കേരളത്തിലെ ആദിവാസി ഇടങ്ങളില്‍ സംഭവിക്കുന്നത്

1990 കളുടെ ഒടുക്കം വരെ കേരളത്തില്‍ ആദിവാസി വിഷയങ്ങള്‍ ഒരു പ്രശ്‌നമായി പോലും ആരും എടുത്തിരുന്നില്ല. പട്ടിണിമരണങ്ങളോ ഭൂമിപ്രശ്‌നങ്ങളോ ഒന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഉയര്‍ത്തിയിരുന്നില്ല. 2001 ല്‍ ഉണ്ടായ 32 പട്ടിണിമരണങ്ങളും അതേ തുടര്‍ന്നുണ്ടായ കുടില്‍കെട്ടി സമരവും ആദിവാസികളുടെ നേതാവ് എന്ന നിലയിലേക്ക് ഉയര്‍ന്നുവന്ന സി.കെ. ജാനുവും മറ്റുമാണ് ആദിവാസി പ്രശ്‌നങ്ങളിലേക്ക് കേരളത്തിന്റെ വ്യാപകമായ ശ്രദ്ധയെ കൊണ്ടുവന്നത്. പിന്നീട് അട്ടപ്പാടിയും മുത്തങ്ങയും സെക്രട്ടേറിയേറ്റ് സമരങ്ങളുമെല്ലാം കടന്നുവന്നതോടെയാണ് ആദിവാസികള്‍ ഒരു വലിയ വാര്‍ത്താസ്രോതസ്സായി പോലും മാധ്യമങ്ങള്‍ പരിഗണിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയിലെ നവോത്ഥാന ഇടങ്ങള്‍ ആദിവാസി വിഷയങ്ങളെ അധികം പ്രകാശിപ്പിക്കുന്നില്ല. കാടും കാട്ടുജീവിതവും കാട്ടുമൃഗങ്ങളും പ്രകൃതിയുമൊക്കെ ചേര്‍ന്നുപോകുന്ന ആദിവാസികളുടെയും നാടും നാട്ടുജീവിതവുമായി പോകുന്ന ദളിതരുടെയും ജീവിതവും പ്രശ്‌നങ്ങളും കാടും നാടും തമ്മിലുള്ള അകലം പോലെയാണ്. പക്ഷേ ബ്രാഹ്‌മണിക്കല്‍ ശ്രേണീബദ്ധ ജാതിഗോത്ര ചിന്തകളെ പൊന്നുപോലെ പരിപാലിക്കുന്ന സമൂഹം എന്ന നിലയില്‍ ഇന്ത്യാക്കാരും കേരളീയരും കീഴാളനേയും ദളിതനേയും ആദിവാസിയുമെല്ലാം പരിഗണിക്കുന്നത് ഒരുപോലെയാണ്.

പക്ഷേ ഇന്ത്യയില്‍ ആഗോളമായിട്ടായാലും കേരളത്തിലെ വിഷയങ്ങള്‍ പ്രത്യേകം എടുത്താലും സസൂഷ്മനിരീക്ഷണം ഇവ സമാന്തരമായി പോകുന്ന വൈവിദ്ധ്യ വിഷയങ്ങളായി വേര്‍തിരിക്കുന്നത് കാണാം. ഗോത്രവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള എല്ലാ പഠനങ്ങളും സങ്കീര്‍ണ്ണതകളിലേക്ക് ഗവേഷകരെ എത്തിക്കാറുണ്ട്. ദളിതുകളെക്കുറിച്ചുള്ള പഠനങ്ങള്‍ കൊണ്ടെത്തിക്കുന്ന ജാതി സങ്കീര്‍ണ്ണതകളും ആദിവാസികള്‍ക്കിടയിലെ ഗോത്രഭിന്നതകളും രണ്ടു ശാഖകളാണ്. ഇന്ത്യയില്‍ മറ്റെല്ലാ സമൂഹത്തില്‍ നിന്നും വിഭിന്നമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ കണ്ണുമൂടി ഉപയോഗിക്കുന്ന കേരളത്തില്‍ അധസ്ഥിതരെ അപരവല്‍ക്കരിക്കുന്നതിന്റെ ഏറ്റവും ദയനീയമായ ഉദാഹരണമാണ് ആദിവാസികള്‍. ആദിവാസി പ്രശ്‌നങ്ങള്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട വിഷയമായി എടുക്കുമ്പോള്‍ തന്നെ ഒരിക്കലും നീതികിട്ടേണ്ടാത്ത വിഭാഗമായി സമൂഹം അവരെ പരിഗണിക്കുകയും ചെയ്യും.

