ഗാസയ്ക്ക് മുകളില്‍ പെയ്തിറങ്ങുന്ന തീമഴ
ഗാസയെ ചുട്ടെരിക്കും. അതാണ് ഇസ്രയേലിന്റെ വിധിയും വിധി നടപ്പാക്കലും. അതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വെള്ളവും വെളിച്ചവും തടഞ്ഞു. ബന്ദികളായ ഇസ്രയേലി പൗരന്മാരെ ഹമാസ് വിട്ടയച്ചാല്‍ മാത്രം വെള്ളവും വെളിച്ചവും. ഹമാസ് നടത്തിയ ആക്രമണവും ഇസ്രയേല്‍ നടത്തിയ ആക്രമണവും മനുഷ്യവിരുദ്ധതയുടെയും ക്രൂരതയുടെയും പുതിയ എപ്പിസോഡുകളായി മാറി. മനുഷ്യത്വം തീരെയില്ലാത്ത പൈശാചിക പ്രവൃത്തി. ഇതിനിടയില്‍ ചതഞ്ഞരഞ്ഞ മനുഷ്യരുടെ ജീവിതം ആധുനിക സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യചിഹ്നമായി പെരുകുന്നു.
കാനാന്‍ ദുഃഖഭൂമിയായി മനുഷ്യരാശിയുടെ മുന്നില്‍ കണ്ണീരൊഴുക്കി നില്‍ക്കുന്നു. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിലായിരുന്ന ഇസ്രയേല്‍ ജനതയുടെ വാഗ്ദത്ത ഭൂമിയായിരുന്നു കാനാന്‍ ദേശം. അതാണ് ഇന്നത്തെ ഇസ്രയേലും പലസ്തീനും അടങ്ങുന്ന പ്രദേശം. അതൊരുകാലത്ത് സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു. എന്നാല്‍ ഇന്നത് ചോര ചിതറുന്ന കലാപ ഭൂമിയാണ്. ഹൃദയത്തിന്റെ ഇറ്റുവീഴുന്ന നൊമ്പരം.
സമൂഹം ഒരിക്കലും കേവല സമാധാനത്തിലേക്ക് എത്തിച്ചേരുന്നില്ല. യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. അക്രമങ്ങളും ചോരപ്പുഴകളും എല്ലാ കാലത്തും തുടരുകയാണ്.ഒക്ടോബർ 7ന് പുലര്‍ച്ചയ്ക്ക് ഉറങ്ങി കിടന്ന ഇസ്രയേല്‍ ജനതയുടെ മേല്‍ അയ്യായിരത്തിലധികം റോക്കറ്റുകള്‍ ചീറിക്കയറി ആയിരത്തോളം പേര്‍ മരിച്ചു. അധികം കഴിയുന്നതിനു മുമ്പ് ഇസ്രയേല്‍ പട തിരിച്ചടിക്കാന്‍ ആരംഭിച്ചു. പലസ്തീന്‍ സായുധ പ്രസ്ഥാനമായ ഹമാസായിരുന്നു ചാവേര്‍ പോരാളികളെ ഇസ്രയേലിലേയ്ക്ക് അയച്ച് ആക്രമണം ആസൂത്രിതമായി നടത്തിയത്. അതിന് പകരമായി ഹമാസിന്റെ പതിന്നാല് നില കെട്ടിട സമുച്ചയം ഇസ്രയേല്‍ ബോംബിട്ട് നിരപ്പാക്കി. അതിനൊപ്പം നിരവധി കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കി. ഒപ്പം മനുഷ്യരെ കൊന്നൊടുക്കി. യുദ്ധം തുടരുകയാണ്.
