ആശാന്‍ സൃഷ്ടിച്ച കേരളീയത

എത്ര കാലം കടന്നു പോയാലും ആശാന്റെ കവിതകള്‍ സമൂഹത്തെ നവീകരിച്ചു കൊണ്ടേ ഇരിക്കും. കേരളീയ പ്രബുദ്ധതയെ പറ്റി വാചാലരാകുന്ന ഓരോ മലയാളിയും ആശാനോടും അദ്ദേഹത്തിന്റെ ഗുരുവിനോടും, ഗുരുവിന്റെ ശിഷ്യ പരമ്പരയോടും എന്നും കടപ്പെട്ടു കൊണ്ടേ ഇരിക്കുന്നതും അത് കൊണ്ട് തന്നെയാണ്. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം നാം ഓര്‍ക്കുക എന്നത് സാമൂഹികമായ ഒരു പ്രതിബദ്ധതയാണ് എന്ന് മറക്കാതിരിക്കാന്‍ നമുക്കാവട്ടെ.

അടികണക്കുകളും അടിമകണക്കുകളും മാത്രം പരിചയമുള്ള മലയാളിയുടെ സാഹിത്യ, സാമുദായിക, സാംസ്‌കാരിക ,ആത്മീയ ചക്രവാളത്തെ പ്രബുദ്ധതയുടെ കിരണങ്ങള്‍ കൊണ്ട് സമൃദ്ധമാക്കിയ യുഗപുരുഷനാണ് ശ്രീനാരായണ ഗുരു. അതു സാധ്യമാക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമാണ് നമ്മളീ കാണുന്ന കേരളീയ പ്രബുദ്ധത. അതില്‍ സാഹിത്യ, സാമുദായിക രംഗങ്ങളില്‍ പ്രഗത്ഭനായിരുന്നു കായിക്കര എന്ന കുഞ്ഞു ഗ്രാമത്തില്‍ കുമാരുവായി ജനിച്ചു, പിന്നീട് മലയാളിയുടെ ആശാനായി മാറിയ കുമാരനാശാന്‍ എന്ന മഹാകവി.
കുറേശെ കവിത എഴുതുന്ന യുവാവായ കുമാരുവി നെ പാകപ്പെട്ട ഒരു കനിയാണോ എന്നറിയാന്‍ വേണ്ടി ഗുരു ഒരു സമസ്യാപൂരണത്തിനു കുമാരുവിനെ കടത്തിവിടുന്നതായി ജീവചരിത്രകാര്‍ രേഖപെടുത്തുന്നുണ്ട് .ഒരിക്കല്‍ കായിക്കരയോടടുത്തു വെച്ചുള്ള ക്ഷേത്രപ്രതിഷ്ഠയില്‍ പങ്കുചേരാന്‍ എത്തിയ ഗുരു കുമാരുവിനോട് ഒരു പദ്യത്തിന്റെ പൂര്‍വ്വാര്‍ദ്ധം പറഞ്ഞിട്ട് ഉത്തരാര്‍ദ്ധത്തിനായി സമസ്യ ഉന്നയിക്കുന്നു.
‘കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധേ …?’
അതിനുത്തരമായി ആശാന്‍ ഇങ്ങനെ ചൊല്ലി :
‘കാലം കനിവറ്റു കുറിച്ചു വിടു
ന്നോലപ്പടിയെന്നെ യയക്കരുതേ .’
