കുഞ്ഞാമനും കമ്യൂണിസ്റ്റുകാരും

മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കും, എന്നാല്‍ വരേണ്യവര്‍ഗ താല്പര്യങ്ങള്‍ക്കു വേണ്ടത്ര ഉലച്ചില്‍ തട്ടാത്ത, പരാജയം നിരന്തരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു നല്ലൊരു പാഠപുസ്തകമായിരിക്കും പരാജയങ്ങളില്‍ നിന്നും രൂപപ്പെട്ട കുഞ്ഞാമന്റെ അതിജീവനക്കുറിപ്പുകള്‍.(‘ എതിര് ‘ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചെങ്കിലും കുഞ്ഞാമൻ അത് തിരസ്കരിച്ചു. ഇതുവരെ പത്ത് പതിപ്പുകൾ പ്രസിദ്ധീകരിച്ചു.)

എം.കുഞ്ഞാമന്റെ ‘എതിര്’ എന്ന ആത്മകഥാപരമായ അനുസ്മരണക്കുറിപ്പില്‍ ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സ്വന്തം അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ വസ്തുതകളുടെ വിശകലനവും വിലയിരുത്തലുമാണ് ഈ ലേഖനം കൊണ്ട് ലക്ഷ്യമാക്കുന്നത്. തത്വത്തിലും പ്രയോഗത്തിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വൈരുദ്ധ്യവും ജീര്‍ണതയും ബാധിച്ച കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അവസാന തുരുത്തായ കേരളത്തില്‍ പിറന്നുവളര്‍ന്ന, കമ്യൂണിസ്റ്റ്-ഇടതുപക്ഷ സഹയാത്രികനായ ഒരു ദലിത്പണ്ഡിതന്റെ ആത്മകഥനത്തിന് ഏറെ ചരിത്രമൂല്യമുണ്ട്. വ്യവസ്ഥിതിയാല്‍ നിസ്സഹായനാക്കപ്പെട്ട, പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ ചിന്തകള്‍ക്കു സാമൂഹിക ജീവിതത്തിലും ചരിത്രത്തിലും ഇടം വേണമെന്നു കുഞ്ഞാമന്‍ പറയുന്നുണ്ടല്ലോ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കും, എന്നാല്‍ വരേണ്യവര്‍ഗ താല്പര്യങ്ങള്‍ക്കു വേണ്ടത്ര ഉലച്ചില്‍ തട്ടാത്ത, പരാജയം നിരന്തരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു നല്ലൊരു പാഠപുസ്തകമായിരിക്കും പരാജയങ്ങളില്‍ നിന്നും രൂപപ്പെട്ട കുഞ്ഞാമന്റെ അതിജീവനക്കുറിപ്പുകള്‍.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയുറപ്പിച്ചിരിക്കുന്നത് അധഃകൃത പിന്നാക്ക ജാതികളുടെ അസ്ഥിവാരത്തിന്മേലാണ്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ചൂഷിതരുടെയും പാര്‍ട്ടി എന്ന ‘ലേബല്‍’ ഇന്നും അതിനുണ്ട്. പക്ഷെ, യാഥാര്‍ത്ഥ്യം എന്താണ്? ഗ്രന്ഥാരംഭത്തില്‍ തന്നെ കുഞ്ഞാമന്‍ എഴുതുന്നതു വായിക്കുക: ”വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ഭരണം ലഭിച്ചിട്ടും അവര്‍ അധഃസ്ഥിതരോടു നീതി കാട്ടിയില്ല. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവനു എന്ന മുദ്രാവാക്യവുമായാണു കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതെങ്കിലും ഞങ്ങള്‍ക്കൊന്നും ഭൂമി കിട്ടിയില്ല. മാത്രമല്ല, ജന്മിമാര്‍ക്ക്, അവരുടെ വീതംവെപ്പു കഴിഞ്ഞു, ഭൂരഹിത കര്‍ഷകതൊഴിലാളികളാകേണ്ടിയും വന്നില്ല. തൊഴിലാളികള്‍ക്കു കര്‍ഷകരാകാനും കഴിഞ്ഞില്ല”