ഗാസയെ ചുട്ടെരിക്കും. അതാണ് ഇസ്രയേലിന്റെ വിധിയും വിധി നടപ്പാക്കലും. അതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വെള്ളവും വെളിച്ചവും തടഞ്ഞു. ബന്ദികളായ ഇസ്രയേലി പൗരന്മാരെ ഹമാസ് വിട്ടയച്ചാല്‍ മാത്രം വെള്ളവും വെളിച്ചവും. ഹമാസ് നടത്തിയ ആക്രമണവും ഇസ്രയേല്‍ നടത്തിയ ആക്രമണവും മനുഷ്യവിരുദ്ധതയുടെയും ക്രൂരതയുടെയും പുതിയ എപ്പിസോഡുകളായി മാറി. മനുഷ്യത്വം തീരെയില്ലാത്ത പൈശാചിക പ്രവൃത്തി. ഇതിനിടയില്‍ ചതഞ്ഞരഞ്ഞ മനുഷ്യരുടെ ജീവിതം ആധുനിക സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യചിഹ്നമായി പെരുകുന്നു.
ഭൂമിയില്‍ രണ്ടും മൂന്നും ലെയറായി സ്ഥാപിക്കപ്പെട്ട രാവണന്‍ കോട്ടകള്‍ പോലെ പണിത തുരങ്കങ്ങള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണ് ഗാസ. ആ ഭൂഗര്‍ഭ അറകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. ഇസ്രയേലിന് ഒരു കാര്യം അറിയാം അവിടെ ഹമാസിന്റെ നിരവധി പോരാളികള്‍ ഉണ്ടെന്ന്. അവരുടെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ പട്ടാളം ആഗ്രഹിക്കുന്നത്. ഇനി ഇസ്രയേലിനെ പ്രഹരിക്കാന്‍ ഗാസ ഉണ്ടാവരുത്. ഗാസ എന്ന പ്രദേശം ഭാവിയിലെ ലോകഭൂപടത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇത് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമന്‍ നെത്‌ന്യാഹുവിന്റെ വാക്കുകളില്‍ തെളിഞ്ഞത്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് ”Every Hamas member will be a dead man” എന്നാണ്. അതിന്റെ അര്‍ത്ഥം ഹമാസ് എന്ന സായുധ പ്രസ്ഥാനത്തിന്റെ അവസാനത്തെ അംഗത്തെയും യമപുരിക്കച്ചയതിന് ശേഷമായിരിക്കും ഇസ്രയേല്‍ സേന വിശ്രമിക്കുക എന്നാണ്. ഗാസയിലേക്ക് ഇരച്ചുകയറാന്‍ ഏതാണ്ട് മൂന്ന് ലക്ഷത്തോളം വരുന്ന സേന തയ്യാറായി നില്‍ക്കുന്നു.
പലസ്തീന് പ്രശ്‌നത്തിന് പരിഹാരം പലസ്തീനെ ഇല്ലാതാക്കുക എന്നതാണ് എന്ന് ഇപ്പോള്‍ ഇസ്രയേല്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത്ര തീക്ഷ്ണവും തീവ്രവുമായി തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ഭരണകൂടമാണ് ഇപ്പോള്‍ ഇസ്രയേല്‍ ഭരിക്കുന്നത്. ജുഡീഷ്യറിയെപ്പോലും കൈക്കലാക്കി അധികാരകേന്ദ്രീകരണം നടത്താന്‍ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി ബെന്യാമന്‍ നെത്‌ന്യഹു നാസി ഭരണകൂടത്തെയാണ് ഓർമിപ്പിക്കുന്നത്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം ഏറ്റവുവാങ്ങിയ ജനതയാണ് ജൂത സമൂഹം. അറുപതുലക്ഷം ജൂതരെയാണ് ഹോളോകാസ്റ്റിന്റെ കാലത്ത് ഹിറ്റ്‌ലര്‍ കൊന്നു തള്ളിയത്. പക്ഷെ ജനതയുടെ മാതൃഭൂമിയായ അവര്‍ വളര്‍ത്തിയെടുത്ത ഇസ്രയേല്‍ ഇപ്പോള്‍ തികച്ചും ഏകാധിപത്യ ഭരണ സംവിധാനത്തിലേക്ക് പിടിച്ചു കയറാന്‍ അത്യാഗ്രഹം പുലര്‍ത്തുന്നു. ചരിത്രത്തിന്റെ വിരോധാഭാസമായി ഇതിനെ കാണാം.
