ടാഗോർ- ഗുരു കൂടിക്കാഴ്ചയുടെ ചരിത്രപരമായ പ്രസക്തി
വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നു.ശ്രീനാരായണഗുരുവും ടാഗോറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സ്മരണ ചരിത്രപരമായി വീണ്ടെടുക്കുക എന്നത് അതിദേശീയതയുടെ ഘട്ടത്തിൽ അതിപ്രധാനമാണ്.
”Where the world has not been broken in to fragments by narrow domestic walls”
-Tagore
”പ്രിയമൊരു ജാതിയിതെൻപ്രിയം ത്വദീയ-
പ്രിയപരമപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടുംഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം”
–ശ്രീനാരായണ ഗുരു
‘മനുഷ്യസാഹോദര്യം, മാനവ സഹജീവനം, അനുകമ്പയിലധിഷ്ഠിതമായ ധാർമ്മിക ജീവിതം തുടങ്ങിയ ഉന്നതാദർശങ്ങളെ സംബന്ധിച്ച് ഗുരുവിന്റെയും ടാഗോറിന്റെയും കാഴ്ചപ്പാടുകൾ ജാതിയ്ക്കും മതത്തിനും ദേശീയതയ്ക്കും അതീതമായി സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായിരുന്നു. ഒരർത്ഥത്തിൽ ഗുരുവും ടാഗോറും തമ്മിലുള്ള കൂടിക്കാഴ്ച ഈ ധാർമ്മികാശയങ്ങളുടെ സമ്മേളനം കൂടിയായിരുന്നു എന്നു പറയാം. ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് വാർന്നിറങ്ങുന്ന വിമോചന സ്മരണയായി ടാഗോർ- ഗുരു കൂടിക്കാഴ്ചയെ വിലയിരുത്തേണ്ടതുണ്ട്.
”അധഃകൃത വർഗ്ഗക്കാരെ ഉദ്ധരിക്കാൻ വേണ്ടി ഗുരുസ്വാമികൾ നടത്തുന്ന ശ്രമങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ടെന്നും അത് വളരെ സന്തോഷകരമായിരിക്കുന്നു” എന്നും ടാഗോർ പറഞ്ഞപ്പോൾ,
”പറയത്തക്ക വിധത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും, മനുഷ്യർ തങ്ങളിൽ പരസ്പര സ്‌നേഹത്തോടെ വർത്തിക്കുന്നതു കാണുന്നതിൽ തനിക്ക് അതിയായ ആശയുണ്ടെന്നും” നാരായണഗുരു മറുപടി പറഞ്ഞു.
വെറുക്കപ്പെടേണ്ടവരായ അപര ഭാവനകളുടെ സൃഷ്ടിയിലാണ് ദേശരാഷ്ട്രവും അതിന്റെ അതിർത്തികളും രൂപപ്പെടുന്നതെന്ന് വരുന്നതോടെ ഗുരു സൂചിപ്പിച്ച ‘മനുഷ്യർ തങ്ങളിൽ പരസ്പരം സ്‌നേഹത്തോടെ വർത്തിക്കുന്നതിന്’ തടസം നേരിടുന്നു. ഇന്ത്യയിൽ പിന്നാക്ക കീഴാളജാതി വിഭാഗങ്ങളും ദേശ രാഷ്ട്രത്തിന്റെ അപരരായി സ്ഥാനപ്പെടുന്നതിന്റെ യുക്തി അതിദേശീയ വാദമാണ്. ആശ്രയമില്ലാതെയുഴലുന്ന കുടിയേറ്റ ജനവിഭാഗങ്ങളുടെയും നാടോടികളായി കണക്കാക്കപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെയും ജീവസന്ധാരണത്തിന്റെ കാര്യത്തിൽ പോലും പരിഗണാനാർഹമായ മനുഷ്യപദവി ഇവർക്കൊന്നും നിൽകുന്നില്ല എന്നതിന്റെ അർത്ഥം ദേശരാഷ്ട്രം ഇവരെയൊന്നും തന്നെ പൗരരായി പരിഗണിക്കുന്നില്ല എന്നതിനാലാണ്.
