കുമാരനാശാന് : കവിയും ഋഷിയുമായ വിപ്ലവകാരി
ആ ധന്യജീവിതത്തെ എന്നും കേരളീയജീവിതവുമായി ബന്ധിപ്പിച്ചുനിര്ത്തേണ്ടത് ഈ നാടിന്റെ നവോത്ഥാനചരിത്രത്തോടു പുലര്‍ത്തേണ്ട നീതി തന്നെയാകുന്നു. കുമാരനാശാന്റെ കൃതികള്‍ പാരായണംചെയ്യുമ്പോഴും പഠിക്കുമ്പോഴും കവിയെന്ന കുമാരനാശാനെ അടുത്തറിയുവാന്‍ ഒരു സഹൃദയനു സാധിച്ചെന്നു വരാം. എന്നാല്‍ ആശാന്റെ ആധ്യാത്മിക ചിന്തകളും കാവ്യസങ്കല്പങ്ങളും ആശയസമൃദ്ധിയും ആധുനികകേരളത്തിന്റെ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നുവെന്ന വസ്തുത വിസ്മരിക്കുവാന്‍ പാടുള്ളതല്ല
കവിയും ഋഷിയുമായ വിപ്ലവകാരിയായിരുന്നു കുമാരനാശാന് എന്ന വിചിന്തനം ഏറെ ആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് കേരളസമൂഹം കടന്നുപോകുന്നത്. കേരളം ഇന്നു നേരിടുന്ന മുഖ്യമായ വെല്ലുവിളികളേതൊക്കെ എന്നു തിരിച്ചറിയുവാനും അവ പരിഹരിക്കുന്നതിന് നേതൃത്വം നല്കുവാനും അനുയോജ്യമായ വ്യക്തിത്വങ്ങളെ കണ്ടെത്തുന്നതിനുള്ള അടിയന്തിര സന്ദര്‍ഭം സംജാതമായിരിക്കുകയാണ്. അനുനിമിഷം പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ഗതി നൻമയിലേക്കോ തിൻമയിലേക്കോ എന്നു നിശ്ചയിക്കുവാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലഘട്ടമാണിത്.
മനുഷ്യന് മനുഷ്യനുമാത്രമല്ല ലോകത്തിനുതന്നെ വലിയ അപകടം വരുത്തിവയ്ക്കുന്ന സാഹചര്യം തിരിച്ചറിയുവാന്‍ കവിയുടേതുപോലുള്ള കലാഹൃദയം ആവശ്യമായി വന്നിരിക്കുകയാണ്. ഋഷിമാരുടെ ജീവിതശൈലി പകര്‍ന്നുതന്നിട്ടുള്ള ദിശാബോധം കൈമോശം വരാതിരിക്കുവാന്‍ അത്തരം ജീവിതങ്ങളെ അടുത്തറിയേണ്ടതുണ്ട്. അങ്ങനെ രൂപപ്പെടുന്ന വിപ്ലവചിന്തകളെയാണ് സമൂഹം പിന്‍ചെല്ലേണ്ടതെന്ന് ബോധ്യപ്പെടുവാന്‍ കുമാരനാശാന്റെ ജീവിതത്തെയും രചനകളെയും അനുസ്മരിക്കുന്നത് ഉചിതമായിരിക്കുന്നു. ഇന്നത്തെ കേരളസമൂഹത്തോട് കുമാരാനാശാന്‍ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിക്കുന്നതിന് അദ്ദേഹത്തിന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ നിന്നാണ് സവിശേഷമായ വ്യക്തിത്വങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കാലത്തെ അതിജീവിക്കുന്ന ആള്‍രൂപമായി വ്യക്തി നിലനില്ക്കണമെങ്കില് അയാള്‍ അസാമാന്യ പ്രതിഭയുള്ള ഉദാത്തമായ ജീവിതസങ്കല്പങ്ങളുടെ ഉടമയുമായിരിക്കണം.
കുമാരാനാശാന്‍ ഒരേസമയം കാലാതീതനായ കവിയും ഋഷിവര്യനും ഉജ്ജ്വലനായ വിപ്ലവകാരിയുമായിരുന്നു. ആശാന് ജനിച്ചിട്ട് നൂറ്റിയമ്പതു വര്‍ഷവും മരിച്ചിട്ട് നൂറു വര്‍ഷവും തികഞ്ഞ ഈ കാലയളവില്‍
ആ ധന്യജീവിതത്തെ എന്നും കേരളീയജീവിതവുമായി ബന്ധിപ്പിച്ചുനിര്ത്തേണ്ടത് ഈ നാടിന്റെ നവോത്ഥാനചരിത്രത്തോടു പുലര്‍ത്തേണ്ട നീതി തന്നെയാകുന്നു. കുമാരനാശാന്റെ കൃതികള്‍ പാരായണംചെയ്യുമ്പോഴും പഠിക്കുമ്പോഴും കവിയെന്ന കുമാരനാശാനെ അടുത്തറിയുവാന്‍ ഒരു സഹൃദയനു സാധിച്ചെന്നു വരാം. എന്നാല്‍ ആശാന്റെ ആധ്യാത്മിക ചിന്തകളും കാവ്യസങ്കല്പങ്ങളും ആശയസമൃദ്ധിയും ആധുനികകേരളത്തിന്റെ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നുവെന്ന വസ്തുത വിസ്മരിക്കുവാന്‍ പാടുള്ളതല്ല.
