ഈഴവരുടെ ക്രിസ്തുമത ചരിത്രം

1851-ല്‍ തിരുവല്ലയില്‍ തുകലശ്ശേരി പള്ളിയില്‍ അംഗമായ ചെറിയാന്‍ എന്ന് പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ല ക്ഷേത്രത്തിന്റെ റോഡിലൂടെ നടന്നത് തിരുവിതാംകൂറില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈഴവന്‍ ക്രിസ്ത്യാനി ആയാലും ഈഴവന്റെ അയിത്തം മാറില്ല എന്ന ഒരു ഓര്‍ഡര്‍ അതിനോടനുബന്ധമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും ക്രിസ്തുമതം സ്വീകരിച്ച ഈഴവര്‍ ജാതി നിയമങ്ങളെ വെല്ലുവിളിക്കാന്‍ തുടങ്ങിയിരുന്നു.അതിനടുത്ത വര്‍ഷം (1852) തുകലശ്ശേരി പള്ളിയിലെ ജിനോ എന്നുപേരുള്ള മറ്റൊരു ഈഴവ ക്രിസ്ത്യാനി റോഡിലൂടെ നടന്നതിന് ആചാരം ലംഘിച്ചു എന്നാരോപിച്ചു രണ്ടു ബ്രാഹ്മണര്‍ ജിനോയെ അടിച്ചു നിലത്തിട്ടു. എന്നാല്‍ ജിനോ നല്‍കിയ പരാതി സ്വീകരിക്കാന്‍പോലും പ്രാദേശിക അധികാരികള്‍ തയ്യാറായില്ല

ഇടത്-വലത് അക്കാദമിക സമൂഹവും ലിബറല്‍ ജനാധിപത്യവാദികളും ഹിന്ദു വലത്-ഇടതുപക്ഷ കക്ഷികളും തുടങ്ങി എല്ലാവിധ ചരിത്രകാരന്മാരുടെയും സാംസ്‌കാരിക പഠിതാക്കളുടെയും എഴുത്ത് വ്യവഹാരങ്ങളില്‍ ക്രിസ്തുമത പരിവര്‍ത്തനം [Conversion] എന്ന പരികല്പന ഗൗരവമായ രീതിയില്‍ അന്വേഷിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്ത് കേരളത്തിലെ മുന്‍കാല അടിമജാതികള്‍ എന്തുകാരണത്താലാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നതായിരുന്നു ബഹുഭൂരിപക്ഷവും അന്വേഷണ വിധേയമാക്കിയ ഗവേഷണ ചോദ്യം. പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങളില്‍ ചേര്‍ന്ന നാടാര്‍, ദലിത് (പുലയര്‍, പറയര്‍, കുറവര്‍) എന്നീ വിഭാഗങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ഭൗതികനേട്ടം [Material benefit] എന്ന ഉത്തരത്തിലേക്കാണ് അവര്‍ ഒന്നടങ്കം എത്തിച്ചേര്‍ന്നത്.കേരളത്തില്‍ നിരവധി ജാതി വിഭാഗങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും മതപരിവര്‍ത്തന ചരിത്രത്തെ രണ്ട് വിഭാഗങ്ങളിലേക്ക് മാത്രമായി ചുരുക്കിയുള്ള ഈ ഏകശിലാ നിര്‍മ്മിതി വികലമാണെന്നു പറയാതെ വയ്യ.
