സ്വര്‍ണം കുതിക്കുന്നു,എങ്ങോട്ട് ?

കോവിഡ് മൂലം മാസങ്ങളോളം കടകള്‍ അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ ഡിമാന്‍ഡ് കൂടുമ്പോള്‍ വിലകൂടുമെന്നത് വ്യാപാരത്തിന്റെ ബാലപാഠമാണ്. എന്നാല്‍ ആരും വാങ്ങാതെ, ആര്‍ക്കും വേണ്ടാതെ അടഞ്ഞ കടകളില്‍ ഇരുന്ന സ്വര്‍ണത്തിനുമാത്രം എങ്ങനെ വില കൂടിക്കൊണ്ടിരുന്നു. അതാണ് സ്വര്‍ണത്തെ മറ്റു ലോഹങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.

സ്വര്‍ണം എന്ന മഞ്ഞലോഹം മനുഷ്യനെ സംബന്ധിച്ച് ആഭരണത്തിനായുള്ള ഒരു ലോഹം മാത്രമല്ല . സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിലസമയങ്ങളില്‍ നാമമാത്രമായ കുറവുകള്‍ രേഖപ്പെടുത്തിക്കൊണ്ടും എന്നാല്‍ പിന്നീട് വലിയ കുതിപ്പ് അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് സ്വര്‍ണം പവന് അറുപതിനായിരത്തോട് അടുക്കുന്നത്. അല്‍പ്പം ആലങ്കാരികമായി പറഞ്ഞാല്‍ പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പറയുന്നതുപോലെ അല്‍പ്പമൊന്ന് പിന്നോക്കം പോയാല്‍ അടുത്തനിമിഷം വലിയ വിലവര്‍ദ്ധനവ് ഉറപ്പാണ് എന്നാണ് സ്വര്‍ണ്ണവിലയുടെ ഭൂതകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
അത്ഭുതലോഹം
കോവിഡ് കാലത്തെ ഒരു സംഭവം നമുക്ക് നോക്കാം. കോവിഡ് മൂലം മാസങ്ങള്‍ കടകള്‍ എണ്ണവും അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ ഡിമാന്‍ഡ് കൂടുമ്പോള്‍ വിലകൂടുമെന്നത് വ്യാപാരത്തിന്റെ ബാലപാഠമാണ്. എന്നാല്‍ ആരും വാങ്ങാതെ, ആര്‍ക്കും വേണ്ടാതെ അടഞ്ഞ കടകളില്‍ ഇരുന്ന സ്വര്‍ണത്തിനുമാത്രം എങ്ങനെ വില കൂടിക്കൊണ്ടിരുന്നു. അതാണ് സ്വര്‍ണത്തെ മറ്റു ലോകങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. സ്വര്‍ണം ആഭരണമായി അണിയാന്‍ മാത്രമായുള്ള ഒരു ലോഹമല്ല. അത് ലോകത്തുതന്നെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ മാര്‍ഗ്ഗവുമാണ്. കോവിഡ് കാലത്തു ലോകം മുഴുവന്‍ സ്തംഭിച്ചപ്പോള്‍, ഷെയര്‍മാര്‍ക്കറ്റുകള്‍ക്കു തകര്‍ച്ച സംഭവിച്ചപ്പോള്‍ ഏറെപ്പേരും നിക്ഷേപം സ്വര്‍ണത്തിലേക്കാണ് മാറ്റിയത്. പാനിക് ഇന്‍വെസ്റ്റ്മെന്റ് (Panic Investment) എന്നാണ് അതിനെ പറയുന്നത്.

