‘I LOVE TWITTER’ അഭിപ്രായസ്വാതന്ത്ര്യം ലോകധനികന്റെ കൈകളിലെത്തുമ്പോള്‍ ട്വിറ്ററിന്റെ ഭാവി ശോഭനമായിരിക്കുമോ?

കുട്ടികള്‍ കടകളില്‍ പോകുമ്പോള്‍ ഓരോരോ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, രക്ഷകര്‍ത്താക്കള്‍ അത് വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട്. അവരുടെകയ്യില്‍ അതുവാങ്ങുവാനുള്ള പണമില്ലെങ്കില്‍ കുട്ടികളോട് നാം എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറയാറുമുണ്ട്. എന്നാല്‍ ഒരാളുടെ വെറുമൊരു ട്വീറ്റ്, ‘I LOVE TWITTER’. അതിനുതാഴെ മറ്റൊരാളുടെ കമന്റ്, ‘എങ്കില്‍ പിന്നെ അതങ്ങു വാങ്ങിക്കൂടെ’ എന്ന്. അതിന് എഴുതിയയാളുടെ മറുപടി, ‘എത്ര ചെലവാകും?’. സോഷ്യല്‍ പ്ലാറ്റുഫോമുകളില്‍ സ്ഥിരമായി നടക്കുന്ന ഇത്തരം പൊള്ളയായ ചര്‍ച്ചകള്‍ പോലെ ഈ സംസാരം ഒതുങ്ങിയില്ല. ട്വീറ്റ് ചെയ്തയാള്‍ അതങ്ങു വാങ്ങി. രൊക്കം പണവും നല്‍കി, മൂന്നുലക്ഷം കോടി രൂപ

കഥ ആരുടെതെന്ന് ഇനിയും വ്യക്തമാക്കേണ്ടതില്ലല്ലോ. ലോകത്തെ ഏറ്റവും വലിയ ധനികനും വ്യവസായിയും, ശാസ്ത്രജ്ഞനും ഒക്കെയായ എലോണ്‍ മസ്‌ക്ക് ആഗോളസോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങിയിരിക്കുന്നു. അത് വാങ്ങുമ്പോള്‍ അദ്ദേഹം അതിനുപിന്നിലെ ചേതോവികാരവും കൃത്യമായി പ്രകടമാക്കി, ‘അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടണം’. അതെ, ഇന്ന് ഇല്ലാതെപോകുന്ന,അല്ലെങ്കില്‍ പല ഭരണകൂടങ്ങളും ഇല്ലാതെയാക്കുന്ന ‘സംഭാഷണസ്വാതന്ത്ര്യം’ എലോണ്‍ മസ്‌ക്ക് മുന്നോട്ടുവെക്കുമ്പോള്‍ ട്വിറ്ററിന്റെ ഭാവി ശോഭനമായിരിക്കുമോ? മസ്‌ക്കിന്റെ അടുത്ത നീക്കം, അല്ലെങ്കില്‍ ട്വിറ്റര്‍ കൂടുതല്‍ ജനകീയമാക്കുവാനായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും എന്തൊക്കെ തീരുമാനങ്ങള്‍ ഉണ്ടാകും? ലോകം ഉറ്റുനോക്കുന്നത് ഇത്തരം ചില ചോദ്യങ്ങള്‍ക്കായാണ്.

ഫേസ്ബുക്കും ട്വിറ്ററും തമ്മിലുള്ള യുദ്ധമായും, ഫേസ് ബുക്ക് സ്ഥാപകനായ സക്കര്‍ബര്‍ഗും മസ്‌ക്കും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായും ഇതിനെ കാണുന്നവരും ഏറെയാണ്. കൃത്രിമബുദ്ധി നിയന്ത്രിക്കപ്പെടണമെന്നും, അത് മനുഷ്യനോളം ഉയരുവാന്‍ അനുവദിക്കരുതെന്നും ഉള്ള മസ്‌ക്കിന്റെ പ്രസ്താവനയെ മുമ്പ് സക്കര്‍ബര്‍ഗ് ‘നിരുത്തരവാദിത്തപരം’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ഈ ശീതയുദ്ധം.

