ഗുരുവിന്റെ ക്ഷേത്രസങ്കല്പവും നവപ്രവണതകളും
പ്രതിഷ്ഠ നടത്തുവാനുള്ള അവകാശം സ്വയം സ്ഥാപിക്കുകയും അതോടൊപ്പം മറ്റുള്ളവര്‍ക്ക് നല്കുകയുംകൂടി ചെയ്യുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ സംഭവിച്ചത്. ഇങ്ങനെ ചെയ്യുവാന്‍ കഴിഞ്ഞത് മനുഷ്യനെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ വിഭജിക്കുന്ന സ്മൃതി നിയമങ്ങള്‍ക്കു പകരം ബ്രിട്ടീഷ് ഭരണവും കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രാമരാജ്യത്തിനു പകരം ബ്രിട്ടീഷ് രാജ്യവും ഉള്ളതുകൊണ്ടാണ് എന്ന രാഷ്ട്രീയബോധ്യവും ഗുരുവിനുണ്ടായിരുന്നു.
ഇരുളടഞ്ഞ ഒരു കാലത്തില്‍, മഹാപ്രകാശമായാണ് നാരായണഗുരു ഉദയം ചെയ്യുന്നത്. ഗുരുവിന്റെ പ്രവൃത്തികള്‍ മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്നതായിരുന്നു. എന്നാല്‍ ഇവയുടെയെല്ലാം തുടക്കം ക്ഷേത്രപ്രതിഷ്ഠകളിലൂടെയായിരുന്നു. ജാതിയും അയിത്തവും ശക്തമായി നിലനിര്‍ത്തുന്നതില്‍ ക്ഷേത്രങ്ങള്‍ മുഖ്യപങ്കുവഹിച്ചിരുന്നു. പക്ഷേ ‘ഇതേ ക്ഷേത്രങ്ങള്‍ കൊണ്ടുതന്നെ’ ജാതിയും അയിത്തവും മറ്റും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളായിരുന്നു ഗുരുവിന്റേത്.
ക്ഷേത്രപ്രതിഷ്ഠകളുടെ
പശ്ചാത്തലം
ക്ഷേത്രത്തില്‍ കയറുന്നതു പോയിട്ട് വഴിയില്‍ക്കൂടി നടക്കുവാന്‍ പോലും അവകാശമില്ലാതിരുന്ന കാലം! സാധുമനുഷ്യരുടെ വേദനകളും യാതനകളും ഹൃദയം പൊട്ടിയുള്ള നിലവിളികളും കേള്‍ക്കുവാന്‍ ദൈവങ്ങള്‍ പോലും ഇല്ലാതിരുന്ന കാലം! ഉള്ളതാകട്ടെ, മത്സ്യവും മാംസവും മദ്യവും സേവിക്കുന്ന പ്രാകൃത ദൈവസങ്കല്‍പ്പങ്ങള്‍. അതിനാല്‍, മനുഷ്യരും അത്തരമൊരു ജീവിതശൈലി തുടര്‍ന്നുപോന്നു. ശുചിത്വമില്ല, വിദ്യാഭ്യാസമില്ല. വരുമാനമുള്ള ജോലിയില്ല, ഐക്യമില്ല; എന്നുവേണ്ട, തലമുറകളായി തങ്ങളുടെ ജനത അനുഭവിക്കുന്ന അടിമത്ത വ്യവസ്ഥിതികളൊക്കെ, ദൈവകല്പിതവും ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ലാത്തതുമാണെന്ന ചാതുര്‍വര്‍ണ്യനിയമം അക്ഷരംപ്രതി ശരിയെന്നു കരുതിപ്പോന്നതിനാല്‍, തങ്ങള്‍ ചങ്ങലകളിലാണ് എന്ന ബോദ്ധ്യംപോലും അവര്‍ക്കില്ലായിരുന്നു. ഇത്തരം വ്യവസ്ഥിതികള്‍ക്കെല്ലാം ആധാരമായിരുന്ന ചാതുര്‍വര്‍ണ്യമാണു മനുഷ്യനെ പലതട്ടുകളായി തിരിച്ചത്.
