മാനവ സമൂഹത്തിലേ ജനായത്തം പുലരൂ

പ്രാതിനിധ്യത്തിന്റെ കലയും സാധ്യതയുടെ രാഷ്ട്രീയവുമാണ് ജനായത്തം. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ഏതാനും അമിതപ്രാതിനിധ്യ കുത്തക സവര്‍ണരുടെ ഭരണം കേവലം ഒളിഗാര്‍ക്കി ആകുന്നു. പര്യാപ്തമായ തികഞ്ഞ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പൗരാവകാശമാക്കിയത് 16.4 അനുഛേദത്തില്‍ നവബുദ്ധനായ ബാബാസാഹേബ് എഴുതിയാഴ്ത്തിയ നീതിയുടെ ആംഗല അക്ഷരങ്ങളാണ്.

ജീവിത യത്‌നത്തിലൂടെയാണ് ഗുരുവും സഹോദരനും അംബേദ്കറുമെല്ലാം പ്രാതിനിധ്യ ജനായത്ത ചിന്തയെ ഇന്ത്യയിലും കേരളത്തിലും അവതരിപ്പിച്ചത്. 1932 ലെ പൂനാ പാക്റ്റിലൂടെ അടിസ്ഥാന ജനതയുടെ രാഷ്ട്രീയ പ്രാതിനിധ്യം എന്ന പ്രാഥമിക ജനായത്ത അജണ്ടയില്‍ നിന്ന് അതിനെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച ദേശീയവാദ പിതൃരൂപമായ ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കാനും ദലിത് ജനതയ്‌ക്കെതിരായി നടമാടാവുന്ന കൊടിയ ജാതിഹിന്ദു ഹിംസകളൊഴിവാക്കാനുമായി അംബേദ്കര്‍ കാരുണികവും മാനവികവുമായ ബുദ്ധന്റെ പ്രായോഗികമായ മധ്യമാര്‍ഗം സ്വീകരിച്ചു സൗമ്യമായി പിന്തിരിഞ്ഞു. എന്നാല്‍ ശ്രമകരമായ തന്റെ നീതിക്കും ജനായത്തത്തിനും വേണ്ടിയുള്ള ജീവിത ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ നൈതിക ജനായത്ത കരാര്‍ നിര്‍മിക്കുന്ന വേളയില്‍ ജനതയുടെ മതിയായ പ്രാതിനിധ്യത്തെ ആ ദേശീയ കരാറിന്റെ ആധാരമായി ഉള്‍ച്ചേര്‍ക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

രാഷ്ട്രീയ മീമാംസയും ബഹുജനഹിതവും അറിഞ്ഞ പ്രബുദ്ധ പ്രവൃത്തിയായിരുന്നു നവബുദ്ധരുടെ ഈ നയതന്ത്രജ്ഞത. ഗുരു വൈക്കം സത്യഗ്രഹത്തിന് ആയിരം രൂപയും സ്വന്തം വൈക്കത്തെ കെട്ടിടവും വിട്ടു കൊടുത്തപോലെയായിരുന്നു ഇത്. ഇന്ന് ആശ്രമം പളളിക്കൂടമെന്നറിയുന്ന ആ മൂന്നേക്കറോളം പുരയിടവും കെട്ടിടവും 1924നു മുമ്പുതന്നെ അദ്ദേഹം ധനസമാഹരണംനടത്തി വിലയ്ക്കുവാങ്ങി. 1920കളില്‍ വടയാറ്റില്‍ വരുമ്പോള്‍ തന്നെ വൈക്കത്തെ സ്ഥലംകൊണ്ടൊരുകാര്യം നടക്കാനുണ്ടെന്നുഗുരു പ്രവചിച്ചുപോന്നു. അടിയം ലഹളനടന്ന ആറ്റുമാലിയെക്കുറിച്ചു പറഞ്ഞത് ഈ അടിയമാണിനി ഉയരുക എന്നാണ്. കെ. ആര്‍. നാരായണന്റെ ശ്രീനാരായണവിലാസം ബംഗ്ലാവ് അവിടെയിന്നും ഉയര്‍ന്നു നില്‍ക്കുന്നു.