ക്രിസ്തുമതത്തിനുള്ളിലെ ജാതി,ജാതിവിവേചനം,ജാതി സംയോജനം [integration], സമകാലിക ദലിത് ക്രിസ്ത്യന്‍ ജീവിതം എന്നിവയെ കൂടുതലായി മനസിലാക്കുവാന്‍ നിലവിലെ ക്രിസ്ത്യന്‍ ചരിത്രരചനകള്‍ അത്രത്തോളം സഹായകരമല്ല.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായ ജാതിസംയോജനത്തിന്റെ ചരിത്രം വ്യകതമാകുന്നയിടത്തിലാണ് എന്തുകൊണ്ടാണ് ക്രിസ്തുമതത്തിനുള്ളില്‍ ജാതി വിവേചനം ഇത്രയും ശക്തമായി നില്‍ക്കുന്നത് എന്ന് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു.മതപരിവര്‍ത്തന ചരിത്രമെന്നാല്‍ ദലിതരുടെയും നാടാര്‍ വിഭാഗത്തിന്റെയും ചരിത്രമെന്ന പ്രഖ്യാപനമാണ് കാലാകാലങ്ങളായി എല്ലാവരും നടത്തുന്നത്. കേരളത്തിന്റെ ഇത്തരത്തിലുള്ള ഒരു ചരിത്ര മാതൃകയോടു ചില വിമര്‍ശന ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. അതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ പിന്നാക്ക ജാതി വിഭാഗമായിരുന്ന ഈഴവരുടെ ക്രിസ്തുമത ചരിത്രത്തെ മുന്‍നിര്‍ത്തി കേരളത്തിലെ ക്രൈസ്തവ സഭയില്‍ നടക്കുന്ന ജാതി സംയോജനത്തിന്റെ ചരിത്രത്തെ മനസിലാക്കാനുള്ള ശ്രമമാണ് ഇനി വരുന്ന ഭാഗത്ത് നടത്തുന്നത്.

മലബാറിലെ ക്രിസ്ത്യാനികളും
മിഷനറിമാരുടെ വരവും

ഇന്ത്യയില്‍ ക്രിസ്തുമതം എത്തിച്ചേര്‍ന്നതിനെ കൃത്യമായി തെളിയിക്കത്തക്ക തെളിവുകള്‍ ഒന്നുമില്ലെങ്കിലും കൊളോണിയല്‍ കാലം മുതലേ മലബാര്‍ തീരത്തെ ക്രിസ്തുമത ചരിത്രത്തെ കുറിച്ച് വ്യാപകമായ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന, അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള വലിയ ഒരു നിര നമുക്ക് മുന്‍പിലുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ തോമസ് അപ്പോസ്തലന്‍ കേരളത്തില്‍ വന്നു എന്നതിന് യാതൊരു തെളിവില്ലെന്നും രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ തീരദേശ വാസികള്‍, സിലോണിലെ മുത്തുച്ചിപ്പിവാരുന്നവര്‍, മലബാറിലെയും കൊറാമാണ്ടിലെയും കൃഷിക്കാര്‍ എന്നിവരുടെ ഇടയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവുകള്‍ ലഭ്യമാണെന്നാണ് അംബേദ്ക്കര്‍ ഉള്‍പ്പെടുന്ന പണ്ഡിത വിഭാഗം പറയുന്നത് (അംബേദ്ക്കര്‍ വാല്യം 10, 2000: 364). കേരളത്തില്‍ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവര്‍ ആരാണെന്നതിനെ സംബന്ധിച്ചു തെളിവുകള്‍ ഇല്ലെങ്കിലും പതിനാറാം നൂറ്റാണ്ടോടു കൂടി, പ്രത്യേകിച്ച് 1542-ല്‍ എത്തിയ ഫ്രാന്‍സിസ് സേവ്യറുടെ വരവിനു ശേഷം കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി. അങ്ങനെ ക്രിസ്ത്യന്‍ വിശ്വാസികളായി തീരദേശ തൊഴിലാളികളും ദലിതരും എത്തിയതോടെ ക്രൈസ്തവ സഭയ്ക്കുള്ളില്‍ പതിനാറാം നൂറ്റാണ്ട് മുതല്‍ ജാതി വേര്‍തിരിവ് രൂക്ഷമായി തുടങ്ങി (Thekkedath, 1988: 23).
