ഗുരുവിന്റെ വിദ്യാഭ്യാസ, സ്വാതന്ത്ര്യദര്‍ശനം
അറിയുന്തോറും ആരാധന വളരാന്‍ പോന്ന അത്ഭുതകരമായ വൈശിഷ്ട്യത്തിന്റെ ഉടമയാണ് ശ്രീനാരായണഗുരു. സുര്യോദയം പോലെ അത്യന്തബന്ധുരമായ ഒരു ദൃശ്യം പ്രപഞ്ചത്തില്‍ വേറെയില്ലെന്ന് ഗുരു പറഞ്ഞു. ആ സൂര്യോദയം പോലെ അത്യന്തം അനര്‍ഘമാണ് ഗുരു മനുഷ്യമനസാക്ഷിയില്‍ ഉണര്‍ത്തിയ ജ്ഞാനോദയം. പരമാചാര്യനെന്ന് മഹാകവി കുമാരനാശാന്‍ വിശേഷിപ്പിച്ച ശ്രീനാരായണഗുരു, മനുഷ്യമനസ്സുകളിലെ അജ്ഞാനമകറ്റി ആദിമഹസ്സിന്റെ മാര്‍ഗം തെളിച്ചു തന്ന പരമഗുരുവാണ്. മനുഷ്യന്റെ ബാഹ്യേന്ദ്രിയമായ നേത്രങ്ങളെ തഴുകിയുണര്‍ത്തിയ പ്രകാശധാരയല്ല ഗുരു .അന്തര്‍നേത്രങ്ങളെ മലര്‍ക്കെത്തുറന്ന അത്ഭുത ജ്യോതിസ്. സാമാന്യജനങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ ശ്രേയസ്സിന് അനവരതം പ്രയത്‌നിക്കുകയായിരുന്നു ആ ധന്യജീവിതത്തിന്റെ ലക്ഷ്യം. യോഗി, ദാര്‍ശനികന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്റെ സംഗമസ്ഥാനമാണ് ഗുരു.
സാമൂഹ്യവും മതപരവുമായ അനേകം ദുഷിച്ച ആചാരാനുഷ്ഠാനങ്ങളുടെ പിടിയില്‍പ്പെട്ട മനുഷ്യന്റെ ദയനീയമായ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളത്തിലെ സാമൂഹ്യജീവിതം. ശ്രീനാരായണഗുരു തുടങ്ങിവച്ച നിശബ്ദ വിപ്ലവം ആധുനിക കേരള സമൂഹത്തെ ദൂരവ്യാപകമായി സ്വാധീനിച്ചു. അനാചാരങ്ങളും പരമ്പരാഗതമായി അനുഷ്ഠിച്ചു പോന്നിരുന്ന ദുഷിച്ച കീഴ്‌വഴക്കങ്ങളും തുടച്ചു നീക്കുന്നതിനുവേണ്ടി ആരംഭിച്ച വിപ്ലവമായിരുന്നു അതെങ്കിലും, കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും മതപരവുമായ മുഖച്ഛായയെ മാറ്റി മറിക്കാന്‍ അതിനു കഴിഞ്ഞു.