സ്വര്‍ണത്തിന്റെ സ്വാധീനം
സ്വര്‍ണം സ്വാധീനിക്കുന്നത് ഒരു പ്രദേശത്തെ മാത്രമല്ല, ലോകത്തെ ആകമാനമാണ്. ഇപ്പോഴും സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന കുതിപ്പ് വിരല്‍ചൂണ്ടുന്നത് ലോകത്തെ വിവിധ സംഭവവികാസങ്ങളിലേക്കാണ്. നമ്മുടെ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് സ്വര്‍ണം ആര്‍ഭാടത്തിന്റെ മാത്രം പ്രതീകമല്ല. പകരം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജനിച്ചുകഴിഞ്ഞു ഇരുപത്തെട്ടാം ദിനം പേരിടല്‍ ചടങ്ങിന് സ്വര്‍ണവിഭൂഷിതരാക്കുന്നതുമുതല്‍ പിന്നങ്ങോട്ട് ഉള്ള ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ആകെ സ്വര്‍ണം ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. നിക്ഷേപങ്ങളുടെ രൂപത്തിലും മറ്റെന്തിനെയും വെല്ലാന്‍ സ്വര്‍ണം തന്നെയാണ് ഇന്ന് മുന്‍പന്തിയില്‍. അങ്ങനെ ആകമാനം നാം സ്വര്‍ണത്തിന് നല്‍കിയിരിക്കുന്ന വീരപരിവേഷം അതിന്റെ വിലയില്‍ പ്രതിധ്വനിക്കുമ്പോള്‍ മറുവശത്തു പാവപ്പെട്ടവര്‍ക്ക് തീര്‍ത്തും അപ്രാപ്യമായ ലോഹമായി സ്വര്‍ണം മാറുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. എന്തുവന്നാലും സാധാരണക്കാര്‍ക്ക് ഇതില്‍നിന്നും മാറിനില്‍ക്കാന്‍ ആവാത്ത സാമൂഹ്യവ്യവസ്ഥിതിയും ഇതുമായി കൂട്ടിവായിക്കേണ്ട കാര്യമാണ്. ആഘോഷങ്ങളില്‍ സമ്മാനമായി സ്വര്‍ണം എന്നും ഒന്നാംസ്ഥാനത്തു തുടരുന്നത് മാത്രമാണോ ഈ സ്വര്‍ണവിലയുടെ കുതിപ്പിന് പ്രധാനകാരണം? അതിനുപിന്നില്‍ അന്താരാഷ്ട്രപരമായ മറ്റു കാരണങ്ങള്‍ ഉണ്ടോ?
തുടക്കം പതിമൂന്നു രൂപയില്‍ നിന്നും…
കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളില്‍ സ്വര്‍ണത്തിന് വര്‍ഷത്തില്‍ പതിമൂന്ന് ശതമാനം വിലവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു കൗതുകത്തിന് നമുക്ക് കഴിഞ്ഞ നൂറുവര്‍ഷങ്ങളിലെ സ്വര്‍ണ്ണവില ഒന്ന് പരിശോധിക്കാം. 1925 ലെ ഒരു പവന്റെ സ്വര്‍ണവില 13.75 പൈസ ആയിരുന്നു. 1970 ആയപ്പൊഴേക്കും അത് ഏകദേശം 135.30 രൂപയായി. പിന്നീടുള്ള കുതിച്ചുചാട്ടം ക്രമാതീതമായിരുന്നു. 1990ൽ അത് 2,493 രൂപയായി. 2012ൽ അത് ഇരുപതിനായിരം തൊട്ടു (20,880). പിന്നെ വെറും പന്ത്രണ്ടുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ണം അറുപതിനായിരം രൂപയ്ക്ക് തൊട്ടടുത്താണ്. സ്വര്‍ണ്ണത്തിന്റെ രാജ്യാന്തരവില അനുസരിച്ചാണ് എല്ലാ രാജ്യങ്ങളിലെയും സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍വിലയിലെ വ്യതിയാനവും ഇവിടെ പരിഗണിക്കപ്പെടും. ഇതനുസരിച്ചു ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷനാണ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സ്വര്‍ണവില അന്‍പതിനായിരം കടന്നത്. അവിടുന്നിങ്ങോട്ടു ചില മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ അറുപതിനായിരം എത്താന്‍ പോകുകയുമാണ്. പണമുണ്ടായിരുന്ന ഭൂതകാലത്തു കുറച്ചു സ്വര്‍ണം വാങ്ങി നിക്ഷേപിച്ചിരുന്നിരുന്നെങ്കില്‍ എന്ന് കരുതാത്തവര്‍ ഉണ്ടാവില്ല. എന്തിനേറെ; ദിവസങ്ങള്‍ പോലും പാഴാക്കാതെ നാളെയെ സ്വപ്‌നം കണ്ട് ഇന്നുതന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം എന്ന് കരുതുന്നവരും ധാരാളം. നിക്ഷേപത്തില്‍ നിഫ്റ്റിയേക്കാളും സെന്‍സെക്സിനേക്കാളും മികച്ച റിട്ടേണ്‍ തരാന്‍ സ്വര്‍ണത്തിന് കഴിയുന്നു എന്നതും ഒരു വാസ്തവമാണ്.