പുരാശേഖരങ്ങളില്‍ നിന്നും കച്ചവട സംബന്ധമായ ചില എഴുത്തുകള്‍/ രേഖകള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെ കുറിച്ച് ലഭിക്കുന്നത് ഒഴിച്ചാല്‍, ബ്രിട്ടീഷ് കാലത്തിന് മുന്‍പുള്ള ജ്ഞാനവ്യവഹാരവുമായി ബന്ധംപുലര്‍ത്തുന്ന, എഴുത്തിലൂടെ ഒരു സാഹിത്യ/ സാഹിത്യേതര സൃഷ്ടിയോ രചിച്ചിട്ടില്ലാത്ത ഒരു വിഭാഗമായിരുന്നു തദ്ദേശീയ ക്രൈസ്തവ കൂട്ടം.പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലത്ത് ഈഴവര്‍, ആശാരി, പരവര്‍ ഉള്‍പ്പെടയുള്ള പിന്നാക്ക ജാതികള്‍ റോമന്‍ കത്തോലിക്കാ,ലത്തീന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് എത്തിയിരുന്നു.അതോടൊപ്പം ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, തലവടി, കാവാലം, മുട്ടാര്‍, ചമ്പക്കുളം, എടത്വ, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിലെ ഈഴവര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുണ്ടായി (Sadasivan, 2000: 445).
ഈഴവര്‍ക്കിടയില്‍ ഇത് സംബന്ധമായ ഓര്‍മ്മകള്‍ സജീവമായിരുന്നു എന്നതിന്റെ തെളിവാണ് 1920 -ജൂലൈ എട്ടിന് മിതവാദി പത്രത്തില്‍ തിയ്യരുടെ/ ഈഴവരുടെ ക്രിസ്തുമത സ്വീകരണവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം. ”തിരുവിതാംകൂറിലും കൊച്ചിയിലും ഇന്ന് കാണുന്ന ക്രിസ്ത്യാനികളില്‍ പകുതിമുക്കാലും നമ്മുടെ സമുദായത്തില്‍ നിന്ന് പോയവരാണെന്നും, പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാര്‍ എന്നിവരുടെ കാലത്ത് നിരവധിയാളുകള്‍ ക്രിസ്തുമതം സ്വീകരിച്ചെന്നും” അതില്‍ സൂചിപ്പിക്കുന്നുണ്ട് (ഭാസ്‌കരനുണ്ണി 2005: 398).എന്തായാലുംക്‌നാനായ, കല്‍ദായ, റോമന്‍ സിറിയന്‍, യാക്കോബായ തുടങ്ങിയ സഭാവിഭാഗങ്ങളുടെ മധ്യത്തിലേക്കാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാര്‍ സുവിശേഷപ്രവര്‍ത്തനവുമായി എത്തിച്ചേര്‍ന്നത്.എസ്.പി.സി.കെ എന്ന മിഷനറി സംഘടന തിരുവിതാംകൂറില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ എതിര്‍പ്പുകള്‍ മൂലം അവരുടെ ആദ്യ പ്രവര്‍ത്തകനായ സത്യനാഥന്‍ യേശുഅടിയാനു ഒരു പള്ളിപോലും തിരുവിതാംകൂറില്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല.പിന്നീട് തെക്കന്‍ തിരുവിതാംകൂറിലെ മൈലാടി ഗ്രാമത്തിലെ വേദമാണിക്യം എന്ന പറയ ക്രിസ്ത്യാനിയുടെ നിര്‍ബന്ധത്തിന്റെ ഫലമായാണ്1806-ല്‍ ലണ്ടന്‍ മിഷനറിസംഘം തിരുവിതാംകൂറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറിലെ പറയ, നാടാര്‍ വിഭാഗങ്ങള്‍ക്കിടയിലും 1821-മുതല്‍ കൊല്ലം ഭാഗത്തെ പുലയ, പറയ, കുറവ വിഭാഗങ്ങള്‍ക്കിടയിലും ലണ്ടന്‍ മിഷനറിമാര്‍ പ്രവര്‍ത്തനം നടത്തി. ആദ്യകാലങ്ങളില്‍ ഈഴവര്‍ക്കിടയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ലണ്ടന്‍ മിഷനറി സംഘം നടത്തിയിരുന്നില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങളില്‍ ഏറ്റവുമധികം പിന്നാക്ക ജാതികള്‍ അംഗങ്ങളായെത്തിയത് കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സി.എം.എസ് മിഷനിലായിരുന്നു.