എന്താണ്
ട്വിറ്റര്‍?

ലോകത്തെ ഏറ്റവും വലിയതും, പ്രചാരമേറിയതുമായ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍. സാധാരണയായി സമൂഹമാധ്യമങ്ങളില്‍ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം അത് ലക്ഷ്യമിടുന്ന എത്രപേരില്‍ എത്തിച്ചേരുന്നു എന്നതിന്റെ എണ്ണത്തിനെ ആശ്രയിച്ചാണ് അതിന്റെ പ്രാധാന്യം നിശ്ചയിക്കുന്നത്. ഉന്നമിടുന്നവരില്‍ എത്തിച്ചേരാനെടുക്കുന്ന സമയവും പ്രധാനമാണ്. പകുതിപ്പേരില്‍ എത്താനെടുക്കുന്ന സമയത്തെ അര്‍ദ്ധായുസ്സ് (HALF LIFE) എന്ന് വിളിക്കുന്നു. ട്വിറ്ററിലെ ഓരോ ട്വീറ്റിനും ശരാശരി അര്‍ദ്ധായുസ്സ് ഇരുപതുമിനിറ്റാണ്. ഫേസ്ബുക്കിനാവട്ടെ അത് അഞ്ചു മണിക്കൂറും, ഇന്‍സ്റ്റാഗ്രാമിന് 20 മണിക്കൂറും, യൂട്യൂബിന് 20 ദിവസവുമാണ്. വേഗത്തിന്റെ ഈ ലോകത്തു ഓരോ ആശയവും ഏറ്റവും പെട്ടെന്ന് ആള്‍ക്കാരില്‍ എത്തിക്കുന്നത് തന്നെയാണ് ട്വിറ്ററിനെ ഏറ്റവും വലിയ സാമൂഹമാധ്യമഭീമന്‍ ആക്കുന്നതും.

ആരാണ്
എലോണ്‍ മസ്‌ക്ക് ?

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ 1971 ജൂണ്‍ 28 നു ആണ് എലോണ്‍ മസ്‌ക് ജനിച്ചത്. അച്ഛന്‍ ഇര്‍റോള്‍ മസ്‌ക് എന്‍ജിനീയര്‍ ആയിരുന്നു. അമ്മ മായ് മസ്‌ക് കനേഡിയന്‍ മോഡലും. കുട്ടിക്കാലത്തുതന്നെ കമ്പ്യുട്ടര്‍ പ്രോഗ്രാമുകളിലും മറ്റുമായിരുന്നു മസ്‌ക്കിന്റെ താല്‍പ്പര്യം. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാല്‍ പോരായെന്ന് തോന്നിയ അദ്ദേഹം പതിനെട്ടാം വയസ്സില്‍ ഡിഗ്രി പഠനത്തിനായി കാനഡയിലെത്തി. 1992ല്‍ തന്റെ സ്വപ്നരാജ്യമായ അമേരിക്കയിലേക്ക് എത്തി. അവിടെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ പഠനത്തിനുശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി. എച്ച്.ഡിക്കു ചേര്‍ന്നു. എന്നാല്‍ അവിടെ കാലങ്ങള്‍നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ഗവേഷണം മൂലം തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ മസ്‌ക്ക് തയ്യാറായിരുന്നില്ല. അതിനാല്‍ ചേര്‍ന്നയുടന്‍ തന്നെ പിഎച്ച്.ഡി പഠനം നിര്‍ത്തി.

തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാല്‍ പോരായെന്ന് തോന്നിയ അദ്ദേഹം പതിനെട്ടാം വയസ്സില്‍ ഡിഗ്രി പഠനത്തിനായി കാനഡയിലെത്തി

അതിനുശേഷം 1995 ല്‍ സഹോദരനൊപ്പം തന്റെ ആദ്യ സംരംഭമായ സിറ്റു കോര്‍പ്പറേഷന്‍ എന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനി തുടങ്ങി. നാലുവര്‍ഷങ്ങള്‍ക്കുശേഷം ഈ കമ്പനിയെ കോംപാക് കമ്പ്യുട്ടര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തതോടെ മസ്‌ക്കിനു വലിയൊരു തുക ലഭിക്കുകയും അതുപയോഗിച്ചുകൊണ്ട് ‘എക്സ്.കോം’ എന്ന പുതിയ കമ്പനിക്കു രൂപം നല്‍കുകയും ചെയ്തു. അത് പിന്നീട് ‘പേയ് പാല്‍’ എന്നപേരില്‍ പുരോഗതിയുടെ പടവുകള്‍ കയറി. 2002 ല്‍ പേയ് പാലിനെ ‘ഇ ബേ’ ഏറ്റെടുത്തു. ഇതിലൂടെ ലഭിച്ച ഭീമമായ തുക ഉപയോഗിച്ചാണ് അദ്ദേഹം ബഹിരാകാശയാത്ര സംരംഭകത്വം മുന്നില്‍കണ്ട് സ്ഥാപിച്ച ‘സ്പെയ്സ്എക്സ്’ എന്ന കമ്പനി ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. 2004 ല്‍ ആണ് അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരുശതമാനം ഇലക്ട്രിക് മോട്ടോര്‍ കമ്പനിയായ ‘ടെസ്‌ല മോട്ടോഴ്‌സ്’ ല്‍ നിക്ഷേപിച്ചത്. 2008 ല്‍ ഒറ്റ ചാര്‍ജിങ്ങില്‍ മുന്നൂറിലധികം കിലോമീറ്ററുകള്‍ താണ്ടാന്‍ കഴിയുന്ന ടെസ്‌ല റോഡ്സ്റ്റര്‍’ ഇലക്ട്രിക് വാഹനങ്ങള്‍ റോഡില്‍ ഇറക്കി മസ്‌ക്ക് ലോകത്തെ ഞെട്ടിച്ചു. പിന്നാലെ 2016 ല്‍ ടെസ്‌ലയുടെ എസ്.യു.വി കാറായ ‘മോഡല്‍ എക്സ്’ കൂടി പുറത്തിറങ്ങിയതോടെ വാഹനലോകം മസ്‌ക്കിന്റെ കാല്‍ക്കീഴിലായി എന്നുതന്നെ പറയാം. ഇത് വെറും തുടക്കം മാത്രമായിരുന്നു എന്ന് തെളിയിക്കുന്ന കാലമായിരുന്നു പിന്നാലെ വന്നത്.

എലോണ്‍ മസ്‌ക്ക്
കൈവെച്ച മേഖലകള്‍

ട്വിറ്റര്‍
ടെസ്‌ല ഇലക്ട്രിക് കാര്‍
സോളാര്‍ സിറ്റി പ്രോജക്ട്
സ്‌പെയ് സ് എക്‌സ്
ഹൈപ്പര്‍ ലൂപ്പ്

ടെസ്‌ലയിലേക്ക്

ടെസ്‌ല കമ്പനിയുടെ കഥ ഒരേസമയം വിസ്മയവും, കണ്ണുനീരും നിറഞ്ഞതാണ്. അതിലൂടെ മസ്‌ക്കിന്റെ യാത്രയെപ്പറ്റി ചോദിക്കുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും.

