പിന്നാക്കക്കാര്‍ക്ക് എന്നും പിന്‍ബഞ്ച് മതിയോ?

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ത്രീശബ്ദം കൊണ്ട് മുഖരിതമായിരിക്കും. സന്തോഷത്തിന്റെയും ആവേശത്തിന്റെയും ഈ ധന്യനിമിഷം പക്ഷെ പ്രതിഷേധിക്കാനുള്ളതു കൂടിയായി മാറി. കാരണം, സ്ത്രീ സംവരണത്തില്‍ ഉപസംവരണമായി പിന്നാക്ക ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. സ്ത്രീസംവരണ ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിത സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷെ പിന്നാക്ക വനിതാ സംവരണം ഉറപ്പുവരുത്തിയില്ല.

സ്‌ത്രീ ശാക്തീകരണത്തിന്റെ ശംഖൊലിയായി വനിതാസംവരണം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളുംഏകകണ്‌ഠേന പാസാക്കിയ വനിതാസംവരണം സ്ത്രീശക്തിയുടെ അനിവാര്യമായ അംഗീകരിക്കലാണ്. ഇനി സ്ത്രീകളില്‍ നിന്ന് പ്രഗത്ഭരായ അനേകം പേര്‍ ഭരണനിര്‍വഹണവേദികളില്‍ പട്ടാഭിഷിക്തരാവും.

ഇന്ത്യ ജനാധിപത്യ രേഖകളില്‍ പുതുചരിത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുന്നു. അനേക വര്‍ഷം മുമ്പ് അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ ജൈത്രയാത്രയിലെ അനര്‍ഘനിമിഷം. സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ നെഹ്‌റു പ്രസ്താവിച്ചിരുന്നു ലോകം പൂര്‍ണ സൂഷുപ്തിയിലായിരിക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും ഉണരുകയാണ്. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ത്രീശബ്ദം കൊണ്ട് മുഖരിതമായിരിക്കും.

ഇന്ദിരാഗാന്ധി
സരോജിനി നായിഡു

സന്തോഷത്തിന്റെയും ആവേശത്തിന്റെയും ഈ ധന്യനിമിഷം പക്ഷെ പ്രതിഷേധിക്കാനുള്ളതു കൂടിയായി മാറി. കാരണം, സ്ത്രീ സംവരണത്തില്‍ ഉപസംവരണമായി പിന്നാക്ക ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. സ്ത്രീസംവരണ ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിത സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷെ പിന്നാക്ക വനിതാ സംവരണം ഉറപ്പുവരുത്തിയില്ല. നരേന്ദ്രമോദിയെ ആര്‍.എസ്.എസ്. ഒരിക്കല്‍ അവതരിപ്പിച്ചത് പിന്നാക്ക ജനവിഭാഗത്തിന്റെ ഐക്കണ്‍ ആയിട്ടായിരുന്നു. പിന്നീട് ദരിദ്രരുടെ മിശിഹയായും ഹിന്ദുഹൃദയ സാമ്രാട്ടായും വികാസ് പുരുഷനായും അവതരിപ്പിക്കപ്പെട്ടു. ആ മോദിയുടെ മുന്‍കൈയ്യില്‍ അവതരിപ്പിക്കപ്പെട്ട വനിതസംവരണ ബില്ലിലും പിന്നാക്ക വനിതകള്‍ പുറത്തായി. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ചുറ്റുകോണി യാത്രയുടെ ചെറുവ്യതിയാനം മാത്രം. ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുതിയ രൂപങ്ങളില്‍ നിലനില്‍ക്കുന്നു. വര്‍ണാശ്രമ വ്യവസ്ഥയുടെ പ്രേതങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ അലഞ്ഞു നടക്കുന്നുണ്ട്. സനാതനികള്‍ തെളിഞ്ഞും ഒളിഞ്ഞും അധികാരത്തില്‍ പിടിമുറുക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടനവേളയിലും പ്രത്യേക സമ്മേളനത്തിലും ദ്രൗപതിമുര്‍മു സന്നിഹിതയായിരുന്നില്ല. ഇന്ത്യയുടെ പ്രഥമ പൗരയാണെങ്കിലും പ്രധാന മുഹൂര്‍ത്തങ്ങളില്‍ അവര്‍ ഒഴിവാക്കപ്പെടുന്നു. ആദിവാസിയും വിധവയുമായ അവര്‍ക്ക് അധികാരം കാഴ്ചവസ്തുമാത്രമാണ്. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗം അധികാരത്തിന്റെ അയല്‍പക്കങ്ങളില്‍ പോലും എത്തരുത്.

