വിപ്ലവത്തിന്റെ തീജ്വാല
പൊതുരംഗത്തും മാധ്യമരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും സിനിമ രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിലെ പൊറുക്കാനാവാത്ത തെറ്റുകള്‍ ആ മനസ്സിനെ വേദനിപ്പിച്ചിരുന്നു. തെറ്റുകളെ സംഹരിക്കാനുളള തീഷ്ണമായ അഗ്നിയാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ടത്. എല്ലാത്തിനോടും വിരക്തി പ്രകടിപ്പിച്ചിരുന്ന അന്ത്യനാളുകള്‍ അതാണ് പ്രകടമാക്കുന്നത്. കെ.ബാലകൃഷ്ണനോടുളള സ്മരണ തിന്മകളോടുളള സന്ധിയില്ലാ സമരത്തിന്റെ അഗ്നിയായി പടരേണ്ടിയിരിക്കുന്നു.
വിശ്വാസത്തില്‍ വെളളം ചേര്‍ക്കാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുവാന്‍ അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച സവിശേഷ ഗുണങ്ങളുളള അത്യപൂര്‍വ്വ പ്രതിഭയായിരുന്നു കെ. ബാലകൃഷ്ണന്. സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ സര്‍ഗ്ഗശേഷി കാലത്തെ അതിജീവിക്കുന്നതാണ്. പൂര്‍വ്വികരോ സമകാലീനരോ നാളിതുവരെ നാം കണ്ട പ്രതിഭാധനരായ മറ്റൊരങ്കിലുമായോ താരതമ്യം ചെയ്യാന്‍ കഴിയാത്ത സവിശേഷ സ്വഭാവത്തിന്റെ ഉടമയായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെ. ബാലകൃഷ്ണന് തന്റെ പോരാട്ടം നടത്തിയതും എതിര്‍ത്തതും പരാജയപ്പെടുത്തിയതും ഒരു ജനാധിപത്യ സര്‍ക്കാരിനെ അല്ല. ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നീതിപൂര്‍വ്വമായ പരിഹാരം ഉണ്ടാവും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലഘട്ടത്തിലായിരുന്നു സമരവും പോരാട്ടവും. രാജഭരണകാലത്ത് സമരങ്ങളെ നിഷ്ക്കരുണം നേരിടാനും ഏതു തരത്തിലും പരാജയപ്പെടുത്താനും സര്‍വ്വവിധ സന്നാഹങ്ങളും അതിനു തക്ക ശേഷിയും കൂര്‍മ്മബുദ്ധിയും ഉണ്ടായിരുന്ന സര് സിപിയോടാണ് കെ.ബാലകൃഷ്ണന് മുഖാമുഖം പോരിന് തയ്യാറായത്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ച കെ. ബാലകൃഷ്ണന് തടവിനെയും മര്‍ദ്ദനങ്ങളേയും സി.പി. യുടെ പ്രതികാര നടപടികളെയും ഭയപ്പെട്ടിരുന്നില്ല. സര് സിപിയെ പോലും അമ്പരപ്പിക്കുന്ന അസാധാരണമായ ധൈര്യവും പ്രഭാഷണ മികവും അതിലേറെ സംഘടനാപാടവും കൊണ്ട് വിദ്യാര്‍ത്ഥികളുടെ പിന്തുണ നേടിയെടുത്ത വിദ്യാര്‍ത്ഥി നേതാവിനെ അംഗീകരിക്കാന്‍ സിപി നിര്‍ബന്ധിതനായി. യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. ബാലകൃഷ്ണനോട് ഭക്തിവിലാസത്തില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് സി.പി അന്ത്യശാസനം നല്കി. എന്നാല്‍ തിരുവായ്ക്ക് എതിര്‍വായ് എന്ന നിലയില്‍ സിപിയുടെ കല്പനകള് നടപ്പാക്കിയിരുന്ന കാലത്തു പോലും സിപിയുടെ ആവശ്യം അംഗീകരിക്കാനോ നടപ്പാക്കാനോ തയ്യാറാകാത്ത തന്റേടം അക്കാലത്ത് കെ. ബാലകൃഷ്ണനില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. ഇത്തരത്തില്‍ ദിവാനുമായി കൊമ്പുകോര്‍ത്ത് വിജയം കൈവരിച്ച നിരവധി സംഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ആര്‍ജ്ജിച്ചവരാണ് പിന്തലമുറക്കാര്.
