സ്വാതന്ത്ര്യമാണ് ജീവവായു

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വായിക്കാം. അല്ലെങ്കിൽ വേണ്ടെന്ന്
വെക്കാൻ സ്വാതന്ത്ര്യമുണ്ട്. മീശ നോവൽ പ്രസിദ്ധീകരിച്ചുവന്ന മാതൃഭൂമി വാരികക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നോവൽ തുടർ പ്രസിദ്ധീകരണം താൻ പിൻവലിച്ചത്.

“പുസ്തകം വായിക്കാത്തവരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്.മീശ നോവലിന്റെ കഥയ്ക്കാവശ്യമായ കാര്യങ്ങളാണ് എഴുതിയത് . വിവാദവും പ്രതിഷേധവും പ്രതീക്ഷിച്ചില്ല. വിവാദ പരാമർശങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നോവലിന്റെ നിലവാരം കുറഞ്ഞു പോയേനെ”.
ഇക്കൊല്ലത്തെ വയലാർ അവാർഡ് ജേതാവ് എസ്.ഹരീഷ് സംസാരിക്കുന്നു

വിവാദങ്ങൾക്ക്
ആയുസില്ല

വിവാദങ്ങൾ കാരണം മീശയുടെ വിൽപ്പനയിൽ വർദ്ധനവുണ്ടായി. ഇതിനകം 16 പതിപ്പിലൂടെ അരലക്ഷത്തിലേറേ കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ പുസ്തകം മുന്നോട്ട് വെച്ച പിന്നാക്ക ദളിത് പ്രശ്നങ്ങൾ ചർച്ചയായില്ല. ഇംഗ്ലീഷ് പതിപ്പു വന്നപ്പോൾ വിവാദമല്ല കണ്ടെന്റാണ് ചർച്ച ചെയ്തത്. വിമർശനങ്ങൾക്ക് ചെവികൊടുക്കാറില്ല. ഒരു വിവാദത്തിനും ഒന്നോ രണ്ടോ ആഴ്ചയിൽ കൂടുതൽ ആയുസില്ല. എന്നാൽ എല്ലാ വിവാദത്തെയും അതിജീവിച്ച് പുസ്തകങ്ങൾ കാലങ്ങളോളം നിൽക്കുമെന്നാണ് പൊൻകുന്നം വർക്കിയുടെയും ബഷീറിന്റെയും പെരുമാൾ മുരുകന്റെയുമെല്ലാം കൃതികൾ തെളിയിക്കുന്നത്.

കടന്ന് വന്ന വഴികൾ

സ്വദേശം: നീണ്ടൂർ ,കോട്ടയം
ജനനം – 1975
ആദ്യകഥാ സമാഹാരം : രസവിദ്യയുടെ ചരിത്രം

പുരസ്‌കാരങ്ങൾ

1 കേരളസാഹിത്യ അക്കാഡമിയുടെ മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്കാരം 2018
2 കേരളാ സാഹിത്യ അക്കാഡമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം 2019
3 സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം
4 തോമസ് മുണ്ടശേരി കഥാ പുരസ്കാരം
5 വി.പി. ശിവകുമാർ സ്‌മാരക കേളി അവാർഡ്
6 25 ലക്ഷം രൂപയുടെ ജെ.സി.ബി സാഹിത്യ പുരസ്കാരം
7 46-ാമത് വയലാർ അവാർഡ്
8 കേരളാ സാഹിത്യ അക്കാഡമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ് മെന്റ്

ഇഷ്ടമുണ്ടെങ്കിൽ
വായിച്ചാൽ മതി

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വായിക്കാം. അല്ലെങ്കിൽ വേണ്ടെന്ന് വെക്കാൻ സ്വാതന്ത്ര്യമുണ്ട്. മീശ നോവൽ പ്രസിദ്ധീകരിച്ചുവന്ന മാതൃഭൂമി വാരികക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നോവൽ തുടർ പ്രസിദ്ധീകരണം താൻ പിൻവലിച്ചത്.

സൈബർ ആക്രമണവും ഭീഷണിയും ഉണ്ടായി.കുടുംബാംഗങ്ങൾക്കെതിരെയും സംഘടിതമായ ആക്രമണം ഉണ്ടായപ്പോൾ ആദ്യം പ്രയാസം തോന്നിയിരുന്നു. പെരുമാൾ മുരുകന് സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ കഴിയുന്നില്ല. അത്രയും എതിർപ്പ് എനിക്കെതിരെ ഉണ്ടായില്ല വിവാദങ്ങൾ താത്കാലികം മാത്രമാണ്. ഒന്നോ രണ്ടോ ആഴ്ച ആളുകൾ ചർച്ച ചെയ്യും.പിന്നീട് പുതിയ വിവാദങ്ങൾ തേടി പോകും. എഴുത്താണ്നമ്മുടെ ജോലി വിവാദങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. ബഷീറിന്റെ ശബ്ദങ്ങൾ, പ്രേമലേഖനം, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം , അരുന്ധതിറോയിയുടെ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് തുടങ്ങിയ കൃതികൾ ഇറങ്ങിയപ്പോഴും വിവാദമുണ്ടായി. പക്ഷേ ആ കൃതികൾ കാലാതിവർത്തിയായി നിലനിൽക്കുകയാണ് . മീശ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഇഷ്ടമുണ്ടെങ്കിൽ വായിച്ചാൽ മതി നിരോധനം ആവശ്യമില്ലെന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ വിധി. ഇതേ അഭിപ്രായമാണ് തന്റേതും.