ടെസ്‌ല കമ്പനിയുടെ കഥ ഒരേസമയം വിസ്മയവും, കണ്ണുനീരും നിറഞ്ഞതാണ്. അതിലൂടെ മസ്‌ക്കിന്റെ യാത്രയെപ്പറ്റി ചോദിക്കുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും. കാരണം നേട്ടങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന് കൂട്ടായി മുള്ളുകള്‍ നിറഞ്ഞ വഴികളും ഉണ്ടായിരുന്നു. മാര്‍ക്ക് ടാര്‍പാനിങ്, മാര്‍ട്ടിന്‍ ഇബെന്‍ഹാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് ജന്മം നല്‍കിയ ‘ടെസ്‌ല’ എന്ന കമ്പനി ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം തകര്‍ച്ചയുടെ വക്കില്‍ എത്തിയപ്പോളായിരുന്നു 2004 ല്‍ മസ്‌ക്ക് അത് ഏറ്റെടുക്കുന്നത്. 2007 ല്‍ കമ്പനിയുടെ സഹസ്ഥാപകനായി. എന്നാല്‍ 2008 ലെ ആഗോളമാന്ദ്യം മസ്‌ക്കിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വലിയ പ്രതിസന്ധിയിലായി അദ്ദേഹം. വീടും മറ്റു സ്വത്തുക്കളും വിറ്റു. കൂട്ടുകാരില്‍ നിന്ന് കടം വാങ്ങി പിടിച്ചുനിന്നു. ഉറക്കമില്ലാതെ ജോലിചെയ്തു. ടെസ്‌ല തിരിച്ചുവന്നില്ലെങ്കില്‍ തനിക്ക് നിലനില്പില്ലെന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു. ആഗോളമാന്ദ്യം മസ്‌കിനെ തകര്‍ത്ത അതേവര്‍ഷം തന്നെ അദ്ദേഹം ടെസ്‌ലയുടെ റോഡ്സ്റ്റര്‍ കാറുകള്‍ നിരത്തിലിറക്കി മാന്ദ്യത്തെ നേരിട്ടു. അതില്‍ മസ്‌ക്കിനായിരുന്നു വിജയം. 2010 ല്‍ ടെസ്‌ല ഓഹരിവിപണിയില്‍ സാന്നിധ്യമറിയിക്കുകയും പത്തുവര്‍ഷത്തിനപ്പുറം അഞ്ചുലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിച്ച് ടെസ്‌ല ലോകത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോളും ടെസ്ലയുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. ലോകത്തെ ഏറ്റവും വലിയ ധനികനിലേക്കുള്ള മസ്‌ക്കിന്റെ യാത്രയ്ക്കും അതേവേഗം തന്നെയായിരുന്നു.

ബഹിരാകാശത്തേക്ക് വിനോദയാത്ര,
ചൊവ്വയിലെ കോളനി

ബഹിരാകാശത്തേക്കുള്ള യാത്ര ഇതാ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വസാധാരണമാകാന്‍ പോകുകയാണ്. എലോണ്‍ മസ്‌ക്ക് തന്നെയാണ് പിന്നില്‍. അദ്ദേഹത്തിന്റെ ‘സ്പെയ്സ്എക്സ്’ എന്ന പദ്ധതിയാണ് ബഹിരാകാശത്തേക്ക് വിനോദയാത്ര സാധ്യമാക്കാന്‍ പോകുന്നത്. ‘ഇന്‍സ്പിരേഷന്‍ 4’ എന്ന പദ്ധതി ഇന്നേവരെ മനുഷ്യന്‍ പോയിരിക്കുന്ന ബഹിരാകാശ ദൂരത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഏതാണ്ട് അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരത്തേക്കാള്‍ ഏറെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മൂന്നു ദിവസത്തോളം ബഹിരാകാശത്തു ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന യാത്രയില്‍ ആരോഗ്യപരമായി മനുഷ്യന് അവിടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടി പഠിക്കുവാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതാദ്യമായാണ് ഒരു സ്വകാര്യകമ്പനി ഇത്തരമൊരു ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുന്നത്.
എലോണ്‍ മസ്‌ക്കിന്റെ മറ്റൊരു സ്വപ്നപദ്ധതികൂടി പരാമര്‍ശിക്കാതെ വയ്യ. ചൊവ്വയില്‍ മനുഷ്യന്‍ മനുഷ്യനായി നിര്‍മ്മിക്കാന്‍ പോകുന്ന ഒരു കോളനി. 2030 ല്‍ മനുഷ്യനെ ചൊവ്വയില്‍ കൊണ്ടുപോകും എന്ന നാസയുടെ ലക്ഷ്യത്തിനും ആറുവര്‍ഷം മുമ്പ് 2024 ല്‍ തന്നെ മനുഷ്യരെ ചൊവ്വയില്‍ എത്തിക്കുമെന്നാണ് മസ്‌ക്ക് പറഞ്ഞിട്ടുള്ളത്. പറയുന്നത് മസ്‌ക് ആയതിനാല്‍ ആരുടെയും നെറ്റി ചുളിയുന്നില്ല എന്നതാണ് സത്യം.