ഈ പദ്യ പൂരണം തന്നെ മതി ആ ഗുരു ശിഷ്യ ബന്ധത്തിന്റെ ഉള്‍സത്ത വെളിവാക്കാന്‍. പിന്നീട് തന്റെ കൂടെ ചേര്‍ത്ത കുമാരു 1904 ല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ അമര സ്ഥാനത്തു വരെ എത്തുകയും നീണ്ട 15 വര്‍ഷങ്ങള്‍ അതിനെ നയിക്കുകയും ,സാമൂഹിക സാമുദായിക മണ്ഡല രൂപീകരണം കേരളത്തിന്റെ മണ്ണില്‍ സാധ്യമാക്കുകയും ചെയ്തത് ചരിത്രമായി നാം വായിക്കുന്നു.ജാതിക്കോമരങ്ങള്‍ നിറഞ്ഞാടിയ കാലഘട്ടത്തില്‍ ആണ് ഗുരുവിന്റെ ആവശ്യപ്രകാരം ഡോ. പല്പുവിന്റെ ആശ്രിതത്തില്‍ ഈഴവനായ കുമാരനാശാന്‍ ബാംഗ്ലൂരിലും കൊല്‍ക്കത്തയിലുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. അദ്ദേഹത്തിന്റെ അച്ഛനും മാതുലനും അക്കാലത്തു കടക്കാവൂരില്‍ മിഡില്‍ സ്‌കൂള്‍ നടത്തുകയും ആധുനിക വിദ്യാഭ്യാസം ഈഴവര്‍ തുടങ്ങി പിന്നോട്ടുള്ള എല്ലാ ജാതിക്കാര്‍ക്കും സ്വായത്തമാക്കാന്‍ അവസരംസൃഷ്ടിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് അരുവിപ്പുറത്തേക്കു തിരിച്ചു വന്ന ആശാന്‍ പിന്നീട് തന്റെ കാവ്യ ജീവിതവും സാമൂഹിക ജീവിതവും കേരളീയ നവോത്ഥാനത്തിനായി ഉഴിഞ്ഞു വെച്ചു.ആശാന്‍ തന്റെ കാവ്യ ഭാവനയിലൂടെ സാമൂഹിക പ്രാതിനിധ്യവും ജനായത്ത മൂല്യ ബോധവും മാനവ ഹൃദയങ്ങളില്‍ നിറച്ചു. ‘മനുഷ്യാണാം മനുഷ്യത്തം’ എന്ന ഗുരുവിന്റെ വാക്ക് പിന്തുടര്‍ന്ന് കൊണ്ടാണ് ആശാനും മറ്റു ശിഷ്യ ഗണങ്ങളും അവരവരുടെ കര്‍മ്മമണ്ഡലങ്ങളിലൂടെ കേരളീയത സാധ്യമാക്കിയത്. അതില്‍ ആശാനോടൊപ്പം സഹോദരന്‍ അയ്യപ്പനും, പണ്ഡിറ്റ് കറുപ്പനും, മൂലൂരും സി വി കുഞ്ഞിരാമനും, മിതവാദി കൃഷ്ണനും ടി കെ മാധവനും ഒക്കെ വഹിച്ച പങ്ക് നിസ്തുലമാണ്.

‘എന്തിനു ഭാരത ധരേ! കരയുന്നു , പാര –
തന്ത്ര്യം നിനക്കു വിധി കല്പിതമാണു തായേ!
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി –
ലന്തപ്പെടും തനയ,രെന്തിനയെ ‘സ്വരാജ്യം?’ എന്ന് ‘ഒരു തീയക്കുട്ടിയുടെ വിചാര’ത്തില്‍ വിലപിക്കുന്ന കവിയെ കാണാനാകും.കേരളീയ പ്രബുദ്ധത നിര്‍മിക്കുന്നതില്‍ തന്റെ ഗുരുവിന്റെ ആശയങ്ങളും അതോടൊപ്പം മണ്മറഞ്ഞു പോയ ബൗദ്ധ പാരമ്പര്യത്തിന്റെ തിരിച്ചുപിടിക്കലും ആശാനെ സഹായിച്ചിട്ടുണ്ട്. 1907 ല്‍ രചിക്കപ്പെട്ട ‘വീണപൂവി’ല്‍ തുടങ്ങി, നളിനി, ലീല, ചണ്ഡാലഭിഷുകി, ചിന്താവിഷ്ടയായ സീത, പ്രരോദനം, ശ്രീബുദ്ധചരിതം, ദുരവസ്ഥ, കരുണ എന്നിങ്ങനെ യുള്ള എല്ലാ ബ്രഹത് കാവ്യങ്ങളിലും ബൗദ്ധ പ്രതീകങ്ങള്‍ കാണാന്‍ സാധിക്കും.