ഭ്രാന്താലയമെന്ന് മുദ്രകുത്തപ്പെട്ട കേരളത്തിലെ ജാതിമേധാവിത്വത്തെയും മനുഷ്യരില്‍ രൂഢമൂലമായിരുന്ന ദുരാചാര പ്രവണതയെയും ഉന്‍മൂലനം ചെയ്യുകയായിരുന്നു ആദ്യത്തെ ദൗത്യം. അധ:സ്ഥിത ജനങ്ങള്‍ക്ക് വിദ്യാഭ്യാസ, രാഷ്ട്രീയാവകാശങ്ങള്‍ ഭരണതലത്തില്‍ നിഷേധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. ശ്രീനാരായണഗുരു പ്രസിഡന്റും കുമാരനാശാന്‍ സെക്രട്ടറിയുമായി രൂപീകൃതമായ എസ്.എന്‍.ഡി.പി യോഗം അധ:സ്ഥിതരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും യത്‌നിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും യാതൊരു പ്രോത്സാഹനവും ലഭിക്കുകയില്ലെന്നുറപ്പായ ഗുരു അവര്‍ണ്ണരുടെ ഉന്നതിയ്ക്കായി തനതായ മാര്‍ഗ്ഗം ആവിഷ്‌കരിച്ചു. അവര്‍ണ്ണരെ ആദ്യമായി ആത്മശക്തിയുള്ളവരായി മാറ്റുക, അതിനു ശേഷം അനുരഞ്ജനത്തിന്റെ പാതയിലൂടെ അവരെ നയിക്കുക- ഇതിനായി അവര്‍ണ്ണരെ വിദ്യാസമ്പന്നരാക്കാനും അവരുടെയിടയില്‍ വിലങ്ങുതടിയായി നിന്ന അനാചാരങ്ങളെ ദൂരീകരിക്കാനും ശ്രീനാരായണധര്‍മ്മ പരിപാലന യോഗം വഴി ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ പ്രവര്‍ത്തനം ഒരു പുതുയുഗത്തിന്റെ ഉദയമായിരുന്നു. ശ്രീനാരായണഗുരു ആരംഭിച്ചതും ഡോ. പല്പു, കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയവര്‍ വളര്‍ത്തിക്കൊണ്ടു വന്നതുമായ പ്രസ്ഥാനം അതിവേഗം ശക്തിപ്രാപിക്കുകയും ഒരു ചുഴലിക്കാറ്റെന്ന പോലെ കേരളത്തിന്റെ ജീര്‍ണ്ണിച്ച സാമൂഹ്യചട്ടക്കൂടിനെ തകര്‍ക്കുകയും ചെയ്തു. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം ഇവരുടെ പ്രവര്‍ത്തനം മൂലം അത്ഭുതകരമായ മാറ്റത്തിന് വിധേയമായി.
നാടെങ്ങും ചുറ്റി സഞ്ചരിച്ച്, ആചാരങ്ങളാല്‍ അകറ്റപ്പെടുന്ന മനുഷ്യരില്‍ മനുഷ്യത്വത്തെ ഉണര്‍ത്തേണ്ട സാഹചര്യം ഉണ്ടാക്കണമെന്ന് ഗുരു അഭിലഷിച്ചു. യാഥാസ്ഥിതികതയുടെ കെട്ടുപാടുകളില്‍ അമര്‍ന്ന ജനത ഓജസറ്റ അവസ്ഥയിലായിരുന്നു. മനുഷ്യസമുദായത്തിന്റെ ഭൗതികാഭിവൃദ്ധി പ്രധാനമായും മൂന്നുഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, സമ്പത്ത് ഇവയെ ആശ്രയിച്ചല്ലാതെ സമുദായ ശ്രേയസ്സ് സാധ്യമല്ല എന്നറിഞ്ഞാണ് ഗുരു ഇവയെ കര്‍മ്മനിരതമാക്കുന്ന സുശക്തമായ സംഘടനയ്ക്ക് രൂപം നല്‍കിയത്. വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നതിയിലേക്കു നയിക്കുന്നതാകയാല്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് വിദ്യയ്ക്കാണെന്ന് നിര്‍ദ്ദേശിച്ചു. പുരുഷനു മാത്രമല്ല, സ്ത്രീയ്ക്കും വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് ഗുരു പ്രഖ്യാപിച്ചു. വിദ്യാലയങ്ങളും വായനശാലകളും ഉണ്ടാകണം. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സ്വതന്ത്രരാകാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. സാമുദായികാഭിവൃദ്ധി കാംക്ഷിക്കുന്നവര്‍ വിദ്യാഭ്യാസത്തിന് പ്രചാരം നല്‍കാന്‍ ഗുരു ഉദ്‌ബോധിപ്പിച്ചു. തലമുറകളായി തുടര്‍ന്നു പോന്നിരുന്ന അജ്ഞതയകറ്റി, ആത്മവിശ്വാസം നേടി അപകര്‍ഷതയില്‍ നിന്ന് മോചനം നേടാന്‍ വിദ്യയെ ആശ്രയിക്കാന്‍ ഗുരു സമൂഹത്തെ പഠിപ്പിച്ചു. അറിവിന്റെ ഫലമായ കനിവാണ് ഗുരുവിന്റെ ഈശ്വരസങ്കല്‍പ്പം. ധര്‍മ്മസാരമായ സദാചാര മൂല്യങ്ങള്‍ ആത്മശുദ്ധിയും വിദ്യാഭ്യാസവും കൊണ്ട് നേടാമെന്ന് ഗുരു പഠിപ്പിച്ചു.