മസ്‌ക്കിന്റെ വിശ്വരൂപം

ഓഹരിവിപണിയില്‍ ടെസ്‌ലയുടെ വരവ് ഒരു വലിയ ഹീറോയുടെ വരവുപോലെയായിരുന്നു. അന്നുവരെയുണ്ടായിരുന്ന അവസ്ഥകളില്‍ നിന്നുമാറി ടെസ്ല ഓഹരിവിപണി ഭരിക്കുവാന്‍ തുടങ്ങി.

ഇലക്ട്രിക് കാര്‍ നിര്‍മ്മാണം മസ്‌ക്കിന്റ തുടക്കമായിരുന്നെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങളില്‍ പിന്നീട് ലോകം കണ്ടത് അദ്ദേഹത്തിന്റെ വിശ്വരൂപം ആയിരുന്നു. വീടുകളിലും, വ്യവസായശാലകളിലും കുറഞ്ഞചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ സിറ്റി പ്രൊജക്റ്റായിരുന്നു ആ ജനുസ്സില്‍ അടുത്തത്. അമേരിക്ക പോലൊരു രാജ്യത്ത് സെക്കന്റുകളില്‍ പുരോഗതി സാധ്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കുറഞ്ഞചെലവില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് അവരെ വന്‍ പുരോഗതിയിലേക്കാണ് നയിച്ചത്.

കൂടാതെ മണിക്കൂറില്‍ ആയിരം കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ കഴിയുന്ന ടണല്‍ യാത്രാസംവിധാനമായ ‘ഹൈപ്പര്‍ ലൂപ്പ്’ അദ്ദേഹം അവതരിപ്പിച്ചു. വേഗത, ഇന്ധനക്കുറവ്, മലിനീകരണമില്ലായ്മ എന്നിങ്ങനെ ഹൈപ്പര്‍ ലൂപ്പിന് പ്രത്യേകതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുകൊണ്ട് കമ്പ്യൂട്ടറുകളിലൂടെ സംവദിക്കാന്‍ കഴിയുന്നതരത്തില്‍ മാറ്റുന്ന ‘ന്യൂറാലിങ്ക്’ എന്നിങ്ങനെ ശാസ്ത്രലോകത്തിന് അന്നേവരെ ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന കാര്യങ്ങള്‍ മസ്‌ക്കിന്റെ തലച്ചോറിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു.

കോടീശ്വരനിലേക്ക്

ഓഹരിവിപണിയില്‍ ടെസ്‌ലയുടെ വരവ് ഒരു വലിയ ഹീറോയുടെ വരവുപോലെയായിരുന്നു. അന്നുവരെയുണ്ടായിരുന്ന അവസ്ഥകളില്‍ നിന്നുമാറി ടെസ്‌ല ഓഹരിവിപണി ഭരിക്കുവാന്‍ തുടങ്ങി. ആ മുന്നേറ്റം മസ്‌ക്കിന്റെ സമ്പത്തിലും നിഴലിച്ചു. അദ്ദേഹം ലോകം അറിയുന്ന കോടീശ്വരനായി മാറി. തീര്‍ന്നില്ല, മൈക്രോസോഫ്റ്റും, ആമസോണും ഒക്കെ ഭരിക്കുന്ന ധനികലോകത്തു അവരെ പിന്തള്ളിക്കൊണ്ട് ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ ധനികനുമായി.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ പക്ഷേ താമസിക്കുന്നത് കമ്പനിയോട് ചേര്‍ന്നുള്ള ചെറിയ വീട്ടില്‍ ആണെന്നും, മറ്റു കുടുംബാംഗങ്ങള്‍ക്കു താമസിക്കാന്‍ ഒരു വാടകവീട് മാത്രമാണ് ഉള്ളതെന്നും, അദ്ദേഹത്തിന്റെ തന്നെ കമ്പനിയുടെ ഓഹരികളല്ലാതെ മറ്റു സമ്പാദ്യങ്ങള്‍ വേറെയില്ല എന്നും പറയുമ്പോള്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ സ്വാധീനം നമുക്ക് ഊഹിക്കാമല്ലോ.

