സ്മൃതിയില്‍ നിന്ന് ശ്രുതിയിലേക്ക്
മുമ്പോട്ടു കാലം കടന്നു പോയീടാതെ
മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി
വമ്പാര്‍ന്നനാചാരമണ്ഡലച്ഛത്രരായ്
നമ്പൂരാര് വാണരുളുന്ന നാട്ടില്‍.
1922-ല്‍ അന്നത്തെ കേരള സമൂഹത്തിന്റെ, പ്രത്യേകിച്ച് ഹിന്ദുമതത്തിന്റെ, അവസ്ഥയെക്കുറിച്ച് ഈ വരികളിലൂടെ ചിത്രീകരിച്ചുകൊണ്ടാണ് കുമാരനാശാന് ‘ദുരവസ്ഥ’ ആരംഭിക്കുന്നത്. ആശാന് പറയുന്ന ‘കോട്ട’ പ്രധാനമായും ജാതി ക്കോട്ടയാണ്; ഈ കോട്ട ദൃഢപ്പെടുത്തിയിരുന്നത് ‘മനുസ്മൃതി’ പോലുള്ള സ്മൃതി കള്‍ കൊണ്ടും. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക സാഹിത്യത്തെ പൊതുവെ രണ്ടായി തിരിക്കുന്നതിലെ ഒരു വിഭാഗമാണ് ‘സ്മൃതി.’ മറ്റേ വിഭാഗം ‘ശ്രുതി’യാണ്.
കുമാരനാശാന് ഈ വരികള്‍ എഴുതുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ നടന്നതും സ്മൃതികള്കൊണ്ട് പടുത്തുയര്‍ത്തിയ ജാതിക്കോട്ട തകര്‍ക്കാനുള്ള വിപ്ലവമന്ത്രം മുഴങ്ങിയതും. അന്നുമുതല്‍ തന്നെ ശ്രീനാരായണഗുരുവിന്റെ ‘ദാര്‍ശനിക ജെ.സി.ബി.’ ഉപയോഗിച്ച് ജാതിക്കോട്ട പൊളി ക്കാനുള്ള കൂട്ടായ ശ്രമങ്ങളും കേരളത്തില്‍ ആരംഭിച്ചു. 1903-ല്‍ എസ്.എന്‍.ഡി.പി. യോഗം സ്ഥാപിതമായതോടെ കൂട്ടായ ശ്രമം കൂടുതല്‍ സംഘടിതമായി. സമൂഹത്തില്‍ ഉണര്വ്വുണ്ടാക്കാനായി യോഗം പ്രാസംഗികരേയും ഏര്‍പ്പെടുത്തി. അവര്‍ക്കായി ശ്രീനാരായണഗുരു നിബന്ധനയുടെ രൂപത്തില്‍ ഒരു മാര്‍ഗ്ഗരേഖയും തയ്യാറാക്കി. പ്രൊഫ. പി.എസ്. വേലായുധന് എഴുതി, 1978-ല്‍ പ്രസിദ്ധീകരിച്ച, ‘എസ്.എന്‍.ഡി.പി. യോഗചരിത്രം’ എന്ന പുസ്തകത്തിന്റെ 133-ാം പേജില്‍ ഈ നിബന്ധന ഉള്‍പ്പെടുത്തി യിട്ടുണ്ട്.