മനുഷ്യസാഹോദര്യത്തിനു തടസ്സം നില്‍ക്കുന്നതു ജാതിവ്യവസ്ഥിതിയും അതിന്റെ മാതാവും പിതാവുമായ ചാതുര്‍വര്‍ണ്യവുമാണെന്നു തിരിച്ചറിഞ്ഞ ഗുരു, തന്റെ ജാതിനശീകരണയജ്ഞത്തിന്റെ സമാരംഭം കുറിച്ചതു ക്ഷേത്രങ്ങളില്‍ നിന്നുമായിരുന്നു. അധഃസ്ഥിതര്‍ക്കു പ്രവേശനം നല്‍കാത്ത ക്ഷേത്രത്തിനു മുമ്പില്‍ സമരം ചെയ്ത് അവരെ ക്ഷേത്രത്തില്‍ കയറ്റുകവഴി, പാരമ്പര്യ രീതികളെയും ചാതുര്‍വര്‍ണ്യനിയമങ്ങളെയും പ്രാണവായുപോലെ സ്വീകരിക്കുന്ന ക്ഷേത്രങ്ങള്‍ക്കു യാതൊരു മാറ്റവും സംഭവിക്കുവാന്‍ പോകുന്നില്ലെന്നു ഗുരുവിന് അറിയാമായിരുന്നു. വ്യവസ്ഥാപിതമായ ക്ഷേത്രങ്ങളുടെ പരിമിതികളെ കൃത്യമായി തിരിച്ചറിയുകയും തന്റെ ദര്‍ശനത്തെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളുവാനുള്ള വ്യാപ്തി അത്തരം ക്ഷേത്രങ്ങള്‍ക്ക് ഇല്ലെന്ന ബോധ്യവുമാണ് പുതിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുക എന്ന നവീന ആശയത്തിലേക്കു ഗുരുവിനെ നയിച്ചതെന്നു കരുതാം.
ക്ഷേത്രപ്രതിഷ്ഠയുടെ
അധികാരി
തന്ത്രശാസ്ത്രഗ്രന്ഥങ്ങളനുസരിച്ച് പ്രതിഷ്ഠ നടത്താന്‍ അധികാരി ബ്രാഹ്മണന്‍ മാത്രമാണ്. തന്ത്രസമുച്ചയം പ്രഥമ പടലത്തിലെ അഞ്ചാം ശ്ലോകത്തില്‍ ആചാര്യവരണം പ്രതിപാദിക്കുന്ന ഭാഗത്ത് ആരാണ് ഗുരു/പ്രതിഷ്ഠയ്ക്ക് അധികാരി എന്നു പറയുന്ന ഭാഗം നോക്കാം:
”വിപ്രഃ കുലീനഃ കൃതസംസ്‌ക്രിയൌഘഃ
സ്വധീതവേദാഗമതത്ത്വവേത്താ
വര്‍ണ്ണാശ്രമാചാരപരോഽധിദീക്ഷോ
ദക്ഷസ്തപസ്വീഗുരുരാസ്തികോഽസ്തു.”