സി.എം.എസിലേക്കുള്ള ഈഴവരുടെ
മതപരിവര്‍ത്തനംഅഥവാദൃശ്യതയുടെ ചരിത്രം.

യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെ പ്രൊട്ടസ്റ്റന്റ് മിഷനറി അനുയായികള്‍ ആക്കിത്തീര്‍ക്കുക എന്ന ലക്ഷ്യവുമായി തിരുവിതാംകൂറില്‍ 1816-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സി.എം.എസ് മിഷന് അവരുടെ അടിസ്ഥാന ലക്ഷ്യം നിറവേറാന്‍ സാധിച്ചില്ല. സി.എം.എസ് മിഷനറിമാര്‍1836-ജനുവരി മാസത്തില്‍ സുറിയാനി മിഷന്‍ ദൗത്യം അവസാനിപ്പിക്കുന്നതിനിടയില്‍ 1816-ല്‍ ആലപ്പുഴയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം പണിയുന്നത് ഒഴിച്ചാല്‍ തിരുവിതാംകൂറിലും കൊച്ചിയിലുമായി ഒറ്റ സുറിയാനി ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. 1840-കള്‍ക്ക് ശേഷം പലയിടങ്ങളിലായി ഈഴവ, ആശാരി, തട്ടാന്‍, കണിയാന്‍, വേലന്‍, നായാടി എന്നീ ജാതികളുടെ ഇടയില്‍ സി.എം.എസ് മിഷനറിമാര്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഫലമായി 1850-കളോടെ ഈഴവര്‍ക്കിടയില്‍ നിന്നും കൂടുതല്‍ ആളുകള്‍ മിഷനിലേക്ക് ചേരുവാനും തുടങ്ങി.

1887-നു മുന്‍പായിരുന്നു ഈഴവരില്‍ നിന്ന് മതപരിവര്‍ത്തനം ചെയിത ഒരു ഈഴവനെ സി.എം.എസ് മിഷനറിമാര്‍ പുരോഹിതനാക്കുന്നത് എന്നാണ് റോബിന്‍ ജെഫ്രി പറയുന്നത് (ജെഫ്രി 2014:179). എന്തായാലും ഈഴവര്‍ക്ക് ചിലയിടങ്ങളില്‍ സാമൂഹിക മൂലധനം നേടാന്‍ സാധിച്ചെങ്കിലും മറ്റ് ചിലയിടങ്ങളില്‍ ഈഴവ ക്രിസ്ത്യാനികളും സുറിയാനി ക്രിസ്ത്യാനികളും തമ്മില്‍ ജാതി വഴക്കുകള്‍ നടന്നിരുന്നു. കോട്ടയം, ഒളശ്ശ, കൊല്ലാട് പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആദ്യ സമയങ്ങളില്‍ ഉണ്ടായതിന്റെ ഫലമായി ഈഴവ ക്രിസ്ത്യാനികള്‍ കത്തോലിക്കാ സഭകളിലേക്ക് അംഗങ്ങളായി പോയിത്തുടങ്ങിയെന്നു കോശി കോശിയെന്ന തദ്ദേശീയ മിഷനറി 1859-ല്‍ എഴുതുന്നുണ്ട്. വടക്കന്‍ തിരുവിതാംകൂറിലെയും കൊച്ചിരാജ്യത്തെയും ആംഗ്ലിക്കന്‍ പള്ളികളില്‍ അംഗങ്ങളായ ഈഴവരുടെയും കണിയാന്‍ ജാതിക്കാരുടെയും രണ്ടാം തലമുറ മുതല്‍ സുറിയാനി ക്രിസ്ത്യാനി അന്തസ്സിലേക്ക് ഉയര്‍ന്നെങ്കിലും മാവേലിക്കര- കായംകുളം ഭാഗത്ത് ഈഴവ ക്രിസ്ത്യാനി എന്ന നിലയില്‍ തന്നെയാണ് അവര്‍ അടയാളപ്പെടുത്തപ്പെട്ടത്. 1875-ആകുമ്പോള്‍ സി.എം.എസ് മിഷനില്‍ മാത്രം 4500-ഈഴവ ക്രിസ്ത്യാനികള്‍അംഗങ്ങളായി എത്തിയിരുന്നു (Gladstone 1984: 147).