ഡോളറിന്റെ ഇടപെടല്‍
സ്വര്‍ണവിപണി ഉയരാന്‍ മറ്റൊരു പ്രധാനകാരണക്കാരന്‍ കറന്‍സികളുടെ രാജാവായ ഡോളര്‍ ആണ്. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ടോ? സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിനിമയം, വിലനിശ്ചയവുമെല്ലാം ഡോളറിലാണ് കണക്കാക്കുന്നത്. അപ്പോള്‍ ഡോളറിന്റെ ഡിമാന്റ്കൂടുന്നത് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. അടുത്തിടെ ഡോളറിന്റെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. ഈ ചാഞ്ചാട്ടം നിക്ഷേപകരില്‍ ഡോളറിനോടുള്ള മതിപ്പ് കുറയാന്‍ കാരണമാക്കി മാറ്റി. അത് വലിയനിലയില്‍ സ്വര്‍ണത്തിന് ഗുണകരമായിമാറി.
വിവിധ വാണിജ്യ സാമ്പത്തിക മേഖലകളില്‍ ഡോളറിന്റെ അപ്രമാദിത്തം തകരുന്ന അവസ്ഥയായ ഡീഡോളറൈസേഷന്‍എന്ന പ്രതിഭാസം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. രണ്ടാംലോകമഹായുദ്ധത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറുവാനായി ലോകരാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും, മറ്റു സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 1944 ലെ ബ്രെട്ടന്‍ വുഡ് (Bretton Woods Agreement) കരാര്‍ മുന്നോട്ടുവെക്കുകയും അതനുസരിച്ചു രാജ്യാന്തര വിനിമയത്തിനുള്ള കറന്‍സിയായി ഡോളറിനെ തീരുമാനിക്കുകയും ചെയ്തു. ഓരോ രാജ്യത്തിന്റെയും ഡോളര്‍ ശേഖരത്തിന്റെ അളവ് അനുസരിച്ചു ആ രാജ്യത്തിന്റെ കറന്‍സിമൂല്യം നിശ്ചയിക്കപ്പെടുകയും ചെയ്തു. അങ്ങനെ രാജ്യാന്തര വിനിമയങ്ങളില്‍ ഡോളര്‍ തിളങ്ങിയപ്പോള്‍ സ്വാഭാവികമായും ഡോളറിന്റെ മേല്‍ക്കൈ മറ്റു രാജ്യങ്ങളുടെ കറന്‍സികളെക്കാള്‍ ഉയര്‍ന്നു. ഇത് അമേരിക്കയോടൊപ്പം ഏത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല എന്നത് നമുക്ക് അനുമാനിക്കാനാവും.
കൂടാതെ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഉണ്ടാവുകയും, റഷ്യയുടെ വിദേശനാണ്യശേഖരവും വിനിമയവും മരവിപ്പിക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുകയും ചെയ്തു. അത് അവരുടെ വ്യാപാരത്തെയും ബാധിച്ചു. രാജ്യാന്തര കറന്‍സിവിനിമയുമായി ബന്ധപ്പെട്ട സ്വിഫ്റ്റിൽ നിന്നും റഷ്യ പുറത്തായതും അവരുടെ സാമ്പത്തികനിലയെ ചോദ്യം ചെയ്തു. റഷ്യയ്ക്ക് മാത്രമല്ല, ഭാവിയില്‍ ഇത് ഏതൊരു രാജ്യത്തെയും ബാധിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധിയായി പല രാജ്യങ്ങളും മുന്‍കൂട്ടി കാണുകയും ഡോളറിന്റെ അത്രകണ്ട് പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. അങ്ങനെ ചില രാജ്യങ്ങളുടെ കൂട്ടായ്മതന്നെ ഉണ്ടായിവന്നു.
ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് തങ്ങളുടേതായ ഒരു കറന്‍സി മുന്നോട്ടുവച്ചത് ഈ അവസരത്തിലാണ്. മേല്‍ സൂചിപ്പിച്ച ബ്രെട്ടന്‍ വുഡ് (Bretton Woods Agreement) കരാറിനുമുമ്പ് സ്വര്‍ണമായിരുന്നു കരുതല്‍ സമ്പത്തെങ്കില്‍ അവിടേയ്ക്ക് ഉണ്ടായ ഡോളറിന്റെ കടന്നുകയറ്റത്തെ പ്രതിരോധിച്ചുകൊണ്ട് വീണ്ടും സ്വര്‍ണത്തിലേക്ക് തന്നെ തിരിച്ചുപോകുവാനാണ് ഇന്ത്യയും ചൈനയും റഷ്യയുമടങ്ങുന്ന രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഡോളറിനെ തകര്‍ക്കുക എന്നുള്ളതല്ല, പകരം ഏകരാജ്യാന്തര കറന്‍സി എന്ന ആശയമാണ് അവര്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുടെ അപ്രമാദിത്വം സ്വാഭാവികമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്നുമാത്രം.