ഈ ശ്ലോകപ്രകാരം അച്ഛനും അമ്മയും ബ്രാഹ്മണനായ ഒരാള്‍ക്ക് മാത്രമേ പ്രതിഷ്ഠയ്ക്കുള്ള അധികാരമുള്ളൂ. ചുരുക്കത്തില്‍ ആചാര്യവരണം എന്ന ചടങ്ങ് ബ്രാഹ്മണര്‍ക്കുവേണ്ടി ബ്രാഹ്മണര്‍ ഉണ്ടാക്കിയ ജാതി ചടങ്ങ് മാത്രമാണ്, അവിടെ ഗുരു ബ്രാഹ്മണന്‍ മാത്രമാണ്. അതിനാല്‍ നാരായണഗുരുവിന് പ്രതിഷ്ഠ നടത്തണമെങ്കില്‍ ഏറ്റവുമാദ്യം ലംഘിക്കേണ്ട നിയമം/ആചാരം, ‘ബ്രാഹ്മണനു മാത്രമേ പ്രതിഷ്ഠയ്ക്കുള്ള അധികാരമുള്ളൂ’ എന്നതായിരുന്നു. ഇങ്ങനെ വിധിക്കുന്ന തന്ത്രശാസ്ത്രഗ്രന്ഥങ്ങളെ എതിര്‍ക്കുകവഴി, ആചാരലംഘനത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ എന്നു പറയാം. പൗരോഹിത്യം എന്നാല്‍ ‘ബ്രാഹ്മണ്യം’ എന്നു കരുതിയിരുന്ന അക്കാലത്ത് ദൈവത്തെ ചാതുര്‍വര്‍ണ്യത്തില്‍ നിന്നും മുക്തമാക്കി ജനകീയമാക്കേണ്ട ചരിത്രദൗത്യവും ഗുരുവിനുണ്ടായിരുന്നു. അതിനാല്‍, കേവലം ക്ഷേത്രപ്രവേശനം മാത്രമായിരുന്നില്ല ഗുരുവിന്റെ ലക്ഷ്യം; മറിച്ച് ദൈവം എന്ന സങ്കല്പത്തെയും ക്ഷേത്രത്തെയും പുതിയ കാലത്തിന് അനുരൂപമായ തരത്തില്‍ പുനരാവിഷ്‌കരിക്കേണ്ടതും അവശ്യമായിരുന്നു.
ക്ഷേത്രപ്രതിഷ്ഠകളും
ബ്രിട്ടീഷ് ഭരണവും
പ്രതിഷ്ഠ നടത്തുവാനുള്ള അവകാശം സ്വയം സ്ഥാപിക്കുകയും അതോടൊപ്പം മറ്റുള്ളവര്‍ക്ക് നല്കുകയുംകൂടി ചെയ്യുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ സംഭവിച്ചത്. ഇങ്ങനെ ചെയ്യുവാന്‍ കഴിഞ്ഞത് മനുഷ്യനെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ വിഭജിക്കുന്ന സ്മൃതി നിയമങ്ങള്‍ക്കു പകരം ബ്രിട്ടീഷ് ഭരണവും കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രാമരാജ്യത്തിനു പകരം ബ്രിട്ടീഷ് രാജ്യവും ഉള്ളതുകൊണ്ടാണ് എന്ന രാഷ്ട്രീയബോധ്യവും ഗുരുവിനുണ്ടായിരുന്നു.
രണ്ടാംലോകമഹായുദ്ധകാലത്ത് പറഞ്ഞ ഗുരുവിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ:
”ഇംഗ്ലീഷുകാര്‍ ജയിക്കുവാന്‍ നാമൊക്കെ പ്രാര്‍ത്ഥിക്കണം. നമുക്കൊക്കെ സന്ന്യാസം നല്‍കിയ ഗുരുക്കന്മാരാണ് അവര്‍.
അന്തേവാസി: സന്ന്യാസം നല്കുക എന്നുവെച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായവസ്ത്രം നല്കുകയാണല്ലോ. തൃപ്പാദങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
ഗുരു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്കു സന്ന്യാസിക്കാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ? ഇപ്പോള്‍ ഇഷ്ടംപോലെ സന്ന്യസിക്കാന്‍ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷുകാരാണല്ലോ. അപ്പോള്‍ ഗുരുവായില്ലേ?