ഹമാസിന്റെ ആക്രമണം തീവ്രവാദികളുടേതിന് സമാനം. ഒക്ടോബർ 7ന് പുലര്‍ച്ചെ ഉറങ്ങികിടക്കുന്ന സിവിലയന്‍സും അതോടൊപ്പം പട്ടാളക്കാരും ആ ആക്രമണത്തിന്റെ ഇരകളായി. സംഗീതനിശയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി പേര്‍ മരിച്ചു വീണു. അനേകരെ അവര്‍ പിടിച്ചു കൊണ്ടുപോയി ബന്ദികളാക്കി. യുദ്ധം ഏഴാം ദിവസത്തിലേയ്ക്ക് കടന്നപ്പോള്‍ ബന്ദികളില്‍ പതിമൂന്ന് പേര്‍ മരിച്ചെന്ന് ഹമാസ് വെളിപ്പെടുത്തി. അതാകട്ടെ ഇസ്രയേലിന്റെ ആക്രമണത്തിലാണ് എന്നും അവര്‍ വ്യക്തമാക്കി.
ആദ്യ ദിനത്തില്‍ ഹമാസിന്റെ ആയിരക്കണക്കിന് ചാവേര്‍ പോരാളികള്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി അയ്യായിരത്തിലധികം റോക്കറ്റുകള്‍ അവിടെ നിക്ഷേപിച്ചു. ആ ആക്രമണത്തില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ മരിച്ചു. നിരവധി പേരെ ഹമാസ് സേന ബന്ദികളാക്കി. അതില്‍ അമേരിക്കക്കാര്‍ അടക്കമുള്ള മറ്റ് രാജ്യപൗരന്മാരും ഉണ്ടെന്നാണ് വാര്‍ത്ത. പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ അഗ്നി ചൊരിഞ്ഞു. പതിനായിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചു. കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നുവീണു. ആയിരങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റി. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇരുപക്ഷത്തുമായി മരിച്ചുവീണു. അയ്യായിരത്തിലധികം പേര്‍ പരിക്ക് പറ്റി ആശുപത്രികളിലായി. യുദ്ധം, മനുഷ്യരാശിയുടെ ശാപമായി തുടരുകയാണ്.
മൊസാദ്
ഇസ്രയേല്‍ ഒരു ദേശീയതയായി വളര്‍ന്ന് വികസിക്കുന്നത് രഹസ്യസംഘടനയുടെ ശക്തമായ സഹായത്തിലാണ്. രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആരംഭിച്ച സമയത്ത് തന്നെ ചുറ്റുമുള്ള രാഷ്ട്രങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അതിനാല്‍ അവരുടെ രാഷ്ട്രവികസനത്തിന് രഹസ്യസംഘടനയും അതിന്റെ സജീവമായ പ്രവര്‍ത്തനവും അനിവാര്യമായി. മൂന്ന് രഹസ്യസംഘടനകളാണ് ഇസ്രയേല്‍ സൈനിക ശക്തിയുടെ അടിത്തറ. മൊസാദ്, അമന്‍, ഷിന്‍ബെറ്റ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലിജെന്‍സ് ആന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ആണ് മൊസാദ്. മിലിട്ടറി ഇന്റലിജെന്‍സിന്റെ ഭാഗമാണ് അമന്‍. ഇന്റേണല്‍ സെക്യൂരിറ്റിയുടെ ചുമതല ഷാന്‍ബെറ്റിനാണ്. ഇത് മൂന്നും ലോകത്തെ ഏറ്റവും മികച്ച ചാരസംഘടനകളാണ്. ആ മൂന്ന് സംവിധാനങ്ങളെയും നിഷ്‌പ്രഭമാക്കി ഹമാസ് യുദ്ധത്തിന്റെ കെണി ഒരുക്കിയെങ്കില്‍ അതിന് പിന്നില്‍ ധാരാളം താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ലോകത്തെ പ്രബലരായ ശക്തികളുടെ സഹായഹസ്തങ്ങള്‍ അതിലുണ്ടാകും. അതെല്ലാം വെളിപ്പെടാന്‍ സമയം എടുക്കും.