കുമാരനാശാന്റെ കാവ്യകല രൂപപ്പെട്ടുവന്നതിന് അടിസ്ഥാനമായി സവിശേഷമായ പല ഘടകങ്ങള്‍ ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളോരോന്നും കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം വിലയിരുത്തപ്പെട്ടതുകൊണ്ടാകാം ലോകോത്തരസൃഷ്ടികളെന്ന നിലയില്‍ അവയില്‍ പലതും വേണ്ടത്ര അംഗീകരിക്കപ്പെടാത്തത്. അദ്ദേഹത്തിന്റെ കാവ്യരചനകളധികവും കാലാതീതമായി നിലനില്ക്കുന്നവയാണ്. ആ നിലയില്‍ മലയാളത്തിലെ മഹാകവിയെന്ന അംഗീകാരം അര്‍ഹമായ വിധത്തില്‍ ആശാനു ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാകുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടികളെയും ജീവിതത്തെയും ബന്ധപ്പെടുത്തി വിശകലനംചെയ്യുന്നത് വരുംതലമുറകള്‍ക്ക് കേരളത്തിന്റെ സംസ്ക്കാരചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന അമൂല്യമായ സങ്കേതമായി ഭവിക്കും. വീണപൂവിനു മുമ്പുവരെ ആശാന് രചിച്ച കൃതികളെ ആദ്യകാല കൃതികളെന്നു വിവക്ഷിക്കാം.
നിജാനന്ദവിലാസം, നിജാനന്ദാനുഭൂതി, ഭക്തിവിലാപം, സുബ്രഹ്മണ്യശതകം, ശിവസ്തോത്രമാല, ശാങ്കരശതകം, ശിവസുരഭി, ആനന്ദലഹരി, അനുഗ്രഹപരമദശകം, പത്മപഞ്ചകം, എന്നീ പത്തു ആത്മാലാപസ്തോത്രങ്ങളും, വിചിത്രവിജയം ഭാഷാനാടകം, പ്രബോധചന്ദ്രോദയം (പരിഭാഷ) എന്നീ രണ്ടു നാടകങ്ങളുമാണ് ആശാന്റെ മുഖ്യമായ ആദ്യകാല കൃതികള്‍. ഇവയിലെല്ലാം ഈശ്വരസാക്ഷാത്ക്കാരത്തിനായി ദാഹിക്കുന്ന മുനിഹൃദയത്തെ കണ്ടെത്താം.
പില്ക്കാലത്തു രചിക്കപ്പെട്ട ശിവഭക്തിപഞ്ചകം, കരുണാനിധിസ്തോത്രം, സരസ്വതീപഞ്ചകം തുടങ്ങിയ സ്തോത്രങ്ങളും ഈശ്വര സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള ആ ഋഷിവര്യന്റെ ആത്മീയപരിശ്രമങ്ങളായിരുന്നു. സ്തോത്രകൃതികള്‍, പുഷ്പവാടി, മണിമാല, വനമാല, എന്നീ കവിതാസമാഹാരങ്ങളിലധികവും ഈശ്വരോപാസന തന്നെയായിരുന്നു മുഖ്യ പ്രമേയം. ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടുകയും അദ്വൈതവും യോഗവും സാധകംചെയ്തുറപ്പിക്കുകയും ചെയ്തതിന്റെ ഫലമായി വൈരാഗ്യം മുറ്റി നിന്നിരുന്ന അവസരത്തില്‍ രചിച്ച കൃതികളായിരുന്നു ഈ സ്തോത്രകൃതികള്‍. ഈശ്വരന്, സങ്കീര്‍ത്തനം, പ്രഭാതപ്രാര്‍ത്ഥന, ദീപാര്‍പ്പണം, എന്നീ സ്തോത്രങ്ങള്‍ വീണപൂവിനുശേഷം എഴുതിയതാണ്. ശിവന്, പാര്‍വ്വതി, സുബ്രഹ്മണ്യന് എന്നിവരെയാണ് ആശാന് കൂടുതലും ആരാധിച്ചിരുന്നത്.