മാനവ സമൂഹത്തിലേ ജനായത്തം പുലരൂ. പ്രാതിനിധ്യ ചിന്തയുടെ മാനവിക രാഷ്ട്രീയ പ്രയോഗമാണ് ജനായത്തം. ചരിത്രപരവും പ്രബുദ്ധവുമായിരുന്നു അംബേദ്കറുടെ ഈ രാഷ്ട്രീയമീമാംസയും നീതിനിയമ രചനാ പരിശ്രമവുമെന്നാണ് ഇന്നത്തെ ലോകത്തെ മുന്‍നിര ഭരണഘടനാ നിയമജ്ഞനും ലോകോത്തര നിയമാധ്യാപകനും നാഷണല്‍ ലോ സ്‌കൂള്‍ മുന്‍ വൈസ് ചാന്‍സലറും ഇന്ത്യന്‍ സുപ്രീം കോടതിയുടെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ മുന്‍ ഡയറക്ടറും സുപ്രീംകോടതിയില്‍ ഭരണഘടനയുടെ സാമൂഹ്യ നീതിയാധാരങ്ങള്‍ക്കായി സാമ്പത്തിക സംവരണ ഭേദഗതിക്കെതിരേ ധീരമായി വാദിച്ച് കേരള വര്‍ത്തമാന ആധുനികതയുടെ നൈതിക ശബ്ദം ലോകത്തെ കേള്‍പ്പിച്ച പ്രൊഫസര്‍ ഡോക്ടര്‍ മോഹന്‍ ഗോപാല്‍ പറയുന്നത് (ലേഖകനുമായുള്ള 10 ഭാഗങ്ങളുള്ള അഭിമുഖം യുട്യൂബില്‍ ലഭ്യമാണ്). മാനവികത വികസിപ്പിച്ചാലേ ജനായത്ത ചിന്തയും പ്രാതിനിധ്യ പ്രയോഗവും വികസിക്കൂ എന്നു വര്‍ത്തമാന ചരിത്രം വിശദീകരിക്കുന്നു.

ആശ്രമം സ്കൂൾ , വൈക്കം

യഥാര്‍ഥത്തില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് അംബേദ്കര്‍ വന്നപ്പോള്‍ തന്നെ 1940 കളുടെ അന്ത്യത്തില്‍ അദ്ദേഹത്തെ തുറന്നു പ്രശംസിച്ച് ആധുനിക കേരള സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാക്കിയത് ഗുരു ശിഷ്യനായ പുലയനയ്യപ്പനെന്നറിയപ്പെട്ട സഹോദരനയ്യപ്പനാണ്. ജാതിഭാരതം എന്ന പ്രബുദ്ധമായ രാഷ്ട്രീയ കവിതയില്‍ മനുസ്മൃതിയെന്ന സനാതന വൈദിക വര്‍ണാശ്രമധര്‍മത്തിന്‍ വര്‍ണജാതി സംബന്ധിയായ കിരാത പഷണ്ഡ ദണ്ഡനീതിയെ ആധുനിക ജനായത്ത ഭരണഘടനയിലൂടെ മാറ്റുന്ന വര്‍ത്തമാന ഭാവികളുടെ ബുദ്ധനായി തന്നെ സഹോദരന്‍ ആ യഥാര്‍ഥ രാഷ്ട്ര ശില്പിയേയും ലോകനീതിചിന്തകനേയും അനശ്വരമായി ചമല്‍ക്കാരം ചെയ്തു. കേരളകവിതയെ ലോകോത്തരമാക്കുന്ന മഹനീയമായ വരികളാണത്. മാറ്റുവിന്‍ ചട്ടങ്ങളേ എന്ന് ആശാനും കവിതയില്‍ തന്നെ മുന്നേ എഴുതി. അംബേദ്കറെന്ന നാലക്ഷരം ഭാവിഭാരതം നന്ദിതിങ്ങുന്ന ഹൃത്തോടെ ശരണം വിളിച്ച് പള്ളിമാമലയ്ക്കു പോകുന്ന അയ്യപ്പന്‍മാരെ പോലെ തികച്ചും ബൗദ്ധമായ രീതിയില്‍ ഒരു ശരണ മന്ത്രമായി ജപിക്കും എന്നാണ് സഹോദരന്‍ 1940 കളുടെ അന്ത്യത്തില്‍ എഴുതിയത്. 1930 കളുടെ തുടക്കം മുതല്‍ അംബേദ്കറുടെ ഉല്‍ബോധനത്തേയും ഗാന്ധിയുമായുള്ള ജനായത്തത്തിനും പ്രാതിനിധ്യ സംസ്‌കാരത്തിനുമായി നടത്തിയ ജീവിത സംവാദങ്ങളേയും കുറിച്ച് നിരവധി എഡിറ്റോറിയലുകള്‍ അദ്ദേഹം തനിക്കു പേരായ പത്രത്തില്‍ പ്രസിദ്ധീകരിച്ചു പോന്നു.