നാല് മേഖലകളായി തിരിച്ചാണ് ഈ രേഖയില്‍ വിഷയം അവതരിപ്പിച്ചിരിക്കു ന്നത്. ഈ മേഖലകളെ കേന്ദ്രീകരിച്ച്, ജനങ്ങളെ ബോധവല്‍ക്കരിച്ച്, സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള ഒരു പദ്ധതിയായിരുന്നു ഗുരു നിര്‍ദ്ദേശിച്ചത്. ഒന്നാം മേഖല മതമാണ്. മതത്തിന്റെ മേഖലയില്‍, ഒഴിവാക്കേണ്ടതും നടപ്പാക്കേണ്ടതുമായി മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. അതില്‍ രണ്ടാമത്തേത് ഇതാണ്:
”ഉത്തമരീതിയില്‍ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിന്റെ സഗുണ നിര്‍ഗുണ തത്ത്വങ്ങളെയും പറ്റി പ്രസംഗിക്കുക.” (അടിവര ലേഖകന്റേത്)
‘ദുരവസ്ഥ’യുടെ കാലമാകുമ്പോള്‍ ”ഹൈന്ദവ ദുഷ്പ്രഭുത്വം” എന്നൊക്കെ വിശേഷിപ്പിക്കുന്ന ജാതിക്കോട്ടയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഹിന്ദു മതതത്ത്വങ്ങളെപ്പറ്റി പ്രസംഗിക്കണം എന്ന് ശ്രീനാരായണഗുരു നിര്‍ദ്ദേശിച്ചതോ അതിന് രണ്ട് പതിറ്റാണ്ട് മുമ്പും. ”ഹൈന്ദവ ദുഷ്പ്രഭുത്വം” കൊടികുത്തി വാണിരുന്ന അക്കാലത്ത് ഗുരു എന്തിനാണ് ഇങ്ങനെയൊരു നിബന്ധന വച്ചത്? ഹിന്ദുമതത്തോട് ശ്രീനാരായണഗുരുവിന്റെ സമീപനം എന്തായിരുന്നു എന്നറിയാന്‍ ഉള്‍ക്കാഴ്ചയോടെ അന്വേഷിക്കുന്നവരെ സംബന്ധിച്ച് മര്‍മ്മപ്രധാനമായ ഒരു ചോദ്യമാണിത്. ഉള്‍ക്കാഴ്ച യുള്ളവര്‍ക്ക് അതിനുത്തരം കണ്ടെത്താന്‍ സഹായിക്കുന്ന വ്യക്തമായ സൂചനകള്‍ പിന്നീട് പലപ്പോഴായി ഗുരു തന്നെ നല്‍കിയിട്ടുമുണ്ട്.
ശ്രീനാരായണഗുരുവിന്റെ സങ്കല്പത്തിലുണ്ടായിരുന്ന ഹിന്ദു മതം എന്തായി രുന്നു അല്ലെങ്കില്‍ ഹിന്ദു മതം എന്നു പറയുമ്പോള്‍ ഗുരു അതിനെ സമീപിച്ചിരുന്നത് ഏതര്‍ത്ഥത്തിലാണ് എന്നറിയുകയാണ് ഉത്തരം കണ്ടെത്താനുള്ള ആദ്യപടി. 1925-ല്‍ ‘കേരളകൗമുദി’യില്‍ പ്രസിദ്ധീകരിച്ച, സി.വി. കുഞ്ഞുരാമന് ഗുരുവുമായി നടത്തിയ സംവാദത്തില്‍ ഹിന്ദുമതത്തെ എങ്ങനെ കാണണം എന്ന തന്റെ നിലപാട് ഗുരു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗുരുവിന്റെ വാക്കുകള്‍ ഇതാണ്:
”ഹിന്ദുസ്ഥാന നിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍ ഹിന്ദുസ്ഥാ നത്തെ ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മത ങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെയാരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല. ഇപ്പോള്‍ ഹിന്ദുമതമെന്ന് പറയുന്നത് ക്രിസ്തുമതം, മുഹമ്മദ്മതം മുതലായി ഹിന്ദു സ്ഥാനത്തിനു വെളിയില്‍ നിന്നു വന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനത്തില്‍ത്തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതു പേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയെന്ന് ചിലര്‍ പറയുന്നത്.”