ശിവസ്തുതിപരമായ സ്തോത്രങ്ങള്‍ പത്തെണ്ണം ലഭ്യമായിട്ടുണ്ട്. ശാങ്കരശതകം, ശിവസുരഭി, ഉപക്രമപഞ്ചകം, ശിവധ്യാനവിംശതി, മിശ്രസ്തവങ്ങള്, മിശ്രസ്തോത്രങ്ങള്, ശിവഭക്തിപഞ്ചകം, ശിവജ്ഞാനപഞ്ചകം, ശിവയോഗീപഞ്ചകം, ശിവമാഹാത്മ്യസ്തോത്രം എന്നിവയാണവ. ദേവീസ്തുതിപരമായി ഏഴു സ്തോത്രങ്ങളാണുള്ളത്. നിജാനന്ദാനുഭൂതി, പരമപഞ്ചകം, ദേവീസ്തോത്രങ്ങള്‍, സാവിത്രിയുടെ പ്രാര്‍ത്ഥന, ആനന്ദലഹരി, ദേവ്യപരാധക്ഷമാപണ സ്തോത്രം, സൗന്ദര്യലഹരി, എന്നിവയാണവ. ഭക്തിവിലാപം, സുബ്രഹ്മണ്യശതകം, ശിവവാഹന ധ്യാനശതകം(സംസ്കൃതം) എന്നിങ്ങനെ മൂന്നു സുബ്രഹ്മണ്യസ്തുതികളാണുള്ളത്. ശാരദാസ്തവം(സംസ്കൃതം), സരസ്വതിപഞ്ചകം, എന്നിങ്ങനെ രണ്ടു സരസ്വതി സ്തുതികളുണ്ട്.
നിജാനന്ദവിലാസം, കളകണ്ഠഗീതം എന്നീ രചനകള്‍ അദ്വൈതചിന്തയിലൂന്നി നില്‍ക്കുന്നതാണ്. കാമിനീഗര്‍ഹണം, വൈരാഗപഞ്ചകം എന്നിവ സാധനയ്ക്കായുള്ള മനോവൃത്തിയുടെ രചനകളാണ്. സാധനയ്ക്കായുള്ള ആചാരമായിട്ടാണ് വിഭൂതി എന്ന കൃതി രചിച്ചത്. അനുഗ്രഹപരമദശകം തികഞ്ഞ ഒരു പ്രാര്‍ത്ഥനയാണ്. നിരാകാരനായ ഈശ്വരനെപ്പറ്റിയുള്ള രചനയാണ് പ്രഭാതപ്രാര്‍ത്ഥന. മതാതീതനായ ഈശ്വരനെപ്പറ്റിയുള്ള കൃതികളാണ് സങ്കീര്‍ത്തനം, ആത്മാര്‍പ്പണം, ഒരു പ്രാര്‍ത്ഥന എന്നിവ. സൃഷ്ടികാരണനായ ഈശ്വരനെപ്പറ്റിയുള്ളതാണ് ഈശ്വരന് എന്ന രചന. മൂല്യങ്ങള്ക്കാധാരനായ ഈശ്വരനെ അവതരിപ്പിക്കുന്നതാണ് ദീപാര്‍പ്പണം. സംസ്കൃതത്തിലെഴുതിയ ‘ഓം’എന്ന രചന പ്രതീകം വഴിയുള്ള ഈശ്വരാന്വേഷണമാണ്. അവശനു ആശ്രയമായിട്ടുള്ള ഈശ്വരനെ അവതരിപ്പിക്കുന്നതാണ് നിശാപ്രാര്‍ത്ഥന. ഇതുകൂടാതെ കരുണാനിധിസ്തോത്രവും ലഭിച്ചിട്ടുണ്ട്. അദ്വൈതവേദാന്തമാണ് ഈ സ്തോത്രങ്ങള്‍ക്ക് കാരണമായി ഭവിച്ച തത്ത്വചിന്ത. ശിവനെ സ്തുതിക്കുമ്പോള്‍ ശിവന് പരബ്രഹ്മത്തിന്റെ സ്ഥാനം കൈക്കൊള്ളും. ദേവിയെ സ്തുതിക്കുമ്പോള്‍ അവള് പരബ്രഹ്മരൂപിണിയാകും. സരസ്വതിസ്തുതി വിഷയമാകുമ്പോള്‍ അവള് നാദ ബ്രഹ്മരൂപിണിയാകും. എല്ലാറ്റിനും കാരണനായ ഈശ്വരനെ സ്തുതിച്ചുകൊണ്ടുള്ള വര്‍ണ്ണനകളാണ് ആദ്യകാല സ്തോത്രകൃതികളെല്ലാം.