യഥാര്‍ഥത്തില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് അംബേദ്കര്‍ വന്നപ്പോള്‍ തന്നെ 1940 കളുടെ അന്ത്യത്തില്‍ അദ്ദേഹത്തെ തുറന്നു പ്രശംസിച്ച് ആധുനിക കേരള സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാക്കിയത് ഗുരു ശിഷ്യനായ പുലയനയ്യപ്പനെന്നറിയപ്പെട്ട സഹോദരനയ്യപ്പനാണ്.

സമാനതകളില്ലാത്ത ഭവിഷ്യോന്മുഖ പ്രവാചകതയാണ് സഹോദര കവിതയില്‍ അംബേദ്കറുമായി ബന്ധപ്പെട്ട് ഇന്നും ജ്വലിക്കുന്നത്. കാലത്തെ കവിഞ്ഞ രണ്ടു ക്രാന്തദര്‍ശികളും നവബുദ്ധവാദികളായിരുന്നു. അനുകമ്പയുടെ നീതിശാസ്ത്രം വിരചിച്ച ഗുരുവിന്റെ ശിഷ്യനായ സഹോദരന്‍ ജനായത്തപരമായ കാവ്യശാസ്ത്രം കൂടി ചമച്ചു. അതാണു പുതിയ കുട്ടികള്‍ പ്രാഥമിക തലം മുതല്‍ പഠിക്കേണ്ടത്. ഗുരുവിലും സഹോദരനിലും കൂടി അവര്‍ അംബേദ്കറിലേക്കും ബുദ്ധനിലേക്കും ഉണരുമ്പോഴാവും ഇന്ത്യന്‍ ജനായത്തം പൂവിടുക. ആയിരം പൂക്കള്‍ വിടരട്ടേ എന്ന് മുല്‍ക്ക് രാജിന്റെ നമസ്‌കാരത്തെ മടക്കിയ ബാബാസാഹേബും നാനമോനം എന്ന നമ്മുടെ അശോക വിജയ ദശമിയിലെ എഴുത്തുവണക്കവും നാമോര്‍ക്കണം. അശോകകേരളചരിതങ്ങളാണ് കുട്ടികള്‍ പളളിക്കൂടങ്ങളില്‍ പഠിക്കേണ്ടത്.