‘രചനയിലും ഘടനയിലും വ്യത്യസ്തമായ സമീപനമാണ് എസ്. ഹരീഷ് സ്വീകരിച്ചിരിക്കുന്നത്.മലയാള നോവലിലെ വലിയൊരു വിച്ഛേദം ഹരീഷിന്റെ രചനയിൽ കാണാം’

ഗൗരവമായ ചർച്ചകൾ കുറവ്

ചെറുപ്പം മുതൽ കഥകൾ എഴുതുമായിരുന്നു. നോവൽ എഴുതണമെന്ന് തോന്നിയപ്പോൾ ഞാൻ ജനിച്ച അപ്പർകുട്ടനാട് പ്രദേശത്തെ മനുഷ്യരുടെ കഥയും സംസാര ഭാഷയും ഉപയോഗിക്കണമെന്ന് തോന്നി. പറ്റിയ കഥ വന്നപ്പോൾ എഴുതി. വിവാദം കാരണം മീശ കൂടുതൽ വിറ്റുപോയിട്ടുണ്ടാവും. എന്നാൽ ഗൗരവമായ ചർച്ചകൾ കുറവാണ്. പുസ്തകം കൂടുതൽ കാലം വായിക്കപ്പെടണമെന്നാണ് ആഗ്രഹം. എഴുത്തും ചർച്ചകളും തുടരും.എതിരഭിപ്രായങ്ങളോട് എതിർപ്പില്ല.
അപ്പർ കുട്ടനാട്ടിൽ ഉപയോഗിക്കുന്ന ഭാഷയാണ് നോവലിലുള്ളത്. കഥാപാത്രങ്ങളും അങ്ങനെ തന്നെ. എന്റെ ചുറ്റുപാടിൽ നിന്നുള്ള, ഞാൻ പരിചയപ്പെട്ട ആളുകളാണ് കഥാപാത്രങ്ങളായി മാറുന്നത്. ഫിക്ഷനോടൊപ്പം സ്വന്തം അനുഭവങ്ങളും ചേരുന്നതാണ് എഴുത്തുരീതി.

ഭാഷയ്ക്ക് അർഹിക്കുന്നപ്രാധാന്യം വേണം.

കഥയായാലും നോവലായാലും കൂടുതൽ ശ്രദ്ധിച്ചാണ് എഴുതുന്നത്. മീശയിൽ വിവാദമായ ഭാഗം മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പുതിയ നോവലായ ആഗസ്റ്റ് 17 എഴുതിയത് ഒരുപാട് ചരിത്രം പഠിച്ചിട്ടാണ്. അവാർഡുകൾ ബാദ്ധ്യതയായി തോന്നുന്നില്ല. എന്റെ കൃതികൾ മികച്ചതാണെന്ന് എനിക്ക് അഭിപ്രായമില്ല.

നമ്മളിൽ ഉൾചേർന്നിരിക്കുന്ന രാഷ്ട്രീയം കഥയിൽ അറിഞ്ഞോ അറിയാതെയോ വരും.സ്വാതന്ത്ര്യമാണ് എഴുത്തിനും ജീവവായു. എഴുത്തുകാരുടെ സ്വാതന്ത്ര്യംഹനിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വ്യാപകമാണ്. ഒരു ഭാഷ മറ്റൊന്നിന് മേൽ അടിച്ചേൽപ്പിക്കരുത്, ആധിപത്യം സ്ഥാപിക്കരുത്. ഭാഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം.

സിനിമയിൽ
കഥാകൃത്തിന് റോളില്ല

എന്റെ കഥകൾ സിനിമയായിട്ടുണ്ട്. ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ തിരക്കഥ രചിച്ചിട്ടുണ്ട്.ഷൂട്ടിങ് സൈറ്റിൽ ആവശ്യമായ കുറിപ്പുകളാണ് തിരക്കഥയെന്ന് ഞാൻ കരുതുന്നു.സിനിമയിൽ വരുന്നത് സംവിധായകന്റെ അഭിപ്രായമാണ്.കഥാകൃത്തിന് വലിയ റോളില്ല .

Author

Scroll to top
Close
Browse Categories