1907 ല്‍ ആശാന് വീണപൂവ് രചിച്ചതോടെയാണ് ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന ബഹുമതി നേടിയത്. ഈ കാലഘട്ടത്തില്‍ കേരളത്തില്‍ വളരെയേറെ പാരായണം ചെയ്യപ്പെട്ടവയായിരുന്നു ഈ കാവ്യങ്ങള്‍. സിംഹപ്രസവം, നളിനി, ലീല, ശ്രീബുദ്ധചരിതം, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ചിന്താവിഷ്ടയായ സീത, ബാലരാമായണം, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നിവയെല്ലാം മനുഷ്യസ്നേഹത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നതും സാമൂഹികപരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന ജനകീയതാല്പര്യമുണര്ത്താന് കഴിയുന്നതുമായ ശക്തമായ രചനകളായിരുന്നു. ഇതുകൂടാതെ പുഷ്പവാടി, മണിമാല, വനമാല എന്നീ പേരുകളില്‍ ശ്രദ്ധേയമായ കവിതകളുടെ സമാഹാരങ്ങളും ആശാന് മലയാളത്തിനു സംഭാവന നല്‍കിയിട്ടുണ്ട്.
കെ. എന്‍. കുമാരു ഏഴാമത്തെ വയസ്സില്‍ ചിറയിന്‍കീഴ് താലൂക്കിലെ കായിക്കര എന്ന സ്ഥലത്തുള്ള ഒരു എഴുത്താശാന്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്ന് കണക്കും എഴുത്തും പഠിക്കുവാന്‍ ആരംഭിച്ചു. പിന്നീട് കൊച്ചുരാമന്വൈദ്യരുടെ സഹായത്താല്‍ അമരകോശം, സിദ്ധരൂപം, ബാലപ്രബോധം, ശ്രീരാമോദന്തം തുടങ്ങിയവ പഠിച്ചു. അന്നുവരെ മലയാളത്തിലും തമിഴിലും ലഭ്യമായ പ്രമുഖകൃതികളെല്ലാം ആശാന് വായിക്കാനിടയായി. വളരെ ചെറുപ്പത്തില്‍ തന്നെ പത്രങ്ങളിലേക്ക് ലേഖനങ്ങളും സമസ്യാപൂരണങ്ങളും അയച്ചുകൊടുത്തിരുന്നു. മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തമായ ദിനചര്യയാണ് ബാല്യകാലത്ത് ആശാനുണ്ടായിരുന്നത്. ഈശ്വരസങ്കീര്ത്തനങ്ങളും മതഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതില്‍ ആ ഇളംമനസ്സ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ ഏറെനേരം ചിലവിടുന്നതിനും പുരാണങ്ങള്‍ വായിച്ച് അര്‍ത്ഥം വിശദീകരിച്ച് അന്യര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതിനും ആ ബാലന് ഉത്സാഹം കാണിച്ചിരുന്നു. നന്നെ ചെറുപ്പത്തില്‍തന്നെ ഏകാന്തതയ്ക്കുവേണ്ടി ദാഹിച്ചിരുന്ന കുമാരുവിന്റെ മനസ്സ് സമഗ്രമായ ജീവിതദര്‍ശനം രൂപപ്പെടുത്തുന്നതിനു പരിപാകപ്പെടുകയായിരുന്നുവെന്നു നിരീക്ഷിക്കാം. കൗമാരപ്രായത്തില്‍ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി ധ്യാനനിരതനായി കഴിയുന്നതില്‍ എപ്പോഴും താല്പര്യം പ്രകടിപ്പിച്ചിരുന്നു. പതിനാലാംവയസ്സില് തന്നെ വീടുമായുള്ള ബന്ധം മിക്കവാറും അവസാനിച്ചതിനാല്‍ കുമാരുവിന്റെ ചിന്തയും ലോകവും വഴിമാറിപ്പോകുന്നതായി കാണാം.
കവിതയിലേക്കു കടന്നപ്പോള്‍ കുമാരനാശാന്റെ ഭക്താഭിമുഖ്യം കൂടുതല്‍ പ്രത്യക്ഷമായി. ആശാന്റെ ആദ്യകാല കവിതകളിലധികവും ഈശ്വരസംബന്ധിയായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. സുബ്രഹ്മണ്യസ്തുതിപരമായ ഒരു ഗാനവും രാമായണകഥയെ അവലംബമാക്കി നാടന്‍മട്ടിലുള്ള ധാരാളം പാട്ടുകളും ആശാന് ഇക്കാലയളവില്‍ രചിച്ചിട്ടുണ്ട്. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ അവതാരികയോടെ ആദ്യകാല കൃതികളില്‍ ഒരെണ്ണം പ്രസിദ്ധപ്പെടുത്തി. പരവൂര്‍ കേശവനാശാന്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന സുജനാനന്ദിനിയില്‍ കായിക്കര കെ. എന്‍. കുമാരു എന്ന പേരില്‍ വര്‍ണ്ണനകളും ഒറ്റശ്ലോകങ്ങളും പരിഭാഷകളും വന്നുതുടങ്ങിയപ്പോഴാണ് ഈ യുവകവിയെ പലരും ശ്രദ്ധിച്ചുതുടങ്ങിയത്.