ചരിത്രപരമായി ജാതിസമൂഹത്തില്‍ അമിതപ്രാതിനിധ്യം കൈയ്യാളിയ സവര്‍ണ സാമൂഹ്യ വിഭാഗങ്ങളുടെ സമഗ്രാധികാര അമിത പ്രാതിനിധ്യ കുത്തക കൂടുതല്‍ പെരുകുന്ന വര്‍ത്തമാനത്തില്‍ സഹോദരനും ബാബാസാഹേബുമുയര്‍ത്തിയ സാമൂഹ്യ ജനായത്ത ഭാവനയും സാമുദായിക പ്രാതിനിധ്യചിന്തയും ഭാവിയിലേക്കുള്ള ജനായത്ത സ്വപ്‌നവും നൈതികവും കാരുണികവുമായ വിശ്വസാഹോദര്യവുമാണ്. പ്രാതിനിധ്യമില്ലാതെ ജനായത്തവും സാമൂഹ്യ പങ്കാളിത്തവും ക്ഷേമവും ഉണ്ടാവില്ല എന്നു നാമറിഞ്ഞു. മഹാകവി ആശാന്‍ പോലും ബൗദ്ധമായ കരുണയും ചണ്ഡാലഭിക്ഷുകിയും ബുദ്ധചരിതവുമെഴുതിയ പക്വമായ അന്ത്യകാലത്തു സമ്മതിച്ച പോലെ സാക്ഷാല്‍ ഗുരുവിനെ പ്രസവിച്ച ഒരു സമുദായത്തിനു മാത്രമേ സഹോദരനെ പോലുള്ള ഒരു ധീര നിത്യനൂതന പ്രവാചക ശബ്ദത്തിനു ജന്മം കൊടുക്കാനാവൂ. കവിയുടെ കാലത്തെ കവിയുന്ന ചരിത്രപരമായ സത്യപ്രസ്താവം. 1924 ല്‍ നേരത്തേ പോയിരുന്നില്ലായിരുന്നു എങ്കില്‍ ആശാനും ബുദ്ധനെ കുറിച്ചു മാത്രമല്ല നവബുദ്ധനായ അംബേദ്കറെ കുറിച്ചും പാടിയേനേ. മൂലൂരിന്റെ ധര്‍മ്മപദ മൊഴിമാറ്റവും ഗുരുവിന്റെ തിരുക്കുറല്‍ പരിഭാഷയും കൂടി പ്രബുദ്ധമായ ഈ കേരള ജനായത്ത സമീക്ഷയില്‍ ഓര്‍ക്കാം. ഇതൊക്കെയാകണം സര്‍വകലാശാലാ പാഠ്യപദ്ധതി. ദേശീയ അമിത അഭ്യാസ നയം അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. രാമായണ, മാവാരത, ഗീതാസ്വാധ്യായങ്ങള്‍ കൊണ്ടതാവില്ല. അപരവല്‍ക്കരണ ഹിംസാപാഠങ്ങള്‍ വംശഹത്യയിലേക്കും പുറന്തള്ളലിലേക്കും വരേണ്യതയിലേക്കും നയിക്കും. കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാനെന്നു ഗുരു.

ആശാന്റെ നാഗരീക വിശ്രുതമായ കാവ്യങ്ങളായ സിംഹപ്രസവവും തീയക്കുട്ടിയുടെ വിചാരവും തോട്ടത്തിലെ എട്ടുകാലിയും പോലെ വര്‍ത്തമാനത്തില്‍ മുഴങ്ങുന്ന സത്യനീതി പ്രസ്താവമാണ് ജനായത്തപരമായ പ്രാതിനിധ്യ സംസ്‌കാരം. കേരള ആധുനികതയും ഇന്ത്യയുടെ ജനായത്ത ആധുനികതയും ഭരണഘടനാ നൈതികതയും തമ്മിലുള്ള ഇത്തരം ചരിത്ര ബന്ധങ്ങളാണ് നമ്മുടെ പുതു തലമുറ പഠിക്കുകയും ഗവേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും മാധ്യമസംവാദം നടത്തുകയും ഒക്കെ ചെയ്യേണ്ടത്. അമിത പ്രാതിനിധ്യ കുത്തക മാധ്യമങ്ങളേയും തകര്‍ക്കും. അധീശ പാഠങ്ങളും പ്രതിലോമ വരേണ്യ ലാവണ്യലീലാവിലാസങ്ങളും സൗന്ദര്യവാദങ്ങളുമാണ് അരങ്ങു നിറയുന്നത്. അംബേദ്കറുടെ ജനായത്ത ഭരണഘടനയെ കുറിച്ചുള്ള സാക്ഷരതയും ജനായത്ത സാക്ഷരതയുമാണിന്ന് വിദ്യാഭ്യാസത്തില്‍ ഏറെ നിര്‍ണായകം. പകരം കേരളത്തില്‍ പോലും നടക്കുന്നത് സത്യനീതി വിരുദ്ധമായ അട്ടിമറിയാണ്.

