പൂത്തോട്ടയിൽ ഗുരുകടാക്ഷം

‘ഇനി ക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങളാല്‍ നിറയും’ പൂത്തോട്ട
ശ്രീവല്ലഭ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ച ശേഷം മഹാഗുരുവിന്റെ
ഈ പ്രവചനം എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

ഗുരു തൃക്കരങ്ങളാല്‍ 1893 ഫെബ്രുവരി 20നു പ്രതിഷ്ഠാപിതമായതാണ് ശ്രീനാരായണവല്ലഭ ക്ഷേത്രം. നാലമ്പലത്തിന്റെ പണി ആരംഭിച്ചത് 1922ല്‍ ആയിരുന്നു. പിന്നീട് ചുറ്റമ്പലവും മുഖായാമവും പണിതു. 1984ല്‍ ശ്രീകോവിലില്‍ ചെമ്പ് മേഞ്ഞു. 1988 ല്‍ ധ്വജം പ്രതിഷ്ഠിച്ചു. നാടിന്റെ ആത്മതേജസ്സായി നിലകൊള്ളുന്ന ക്ഷേത്രം നൂറ്റാണ്ടിന്റെ പഴക്കത്താല്‍ ജീര്‍ണാവസ്ഥയില്‍ എത്തിയ ഘട്ടത്തില്‍ പുനര്‍നിര്‍മാണം അനിവാര്യമായി വന്നു. ഗുരു തൃക്കരങ്ങളാല്‍ പ്രതിഷ്ഠാപിതമായ ശിലയ്ക്ക് യാതൊരു ഇളക്കവും വരാതെ 2012ല്‍ ആരംഭിച്ച പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത് 2017ലാണ്. 2017 മാര്‍ച്ച് 1 നു സമര്‍പ്പണം നടത്തി. ഇതോടെ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെ മുന്‍നിരയില്‍ പ്രോജ്വലിക്കുന്ന ഒന്നായി മാറി ശ്രീനാരായണ വല്ലഭ ക്ഷേത്രം. ശ്രീകോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികളുടെ ദേഹവിയോഗത്തെ തുടര്‍ന്ന് ശിവഗിരി മഠത്തിന്റെ അനുമതിയോടെ ശ്രീകാരുമാത്ര വിജയന്‍ തന്ത്രികളുടെ പ്രഥമശിഷ്യന്‍ ഡോ. ഒ.വി. ഷിബു ഗുരുപദം, ക്ഷേത്രം തന്ത്രിയായി സ്ഥാനമേറ്റു.

ശൈവ-ഷണ്‍മാതുര പ്രഭ കലര്‍ന്ന ശിവലിംഗമാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളുടെ മറ്റൊരു അപൂര്‍വത ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷം ‘ഇനി ക്ഷേത്രത്തിനു ചുറ്റും സരസ്വതീ ക്ഷേത്രങ്ങളാല്‍ നിറയും’ എന്ന ഗുരുവചനം അന്വര്‍ത്ഥമാക്കി നഴ്‌സറി തലം മുതല്‍ പ്ലസ് ടു തലം വരെയും (ഇംഗ്ലീഷ് & മലയാളം) പഠിക്കാന്‍ ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ക്ഷേത്രപ്രവേശന മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ കേന്ദ്രങ്ങളും, ആര്‍ട്ട്സ് &സയന്‍സിനായി സ്വാമി ശാശ്വതീകാനന്ദ കോളേജ്, അദ്ധ്യാപകരുടെ ട്രെയിനിംഗിനായി സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ്, നിയമപഠനത്തിനായി ശ്രീനാരായണ ലോ കോളേജ്, നൈപുണ്യ വികസനപഠനത്തിനായി ശ്രീനാരായണ ഐടിഐ എന്നിവയും ഉയര്‍ന്നുവന്നു. ആത്മീയ പഠനകേന്ദ്രമായി ഗുരുദര്‍ശനപഠനകേന്ദ്രവും.

അനുബന്ധ സൗകര്യങ്ങളായി നിര്‍മ്മാല്യം ഓഡിയോ വിഷ്വല്‍ഹാള്‍, ശാഖാ ഓഫീസ് മന്ദിരം ലേഡീസ് ഹോസ്റ്റല്‍, വിശാലമായ പ്ലേ ഗ്രൗണ്ട്‌സ് തുടങ്ങിയ മറ്റ് അനുബന്ധസൗകര്യങ്ങളും ഉണ്ടായി.

ആര്‍ഭാടം ചുരുക്കി ആരൂഢമൊരുക്കുന്ന പദ്ധതിയാണ് ശ്രീനാരായണവല്ലഭ ഭവന പദ്ധതി. ഉത്സവചെലവുകള്‍ പരമാവധി ചുരുക്കി സ്വരൂപിച്ച പണവും അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന സമര്‍പ്പണവും മൂലധനമാക്കി ശാഖ ആവിഷ്‌കരിച്ച ജീവകാരുണ്യ പദ്ധതിയാണിത്. കയറിക്കിടക്കാന്‍ വീടില്ലാതെ കൂരയില്‍ അന്തിയുറങ്ങിയിരുന്ന സഹജീവികള്‍ക്ക് ഒരു നല്ല വീടൊരുക്കണമെന്ന നിലവിലെ ശാഖാ ഭരണസമിതിയുടെ തീരുമാനമാണ് ശ്രീനാരായണ വല്ലഭ ഭവനപദ്ധതി. ക്ഷേത്ര ഉത്സവത്തിലെ ആനയും അമ്പാരിയും, വെടിക്കെട്ടും മറ്റ് ആര്‍ഭാടങ്ങളും ഏറ്റവും ലഘൂകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അര്‍ഹരായ 20 അപേക്ഷകരില്‍ ആദ്യഘട്ടമായി 10 വീട് പൂര്‍ത്തീകരിച്ചു. അടുത്ത ഘട്ടത്തിന്റെ ശിലാസ്ഥാപനവും യോഗത്തിന്റെ ആരാധ്യനായ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