കുമാരനാശാനു പതിനേഴു വയസ്സുള്ളപ്പോഴാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ആദ്യമായി കാണുന്നത്. സ്വാമികള്‍ ആശാനെ അരുവിപ്പുറത്തേക്ക് കൊണ്ടുപോയി. ശൃംഗാരശ്ലോകങ്ങള്‍ എഴുതരുതെന്ന് ഗുരു ആശാനെ ഉപദേശിച്ചതായി അറിയപ്പെടുന്നു. ഈ സമയത്ത് ഭക്തിയിലും യോഗവിദ്യയിലുമാണ് ആശാന്റെ മനസ്സ് കേന്ദ്രീകരിച്ചിരുന്നത്. ഒരു സംസ്കൃതപാഠശാല നടത്തുകയും വക്കത്തു വേലായുധന് കോവില്‍ പൂജാരിയായതും ഇക്കാലത്താണ്. സ്വാമികളുമായുള്ള സന്ദര്‍ശനവും സംഭാഷണങ്ങളും കുമാരനാശാനിലെ കവിത്വത്തിനു ആത്മീയചൈതന്യവും ആവിഷ്ക്കാരപരമായ തെളിമയും ലഭിക്കാനിടയാക്കി. ഇത്തരത്തില്‍ ഗുരുശിഷ്യ ബന്ധം ശക്തിപ്പെട്ടതോടെ ആശാന് സ്വാമികളെ അനുഗമിച്ച് പല സ്ഥലങ്ങളിലും സഞ്ചരിക്കുവാനിടയായി. വേദാന്തത്തെ സംബന്ധിക്കുന്ന ഇതരകൃതികള്‍ വായിക്കുന്നതിനും ഹഠയോഗമുറകള് അഭ്യസിക്കുന്നതിനും കുമാരനാശാന് പിന്നീട് കുറെക്കാലം ചിലവാക്കിയിരുന്നു. ആശാന്റെ അചഞ്ചലമായ ഉത്ക്കര്‍ഷേച്ഛയും ആഴമേറിയ ചിന്താശീലവും ശമിക്കാത്ത ജ്ഞാനോത്സുകതയും കണ്ട് ശ്രീനാരായണഗുരു അന്നു മൈസൂര്സര്വ്വീസിലായിരുന്ന ഡോക്ടര്‍ പല്പു മുഖാന്തിരം ആശാനെ ബാംഗ്ലൂര്‍ സംസ്കൃത സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിനയച്ചു.
ബാംഗ്ലൂര്‍ ശ്രീചാമരാജേന്ദ്ര സംസ്കൃതകോളജിലെ ന്യായശാസ്ത്ര വകുപ്പില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രാഥമികപരീക്ഷ ആശാന് ജയിച്ചുവെങ്കിലും അബ്രാഹ്മണവിദ്യാര്ത്ഥികള്ക്ക് ഈ കോളജില്‍ പ്രവേശനം നല്‍കിയരുന്നില്ല. അന്നത്തെ മൈസൂര്ദിവാന് ശേഷാദ്രി അയ്യരും ഡോക്ടര്‍ പല്പുവും തമ്മിലുള്ള ഉറച്ചബന്ധത്തിന്റെ ഫലമായി ആശാനിവിടെ പ്രവേശനം ലഭിച്ചു. ന്യായശാസ്ത്രം പഠിക്കുന്നതിനോടൊപ്പം അലങ്കാരവും വ്യാകരണവും പഠിക്കുന്നതിനും ആശാന് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന ബാംഗ്ലൂരിലെ കോളജ്പഠനത്തിനിടയില് പരീക്ഷകളിലെല്ലാം ഈ മലയാളിയുവാവ് ഉന്നതവിജയം നേടുകയും അങ്ങനെ വിദ്യാര്‍ത്ഥിവേതനം കരസ്ഥമാക്കുകയും ചെയ്തു. തിരക്കേറിയ അന്നത്തെ കോളജ് വിദ്യാഭ്യാസത്തിനിടയിലാണ് സൗന്ദര്യലഹരിയും പ്രബോധചന്ദ്രോദയവും ആശാന് പരിഭാഷപ്പെടുത്തിയത്. അതോടൊപ്പം കളകണ്ഠം എന്ന കവിതയും ഇക്കാലത്തു രചിച്ചു.
പിന്നീട് ആറുമാസക്കാലം മദ്രാസില്‍ പഠിച്ചതിനുശേഷം ആശാന് കല്‍ക്കട്ടയിലെ സംസ്കൃതകോളജില്‍ ചേര്‍ന്ന് ന്യായശാസ്ത്രപഠനം തുടര്‍ന്നു. വ്യാപ്തി, പക്ഷധര്മ്മത, വ്യുത്പത്തിവാദം എന്നിവയില്‍ സവിശേഷമായ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് തര്ക്കതീര്ത്ഥ പരീക്ഷ ലക്ഷ്യമാക്കി പഠനം ആരംഭിച്ചു. തര്‍ക്കവേദിയില്‍ പ്രസിദ്ധനായ കാമാഖ്യനാഥ തര്ക്കവാഗീശ്വരനായിരുന്നു ആശാന്റെ ഗുരു. ന്യായശാസ്ത്രപഠനത്തോടൊപ്പം വ്യാകരണവും ദര്‍ശനവും കാവ്യവും പഠിപ്പിക്കുന്ന ക്ലാസ്സുകളിലും അദ്ദേഹം ചേര്‍ന്നു പഠിച്ചു.