ജനുവരി 1918-ലെ C.M.S. Mass Movement Quarterly മാസിക പറയുന്നത് ഏഴായിരം ഈഴവ ക്രിസ്ത്യാനികള്‍ സി.എം.എസ് മിഷനിലുണ്ടായിരുന്നു എന്നാണ്. അതേസമയം സര്‍ക്കാര്‍ രേഖകളിലാകട്ടെ നിലവിലെ ആദ്യപരിവര്‍ത്തന ഈഴവനെ മാത്രമേ ഈഴവ ക്രിസ്ത്യാനിയായി പരിഗണിച്ചിരുന്നുള്ളു. 1931-ലെ തിരുവിതാംകൂര്‍ സെന്‍സെസ് പ്രകാരം തിരുവിതാംകൂറില്‍ ആകെ 2311- ഈഴവ ക്രിസ്ത്യാനികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്തായാലും സി.എം.എസ് മിഷനിലേക്ക് നിരവധി ഈഴവ ക്രിസ്ത്യാനികള്‍അംഗങ്ങളായി എത്തിക്കൊണ്ടേയിരുന്നു.
1851-ല്‍ തിരുവല്ലയില്‍ തുകലശ്ശേരി പള്ളിയില്‍ അംഗമായ ചെറിയാന്‍ എന്ന് പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ല ക്ഷേത്രത്തിന്റെ റോഡിലൂടെ നടന്നത് തിരുവിതാംകൂറില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈഴവന്‍ ക്രിസ്ത്യാനി ആയാലും ഈഴവന്റെ അയിത്തം മാറില്ല എന്ന ഒരു ഓര്‍ഡര്‍ അതിനോടനുബന്ധമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും ക്രിസ്തുമതം സ്വീകരിച്ച ഈഴവര്‍ ജാതി നിയമങ്ങളെ വെല്ലുവിളിക്കാന്‍ തുടങ്ങിയിരുന്നു.അതിനടുത്ത വര്‍ഷം (1852) തുകലശ്ശേരി പള്ളിയിലെ ജിനോ എന്നുപേരുള്ള മറ്റൊരു ഈഴവ ക്രിസ്ത്യാനി റോഡിലൂടെ നടന്നതിന് ആചാരം ലംഘിച്ചു എന്നാരോപിച്ചു രണ്ടു ബ്രാഹ്മണര്‍ ജിനോയെ അടിച്ചു നിലത്തിട്ടു. എന്നാല്‍ ജിനോ നല്‍കിയ പരാതി സ്വീകരിക്കാന്‍പോലും പ്രാദേശിക അധികാരികള്‍ തയ്യാറായില്ല (Gladstone 1984:144).സ്വയം പ്രഖ്യാപിത ഹിന്ദുരാജ്യമായ തിരുവിതാംകൂറിന്റെ ജാതി നിയമത്തിന്റെ തീവ്രതയെ കാണിക്കുന്ന ഒന്നാണ് തിരുവല്ലയിലെ സംഭവങ്ങള്‍. ക്രിസ്തുമതം സ്വീകരിച്ച ചെറിയാന്‍, ജിനോ എന്നീ ഈഴവര്‍ക്ക് ശേഷം ഏതാണ്ട് അറുപത് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നനായ, സ്വന്തമായി കാര്‍ ഉണ്ടായിരുന്ന ഈഴവനായ ആലുമൂട്ടില്‍ ചാന്നാനിലേക്ക് വരുമ്പോളും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ അവസ്ഥ തുടരുന്നത് നമുക്ക് കാണാന്‍ സാധിക്കും. സമ്പന്നനായ ഈഴവന്‍ മാവേലിക്കര, തിരുവല്ല ക്ഷേത്രങ്ങളുടെ മുന്നില്‍ വരുമ്പോള്‍ കാറിന്റെ വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങി ഈഴവര്‍ക്ക് അനുവദിച്ചിരിക്കുന്ന ക്ഷേത്രത്തിനു