തുല്യത
തുല്യതയുടെയും നീതിയുടെയും രാഷ്ട്രീയ സാക്ഷാത്കാരമാണ് വനിതാ സംവരണബില്ല്. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വിജയം. സ്ത്രീകളെ അടിമകളായും ദുര്‍ബലരായും കാണുന്ന സമീപനത്തില്‍ മാറ്റം ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ സമൂഹം. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണങ്ങളില്‍ 33.3 ശതമാനം സംവരണം പഞ്ചായത്തീരാജ് സംവിധാനങ്ങളുടെ ഭാഗമായി സാക്ഷാത്കരിക്കപ്പെട്ടിരുന്നു. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ സര്‍വമേഖലകളിലും യാഥാര്‍ത്ഥ്യമായി വരുന്നു. സ്ത്രീകളുടെ പരിമിതി അവരുടെ ശരീര ഘടനയാണ്. തുല്യത ലഭിക്കുന്നതില്‍ നിന്ന് അവരെ തടയുന്നതാണ്. പുരുഷ ശക്തിയുടെ അല്ലെങ്കില്‍ മാസ്‌ക്യുലാനിറ്റിയുടെ മുന്നില്‍ കായികക്ഷമതയില്ലായ്മയാണ് സ്ത്രീക്ക് തുല്യത ലഭിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. ഇതിന് മാറ്റം വരുത്താനുള്ള പോരാട്ടം ലോകവ്യാപകമായി വളര്‍ന്നുവരികയാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലും നിരവധി മേഖലകളില്‍ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ തുല്യതയ്ക്കും വേണ്ടിയുള്ള സമരങ്ങള്‍ നടന്നിരുന്നു. നമ്മുടെ കേരളത്തില്‍ നടന്ന അടുക്കള സമരം പോലും അതിന്റെ ഭാഗമായിരുന്നു.

പോരാട്ടത്തിന്റെ ചരിത്രം
സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളും നിയമസംരക്ഷണവും ആവശ്യപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മുന്നേറ്റം ഫെമിനിസത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്. 1917ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സമരങ്ങള്‍ ആരംഭിക്കുന്നത്. അന്ന് ആനിബസന്റ് ,ഡൊറോത്തി ജിനരാജദാസ, മാര്‍ഗരറ്റ് കസിന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വുമണ്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. സരോജിനി നായിഡുവിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളെ കണ്ട് സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ ഫലമായി ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി സ്ത്രീ-പുരുഷ വ്യത്യാസം വോട്ട് ചെയ്യുന്ന കാര്യത്തില്‍ ഒഴിവാക്കാന്‍ നാട്ട് രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗീതമുഖർജി
മായാവതി