(ധര്‍മ്മം – 1928 ഏപ്രില്‍ 30 പത്രാധിപന്മാര്‍: ധര്‍മ്മതീര്‍ത്ഥര്‍, മൂര്‍ക്കോത്തു കുമാരന്‍)
ഇവിടെ സന്ന്യാസം എന്നതിന്റെ സ്ഥാനത്ത് പ്രതിഷ്ഠയ്ക്കുള്ള അവകാശം എന്നുപറഞ്ഞാലും തെറ്റില്ല. ഒരുപക്ഷേ, ബ്രിട്ടീഷ് ഭരണമില്ലായിരുന്നെങ്കില്‍, തപസ്സനുഷ്ഠിച്ചിട്ടും, ‘ശൂദ്രന്‍’ എന്ന ഒറ്റക്കാരണത്താല്‍ രാമനാല്‍ കൊലചെയ്യപ്പെട്ട ശംബൂക മുനിയുടെ അവസ്ഥ ഗുരുവിനും സംഭവിക്കാമായിരുന്നു.
ഗുരുവിന്റെ
മനഃശാസ്‌ത്ര സമീപനം
അധഃസ്ഥിതര്‍ ആരാധിക്കുന്ന വിഗ്രഹങ്ങളെ തകര്‍ത്തുകളഞ്ഞ് അദ്വൈതമാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരിക എന്നത് ദുഷ്‌കരമായിരുന്നു. മാത്രവുമല്ല, ബുദ്ധമതത്തെപ്പറ്റിയുള്ള ഗുരുവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
”ബുദ്ധമതം നാസ്തിക മതമായിരിക്കാന്‍ ഇടയില്ല. ശുദ്ധനാസ്തിക മതത്തില്‍ ഇത്ര വലിയ ഒരു ജനസമൂഹത്തിന് ഇത്ര ദീര്‍ഘകാലം വിശ്വാസം നിലനില്‍ക്കുക എന്നുള്ളതു സംഭാവ്യമല്ല’.
(ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതിനെക്കുറിച്ച് സി.വി. കുഞ്ഞുരാമനുമായി നടത്തിയ സംവാദത്തില്‍ നിന്ന് – 1101 കന്നി ഇരുപത്തിമൂന്നാം തീയതിയിലെ (1925) കേരള കൗമുദിയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
കൂടാതെ നാസ്തികമാര്‍ഗം ജനങ്ങളുടെ ആത്മീയ ദാഹത്തെ ശമിപ്പിക്കുവാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവും ഗുരുവിനുണ്ടായിരുന്നു. ഈ വിഷയത്തിലുള്ള സ്വാമി ശാശ്വതികാനന്ദയുടെ നിരീക്ഷണം നോക്കാം.
”ഗുരുദേവദര്‍ശനം ഹിന്ദുമതത്തിന്റെ അനുബന്ധമാണെന്നുള്ള വാദം പഴക്കമുള്ളതാണ്. ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെയും സ്‌തോത്രകൃതികളെയും മുന്‍ നിര്‍ത്തിയാണ് ഈ വാദം കരുപ്പിടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രപ്രതിഷ്ഠകളിലും സ്‌തോത്രകൃതികളിലും കാണുന്ന ഹൈന്ദവഛായ കേവലം ഉപരിപ്ലവം മാത്രമാണ്. ഉദാഹരണം അരുവിപ്പുറം പ്രതിഷ്ഠ തന്നെ. ഹിന്ദുമത ആചാരങ്ങള്‍ അനുസരിച്ചല്ല അരുവിപ്പുറം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ളത്. തന്ത്രസമുച്ചയമാണ് ഹിന്ദുക്ഷേത്രാചാരങ്ങളുടെ പ്രമാണഗ്രന്ഥം. തന്ത്രസമുച്ചയത്തില്‍, ഹിന്ദുക്ഷേത്രാചാരങ്ങളും പ്രതിഷ്ഠാവിധികളും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇതനുസരിച്ചു പ്രതിഷ്ഠിക്കപ്പെട്ടാല്‍ മാത്രമേ ഹിന്ദു ക്ഷേത്രം ആകൂ. തന്ത്രസമുച്ചയ വിധികളെ സരസമായി ധിക്കരിക്കുന്ന പ്രതിഷ്ഠകളാണു ഗുരുദേവന്‍ നിര്‍വഹിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് തന്ത്രസമുച്ചയത്തെ പ്രമാണമാക്കി സ്വീകരിച്ചിരുന്ന ബ്രാഹ്മണര്‍, അരുവിപ്പുറം പ്രതിഷ്ഠയെ ചോദ്യം ചെയ്തത്.