ആര് എസ് പി യുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്ത് കേന്ദ്രീകരിച്ചിരുന്നത് തൊഴിലാളികള്‍ക്കിടയിലാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശസമരങ്ങള്‍ നയിക്കുന്നതിലും കരുത്തും കരുതലുമായി നിന്നവരില്‍ പ്രധാനിയാണ് കെ. ബാലകൃഷ്ണന്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിക്കുവാനും തര്‍ക്കപരിഹാരത്തിനായി വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ കുശാഗ്രബുദ്ധിയായ പ്രഗത്ഭനായ അഭിഭാഷകനെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വാദമുഖങ്ങള്‍ ഉന്നയിക്കുവാനും തൊഴിലാളികള്‍ക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കുന്നതിനും അതീവ സാമര്‍ത്ഥ്യം തെളിയിച്ചു. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നിയോജകമണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേയ്ക്കും അമ്പലപ്പുഴ നിന്നും പാര്‍ലമെന്റിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധി സഭകളിലും പ്രാവീണ്യം തെളിയിച്ചു.
ആര്.എസ്.പി യുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന കെ. ബാലകൃഷ്ണന് ഒരു രാഷ്ട്രീയ നേതാവായി മാത്രമല്ല അറിയപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആര് എസ്.പി യുടെ പുഷ്കരകാലത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ. ബാലകൃഷ്ണന്റെ രാഷ്ട്രീയ രംഗത്തെ സംഭാവനങ്ങള്‍ കുറവായതു കൊണ്ടല്ല അങ്ങനെ സംഭവിച്ചത്. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തവണ്ണം വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിച്ചതു കൊണ്ടുമാത്രമാണ്. വിപ്ലവ വീര്യം വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും സിരകളിലേയക്ക് കുത്തിയിറക്കുന്ന അര്‍ത്ഥ സമ്പുഷ്ടവും പക്വതനിറഞ്ഞതുമായ പ്രസംഗം കേള്‍ക്കുവാന്‍ അര്ദ്ധരാത്രികഴിഞ്ഞും ആളുകള്‍ തടിച്ചു കൂടി. കെ. ബാലകൃഷ്ണന്റെ വാക്കുകള്‍ക്ക് അത്രയേറെ ശക്തിയും വീര്യവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന തന്റെ പിതാവ് സി. കേശവന് ഇരവിപുരത്ത് മത്സരിക്കുമ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്കു വേണ്ടി കെ. ബാലകൃഷ്ണന് നടത്തിയ പ്രസംഗങ്ങള്‍ ചരിത്ര പ്രാധാന്യമുളളതാണ്. തന്റെ വിശ്വാസങ്ങളുടെയും പ്രസ്ഥാനത്തിന്റെ യും ആശയങ്ങള്‍ മുറുകെ പിടിക്കാനും പ്രചരിപ്പിക്കാനും അച്ഛന് മകന് ബന്ധം കെ. ബാലകൃഷ്ണന് തടസ്സമായിരുന്നില്ല.
