ഉന്നത വിദ്യാഭ്യാസം കിതച്ചും കുതിച്ചും
കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലെതന്നെ മികച്ച സര്‍വ്വകലാശാലകളാണ്. രണ്ടാഴ്ചമുമ്പ് പുറത്തുവന്ന നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രയിംവര്‍ക്ക് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നില മെച്ചപ്പെടുത്തിയത് നാം വായിച്ചറിഞ്ഞതാണ്. ഇന്ത്യയിലെ ഏതൊരു ഭീമമായ കേന്ദ്രധനസഹായം ലഭിക്കുന്ന സര്‍വ്വകലാശാലകളുടെയടുത്തും കിടപിടിക്കുന്ന ഗുണനിലവാരം നമ്മുടെ സര്‍വ്വകലാശാലകള്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഈ നേട്ടങ്ങളുടെ തിളക്കത്തെ നഷ്ടപ്പെടുത്തുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കുപിന്നാലെയാണ് കേരളത്തിലെ മുന്‍നിര മാധ്യമങ്ങളും പ്രതിപക്ഷവും. കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആവില്ലെങ്കിലും ഇതുമാത്രമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം എന്ന നിലയില്‍ ആഘോഷിക്കപ്പെടുന്നത് തികച്ചും ഭൂഷണമല്ല എന്നകാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ കുറേ ആഴ്ചകളായി കേരളം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പിറകെയുള്ള വാര്‍ത്തകളാണ് കണികണ്ടുണരുന്നത്. രാജ്യത്തെതന്നെ മികവുറ്റ വിദ്യാഭ്യാസരംഗം എന്ന് പുകള്‍പെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന് എന്താണ് സംഭവിക്കുന്നത്? വിദ്യാര്‍ഥിരാഷ്ട്രീയം, പുറത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ നമ്മുടെ നേട്ടങ്ങളെ പിന്നോട്ടടുപ്പിക്കുന്നുണ്ടോ? ഒരുവശത്തു സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന കൊടുക്കുമ്പോള്‍ മറുവശത്തു അതുതകര്ക്കുവാന് ശ്രമിക്കുന്നതാരൊക്കെ? പുതിയ കേന്ദ്രവിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാര്‍ രാജ്യത്താകമാനം നടപ്പിലാക്കുവാന്‍ ഒരുങ്ങുമ്പോള്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടോ? ഇത്തരം നൂറുകണക്കിന് ചോദ്യങ്ങള്‍ കേരളം മറുപടി തേടുകയാണ്.
കേരളത്തില്‍
സംഭവിക്കാന്‍ പാടില്ലാത്തത്
കേരളീയര്‍ പൊതുവേ വിദ്യാസമ്പന്നരും, വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന കൊടുക്കുന്നവരുമാണെന്നാണ് വയ്പ്പ്. ഇന്ത്യയിലെ ശരാശരി സാക്ഷരതാനിരക്ക് 77.7% ആണെങ്കില്‍ കേരളത്തിന്റേത് 96.2% ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നിരക്കും കേരളത്തില്‍ തന്നെ. അക്ഷരമറിയാത്തവര് കേരളത്തില്‍ ഇല്ലായെന്ന് തന്നെ പറയുന്നതിനൊപ്പം തന്നെ ഏറ്റവുമധികം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതും കേരളത്തില്‍ തന്നെ. കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലെതന്നെ മികച്ച സര്‍വ്വകലാശാലകളാണ്. രണ്ടാഴ്ചമുമ്പ് പുറത്തുവന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രയിംവര്‍ക്ക് വര്‍ക്ക് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നില മെച്ചപ്പെടുത്തിയത് നാം വായിച്ചറിഞ്ഞതാണ്. ഇന്ത്യയിലെ ഏതൊരു ഭീമമായ കേന്ദ്രധനസഹായം ലഭിക്കുന്ന സര്‍വ്വകലാശാലകളുടെയടുത്തും കിടപിടിക്കുന്ന ഗുണനിലവാരം നമ്മുടെ സര്‍വ്വകലാശാലകള്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഈ നേട്ടങ്ങളുടെ തിളക്കത്തെ നഷ്ടപ്പെടുത്തുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കുപിന്നാലെയാണ് കേരളത്തിലെ മുന്‍നിര മാധ്യമങ്ങളും പ്രതിപക്ഷവും. കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആവില്ലെങ്കിലും ഇതുമാത്രമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം എന്ന നിലയില്‍ ആഘോഷിക്കപ്പെടുന്നത് തികച്ചും ഭൂഷണമല്ല എന്നകാര്യത്തില്‍ സംശയമില്ല.
കണക്കാക്കാതെ പോകുന്ന മികവുകള്‍
വിവാദങ്ങള്‍ക്കിടയില്‍ നമ്മുടെ പല നേട്ടങ്ങളും ആരും കാണാതെയും ആഘോഷിക്കപ്പെടാതെയും കടന്നുപോകുന്നുണ്ട്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രകടനത്തെ വിലയിരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവര്‍ക്ക് (NIRF) അടുത്തിടെ പുറത്തിറക്കിയ റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വ്വകലാശാലകളും, കലാലയങ്ങളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കേരള, കൊച്ചി സര്‍വ്വകലാശാലകള്‍ റാങ്കിങ് നില മെച്ചപ്പെടുത്തിയപ്പോള്‍ (കേരള സര്‍വ്വകലാശാല 40 ല്‍ നിന്നും 24, കൊച്ചി സര്‍വ്വകലാശാല 41 ല്‍ നിന്നും 37) എം.ജി സര്‍വ്വകലാശാലയും, കാലിക്കറ്റ് സര്‍വ്വകലാശാലയും ഒരു റാങ്ക് പിന്നിലേക്ക് പോയി.
എന്നിരുന്നാലും സ്വകാര്യ സര്‍വ്വകലാശാലകള്‍ മുന്നോട്ടുവെക്കുന്ന കടുത്ത മത്സരത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ നേട്ടം ചെറുതല്ല. കോളേജുകളുടെ കാര്യത്തിലായാലും കേരളത്തിലെ 14 കലാലയങ്ങള്‍ ആദ്യത്തെ നൂറ് റാങ്കില്‍ എത്തിയത് കേരളത്തെ സംബന്ധിച്ച് അഭിമാനകരമാണ്. സര്‍വ്വകലാശാല വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മുഴുവനായുള്ള വിഭാഗത്തില്‍ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാമതായി എത്തി.
പാഠ്യരീതി പരിഷ്കരണം
ശ്രദ്ധയോടെ വേണം
ദേശീയ വിദ്യാഭ്യാസനയത്തെ കേരളം അന്നും ഇന്നും ശക്തിയുക്തം എതിര്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢമായ അജണ്ടകള്‍ അതിനുപിന്നില്‍ ഉണ്ടെന്നതാണ് പ്രധാന ആരോപണം. എന്നിരുന്നാലും നയം പിന്തുടരാതെ ഇനി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോകുവാനാവില്ല എന്ന അവസ്ഥ സംജാതമാകുന്നുണ്ട്. എല്ലാ റാങ്കിങ് സംവിധാനത്തിലും കേന്ദ്രവിദ്യാഭ്യാസനയത്തിലെ എന്തൊക്കെ നടപ്പിലാക്കി എന്നതിനെ കൂടി ആശ്രയിച്ചാവും ഇനി റാങ്ക് നല്കുവാന് പോകുന്നത്. അതിന്റെ ഭാഗമായി നാലുവര്‍ഷത്തെ ബിരുദം ഈ വര്‍ഷം തന്നെ തുടങ്ങുവാനാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ എന്‍.ഐ.ആര്.എഫ് പോലും അത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ കൂടി വിലയിരുത്തിയാവും റാങ്കിങ് നിശ്ചയിക്കുക. അതുകൊണ്ടുതന്നെ മാറിയ പാഠ്യപദ്ധതികളില്‍ നിന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കാനാവില്ല. ക്രിയാത്മകമായ മാറ്റങ്ങളെ കൃത്യമായി അഭിസംബോധന ചെയ്തെങ്കില്‍ മാത്രമേ കുട്ടികളെയും ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ.