”ഹാ പുഷ്പമേ ! അധികതുംഗ പഥത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കെ നീ”
എന്നു തുടങ്ങി ‘ശ്രീ ഭൂവിലസ്ഥിര’ എന്ന് അവസാനിക്കുന്ന ‘വീണപൂവി’ല്‍ ബൗദ്ധ ചിന്തയായ അനിത്യവാദവും അനാത്മാവാദവും നമുക്കു ദര്‍ശിക്കാനാകും. മൈത്രി, കരുണ, ബഹുസ്വരത മുതലായ ബൗദ്ധ മൂല്യങ്ങള്‍ കേരളീയ നവീകരണത്തിന് കാവ്യഭാഷയിലൂടെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1913 തന്നെ എഡ്വിന്‍ അര്‍ണോള്‍ഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപെടുത്തുന്നു. ‘ഒരു പക്ഷെ അകാലത്തില്‍ പല്ലനയാറ്റിന്റെ തീരങ്ങളില്‍ പൊലിഞ്ഞു പോയില്ലായിരുന്നെകില്‍ ആ ‘വീണപൂവി’നു പറയാന്‍ എത്രെയോ ബൗദ്ധ ഏടുകള്‍ ഉണ്ടാകുമായിരുന്നേനെ’ എന്ന് ഡോ. അജയ് ശേഖറെ പോലെയുള്ള നിരൂപകര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന ശ്രമത്തില്‍ ഏറ്റവും ഉത്തമം ശ്രമണ മൂല്യങ്ങള്‍ തന്നെ എന്ന തിരിച്ചറിവ് കവിക്ക് ഉണ്ടായത് കൊണ്ടാകാം അവസാനയാത്രയിലും അദ്ദേഹം ശ്രീ ബുദ്ധചരിതത്തിന്റെ അഞ്ചാം വാല്യം തന്റെ കൂടെ കൂട്ടിയത്. ശ്രീ മൂലം പ്രജാസഭയില്‍ ആശാന്റെ പ്രസംഗങ്ങള്‍ ആധുനികമായ മാനവീയ ഉണര്‍വിന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ആയിരുന്നു.മലയാള ഭാഷയെ ചെമ്മൊഴിയിലേക്ക് അടുപ്പിച്ച് ക്ലാസിക് ഭാഷയായി ജനായത്ത വത്കരിക്കുന്നതില്‍ ആശാന്റെ പങ്ക് വളരെ വലുതാണ് എന്ന് ഡോ. സുഗതനെ പോലെയുള്ള നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ സാംസ്‌കാരിക വളര്‍ച്ചക്ക് ഭാഷയുടെ ബഹുസ്വരത അവിഭാജ്യ ഘടകം ആണെന്ന് കവിക്ക് ഉത്തമ ബോധ്യവും ഉണ്ടായിരുന്നു. തന്റെ ഉപരിപഠന കാലത്തു പഠിച്ച ആംഗലേയ ഭാഷ ആയിരുന്നു തന്റെ ഡയറി എഴുത്തിനായി അദ്ദേഹം ഉപയോഗിച്ചിരുന്നത്.
‘ഇന്ന് ഭാഷയിതപൂര്‍ണ്ണ ;മിങ്ങഹോ !