ഗുരുദേവന്‍ അവര്‍ക്കു നല്‍കിയ പ്രത്യുത്തരത്തില്‍, മതാതീത ആത്മീയപ്രകാശം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ”നാം നമ്മുടെ ശിവനെയാണു പ്രതിഷ്ഠിച്ചത്’ എന്നു നര്‍മ്മ മധുരമായി ഗുരുദേവന്‍ വ്യക്തമാക്കിയിരുന്നു. ഗുരുദേവന്റെ ഉത്തരത്തില്‍പുതിയൊരു ദാര്‍ശനിക പ്രപഞ്ചമാണു പ്രതിഫലിക്കുന്നത്. ഹിന്ദുമതത്തിലെ സങ്കുചിതദൈവസങ്കല്പങ്ങളെയും ജാതിചിന്തയെയും ഗുരുദേവന്‍ സ്വീകരിച്ചിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും തടവറകളില്‍ നിന്ന് ദൈവത്തെ സ്വതന്ത്രമാക്കുക എന്ന ദാര്‍ശനിക ദൗത്യമാണു ഗുരുദേവന്‍ ഏറ്റെടുത്തിരുന്നത്. ഇത് അര്‍ഥപൂര്‍ണമായ ദാര്‍ശനിക വിപ്ലവത്തിന്റെ തുടക്കം കൂടിയായിരുന്നു. ദാര്‍ശനികതയ്ക്കു പുതിയ ചിന്താപഥം നല്‍കിയ ഗുരുദേവന്റെ സ്വതന്ത്ര ആത്മീയതയുടെ വിളംബരമാണ് അരുവിപ്പുറം സന്ദേശം, അരുവിപ്പുറം പ്രതിഷ്ഠയുടെയും സന്ദേശത്തിന്റെയും വെളിച്ചത്തിലൂടെ ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെ നോക്കിക്കാണുകയാണെങ്കില്‍, ഗുരുദേവ സംബന്ധികളായ ആരാധനാലയങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന വാദത്തിനു നിലനില്‍ക്കാനാവുകയില്ല.
ഗുരുദേവനുമായി ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ ഹിന്ദുമതത്തിന്റെ അനുബന്ധമല്ലെങ്കില്‍, മറ്റ് ഏതു മതവുമായിട്ടാണു ബന്ധപ്പെട്ടുനില്‍ക്കുന്നത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. മതങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ആരാധനാലയങ്ങള്‍ക്കു നിലനില്‍ക്കാനാവൂ എന്ന മുന്‍വിധിയാണ് ഇത്തരം ചോദ്യങ്ങള്‍ക്കു ജന്മം നല്‍കുന്നത്. ശാസ്ത്രീയ സമീപനങ്ങളിലൂടെ ഗുരുദേവന്‍ തകര്‍ത്തെറിഞ്ഞത് ഇത്തരത്തിലുള്ള മതപരമായ യാഥാസ്ഥിതിക ധാരണകളെയാണ്. മതാതീതമായ സ്വതന്ത്ര ആത്മീയതയുടെ ആരാധനാകേന്ദ്രങ്ങളാണു ഗുരുദേവന്‍ സ്ഥാപിച്ചത്.”