ഹിന്ദുമതത്തെപ്പറ്റിയുള്ള നാരായണഗുരുവിന്റെ ഈ വീക്ഷണത്തില്‍ ‘ഹിന്ദു’ എന്ന വാക്കിന്റെ ഉല്പത്തിയുടെ ധ്വനിയുമുണ്ട്; നിയമപരമായ സാധുതയുമുണ്ട്. മലയാളിയുടെ ‘പഴം’ തമിഴില്‍ ‘പളം’ ആകുന്നതുപോലെ ‘സിന്ധു’ എന്ന വാക്ക് പേര്ഷ്യാക്കാര് ഉച്ചരിച്ചപ്പോള്‍ ‘ഹിന്ദു’ ആയി മാറി. അങ്ങനെ സിന്ധു നദിയുടെ അപ്പുറമുള്ള പ്രദേശം ഹിന്ദുസ്ഥാനായി; ആ പ്രദേശത്ത് അധിവസിച്ചിരുന്നവര്‍ ഹിന്ദു ക്കളുമായി. അത്തരത്തില്‍, ആദ്യകാലത്ത് ഹിന്ദു എന്ന വാക്കിന് ഭൂമിശാസ്ത്രപരമായ പ്രസക്തിയാണുണ്ടായിരുന്നത് എന്ന ധ്വനിയാണ് ഗുരുവിന്റെ ആദ്യവാചകത്തിലു ള്ളത്. തുടര്‍ന്നു പറയുന്നതിന്റെ നിയമപരമായ സാധുത ഇന്ത്യന്‍ ഭരണഘടനയുടെ 25(2) ബിവകുപ്പിന് നല്‍കിയിട്ടുള്ള രണ്ടാമത്തെ വിശദീകരണത്തില്‍ കാണാം: ”ഹിന്ദു ക്കളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ അതിന് സിക്കുമതത്തിലോ ജൈനമതത്തിലോ ബുദ്ധമതത്തിലോ വിശ്വസിക്കുന്ന ആളുകളെപ്പറ്റിയുള്ള ഒരു പരാമര്‍ശം ഉള്‍പ്പെടുന്ന തായി കല്പ്പിക്കേണ്ടതും, ഹിന്ദുമതസ്ഥാപനങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തിന് അതനു സരിച്ച് അര്‍ത്ഥം കല്പിക്കേണ്ടതും ആകുന്നു.” ഇതാണ് ഹിന്ദുമതത്തെപ്പറ്റിയുള്ള ഭരണഘടനയുടെ വീക്ഷണം. ഗുരുവിന്റെ നിരീക്ഷണം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഇന്ത്യന്‍ ഭരണഘടന രൂപംകൊണ്ടതെന്നും ഓര്‍ക്കണം.
ഹിന്ദുമതത്തെ സംബന്ധിച്ച ഈ വിശാല വീക്ഷണം മനസ്സില്‍ വച്ചുകൊണ്ട് വേണം ഹിന്ദുമതത്തെപ്പറ്റി ഗുരു നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ വിലയിരുത്തേണ്ടത്. കൂടാതെ, നാരായണഗുരുവിന്റെ ഏകത്വദര്‍ശനം മതത്തിന്റെ മേഖലയില്‍ പ്രതിഫലി ക്കുമ്പോള് ”പലമതസാരവുമേകം” എന്ന സൂത്രവാക്യത്തിന്റെ പശ്ചാത്തലവും ഹിന്ദുമതത്തോടുള്ള സമീപനത്തിന്റെ വിശാലമായ ചട്ടക്കൂടായി കാണണം. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗുരു നടത്തിയിട്ടുള്ള അഭിപ്രായ ങ്ങളും ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കും.
1923 മെയ് 30-ാം തീയതി ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ഗുരുവും സഹോദരന് അയ്യപ്പനുമായും അതിന്റെ തുടര്‍ച്ചയായി കോട്ടുക്കോയിക്കല്‍ വേലായുധനുമായും മതപരിവര്‍ത്തനത്തെക്കുറിച്ച് സംഭാഷണം നടന്നിരുന്നു. ”പലമത സാരവുമേകം” എന്ന മൊഴിമുത്തിന്റെ വിശദീകരണവും ”മതമേതായാലും മനുഷ്യന് നന്നായാല്‍ മതി” എന്ന സൂക്തത്തിന്റെ പൊരുളും മാത്രമല്ല, ഹിന്ദു മതത്തെപ്പറ്റിയുള്ള ഗുരുവിന്റെ തീര്‍ച്ചയുള്ള നിലപാടിന്റെ തെളിമയുള്ള ആവിഷ് ക്കാരവും ഈ സംഭാഷണങ്ങളിലുണ്ട്.
മതപരിവര്‍ത്തന വിഷയം സഹോദരന് അയ്യപ്പന് ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗുരു ചോദിച്ച ചോദ്യം ഇതാണ്: ”മനുഷ്യന് നന്നായാല്‍ പോരെയോ? മതം മാറ്റം അതല്ലേ?” എന്നാല്‍ സഹോദരന് അയ്യപ്പന് ഈ ചോദ്യത്തിന്റെ അന്തഃസാരം ഉള്‍ക്കൊള്ളുന്നതിനുപകരം ”മനുഷ്യന് നന്നാവുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്” എന്ന് പറയുകയാണ് ചെയ്തത്. അതിന് പ്രതികര ണമായി ഗുരു ഒരു ചോദ്യം ചോദിക്കുന്നു. അതില്‍ മതമല്ല മനുഷ്യനാണ് വലുത്, മനുഷ്യനെ സംബന്ധിക്കുന്നതിന്റെയെല്ലാം അളവുകോല്‍ മനുഷ്യനായിരിക്കണം, എന്ന സൂചന കാണാം.
”ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ?” ഇതാണ് ഗുരുവിന്റെ ചോദ്യം. ഇപ്പോഴുള്ള ബുദ്ധമതക്കാരില്‍ നല്ലവര്‍ കുറയും എന്ന് സഹോദരന് അയ്യപ്പന് സമ്മതി ക്കുന്നു. എന്നാല്‍ വീണ്ടും ”മനുഷ്യന് നന്നാവാന്‍ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ലതൊന്നുമില്ല” എന്ന് ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് ഗുരു പറയുന്ന കാര്യങ്ങള്‍ ”പലമതസാരവുമേകം” എന്ന സൂത്രവാക്യത്തിന്റെ ഒരു വിശദീകരണമായി കണ ക്കാക്കാം. ”ക്രിസ്തുവിന്റെ ഉപദേശം നന്നല്ലേ? മുഹമ്മദ് നബിയുടെ ഉപദേശം കൊള്ളാമല്ലൊ. ആ മതങ്ങളില്‍പ്പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതാ യാലും മഷ്യന് നന്നാവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും.”
ഇനി കോട്ടുക്കോയിക്കല്‍ വേലായുധനുമായുള്ള സംഭാഷണത്തിലേയ്ക്ക്. ”മതം മാറണമെന്നു പറയുന്നവര്‍ ഹിന്ദു മതത്തിന് എന്ത് ദൂഷ്യമാണ് പറയുന്നത്” എന്നൊരു ചോദ്യം ഗുരു കോട്ടുക്കോയിക്കല്‍ വേലായുധനോട് ചോദിക്കുന്നു. ”ഹിന്ദുമത സാഹിത്യം ദുഷിച്ചതാണെന്നു പറയുന്നു.” ഇതാണ് മറുപടി. അതിന് ഗുരു നല്കുന്ന വിശദീകരണം ഹിന്ദു മതത്തോടുള്ള ഗുരുവിന്റെ സമീപനം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു മര്‍മ്മമാണ്. ഹിന്ദുമത സാഹിത്യത്തില്‍ ദുഷിച്ച വശങ്ങള് ഉണ്ടെ ന്നുള്ളത് അംഗീകരിച്ചുകൊണ്ടുതന്നെ ഗുരു പറയുന്നു: ”എന്നാലും അവയില്‍ ഇടയ്ക്കിടയ്ക്ക് കൊള്ളാവുന്ന തത്ത്വങ്ങള്‍ കാണാം. മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മത സാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന് ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന് നന്നാ വണം. ജാതി പോകണം.” ഇത്രയും പറഞ്ഞിട്ട് ഹിന്ദു മതത്തെക്കുറിച്ച് ഗുരു തന്റെ സുവ്യക്തമായ അഭിപ്രായം പറയുന്നു:
”ഹിന്ദുമതത്തില്‍ എല്ലാ മതതത്ത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.”
ഹിന്ദുമതത്തില്‍ നിന്ന് മറ്റ് മതങ്ങളിലേക്കുള്ള പരിവര്ത്തനമായിരുന്നല്ലൊ സംഭാഷണ വിഷയം. എന്നാല്‍ ഹിന്ദുമതത്തെപ്പറ്റിയുള്ള തന്റെ സുനിശ്ചിതമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഗുരു തിരികെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ഇതാണ് ചോദ്യം: ”മുഹമ്മദീയരും ക്രിസ്ത്യാനികളും ആരും ഹിന്ദുമതത്തില്‍ വരുന്നില്ല അല്ലേ?” ചോദ്യം ചോദിച്ചതിനുശേഷം ഗുരു ഒരു വിശദീ കരണവും നല്കി. ഈ വിശദീകരണമാണ് സംഭാഷണത്തിന്റെ ഉപസംഹാരമായി കോട്ടുക്കോയിക്കല്‍ വേലായുധന്റെ ‘ശ്രീനാരായണഗുരു ജീവചരിത്രം’ എന്ന പുസ്തകത്തിന്റെ 216-ാം പേജില്‍ നല്‍കിയിരിക്കുന്നത്. ഗുരുവിന്റെ വാക്കുകള്‍: ”സ്വാതന്ത്ര്യവും സമത്വവും അനുവദിച്ചാല്‍ വളരെപ്പേര്‍ ഹിന്ദുമതത്തിലോട്ടും മാറും ഇല്ലേ? പരിഷ്ക്കരിക്കണം. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി. ജാതി നിശ്ശേഷം ഇല്ലാതാവണം. അതാണ് നമ്മുടെ അഭിപ്രായം.”