പിറകിലൂടെയുള്ള ഊടുവഴിയിലൂടെ നടന്നു ക്ഷേത്ര പരിസരത്തിനു അപ്പുറത്ത് വന്നു നില്‍ക്കുമ്പോള്‍ നായരായ ഡ്രൈവര്‍ കാറുമായി ആലുമൂട്ടില്‍ ചാന്നാന്റെ മുന്നില്‍ എത്തുകയും വീണ്ടും യാത്ര തുടരുകയുമാണ് ചെയ്യുന്നത്. ക്രിസ്തുമതം സ്വീകരിച്ച ഈഴവര്‍ വ്യാപകമായി ജാതി നിയമങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയും മിഷനറിമാരുടെ പിന്തുണ നേടുകയും ചെയ്തു.

1850-കള്‍ മുതല്‍ തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗത്തുള്ള ഈഴവര്‍ സി.എം.എസ് മിഷനില്‍ വ്യാപകമായി ചേരുവാന്‍ തുടങ്ങി. തൃശൂര്‍ ഭാഗത്തെ മിഷനറി ഹാര്‍ലി നിരവധി ഈഴവരെ മതപരിവര്‍ത്തനം ചെയ്യുകയുണ്ടായി. കുടുമി മുറിക്കണം എന്ന ഒരു നിബന്ധന മിഷനറിമാര്‍ ആ കാലത്ത് വെച്ചിരുന്നു. കാവാലം, ചങ്ങനാശേരി, പള്ളം, ആര്‍പ്പൂക്കര തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം നിരവധി ഈഴവര്‍ പള്ളികളില്‍ എത്തുകയും മിഷനറിമാരുടെ മുന്നില്‍ വെച്ച് അവരുടെ കുടുമി മുറിക്കുകയും ചെയിതു. ചങ്ങനാശ്ശേരി, പള്ളം, തുരുത്തി, കൊല്ലാട്, എറികാട്, ആര്‍പ്പൂക്കര തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം നാല്പതും അന്‍പതും പേരടങ്ങുന്ന സംഘമായാണ് ഈഴവര്‍ മിഷനില്‍ ചേര്‍ന്നിരുന്നത്.എന്നാല്‍ പതിവ് പോലെ ഹെന്റി ബേക്കര്‍ സീനിയറും മകനും ഈഴവരുടെ മതപരിവര്‍ത്തനാനന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നു വാദിക്കുകയുംഉയര്‍ന്ന ജാതിക്കാര്‍ക്ക് നിങ്ങൾ വഴി മാറിക്കൊടുക്കണം എന്ന് താക്കീതും ചെയ്തു. എന്നാല്‍ ജോസഫ് പീറ്റാകട്ടെ ഏതൊരു സ്ഥലത്തും ഓടി എത്തുകയും ഈഴവരുടെ ഏതൊരു പ്രശ്‌നത്തിലും അവരെ സഹായിക്കാനും തയ്യാറായിരുന്നു.ജോസഫ് പീറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനഫലമായി മാവേലിക്കരയില്‍ 1852-ല്‍ കക്കാ നീറ്റ് തൊഴിലാക്കിയ ഒരു കൂട്ടം ഈഴവര്‍ മത പരിവര്‍ത്തനം നടത്തുകയുണ്ടായി. ക്രിസ്തുമതം സ്വീകരിച്ചതോട് കൂടി കക്കാ നീറ്റുന്ന തൊഴില്‍ അവര്‍ ഉപേക്ഷിച്ചു. എന്നാല്‍ ഈഴവ ക്രിസ്ത്യാനികള്‍ വീണ്ടും കക്കാ നീറ്റണമെന്ന ആവശ്യം പ്രാദേശിക ഉദ്യോഗസ്ഥര്‍ ഉന്നയിക്കുകയുണ്ടായി. ഈഴവ ക്രിസ്ത്യാനികള്‍ അത് നിഷേധിച്ചപ്പോള്‍ അവരെയെല്ലാം അറസ്റ്റ് ചെയിതു ജയില്‍ അടച്ചു. ജോസഫ് പീറ്റ് ആ വിഷയത്തില്‍ ഇടപെടുകയും അവരെയെല്ലാം ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തത് കുറെയധികം ഈഴവരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി (Gladstone 1984:142).
ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ ഊഴിയ വേലയില്‍ നിന്നും ഒഴിവാക്കിയത് മാവേലിക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ വലിയ വാര്‍ത്തയായി പ്രചരിച്ചിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ കന്നേറ്റി പാലം പണിതപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ നിര്‍ബന്ധിത വേലയ്ക്കായി വിളിച്ചിരുന്നില്ല. മതം മാറിയ ഈഴവര്‍ വെളിച്ചെണ്ണ ആട്ടി ഉപയോഗിക്കുന്നതും, പശുവിനെ വളര്‍ത്തി പാല്‍ ഉപയോഗിക്കുന്നതും, സ്ത്രീകള്‍ മാറിടം മറയ്ക്കുന്നതുമെല്ലാം കൂടുതല്‍ ഈഴവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് എത്തിച്ചു(നെല്ലിമുകള്‍ 2013: 396). അതോടൊപ്പം ജാതി നിയമത്തെ വെല്ലുവിളിക്കുന്ന ഈഴവ സ്ത്രീകളെയും മിഷനറി പുരാരേഖകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്.ജോസഫ് പീറ്റ് റിപ്പോര്‍ട് ചെയ്യുന്നു, ‘1853-ല്‍ ഈഴവ ക്രിസ്ത്യാനിയായ ഒരു സ്ത്രീയെ കരുനാഗപ്പള്ളി തഹസിൽദാർ സമന്‍സ് അയച്ചു വരുത്തി. ആ സ്ത്രീ ഈഴവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥാനത്ത് നില്‍ക്കാതെ ക്രിസ്ത്യാനികള്‍ക്കുള്ള സ്ഥലത്ത് കയറി നിന്നപ്പോള്‍ കീഴുദ്യോഗസ്ഥന്‍ അവരെ തെറി വിളിക്കുകയും ഈഴവര്‍ നില്‍ക്കേണ്ട സ്ഥലത്ത് പോയി നില്‍ക്കാനും ആജ്ഞാപിച്ചു, എന്നാല്‍ ആ സ്ത്രീ ധൈര്യത്തോടെ അവര്‍ നിന്നയിടത്തില്‍ ഒരടി പുറകോട്ട് മാറാതെ നിന്നു. അയാള്‍ ആ സ്ത്രീയുടെ മേല്‍വസ്ത്രം വലിച്ചു കീറി ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവിടെ തന്നെ നില്‍ക്കുകയുണ്ടായി (gladstone1984:144).’മിഷനറി പുരാശേഖര തെളിവുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച ഈഴവര്‍ സാമൂഹിക പദവികള്‍ ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടത്തുന്നത് കാണാന്‍ സാധിക്കും. ഈഴവര്‍ വ്യാപകമായി ജാതി നിയമങ്ങളെ ഖണ്ഡിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ദലിത് ജാതികള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മിഷനറി പുരാശേഖരങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ കാണുന്നുള്ളൂ.