മാധ്യമരംഗത്തെ കുലപതി, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഡ്ജറ്റ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രഖ്യാപന രേഖകള്‍ പ്രസിദ്ധീകരിച്ച പത്രാധിപര്‍. അറസ്റ്റും നിയമനടപടികളും ഉണ്ടാവുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും പ്രസിദ്ധീകരിക്കുകയും നിയമനടപടികളെ നേരിടുകയും ചെയ്തു. കുറിക്ക് കൊളളുന്ന മറുപടിയുമായി കൗമുദിയിലൂടെ പ്രസിദ്ധീകരിച്ച പംക്തികള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമായി മാറി. പില്ക്കാലത്ത് മലയാളത്തെ ലോകോത്തരമാക്കിയ പ്രശസ്തരായ നിരവധി സാഹിത്യകാരന്മാര്ക്ക് തുടക്കം കുറിക്കാന്‍ കൗമുദി വാരിക അവസരംനല്‍കി. സാഹിത്യ സൃഷ്ടികളെ വിലയിരുത്താനും തുടക്കക്കാരെ പ്രോത്സാഹിപ്പിക്കാനും കഴിയുളളവരെ അനുമോദിക്കാനും അംഗീകരിക്കാനും കെ. ബാലകൃഷ്ണന് സ്വീകരിച്ച അനിതരസാധാരണമായ വൈഭവം മലയാളത്തിന് നല്കിയ സാഹിത്യകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും നിര വളരെ വലുതാണ്. മലയാളസിനിമയുടെ നിറസാന്നിദ്ധ്യമായിരുന്ന സത്യന് ഉള്‍പ്പെടെയുളള അഭിനേതാക്കളെ സംഭാവന നല്കി. രാഷ്ട്രീയ നേതാവ്, ട്രേഡ് യൂണിയന് നേതാവ്, ജനപ്രതിനിധി, വാഗ്മി, എഴുത്തുകാരന്, പത്രാധിപര്‍, സാഹിത്യകാരന്, സിനിമ പ്രവര്ത്തകന് ഇതില്‍ ഏതാണ് എന്ന് തറപ്പിച്ചു പറയാന്‍ കഴിയാത്തവണ്ണം ഏതിലും എല്ലാത്തിലും കാലത്തെ അതിജീവിക്കുന്ന കയ്യൊപ്പ് നേടിയ അമരക്കാരനാണ് കെ.ബാലകൃഷ്ണൻ.
ബഹുമാനവും അതിലേറെ ഭയവുമായാണ് കെ.ബാലകൃഷ്ണന് എന്ന അപൂര്‍വ്വപ്രതിഭയെ കാണാന്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തന കാലത്ത് ഞാന്‍ പേട്ടയില്‍ എത്തുന്നത്. എങ്ങനെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ആ വലിയ മനുഷ്യന്റെ വിശാലത നേരിട്ടറിയുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായി അദ്ദേഹം പെരുമാറുകയും സംസാരിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ തരത്തിലുളള കഴിവുകളും സിദ്ധികളുമുളള ഒരാളോടാണ് സംസാരിക്കുന്നതെന്ന് അനുഭവപ്പെട്ടില്ല.
ലളിതമായ വസ്ത്രധാരണവും സംസാരവും അതിലേറെ പാര്‍ട്ടിക്കാരനാണെന്ന സ്നേഹവും നിറഞ്ഞു തുളുമ്പിയിരുന്നു. സവിശേഷമായ സര്‍ഗ്ഗപ്രതിഭകളുടെ സംഗമസ്ഥാനത്ത് ഞാന്‍ കണ്ടത് പച്ചയായ ഒരു മനുഷ്യനെയായിരുന്നു. മനുഷ്യത്വം നിറഞ്ഞു തുളുമ്പുന്ന സ്നേഹനിധിയായ ഒരു ജേഷ്ഠസഹോദരന്. ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തിലുളള ഒരു തീഷ്ണമായ ഒരു ജ്വാല അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടു. ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ച വിപ്ലവത്തിന്റെ തീജ്വാല. പൊതുരംഗത്തും മാധ്യമരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും സിനിമ രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിലെ പൊറുക്കാനാവാത്ത തെറ്റുകള്‍ ആ മനസ്സിനെ വേദനിപ്പിച്ചിരുന്നു. തെറ്റുകളെ സംഹരിക്കാനുളള തീഷ്ണമായ അഗ്നിയാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ടത്. എല്ലാത്തിനോടും വിരക്തി പ്രകടിപ്പിച്ചിരുന്ന അന്ത്യനാളുകള്‍ അതാണ് പ്രകടമാക്കുന്നത്. കെ.ബാലകൃഷ്ണനോടുളള സ്മരണ തിന്മകളോടുളള സന്ധിയില്ലാ സമരത്തിന്റെ അഗ്നിയായി പടരേണ്ടിയിരിക്കുന്നു.