ആദിവാസി വിശ്വനാഥന്‍

കേരളം ഈവര്‍ഷം ആദ്യം ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിശ്വനാഥന്റെ മരണവും ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ അട്ടപ്പാടിയിലെ മധുവിന്റെ വിഷയവുമെല്ലാം കേരളസമൂഹം ആദിവാസി സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ ചൂണ്ടു പലകയാണ്. തനിക്കുണ്ടായ നവജാതശിശുവിന്റെ മുഖം പോലും കാണാതെയാണ് വിശ്വനാഥന്‍ മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഭാര്യയെ പ്രസവത്തിന് കയറ്റിയ കല്‍പ്പറ്റ വെള്ളാരംകുന്ന് സ്വദേശി വിശ്വനാഥനെ 2023 ഫെബ്രുവരി രണ്ടാം വാരം മെഡിക്കല്‍കോളേജിന് സമീപത്തെ ഒരു മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാഹചര്യതെളിവുകള്‍ പോലും പരിഗണിക്കാതെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിനെ പിന്നീട് എസ്.സി. എസ്.ടി. കമ്മീഷന്‍ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. എട്ടുവര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞ് ജനിച്ച ഒരാള്‍ ആത്മഹത്യ ചെയ്യുമോ എന്ന് ചോദിച്ച കമ്മീഷന്‍ പോലീസ് കുറിച്ച അസ്വാഭാവിക മരണത്തിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തു. മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ക്കിടയില്‍ ആരുടേയോ മൊബൈലും പണവും പോയതിന് വിശ്വനാഥന്‍ എടുത്തു എന്ന രീതിയില്‍ ഒരു സംശയം ഉയരുകയും ചിലര്‍ വിശ്വനാഥനെ കയ്യേറ്റം ചെയ്‌തെന്നുമാണ് മാധ്യമങ്ങള്‍ കുറിച്ചത്. മരണപ്പെടുമ്പോഴും വിശ്വനാഥന്റെ കൈവശം 140 രൂപയും നാണയത്തുട്ടുകളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവം വലിയ ചര്‍ച്ചയായി മാറിയതോടെ വലിയ പോലീസ് അന്വേഷണവും നടന്നു. മെഡിക്കല്‍കോളേജിന്റെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ വളപ്പില്‍ വിശ്വനാഥനെ 12 പേര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായി.

പട്ടികവിഭാഗത്തിനെതിരെ കുറ്റകൃത്യങ്ങള്‍കൂടുമ്പോൾ

മനുഷ്യത്വവിരുദ്ധ ലോകത്താണ് ആദിവാസികള്‍ ജീവിക്കുന്നതെന്നാണ് ആദിവാസി അവകാശ പ്രവര്‍ത്തകന്‍ ഗീതാനന്ദനെപ്പോലെയുള്ളവരുടെ കണ്ടെത്തല്‍. ഗോത്രവര്‍ഗ്ഗക്കാരെല്ലാം മോഷ്ടിക്കും എന്നൊരു പൊതുബോധമാണ് മധുവിന്റെയും വിശ്വനാഥന്റെയും കൊലപാതകത്തിലേക്ക് എത്തിച്ചത്. കേരളസംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020 മുതല്‍ വര്‍ദ്ധിച്ചുവരികയാണ്. 2020ല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത അതിക്രമങ്ങള്‍ 976 ആണെങ്കില്‍ 2021ല്‍ ഇത് 1081ഉം 2022ല്‍ 1257മാണ്. 2016 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷത്തിലാണ്.
പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ കൂടി വരുന്നതായി കാണാം. 2021 ല്‍ 133 കേസുകളാണ് പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം പോലീസ് എടുത്തത്. എന്നാല്‍ അത് 20222 ല്‍ 175 ആയിട്ടാണ് കൂടിയത്. 2020 ല്‍ ജനുവരിമാസം മാത്രം 20 കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. സ്വതവേ ഉള്‍വലിവുകളില്‍ ജീവിക്കുന്ന പട്ടികവര്‍ഗ്ഗക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ മാത്രം കാര്യമാണ് ഈ പറഞ്ഞിട്ടുള്ളത്.