ക്രിസ്തുമതം സ്വീകരിച്ച ഈഴവരാകട്ടെ പുലയരോടും പറയരോടും അയിത്തം പുലര്‍ത്തിയിരുന്നു. കോട്ടയം ആര്‍പ്പുക്കരയില്‍ 1877- ല്‍ ഒരു കൂട്ടം ഈഴവര്‍ സി.എം.എസ് പള്ളിയില്‍ അംഗങ്ങളായി എത്തി. എന്നാല്‍ ഞായറാഴ്ച ആരാധനയില്‍ പുലയരുമായി ഒരുമിച്ച് ഇരിക്കുന്നതിനാല്‍ നായര്‍ ജാതിക്കാര്‍ക്കുവേണ്ടി തങ്ങള്‍ ചെയ്യുന്ന ജോലിയെ അത് ദോഷമായി ബാധിക്കുന്നുമെന്ന് മിഷനറിമാരോട് പരാതി പറയുകയും തങ്ങള്‍ സഭ വിട്ട് പോകുമെന്ന് ഭീഷണിമുഴക്കുകയും കോട്ടയം ജില്ലയിലെ ആര്‍പ്പുക്കരയില്‍ തന്നെ മറ്റൊരു ആരാധന ഷെഡ്ഡ് ഈഴവര്‍ നിര്‍മ്മിക്കുകയും അവിടേയ്ക്ക് മാറുകയും ചെയ്തു (Mateer 1883: 95-96).

സി.എം.എസ് മിഷനിലെ ആകെയുള്ള ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമുള്ള സുറിയാനി ക്രിസ്ത്യാനിയുമായി ലയിച്ചു ചേരുന്നതിനു പലയിടങ്ങളിലെ ഈഴവര്‍ക്ക് സാധിക്കുകയുണ്ടായി. ഈഴവ ക്രിസ്ത്യാനികള്‍ വളരെപ്പെട്ടന്ന് സുറിയാനി ക്രിസ്ത്യാനി അന്തസ്സിലേക്ക് എത്തിച്ചേര്‍ന്ന ഒരു സ്ഥലമായിരുന്നു മാവേലിക്കര. ജോസഫ് പീറ്റ് തന്റെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സ്ഥലമായ മാവേലിക്കരയിലെ സി.എം.എസിന്റെ പ്രൗഢഗംഭീരമായ പള്ളിയും സ്‌കൂളും കോളേജും സ്ഥിതി ചെയ്യുന്ന വലിയ കോമ്പൗണ്ട് യഥാര്‍ത്ഥത്തില്‍ ഒരു ഈഴവ കുടുംബത്തിന്റേതായിരുന്നു (sadasivan 2000: 453).രണ്ടോ അധിലധികമോ സുറിയാനി ക്രിസ്ത്യാനികള്‍ അംഗങ്ങളായുള്ള പള്ളികളില്‍ ഈഴവര്‍ വളരെ വേഗത്തില്‍ സുറിയാനി അന്തസ്സിലേക്ക് പ്രവേശിക്കുകയും എന്നാല്‍ ഈഴവ ക്രിസ്ത്യാനികള്‍ മാത്രമായുള്ള ചില സഭകളില്‍ തെക്കന്‍ ക്രിസ്ത്യാനികള്‍ എന്ന പേരില്‍ അവര്‍ സഭയ്ക്കുള്ളില്‍ അറിയപ്പെടുകയും ചെയ്തു.
(തുടരും)

Author

Scroll to top
Close
Browse Categories