ഇതാ ‘അഞ്ചാം തലമുറ’5G – വിരല്‍ത്തുമ്പില്‍
രണ്ടുമണിക്കൂര്‍ ഉള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യുവാന്‍ 3ജിയില്‍ ഇരുപതുമണിക്കൂര്‍ വരെ വേണ്ടി വന്നിരുന്നു. 4ജി ആയപ്പോള്‍ അത് ആറുമണിക്കൂര്‍ വരെയായി. 5ജി വരുന്നതോടെ ഏതാണ്ട് മൂന്നര സെക്കന്‍ഡ് സമയം മാത്രമാണ് അതിന് വേണ്ടിവരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ 5ജി ഉണ്ടാക്കുവാന്‍ പോകുന്ന വിപ്ലവം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ. ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്ക്കുമ്പോള്‍ അത് അടുത്തയാള്‍ക്ക് ലഭിക്കുവാന്‍ 50 മില്ലിസെക്കന്‍ഡ് സമയമാണ് എടുക്കുന്നത്. എന്നാല്‍ 5ജിയുടെ വരവോടെ അത് 1 മില്ലിസെക്കന്‍ഡ് ആയി കുറയും.
ഇന്ന് ലോകം ഒരു വലയിലാണ് കൊരുത്തുകിടക്കുന്നത്. ഭൂമിയിലെ ഓരോ വസ്തുവും ആ വലയുടെ നിയന്ത്രണത്തിലാണ്. ഒന്ന് ചലിക്കണമെങ്കില്‍ ഈ വലയില്‍ നാം അടയാളപ്പെടുത്തേണ്ടതുണ്ട്. നാം ചലിക്കുന്നത് ആ വല അറിയുന്നതുമുണ്ട്. ഭക്ഷണവും, വെള്ളവുമില്ലാതെ ചുരുങ്ങിയ ദിവസങ്ങളില്‍ മനുഷ്യന് ജീവിക്കാമെങ്കിലും ഈ എല്ലാം ഉള്‍ക്കൊള്ളുന്ന ‘വല’ ഇല്ലാതെ ഇന്നു മനുഷ്യന്റെ ഒരുദിനം കടന്നുപോകുവാനാവില്ല. അങ്ങനെയൊരു ദിനം സംഭവിച്ചാല്‍, അത് ഒരുപക്ഷേ ലോകത്തെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുവാന്‍ പോകുന്ന ആഘാതം നമുക്ക് താങ്ങാന്‍ കഴിയാവുന്നതിനേക്കാള്‍ ഏറെയായിരിക്കുകയും ചെയ്യും. പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല. നമ്മുടെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്ന ‘ഇന്റര്‍നെറ്റ്’ എന്ന വലയെക്കുറിച്ചുതന്നെ.
അടുത്തിടെയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഡേറ്റയില്‍ വന്‍ കുതിപ്പായി അഞ്ചാം ജനറേഷന്‍ 5ജി ഡേറ്റാ നെറ്റ് വര്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നാലാം ജനറേഷന്‍ ഡേറ്റാ വേഗത്തേക്കാള്‍ നൂറുമടങ്ങുവേഗത്തില്‍ ഇനി നമ്മുടെ മൊബൈലുകളില്‍ ഇന്റര്‍നെറ്റ് വേഗതയില്‍ പറക്കുവാന്‍ പോവുകയാണ്. ഇതോടൊപ്പം മറ്റൊരു കണ്ടുപിടുത്തേക്കാളുമേറെ വേഗത്തില്‍ മനുഷ്യന്റെ ജീവിതവും മാറിമറിയാന്‍ പോവുകയുമാണ്.
ഡേറ്റയുടെ
ജനറേഷനുകള്‍
എങ്ങിനെയാണ് നാം നമ്മുടെ ഫോണുകളിലും, ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നത്? ലോകം മുഴുവന്‍ കണക്റ്റ് ചെയ്തിരിക്കുന്ന ഇന്റര്‍നെറ്റ് വയര്‍ലെസ് ആയി എങ്ങിനെയാണ് നമുക്ക് ഉപയോഗിക്കുവാന്‍ കഴിയുന്നത്? കേബിളുകളിലൂടെ എത്തുന്ന ഡേറ്റ മൊബൈല്‍ ടവറുകളില്‍ എത്തുകയും, ടവറുകളില്‍ നിന്ന് റേഡിയോ തരംഗങ്ങളായി നമ്മുടെ ഫോണുകളില്‍ എത്തുകയുമാണ് ചെയ്യുന്നത്. ഇനി ഈ തരംഗങ്ങള്‍ വഴി ഡേറ്റ എത്തുന്നത് എങ്ങിനെയാണെന്ന് അറിയണ്ടേ?