ഇന്ത്യയില്‍ തിരുവിതാംകൂറിലാണ് സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചത്. പിന്നാലെ മദ്രാസ്, ബോംബെ പ്രവിശ്യകളിലും വോട്ടവകാശം ലഭിച്ചു. പൗരസ്വാതന്ത്ര്യം പൂര്‍ണമായ തോതില്‍ ലഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. 1935ലെ ഇന്ത്യ ആക്ട് പ്രകാരം വോട്ടവകാശത്തിനുള്ള പരിമിതികള്‍ മാറ്റിവെക്കപ്പെട്ടു. തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണ സഭയിലേക്ക് 1924-ല്‍ മേരി പുന്നന്‍ ലൂക്കോസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇവരാണ് കേരളത്തിലെ ആദ്യ വൈദ്യബിരുദധാരി. ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ വളര്‍ന്ന് സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലേയ്ക്ക് അത് വഴിയൊരുക്കി. പക്ഷെ ആ സമരഘട്ടങ്ങളില്‍ ഒരിടത്തും പിന്നാക്ക സ്ത്രീശക്തിയുടെ വിമോചനത്തിനുള്ള അന്വേഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് നല്‍കുന്ന സൂചന വനിതാ സംവരണബില്ല് പ്രാവര്‍ത്തികമായി കഴിഞ്ഞാലും പിന്നാക്ക സ്ത്രീ വിമോചനത്തിനുള്ള സമരം ശക്തിപ്പെടുത്തേണ്ടി വരുമെന്നാണ്.

ശാപമോക്ഷം
ആകാശയാനങ്ങളുടെ നിയന്ത്രണം വരെ സ്ത്രീകളുടെ കൈകളില്‍ സുരക്ഷിതമാണ് എന്ന് ലോകം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 1917-ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന മോട്ടിഫ് ട്രാക്ടര്‍ ഓടിക്കുന്ന സ്ത്രീയായിരുന്നു. അതിന് ശേഷം 2023-ല്‍ നമ്മള്‍ കാണുന്നത് സ്ത്രീശക്തിയുടെ ഉജ്ജ്വല വിജയങ്ങളാണ്. സ്ത്രീശക്തി കൈവരിക്കാത്ത നേട്ടങ്ങളില്ല. സ്ത്രീശക്തി എത്തിച്ചേരാത്ത ഉയരങ്ങളില്ല. എന്നാല്‍ ഇന്ത്യയില്‍ അത് സാധ്യമാവുന്നില്ല. 1917-ല്‍ ആനിബസന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായി. 1925-ല്‍ സരോജിനി നായിഡുവും അതേ പദവിയില്‍ എത്തി. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അനിവാര്യമായ പങ്കാളിത്തം എന്ന നിലയില്‍ അത് വാഴ്ത്തപ്പെട്ടു. പക്ഷെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ തുല്യതയുടെ തലങ്ങളിലേയ്ക്ക് എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായില്ല. ഇന്ദിരാഗാന്ധി തന്റെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് ഇന്ത്യയുടെ ഭരണസാരഥിയായി മാറിയത് ഒറ്റപ്പെട്ട മുന്നേറ്റമായിരുന്നു. അതൊഴിച്ചാല്‍ സ്ത്രീകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുപോലെ അവസര സമത്വവും തൊഴില്‍ സാദ്ധ്യതയും ഇന്ത്യയില്‍ ലഭിക്കുന്നില്ല. ജനസംഖ്യയില്‍ പകുതിയോളം വനിതകള്‍ ഉള്ള ഇന്ത്യയില്‍ അവസര സമത്വവും ജനാധിപത്യ പങ്കാളിത്തവും അകന്നുതന്നെ നില്‍ക്കുകയാണ്. 1996 മുതല്‍ വനിതകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും 33% സംവരണം നല്‍കാനുള്ള ശ്രമം നടന്നുവന്നിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല.