അംബേദ്കർ
ഗാന്ധിജി
സഹോദരന്‍ അയ്യപ്പന്‍

യഥാര്‍ഥ പ്രബുദ്ധ ചരിത്രവും സാഹിത്യവും സംസ്‌കാരവും മറച്ചുവച്ച് ഹൈന്ദവ സാമാന്യബോധവും സമവായവും ഉണ്ടാക്കിയതിന്റെ ഫലമാണിതെല്ലാം. ഭാഷാമൗലികവാദികളും വരേണ്യ സംസ്‌കാരവാദികളും സങ്കുചിത പ്രാദേശിക ഭാഷാ, മത, സ്വത്വവാദികളും ലാവണ്യവാദികളുമാണ് ലോകത്തെ ഫാഷിസത്തിനെല്ലാം ഉറവിടം. കിണറ്റിലെ തവളകളാണവരെല്ലാം. ലോകയാഥാര്‍ഥ്യമായ ബഹുസ്വരതയേയും വൈവിധ്യത്തേയും അതിന്റെ പ്രാതിനിധ്യത്തേയും അവരംഗീകരിക്കുന്നില്ല. അവര്‍ക്കു വിദ്യാഭ്യാസവും ബോധോദയവും കൊടുത്തേ മതിയാവൂ. അതാണ് ബാബാ ആധുനിക ആംഗലത്തില്‍ പറഞ്ഞ പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന പുത്തരുടെ തന്നെ ത്രിശരണങ്ങള്‍.

