ഗുരുവിന്റെ ചോദ്യവും വിനോബാ ഭാവെയുടെ മടക്കവും

വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത് മഹാത്മജി തന്റെ ശിഷ്യൻ വിനോബാ ഭാവെയെ ഗുരുവിന്റെ അടുത്തു വിട്ടു. റോഡിൽക്കൂടി പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സ്വാതന്ത്ര്യം വേണമെന്ന് സത്യാഗ്രഹികൾ ശഠിക്കരുതെന്ന് ഗുരു അവരെ ഉപദേശിക്കണമെന്നായിരുന്നു ആവശ്യം. ഗുരുവാകട്ടെ, ഗാന്ധി ഉയർത്തിപ്പിടിച്ച വൈഷ്ണവസിദ്ധാന്തത്തിലെ തത്ത്വം തന്നെ ഉദ്ധരിച്ചുകൊണ്ട് അങ്ങനെ പറയുന്നത് ശരിയാണോ എന്ന മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്.
1925 മാർച്ച് 12 ന് മഹാത്മാഗാന്ധി ശിവഗിരിയിൽ നാരായണഗുരുവിനെ സന്ദർശിച്ചു.അന്ന് ശിവഗിരിയിൽ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസപദ്ധതി നിലനിന്നിരുന്നു. ഇതു കണ്ട് മനസ്സിലാക്കിയ ശേഷമാണ് ‘വാർദ്ധാപദ്ധതി’ എന്നറിയപ്പെടുന്ന വിദ്യാഭ്യാസപദ്ധതിക്ക് ഗാന്ധിജി രൂപം നൽകിയതെന്ന് ഉപേന്ദ്രൻ എഴുതിയ ജീവചരിത്രത്തിൽ പറയുന്നു. (പൂർണ്ണേന്ദു പ്രണവസ്വരൂപൻ, പേജ് 167)
ഗുരുവും ഗാന്ധിയും തമ്മിൽ നടന്ന സംഭാഷണവും, രണ്ട്പേരുടെയും ചില അഭിപ്രായങ്ങളും, ഗാന്ധിയുടെ ചില പ്രസംഗങ്ങളും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും: അഹിംസ, അയിത്തോച്ഛാടനം, മദ്യവർജ്ജനം മുതലായ പല കാര്യങ്ങളിലും രണ്ട് പേർക്കും യോജിപ്പായിരുന്നു. എന്നാൽ ചില മത തത്ത്വങ്ങളുടെയും ജാതി സങ്കല്പത്തിന്റെയും കാര്യത്തിൽ അവരുടെ വീക്ഷണം വ്യത്യസ്തമായിരുന്നു.

ഒരേ വൃക്ഷത്തിലെ ഇലകൾ എല്ലാം ഒരുപോലെയല്ല എന്ന ഉദാഹരണം കൊണ്ട് ഗാന്ധി ജാതിവ്യവസ്ഥയെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാ ഇലകളുടെയും ചാറിന് ഒരേ ഗുണമാണെന്നു പറഞ്ഞ് ആഴത്തിലുള്ള ഏകതയെ ഗുരു എടുത്തുകാണിച്ച സംഭവം പ്രസിദ്ധമാണല്ലൊ. വേറെയുമുണ്ട് അഭിപ്രായ വ്യത്യാസത്തിന് ഉദാഹരണങ്ങൾ.
വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത് മഹാത്മജി തന്റെ ശിഷ്യൻ വിനോബാ ഭാവെയെ ഗുരുവിന്റെ അടുത്തു വിട്ടു. റോഡിൽക്കൂടി പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സ്വാതന്ത്ര്യം വേണമെന്ന് സത്യാഗ്രഹികൾ ശഠിക്കരുതെന്ന് ഗുരു അവരെ ഉപദേശിക്കണമെന്നായിരുന്നു ആവശ്യം. ഗുരുവാകട്ടെ, ഗാന്ധി ഉയർത്തിപ്പിടിച്ച വൈഷ്ണവസിദ്ധാന്തത്തിലെ തത്ത്വം തന്നെ ഉദ്ധരിച്ചുകൊണ്ട് അങ്ങനെ പറയുന്നത് ശരിയാണോ എന്ന മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്. വിനോബാ ഭാവെ അതിഷ്ടപ്പെടാതെ മടങ്ങിപ്പോയി. (എൻ. കെ. ജോസിന്റെ ‘വൈക്കം സത്യാഗ്രഹം’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിത്യ ചൈതന്യ യതി എഴുതിയതാണിത്. വിനോബാ ഭാവെയെ വർക്കല നിന്ന് എറണാകുളത്ത് കൊണ്ടുപോയി വണ്ടി കയറ്റിവിട്ട നടരാജഗുരു ശിഷ്യനോട് പറഞ്ഞതാണ് ഇക്കാര്യം.) ഗുരുവിനെ കണ്ടതിന്റെ അടുത്ത ദിവസവും, അതേമാസം 18 ന് ആലുവ അദ്വൈതാശ്രമത്തിൽ ചെയ്ത പ്രസംഗത്തിലും ഗുരുവിന്റെ ‘ഒരു മതം’എന്ന ആശയത്തെ ഗാന്ധി ഖണ്ഡിച്ചു. ഗുരുവിനെ ‘സഹിഷ്ണുത’ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതപോലും പ്രസംഗിച്ചു !!
എന്നാൽ പന്ത്രണ്ട് വർഷം കഴിഞ്ഞ്,1937 ജനുവരി 16 ന് ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ ഗുരുവിന്റെ ‘ഒരു മതത്തോട്’ ഗാന്ധി യോജിച്ചു. “ഗുരുവിന്റെ ഉപദേശം മഹാത്മജിയുടെ തലയിൽ കിടന്നു വിളഞ്ഞതിന്റെ ഫലമാണ് ഈ മാറ്റമെന്ന് ” സഹോദരൻ അയ്യപ്പൻ പറഞ്ഞതായി ഡോ. ടി. ഭാസ്ക്കരൻ എഴുതിയിട്ടുണ്ട് (മഹർഷി ശ്രീനാരായണഗുരു, പേജ് 146) ഗാന്ധി, ഗുരുവിനെ പലപ്പോഴും”തീയ്യസന്ന്യാസി” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തന്നെയല്ല, “ഗുരുദേവൻ മഹാസാത്വികനും ഉത്തമപണ്ഡിതനും ആണെങ്കിലും ശൂദ്രജാതിയിൽ വന്നു പിറന്നതുകൊണ്ട് ഈ ജന്മം ശൂദ്രനായി തന്നെ വ്യവഹരിക്കപ്പെടേണ്ടതാണ് ” എന്നുപോലും പറഞ്ഞു (നിത്യ ചൈതന്യ യതി : ബ്രഹ്മസൂത്രഭാഷ്യവും ജാതിയും, പേജ് 20). അപ്പോൾ ഗുരു ഗാന്ധിയെ എങ്ങനെ വിലയിരുത്തി എന്നറിയാനും കൗതുകം തോന്നുമല്ലോ. ഒരു സ്വകാര്യ സംഭാഷണത്തിൽ ഗുരു പറഞ്ഞു : മതകാര്യങ്ങളിൽ ഗാന്ധിജി ഒരു ബാലനാണ് (ഡോ. എസ്. ഷാജിയുടെ ‘നാരായണഗുരുവും ഗാന്ധിജിയും’ എന്ന പഠനം, പേജ് 90) ഇന്ത്യയുടെ സ്വാതന്ത്ര്യം തന്റെ രാഷ്ട്രീയ ലക്ഷ്യമായിക്കണ്ട മഹാത്മാഗാന്ധിയുടെയും അഖിലരുടെയും ആത്മസുഖം തന്റെ ദാർശനിക ലക്ഷ്യമായിക്കണ്ട നാരായണ ഗുരുവിന്റെയും വീക്ഷണങ്ങളിൽ വ്യത്യാസം കാണുന്നത് സ്വാഭാവികം മാത്രമാണല്ലൊ.