ജാതിവ്യവസ്ഥയുടെ പേരില്‍ ഗുരു ഹിന്ദുമതത്തെ തള്ളിപ്പറയുകയല്ല ചെയ്യു ന്നത്, പോരായ്മകള്‍ പരിഹരിക്കണം എന്ന് നിര്‍ദ്ദേശിക്കുകയാണ് എന്ന വസ്തുത ശ്രദ്ധേയമാണ്.
ശുദ്ധ ഹിന്ദുമതത്തിന്റെ തത്ത്വങ്ങള്‍ ജനങ്ങളെ പഠിപ്പിക്കണം എന്ന് എസ്.എന്‍. ഡി.പി. യോഗത്തോട് ആവശ്യപ്പെട്ടതും ഹിന്ദുമതത്തിന്റെ പോരായ്മകള്‍ പരിഹരി ക്കാന്‍ അത് പരിഷ്ക്കരിക്കണം എന്ന് നിര്‍ദ്ദേശിച്ചതും ഗുരു ഹിന്ദു മതത്തിന്റെ വക്താ വായതുകൊണ്ടാണോ? ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന് നന്നായില്‍ മതി’ എന്നുമുള്ള സൂക്തങ്ങള്‍ നല്കിയ ഗുരു ഹിന്ദുമതത്തിന് പ്രത്യേകം പ്രാധാന്യം നല്‍കിയോ? ഇത്രയും പറഞ്ഞതുവച്ചു കൊണ്ട് നോക്കുമ്പോള്‍ ഇങ്ങനെ രണ്ട് സംശയങ്ങള്‍ തോന്നാം. ഈ സംശയങ്ങള്‍ ക്കുള്ള നിവാരണവും ഗുരു തന്നെ നല്‍കിയിട്ടുണ്ട്.
1916-ല്‍ പറപ്പെടുവിച്ച ‘നമുക്കു ജാതിയില്ല’ എന്ന വിളംബരത്തിലെ ഒരു വാചകം ”നാം പ്രത്യേകം ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല” എന്നാണ്. അതേ വര്‍ഷം തന്നെ, അതായത് 1916 ജൂലൈ 16-ാം തീയതി, ടി. കെ. മാധവന്റെ ‘ദേശാഭിമാനി’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസംഗത്തിലും മതത്തോടുള്ള ഗുരുവിന്റെ സമീപനം അസന്ദിഗ്ധമായ ഭാഷയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്:
”എല്ലാവര്ക്കും സ്വീകാര്യമായ ഒരു മതം ഉണ്ടാവാന്‍ പ്രയാസമാണ്. ‘എന്റെ മതം സത്യം മറ്റുള്ളവരുടെ മതം അസത്യം’ എന്നാരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോട് കൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായി നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റ് മത ക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യുവാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ.”
ഈ വാക്കുകള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമതായി ഒരു മതത്തോടും ഗുരുവിന് പ്രത്യേക ബന്ധമില്ലാതിരിക്കുമ്പോഴും എല്ലാ മതങ്ങളും സ്വീകാര്യവുമായിരുന്നു. രണ്ടാമതായി ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഏതു മതത്തില്‍പ്പെട്ടവര്‍ സമീപിച്ചാലും അത് സസന്തോഷം നിറവേറ്റിക്കൊടുക്കാന്‍ ഗുരുവിന് സമ്മതവുമായിരുന്നു. ഈ ആവശ്യവുമായി ഗുരുവിനെ സമീപിച്ചതാകട്ടെ ”ഹിന്ദുക്കളില്‍ ചിലരും.”
(9447863335)
(തുടരും)