ആധ്യാത്മികതയെയും ഭൗതികതയെയും യുക്തിയുടെ വെളിച്ചത്തില്‍ വേര്‍തിരിച്ച് ബോദ്ധ്യപ്പെടുത്തിക്കൊടുത്ത സ്വതന്ത്രചിന്തയാണ് ഗുരുവിന്റേത്. ഒരര്‍ത്ഥത്തില്‍ ആത്മസ്വാതന്ത്ര്യത്തിന്റെ മഹാപ്രവാചകനായിരുന്നു ഗുരു. ഏകലോകചിന്ത എന്ന മഹത്തായ ആശയത്തെ ഗുരു യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചു. ആകാശവിശാലമായ ആ ഹൃദയത്തില്‍ നിന്ന് അല്പഭാഷണവും അധികമൗനവുമാണുണ്ടായതെങ്കിലും, ആ അല്പാക്ഷരങ്ങള്‍ അനേകാര്‍ത്ഥദ്യോതകങ്ങളായിരുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഏകലോകചിന്തയെ ജ്വലിപ്പിക്കുന്ന സര്‍വ്വമത സമ്മേളനമെന്ന ആശയം ഗുരു പ്രാവര്‍ത്തികമാക്കിയത്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവചനത്തില്‍ മനുഷ്യനന്മയെയാണ് ഗുരു ലക്ഷ്യമാക്കിയത്. മതനദികളെയല്ല കണ്ടത്, അവ ഒത്തുചേരുന്ന ഏകസാരത്തെയാണ്.
മതമെന്ന ചട്ടക്കൂടില്‍ ഒതുങ്ങാതെ, അന്ധവിശ്വാസവും അനാചാരവും മുറുകെ പിടിച്ച് ജീവിച്ചു പോന്നവരെ സാത്വികമായ പൂജമാര്‍ഗ്ഗത്തിലൂടെ സമുദ്ധരിക്കാനാണ് കൊല്ലവര്‍ഷം 1093-ല്‍ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. നൂറ്റാണ്ടുകളായി അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ മേല്‍ വേരൂന്നി പടര്‍ന്നു കിടന്ന സവര്‍ണ്ണമേധാവിത്വ മഹാവൃക്ഷത്തെയാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ ദൃഢപരശുകൊണ്ട് ഗുരു നിലം പതിപ്പിച്ചത്. മതവൈര്യവും ജാതിവ്യത്യാസവും മനസ്സില്‍ തീണ്ടാതെ എല്ലാരും സോദരത്വേന വാഴുന്ന ഒരു മാതൃകാ ലോകം സൃഷ്ടിക്കുകയായിരുന്നു ശ്രീനാരായണഗുരു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുസന്ദേശം ഏതു സമുദായത്തിന്റെയും സാംസ്‌കാരിക വികാസത്തിനുള്ള ശാന്തിമന്ത്രമാണ്. ഇതിനെ ഏകലോകമെന്ന ആശയത്തിന്റെ മുദ്രാവാക്യമായി പരിഗണിക്കാവുന്നതാണ്.
ജാതിജന്യങ്ങളായ അവശതകളുടെ ഭാരം ചുമക്കുന്ന വരായിരുന്നെങ്കിലും ഈഴവരില്‍ ഒരു വിഭാഗം പണ്ഡിതന്മാരും വൈദ്യന്മാരും മറ്റു പല മേഖലകളിലും ഉയര്‍ന്നു നില്‍ക്കുന്നവരുമായിരുന്നു. എങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഒരു അധഃസ്ഥിതാവസ്ഥ സമുദായത്തെ മൊത്തത്തില്‍ ബാധിച്ചിരുന്നു. സമുദായത്തെ ഗ്രസിച്ചിരുന്ന അന്ധവിശ്വാസം ഇല്ലാതാക്കുകയും അവരുടെ ദുര്‍ദേവതാരാധനയ്ക്ക് വിരാമമിടുകയും ചെയ്യാന്‍ ഗുരു ആദ്യം തീരുമാനിച്ചു.