സ്മൃതിശ്രുതിപുരാണങ്ങളും കുലീനകാവ്യേതിഹാസങ്ങളും ഹൈന്ദവ ഭക്തിസാഹിത്യവും ഗുരു പറഞ്ഞപോലെ രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബുകന്റെ ഗതിയാവും ഉണ്ടാക്കുക. കാരണം സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കള്‍ എന്നു ഗുരു ചോദിച്ചു. അതിനാല്‍ പശ്ചാത്യരും യൂറോപ്യന്‍ ആധുനികതയുമാണ് തന്‍ ഗുരുക്കന്മാരെന്നദ്ദേഹം പ്രഖ്യാപിച്ചു. കൊല്ലുന്നവനെത്ര നന്മയുണ്ടെങ്കിലും വെറും മൃഗത്തിന് തുല്യനാണെന്ന് 1914 ല്‍ തന്നെ അദ്ദേഹം ജീവകാരുണ്യ പഞ്ചകത്തിലെഴുതി. രാമകൃഷ്ണന്‍മാരുടെ പ്രഹേളികയിലും ഹിന്ദുയിസത്തിന്‍ ഫിലോസഫിയിലും അംബേദ്‌കറും പ്രശ്‌നവല്‍ക്കരിച്ചത് കൊല്ലുന്ന ദൈവങ്ങളുടെ മാനവികതയാണ്. ഗാന്ധിജി ഗുരുവിനെ കാണാന്‍ വന്നപ്പോള്‍ സഹോദരന്‍ നേരിട്ടു ചോദിച്ചതും കൊല്ലുന്ന, കൊല്ലാന്‍ പഠിപ്പിക്കുന്ന ദൈവത്തെ കുറിച്ചായിരുന്നു. മലയാളി കുലീന മുന്‍ഷിമാരും ആസ്ഥാന നിലയവിദ്വാന്മാരായ പട്ടത്താനികളായ പ്രൊഫസറന്മാരും നിരന്തരം അക്കാദമി വേദികള്‍ ദുരുപയോഗം ചെയ്ത്, മാധ്യമ മേശകളെ കോളനീകരിച്ച് പൊതു ചിലവില്‍ നടത്തിയ മാവാരത രാമായണ പട്ടത്താനങ്ങളും ഗീതാഗിരി ശിബിരങ്ങളും ഇതിഹാസ സപ്താഹങ്ങളും ഈ മൃഗീയ ഹൈന്ദവ പൊതുബോധത്തെ ആക്രാമകമാക്കി വിജ്രംഭിപ്പിച്ച്, തീണ്ടാരി ലഹളകളിലേക്കും കൊടിയ ഭരണഘടനാ ധ്വംസനങ്ങളിലേക്കും ജനായത്തവിരുദ്ധ ആധുനികപൂര്‍വ അമിതാധികാര ക്ഷുദ്ര ലഹളകളിലേക്കും വിശ്വാസി വിപ്ലങ്ങളിലേക്കും സമഗ്രാധികാര പ്രയോഗങ്ങളിലേക്കും കൂപ്പുകുത്തുന്നു എന്നു വര്‍ത്തമാനകാല പ്രതിവിപ്ലവങ്ങള്‍ കേരളത്തില്‍ തന്നെകാട്ടിത്തരുന്നു.

ജനായത്തം ശ്രമകരമായ ഒരു ജീവിത സംസ്‌കാരവും ധാർമ്മിക (പാലി) സഭ്യതയും മെത്ത അഥവാ മൈത്രിയെന്ന സാഹോദര്യ ചിന്തയിലടിയുറച്ച സമതയുടെയും ജനതയുടേയും ലോകൈക തത്വചിന്തയുമാണ്. അംബേദ്കറുടെ ജേണലുകളായിരുന്നു ഇവ. കാരുണികവും നൈതികവുമായ ഈ നീതിയുടെ വഴി, ബുദ്ധനിലാണതിനു തുടക്കം. സാമൂഹ്യ പങ്കാളിത്തവും പ്രാതിനിധ്യവുള്ള ബുദ്ധരുടെ അഥവാ തമിഴക തെന്നിന്ത്യന്‍ രീതിയില്‍ പുത്തരുടെ സംഘമാണ് അംബേദ്കറെ ഇന്ത്യന്‍ ജനായത്ത നിര്‍മാണഘടന നിര്‍മിക്കാന്‍ ചരിത്രപരമായി അടിത്തട്ടില്‍ നിന്നും പ്രചോദിപ്പിച്ചത്. ബുദ്ധനേയും കബീറിനേയും ഫൂലേയേയുമാണ് നവബുദ്ധനായ അംബേദ്കര്‍ ഗുരുക്കന്മാരായി കണ്ടത്. ആ പുത്തനിന്ത്യയേയും പുത്തന്‍ കേരളത്തേയും നാം അറിഞ്ഞു കണ്ടെത്തണം.