അത് അറിയുവാനായി നാം വൈദ്യുത കാന്തിക സ്‌പെക്ട്രം (Electro-magnetic Spectrum) എന്താണെന്നുകൂടി അറിയേണ്ടതുണ്ട്. ഈ വൈദുതകാന്തിക സ്‌പെക്ട്രം പലവിധ തരംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.ഉദാഹരണത്തിന് റേഡിയോ തരംഗങ്ങള്‍, മൈക്രോ തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍, അള്‍ട്രാവയലറ്റ്, വിസിബിള്‍, ഗാമ എന്നിങ്ങനെ പോകുന്നു അത്. ഇത്തരത്തില്‍ ഇവയെല്ലാം കൃത്യമായി അടുക്കിവച്ചിരിക്കുന്നത് അവയുടെ ആവൃത്തി (Frequency), തരംഗദൈര്‍ഘ്യം (Wave length) എന്നിവയെ ആശ്രയിച്ചാണ്. തരംഗദൈര്‍ഘ്യം കൂടുതലുള്ളവയ്ക്ക് ആവൃത്തി കുറവായിരിക്കും. അതുപോലെതന്നെ തിരിച്ചും. അതായതു തരംഗദൈര്‍ഘ്യം കൂടുതലുള്ള തരംഗങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കുവാന്‍ കഴിയും. മാത്രമല്ല, അവയ്ക്ക് ശക്തി (Strength) കുറവാണെങ്കിലും കൂടുതല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും, ദൂരം താണ്ടുവാനും സാധിക്കും. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി നാം ഉപയോഗിക്കുന്നത് തരംഗദൈര്‍ഘ്യം കൂടിയ റേഡിയോ തരംഗങ്ങളോ, അതിനോട് അടുത്തുകിടക്കുന്നവയെയൊ ഒക്കെയാണ്.
ഇനി 2ജി, 3ജി. 4ജി എന്നിവയൊക്കെ എന്താണെന്നുനോക്കാം. ഇവയൊക്കെത്തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതിന്റെ വേഗം തന്നെയാണെന്ന് . ഓരോ ജനറേഷന്‍ കഴിയുന്തോറും അതിന്റെ വേഗത വലിയ അളവില്‍ കൂടുന്നതായി നാം നിരീക്ഷിച്ചിട്ടുണ്ട്. അതായത് ഓരോ സെക്കന്റിലും എത്രമാത്രം ഡേറ്റയെ വഹിച്ചുകൊണ്ടുപോകാന്‍ ആ തരംഗത്തിന് കഴിയുന്നു എന്നതാണ് ഇവിടെ വേഗം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മള്‍ അങ്ങിനെയാണ് വേഗത്തെ രേഖപ്പെടുത്തുന്നതും. 100 എം.ബി.പി.എസ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഒരു സെക്കന്‍ഡില്‍ 100 എം.ബി ഡേറ്റ ആ തരംഗത്തിന് പ്രേക്ഷണം ചെയ്യാന്‍ കഴിയും എന്നര്‍ത്ഥം. ഇത്തരത്തില്‍ ശക്തികൂടിയ തരംഗങ്ങളെ സ്വീകരിക്കുവാനുള്ള സംവിധാനം നമ്മുടെ ഫോണുകളിലും, അത് പ്രേക്ഷണം ചെയ്യുവാനുള്ള സംവിധാനം ടവറുകളിലും ഉണ്ടായിരിക്കണം. അതിനാലാണ് 2ജിയില്‍ നിന്നും, 3ജിയിലേക്ക് മാറുമ്പോള്‍ പുതിയ ഫോണുകള്‍ നമുക്ക് മാറ്റേണ്ടിവരുന്നതും.