സ്വാതന്ത്ര്യസമരകാലത്ത് തന്നെ ഉദയം ചെയ്ത ദേശരാഷ്ട്ര സങ്കല്പമാവട്ടെ ബഹുജന സംസ്‌കാരത്തെ ഉൾച്ചേർക്കുന്ന ഒന്നായിരുന്നില്ല. ഇതിഹാസപുരാണ പാഠങ്ങളിലൂടെ വ്യാപിച്ച ‘ആർഷ ഭാരതത്തെ വീണ്ടെടുക്കാനാണ് സ്വാതന്ത്ര്യസമര നായകരായ സവർണജന വിഭാഗങ്ങൾ പരിശ്രമിച്ചത്. ‘രാമരാജ്യം’ മുതലായ സങ്കല്പങ്ങൾ ഉദയം ചെയ്യുന്നത് ഇങ്ങനെയാണ്. ഇത്തരം ദേശീയതാ സങ്കല്പങ്ങൾ മതേതര രാഷ്ട്ര സങ്കല്പത്തെയല്ല അനുധാവനം ചെയ്യുന്നത്, മറിച്ച്, ബ്രാഹ്മണികമായ യുക്തിയെ പുന:സ്ഥാപനം ചെയ്യുന്ന സങ്കല്പ രാശികളെയാണ് അത് പുന:സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഇന്ത്യയുടെ ദേശരാഷ്ട്ര നിർമ്മിതിയിലും ഭാവനയിലും മേൽക്കൈ നേടിയത് രാമരാജ്യ സങ്കല്പത്തിലൂന്നിയ ബ്രാഹ്മണ്യസംസ്‌കാരമായിരുന്നു. ഈ സംസ്‌ക്കാരത്തെയാണ് ”രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ ശംബൂകന്റെ ഗതിയാകുമായിരുന്നു നമുക്ക്” എന്ന് നാരായണഗുരു നിശിതവിമർശനം ചെയ്തത്. ആത്യന്തികമായി രാമരാജ്യ ഭാവനകൾ ബഹുജനങ്ങളുടെയും കീഴാളരുടെയും വിമോചന സങ്കല്പങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ചുരുക്കത്തിൽ അസമത്വശ്രേണീകരണ യുക്തിയായ ബ്രാഹ്മണ്യത്തിന്റെ ഭാവനകളും സങ്കല്പങ്ങളുമാണ് ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ നിർമ്മിതിയെയും ദേശീയതാ സങ്കല്പങ്ങളെയും വർദ്ധിച്ച തോതിൽ സ്വാധീനിച്ചത്.
ഹിന്ദുക്കളുടെ ജാതിസിദ്ധാന്തമനുസരിച്ചുള്ള കർശനമായ നിയമത്തിൻ കീഴിൽ ആചരിച്ചു പോന്ന അയിത്തം കാരണം ഇന്ത്യയ്ക്ക് ഒരിയ്ക്കലും ഒരു രാഷ്ട്രമായിത്തീരാൻ കഴിയില്ലെന്ന് രവീന്ദ്രനാഥ ടാഗോർ പ്രസ്താവിച്ചതിന്റെ കാരണം ജാതിയാണ് ഇന്ത്യൻ ദേശീയതയെ നിർണയിച്ചത് എന്നതിനാലാണ്. ”നമ്മുടെ വംശീയമായ സമ്മിശ്രണത്തിനെതിരായ ഈ അധാർമ്മികതകൾ തകരാതെ രാഷ്ട്രീയ ഐക്യം കൈവരിക്കാനാവുമെന്ന് എന്നെങ്കിലും നമുക്ക് പ്രതീക്ഷിക്കാനാവുമോ” എന്ന് ദേശീയതയെ സംബന്ധിച്ച പ്രബന്ധത്തിൽ ടാഗോർ എഴുതുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളിൽ പെട്ടു പോകുന്ന മനുഷ്യജീവിതത്തിന്റെ ദുഷ്‌ക്രിയകൾ നിരന്തരം കണ്ടിട്ടാണ് അതിലധിഷ്ഠിതമായ ദേശരാഷ്ട്ര ഭാവനകളെ സമ്പൂർണമായി ടാഗോർ നിരസിച്ചത്. ജാതിചിന്തകൾക്കെതിരായ ഗുരുവിന്റെ വിമർശന വഴികളും ആത്യന്തികമായി മനുഷ്യരിലെ മനുഷ്യത്വത്തെ വീണ്ടെടുത്ത് ഒരു വിശ്വമാനവ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യം ഉള്ളടങ്ങിയതായിരുന്നു. (മനുഷ്യാണാ മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ)
ജാതിചിന്തകൾ നിലനിൽക്കുന്നിടത്തോളം മനുഷ്യത്വം നിറഞ്ഞ മനുഷ്യരാവാൻ സാധിക്കില്ലെന്ന ഗുരുവിന്റെ നിരീക്ഷണവും, അയിത്തം കാരണം ഇന്ത്യയ്ക്ക് ഒരിക്കലും ഒരു രാഷ്ട്രമായിത്തീരാൻ കഴിയില്ലെന്ന ടാഗോറിന്റെ നിരീക്ഷണവും പരസ്പരം സമ്മുഖം ചെയ്യുന്നുണ്ട്.
ജാതിചിന്തകൾ നിലനിൽക്കുന്നിടത്തോളം മനുഷ്യത്വം നിറഞ്ഞ മനുഷ്യരാവാൻ സാധിക്കില്ലെന്ന ഗുരുവിന്റെ നിരീക്ഷണവും, അയിത്തം കാരണം ഇന്ത്യയ്ക്ക് ഒരിക്കലും ഒരു രാഷ്ട്രമായിത്തീരാൻ കഴിയില്ലെന്ന ടാഗോറിന്റെ നിരീക്ഷണവും പരസ്പരം സമ്മുഖം ചെയ്യുന്നുണ്ട്. കാഴ്ചപ്പാടുകളിലെ ഈ സാധർമ്മ്യമാണ് ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ചരിത്രപരമായ പ്രസക്തിയും. നിർഭാഗ്യവശാൽ ഗുരുവിന്റെയും ടാഗോറിന്റെയും നീതിനിഷ്ഠമായ സാഹോദര്യഭാവനകളെ കൈയൊഴിഞ്ഞു കൊണ്ടാണ് ദേശഭാവനകൾ ഇന്ന് വളർന്നു പന്തലിക്കുന്നത്.
‘ആരാണ് ഇന്ത്യക്കാരൻ’ എന്ന ചോദ്യത്തിൽ അതൊരു സവർണപുരുഷനാണ് എന്ന ഉത്തരം നിർലജ്ജം സാദ്ധ്യമാക്കിയതിൽ ദേശീയതയെ സംബന്ധിച്ച ഭാവനകൾക്കും വലിയ പങ്കുണ്ട്. പൗരസ്ത്യവാദികളുടെ കാഴ്ചപ്പാടുകളും ബ്രാഹ്മണ്യായുധങ്ങളുമാണ് ഇത് സമ്പൂർണമായി സാദ്ധ്യമാക്കിയത്. മതേതര രാഷ്ട്രം എന്ന സങ്കല്പത്തെ തന്നെ സമ്പൂർണമായി കളങ്കപ്പെടുത്തും വിധം അതിദേശീയതയുടെ ഹിംസാത്മക ആഖ്യാനങ്ങൾ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ അപരഹിംസയെയാണ്, ”നയമതിനാലെ നരന്നു നന്മ നല്‍കും ക്രിയയപരപ്രിയഹേതുവായ് വരേണം” എന്ന് ഗുരു നീതിവിമർശം ചെയ്തത്. ”തൻപ്രിയമപരപ്രിയമെന്നറിഞ്ഞീടേണം” എന്ന ഗുരുവരുൾ ദേശഭാവനയുടെ അപരത്വത്തെ തന്നെയാണ് നിരസിക്കുന്നത്. അപരത്തെ പരിഗണിക്കാത്ത