കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ആത്മാഭിമാന സമരം

ആത്മാഭിമാന സമരങ്ങളുടെ തുടര്‍ച്ചയായി വേണം കോട്ടയം ജില്ലയിലെ കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിസമരത്തെ കാണാന്‍. സാംസ്‌കാരിക കേരളമെന്ന് ഇന്ത്യന്‍ സമൂഹം പറയുന്ന പുരോഗമന കേരളത്തിലെ അങ്ങേയറ്റം ജാതീയത കാത്തുസൂക്ഷിക്കുന്ന , സാമുദായിക അസമത്വം പേറുന്ന ഒരു സമൂഹത്തിലാണ് ഇത്തരമൊരു സമരം നടത്തേണ്ടി വന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

‘ഞങ്ങള്‍ക്ക് ജാതിയില്ല എന്ന് പറയുന്ന ഒരു സമൂഹം കേരളത്തില്‍ കലാകാലങ്ങളായി ജാതി വ്യവസ്ഥ എങ്ങനെയാണ്പാലിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് . പൊതു ഖജനാവില്‍ നിന്ന് കാശുമുടക്കി ഒരു സ്ഥാപനം ഉണ്ടാക്കുക. ശേഷം കേരളം കണ്ട പ്രതിഭാശാലിയായ കെ ആര്‍ നാരായണന്റെ പേരിടുക. ഒടുവില്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം കൈപ്പറ്റുന്ന ചെയര്‍മാന്‍ മുതല്‍ തൂപ്പുജോലിക്കാര്‍ വരെയുള്ള തസ്തികളില്‍ ജാതിയുടെ ശ്രേണി വ്യവസ്ഥ പാലിച്ചു കൊണ്ട് നിയമിക്കപ്പെടുക.തുടര്‍ന്ന് തങ്ങളുടെ ജാതിബോധത്തിന്റെ മുഖം പുറത്തെടുക്കുക. എത്ര ഭയാനകവും, അപമാനകരവുമാണ് ഇതെന്ന് നോക്കുക.

ഇന്ത്യയില്‍ തന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരുന്നു കേരളം. ഇവിടെ രാഷ്ട്രീയം എന്നത് ജാതി-വോട്ട് ബാങ്കുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. വോട്ട് ബാങ്ക് മുന്നില്‍കണ്ടുകൊണ്ട് തന്നെയാവും സാമ്പത്തിക സംവരണത്തെ ഇടത് ഗവണ്‍മെന്റ്ഉള്‍പ്പെടെയുള്ളരാഷ്ട്രീയങ്ങള്‍ അംഗീകരിച്ചത്. ഒരു പ്രശ്നം വരുമ്പോള്‍ ഒരുതരത്തിലുമുള്ള നടപടിയും എടുക്കാതിരിക്കുകയുംഅതുമല്ലങ്കില്‍ സമരത്തിന്റെ ഒരു ഘട്ടത്തില്‍ സമരങ്ങള്‍ ഒത്തുതീര്‍പ്പാവുകയും അതിലെ വ്യവസ്ഥകള്‍ പാലിക്കാതിരിക്കപ്പെടുകയും ചെയ്യുന്നു.

ശരത് എസ്. എന്ന വിദ്യാര്‍ത്ഥിക്ക് സംവരണാടിസ്ഥാനത്തില്‍ ലഭിക്കേണ്ട സീറ്റ് നിഷേധിക്കപ്പെട്ടതിനെതുടര്‍ന്നാണ്ചര്‍ച്ചകള്‍ വന്നത്. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ജാതി വിവേചനങ്ങള്‍ പുറത്തു വന്നു. ഇതിനെ തുടര്‍ന്നാണ് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിഉന്നതവിദ്യാഭ്യാസ വകുപ്പിനും, എസ്.സി,എസ്.ടി കമ്മീഷനും മെയില്‍ അയച്ചിട്ടും,കോടതിയില്‍ കേസിനു പോയിട്ടു പോലും പരിഹാരമുണ്ടായില്ല. അതേ വിദ്യാര്‍ത്ഥിക്ക് അക്കാദമിക് മാനദണ്ഡത്തില്‍ കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചു,ഇതിലൂടെ മനസ്സിലാവുന്നത് ജാതിയുടെ ഓരങ്ങളില്‍ നില്‍ക്കുന്നവര്‍ അക്കാദമിക്കായഇടങ്ങളില്‍ നിന്ന് ലഭിക്കേണ്ട രൂപീകരണങ്ങള്‍ നേടിയെടുക്കേണ്ട എന്ന് തന്നെയാണ്.