കടിഞ്ഞാണ്‍
സര്‍ക്കാരിന്റെ കൈകളില്‍
ഓരോ ജനറേഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോള്‍ അവ ഉപയോഗിക്കുവാന്‍ കമ്പനികള്‍ക്ക് കഴിയണമെങ്കില്‍ അതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്നും നേടേണ്ടതുണ്ട്. അതിന്റെ അവകാശം സര്‍ക്കാരില്‍ നിന്നും വാങ്ങേണ്ടതുണ്ട്. ധാരാളം ഡേറ്റാ ദാതാക്കള്‍ ആയിട്ടുള്ള കമ്പനികള്‍ അവകാശമുന്നയിക്കുമ്പോള്‍ അതിനുവേണ്ടി ലേലം വേണ്ടിവരുന്നു. അങ്ങനെ ഓരോ ജനറേഷന്‍ ബാന്‍ഡുകളിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോളും അതനുസരിച്ചുള്ള തരംഗങ്ങള്‍ സര്‍ക്കാര്‍ ലേലത്തിന് വയ്ക്കുന്നു. മൊബൈല്‍ കമ്പനികള്‍ ആവട്ടെ അവര്‍ക്കാവശ്യമുള്ള തരംഗങ്ങള്‍ അതിന്റെ ശക്തി അനുസരിച്ചു ലേലത്തില്‍ പിടിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ 2ജി സ്‌പെക്ട്രം ലേലം ചെയ്യുന്ന അവസരത്തില്‍ ലേലത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിക്കാതെ കൈക്കൂലി വാങ്ങി സ്‌പെക്ട്രത്തിനുള്ള അനുമതി നല്‍കിയ കേസിനെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. യു പി എ സര്‍ക്കാരിനെ അത്രമേല്‍ പിടിച്ചുകുലുക്കിയ ഒന്നായിരുന്നല്ലോ 2ജി അഴിമതിക്കേസ്.
വേഗം മാറുമ്പോള്‍
ഓരോ ജനറേഷനില്‍ നിന്നും അടുത്തതിലേക്ക് വേഗം മാറുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്? ഉദാഹരണത്തിന് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുമ്പോള്‍ ഉണ്ടാകേണ്ട വേഗം അന്താരാഷ്ട്രതലത്തില്‍ ആണ് തീരുമാനിക്കപ്പെടുന്നത്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യുണിക്കേഷന്‍ യൂണിയന്‍ (ITU) എന്ന ഓര്‍ഗനൈസേഷനാണ് ഇതിനു നേതൃത്വം നല്‍കുന്നത്. മാത്രമല്ല, 4ജി എന്ന് പറയുമ്പോളും അതില്‍ കമ്പനികള്‍ അവകാശപ്പെടുന്ന വേഗം പ്രയോഗത്തില്‍ ഉണ്ടാവുകയില്ല. ആ അവസരത്തിലാണ് 4ജി LTE എന്ന് നമ്മുടെ ഫോണുകളില്‍ ഒരു പേര് ചേര്‍ക്കപ്പെടുന്നത്. അതിനര്‍ത്ഥം ലോങ്ങ് ടെം എവലൂഷന്‍ (Long Term Evolution) എന്നാണ്. 3ജിയില്‍ നിന്നും 4ജിയിലേക്ക് ഉള്ള ഒരു പരിണാമത്തിലാണ് നാം എന്നര്‍ത്ഥം.
പുതിയ അതിഥി – 5ജി
ഇനി 5ജിയിലേക്ക് വരാം. ഒരു ജി.ബി.പി.എസ് മുതല്‍ 3 ജി.ബി.പി.എസ് വരെയാണ് ഇതിന് കമ്പനികള്‍ അവകാശപ്പെടുന്ന വേഗം. ഇന്ന് ലഭ്യമായ 4ജിയെക്കാള്‍ നൂറുമടങ്ങുവേഗം ഉണ്ടാകുമത്രേ. രണ്ടുമണിക്കൂര്‍ ഉള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യുവാന്‍ 3ജിയില്‍ ഇരുപതുമണിക്കൂര്‍ വരെ വേണ്ടി വന്നിരുന്നു. 4ജി ആയപ്പോള്‍ അത് ആറുമണിക്കൂര്‍ വരെയായി. 5ജി വരുന്നതോടെ ഏതാണ്ട് മൂന്നര സെക്കന്‍ഡ് സമയം മാത്രമാണ് അതിന് വേണ്ടിവരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ 5ജി ഉണ്ടാക്കുവാന്‍ പോകുന്ന വിപ്ലവം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.
