നവോത്ഥാനത്തിന് വഴിതെളിച്ച് 50-ാം വർഷത്തിലേക്ക്
മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ ‘യോഗനാദം’ ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാര്‍ക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്. എന്‍. ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തിയ അവകാശസമരങ്ങളില്‍ സവര്‍ണചരിത്രം വെള്ളം കലര്‍ത്തിയപ്പോള്‍ അതിനെ ദൂരീകരിക്കുന്ന യഥാര്‍ത്ഥ ചരിത്രം സമുദായംഗങ്ങളിലേക്കെത്തിച്ചതും ‘യോഗനാദ’ത്തിലൂടെയാണ്.
ശ്രീനാരായണധര്‍മ്മപരിപാലന യോഗത്തിന്റെയും സമുദായത്തിന്റെയും ആവശ്യങ്ങളും അഭിപ്രായങ്ങളും സമുദായത്തിനകത്തും പുറത്തും അറിയിക്കാനായി ഒരു പത്രത്തിന്റെ ആവശ്യമുണ്ടെന്ന യോഗം പ്രവര്‍ത്തകരുടെയും സമുദായ സ്‌നേഹികളുടെയും ആഗ്രഹപൂര്‍ത്തീകരണമായിട്ടായിരുന്നു ‘വിവേകോദയ’ത്തിന്റെ സമാരംഭം. അങ്ങനെ യോഗത്തിന്റെ ആരംഭത്തോടെ തന്നെ സമുദായത്തിന്റെ ശക്തമായ ഒരു മുഖവാതില്‍ എന്ന നിലയില്‍ 1904 മെയ് 13 ന് ദ്വൈമാസിക എന്ന നിലയില്‍ ആദ്യം തുടങ്ങിയ പ്രസിദ്ധീകരണമാണ് ‘വിവേകോദയം’. ഒരു വര്‍ഷത്തിനു ശേഷം അതിനെ ഒരു മാസികയാക്കി ഉയര്‍ത്തുകയും ചെയ്തു.
യോഗത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ജനങ്ങളിലെത്തിക്കാന്‍ ‘വിവേകോദയം’ ഏറെ ഉപകരിച്ചു. യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്‍ പതിനഞ്ചു വര്‍ഷക്കാലം അതിന്റെ പത്രാധിപരായിരുന്നു. ‘വിവേകോദയ’ത്തിന്റെ മൂന്നാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആശാന്‍ ഒരു സന്ദേഹം രേഖപ്പെടുത്തി – ‘വിവേകോദയം’ വീണുപോയാല്‍ യോഗത്തിന് അതിന്റെ ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്ക് പറന്നുപോകുവാനുള്ള പക്ഷം വീണുപോയി എന്നുകൂടി നാം ഭയപ്പെടേണ്ടതാകുന്നു!. ‘സമുദായവുമായി ബന്ധപ്പെട്ട ഇടങ്ങളിലും ‘വിവേകോദയം’ നെടുനായകത്വം വഹിച്ചു. ആശാന്റെ പത്രാധിപത്യത്തിനു ശേഷം സി.വി. കുഞ്ഞുരാമന്‍ പത്രാധിപത്യം ഏറ്റെടുത്തു. ഇടയ്‌ക്കൊക്കെ ചില ലക്കങ്ങള്‍ മുടങ്ങിയിരുന്നെങ്കിലും ഏതാനും വര്‍ഷം പ്രസിദ്ധീകരണം പൂര്‍ണമായി നിലയ്ക്കാതെ മുന്നോട്ടു പോയിരുന്നു.
വിവേകോദയത്തിന്
വഴിമുടക്കാതെ
1122 വൃശ്ചികം മുതല്‍ രണ്ടു വര്‍ഷക്കാലം ആര്‍. ശങ്കറുടെ മേല്‍നോട്ടത്തില്‍ ‘വിവേകോദയ’ത്തിന്റെ പ്രസിദ്ധീകരണം വിജയകരമായി മുന്നേറി. യോഗം ബോര്‍ഡിന്റെ സമ്മതപ്രകാരം 1967 മുതല്‍ സി. ആര്‍. കേശവന്‍ വൈദ്യരെ ചുമതല ഏല്‍പ്പിക്കുകയും സ്തുത്യര്‍ഹമായ വിധത്തില്‍ അത് പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു.