വിദ്യാഭ്യാസം എന്ന ഒരേയൊരു സാമൂഹിക സാംസ്‌കാരിക മൂലധനത്തിലുടെ സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ തങ്ങളുടെ ജാതി അസമത്വങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങി എല്ലാം തരണം ചെയ്ത് വരുന്ന വിദ്യാര്‍ത്ഥികള്‍, സര്‍വകലാശാലകള്‍ക്കുള്ളില്‍ നേരിടേണ്ടി വരുന്നത് പല തരത്തിലുള്ള വിവേചനങ്ങളുടെ നീതിയില്ലായ്മ ആണ് . സാമൂഹ്യ ഉന്നമനത്തിന്റെ ഓരോ പടിയിലുമെത്തുന്നപാര്‍ശ്വവല്‍കൃത സമൂഹങ്ങളെ ഏതു വിധേനയും പുറത്താക്കുന്ന വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥയുടെതുടര്‍ച്ച തന്നെയാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

ശങ്കർ മോഹൻ

ജാതി വിവേചനമുള്‍പ്പെടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളെ കുറിച്ച് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താനായി നിയോഗിച്ച കെ. ജയകുമാര്‍ കമ്മിഷന്‍ രണ്ട് ആഴ്ചക്കുമുന്‍പാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന്സമര്‍പ്പിച്ചത്. ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ സത്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ മുഴുവന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം ശങ്കര്‍ മോഹന്‍ നടത്തിയ ജാത്യാധിക്ഷേപവുംസംവരണ അട്ടിമറിയും, ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായ മാനസിക പീഡനങ്ങളും. 48 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്നാണ് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്. സമരം കാരണമല്ല രാജി എന്ന് ശങ്കര്‍ മോഹന്‍ അവകാശപ്പെടുമ്പോള്‍ ഈ രാജി ഗവണ്‍മെന്റിന്റെ മുഖം രക്ഷിക്കാനുള്ളതാണെന്ന് മനസ്സിലാക്കാം.

എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയം അങ്ങനെയല്ല. ഉന്നതതല കമ്മീഷന്‍ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുള്ള അധിക്ഷേപങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. സ്വാഭാവികമായും അടൂര്‍ സംരക്ഷിക്കപ്പെടും. സ്വയംഭരണാധികാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജാതി, ലിംഗ സമത്വ നീതികള്‍ നിഷേധിക്കപ്പെടുന്നു എന്നതിന്റെ വലിയ ഉദാഹരണം തന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുള്ള പല പ്രസ്താവനകളും. എന്നാല്‍ അവയ്ക്കെതിരെ ഒരു പ്രതികരണം പോലും നടത്തുവാന്‍ ഇടതുപക്ഷ ഗവണ്‍മെന്റോ പൊതുസമൂഹത്തിലെ പല പ്രമുഖ വ്യക്തികളോ തയ്യാറായിട്ടില്ല. ഇത്രയധികം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെഅടൂര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് ‘ദേശാഭിമാനി’ പുരസ്‌കാരം നല്‍കുകയും ചെയ്തു.

സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസരംഗങ്ങളിലും ദലിതര്‍ക്ക് ലഭിക്കേണ്ടുന്ന നീതിയും തുല്യതയും അവകാശങ്ങളും വെച്ചു താമസിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ഇത്തരം നവജാതീയതയെ കടന്നുകൊണ്ട് ഏതെങ്കിലും ദലിതനോ/ആദിവാസിയോ തങ്ങളുടേതായ ഒരു ലക്ഷ്യത്തില്‍ എത്തിയാല്‍ പിന്നെ അവിടെ ചര്‍ച്ച ചെയ്യുന്നത് അവന്റെ ജാതി മാത്രമാകും. ഇങ്ങനെ ദലിതരെയും ആദിവാസികളെയും ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നും മാറ്റി നിര്‍ത്താന്‍ നവജാതീയതയും അതിലൂടെ ഉണ്ടാകുന്ന സാമൂഹ്യ മരണങ്ങളും വളരെ വിപുലമായി തന്നെ ഉപയോഗിക്കുന്നു. ദലിത്/ ആദിവാസികളും, മറ്റു സമുദായങ്ങളും നിരന്തരം തങ്ങളുടെ സമൂഹത്തില്‍ വിവിധതരത്തിലുള്ള സാമൂഹ്യ മുന്നേറ്റം നടത്തിയാൽ മാത്രമേ സാമൂഹികവും, സംസ്‌കാരികവുമായ ഇടം നിര്‍മ്മിക്കുവാനും അതിലൂടെ ഒരു പുതിയ സാമൂഹ്യക്രമം നിര്‍മ്മിക്കുവാനും സാധിക്കുകയുള്ളൂ. രാഷ്ട്രീയവും, സാമൂഹികവും, സാംസ്‌കാരികവുമായ ഒരു കൗണ്ടര്‍ സോഷ്യോ ളജി തന്നെ നിര്‍മ്മിച്ചു കൊണ്ട് ഇത്തരം ജാതി വിവേചനങ്ങള്‍ക്കെതിരെ പുതിയ ഇടങ്ങള്‍ കണ്ടെത്താം

Author

Scroll to top
Close
Browse Categories