ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണവും പ്രവര്‍ത്തനങ്ങളും

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്ന്, ദേവാലയങ്ങളോടു ചേര്‍ന്നു വിദ്യാലയങ്ങളും വേണമെന്നുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ക്ഷേത്രത്തിനു സമീപം ഒരു സംസ്‌കൃത പാഠശാലയും പഠിതാക്കള്‍ക്കും ക്ഷേത്രത്തിലെ അന്തേവാസികള്‍ക്കും തൊഴില്‍ സംസ്‌കാരം ജനിപ്പിക്കുന്നതിനായി ഒരു തുണി നെയ്ത്തു ശാലയും ഗുരു സ്ഥാപിച്ചു. പാഠശാലയിലെ അധ്യാപകന്‍ ഒരു ബ്രാഹ്മണന്‍ (എസ് ശിവരാമകൃഷ്ണ ശാസ്ത്രി) ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപനത്തോടെ (1903) ഗുരുവിന്റെ കാര്‍മ്മികത്വത്തിലും പ്രേരണയിലും നാടിന്റെ നാനാഭാഗങ്ങളില്‍ അനേകം സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി.

‘വിദ്യകൊണ്ട് സ്വതന്ത്രരാവുക സംഘടനകൊണ്ട് ശക്തരാവുക’ എന്നു ലോകത്ത് ആദ്യമായി ആഹ്വാനം ചെയ്ത ഒരേയൊരു സന്ന്യാസി നാരായണഗുരുവായിരിക്കും. ഇന്ത്യന്‍ നവോത്ഥാന നായകരില്‍ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ ചാലകശക്തിയായി വിദ്യാഭ്യാസത്തെ ദര്‍ശിച്ച വ്യക്തിയും ഗുരുവായിരുന്നു.
”ഇഹപരസുഖങ്ങള്‍ക്കും സകലവിധമായ ഉന്നതിക്കും ഒരുപോലെ ഉപയുക്തമായ ഒന്നാണ് വിദ്യാഭ്യാസം’ എന്നു ഗുരുശിഷ്യനായ കുമാരനാശാന്‍ നിരീക്ഷിച്ചിട്ടുള്ളും ഓര്‍ക്കുക. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്നു തെറ്റായി പല പ്രബുദ്ധരും ധരിക്കുകയും ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ അനേക ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ് പ്രബുദ്ധത അഥവാ അറിവുണ്ടാവുക എന്നത്.’അറിവ്’ എന്ന കൃതിയില്‍ ഗുരു വെളിപ്പെടുത്തുന്ന – ആത്മാവിനെ മനസ്സിലാക്കുക എന്ന- ആത്മീയ ദര്‍ശനവുമായി പ്രബുദ്ധതയ്ക്ക് അല്ലെങ്കില്‍ അറിവിന് യാതൊരു ബന്ധവുമില്ല. എല്ലാ അര്‍ത്ഥത്തിലും അടിമകളും പരതന്ത്രരുമായി ജീവിക്കുന്ന വലിയൊരു ജനസമൂഹത്തെ വീക്ഷിച്ചുകൊണ്ടാണ്, വിദ്യകൊണ്ട് സ്വതന്ത്രരാവാന്‍ ഗുരു ഉദ്‌ബോധിപ്പിച്ചത്. ഈ സ്വാതന്ത്ര്യത്തില്‍ മനുഷ്യനെ ഭൗതികവും ആത്മീയവുമായി പരാധീനനും പരതന്ത്രനുമാക്കുന്ന സമസ്തബന്ധനങ്ങളില്‍ നിന്നുമുള്ള വിമോചനമാണ് ഗുരു കാംക്ഷിച്ചത്. വാസ്തവത്തില്‍ ഗുരുവിന്റെ മറ്റ് പല സന്ദേശങ്ങള്‍ക്കും വചനങ്ങള്‍ക്കുമുള്ളതുപോലെ സാര്‍വകാലികവും സാര്‍വദേശീയവുമായൊരു മൂല്യം വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന പ്രഖ്യാപനത്തിനുമുണ്ട്. ‘ഗര്‍ദ്ദഭം കുങ്കുമം ചുമക്കുന്നതു പോലെ വിദ്യകൊണ്ട് അറിയേണ്ടതറിയാതെ, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചങ്ങലയില്‍ സ്വയം ബന്ധിതരായ’ ഇതരജാതി മതസ്ഥര്‍ക്കും ഗുരുവിന്റെ സന്ദേശം ബാധകമായിരുന്നു.
അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നാണു (1888) ഈ സന്ദേശം ഗുരു വിളംബരം ചെയ്യുന്നത്. അതിന്റെ പ്രസക്തിയും പ്രാധാന്യവും ഗുരു നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും ശരിയായി ഗ്രഹിക്കണമെങ്കില്‍, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ തിരുവിതാംകൂറിലെ ഈഴവരുടെ സാക്ഷരതയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. 1875-ലെ തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം ഈഴവരുടെ ജനസംഖ്യ 3,83,000 വും സാക്ഷരരുടെ എണ്ണം 6021 വും ആയിരുന്നു. 1891-ല്‍ അവരുടെ ജനസംഖ്യ 4,14,200 ആയി ഉയര്‍ന്നപ്പോള്‍ സാക്ഷരത 25,000 ത്തിലെത്തി. 1901 ലെ ജനസംഖ്യ 4,91,744 വും സാക്ഷരത 35,920 മായി വര്‍ദ്ധിച്ചു. ഈഴവരുടെ സാക്ഷരതയിലുണ്ടായ ക്രമാനുഗതമായ ഈ വളര്‍ച്ച യഥാര്‍ത്ഥത്തില്‍, സര്‍ക്കാര്‍ പാഠശാലകളില്‍ നിന്നു ആര്‍ജിച്ചതായിരുന്നില്ല. ക്രിസ്ത്യന്‍ മിഷണറി സ്‌കൂളുകളില്‍ നിന്നും ഈഴവര്‍ തന്നെ സ്ഥാപിച്ച സ്വകാര്യപാഠശാലകളില്‍ നിന്നും ഗ്രാമങ്ങളില്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ നിന്നുമായിരുന്നു ഭൂരിപക്ഷം പേരും സാക്ഷരരായത്. 1895 മെയ് 13ന് ഡോ. പി. പല്പു ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്ക് നല്‍കിയ ഹര്‍ജിയില്‍ നിന്നുതന്നെ ഈഴവര്‍ക്കു പ്രവേശനമുണ്ടായിരുന്ന സര്‍ക്കാര്‍ പാഠശാലകളുടെ എണ്ണം പരിമിതമായിരുന്നുവെന്നു ഗ്രഹിക്കാനാവും. പിന്നാക്ക വിഭാഗങ്ങളുടെ സ്‌കൂള്‍ പ്രവേശനത്തിന് അനുകൂലമായ ഉത്തരവുകള്‍ ഒരു പ്രഹസനം പോലെ സര്‍ക്കാര്‍ ആവര്‍ത്തിച്ചു പുറപ്പെടുവിച്ചിരുന്നുവെങ്കിലും, അടിസ്ഥാനരഹിതമായ തടസ്സവാദങ്ങള്‍ ഉന്നയിച്ചോ, അക്രമങ്ങള്‍ കാട്ടിയോ സവര്‍ണ്ണവര്‍ഗ്ഗം അതിനെ പ്രതിരോധിക്കുകയായിരുന്നു പതിവ്. യാഥാസ്ഥിതിക ഭരണകൂടം നിശബ്ദമായും നിഷ്‌ക്രിയമായും അവയെ പിന്താങ്ങുകയും ചെയ്തു.
പ്രജകളെ ‘പൗരബോധമുള്ളവരും പൊതുജനസേവനത്തിനു യോഗ്യരും’ ,’തദ്വാര രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിനു’മായി സര്‍ക്കാര്‍ ചെലവില്‍ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള വിളംബരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1817-ല്‍ പ്രഖ്യാപിച്ചെങ്കിലും, ജാതിമതഭേദം കൂടാതെ എല്ലാ പ്രജകള്‍ക്കും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലും കച്ചേരികള്‍, കോടതികള്‍, രാജപാതകള്‍, കമ്പോളങ്ങള്‍ മുതലായവയിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായത് 1870-ല്‍ മാത്രമാണ്. അതായത് അക്കാലം വരെ അധഃകൃത പിന്നാക്ക ജാതികള്‍ക്കു തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് അര്‍ത്ഥം. ഈ വിളംബരങ്ങളെല്ലാം അയിത്ത ജാതിക്കാരെ സംബന്ധിച്ചിടത്തോളം ഏട്ടിലെ പശുവായിരുന്നു. മേധാവിത്വ ശക്തിയായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളെ ബോധ്യപ്പെടുത്താനുള്ള പുരോഗമനനാട്യങ്ങളായിരുന്നു ആ ഉത്തരവുകള്‍.