സമൂഹമാധ്യമ
ഭീമനിലേക്ക്

ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു, ‘എന്റെ ഏറ്റവും വലിയ വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നു. കാരണം, ഇതാണ് അഭിപ്രായസ്വതന്ത്ര്യത്തിന്റെ ഇടം’. എന്ന്. ഇക്കഴിഞ്ഞ മാര്‍ച്ച് 14 നു ആണ് മസ്‌ക്ക് ട്വിറ്ററിന്റെ എഴുപത്തിമൂന്നോളം മില്ല്യണ്‍ ഓഹരികള്‍ വാങ്ങിയതായി വാര്‍ത്തകള്‍ വരുന്നത്. അതായത് ഇതിന്റെ സ്ഥാപകരുടെ ഓഹരികളേക്കാള്‍ മൂന്നിരട്ടി ഓഹരികള്‍ മസ്‌ക്കിന്റെ പോക്കറ്റില്‍ ആയി എന്നര്‍ത്ഥം. ഈ വാര്‍ത്തയോടൊപ്പം ട്വിറ്ററിന്റെ ഓഹരികളുടെ മൂല്യം, കുത്തനെ ഉയരുകയുമുണ്ടായി. സ്വതന്ത്രമായ ആശയസംഭാഷണത്തിനായി പുതിയൊരു സാമൂഹ്യമാധ്യമം ആരംഭിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. 2022 ജനുവരിയില്‍ ആരംഭിച്ച ഈ ഓഹരി വാങ്ങല്‍ അങ്ങനെ 9 ശതമാനത്തിലേറെ ഓഹരികള്‍ മസ്‌ക്കിന്റ കൈവശമാവുന്നതിലാണ് എത്തിനിന്നത്.

അതിനുപിന്നാലെ ട്വിറ്ററിന്റെ സി.ഇ.ഒ ആയ ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍ അദ്ദേഹത്തെ ട്വിറ്റര്‍ ബോര്‍ഡിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം ചേര്‍ന്നില്ല. അതിനുപിന്നില്‍ മറ്റുചില ലക്ഷ്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ക്ക് പതിനാലു ശതമാനം ഓഹരികള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. മാത്രമല്ല അംഗമായാല്‍ ട്വിറ്ററിന്റെ ഗുണത്തിനുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന കമ്പനിയുടെ നിയമം അനുസരിക്കേണ്ടിവരും. അങ്ങനെ കൂട്ടിലകപ്പെട്ടു ജോലിചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മാത്രമല്ല പുറത്തുനിന്നുകൊണ്ട് ട്വിറ്ററില്‍ അതേവരെ ഇല്ലായിരുന്ന ‘എഡിറ്റ്’ ബട്ടണ്‍ ആവശ്യമുണ്ടോ എന്ന വോട്ടെടുപ്പും അദ്ദേഹം നടത്തി. സംഭാഷണസ്വതന്ത്ര്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു അത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എലോണ്‍ മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ടെസ്‌ല കമ്പനിയുടെ നിക്ഷേപവും, ഉത്പാദനവും വിപണനവും ഇന്ത്യയില്‍ നടത്തണമെന്നാണ് അദ്ദേഹം മസ്‌ക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലേക്ക്
സ്വാഗതം

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എലോണ്‍ മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ടെസ്‌ല കമ്പനിയുടെ നിക്ഷേപവും, ഉത്പാദനവും വിപണനവും ഇന്ത്യയില്‍ നടത്തണമെന്നാണ് അദ്ദേഹം മസ്‌ക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഇന്ത്യയുടെ ഗതാഗത രംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
9946199199

Author

Scroll to top
Close
Browse Categories