5ജി ഡേറ്റയില്‍ തന്നെ മൂന്നുതരത്തിലുള്ള ഫ്‌ലേവറുകളാണ് ഉള്ളത്. ലോ-ബാന്‍ഡ് 5ജിയില്‍ സെക്കന്‍ഡില്‍ അന്‍പതുമുതല്‍ ഇരുന്നൂറ്റിയമ്പത് മെഗാബൈറ്റ്‌സ് വരെ വേഗമാണ് ലഭിക്കുന്നത്. രണ്ടാമത്തെ മിഡ്-ബാന്‍ഡില്‍ 100 മുതല്‍ 900 മെഗാബൈറ്റ്‌സ് വരെയും, ഹൈ-ബാന്‍ഡ് 5ജിയില്‍ സെക്കന്‍ഡില്‍ മൂന്ന് ജിഗാബൈറ്റ്‌സ് (3000 മെഗാബൈറ്റ്‌സ്) വരെ വേഗമാണ് ലഭിക്കുന്നത്. അതായത് നിങ്ങള്‍ നിങ്ങളുടെ ആര്‍ക്കെങ്കിലും ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് അയയ്ക്കുമ്പോള്‍ അത് അടുത്തയാള്‍ക്ക് ലഭിക്കുവാന്‍ 50 മില്ലിസെക്കന്‍ഡ് സമയമാണ് എടുക്കുന്നത്. എന്നാല്‍ 5ജിയുടെ വരവോടെ അത് 1 മില്ലിസെക്കന്‍ഡ് ആയി കുറയും.
കുറയുന്ന
‘ലെറ്റന്‍സി’ (Latency)
നമ്മള്‍ ഒരു സന്ദേശം വേറൊരാളുടെ മൊബൈലിലേക്ക് അയയ്ക്കുമ്പോള്‍ അവര്‍ക്ക് അത് സ്വീകരിക്കുവാനും, തിരികെ അയയ്ക്കുമ്പോള്‍ അത് ആ മൊബൈലില്‍ നിന്ന് പുറപ്പെടുവാനും എടുക്കുന്ന താമസം ആണ് ‘ലെറ്റന്‍സി’ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 5ജി വരുന്നതോടെ ഈ ലെറ്റന്‍സി ഗണ്യമായി കുറയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഒരു ആള്‍ക്കൂട്ടങ്ങളില്‍ നില്‍ക്കുമ്പോള്‍ ഉദാഹരണത്തിന് ഉത്സവം, പൊതുസമ്മേളനം പെരുന്നാളുകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ അവിടെയുള്ള ആള്‍ക്കാര്‍ ഒരേസമയം ഒരു ടവറില്‍ നിന്നുള്ള ഡേറ്റ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വേഗതക്കുറവും പലപ്പോളും നമുക്കൊരു പ്രശ്‌നമായി തോന്നാറുണ്ട്. അതിനും 5ജിയുടെ വരവോടെ വലിയൊരളവില്‍ പരിഹാരമാകും എന്നാണ് വിശ്വസിക്കുന്നത്.
സ്മാര്‍ട്ട് നഗരങ്ങള്‍
ജനസംഖ്യ ഉയരുന്നതിനനുസരിച്ച് റോഡിലെ ട്രാഫിക് കുരുക്കുകള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചു നമ്മുടെ റോഡുകളുടെ വലിപ്പം കൂട്ടാനാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ 5ജി അതിനും പരിഹാരമാകും എന്നാണ് കരുതപ്പെടുന്നത്. ഇന്റര്‍നെറ്റാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന വാഹനങ്ങള്‍ വഴി ട്രാഫിക് പ്രശ്‌നം വലിയൊരളവില്‍ കുറയ്ക്കുവാനാകും. വാഹനങ്ങളില്‍ നിന്നും പരസ്പരം അതിവേഗം വിവരങ്ങള്‍ കൈമാറുവാനും, അത് ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും സാധിക്കും. ലോകത്തെ ഏറ്റവും വലിയ വാഹനവിപണികളില്‍ ഒന്നായ നമ്മുടെ രാജ്യത്തിന് 5ജിയുടെ ഗുണം ഉപയോഗിക്കാന്‍ കഴിയും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
ഇനി വരാന്‍ പോകുന്നത് 5ജിയുടെ കാലമാണെന്നു നിസ്സംശയം പറയാന്‍ കഴിയും. ഇപ്പോളുള്ള ഇന്റര്‍നെറ്റിന്റെ വേഗത നൂറുമടങ്ങുവരെ ഉയരുന്നതോടെ നാമിപ്പോള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും ഈ വേഗത കൈവരും. അതോടെ നാം ഒരുപക്ഷേ സ്വപ്‌നത്തില്‍ പോലും കരുതാത്ത തരത്തിലാവും നമ്മുടെ ജീവിതവും മാറുവാന്‍ പോകുന്നത്. ആ വലിയ വിപ്ലവത്തിനായി നമുക്ക് തയ്യാറായിരിക്കാം.