1996-ല്‍ പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ വന്നു. പക്ഷെ അത് പാസായില്ല. 1998, 1999, 2002, 2003 വര്‍ഷങ്ങളില്‍ ഒരു സ്ഥിരം നാടകവേദി പോലെ ബില്‍ അവതരിപ്പിക്കപ്പെടുകയും പരാജയപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ച് നിന്നപ്പോള്‍ 2010-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ ബില്ല് പാസായി. പക്ഷെ അതിനുശേഷം അത് ലോക്‌സഭയില്‍ പരാജയപ്പെട്ടു. അതൊരിക്കലും പാസാകില്ല എന്ന് ഇന്ത്യയിലെ സ്ത്രീസമൂഹം വിശ്വസിച്ചുപോയി. അപ്പോഴാണ് ശാപമോക്ഷം പോലെ സെപ്തംബര്‍ 7-ാം തീയതി കേന്ദ്രമന്ത്രിസഭ വനിതാസംവരണ ബില്ല് പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ജെന്‍ഡര്‍ തുല്യത ഉറപ്പാക്കുക, രാഷ്ട്രീയ-ഭരണ മേഖലകളില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക. അങ്ങിനെ പുതിയ ഇന്ത്യയെ സൃഷ്ടിക്കുക. അതാണ് വനിതാസംവരണ ബില്ലിന്റെ അടിസ്ഥാന ലക്ഷ്യം.

ഭാരത സംസ്‌കാരം
സ്ത്രീ സംവരണത്തെക്കുറിച്ചുള്ള തര്‍ക്കം ആരംഭിക്കുന്നത് ഭരണഘടനാസഭ മുതലാണ്. അന്ന് വനിത സംവരണത്തെ എതിര്‍ക്കാന്‍ ഒരു വലിയ പട തന്നെ ഉണ്ടായിരുന്നു. കാരണം അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ സ്ത്രീ വിരുദ്ധതയ്ക്ക് മാന്യതയുണ്ടായിരുന്നു. പിന്നീട് നിരന്തരമായ സ്ത്രീ കൂട്ടായ്മകളുടെയും പുരോഗമന വാദികളുടെയും ശ്രമഫലമായി സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്ന് സമൂഹം മനസിലാക്കി. ഇന്ന് സ്ത്രീസംവരണത്തെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമില്ല. സ്ത്രീ സംവരണത്തെ എതിര്‍ക്കുന്നവര്‍ പ്രതിലോമശക്തികളായി വിലയിരുത്തപ്പെടുന്നു.

ആനി ബസന്റ്
മാർഗരറ്റ് ആൽവ

ഭരണഘടനാ സഭയില്‍ സ്ത്രീസംവരണത്തെ എതിര്‍ത്ത പുരുഷകേസരികള്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നത് ഭാരത സംസ്‌കാരത്തെ തന്നെ തറപറ്റിക്കുമെന്നായിരുന്നു. ഭരണഘടന സഭയിലെ 15 വനിതകളില്‍ ഒരാളായിരുന്ന രേണുക റേ സ്ത്രീ സംവരണത്തെ എതിര്‍ത്തു. അവര്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് സംവരണം വേണ്ട. സ്ത്രീകള്‍ അവരുടെ കഴിവും പ്രതിഭയും ഉപയോഗിച്ച് വളരുമെന്നാണ്. ‘സംവരണം വേണമെന്ന് പറയുന്നത് സ്ത്രീകളുടെ ബുദ്ധിശക്തിയെയും പ്രവര്‍ത്തനശേഷിയെയും അപമാനിക്കലാണ്. രേണുക റേ അങ്ങനെ പറഞ്ഞെങ്കിലും ഇന്ത്യയുടെ ആദ്യലോക്സഭയില്‍ സ്ത്രീകള്‍ അവരുടെ പ്രതിഭയും കഴിവും പ്രയോഗിച്ചിട്ടും 4.4% പ്രാതിനിധ്യം മാത്രമാണ് ലഭിച്ചത്. സ്വാതന്ത്ര്യം കിട്ടിയ കാലത്തിനെക്കാള്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ആണാധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കയാണ്. പുരുഷന്മാരുടെ സൗജന്യത്തില്‍ മാത്രം ലഭിക്കുന്ന സ്ഥാനലബ്ധികളാണ് ഇന്ന് സ്ത്രീകള്‍ക്ക് മെമ്പര്‍ ഓഫ് പാര്‍ലമെന്റ്. സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഏറെ ശബ്ദം മുഴങ്ങുന്ന കേരള നിയമസഭയില്‍ സ്ത്രീ സാന്നിദ്ധ്യം 7.86% മാത്രമാണ്. ആണ്‍കോയ്മയുടെ വാഴ്ച നിലനില്‍ക്കുന്ന സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് കടന്നുവരണമെങ്കില്‍ സംവരണം അനിവാര്യമാണ്. ഇതുവരെ നിര്‍വഹിക്കപ്പെടാതെ പോയത് പാട്രിയാര്‍ക്കിയുടെ പിടി അത്ര ശക്തമായിരുന്നതു കൊണ്ടാണ്.