കെ.ആർ.ഗൗരിഅമ്മ

അടിസ്ഥാന മാറ്റമുണ്ടാക്കാതെ വൈകാരിക മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തിയതെന്നും മാറ്റം വരണമെങ്കില്‍ സാമ്പത്തികാടിത്തറയിലും ഉല്പാദന ബന്ധങ്ങളിലും മാറ്റമുണ്ടാകണമെന്നും അതൊന്നും ഇവിടെ ഉണ്ടായില്ലെന്നും തന്റെ അച്ഛനെപ്പോലുള്ളവരുടെ ജീവിതം ഭൂപരിഷ്‌കരണത്തിനു ശേഷവും മുമ്പത്തെപ്പോലെ തന്നെ മേലാളന്മാര്‍ക്കു വിധേയപ്പെട്ടും അവരുടെ അടിമകളായും ജീവിക്കേണ്ടി വന്നുവെന്നും കുഞ്ഞാമന്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയവഞ്ചനയെപ്പറ്റിയും ഫ്യൂഡല്‍ വര്‍ഗതാല്പര്യങ്ങളെപ്പറ്റിയും വിശദമായി ഈ ഗ്രന്ഥത്തില്‍ കുഞ്ഞാമന്‍ പ്രതിപാദിക്കുന്നുണ്ട്. പാര്‍ട്ടിയുടെ നയപരമായ പ്രശ്‌നം മാത്രമല്ല, അവരുടെ നേതൃത്വത്തിന്റെ സാമൂഹിക പശ്ചാത്തലവും ഭൂപരിഷ്‌കരണം അട്ടിമറിക്കാന്‍ കാരണമായതായി കുഞ്ഞാമന്‍ കാണുന്നു. ”നേതൃത്വം തന്നെ ജന്മികുടുംബങ്ങളില്‍ നിന്നുവന്നവരായിരുന്നു. അവര്‍ക്കേ നേതൃത്വത്തിലേക്കു വരാന്‍ കഴിയുമായിരുന്നുള്ളു, അന്നും ഇന്നും. ഫ്യൂഡല്‍ ജന്മിമാര്‍ക്കു ഭൂമിനഷ്ടപ്പെടാതെ, ഭൂരഹിതരായ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കു ഭൂമി ലഭിക്കാതെ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിനു പിന്നില്‍ വര്‍ഗ്ഗതാല്പര്യമാണു പ്രവര്‍ത്തിച്ചത്. മേലാള വര്‍ഗ്ഗങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയത്. കൃഷിഭൂമി കര്‍ഷകന് എന്ന തത്വം ഭൂപരിഷ്‌കരണത്തില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ ഭൂമി ലഭിച്ചത് നായര്‍ അടക്കമുള്ള സവര്‍ണകുടിയാന്മാര്‍ക്കാണല്ലോ.