കല്‍ക്കട്ടയില്‍ താമസിച്ച രണ്ടുവര്‍ഷക്കാലം ആശാനു ഇംഗ്ലീഷ് പഠിക്കുന്നതിന് അവസരം ലഭിച്ചു. ഇംഗ്ലീഷ് ഭാഷാപഠനം കുമാരനാശാനില്‍ നവീനമായ ആശയങ്ങളും ചിന്തകളും വളര്‍ന്നുവരാന്‍ കാരണമായത്തീര്ന്നു. ഇന്ത്യയിലെ സാമുദായികവും ദേശീയവുമായ പുരോഗമനപ്രസ്ഥാനങ്ങളില്‍ മിക്കതിന്റെയും കേദാരമായ കല്‍ക്കട്ടയില്‍ രണ്ടു വര്‍ഷം ചിലവിട്ടപ്പോള്‍ ആശാന് നൂതനമായൊരു ജീവിതമണ്ഡലത്തെ അടുത്തറിയുകയായിരുന്നു. സാഹിത്യത്തെ സംബന്ധിക്കുന്ന പുത്തനുണര്‍വ്വ് രൂപപ്പെട്ടുവരത്തക്കവിധം അനുയോജ്യമായ പശ്ചാത്തലം കല്‍ക്കത്തയിലെപ്പോലെ ഇന്ത്യയില്‍ മറ്റെങ്ങും അന്നുണ്ടായിരുന്നില്ല. ബങ്കിമചന്ദ്രന്, ദ്വജേന്ദ്രലാല്റോയ്, മൈക്കേല്‍ മധുസൂദനദത്ത് എന്നീ പ്രതിഭാശാലികള്‍ കാരണം കഥാനാടകകാവ്യ ശാഖകളില്‍ കാല്പനികപ്രസ്ഥാനത്തിന്റെ പുതുചൈതന്യം അന്നു ബംഗാളില്‍ പ്രചരിച്ചിരുന്നു.
ക്രിസ്തുവര്‍ഷം1900-ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ കുമാരനാശാന് അരുവിപ്പുറത്ത് ഒരു സംസ്കൃതസ്കൂള്‍ സ്ഥാപിച്ച് കുട്ടികളെ സംസ്കൃതം പഠിപ്പിച്ചുപോന്നു. ശാങ്കരശതകം, സുബ്രഹ്മണ്യശതകം, ശിവസ്തോത്രമാല തുടങ്ങിയ ഭക്തിപ്രധാനങ്ങളായ കൃതികളുടെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണം ഇക്കാലത്താണ് നടന്നത്. കൊല്ലവര്‍ഷം 1077-ല്‍ പ്രസിദ്ധീകരിച്ച ശിവസ്തോത്രമാലയുടെ മുഖവുരയില്‍ ‘എന്നുകുമാരനാശാന്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വിചിത്രവിജയം, മൃത്യുഞ്ജയം എന്നീ നാടകങ്ങളും ഇക്കാലത്തു രചിച്ചു. അരുവിപ്പുറം ക്ഷേത്രകാര്യങ്ങളിലും മറ്റും ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരുവുമായി ഉറ്റസമ്പര്ക്കത്തില് കഴിഞ്ഞിരുന്ന ആശാന് സ്വാമികളുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം കെട്ടിപ്പടുത്ത് സമുദായോന്നമനത്തിന് അനുയോജ്യമായൊരു കര്‍മ്മപദ്ധതിയ്ക്ക് രൂപംനല്കി.