ഇതിന് മുമ്പ് നടന്ന യുദ്ധങ്ങളില്‍ ഇത്രയും മനുഷ്യക്കുരുതി ഇസ്രയേല്‍ നേരിട്ടില്ല. ഗാസയില്‍ ഇസ്രയേല്‍ പട്ടാളം ഇടയ്ക്കിടയ്ക്ക് സിവിലിയന്‍സിനെ ആക്രമിക്കും. സിവിലിയന്‍ അതിനെ പ്രതിരോധിക്കുന്നത് അത്ഭുതത്തോടുകൂടിയാണ് ലോകം കണ്ടിരുന്നത്. മെഷീന്‍ ഗണ്ണുകളുമായി നില്‍ക്കുന്ന ഇസ്രയേല്‍ പട്ടാളക്കാര്‍ക്ക് നേരെ പലസ്തീന്‍ ക്ഷുഭിത യൗവ്വനം കല്ലെറിയും. ഇത് എന്ത് പ്രതിഷേധം എന്ന് ടെലിവിഷന്‍ കാണുന്ന ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ ചോദിക്കും. കല്ലേറുകളെ പട്ടാളം വെടിയുണ്ടകള്‍ കൊണ്ടും ബോംബുകള്‍ കൊണ്ടുമാണ് എതിരിടുന്നത്. ഇതൊരു തുടര്‍ക്കഥയായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ പട്ടാള അധിനിവേശത്തിന്റെ ഫലമായി പലസ്തീന്‍ ചുരുങ്ങിക്കൊണ്ടിരുന്നു. ഗാസയില്‍ മുറിവേറ്റവര്‍ വര്‍ദ്ധിച്ചു. ശാരീരികമായും മാനസികമായും മുറിവേറ്റവര്‍ ഇസ്രയേലിനോട് കടുത്ത പക മനസ്സില്‍ കരുതി വെച്ചു.
അയേണ്‍ഡോമിന്റെ പരാജയം
ഈ യുദ്ധത്തില്‍ തുടക്കത്തില്‍ ഇസ്രയേല്‍ ഞെട്ടി. തങ്ങളെ സമ്പൂര്‍ണ്ണമായി സംരക്ഷിക്കും എന്ന് കരുതിയ രക്ഷകന്‍ പരാജയപ്പെട്ടു. ഗാസയില്‍ നിന്ന് വരുന്ന മിസൈലുകളെയും റോക്കറ്റുകളെയും പീരങ്കിഷെല്ലുകളെയും ഇസ്രയേല്‍ മണ്ണിലെത്താതെ കാത്തു സൂക്ഷിച്ചത് അയേണ്‍ ഡോം ആയിരുന്നു. റഡാർ മിസൈല്‍ സംവിധാനമായ അയേണ്‍ ഡോമിന്റെ കണ്ണു വെട്ടിച്ച് ഇസ്രയേലിലേയ്ക്ക് ആര്‍ക്കും കടക്കാനാവില്ലെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ വിശ്വാസം. കഴിഞ്ഞ യുദ്ധങ്ങളില്‍ എല്ലാം ഗാസയെ നാണം കെടുത്തിയിരുന്നത് ഇസ്രയേലിന്റെ റഡാറുകളായിരുന്നു. ഗാസ അയക്കുന്ന മിസൈലുകളും റോക്കറ്റുകളും പീരങ്കി ഷെല്ലുകളും ആകാശത്തു വെച്ചു തന്നെ നിര്‍വീര്യമാക്കപ്പെട്ടിരുന്നു.
കുറേ കാലമായി നടക്കുന്ന യുദ്ധങ്ങളില്‍ ഒരു പുതിയ പാഠം ഇസ്രയേല്‍ പഠിച്ചിരുന്നു. അത് തങ്ങള്‍ക്ക് ചുറ്റുമുള്ള സായുധ സംഘങ്ങള്‍ ഹിസ്ബുള്ളയായാലും ഹമാസായാലും അവര്‍ ഹൈടെക് അല്ല. അവര്‍ ഉപയോഗിക്കുന്നത് ചെറിയ മിസൈലുകളും റോക്കറ്റുകളും ഷെല്ലുകളുമാണ്. ഇത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളവയല്ല. പക്ഷെ അവയ്ക്ക് ആളുകളെ ഭയപ്പെടുത്താനും അവരുടെ ജീവനെടുക്കാനും കഴിയും. അതു കൊണ്ട് അവയെ പ്രതിരോധിക്കലാണ് പ്രധാനം. അതിനു പറ്റിയ ഒരു ഉപകരണമാണ് അവര്‍ അന്വേഷിച്ചത്. അത് ആയുധ വിപണിയില്‍ ലഭ്യമായിരുന്നില്ല. അതിനാല്‍ സ്വന്തമായി ഒന്നുണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു.