(സ്വാമി ശാശ്വതികാനന്ദ എഴുതിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ അപൂര്‍വത എന്ന ലേഖനത്തില്‍ നിന്ന് – ‘ഗുരുദര്‍ശനവും സര്‍വമത സാഹോദര്യവും’ പേജ് 27, 28. സമ്പാ, സംശോ: സൂര്യശങ്കര്‍ എസ്)
ചുരുക്കത്തില്‍, അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും സന്ദേശത്തിലൂടെയും ഏകലോകദര്‍ശനം ഗുരു വിഭാവനം ചെയ്തുകഴിഞ്ഞിരുന്നു. പരിചിതമായ സങ്കല്പങ്ങളിലൂടെ അപരിചിതമായ സങ്കല്പങ്ങളിലേക്കു മനുഷ്യരെ നയിക്കുക എന്നതായിരുന്നു ഗുരുവിന്റെ ശൈലി. ഇതു മനഃശാസ്ത്രപരമായൊരു സമീപന രീതിയാണ്. ഇതേ ശൈലി മറ്റ് അവസരങ്ങളിലും, അതിസമര്‍ഥമായി ഉപയോഗിച്ചതായി കാണുവാന്‍ കഴിയും. ശ്രദ്ധേയമായൊരു നിരീക്ഷണം കൂടി, ‘ഗുരുദേവന്റെ ദൈവസങ്കല്പം’ എന്ന ലേഖനത്തില്‍ ശാശ്വതികാനന്ദ സ്വാമി നടത്തുന്നുണ്ട്.
”മതാനുയായികള്‍ ദൈവസങ്കല്പങ്ങളില്‍ ഭ്രമിക്കുന്നവരാണ്. ദൈവസങ്കല്പങ്ങളില്‍ നിന്നും സാധാരണക്കാരെ ദൈവത്തിന്റെ ഏകത്വപ്രഭാവത്തിലേക്കു നയിക്കുവാനാണ് ഗുരുക്കന്മാര്‍ ശ്രമിക്കാറുള്ളത്. വൈവിധ്യമാര്‍ന്ന ദൈവസങ്കല്പങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ കുടിയൊഴിപ്പിക്കുക എളുപ്പമല്ല. പരിചിതമായ ദൈവസങ്കല്പങ്ങളെ നിഷേധിച്ചാല്‍ സാധാരണക്കാര്‍ വളരെവേഗം ആശയക്കുഴപ്പത്തിലാകും. സാധാരണക്കാര്‍ കൊണ്ടു നടക്കുന്ന ദൈവസങ്കല്പങ്ങളെ തട്ടിപ്പറിക്കുന്നത്, കുട്ടികളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ അപഹരിക്കുന്നതിനേക്കാള്‍ വലിയ ക്രൂരതയാണ്. എന്നാല്‍ കുറേക്കൂടി നല്ല കളിപ്പാട്ടങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിച്ചാല്‍ പഴയത് അവര്‍ സ്വയം ഉപേക്ഷിച്ചു കൊള്ളും. അതുപോലെ ശാസ്ത്രീയമായ ദൈവസങ്കല്പങ്ങളിലേക്കു സാധാരണക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടു മാത്രമേ തെറ്റായ ദൈവസങ്കല്പങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുവാനാകൂ. പുതിയ മാര്‍ഗങ്ങളിലേക്കു ജനങ്ങളെ നയിക്കണമെങ്കില്‍ പരിചിതമായ വഴികളിലൂടെ കുറേദൂരം കൊണ്ടുവന്ന് അവരുടെ വിശ്വാസം ആര്‍ജിക്കേണ്ടതുണ്ട്. തലമുറകളിലൂടെ നിലനിര്‍ത്തിയിരിക്കുന്ന ദൈവസങ്കല്പങ്ങളിലെ മിത്തുകളും പ്രതീകങ്ങളും ഉപയോഗിച്ചാല്‍ മാത്രമേ ശാസ്ത്രീയ ദൈവസങ്കല്പത്തിന്റെ വഴിയിലേക്കു ജനങ്ങളെ നയിക്കുവാനാകൂ.”
8921025907