ആവാസവ്യവസ്ഥയും ജീവിതരീതിയുടേയും സാംസ്‌ക്കാരിക വൈവിദ്ധ്യത്തിന്റെയും പേരില്‍ മോഷ്ടാക്കളെന്നും കൊള്ളക്കാരെന്നും മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നും മറ്റും ആദിവാസികള്‍ക്കും ദളിതര്‍ക്ക് എതിരേയുള്ള പൊതു കാഴ്ചപ്പാടായിരുന്നു വിശ്വനാഥന്റെ മരണത്തില്‍ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന്റെ കാര്യത്തിലടക്കം അടക്കം വിശ്വനാഥന്റെ കാര്യത്തില്‍ ആദിവാസി എന്ന നിലയിലുള്ള അനേകം നീതിനിഷേധങ്ങളും സംഭവിച്ചതായി വിശ്വനാഥന്റെ തന്നെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധു

പൊതുസമൂഹവും ഭരണകൂടവും സംവിധാനങ്ങളും നിറത്തിന്റെയും ജാതിയുടേയും പേരില്‍ തെരുവില്‍ കള്ളനാക്കി ആദിവാസി സമൂഹത്തെ ചിത്രീകരിക്കുന്നതും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും കൊല ചെയ്യുന്നതും പുതിയ കാര്യമല്ല. 2018 ഫെബ്രുവരിയിലായിരുന്നു അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

കേരളം പരിഹാസത്തോടെയാണ് ആദ്യം വാര്‍ത്തയെ എടുത്തത്. മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

കേരളം പരിഹാസത്തോടെയാണ് ആദ്യം വാര്‍ത്തയെ എടുത്തത്. മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചുവര്‍ഷമായി ഈ കേസ് നടക്കുകയാണ്. സാക്ഷി വിസ്താരങ്ങള്‍ക്ക് ശേഷം വിചാരണയുടെ ഘട്ടത്തിലേക്ക് കേസ് പ്രവേശിച്ചിട്ടേയുള്ളൂ. കൂറുമാറ്റങ്ങളും മാറിമറിയലുകളും കേസുകളെ വഴിതെറ്റിക്കുന്ന കാലത്താണ് മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകക്കേസ് നീണ്ടുപോകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ വൈകുന്ന നീതി നിഷേധിക്കലിന് തുല്യമാണെന്നുള്ള വിലയിരുത്തല്‍ ഇവിടെ പ്രസ്താവ്യമാണ്. ഈ കേസിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിപോലും ചര്‍ച്ചാവിഷയമാണ്. അരി മോഷ്ടിച്ചു എന്ന കുറ്റത്തിനായിരുന്നു മധുവിന്റെ ആള്‍ക്കൂട്ട മര്‍ദ്ദനം. കാടിനുള്ളില്‍ കഴിയുന്ന വര്‍ഷത്തിലൊരിക്കല്‍ മാതാപിതാക്കളെ കാണാന്‍ നാട്ടിലെത്തുന്ന മധു മാനസീക അസ്വാസ്ഥ്യമുള്ളയാളായിരുന്നു.

അട്ടപ്പാടിയില്‍ ശിശു-മാതൃ സംരക്ഷണത്തിന്റെ പേരില്‍ 2018 ല്‍ സര്‍ക്കാരിന്റെ സാമൂഹ്യ അടുക്കള ശക്തമായി പ്രവര്‍ത്തിക്കുന്ന കാലത്താണ് മധുവിന് അരി മോഷ്ടിക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 30 കോടി രൂപ മുടക്കി നല്ല അരിയും നല്ല പയറും നല്ല ഭക്ഷണവും വിതരണം ചെയ്യുന്ന കമ്യൂണിറ്റി കിച്ചണിന്റെ കാലത്താണ് അരി മോഷ്ടിച്ചതിന്റെ പേരില്‍ ആദിവാസി യുവാവിനെ ആള്‍ക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്നത്. 192 ആദിവാസി ഊരുകളില്‍ പട്ടിണിമരണങ്ങള്‍ ഇല്ലാതാക്കാനും പോഷകാഹാര കുറവ് പരിഹരിക്കാനും 2013 ല്‍ തുടങ്ങിയ സാമൂഹ്യ അടുക്കള മധു മരണപ്പെടുന്ന കാലത്ത് 120- 130 എണ്ണമായിരുന്നു അട്ടപ്പാടിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2018-19 കാലത്ത് 12.68 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ഈയിനത്തില്‍ ചെലവഴിച്ചിരുന്നത്.