ഉടന്‍ നടപ്പാക്കില്ല
വനിതാസംവരണ ബില്ല് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്നു. ഇതിനു കാരണം അമ്പത് ശതമാനത്തോളം വരുന്ന സ്ത്രീകളുടെ വോട്ട്ബാങ്കാണ്. വനിതാസംവരണത്തിന് നില്‍ക്കുന്നവരാണ് തങ്ങള്‍ എന്നു പറഞ്ഞാല്‍ വോട്ടുകിട്ടും എന്ന ചിന്തയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും അവരുടെ പ്രകടനപത്രികയിലെ പ്രധാന ഇനമാക്കി ബില്ലിനെ മാറ്റിയത്. പക്ഷെ നിരവധി വര്‍ഷങ്ങളായി അത് യാഥാര്‍ത്ഥ്യമാകാതെ പോയതും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് കൊണ്ടു തന്നെയാണ്. കാരണം ആണാധിപത്യമാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്ക് സംവരണം നല്‍കിയാല്‍ തങ്ങളുടെ അധികാരങ്ങളും സ്ഥാനങ്ങളുമാണ് നഷ്ടമാകുന്നത് എന്നതാണ് അവരുടെ പ്രശ്‌നം.

രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബഹുഭൂരിപക്ഷം പേരും അധികാര ആര്‍ത്തിയുടെ അടിമകളാണ്. സംവരണം തീര്‍ച്ചയായിട്ടും തങ്ങളുടെ പങ്കിനെയായിരിക്കാം ഇല്ലായ്മ ചെയ്യുക. അതുകൊണ്ടാണ് അവര്‍ അതിനെ രഹസ്യമായി പാരവെച്ചു കൊണ്ടിരുന്നത്. പ്രസംഗവേദിയില്‍ സ്ത്രീ സംവരണത്തിനുവേണ്ടി ആവേശത്തോടെ പ്രസംഗിക്കും. പിന്നീട് യവനികയ്ക്ക് പിന്നില്‍ അതിനെക്കാള്‍ ആവേശത്തോടുകൂടി വനിതാബില്ല് വരാതിരിക്കാന്‍ പ്രവര്‍ത്തിക്കും. ഈ ഇരട്ടത്താപ്പാണ് ഇതുവരെ അത് വൈകിപ്പിച്ചത്.

