ഉല്പന്നപിരിവിന് ഞാനും..
മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്. ശങ്കര്‍ 1948 ല്‍ കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ കോളേജ് സ്ഥാപിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ് എന്റെ പ്രായം. കോളേജ് നിര്‍മ്മാണത്തിന് ധനപ്രതിസന്ധി നേരിട്ടപ്പോള്‍ അതിനായി ഉല്പന്ന പിരിവ് നടത്താനുള്ള ആര്.ശങ്കറിന്റെ ധീരമായ തീരുമാനത്തെ സമുദായാംഗങ്ങളില്‍ ഭൂരിപക്ഷവും ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. അന്ന് ഉല്പന്ന പിരിവിനായി ചേര്‍ത്തല താലൂക്കിലെത്തിയ ശങ്കറിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി കുട്ടിയായിരുന്ന എനിക്കും അണി ചേരാനായതിന്റെ അഭിമാനംഇപ്പോഴുമുണ്ട്.
എന്റെ വീട്ടിലെത്തിയ ആര്. ശങ്കര്‍ അച്ഛനുമായി കൂടിയാലോചിച്ച ശേഷമാ ണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഉല്പന്ന പിരിവിനുള്ള ഒരു സ്ക്വാഡിന്റെ ലീഡര്‍ ഞാനായിരുന്നു.ആര്. ശങ്കറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സ്ക്വാഡിലെ അംഗങ്ങളെല്ലാം മഞ്ഞ നിറത്തിലുള്ള ഗാന്ധി തൊപ്പിയും ധരിച്ചാണ് പിരിവിന് ഇറങ്ങിയിരുന്നത്. ഓരോ വീട്ടിലും എത്തി അവിടത്തെ തെങ്ങ്, മാവ്, പ്ളാവ് തുടങ്ങിയ വൃക്ഷങ്ങളുടെ എണ്ണം എടുക്കും. അതനുസരിച്ച് ഉല്പന്നമായോ പണമായോ സംഭാവന സ്വീകരിക്കും, അതായിരുന്നു രീതി. അന്ന് നാട്ടുകാര്‍ക്കാകെ അതൊരു ഹരവും വികാരവുമായിരുന്നു. താലൂക്കിലെ ജനങ്ങളെല്ലാം ആര്. ശങ്കറിനെ അത്യധികം ബഹുമാനത്തോടെയും ആദരവോടെയുമാണ് കണ്ടിരുന്നത്. ചേര്‍ത്തല താലൂക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉല്പന്ന പിരിവ് ലഭിച്ചതെന്നാണ് എന്റെ ഓര്‍മ്മ. ഗുരുവിന്റെ പേരില്‍ കൊല്ലത്ത് ആദ്യ കോളേജ് സ്ഥാപിക്കുന്ന വിവരം അറിഞ്ഞ നാട്ടുകാര്‍ക്കെല്ലാം അതൊരു ഹരമായി. ആദ്യകോളേജ് കൊല്ലത്ത് സ്ഥാപിക്കുമ്പോള്‍ അതില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കേരളമാകെ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയായിരുന്നു ആര്.ശങ്കറിന്റെ ദീര്‍ഘദര്‍ശനം. ആ സങ്കല്പം ഒരു തീജ്വാലപോലെ ആളിപടര്‍ന്നു. സമുദായം ഒറ്റക്കെട്ടായി ആ മഹാന്റെ പിന്നില്‍ അണി നിരന്നപ്പോഴാണ് കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള ആദ്യ കോളേജ് യാഥാര്‍ത്ഥ്യമായത്.
കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിക്കാനുള്ള സ്ഥലത്തിനായി ആര്.ശങ്കര്‍ സഹിച്ച ത്യാഗം വിവരണാതീതമാണ്. സര് സി.പി യുമായി പലതവണ ബന്ധപ്പെട്ട് കന്റോണ്‍മെന്റ് മൈതാനത്തില്‍ നിന്ന് 27 ഏക്കര്‍,10 സെന്റ് സ്ഥലം കോളേജിനായി ലഭിച്ചപ്പോള്‍ അന്ന് ആർ. ശങ്കറെ ആക്ഷേപിച്ചവരുണ്ട്. ഇന്ന് ആ സ്ഥലത്തിന്റെ മൂല്യം എത്ര കോടികള്‍ വരും? സര് സി.പിക്ക് പാദസേവ ചെയ്യുന്നുവെന്നായിരുന്നു സ്വ സമുദായത്തില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിനെതിരെ ആരോപണ ശരങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അതിനെയൊക്കെ സധൈര്യം ചങ്കുറപ്പോടെ നേരിട്ടാണ് ആർ.ശങ്കര്‍ ലക്ഷ്യപ്രാപ്തിയിലെത്തിയത്. സ്വസമുദായത്തില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ക്രൂരത അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യനായിരുന്നു ആർ.ശങ്കറെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
എന്റെ 12-ാംവയസ്സില്‍ ശ്രീനാരായണ കോളേജ് സ്ഥാപിക്കാന്‍ ഉല്പന്ന പിരിവിനിറങ്ങുമ്പോള്‍ വിദൂര സ്വപ്നത്തില്‍ പോലും കരുതിയതല്ല, പില്ക്കാലത്ത് ഞാന്‍ ശ്രീനാരായണ കോളേജുകളുടെ മാനേജരാകുമെന്ന്. ഗുരുവിന്റെ അനുഗ്രഹം കൊണ്ടാണ് ഇവിടെ വരെ എത്തിയത്. രാഷ്ട്രീയക്കാരനല്ലാതിരുന്ന ഞാന്‍ രാഷ്ട്രീയ പിന്‍ബലമോ ഇല്ലാതെ വഴിതെറ്റി വന്ന ആളാണ്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരക്കാരനാകുന്ന രാഷ്ട്രീയക്കാരനല്ലാത്ത ആദ്യത്തെ ആളുമാണ് ഞാന്‍. പ്രഗത്ഭമതികളായിരുന്നവരാണ് യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരക്കാരായിരുന്നവര്. കൊല്ലം ശ്രീനാരായണ കോളേജ് ഒരു സാധാരണ വിദ്യാഭ്യാസ സ്ഥാപനമല്ല. ഇന്ത്യയുടെ നവോത്ഥാന നായകനായ മഹാമനീഷിയായ ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യവിപ്ളവത്തില് നിന്നും ദര്‍ശനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ സ്ഥാപനമാണ്. വിദ്യാഭ്യാസാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹത്തിലെ വലിയൊരു വിഭാഗത്തിനായാണ് ഈ കലാലയത്തിന്റെ വാതിലുകള്‍ തുറന്നത്. എളിയ നിലയില്‍ 1948 ല്‍ ആരംഭിച്ച കോളേജ് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു വടവൃക്ഷമായി വളര്‍ന്നു കഴിഞ്ഞു. ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നു. കൊല്ലത്ത് ഈ കോളേജ് സ്ഥാപിതമായ ശേഷം അതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് നിരവധി ശ്രീനാരായണ കോളേജുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കപ്പെട്ടത്.
കൊല്ലത്ത് കോളേജ് സ്ഥാപിച്ചതിനു പിന്നാലെ എസ്.എന്‍ വനിതാ കോളേജ്, ചാത്തന്നൂരിലും തൊട്ടടുത്ത വര്‍ക്കലയിലും എസ്.എന്‍ കോളേജുകള്‍, കൊട്ടിയം പോളിടെക്നിക്ക് എന്നിവ നിലവില്‍ വന്നു. കൊല്ലത്തും പരിസരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമല്ല, വിദൂരത്തുള്ളവര്‍ക്കും ഈ സ്ഥാപനങ്ങളില്‍ പഠിക്കാനവസരം ലഭിച്ചു. ഈ സ്ഥാപനങ്ങളില്‍ എത്ര പേരാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം കൊല്ലത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. കൊല്ലം എസ്.എന്‍ കോളേജ് പ്ളാറ്റിനം ജുബിലി ആഘോഷിക്കുന്ന വേളയില്‍ ‘നാക് എ പ്ളസ്’ അക്രഡിറ്റേഷന് ലഭിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.
പ്രിന്‍സിപ്പലും അദ്ധ്യാപകരും ജീവനക്കാരും ഇതിനായി ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമാണത്. അതേസമയം കോളേജിന്റെ അച്ചടക്കം ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അനേകം പാവപ്പെട്ടവര്‍ക്ക് പഠനത്തിന് അവസരം ഒരുക്കുന്ന കോളേജിനെ സംരക്ഷിക്കേണ്ടതിനു പകരം സംഹരിക്കുന്ന നിലപാടാണ് പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നുണ്ടാകുന്നത്. ഈ സംഹാര മുറകള്‍ തൊട്ടടുത്ത കോളേജില്‍ പുറത്തെടുക്കുന്നില്ലെന്നതും ഗൗരവമായി നാം കാണേണ്ട കാര്യമാണ്