17 വയസ്സ് മുതല്‍ 27 വയസ്സ് വരെ പാലക്കാട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മധു കാടിനുള്ളിലേക്ക് പോയത്. പിന്നീട് വര്‍ഷത്തിലൊരിക്കല്‍ മാതാപിതാക്കളെ കാണാന്‍ നാട്ടിലെത്താറുണ്ടായിരുന്നു. ഉള്‍ക്കാട്ടിലേക്ക് മധുവിനെപ്പോലെയുള്ളവരെ കയറ്റിവിടാന്‍ തക്കവിധത്തിലുള്ള സാമൂഹ്യസാഹചര്യം എന്തുകൊണ്ടു കേരളത്തില്‍ സംഭവിക്കുന്നു?

കേരളത്തിലെ
അപരന്മാരുടെ ജാതി

2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആദിവാസികളുടെ എണ്ണം 4,84,839 ആണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 1.5 ശതമാനത്തോളം വരും. ആദിവാസികള്‍ക്കിടയില്‍ അനേകം ഗോത്രങ്ങള്‍ ഉണ്ടെങ്കിലും ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 35 മേജര്‍ ട്രൈബല്‍സിനെയാണ് മുഖ്യധാരയില്‍ പരിഗണിച്ചിട്ടുള്ളത്. ഇവര്‍ പ്രധാനമായും കാടുകളിലും പശ്ചിമഘട്ടത്തിലെ മലനിരകളിലും കര്‍ണാടക, തമിഴ്‌നാട്, അതിര്‍ത്തികളിലുമാണ് താമസിക്കുന്നത്. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് കൂടുതല്‍ ആദിവാസികളുള്ളത്. കേരളസമൂഹത്തിലെ ജാതിശ്രേണിയേക്കാള്‍ സങ്കീര്‍ണ്ണവും ആഴമേറിയ പഠനമേഖലയുമാണ് ആദിവാസികള്‍ക്കിടയിലെ ഗോത്രസംസ്‌ക്കാരം.

ആദിവാസികള്‍ക്ക് പൊതുസമൂഹത്തില്‍ പരിഗണന നഷ്ടപ്പെടുന്നതിന് കാരണം ജാതിശ്രേണിയില്‍ പോലും അവര്‍ വരുന്നില്ല എന്നത് കൂടിയാണ്. മാന്യമായ വിദ്യാഭ്യാസവും സംസ്‌ കാരവും ഉണ്ടെങ്കിലും ഇന്ത്യയില്‍ തന്നെ ജാതിവെറി സമര്‍ത്ഥമായി ഉപയോഗിക്കുന്ന സമൂഹമാണ് കേരളത്തിലേത്.

ആദിവാസികള്‍ക്ക് പൊതുസമൂഹത്തില്‍ പരിഗണന നഷ്ടപ്പെടുന്നതിന് കാരണം ജാതിശ്രേണിയില്‍ പോലും അവര്‍ വരുന്നില്ല എന്നത് കൂടിയാണ്. മാന്യമായ വിദ്യാഭ്യാസവും സംസ്‌ കാരവും ഉണ്ടെങ്കിലും ഇന്ത്യയില്‍ തന്നെ ജാതിവെറി സമര്‍ത്ഥമായി ഉപയോഗിക്കുന്ന സമൂഹമാണ് കേരളത്തിലേത്. കേരളത്തിലെ മുഖ്യധാരയിലെ ഭൂരിപക്ഷം പേരും ആദിവാസികളെ കാട്ടുജാതിക്കാരും അപരിഷ്‌കൃതരുമായാണ് പരിഗണിക്കാറ്. പരിഹാസത്തിന് ‘കാട്ടുജാതി’, ‘ആദിവാസി’ എന്നൊരു പ്രയോഗം തന്നെയുണ്ട്. യുക്തിയുടെ ആധാരം എപ്പോഴും ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയാണെന്ന് ഗോപ്യമായി ആന്തരീകമായി ചിന്തിക്കുകയും തൊട്ടുകൂടായ്മ, തീണ്ടായ്മ എന്ന രീതികള്‍ അപ്രത്യക്ഷമാക്കി പകരം അപരവല്‍ക്കരണവും പാര്‍ശ്വവല്‍ക്കരണവും പൊതുഇടങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും സ്ഥാപനങ്ങളിലുമെല്ലാം ചൂഷണത്തിനായും മറ്റും മറ്റൊരു രീതിയില്‍ ഉപയോഗിക്കുകയും ചെയ്യും.