കുമാരനാശാനും
എസ്. എന്‍. ഡി. പി.യോഗവും
1903-ല്‍ (കൊല്ലവര്‍ഷം 1078) ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായതോടെ ആശാന്റെ സമുദായസേവനങ്ങള്ക്ക് നിയതമായ രൂപം കൈവന്നു. എസ്. എന്‍. ഡി. പി.യോഗം ആരംഭിച്ചശേഷം ഇടയ്ക്കൊരു വര്‍ഷം ഒഴികെ പതിനാറു വര്‍ഷക്കാലം ആശാന് തന്നെയായിരുന്നു അതിന്റെ ജനറല്‍സെക്രട്ടറി. ആദ്യത്തെ ഒരു വര്‍ഷംകൊണ്ടുതന്നെ യോഗത്തെ ഒരംഗീകൃത ബഹുജന സംഘടനയായി ഉയര്‍ത്തുവാന്‍ കുമാരനാശാനു കഴിഞ്ഞു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലുടനീളം ആശാന് ആദ്യമായി സഞ്ചരിക്കുന്നത് ഇക്കാലത്താണ്. 1906-ല്‍ മലബാര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ തീയ്യരുടെ സ്ഥിതിഗതികള്‍ ശരിയായരീതിയില്‍ മനസ്സിലാക്കി അവര്‍ക്കായി ഒരു ക്ഷേത്രം സ്ഥാപിക്കുകയും തീയ്യരെ യോഗത്തില്‍ സഹകരിപ്പിച്ച് ശ്രീനാരായണഗുരുവിന്റെ സ്വാധീനതയില്‍ കൊണ്ടുവരുന്നതിനു ശ്രമിക്കുകയും ചെയ്തു. യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന് തന്നെ പ്രസാധനംചെയ്തു തുടങ്ങി.
കുമാരനാശാന്റെ വിപ്ലവകരമായ ജനസേവനചരിത്രം ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ ജനറല്‍സെക്രട്ടറിയായി സ്ഥാനംവഹിച്ചു എന്നതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സമുദായ സംഘടനയിലൂടെയും മുഖപത്രമായ വിവേകോദയത്തിലൂടെയും നടത്തിയ പ്രഭാഷണങ്ങള്‍ക്കു പുറമെ ശ്രീമൂലം പ്രജാസഭയിലും നിയമനിര്‍മ്മാണ സഭയിലും ഹാജരായി അവശസമുദായ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ഇന്നാടിന്റെ പുരോഗതിയുടെ ചരിത്രത്തില്‍ മായാതെ കിടക്കുന്നതാണ്. 1913 മുതല്‍ ആശാന് ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. 1920-ലാണ് ആദ്യമായി അദ്ദേഹത്തെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 1924-ല്‍ ഈഴവരുടെ അഭിമാനസംരക്ഷണാര്ത്ഥം കൊല്ലത്ത് ഒരുഉപതെരഞ്ഞെടുപ്പില് അദ്ദേഹം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. അന്നത്തെ സാഹചര്യത്തില്‍ ഈഴവസമുദായത്തിലെ ഏറ്റവും സമുന്നതനായ വ്യക്തിപോലും സംവരണംകൂടാതെ പൊതുസ്ഥാനത്തു നിന്നു മത്സരിച്ചാല്‍ ജയിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സമുദായസംവരണം അത്യന്താപേക്ഷിതമാണെന്നും ഭരണകൂടത്തെ ബോധ്യപ്പെടുത്തുവാന്‍ സ്വീകരിച്ച പരിപാടിയായിരുന്നു അത്.
1919-ല്‍ യോഗം ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചുവെങ്കിലും ഒരിക്കലും ശ്രീനാരായണ ധര്‍മ്മപരിപാലന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം വേറിട്ട് നിന്നില്ല. 1923-ല്‍ കൊല്ലത്ത് സമ്മേളിച്ച യോഗവാര്‍ഷികത്തില്‍ അദ്ധ്യക്ഷസ്ഥാനമലങ്കരിച്ചത് കുമാരനാശാനായിരുന്നു. പൊതുപ്രവര്‍ത്തന മണ്ഡലങ്ങളില്‍ പൊതുവെ ആശാന്റെ സാന്നിദ്ധ്യം അനുപേക്ഷണീയമായി കരുതിയിരുന്ന കാലമായിരുന്നു അത്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്, സി. വി. രാമന്‍പിള്ള എന്നിവരുടെ നിര്യാണത്തെതുടര്‍ന്ന് അനുശോചനയോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ ആശാന് മുന്‍കൈയെടുത്തു. കൊച്ചിയില്‍ ചേറായി എന്ന സ്ഥലത്തുനിന്നും പ്രതിഭ എന്ന പേരില്‍ ഒരു മാസിക ആശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സാഹിത്യസംബന്ധിയായ ധാരാളം വിഷയങ്ങള്‍ ഈ മാസികയുടെ മുഖപ്രസംഗപംക്തിയില് ആശാന് ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലഘുകവനങ്ങളും ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.