അന്ന് മുന്നിൽ,
ഇന്ന് പിറകിൽ

സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യ കുറച്ചു കൂടി മികച്ച സ്ത്രീ സമത്വസാദ്ധ്യതകള്‍ ഉല്പാദിപ്പിച്ചിരുന്ന രാജ്യമാണ്. ഇന്ന് ലിബറല്‍ ജനാധിപത്യത്തിന്റെ തലതൊട്ടപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയും ബ്രിട്ടനും അന്ന് ഇന്ത്യയ്ക്ക് പിറകിലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പാര്‍ലമെന്റില്‍ 4.4% വനിതകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ അമേരിക്കയില്‍ രണ്ട് ശതമാനവും ബ്രിട്ടനില്‍ മൂന്ന് ശതമാനവും ആയിരുന്നു. എന്നാല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള കാലം സ്ത്രീ ശാക്തീകരണത്തിന്റെ തോത് ചെറുതായിരുന്നു. ഫെമിനിസ്റ്റ് ശക്തിപ്രാപിച്ച പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീശക്തി കുതിച്ചുയര്‍ന്നു. അവര്‍ നടത്തിയ പോരാട്ടങ്ങള്‍, അവര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിര്‍വഹിച്ച പങ്ക്, പാരിസ്ഥിതിക മേഖലകളിലും മറ്റും നടത്തിയ മുന്നേറ്റങ്ങള്‍ പൊതുവില്‍ സ്ത്രീയുടെ സാമൂഹ്യപദവി ഉയര്‍ത്തി. ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ 35% വനിതകളുണ്ട്. അമേരിക്കന്‍ പാര്‍ലമെന്റില്‍ അത് 29% ആണ്. ഇന്ത്യ 14.9% സ്ത്രീ പങ്കാളിത്തം കൊണ്ട് വളരെ പുറകിലാണ്.
രാജീവ്ഗാന്ധിയുടെ പങ്ക്
ഇന്ത്യയില്‍ പഞ്ചായത്ത്‌രാജ് നടപ്പാക്കുന്നതിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിലും രാജീവ് ഗാന്ധിയുടെ പങ്ക് വലുതായിരുന്നു. 1987-ല്‍ രാജീവ്ഗാന്ധി നിയോഗിച്ച മാര്‍ഗരറ്റ് ആല്‍വ കമ്മിറ്റിയാണ് ഇന്നത്തെ വനിതാബില്ലിന്റെ ആദ്യശില്പികള്‍. ആ കമ്മറ്റിയുടെ സ്ത്രീസംവരണം എന്ന കണ്‍സെപ്റ്റാണ് നരസിംഹറാവു ഗവണ്‍മെന്റിനെക്കൊണ്ട് ത്രിതലപഞ്ചായത്തുകളില്‍ 33% സ്ത്രീ സംവരണം നടപ്പാക്കിയത്. നരസിംഹറാവു സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി സ്ത്രീ സംവരണം പാര്‍ലമെന്റിലും നിയമസഭയിലും വേണം എന്ന വാദത്തെ ശക്തിപ്പെടുത്തി. സ്ത്രീ സംവരണത്തെ മുഖ്യധാരാ രാഷ്ട്രീയ വിഷയമാക്കിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.
1996-ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് വനിത സംവരണ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. ബില്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. ആ സമിതിയുടെ അദ്ധ്യക്ഷ സി.പി.ഐ. എം.പി.യായിരുന്ന ഗീതമുഖര്‍ജി ആയിരുന്നു. ഗീതമുഖര്‍ജിയും മറ്റ് സമിതി അംഗങ്ങളും സമഗ്രമായി ബില്ലിനെക്കുറിച്ച് പഠിച്ചു. അവരുണ്ടാക്കിയ ഫ്രെയ്മാണ് ഇന്നത്തെ ബില്ലിന്റെ അടിത്തറ.
സ്ത്രീ ശക്തിയുടെ ഐക്കണായി ബില്ല് മാറണം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശവാദം ഉന്നയിക്കാം. പക്ഷെ വനിതാസംവരണം സ്ത്രീകളുടെ ന്യായമായ ആവശ്യമാണ്. അമ്പതുശതമാനം സ്ത്രീകള്‍ ജീവിക്കുന്ന രാജ്യത്ത് അമ്പതുശതമാനം പദവി അര്‍ഹതയാണ് അവകാശമാണ്. അതവര്‍ക്ക് ലഭിക്കണം. എസ്‌തേര്‍ ദ ഫ്‌ളോയുടെ പഠനം വ്യക്തമാക്കിയത് പുരുഷാധിപത്യഘടന പൊളിച്ചടുക്കാന്‍ ത്രിതല പഞ്ചായത്ത് തലത്തിലെ സ്ത്രീ സംവരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ്. അതുകൊണ്ട് ഈ വനിതാസംവരണ ബില്ല് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാഗ്‌നാകാര്‍ട്ടയാണ്. പുതിയതായി നിരവധി സ്ത്രീകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കടന്നു വരുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ രംഗം വിസ്മയകരമായ രീതിയില്‍ മാറും. സ്ത്രീവിരുദ്ധ ശക്തികള്‍ കല്‍തുറങ്കിലടക്കപ്പെടും. നമ്മുടെ സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങള്‍ കൂടുതല്‍ പക്വത നേടും. സമത്വപൂര്‍ണമായ ഒരു ജീവിതത്തിന്റെ സാധ്യതകളെ അത് പ്രോജ്ജ്വലിപ്പിക്കും. അധികാരത്തിലെത്തുന്ന സ്ത്രീകളുടെ പിന്നില്‍ നിന്ന് അവരെ ബാക്ക്‌സീറ്റ് ഡ്രൈവിംഗ് നടത്തുന്ന പുരുഷന്മാര്‍ കാലക്രമത്തില്‍ നിഷ്‌കാസിതരാവും. അങ്ങിനെ സ്ത്രീ-പുരുഷ സമത്വത്തിന്റെ സാദ്ധ്യത വര്‍ദ്ധിക്കും.
രാജീവ് ഗാന്ധി