ഈ ജീവകാരുണ്യ പദ്ധതിയുടെ ആദ്യഘട്ടത്തിലെ 10 വീടുകളുടെ കൈമാറ്റമാണ് നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ലോകോളേജിലെ റാങ്ക് ജേതാക്കള്‍, എസ്.എസ്.എല്‍.സി, പ്ളസ് ടു ക്ളാസുകളില്‍ പഠന മികവ് പുലര്‍ത്തിയ കുട്ടികള്‍, ശിവഗിരി തീര്‍ത്ഥാടന കലാമത്സരങ്ങളില്‍ ഔന്നത്യം പുലര്‍ത്തിയവര്‍ എന്നിവരെയും അനുമോദിച്ചു.

ഭഗവാന് ഭൂമി സമർപ്പണം

ക്ഷേത്രഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ പാലക്കുന്നത്ത് ചിരകോമയുടേയും വാവ അയ്യപ്പന്റേയും വക ഭൂമി അവരുടേയും മകന്‍ ഗോപാലന്റേയും സ്മരണാര്‍ത്ഥം പേരക്കുട്ടികളായ അഡ്വ. ബിന്ദു ഗോപാലനും, അഡ്വ. അജിത ഗോപാലനും ചേര്‍ന്ന് ഭഗവത് പാദത്തില്‍ സമര്‍പ്പിച്ചു.

ശ്രീനാരായണ വല്ലഭ ഭവന പദ്ധതി വീട് ലഭിച്ചവര്‍

ശൈലിനി നാരായണന്‍ തട്ടാംപറമ്പില്‍ സജിത്ത് മഠത്തിക്കാട്ടില്‍
ബിജു ചെട്ട്യാഴത്തുവെളി
ഉഷാപ്രഭാകരന്‍ നെടുംപറമ്പില്‍
ഉണ്ണിപിഷാരത്ത്
ഉഷാ കെ.കെ. തൈക്കൂട്ടത്തില്‍,
സാബു കെ.ഡി കണ്ടത്തിപ്പറമ്പില്‍
ബേബി മത്തനാട്ട്
ഹേമ പിഷാരത്ത്
മാധവന്‍ ആറ്റുവേലി


സാമൂഹ്യ സുരക്ഷാ പദ്ധതികൾ

  1. 80 വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം പെന്‍ഷന്‍ പദ്ധതി.
  2. 60 വയസ്സ് കഴിഞ്ഞ അശരണര്‍ക്ക് പെന്‍ഷന്‍ പദ്ധതി.
  3. ഭിന്ന ശേഷി പെന്‍ഷന്‍ പദ്ധതി
  4. ചികിത്സാ സഹായ പദ്ധതി
  5. വിദ്യാഭ്യാസ സഹായ പദ്ധതി,
  6. നിര്‍ദ്ധന യുവതികള്‍ക്ക് ഉന്നത വിദ്യാഭ്യാസ പദ്ധതി,
  7. കൊവിഡ് ധനസഹായ പദ്ധതി,
  8. കൊവിഡ് കിറ്റ് വിതരണ പദ്ധതി

മാതൃകാപരം ഈ പുണ്യ പ്രവൃത്തി

”പൂത്തോട്ട വല്ലഭ ക്ഷേത്രത്തില്‍ ഉത്സവം ശ്രദ്ധേയമാകുന്നത് പുണ്യപ്രവൃത്തിയുടെ പേരിലാണ്. സ്വന്തമായി വീടില്ലാത്ത 10 കുടുംബങ്ങള്‍ക്ക് ക്ഷേത്രഭാരവാഹികള്‍ മുന്‍കൈയെടുത്ത് വീട് നിര്‍മ്മിച്ചു നില്‍കി. രണ്ടുവര്‍ഷം മുമ്പ് എടുത്ത തീരുമാനം. അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. ഉത്സവത്തിനായി സ്വരൂപിച്ച പണം മിച്ചം പിടിച്ച് നല്ല കാര്യത്തിന് ചെലവഴിക്കാന്‍ ഭരണസമിതി ഏകമായി തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ടുവട്ടമായി ഇരുപത്കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനം വന്നു.
കേരളത്തിലെ എസ്.എന്‍.ഡി.പി ശാഖകള്‍ക്ക് മാതൃകയാണ് പൂത്തോട്ട. ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും കൈമുതലായ, വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഇതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു ശാഖ കേരളത്തില്‍ വേറെയില്ല. എല്‍.കെ.ജി മുതല്‍ എല്‍എല്‍എം വരെ പഠിക്കാനുള്ള സംവിധാനം പൂത്തോട്ടയിലുണ്ട്.”
വെള്ളാപ്പള്ളി നടേശന്‍
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി

ക്ഷേത്രപ്രവേശന മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍
ക്ഷേത്രപ്രവേശന മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
നിര്‍മ്മാല്യം സെമിനാര്‍ ഹാള്‍ & ഓഡിയോ വിഷ്വല്‍ സെന്റര്‍
ശ്രീനാരായണ പബ്ലിക് സ്‌കൂള്‍
സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍

Author

Scroll to top
Close
Browse Categories