ഈ യുക്തി വെച്ചാണ് ദളിതരുടേയും ആദിവാസികളുടേയും വിഭവശേഷിയെ കൈകാര്യം ചെയ്യുന്നത്. ജോലിയുടെ മൂല്യം അനുസരിച്ചുള്ള കൂലി നിഷേധവും സ്ഥാനക്കയറ്റത്തിന്റെ തടയലും മറ്റും ഇതിന്റെ ആയുധങ്ങളാണ്. സ്വകാര്യമേഖലകളിലെ തൊഴിലിടങ്ങളില്‍ വൈദഗ്ദ്ധ്യത്തെയും സാങ്കേതിക അറിവിനെയും ശരിയായ കൂലി നല്‍കാതെ ഉപയോഗിക്കുന്നത് നിമിത്തം സാമ്പത്തിക സാംസ്‌ക്കാരിക വിനിമയങ്ങള്‍ ദളിതുകള്‍ക്കിടയില്‍ കുറഞ്ഞുപോകുന്നുണ്ട്. സാങ്കേതിക മേഖലകളില്‍ വിവേകമുള്ള കേരളത്തിലെ ദളിതുകളും ആദിവാസികളും പോലും ആ മേഖലകളില്‍ നിന്നും ഉള്‍വലിയുകയും ഉയര്‍ന്ന ദിവസക്കൂലി കിട്ടുന്ന കായികശേഷിയെ മാത്രം വിഭവമായി കണക്കാക്കിയുള്ള മേഖലകളിലെ ജീവിതത്തില്‍ കൂടുതല്‍ വ്യാപൃതരാകാന്‍ ഈ സാഹചര്യം ഒരു കാരണമായി മാറുന്നുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഈ പ്രവണത കൂടുതലാണ്. ദിവസക്കൂലി 100 രൂപ കൂടുതല്‍ ചോദിച്ചതിന് ആദിവാസി ബാബുവിനെ തൊഴിച്ച സംഭവവും ഓര്‍ക്കേണ്ടതുണ്ട്. അഭ്യസ്ഥവിദ്യരും സാമൂഹ്യ അറിവുള്ളവരുമായ അനേകര്‍ മുഖ്യധാരയിലേക്ക് കടക്കാതെ തങ്ങളുടെ ഊരിലും അവിടുത്തെ ജീവിതത്തിലും തല്‍പ്പരരാകുന്ന പ്രവണതകള്‍ ഇതിന്റെ ഭാഗമാണ്.

ആദിവാസി വിഷയങ്ങളിലേക്ക്
ശ്രദ്ധ

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന തുല്യത എന്നത് ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ ലളിതമായി പറഞ്ഞു ഫലിപ്പിക്കാനാകില്ല. ജാതി അധിഷ്ഠിത ഇന്ത്യയില്‍ സൗഹാര്‍ദ്ദമെന്നാല്‍ സവര്‍ണ്ണജാതികള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദമെന്നാല്‍ സവര്‍ണ്ണ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദമാണെന്നും പൊതുവേയുള്ള ഒരു വിലയിരുത്തലുണ്ട്.

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന തുല്യത എന്നത് ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ ലളിതമായി പറഞ്ഞു ഫലിപ്പിക്കാനാകില്ല. ജാതി അധിഷ്ഠിത ഇന്ത്യയില്‍ സൗഹാര്‍ദ്ദമെന്നാല്‍ സവര്‍ണ്ണജാതികള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദമെന്നാല്‍ സവര്‍ണ്ണ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദമാണെന്നും പൊതുവേയുള്ള ഒരു വിലയിരുത്തലുണ്ട്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ളത് തുല്യതയിലുള്ളതോ ജനാധിപത്യപരമായിട്ടുള്ളതോ ആയ സൗഹാര്‍ദ്ദമായി അത് മാറിയിട്ടില്ല. സവര്‍ണ്ണര്‍ക്ക് സവര്‍ണ്ണരുടേതായ ക്ഷേത്രങ്ങളും പള്ളികളും അവര്‍ണ്ണര്‍ക്ക് അവര്‍ണ്ണരുടേതായ ക്ഷേത്രങ്ങളും പള്ളികളും വരുന്നത് തുല്യതയുടെ വിടവുകള്‍ മൂലം സംഭവിക്കുന്നതാണ്. കേരള സമൂഹത്തില്‍ ജാതിക്കും അയിത്തത്തിനും വളരെയധികം ഇരയായിട്ടുള്ള ദളിത് പിന്നോക്ക ജനതപോലും ബ്രാഹ്‌മണിക്കല്‍ ജാതി മനോഭാവത്തില്‍ വീണുപോകാറുണ്ട്. ആദിവാസികളും ഗോത്രവര്‍ഗ്ഗങ്ങളും ജാതിശ്രേണിയില്‍ തങ്ങള്‍ക്ക് കീഴിലാണെന്ന അധമചിന്ത നിലനിര്‍ത്തുന്നുണ്ട്.