യോഗത്തിന്റെ സംഘടനാബലവും പ്രവര്‍ത്തനമണ്ഡലവും വിസ്തൃതമായപ്പോള്‍ യോഗം വകയായി ഒരു പ്രത്യേക പ്രസിദ്ധീകരണം കൂടി ആരംഭിക്കണമെന്ന ആശയം പ്രബലപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കേ തന്നെ യോഗത്തില്‍ നിന്നും ഒരു ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാന്‍ ഉറപ്പിച്ചു. ഈ തീരുമാനത്തിന്റെ പിന്‍ബലത്തില്‍ യോഗത്തിന്റെ മുഖപത്രമായിരുന്ന ‘വിവേകോദയം’ മടക്കിനൽകാൻ കേശവന്‍ വൈദ്യര്‍ ഒരുമ്പെട്ടെങ്കിലും നല്ല നിലയിലും നിലവാരത്തിലും പ്രസിദ്ധീകരിച്ചുവരുന്ന ‘വിവേകോദയം’ അതേ നിലവാരത്തില്‍ നടന്നോട്ടെ എന്ന് യോഗം നിശ്ചയിച്ചു. ഈ തീരുമാനത്തെ വൈദ്യര്‍ ബഹുമാനപുരസ്സരം ഉള്‍ക്കൊള്ളുകയും ചെയ്തു. ഇത് നിലനില്‍ക്കെതന്നെ യോഗത്തിന്റെ മുഖപത്രം എന്ന നിലയില്‍ ‘യോഗനാദം’ 1975 മാര്‍ച്ചില്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. പ്രൊഫ. പി. എസ് വേലായുധനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി. എസ്. എന്‍.ഡി.പി. യോഗത്തിന്റെ തീരുമാനങ്ങളെയും സമുദായ മുന്നേറ്റങ്ങളെയും ജനശ്രദ്ധയില്‍ എത്തിക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതികളെ പറ്റി ജനങ്ങളെ ശരിയായി ധരിപ്പിക്കുക, സമുദായത്തിന്റെയും മറ്റ് പിന്നോക്ക സമുദായങ്ങളുടെയും നിവേദനങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നിവ ‘യോഗനാദ’ത്തിന്റെ മുഖ്യ ലക്ഷ്യങ്ങളായിരുന്നു. നിരന്തരമായ സവര്‍ണാക്രമണങ്ങള്‍ക്ക് വിധേയരായ മഹാരഥന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
ചായം പുരട്ടാത്ത
ചരിത്രം
സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം, ശാസ്ത്രം, മതം, രാഷ്ട്രം തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായ കരുത്തുറ്റ ലേഖനങ്ങള്‍ ‘യോഗനാദം’ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ ‘യോഗനാദം’ ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാര്‍ക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്. എന്‍. ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തിയ അവകാശസമരങ്ങളില്‍ ഇവിടുത്തെ സവര്‍ണചരിത്രം വെള്ളം കലര്‍ത്തിയപ്പോള്‍ അതിനെ ദൂരീകരിക്കുന്ന യഥാര്‍ത്ഥ ചരിത്രം സമുദായംഗങ്ങളിലേക്കെത്തിച്ചതും യോഗനാദത്തിലൂടെയാണ്.
ഇന്ന് ‘യോഗനാദം’ ദ്വൈവാരികയ്ക്ക് ഒരു ആമുഖം ആവശ്യമില്ല. അമ്പതാം വര്‍ഷത്തിലേക്കെത്തുന്ന യോഗനാദത്തില്‍ എഴുതാത്ത എഴുത്തുകാര്‍ ഇന്ന് കേരളത്തിലുണ്ടാവില്ല. ഇവിടെ മുഖ്യധാര എന്നു പറയപ്പെടുന്ന പലതിന്റെയും കോപ്പികളുടെ എണ്ണം പരിമിതമാണ്. എന്നാല്‍ ‘യോഗനാദ’ത്തിന്റെ പ്രചാരത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത് . ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ‘യോഗനാദ’മാണ് പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ജാതിമത കളം തിരിച്ച് കലയെ മുഖ്യധാര മറച്ചുപിടിക്കുമ്പോള്‍ ‘യോഗനാദം’ എല്ലാവര്‍ക്കും , പ്രത്യേകിച്ച് ദളിത് സാഹിത്യത്തിനും ന്യൂനപക്ഷ വിഭാഗങ്ങളിലെ എഴുത്തുകാര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരവും ഇടവുമാണ് നല്‍കുന്നത്. കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളുടെയും മുതലാളിമാര്‍ എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കാറില്ലെന്ന നഗ്‌നമായ സത്യം നിലനില്‍ക്കുമ്പോഴാണ് ‘യോഗനാദം’ എഴുത്തുകാരന്റെ ഗ്രേഡ് നോക്കാതെ പ്രതിഫലം എത്തിക്കുന്നത്. ‘യോഗനാദം’ അമ്പതാണ്ടുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സമുദായത്തിനകത്തും പുറത്തുമായി നടത്തിയ നവോത്ഥാനയജ്ഞങ്ങളും ചില്ലറയല്ല. പൊതുസമൂഹം ചര്‍ച്ചയ്‌ക്കെടുക്കാന്‍ വിസമ്മതിക്കുന്ന വിഷയങ്ങളടക്കം ‘യോഗനാദം’ ചര്‍ച്ചയ്‌ക്കെടുക്കുകയും ദൃശ്യമാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ന് ‘യോഗനാദം’ ഈഴവ സമുദായത്തിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ കൂടി മുഖപത്രമാണ്.