ആ തീരുമാനം സാക്ഷാത്കരിച്ചത് അയേണ്‍ ഡോം നിര്‍മ്മിച്ചുകൊണ്ടായിരുന്നു. റഡാറിനെയും മിസൈല്‍ മെഷിനറിയെയും സംയോജിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ച അയേണ്‍ ഡോമിന് റോക്കറ്റുകളും ഷെല്ലുകളും ചെറിയ മിസൈലുകളും അതിര്‍ത്തിയിലേയ്ക്ക് വരുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് സ്വയം ചെറുക്കാന്‍ കഴിയുമായിരുന്നു. ഉരുക്ക് താഴികക്കുടം എന്ന് മലയാളത്തില്‍ വിളിക്കാവുന്ന ഈ സംവിധാനത്തിന്റെ പ്രധാന കേന്ദ്രം റഡാര്‍ തന്നെയാണ്. ശത്രു മിസൈലുകളെ തിരിച്ചറിഞ്ഞാല്‍ ഉടനെ റഡാർ ഇന്‍ ബില്‍ട് മിസൈല്‍ സംവിധാനത്തിന് അവയെ ഷൂട്ട് ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കും. 100%കൃത്യതയോടെ ആജ്ഞ നിര്‍വഹിക്കപ്പെടും. അങ്ങിനെ ശത്രുവിന്റെ ആയുധം ഭസ്മമാകും.
ഇത് ഇസ്രയേല്‍ പരീക്ഷണാര്‍ത്ഥം പ്രയോഗിച്ചത് രണ്ടാം ലബനന്‍ യുദ്ധകാലത്തായിരുന്നു.
ഇസ്രയേലിന്റെ അജയ്യത അവരെ നിരന്തരം ഗാസയിലും വെസ്റ്റ്ബാങ്കിലും അതിക്രമത്തിനു പ്രേരിപ്പിച്ചു. ഇസ്രയേലിനെ തിരിച്ചടിക്കുക എന്നത് അങ്ങിനെ ഗാസാ പോരാളികളുടെ സ്വപ്‌ന പദ്ധതിയായി മാറി. രണ്ട് വര്‍ഷമായി അതിനുവേണ്ടി പരിശ്രമവും പരിശീലനവും നേടിയ അവര്‍ കീഴടക്കാന്‍ കഴിയാത്ത ചാവേറുകളായി മാറി. അവര്‍ നടത്തിയ ആക്രമണമാണ് ഒക്‌ടോബര്‍ 7ന് ആയിരക്കണക്കിന് ഇസ്രയേല്‍ പൗരന്മാരുടെ മരണത്തിന് ഇടവരുത്തിയത്. അതിനുള്ള തിരിച്ചടി ഗാസയ്ക്ക് മേല്‍ തീമഴ പെയ്യിച്ചുകൊണ്ടാണ് ഇസ്രയേല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം എന്താവുമെന്ന് പ്രവചിക്കാനാവില്ല.
അഭയാര്‍ത്ഥി പ്രവാഹം
കരയുദ്ധത്തിന് തയ്യാറെടുക്കുന്ന ഇസ്രയേല്‍ ശനിയാഴ്ച പ്രതീക്ഷിച്ചത് ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്നായിരുന്നു. വെള്ളിയാഴ്ച ഇസ്രയേല്‍ കല്പിച്ചത് 24 മണിക്കൂറില്‍ എല്ലാവരും വിട്ടുപോകണമെന്നായിരുന്നു. അതു പക്ഷെ സാധ്യമായിരുന്നില്ല. 11 ലക്ഷം പേരാണ് അപ്പോള്‍ അവിടെയുണ്ടായിരുന്നത്. അതില്‍ 3 ലക്ഷത്തിലധികം പേര്‍ കൂട്ടപലായനത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. ബാക്കിയുള്ളവര്‍ മാറിയില്ല.