1990 കളുടെ ഒടുക്കം വരെ കേരളത്തില്‍ ആദിവാസി വിഷയങ്ങള്‍ ഒരു പ്രശ്‌നമായി പോലും ആരും എടുത്തിരുന്നില്ല. പട്ടിണിമരണങ്ങളോ ഭൂമിപ്രശ്‌നങ്ങളോ ഒന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഉയര്‍ത്തിയിരുന്നില്ല. 2001 ല്‍ ഉണ്ടായ 32 പട്ടിണിമരണങ്ങളും അതേ തുടര്‍ന്നുണ്ടായ കുടില്‍കെട്ടി സമരവും ആദിവാസികളുടെ നേതാവ് എന്ന നിലയിലേക്ക് ഉയര്‍ന്നുവന്ന സി.കെ. ജാനുവും മറ്റുമാണ് ആദിവാസി പ്രശ്‌നങ്ങളിലേക്ക് കേരളത്തിന്റെ വ്യാപകമായ ശ്രദ്ധയെ കൊണ്ടുവന്നത്. പിന്നീട് അട്ടപ്പാടിയും മുത്തങ്ങയും സെക്രട്ടേറിയേറ്റ് സമരങ്ങളുമെല്ലാം കടന്നുവന്നതോടെയാണ് ആദിവാസികള്‍ ഒരു വലിയ വാര്‍ത്താസ്രോതസ്സായി പോലും മാധ്യമങ്ങള്‍ പരിഗണിക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ മറ്റു സമുദായങ്ങള്‍ക്കൊന്നും ആദിവാസികളുടെ സമാന അനുഭവം ഉണ്ടാകുന്നില്ല. അതിന് കാരണം സംവരണത്തിലൂടെ മുഖ്യധാരയിലേക്ക് ദളിത് സമൂഹം നടത്തിയ ഉയിര്‍പ്പാണ്. ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഗോത്രവിഭാഗത്തെ തനത് സ്വാതന്ത്ര്യത്തിലേക്ക് വിടാതെ ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ വഴി ഉയര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് ഉണ്ടാകേണ്ടത്. പ്രതീക്ഷയും പ്രത്യാശയും നല്‍കുംവിധം വിദ്യാഭ്യാസം അനുസരിച്ച് മെച്ചപ്പെട്ട സര്‍ക്കാര്‍ തലത്തിലുള്ള തൊഴിലവസരങ്ങള്‍ നല്‍കിയും ജീവിതനിലവാരം ഉയര്‍ത്തിയും അതിലേക്ക് പ്രാപ്തിയുള്ള പുതിയ തലമുറയെ സൃഷ്ടിക്കുകയും മുഖ്യധാരയിലേക്ക് ഇറക്കിക്കൊണ്ടു വരികയുമാണ് വേണ്ടത്.

അയിത്ത ജനവിഭാഗത്തില്‍ പെടുന്നതിനാല്‍ ആദിവാസികളും ദളിതുകളും സാമൂഹ്യവിരുദ്ധരാണെന്നും ഇവരെ കൈകാര്യം ചെയ്യാന്‍ ആര്‍ക്കും അധികാരമുണ്ടെന്നുമുള്ള സമൂഹത്തിന്റെ പൊതുബോധം ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന തുല്യതയ്ക്ക് നിരക്കാത്തതും നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും തിരിച്ചറിയാനുള്ള ബോധ്യങ്ങള്‍ സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. ജനാധിപത്യം ഒരു സഹജബോധമായി പരിഗണിക്കപ്പെടേണ്ട കാര്യമായി വിലയിരുത്തുമ്പോഴേ ആദിവാസികളും പരിഗണിക്കപ്പെടൂ.

Author

Scroll to top
Close
Browse Categories