നഷ്ടപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്തു കൊടുക്കുന്നതിനു 1975-ല്‍ ഇന്ദിരാഗാന്ധി കൊണ്ടു വന്ന നിയമം റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുകയും ആദിവാസികള്‍ക്കു നേരെ നടന്ന അക്രമങ്ങളെയും ഭൂമി കൈയ്യേറ്റങ്ങളെയും സാധൂകരിക്കുകയും ചെയ്യുന്ന 1999-ലെ ഭേദഗതി ബില്‍ പാസ്സാക്കിയത് ഇ.കെ. നായനാരുടെ ഭരണകാലത്തായിരുന്നു. കെ.ആര്‍. ഗൗരിയമ്മ ഒഴികെയുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എ. മാര്‍ ഒറ്റക്കെട്ടായാണു കുടിയേറ്റക്കാര്‍ക്കു അനുകൂലമായ ഈ നിയമം പാസ്സാക്കിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം പാസ്സാക്കുന്ന ഏറ്റവും പിന്തിരിപ്പനായ ബില്ലെന്നു കെ.ആര്‍. ഗൗരിയമ്മ അതിനെ വിശേഷിപ്പിക്കുകയുണ്ടായി. പിന്നാക്ക ജാതിക്കാര്‍ക്കു ഗുണകരമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേയും ഇതേ നയമാണു ഇരുമുന്നണികളും അവലംബിച്ചതെന്നു ഓര്‍മ്മിക്കുക. അവിടെയും അനുകൂലമായൊരു ശബ്ദം ഉയര്‍ന്നു കേട്ടതു ഗൗരിയമ്മയില്‍ നിന്നു മാത്രമായിരുന്നു. കുഞ്ഞാമന്‍ എഴുതുന്നത് നോക്കുക: ”ഭൂപരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ ദലിതര്‍ക്കു ഭൂമി കിട്ടിയില്ല. അതിനെ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷപാര്‍ട്ടികള്‍ അതിനെ അതിശക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങി. ഒരു ഭാഗത്തു ചരിത്രാവബോധവും മറുഭാഗത്തു അതിന്റെ അടിച്ചമര്‍ത്തലും. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ദലിതനു ഭൂപ്രഭുവാകാന്‍ കഴിഞ്ഞില്ല. അതിനു മതവും സാമൂഹികാവസ്ഥയും എതിരായിരുന്നു. ആസൂത്രണം വന്നപ്പോഴും നേട്ടമുണ്ടായില്ല, ദാരിദ്ര്യവും അടിച്ചമര്‍ത്തലും വര്‍ദ്ധിച്ചു”.

ഭൂപരിഷ്‌കരണത്തെ സംബന്ധിച്ചു അംബേദ്കറിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടായിരുന്ന സമീപനഭേദങ്ങളെ മറ്റൊരിടത്തു കുഞ്ഞാമന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ദലിത് വിരുദ്ധവും വഞ്ചനാപരവുമായ പാര്‍ട്ടിയുടെയും ഇ.എം.എസ്സിന്റെയും നയങ്ങളെ നിശിതഭാഷയിലാണു കുഞ്ഞാമന്‍ ഇവിടെ വിമര്‍ശിക്കുന്നത്: ”ഭൂപരിഷ്‌കരണത്തെക്കുറിച്ച് അംബേദ്കറിന്റെ പരിപ്രേക്ഷ്യം മേലാളര്‍ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേതിനേക്കാള്‍ വിപ്ലവകരമായിരുന്നു. ഭൂമിയെക്കുറിച്ച് ഏറ്റവും നല്ല ധാരണയുണ്ടായിരുന്ന ചിന്തകന്‍ അംബേദ്കറായിരുന്നു. രാജ്യത്തുള്ള മൊത്തം കൃഷിഭൂമിയും ദേശസാല്‍ക്കരിച്ചു ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്നു കര്‍ഷകര്‍ക്കു വീതിച്ചു കൊടുക്കണമെന്നും കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപ്ലവകരമായ ഈ ആശയങ്ങള്‍ ആരും കേട്ടെന്നുപോലും നടിച്ചില്ല. ദളിതര്‍ ഭൂമി ആവശ്യപ്പെടാന്‍ ബൂര്‍ഷ്വാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിക്കില്ല. അത്തരം നീക്കങ്ങളെ അവര്‍ അടിച്ചമര്‍ത്തും.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭയം, അവരുടെ അടിത്തറ നഷ്ടപ്പെടുമെന്നതാണ്. കഴിവുള്ളവരെ അവര്‍ തളര്‍ത്തും. അവര്‍ക്കു ഒരു തന്ത്രമുണ്ട്. ഭൂപരിഷ്‌കരണത്തെക്കുറിച്ച്, ദലിത്-ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ പ്രതികരിക്കില്ല. ചെയ്യേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്, അത് ഇനി പുന:പരിശോധിക്കേണ്ടതില്ല എന്നാണു പാര്‍ട്ടി നിലപാട്. ദലിതരില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരരുത് എന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു പാര്‍ട്ടിക്ക്. അടിസ്ഥാന നയസമീപനങ്ങളെയൊന്നും വിമര്‍ശിക്കരുത്. വിമര്‍ശിക്കുന്നവരെ അവര്‍ വച്ചു പൊറുപ്പിക്കില്ല.”