വന്നുപോം പിഴയുമര്‍ത്ഥ ശങ്കയാല്‍’ (നളിനി) എന്ന് വിലപിക്കുമ്പോഴും ഭാഷയുടെ ബഹുസ്വരതയെ ഉയര്‍ത്തി പിടിച്ച് മൊഴിമാറ്റത്തിലൂടെ മലയാള സാഹിത്യത്തെ ലോകസാഹിത്യവുമായി കൂട്ടി മുട്ടിക്കുന്നതില്‍ ആശാന്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു.1922 ല്‍ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ വര്‍ക്കല കുന്നില്‍ വെച്ച് കണ്ടു മുട്ടുമ്പോള്‍ ദ്വിഭാഷിയായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആശാനെ സഹായിച്ചത് ഈ ആംഗലേയ ഭാഷയായിരുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഭാഷയുടെ ബഹുസ്വരതയിലൂടെആധുനിക ജനായത്ത മൂല്യങ്ങളെ കേരളത്തിന്റെ മണ്ണില്‍ ഉറപ്പിക്കാന്‍ ഗുരുവിനും ശിഷ്യര്‍ക്കും കഴിഞ്ഞുവെന്നു കാണാനാകും.

നളിനി ഒരു താമരപ്പൂവാണെങ്കില്‍ ലീല ഒരു ചെമ്പകപൂവാണെന്നാണ് ആശാന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രണയം എന്ന ലൗകിക വികാരത്തെ അലൗകിക തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കവിക്ക് നളിനിയിലൂടെ കഴിഞ്ഞു. നളിനിയും ദിവാകരനും കണ്ടുമുട്ടുന്ന ഹൈമവത ഭൂവില്‍ നളിനിയെ കൊണ്ടെത്തിക്കുന്നതുപോലും ഒരു ബോധിനിയാണ്. ‘കരുണ’യിലെ വാസവദത്ത എന്നത് അന്നത്തെ നായികാ സങ്കല്പങ്ങളെയൊക്കെ തന്നെ അടിച്ചു വാര്‍ക്കുന്ന കാവ്യ ഭാവനയില്‍ ഉടലെടുത്തതാണെന്നു കാണാം. വാരനാരിയായ നായികക്ക് ഉപഗുപ്തന്‍ നിര്‍വാണം നല്‍കുന്നു. ‘ലീല’യും സീതയും മാതംഗിയുമെല്ലാം തന്നെ വീടുവിട്ടിറങ്ങുന്ന നായികമാരാണ്. എല്ലാകാലത്തും അതൊരു വിപ്ലവമാണ്. ജാതി ശരീരങ്ങള്‍ മാത്രമായി മാറിപ്പോയ 19-ാം നൂറ്റാണ്ടില്‍ , സാംസ്‌കാരിക മണ്ഡല രൂപീകരണത്തിനും ആധുനിക മാനവീയ മൂല്യങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ പുനര്‍ജനിക്കാന്‍ ആശാന്‍ കവിതകള്‍ കാരണമായി.
‘ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നിതു നാവു വരണ്ടഹോ
ഭീതി വേണ്ട തരികതെനിക്കു നീ’
എന്ന് കരുണയുടെ ഭാഷ്യം മലയാളിയെ പഠിപ്പിക്കാന്‍ ആശാന് കഴിഞ്ഞു. എത്ര കാലം കടന്നു പോയാലും ആശാന്റെ കവിതകള്‍ സമൂഹത്തെ നവീകരിച്ചു കൊണ്ടേ ഇരിക്കും. കേരളീയ പ്രബുദ്ധതയെ പറ്റി വാചാലരാകുന്ന ഓരോ മലയാളിയും ആശാനോടും അദ്ദേഹത്തിന്റെ ഗുരുവിനോടും, ഗുരുവിന്റെ ശിഷ്യ പരമ്പരയോടും എന്നും കടപ്പെട്ടു കൊണ്ടേ ഇരിക്കുന്നതും അത് കൊണ്ട് തന്നെയാണ്. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം നാം ഓര്‍ക്കുക എന്നത് സാമൂഹികമായ ഒരു പ്രതിബദ്ധതയാണ് എന്ന് മറക്കാതിരിക്കാന്‍ നമുക്കാവട്ടെ