മികവുള്ള അദ്ധ്യാപകര്‍
കോളേജുകളിലെയും, സര്‍വ്വകലാശാലകളിലെയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണങ്ങള്‍ ഇനിയുമേറെയുണ്ട്. അതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അദ്ധ്യാപകരുടെ പങ്ക്. നിലവാരമുള്ള അദ്ധ്യാപകരാണ് ഓരോ വിദ്യാഭ്യാസസ്ഥാപനത്തിന്റെയും അടിത്തറ. അദ്ധ്യാപകര്‍ അവരുടെ മികവുകൊണ്ട് വിദ്യാര്‍ഥികളെ ആകര്‍ഷിക്കേണ്ടതുണ്ട്. അതിന് അദ്ധ്യാപകര്‍ സ്വയം മികവാര്ജ്ജിക്കേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ ഇതെല്ലാം എത്തിനില്‍ക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലേക്കുതന്നെയാണ്. ഇത്തരത്തില്‍ തൊഴില്‍രംഗത്തിന്റെ ഉണര്‍വ്വും, വ്യവസായങ്ങളുടെ ഉയര്‍ച്ചയും, കുട്ടികളുടെയും അധ്യാപകരുടെയും മികവും ഒക്കെ ചേര്‍ത്തുവച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ നമ്മുടെ കലാലയങ്ങളില്‍ ഒരുസീറ്റും ഒഴിഞ്ഞുകിടക്കാത്ത സാഹചര്യം നമുക്ക് സൃഷ്ടിക്കാനാവും.
നമുക്ക് പിഴക്കുന്നതെവിടെ?
മികച്ച അധ്യാപകര്‍, സര്‍ക്കാര്‍ തലത്തില്‍ മുന്തിയ പരിഗണന, പ്രതിഭാധനരായ വിദ്യാര്‍ഥികള്‍, സ്കൂള്‍ തലങ്ങളില്‍ ഉള്ള മികച്ച പഠനാന്തരീക്ഷങ്ങള്‍ എന്നിവയൊക്കെ ഉണ്ടെങ്കിലും എന്തുകൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആദ്യത്തെ അഞ്ചോ പത്തോ റാങ്കില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ല? അമൃതയും, രാജഗിരിയും പോലെയുള്ള സ്വകാര്യരംഗത്തെ സ്ഥാപനങ്ങള്‍ മികച്ച റാങ്കുനേടുമ്പോള് സര്‍ക്കാര്‍ വിഭാഗത്തിലെ സര്‍വ്വകലാശാലകള്‍ ഒന്നാമതായി എത്താത്തതെന്താണ്? സ്വകാര്യ വിദ്യാഭ്യാസരംഗത്തെ രീതികളെ അപേക്ഷിച്ചു, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രീതികള്‍ വ്യത്യസ്തമാണെങ്കിലും ശ്രമിച്ചാല്‍ ഗുണപരമായ ചില മാറ്റങ്ങള്‍ അവിടങ്ങളില്‍ കൊണ്ടുവരാന്‍ കഴിയും എന്നകാര്യത്തില്‍ സംശയമില്ല.
അധ്യാപന-പഠന വിഭവങ്ങള്‍, ഗവേഷണം, പഠനഫലം, സമൂഹവ്യാപനം എന്നിങ്ങനെ വിവിധ അളവുകോലുകള്‍ ഓരോ റാങ്കിങ് സമ്പ്രദായത്തിനുപിന്നിലുണ്ട്. പ്രധാനമായും പരീക്ഷകളില്‍ കുട്ടികളുടെ റിസള്‍ട്ട്, ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണവും ഗുണമേന്മയും, ഏറ്റെടുത്തുനടപ്പിലാക്കുന്ന ഗവേഷണ പ്രോജക്റ്റുകള്‍, പുറത്തിറങ്ങിയ ഡോക്ടറേറ്റുകള്‍ എന്നിവയൊക്കെ പരിഗണിക്കും. നാക്, എന്‍.ഐ.ആര്.എഫ് എന്നിവയിലെ മികവ് ഇന്ന് ഓരോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകുവാന്‍ അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്‍ഡ്, പ്രോജക്റ്റുകള്‍ എന്നിവയൊക്കെ ഈ റാങ്കിങ്ങിലെ മികവിനെ ആശ്രയിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ കൃത്യമായ അളവുകോലുകള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രകടനങ്ങള്‍ അവയോരോന്നിലേക്കും കൃത്യമായി ചേര്‍ത്തുവെക്കുകയാണ് ആദ്യം വേണ്ടത്.