ആത്മീയ മാര്‍ഗ്ഗത്തില്‍ മനസ്സ് സഞ്ചരിക്കുമ്പോഴും ഭരണകൂടത്തിന്റെ ഇത്തരം കാപട്യങ്ങളും വഞ്ചനയും, അധഃസ്ഥിത ജനവിഭാഗത്തിന്റെ ദയനീയാവസ്ഥയും നാരായണഗുരു കാണുന്നുണ്ടായിരുന്നു. അജ്ഞതയിലും അന്ധകാരത്തിലും പാരതന്ത്ര്യത്തിലും അടിമകളെ പോലെ അമര്‍ന്നു കിടക്കുന്ന മനുഷ്യരുടെ മോചനത്തിനു ആദ്യം വേണ്ടതു വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണെന്നു ഗുരു കണ്ടു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണ് പൊതുസമൂഹം ഗുരുവിനെ തിരിച്ചറിയുന്നതെങ്കിലും, 1881-ല്‍ ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രത്തിനു സമീപം ഒരു പാഠശാല സ്ഥാപിച്ചു കൊണ്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുരു തന്നെ ആയിരുന്നു ഏവര്‍ക്കും പ്രവേശനമുണ്ടായിരുന്ന ആ വിദ്യാലയത്തിലെ അധ്യാപകന്‍. 1882-ല്‍ വൈവാഹികമായ കാരണങ്ങളാല്‍ വീട് വിട്ട് അവധൂതനായി സഞ്ചരിച്ചു തുടങ്ങുന്ന കാലം വരെ ഈ പാഠശാല പ്രവര്‍ത്തിച്ചു പോന്നു. മരുത്വാമലയിലും അരുവിപ്പുറത്തും മറ്റുമായി ദീര്‍ഘവും കഠിനവുമായ തപശ്ചര്യയില്‍ ഏര്‍പ്പെടുന്നതിനു തൊട്ടുമുമ്പ്, 1884ല്‍ അഞ്ചുതെങ്ങില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ കുറെ കുട്ടികളെ ഗുരു സംസ്‌കൃതം പഠിപ്പിച്ചിരുന്നു.

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്ന്, ദേവാലയങ്ങളോടു ചേര്‍ന്നു വിദ്യാലയങ്ങളും വേണമെന്നുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ക്ഷേത്രത്തിനു സമീപം ഒരു സംസ്‌കൃത പാഠശാലയും പഠിതാക്കള്‍ക്കും ക്ഷേത്രത്തിലെ അന്തേവാസികള്‍ക്കും തൊഴില്‍ സംസ്‌കാരം ജനിപ്പിക്കുന്നതിനായി ഒരു തുണി നെയ്ത്തു ശാലയും ഗുരു സ്ഥാപിച്ചു. പാഠശാലയിലെ അധ്യാപകന്‍ ഒരു ബ്രാഹ്മണന്‍ (എസ് ശിവരാമകൃഷ്ണ ശാസ്ത്രി) ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. പതിനഞ്ചു രൂപയായിരുന്നു അദ്ദേഹത്തിന്റെ മാസശമ്പളം. എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപനത്തോടെ (1903) ഗുരുവിന്റെ കാര്‍മ്മികത്വത്തിലും പ്രേരണയിലും നാടിന്റെ നാനാഭാഗങ്ങളില്‍ അനേകം സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി. 1904ലാണു ഗുരു ശിവഗിരി തന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു ആസ്ഥാനമായി തിരഞ്ഞെടുക്കുന്നത്. 1906ല്‍ നാലാം ക്ലാസ് വരെയുള്ള ഒരു സംസ്‌കൃത സ്‌കൂള്‍ അവിടെ ആരംഭിക്കുന്നതിനു മുമ്പ് 1904-ല്‍ സമീപത്തുള്ള വേട്ടുവര്‍ക്കും കുറവര്‍ക്കും പഠിക്കുന്നതിനായി ഒരു പള്ളിക്കൂടം ഗുരു സ്ഥാപിച്ചിരുന്നു. അതേ വര്‍ഷം വര്‍ക്കലക്കു സമീപമുള്ള വെട്ടൂരില്‍ പറയര്‍ക്കു വേണ്ടി ഒരു നിശാപാഠശാലയും തുടങ്ങി. രാത്രികാലങ്ങളില്‍ ഗുരു ശിഷ്യരുമായി എത്തി ഇവിടെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. ഗുരുവിന്റെ നിയോഗത്താല്‍, 1904-ല്‍ മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സദാശിവന്റെ അച്ഛന്‍ കേശവന്‍ കോണ്‍ട്രാക്ടര്‍ വര്‍ക്കലയില്‍ ഒരു ഇംഗ്ലീഷ് പാഠശാലയും വക്കം പുരുഷേത്തമന്റെ അച്ഛാച്ഛനും പ്രജാസഭാ മെമ്പറുമായിരുന്ന കൊച്ചുപപ്പു തരകന്‍ ‘വക്കം സെന്‍ട്രല്‍ സ്‌കൂള്‍’ എന്ന പേരില്‍ (ഇന്നത്തെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍) ഒരു മലയാളം-ഇംഗ്ലീഷ് സ്‌കൂളും ഡോ. പല്പു പുലയര്‍ക്കായി തിരുവനന്തപുരത്ത് ഒരു സ്‌കൂളും കായിക്കര കോവില്‍തോട്ടത്ത് ഒരു പെണ്‍പള്ളിക്കൂടവും സ്ഥാപിച്ചു. ഈ പെണ്‍പള്ളിക്കൂടം പില്‍ക്കാലത്തു 1924-ല്‍ ഗുരുവിന്റെ കാര്‍മികത്വത്തില്‍ തന്നെ നെടുങ്ങണ്ടയിലേക്കു മാറ്റുകയുണ്ടായി.