സവര്‍ണ ദൈവങ്ങളെ തീണ്ടല്‍ ജാതിക്കാരുടെ ദര്‍ശനത്തിനും ആരാധനയ്ക്കും വിധേയമാക്കിയാല്‍ സവര്‍ണ്ണരുമായി തങ്ങള്‍ക്ക് അന്തരമില്ലെന്ന ബോധം തീണ്ടല്‍ ജാതിക്കാരില്‍ ഉണ്ടാകുമെന്ന് ഗുരുവിന് വിശ്വാസമുണ്ടായിരുന്നു. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ ഉള്ളിലെ രഹസ്യം ഇതായിരുന്നു. ദുഷ്ടദേവതകളില്‍ ഒതുങ്ങി നിന്നിരുന്ന വിശ്വാസവും ആരാധനയോടനുബന്ധിച്ച് നടത്തിയിരുന്ന ജന്തുബലിയും ഇല്ലാതാക്കാന്‍ ഈ പരിശ്രമം സഹായകമായി. ധനരക്തം ഊറ്റിക്കുടിച്ച് സമുദായ ശരീരത്തെ നിര്‍ജ്ജീവമാക്കിപ്പോന്ന ദുര്‍ഭൂതങ്ങളായിരുന്നു അന്ന് സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്ന താലികെട്ടു കല്യാണവും തിരണ്ടു കുളിയും പുളികുടിയും. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് ഈ ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ഗുരുവിനു സാധിച്ചു. സത്യം, ശുചിത്വം, അധര്‍മ്മഭീതി, ആസ്തിക്യം, ഐകമത്യം ഇവയിലൂടെ മാമൂലുകളുടെ ബന്ധനത്തില്‍ നിന്ന് ഗുരു സമൂഹത്തെ സ്വതന്ത്രമാക്കി.
ആദ്ധ്യാത്മികവും സാമൂഹികവുമായ ദ്വിമുഖമാര്‍ഗ്ഗങ്ങളിലൂടെ ജനസേവന പദ്ധതി ജീവിതവ്രതമാക്കിയ ഗുരുദേവന്‍, അനാചാരങ്ങളില്‍ നിന്നും മോചനം നേടി ജീവിതോന്നതിക്കായി തനതായ മാര്‍ഗ്ഗം കണ്ടെത്തുന്നതിന് അവര്‍ണ്ണരെ ആത്മശക്തിയുള്ളവരാക്കി തീര്‍ത്ത ലോകഗുരുവും സമൂഹരക്ഷകനുമാണ്. മതഭേദചിന്തവിട്ട് സമസ്ത ലോകത്തിന്റെയും സമുന്നതിക്കായി ആജീവനാന്തം പ്രവര്‍ത്തിക്കാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. ഈ നൂറ്റാണ്ടിലും ഭാരതത്തില്‍ പലയിടത്തും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാഴുന്നത് നമുക്കു കാണാം. കേരളത്തില്‍ ഒരു നൂറ്റാണ്ടിനു മുമ്പു തന്നെ അത്തരം അനാചാരങ്ങളെ വേരോടെ പിഴുതെറിയാന്‍ കെല്‍പ്പുള്ള കരങ്ങളുമായാണ് ശ്രീനാരായണഗുരു പ്രത്യക്ഷനായത്. നരജാതി മുഴുവന്‍ ഒരു ജാതിയാണെന്ന് ഗുരു ഉദ്‌ഘോഷിച്ചു. ‘അയലുതഴപ്പതി നായതി പ്രയത്‌നം ചെയ്യാന്‍’ അദ്ദേഹം ആഹ്വാനം ചെയ്തു. ദീനാനുകമ്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ മതസാരമാണ് സാക്ഷാല്‍ ശ്രീനാരായണധര്‍മ്മം. പരിവര്‍ത്തനോന്മുഖവും പുരോഗമന പരവുമായ ഒരു സമൂഹത്തിലെ ഉജ്ജ്വലചൈതന്യമായി ഗുരു വര്‍ത്തിക്കുന്നു. അദ്ദേഹം കൊളുത്തിയ തത്ത്വദീപങ്ങള്‍ ഒരുകാലത്തും അണയുന്നില്ല.
എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയൻ സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ലേഖനം. (അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് പ്രൊഫ. ജി. സോമനാഥന്റെ മകളും അദ്ധ്യാപികയുമാണ് ലേഖിക)