ഇന്ത്യ സ്വര്‍ണം തിരിച്ചെടുക്കുമ്പോള്‍
ഇന്ത്യയെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടി ലെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും ഒരുലക്ഷം കിലോ സ്വര്‍ണമാണ് ഇന്ത്യ തിരികെ എത്തിച്ചത്. അതായത് വിദേശത്തുള്ള ഇന്ത്യയുടെ മുഴുവന്‍ സ്വര്‍ണശേഖരത്തിന്റെ നാലില്‍ ഒന്ന് വരും. സ്വര്‍ണത്തിന് ചിലസമയങ്ങളില്‍ ഉണ്ടായ വിലയിടിവിന്റെ കരണവും മറ്റൊന്നല്ല. ചൈന പെട്ടെന്ന് സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കുകയും, സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇടിയുകയും ചെയ്തതാണ് ആ കുറവിന്റെ കാരണം. പക്ഷേ പിന്നീട് ഡിമാന്‍ഡ് കൂടാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണവിലയും മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. ഇതുകൂടാതെ യുദ്ധം മുറുകിയാലും, രാജ്യാന്തരരാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നാലുമൊക്കെ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായേക്കാം.
മഞ്ഞ ലോഹത്തിൽ കണ്ണ് മഞ്ഞളിച്ച്
സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ നമ്മള്‍ ഇന്ത്യക്കാരാണ് മുന്നില്‍ എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നമ്മുടെ അയല്‍രാജ്യമായ ചൈനയും അക്കാര്യത്തില്‍ മോശക്കാരല്ല. ഇന്ത്യക്കാരെപ്പോലെതന്നെ ചൈനക്കാരുടെയും സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം കൂടുതലാണ്. ലോകത്തു ഏറ്റവുമധികം സ്വര്‍ണം ഖനനം ചെയ്യുന്ന രാജ്യം ചൈനയാണ്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്കായി പിന്നീട് വീണ്ടും ഇറക്കുമതി ചെയ്യേണ്ടിവരുന്ന അവസ്ഥ അവര്‍ എത്രമാത്രം സ്വര്‍ണപ്രേമികള്‍ ആണെന്ന് കാട്ടിത്തരുന്നു. 2022 ല്‍ ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 600.56 ടണ്‍ ആയിരുന്നു. ചൈനയുടേതാവട്ടെ 570.8 ടണ്ണും. അടുത്തവര്‍ഷം (2023) തന്നെ ചൈനയുടെ ഉപഭോഗം 630 ടണ്‍ ആയി ഉയര്‍ന്നു. 562 ടണ്‍ ആയി കുറയുകയും ചെയ്തു. ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ കൂടുതലായും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപം നടത്തിവന്നിരുന്നത്. എന്നാല്‍ ആ മേഖല തകര്‍ന്നതോടെ രണ്ടാമത്തെ നിക്ഷേപസാധ്യതയായി അവര്‍ തെരഞ്ഞെടുത്തത് സ്വര്‍ണമാണ്. അതിനൊപ്പം ചൈനയിലെ സ്ത്രീകള്‍ കൂടുതല്‍ സ്വര്‍ണാഭരണപ്രിയരായതോടെ ഡിമാന്‍ഡ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് രണ്ടായിരത്തിഎണ്ണൂറിലധികം ടണ്‍ സ്വര്‍ണമാണ് ചൈനയുടെ ആവശ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരുലക്ഷം എത്താന്‍ എത്രനാള്‍?
ഇങ്ങനെപോയാല്‍ സ്വര്‍ണം പവന് ഒരുലക്ഷം രൂപയ്ക്കൊപ്പം എത്തുന്ന കാലം വിദൂരമല്ല. നിക്ഷേപകരുടെ വഴികളില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പുതുതായി എത്താത്തിടത്തോളം സ്വര്‍ണത്തില്‍ തന്നെ അവരുടെ വിശ്വാസവും ധനവും നിക്ഷേപിക്കാന്‍ തന്നെയാവും അവരുടെ തീരുമാനം. അങ്ങനെയാകുമ്പോള്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ സ്വര്‍ണം മുന്‍പന്തിയില്‍ ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിവരും.
9946199199