ഒഴിപ്പിക്കല്‍ അസാധ്യമാണെന്ന നിലപാടാണ് ഗാസയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടന ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് മരണശിക്ഷയാണ്. യഥാര്‍ത്ഥത്തില്‍ ഇസ്രയേലിന്റെ തടവിലാണ് ഗാസ. കരവഴിയും കടല്‍വഴിയും പുറത്തു കടക്കാന്‍ ഗാസയ്ക്ക് മാര്‍ഗ്ഗമില്ല. വെള്ളവും വെളിച്ചവും റോഡുകളും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. അതിനാല്‍ ഗാസ തുറന്ന ജയിലാണ്. ഗാസയിലുണ്ടായിരുന്ന ഏക വിമാനത്താവളം 2001ല്‍ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പമുള്ള കാര്യം ആത്മഹത്യയാണ്. മറ്റെന്തും പ്രയാസമേറിയതാണ്.
ഇതിനിടയില്‍ യുദ്ധം ഒഴിവാക്കാന്‍ നയതന്ത്രം സജീവമാണ്. നിരോധിത ഫോസ്ഫറസ് ബോംബുകള്‍ ഇസ്രയേല്‍ ഉപയോഗിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. ഇസ്രയേല്‍ അത് നിഷേധിക്കുകയും ചെയ്തു. പക്ഷെ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചാല്‍ തീ മഴയാണ്. അത് കെടുത്താനാവില്ല. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനും പ്രതിരോധ സെക്രട്ടറി ലോയിസ് ഓസ്റ്റിനും ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. അവര്‍ ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായും ഖത്തറിലെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ത്താനിയുമായും ചര്‍ച്ച നടത്തി. അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ള ബന്ദികളുടെ മോചനമാണ് അമേരിക്കയുടെ പ്രധാന താല്പര്യം. ഇവരുടെ സമാധാനശ്രമം വിജയിച്ചില്ലെങ്കില്‍ ഗാസ ശവക്കൂനകളുടെ കേന്ദ്രമായി മാറും.
അമേരിക്കയും ചൈനയും
ഈ യുദ്ധത്തിന്റെ നിരീക്ഷകരാണ് ചൈനയും അമേരിക്കയും. യുദ്ധശേഷം ആരുടെ ആധിപത്യമാണ് പശ്ചിമേഷ്യയില്‍ സ്ഥാപിക്കപ്പടുക? അതിന്റെ ഉത്തരം കാണാനുള്ള ശ്രമം നല്ലതാണ്. അമേരിക്കയോടും ചൈനയോടും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രയേല്‍. അതുകൊണ്ടാണ് അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളില്‍ ഒന്ന് ഇപ്പോള്‍ ഇസ്രയേലിനെ സഹായിക്കാന്‍ ഇസ്രയേലില്‍ എത്തിയിരിക്കുന്നത്.
ഇസ്രയേലിന് ചൈനയുമായും നല്ല ബന്ധമാണ് അതു കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ചൈനയും അമേരിക്കയും സമ്പൂര്‍ണമായി ഇസ്രയേലിനെ സഹായിക്കും എന്ന് കരുതാന്‍ വയ്യ. അവരുടെ ഇടപെടല്‍ പക്വതയോടെയായിരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യീ പറഞ്ഞത് പലസ്തീന്‍ പ്രശ്‌നം മധ്യപൂര്‍വദേശ സംഘര്‍ഷത്തിന്റെ കേന്ദ്രമെന്നാണ്. ചരിത്രത്തില്‍ പലസ്തീന് നീതി നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. അതിന് പരിഹാരം കാണേണ്ടതുണ്ട്. ചൈനയുടെയും അമേരിക്കയുടെയും കാഴ്ചപ്പാടിന് ചെറിയ സമാനതകള്‍ ഉണ്ട്. അവര്‍ ആഗ്രഹിക്കുന്നത് സമാധാനം സ്ഥാപിക്കലാണ്. നയതന്ത്ര ഇടപെടലിലൂടെ സമാധാനം എന്നതാണ് അവരുടെ ലക്ഷ്യം.