ശിവഗിരി സംസ്‌കൃതപാഠശാലയിലെ പാഠ്യപദ്ധതിയില്‍ വിദ്യാഭ്യാസം തൊഴിലുമായി ബന്ധപ്പെടണമെന്ന ആശയം ഗുരുവിനുണ്ടായിരുന്നു. അതിനായി കുട്ടികളെ മെക്കാനിസവും കൃഷിശാസ്ത്രവും പഠിപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നു രണ്ട് വിദഗ്ദ്ധന്മാരെ സ്വാമികള്‍ വരുത്തി. സ്‌കൂളിലെ പഠനത്തിനിടയില്‍ ഒരു മണിക്കൂര്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ആധുനികയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ശാസ്ത്രീയ രീതിയില്‍ കൃഷി പരിശീലിപ്പിക്കാനും നിഷ്‌കര്‍ഷിച്ചു. സി.ആര്‍. കേശവന്‍ വൈദ്യര്‍ ചൂണ്ടിക്കാണിച്ചതുപോലെ റഷ്യയിലും അമേരിക്കയിലും പ്രവൃത്തി പരിചയം സാമാന്യവിദ്യാഭ്യാസത്തിന്റെ അവശ്യഘടകമായി അംഗീകരിക്കപ്പെടുന്നതിനു മുമ്പാണ് നാരായണഗുരു ഇവിടെ അതു പ്രാവര്‍ത്തികമാക്കിയത്. വളര്‍ന്നുവരുന്ന പുതുതലമുറയുടെ സാമൂഹ്യമായ സ്വാതന്ത്ര്യത്തിനും ഭൗതികമായ അഭിവൃദ്ധിക്കും തൊഴിലിനോട് ആഭിമുഖ്യമുള്ള നവീന വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതു അത്യന്താപേക്ഷിതമാണെന്നു ദീര്‍ഘദൃഷ്ടിയോടെ ഗുരു മനസ്സിലാക്കിയിരുന്നു. പാഠശാലയോട് ചേര്‍ന്നു നെയ്ത്തുശാലയും വൈദ്യപഠനകേന്ദ്രവും നിര്‍മ്മിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സംസ്‌കാരം ഊട്ടി വളര്‍ത്താന്‍ ഈ സംവിധാനങ്ങള്‍ ഉപകരിക്കുമെന്നു ഗുരു വിശ്വസിച്ചിരിക്കണം. സംസ്‌കൃതപാഠശാലകളില്‍ അഷ്ടാംഗഹൃദയം മുതലായ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ കൂടി പഠിപ്പിക്കാന്‍ ഗുരു പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ”സംസ്‌കൃതം പഠിച്ചാല്‍ അര്‍ത്ഥം പറയാം വൈദ്യം പഠിച്ചാല്‍ അര്‍ത്ഥം നേടാം” എന്നു വിദ്യാര്‍ത്ഥികളെ ഗുരു ഉപദേശിച്ചതില്‍ നിന്നും ലക്ഷ്യം വ്യക്തമാണല്ലോ. ശിവഗിരി സംസ്‌കൃതപാഠശാലയില്‍ നിന്നു നാലാംക്ലാസ് പാസ്സാകുന്നവരെ പട്ടാമ്പി സംസ്‌കൃത സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ഗുരു ചെയ്തിരുന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെയും നാരായണഗുരുവിന്റെയും പ്രവര്‍ത്തനത്തോടുകൂടി തെക്ക് കോട്ടാര്‍ മുതല്‍ വടക്ക് മംഗലാപുരം വരെയുള്ള ദേശങ്ങളില്‍ ക്ഷേത്രങ്ങളോടൊപ്പം തന്നെ പാഠശാലകളും ഈഴവ സമാജങ്ങളുടെയും ഈഴവ പ്രമാണികളുടെയും കീഴില്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. ‘വിദ്യാഭ്യാസ ഫണ്ട്’ രൂപീകരിച്ചും ‘സ്‌കോളര്‍ഷിപ്പു’കള്‍ നല്‍കിയും നിസ്വരും വിദ്യാതല്പരരുമായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഇതോടൊപ്പം എസ്.എന്‍.ഡി.പി യോഗം സന്നദ്ധമാവുകയും ചെയ്തു.(തുടരും)