ദേശരാഷ്ട്രത്തിന് മൈത്രിയിലും കരുണയിലും അധിഷ്ഠിതമായ വിമോചന ദേശീയതയായി പരിവർത്തിക്കാൻ കഴിയില്ല. അടിസ്ഥാനപരമായി ഇന്ത്യൻ ദേശീയതാ വ്യവഹാരത്തെ നിർണയിച്ചത് ജാതിചിന്തകളുടെ സങ്കുചിത യുക്തികളായിരുന്നു. ”നമ്മുടെ സാമൂഹിക നിയന്ത്രണങ്ങൾ ഇപ്പോഴും സ്വേച്ഛാപരമാണെന്നും അവ മനുഷ്യരെ ഭീരുക്കളാക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യത്തെ നാം അംഗീകരിച്ചേ മതിയാകൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വ്യത്യസ്തത പുലർത്തുന്നുവെന്നതു കൊണ്ടു മാത്രം മറ്റുള്ളവരുടെ ജീവിതത്തെ ദുരിതമയമാക്കുന്ന നമ്മുടെ സാമൂഹിക ദുശ്ശീലങ്ങൾ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിൽ ഇനിയും തുടരുമെന്നും, ജീവിതത്തിന്റെ ലക്ഷണങ്ങളായ വൈജാത്യങ്ങളെ ഞെരിച്ചമർത്തുന്ന നിർബ്ബന്ധ ബുദ്ധിയുടെ യന്ത്രങ്ങൾ അവ സൃഷ്ടിക്കുമെന്നും തീർച്ചയാണെന്ന ടാഗോറിന്റെ നിരീക്ഷണങ്ങൾ ഇന്ത്യൻ ദേശീയതയെ നിർണയിക്കുന്ന അസമത്വശ്രേണീകരണയുക്തിയായ ചാതുർവർണ്യ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമർശന വിധേയമാക്കുന്നത്.
കൊളോണിയൽ ഭരണക്രമത്തിൽ നിന്നും സ്വതന്ത്രമായ ദേശരാഷ്ട്രമായി ഇന്ത്യയെ ഭാവന ചെയ്യാമെങ്കിലും ബ്രാഹ്മണ്യത്തിന്റെ ആഭ്യന്തര കൊണോളിയൽ ചങ്ങലകളിൽ ഇന്ത്യയിലെ ഏഴു ജാതികൾ ബന്ധിക്കപ്പെട്ടു കിടക്കുമ്പോൾ അവരുടെ മോചനത്തിലൂടെ മാത്രമേ ‘ഇന്ത്യൻ ദേശീയത’ എന്നത് ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് അഭിസംബോധന ചെയ്യപ്പെടുകയുള്ളൂ.
”ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്നത് കേവലമൊരു പ്രാർത്ഥന മാത്രമല്ലെന്നും ഇത് സംഭവിക്കണമെങ്കിൽ ജാതിയുടെ സങ്കുചിതമായ ഗൃഹഭിത്തികൾ കൊണ്ട് കീറിമുറിക്കപ്പെടാത്ത സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗമായി ഇന്ത്യ മാറിത്തീരേണ്ടതുണ്ട്.
”എന്റെ ജന്മദേശമേ
ചക്രവാളത്തിൽ കാണുന്ന ആ ഇളം ചുവപ്പുരാശി
നിന്റെ ശാന്തിയുടെ പുലരിയല്ല
സ്വന്തം ഭാരത്താൽ മൃതമായിത്തീർന്ന
ദേശസ്വാർത്ഥകളുടെ വലിയ മാംസപിണ്ഡങ്ങളെ
ചാരമാക്കുന്ന
ചിതാ വെളിച്ചമാണത്”