അവസാനകാല ബി. ബി. സി. ഭാഷണത്തില്‍ സ്വാതന്ത്ര്യ, സമത്വ, സാഹോദര്യങ്ങളെന്ന ആധുനികതയുടെ അടിസ്ഥാന ജനായത്ത മൂല്യങ്ങള്‍ താന്‍ യൂറോപ്യന്‍ ആധുനികതയില്‍ നിന്നു മാത്രമല്ല തന്റെ മാസ്റ്ററായ ബുദ്ധനിലും അദ്ദേഹത്തിന്റെ സംഘനിയമാവലിയില്‍ നിന്നുമാണത് വീണ്ടെടുക്കുന്നത് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിയമനിര്‍മാണവും പൊതുചര്‍ച്ചയും സംവാദ നിയങ്ങളും പാര്‍ലമെന്റിലെ ഓരോ നടപടിക്രമങ്ങളും സിറ്റിങ്ങും തിരഞ്ഞെടുപ്പും അഭിപ്രായ സ്വാതന്ത്ര്യ സമീപനരേഖകളും വരെ ബുദ്ധവചനങ്ങളിലൂടെ തിപിടകത്തിലെ വിനയപിടകത്തിലെ ജനായത്ത നിയമാവലിയില്‍ ധർമ്മലിപിയില്‍ പാലി ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അംബേദ്കര്‍ പാലി പഠിച്ച് ബൗദ്ധ വൈജ്ഞാനിക രചനകളിലൂടെ ഗവേഷണമാരംഭിച്ചപ്പോഴാണ് ആധുനിക ജനായത്ത ഇന്ത്യ ഉണ്ടായതും ഇന്ത്യാചരിത്രം മാറിയതും. സംസ്‌കൃതവല്‍ക്കരണം ഹൈന്ദവീകരണം തന്നെ. ഇതാണ് വിദ്യാഭ്യാസരംഗത്ത് കേരളം അറിയേണ്ടത്. ജാതിവര്‍ണാന്ധതയുടെ ഇരുട്ടില്‍ നിന്നും അനുകമ്പാപൂര്‍വം വിമോചിപ്പിച്ച ആധുനിക കേരള വിധാതാവായി ഗുരുവിനെ കുറിച്ചു പറയുന്ന പോലെ യഥാര്‍ഥ ആധുനിക ഇന്ത്യയുടെ വിധാതാവായി നവബുദ്ധന്‍ ജനങ്ങളാല്‍ വീണ്ടെടുക്കപ്പെടുന്നു.

ശൂദ്രനും അവര്‍ണനും മ്ലേഛനും മാത്രമല്ല ചണ്ഡാല സ്ത്രീക്കും പുത്തരുടെ സംഘത്തില്‍ അഥവാ സംഘടിതമായ ജനായത്ത പങ്കാളിത്ത ക്രമത്തില്‍ തുല്യ സ്ഥാനമാണ്. ഇതിനേയാണ് ഇഴചേര്‍ന്ന ഈഴമെന്നു തെക്കന്‍ പ്രാകൃതമെന്ന് അംബേദ്കര്‍ വിളിക്കുന്ന പ്രാചീന തമിഴില്‍ പറയുന്നത്. അംബേദ്കറെ 1940 കളുടെ മധ്യത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല കേരള കവിതയിലും ജാതിഭാരതത്തിലൂടെ തുറന്നു സ്വാഗതം ചെയ്തഭിവാദ്യം ചെയ്ത ഗുരുശിഷ്യരായ സഹോദരനും അദ്ദേഹത്തിന്റെ കവിതകളും ജാതിവിരുദ്ധ ജീവിതവും, നൂറു വര്‍ഷം തികഞ്ഞ ആശാന്‍ രചിച്ച ചണ്ഡാല ഭിക്ഷുകി എന്ന ടാഗോറിനും മുമ്പു സാധ്യമായ വിശ്വോത്തര വിമോചന കാവ്യവും വ്യക്തമാക്കുന്നത് സംഘടിതമായ ആ പ്രബുദ്ധതയാണ്. വിശ്വോത്തരമായ ജനായത്തവും വെട്ടിനീക്കപ്പെട്ടവരുടെ ജനായത്ത പ്രാതിനിധ്യവുമാണ് ഇഴചേര്‍ന്ന ഈഴവും പ്രബുദ്ധമായ സംഘവും. തമിഴില്‍ ചങ്കം എന്നുമതറിയപ്പെടുന്നു. സംഘസംസ്‌കാരവും സാഹിത്യവുമാണ് വള്ളുവരും അതിനെ ഉപജീവിച്ച് ഗുരുവും മൂലൂരും പാടിയ പോലെ തെന്നിന്ത്യയുടെ നാഗരീകാധാരം.