ഇപ്പോള്‍ ബിജെപി മുന്‍കൈ എടുത്ത് അത് പാസാക്കിയപ്പോള്‍ അതിന്റെ പിന്നിലും ബിജെപിയുടെ അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉടന്‍ നടപ്പാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കാരണം രണ്ട് തെരഞ്ഞെടുപ്പില്‍ ഇതിനെ രാഷ്ട്രീയ ഉപകരണമാക്കാം എന്നതാണ്. ഒന്ന് 2024ലും മറ്റൊന്ന് 2029ലും. ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ സ്ത്രീസംവരണ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനും അത് പാസാക്കാനും ഇച്ഛാശക്തി കാണിച്ച ഏക പാര്‍ട്ടി ബിജെപിയാണ് എന്ന് അവര്‍ക്ക് അവകാശപ്പെടാം. എന്നാല്‍ അത് 2024-ല്‍ നടപ്പിലാക്കേണ്ടതില്ല. കാരണം, സംവരണബില്ല് പാസായെങ്കിലും അത് നടപ്പിലാക്കാന്‍ നിരവധി കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ട്. അതിലൊന്ന് സെന്‍സസ് പൂര്‍ത്തീകരണവും അതിനനുസരിച്ച മണ്ഡലപുന:ക്രമീകരണം നടത്തണം. മാത്രമല്ല സ്ത്രീകള്‍ കടന്നുവരുമ്പോള്‍ അതിനനുസരിച്ച് പുരുഷന്മാര്‍ക്ക് ഇടം നഷ്ടപ്പെടാതിരിക്കാന്‍ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും തള്ളാവുന്നതല്ല. അതെല്ലാം പൂര്‍ത്തീകരിക്കാന്‍ ഒരുപാട് സമയമെടുക്കും. സമയമെടുക്കണം എന്നത് ബിജെപി യുടെ നിശ്ചയമാണ്.