അംബേദ്കറിസംപോലെ മാര്‍ക്‌സിസം ഒരിക്കലും ഒരു വിമോചന ശാസ്ത്രമായിരുന്നില്ലെന്നും ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കു മാര്‍ക്‌സിസത്തെ ഒരു വിമോചനശാസ്ത്രമായി കാണാന്‍ കഴിയില്ലെന്നും മാര്‍ക്‌സിസം അടിച്ചമര്‍ത്തപ്പെട്ടവരുടെ മൗലിക പ്രശ്‌നങ്ങളെ ഒരിക്കലും അഭിസംബോധന ചെയ്തിട്ടില്ലെന്നും അവരുടെ മതേതര-ജാതിവിരുദ്ധ നിലപാട് വ്യാജമാണെന്നും കുഞ്ഞാമന്‍ പറയുന്നു. ഇന്ത്യയിലെ ബുര്‍ഷ്വാ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ദലിതര്‍ സമ്മതിദാനജീവികളാണ്. അതിലപ്പുറം അവരുടെ പ്രശ്‌നങ്ങള്‍ക്കു ഒരു പ്രാധാന്യവുമില്ല, പരിഹാരവുമില്ല. കാരണം സി.പി.എമ്മും സി.പി.ഐയും വര്‍ഗരഹിത പാര്‍ട്ടികളല്ല, ബഹുവര്‍ഗ പാര്‍ട്ടികളാണ്. അതില്‍ സമ്പന്നരുണ്ട്, സവര്‍ണരുണ്ട്.

ഇന്ത്യയുടെ മറ്റുപ്രദേശങ്ങളില്‍ ദലിത് പ്രസ്ഥാനം ശക്തമായി വരുന്നത് കുഞ്ഞാമന്‍ കാണുന്നുണ്ടായിരുന്നു. എന്നാല്‍ ദലിത് വിഭാഗത്തിന്റെ പ്രതീക്ഷകളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നേതൃത്വം ഉയര്‍ന്നുവരാന്‍ കേരളത്തില്‍ ഇടതുപക്ഷം അനുവദിക്കില്ല. അതിനു കാരണവും മേല്‍സൂചിപ്പിച്ചതു പോലെ അവരുടെ അടിത്തറ നഷ്ടപ്പെടുമെന്ന ഭയമാണ്. കരിയറിസ്റ്റുകളായ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമായി അവര്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ വാങ്ങി തൃപ്തിപ്പെടുന്ന ദലിത് നേതൃത്വത്തിനേ ഇവിടെ വളരാന്‍ കഴിയുകയുള്ളു. ദുര്‍ബ്ബല വിഭാഗങ്ങളുടെ ശാക്തീകരണത്തെ, സംഘടനാ ക്രമത്തെ ഇടതുപക്ഷം അനുവദിക്കില്ല.

പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്തു കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് അധ:കൃതരുടെ കുടിലുകളിലായിരുന്നുവെന്നും പാര്‍ട്ടിയും പ്രസ്ഥാനവും വളര്‍ത്തുന്നതില്‍ അധഃകൃതര്‍ വഹിച്ച പങ്ക് മേലാളന്മാര്‍ വഹിച്ചിട്ടില്ലെന്നും കുഞ്ഞാമന്‍ അനുസ്മരിക്കുന്നു.(തുടരും)

Author

Scroll to top
Close
Browse Categories