ക്ഷയോൻമുഖമായ ഫ്യൂഡലിസത്തിന്റെ കാലത്താണ് കുമാരനാശാന് ജനിച്ചത്. രാജഭരണത്തിന്കീഴില് നിലകൊണ്ട തിരുവിതാംകൂറില്‍ ഇന്നറിയപ്പെടുന്ന രാഷ്ട്രീയം അന്നില്ലായിരുന്നു. സാമുദായിക പരിവര്ത്തനങ്ങളെത്തന്നെയാണ് അന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി ഗണിക്കേണ്ടത്. ഒരശക്ത ജനസമൂഹത്തെ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി ഉയര്‍ന്നസ്വരത്തില്‍ വിളിച്ചാവശ്യപ്പെടുന്ന ഒരു പ്രബലശക്തിയാക്കി മാറ്റേണ്ട ആവശ്യം അന്നു നേരിട്ടു. കുമാരനാശാന്റെ കാവ്യപ്രപഞ്ചവും സാമൂഹികരാഷ്ട്രീയ ഇടപെടലുകളും ഇവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഇവിടെ സംജാതമാക്കി. ഡോക്ടര്‍ പല്പു, ടി. കെ. മാധവന്, സഹോദരന് അയ്യപ്പന് എന്നിവരോടു ചേര്‍ന്നുള്ള കുമാരനാശാന്റെ പ്രവര്‍ത്തനങ്ങള്‍ സമുദായോദ്ധാരണം മാത്രമല്ല ലക്ഷ്യമാക്കിയത്. അതിവിപ്ലവകരമായ സാമൂഹികസമത്വവും വ്യക്തിസ്വാതന്ത്ര്യവും എല്ലാക്കാലത്തേക്കുമായി സ്ഥാപിച്ചെടുക്കുവാനാണ് ആശാന് ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നതാണ്.
കുമാരനാശാന്റെ പ്രകൃതിശക്തിയിലുള്ള ഈ ആശ്രയബോധം ഏതൊരു ഭാരതീയനും കരുത്തുപകരുന്നതാകുന്നു. അപാരമായ ആത്മവിശ്വാസത്തോടെയായിരുന്നു അന്നത്തെ കാലഘട്ടത്തെ ആശാന് മാറ്റിമറിക്കുവാന്‍ പരിശ്രമിച്ചത്. ആ കരുത്ത് ഈശ്വരചിന്തയില്‍ നിന്ന് ആശാന് ആര്ജ്ജിച്ചെടുത്തതായിരുന്നുവെന്ന് ഇവിടെ വ്യക്തമാകുന്നു. പ്രജാസഭാംഗമെന്ന നിലയിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമെന്ന നിലയിലും ആശാന് ഈഴവര്‍ക്ക് വേണ്ടി മാത്രമല്ല വാദിച്ചതും പ്രവര്‍ത്തിച്ചതും.
അവശതയനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും അദ്ദേഹത്തിന്റെ കണ്മുന്നിലുണ്ടായിരുന്നു. ഇവരുടെ പ്രശ്നങ്ങള്‍ ഒന്നൊന്നായി അസംബ്ലിയില്‍ അവതരിപ്പിക്കുവാനും അതിനെല്ലാം അധികാരികളെക്കൊണ്ട് പരിഹാരം ചെയ്യിക്കാനും കുമാരനാശാനു കഴിഞ്ഞിട്ടുണ്ട്. മിതവും ന്യായവുമായ അവകാശങ്ങള്‍ കാര്യകാരണസഹിതം അവതരിപ്പിക്കുകയും പ്രതിയോഗികളുടെപോലും പിന്തുണയും അനുഭാവവും നേടിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആശാന്റെ രീതി. കേരളത്തില്‍ ഒരു സാമൂഹികവിപ്ലവത്തിനു ആശാന് കളമൊരുക്കിയത് ജനമനസ്സുകളില്‍ കാര്യമായ ചലനം സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഒരു സാംസ്ക്കാരിക വിപ്ലവത്തിലൂടെ മാത്രമെ സാമൂഹികവും രാഷ്ട്രീയവുമായ നവോത്ഥാനം കൈവരുകയുള്ളുവെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി തന്റെ സാഹതീയമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. അങ്ങനെ ധൈഷണികവിപ്ലവത്തിലൂടെ ഉദ്ബുദ്ധരായ ജനങ്ങള്‍ സാമൂഹികസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും ആര്‍ജ്ജിച്ചെടുക്കുവാന്‍ അര്ഹതയുള്ളവരായിത്തീര്ന്നു. ഭരണാധികാരികളുടെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെയും കഴിവുകേടുകളെയും എടുത്തുകാട്ടി വിവേകോദയത്തിന്റെയും പ്രതിഭയുടെയും കോളങ്ങളില്‍ ആശാന് നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ഇന്നത്തെ കേരളീയപശ്ചാത്തലത്തില്‍ കുമാരനാശാന്റെ ജീവിതവും രചനകളും വിശകലനംചെയ്യേണ്ട സാഹചര്യം ഏറ്റവും അനിവാര്യമാണെന്ന് കാണാം. ഉത്തമമായ കവിഹൃദയമുണ്ടെങ്കില് ഉത്തമനായ സന്ന്യാസിയാകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആശയതലത്തില്‍നിന്നും പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ യഥാര്‍ത്ഥ കവിയ്ക്കും യഥാര്‍ത്ഥ സന്ന്യാസിക്കും തികഞ്ഞ വിപ്ലവകാരിയാകാതിരിക്കാന് തരമില്ല.