എല്ലാ കാര്യങ്ങളും ബിജെപി ആസൂത്രിതമായാണ് നിര്‍വഹിക്കുന്നത്. അതുകൊണ്ട് ഇതിന്റെ ആസൂത്രിതമായ നീക്കവും അവരുടെ ദീര്‍ഘകാല പദ്ധതി അനുസരിച്ചു തന്നെയായിരിക്കും. തെരഞ്ഞെടുപ്പില്‍ വിജയിക്കുക. മൂന്നാമൂഴത്തിലും മോദി പ്രഭ നിലനിര്‍ത്തുക. മുന്‍പ് പ്രഖ്യാപിച്ചതുപോലെ മൂന്നാമൂഴത്തില്‍ ഇന്ത്യയെ മൂന്നാം ലോകശക്തിയാക്കി മാറ്റുക. അതിനുള്ള ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിട്ടാണ് ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് വനിത സംവരണ ബില്ല് അവതരിപ്പിച്ച് പാസാക്കിയത്. എല്ലാവരും പിന്തുണക്കുന്ന ബില്ല് നേരത്തെ തന്നെ പാസാക്കാമായിരുന്നതാണ്. പക്ഷെ അത് കരുതിവെച്ച ആയുധമാക്കണമെങ്കില്‍ ഇപ്പോള്‍ അവതരിപ്പിക്കണം. വളരെ തിടുക്കത്തിലായിരുന്നു ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ബില്ല് ബിജെപി അവതരിപ്പിച്ചത്. അത് നടപ്പാക്കിയതും വളരെ വേഗത്തിലായിരുന്നു. അതുകൊണ്ട് ഓരോ കാര്യവും എപ്പോള്‍ വേണമെന്ന് അവര്‍ കൃത്യമായി പ്ലാന്‍ ചെയ്യും. വനിതാബില്ല് വളരെ ആസൂത്രിതമായി നിര്‍വഹിക്കപ്പെട്ട പദ്ധതിയാണ്.

എന്നാല്‍ ഇതിന് തടയിടാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായി. ബില്ലിന്റെ ക്രെഡിറ്റ് മുഴുവന്‍ ബിജെപി സ്വന്തമാക്കേണ്ടതില്ല എന്നാണ് അവര്‍ പറയുന്നത്. 2010-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാബില്ലിന്റെ ഒരു പാസാകല്‍ നടന്നതാണ്. അന്ന് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അത് കോണ്‍ഗ്രസ്സിന്റെ വാദം ‘ഇത് ഞങ്ങളുടെ ബില്ലാണ്’ എന്നാണ്. അതുകൊണ്ടാണ് ബില്ല് അവതരണവേളയില്‍ കോണ്‍ഗ്രസ് നിലപാട് കടുത്തതായിരുന്നത്. വനിതാബില്ലിന് അവര്‍ വോട്ടു ചെയ്തു. എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകളെ അവര്‍ എതിര്‍ത്തു. ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷം മാത്രമേ ഇത് നടപ്പാവുകയുള്ളു എന്ന ബില്ലിലെ വ്യവസ്ഥയെ കോണ്‍ഗ്രസ് എതിര്‍ത്തു. ഈ രണ്ട് വ്യവസ്ഥകളും വേണമെങ്കില്‍ സംവരണത്തെ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ഉപാധിയാക്കാം.

സ്ത്രീ സംവരണത്തിന് അകത്തുള്ള സംവരണത്തില്‍ കോണ്‍ഗ്രസ് ആദ്യം ശ്രദ്ധപതിപ്പിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ സംവരണം ബില്ലിന്റെ ഉപസംവരണ വിഭാഗമാണ്. ഇതിനൊപ്പം ഒബിസി സംവരണവും വേണം എന്ന് കോണ്‍ഗ്രസ് വാദിച്ചു. പക്ഷെ അതിന് വേണ്ടത്ര ആര്‍ജ്ജവം ഉണ്ടായിരുന്നില്ല. വനിതാസംവരണത്തില്‍ പ്രത്യേക ഒബിസി സംവരണം എന്നത് എല്ലാ പിന്നാക്ക ജാതിക്കാരുടെയും ആവശ്യമാണ്. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബിസി അനുകൂലവാദം കോണ്‍ഗ്രസിന് ഗുണം ചെയ്യും. പക്ഷെ ഫലത്തില്‍ ഒബിസി സംവരണത്തിനു വേണ്ടി വാദിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ് പിയും ഒബിസി സംവരണമില്ലാതെ തന്നെ സ്ത്രീ സംവരണബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.

Author

Scroll to top
Close
Browse Categories