ജാതിഹിന്ദുത്തമെന്ന വൈദിക സനാതന വര്‍ണാശ്രമധര്‍മത്തിന്‍ ചാണകക്കൂനയില്‍ ജനായത്തം പടുത്തുയര്‍ത്തുന്നത് ശ്രമകരമാണ്. കാരണം രണ്ടായിരം വര്‍ഷത്തോളമായി അംബേദ്കര്‍ പറയുന്ന പോലെ അവസാന മൗര്യ ചക്രവര്‍ത്തിയെ ചതിയില്‍ കൊന്ന ബ്രാഹ്‌മണ കൊലയാളി-പടയാളി സഖ്യത്തിനു ശേഷം മനുസ്മൃതിയെന്ന വര്‍ണജാതി മണിപ്രവാളമായിരുന്നു ഇന്ത്യയുടെ വര്‍ണസംബന്ധിയായ രാജനീതിയും ജാതിക്കൊലയുടെ ശിക്ഷാവിധിയും ഭരണാധാരവും. തെന്നിന്ത്യയില്‍ എട്ടാം നൂറ്റാണ്ടു മുതല്‍ ശൈവവൈഷ്ണവ ഭക്തിലഹരികളിലൂടെ ബ്രാഹ്‌മണിക വര്‍ണാശ്രമധര്‍മം സ്ഥാപിക്കപ്പെട്ടു. മാവേലിയേയും മഹിഷാസുരനേയും രാവണനേയും ചവിട്ടിത്താഴ്ത്തുന്ന വാമനാദര്‍ശം പിടിമുറുക്കി. സഹോദരന്റെ ഓണപ്പാട്ടും 1934 ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡവും പഠിക്കപ്പെടണം. അശോക കാലം മുതല്‍ അതുവരെയുള്ള പ്രബുദ്ധതയുടെ ചരിത്രം കുട്ടികള്‍ പഠിച്ചാലേ ജാതിയുടെ ഇരുട്ടിനെ കുറിച്ചു മനസ്സിലാകൂ, ജനായത്തത്തിനായി അവര്‍ ജീവിക്കൂ. രാഷ്ട്രം നിലനില്‍ക്കൂ.

രാഷ്ട്രശില്പിയും ഭരണഘടനാവിദഗ് ദനുമായ അംബേദ്കര്‍ അതു കൊണ്ടാണ് ജിവിതമര്‍പ്പിച്ച് ബുദ്ധിസത്തെ ഇന്ത്യയില്‍ വീണ്ടെടുത്തത്. അത് പരമ്പരാഗത മതമല്ല പ്രാതിനിധ്യ ജനായത്ത തത്വചിന്തയാണ് എന്നദ്ദേഹം പറയുന്നു. പ്രാതിനിധ്യത്തിന്റെ കലയും സാധ്യതയുടെ രാഷ്ട്രീയവുമാണ് ജനായത്തം. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ഏതാനും അമിതപ്രാതിനിധ്യ കുത്തക സവര്‍ണരുടെ ഭരണം കേവലം ഒളിഗാര്‍ക്കി ആകുന്നു. പര്യാപ്തമായ തികഞ്ഞ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പൗരാവകാശമാക്കിയത് 16.4 അനുഛേദത്തില്‍ നവബുദ്ധനായ ബാബാസാഹേബ് എഴുതിയാഴ്ത്തിയ നീതിയുടെ ആംഗല അക്ഷരങ്ങളാണ്.
(തുടരും)
9895797798

Author

Scroll to top
Close
Browse Categories