികളുടെയും അവസ്ഥ. രാവിലെ മുതല്‍ വൈകുന്നേരം വരെ അവര്‍ കരാര്‍ ജോലി ചെയ്തു. അപ്പച്ചനും അനുയായികള്‍ക്കൊപ്പം ജോലി ചെയ്തു. തങ്ങളുടെ ദൈവം കഷ്ടപ്പെടുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു അതുകൊണ്ട് തന്നെ കൂടെ ജോലി ചെയ്ത മത്യാസ് എന്ന ശിഷ്യന് അപ്പച്ചനോട് ജോലി ചെയ്യേണ്ടെന്നും, തങ്ങള്‍ കഷ്ടപ്പെട്ടോളാം എന്നും പറഞ്ഞു. എന്നാല്‍ അപ്പച്ചന് മറുപടി പറഞ്ഞത്, ”എന്റെ സന്തതികള്‍ക്ക് ഭൂമി കിട്ടുന്നതിന് ഞാന്‍ തന്നെ കഷ്ടപ്പെടണം ‘ എന്നതായിരുന്നു. പ്രതികൂലസാഹചര്യവും കഷ്ടപ്പാടുംകൊണ്ട് അനേകര്‍ ആരോഗ്യം ക്ഷയിച്ചും മലമ്പനി വന്നും മരണപ്പെട്ടു. എങ്കിലും അവര്‍ നിര്‍ത്താതെ പണി തുടര്‍ന്നുകൊണ്ടേയിരുന്നു. അക്കാലത്തവിടെ ആണുങ്ങള്‍ക്ക് എട്ടണയും പെണ്ണുങ്ങള്‍ക്ക് ഏഴണയുമായിരുന്നു കൂലി. അങ്ങനെ തോട്ടത്തില്‍ തന്നെ മാലിപ്പുര കെട്ടി താമസിച്ച് അപ്പച്ചനും കൂട്ടരും തങ്ങളുടെ ലക്ഷ്യം സാക്ഷാത്ക്കരിച്ചു.
അങ്ങനെ ചങ്ങനാശ്ശേരിക്ക് സമീപം തങ്ങള്‍ നേടിയ ഭൂമിയില്‍ വന്നു നിന്ന് അപ്പച്ചന് ആ സ്ഥലത്തെ നോക്കി ഇത് സ്വര്‍ഗ്ഗമാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ അപ്പച്ചന് ആ സ്ഥലത്തിന് അമരപുരം(മരണമില്ലാത്ത ഭൂമി) എന്ന് പേരിട്ടു. അവിടെ തന്റെ അനുയായികളെയും, പുറത്തുള്ള വ്യത്യസ്ത വിഭാഗം മനുഷ്യരെയും അധിവസിപ്പിച്ചു. അങ്ങനെ ചലനമില്ലാത്ത സാമൂഹിക അടിമത്തത്തില്‍നിന്നും, സാമൂഹിക ചലനാത്മകമായ സമൂഹത്തിലേക്ക് അടിത്തട്ട് മനുഷ്യരെ പരിവര്‍ത്തനപ്പെടുത്തിയ ഈ സംഭവം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടാണ്.
സമകാലീന കേരളത്തിന്റെ
ഭൂനിലപാട്
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെയും ഭൂനിലപാട് പട്ടികവിഭാഗങ്ങള്‍ക്ക് അനുകൂലമല്ല എന്ന് അംബേദ്കര്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തില്‍ വന്നപ്പോഴും വാരക്കാരോ, കാണക്കാരോ, പാട്ടക്കാരോ അല്ലാതിരുന്ന ദലിതര്‍ക്ക് ഭൂപരിഷ്കരണത്തില്‍ ഇടമുണ്ടായില്ല. കേരളത്തിലെ ഇടത് നേതാക്കള്‍ ഇന്ത്യയില്‍ ഒരുകാലത്തും ഉണ്ടാവില്ല എന്ന് പറഞ്ഞ കര്‍ഷകകലാപങ്ങളിലെ സ്റ്റിപാന് റാസി ആയും ബ്ലാത്തഹോക്കായും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദലിതരുടെ മേല്‍ കര്‍ത്തൃത്വം എടുക്കുകയും അടിത്തട്ടു ജനതയുടെ ദത്തു പുത്രന്മാരായി സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടു നടന്നു. അതുവഴി ഭൂമി പ്രശ്നം ഒരു പ്രശ്നമേയല്ല എന്ന മാര്‍ക്സിയന്‍ അവബോധം കേരളത്തിലെ ദലിതരുടെയും, ആദിവാസികളുടെയും മനസ്സില്‍ ഒരു പരിധി വരെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അതുകൊണ്ടാണ് അടിസ്ഥാന ഭൂസമരങ്ങള്‍ പോലും അത്ര വൈകി മാത്രം കേരളത്തില്‍ ഉണ്ടായിവന്നത്.
പിണറായി സര്‍ക്കാരിന്റെ ഇടത് സര്‍ക്കാര്‍ വന്നതോടെ തങ്ങളുടെ സാമൂഹിക പുരോഗതിയിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹത്തരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് , 2017ല്‍ ലൈഫ് മിഷന് പദ്ധതിക്ക് തുടക്കം കുറിച്ച് . എല്ലാവര്ക്കും വീടെന്ന നിലയിലുള്ള പ്രവര്‍ത്തനം വലിയൊരളവില്‍ ഭൂമിപ്രശ്നത്തെ മൂടി വയ്ക്കാന്‍ ഉപയോഗപ്പെടുത്തി. എന്നാല്‍ അംബേദ്കറൈറ്റ് മനുഷ്യരുടെ ഇടപെടലുകളും, വ്യത്യസ്ത സിവില്‍ സമൂഹങ്ങളുടെ ഇടപെടലുകളും, പ്രതിപക്ഷത്തിന്റെ വിമര്‍ശനവും ഈ പദ്ധതിയെ വെളിച്ചത്തില്‍ എത്തിച്ചു.
ജാതിയും ഭൂമിയും പരസ്പരസഹായികള് ആയിരിക്കുന്നത് കൊണ്ട് തന്നെ ഭൂമിപ്രശ്നത്തെ മറികടക്കാന്‍ ജാതിനിര്‍മ്മൂലനം അതിപ്രധാനമാണ്. സാമൂഹിക പരിഷ്കരണം ഉണ്ടാവാതെ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം സാമൂഹിക പരിവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. അത്രമേല്‍ ജാതിബന്ധിതമായ ഈ സമൂഹത്തില്‍ ബ്രാഹ്മണിസത്തെ എതിര്‍ത്തുകൊണ്ട് വേണം ഇതിന് മാറ്റം കൊണ്ടുവരാന്‍. അതിനായി ദലിത്-ആദിവാസികളും, ന്യൂനപക്ഷങ്ങളും, സ്ത്രീകളും, ലൈംഗിക-ലിംഗത്വ പാര്ശ്വവല്കൃത സമൂഹങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണ്. അംബേദ്കറേ കൂടുതല്‍ മനസിലാക്കി വരുന്ന ഇന്നത്തെ സമൂഹത്തില്‍ ഈ അനിവാര്യകൂട്ടായ്മ ഉണ്ടാവുന്ന കാലം വിദൂരമല്ല.