കറുത്തവാവിന്റെ തന്തയും മൃതിയുടെ മകളും

അസഹ്യമായ ദുഃഖം കാരണം സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധിയ്ക്കാനാവുന്നില്ല എന്ന ചിന്ത നല്കുന്ന സമാധാനക്കേട്, ഏറക്കാലമായി അനുഭവിച്ചുപോരുന്ന അദ്ധ്യാത്മബോധംകൊണ്ടു ലഭിയ്ക്കേണ്ടിയിരുന്നസുഖവും ലഭിയ്ക്കുന്നില്ല എന്ന അനുഭവം- ഇവയൊക്കെ സുഖമെന്നുള്ളത് ആ വിളിപ്പേരിൽമാത്രമേ ആകുന്നുള്ളൂ എന്ന പാഠവും ദുഃഖത്തെ ഉപാസിയ്ക്കാൻ കവിയെ നിർബ്ബന്ധിതനാക്കുന്നു.

‘കറുത്തവാവിന്റെ തന്ത’ എന്ന് ആശാൻ അദ്ധ്യവസായം ചെയ്യുന്നത് മരണത്തെയാണ്. ബാങ്ഗ്ലൂരിൽ പഠിയ്ക്കുന്ന കാലത്ത്, 1896 സെപ്തംബർ ഒന്നാം തീയതി സ്നേഹിതർക്കയച്ച കത്തിലാണ് ഈ പരാമർശം. കവിയുടെ അന്തർമുഖത്വം പ്രകടമാക്കുന്ന ആ കത്തിലെ പ്രസക്തഭാഗങ്ങളിങ്ങനെ: “…കഷ്ടം— കേവലം മോഹരൂപമായ ഈ ലോകത്തിൽ എന്തെല്ലാമവസ്ഥാഭേദങ്ങളാണ് കാണുന്നത്. നാം ഒന്നിച്ച് ആനന്ദിച്ചു കളിച്ചുനടന്നതും അതിനും അപ്പുറത്തുള്ള ആ കുട്ടിക്കാലവും എത്രയും വേഗം നമ്മേ ഇട്ടേച്ച് ഓടിക്കളഞ്ഞു. ഇപ്പോഴത്തേത് ഈ വിരഹാവസ്ഥ – അതിരിയ്ക്കട്ടെ. ഇതാ ഇനി വരാൻ കാത്തോണ്ടിരിയ്ക്കുന്ന കാലത്തെ നോക്കുവിൻ! അതിന്റെ കൈയിൽ പലതും ഇരിയ്ക്കുന്നു, നമുക്കു തരാനായിട്ടാണ് – നരച്ച മീശ, ഉണങ്ങിയ കൊരിടാ, വലിഞ്ഞ തൊലി – ഇതെല്ലാം കാണുന്നു. പിന്നെ, അപ്പുറത്തും ഒരു മൂപ്പരു നോക്കിക്കൊണ്ടു നില്ക്കുന്നു. അത് കറുത്തവാവിന്റെ തന്തയാണ്. അതിനെപ്പറ്റി എനിയ്ക്ക് ഒന്നും അറിയാൻ വഹ്യാ. പോട്ടേ! സ്നേഹിതന്മാരേ, ഇതിനിടയിൽ നമുക്ക് പലപ്പോഴും സംയോഗവിയോഗങ്ങളെല്ലാം വന്നോണ്ടിരിയ്ക്കും. അതു വല്ലപാടും ആവട്ടേ”.
വാർദ്ധക്ക്യം സമ്മാനിയ്ക്കാനിരിയ്ക്കുന്ന വൈരൂപ്പ്യത്തിലും അകർമ്മണ്ണ്യതയിലും കവി ഏറെ ആശങ്കപ്പെട്ടിരുന്നു എന്ന് ഈ കത്ത് വ്യക്തമാക്കുന്നു. 1901ൽ പ്രസിദ്ധീകരിച്ച ‘നിജാനന്ദവിലാസ’ത്തിലും ഇതിന്റെ തികട്ടൽ കാണാം. പക്ഷേ, അതൊരുപടികൂടിക്കടന്ന ആദ്ധ്യാത്മികതയാണ്.
"കാണും ദ്രവ്യങ്ങളാകും ഘടപടമഖിലം
കൽക്ഷണം കാലതത്ത്വ-
ന്നൂണിന്നാമുമ്പർകോനും തൃണവുമൊരുകണ-
ക്കാകുമെന്നാകിലപ്പോൾ
കാണാനില്ലെങ്കിലില്ലക്കലനമതു മഹാ-
കാളരാത്രിക്കരത്തിൽ
പ്രാണാപായം ഭവിയ്ക്കുന്നതിനുമതിനു-
മങ്ങപ്പുറത്തെന്റെ ദൈവം."
ആകാശങ്ങളെയണ്ഡകോടികളൊടും ഭക്ഷിയ്ക്കുമാകാശമായും ഇക്കാണുന്ന സഹസ്രരശ്മിയെ ഇരുട്ടാക്കും പ്രഭാസാരമായും കവി ഈ മഹാകാളരാത്രിയെ കാണുന്നു. ഇവിടെ കാര്യകാരണങ്ങളുടെ അഭേദകല്പനയിലൂടെ പ്രകടമാകുന്ന വിരോധാഭാസവും ചിന്തോദ്ദീപകമാണ്. സൂര്യനെപ്പോലും ഇരുട്ടാക്കാവുന്ന പ്രഭാസാരം! അതേ, കാലതത്ത്വന്റെ ഊണിന്റെ പരിണാമം, അഥവാ പരിപാകം.
പ്രവാസത്തിലെ ആ ഇളയകാലത്തുപോലും ആത്മികതയുടെയും ഭൗതികതയുടെയും ഇടയിൽപ്പെട്ട്, മരണഭയത്തിനും ജീവിതകാമനകൾക്കും ഇടയിൽപ്പെട്ടും, ആത്മസങ്ഘർഷമനുഭവിയ്ക്കുന്ന കവിയെ നമുക്കിവിടെ കാണാം. ജീവിതാനുഭവങ്ങളും ക്രമപ്രവൃദ്ധമായ അദ്ധ്യാത്മബോധവും മരണത്തെ നിസ്സാരവത്കരിയ്ക്കാൻ കവിയെ പ്രാപ്തനാക്കുന്നതായാണ് പിന്നീടു കാണാൻ കഴിയുക. “കാലൻ കനിവറ്റു കുറിച്ചുവിടുന്നോലപ്പടിയെന്നയയയ്ക്കരുതേ” എന്ന്,” 1893-ൽ ഗുരുവിന്റെ സമസ്യയ്ക്കു പൊടുന്നനേ പൂരണം നല്കിയ കുമാരൻ പെറ്റമ്മയുടെ മരണവാർത്ത അമ്മാവന്റെ ദൂത്യപത്രത്തിലൂടെ അറിഞ്ഞിട്ട്, “പാരിൽ പ്രാണിഗളസ്ഥമാം മൃതി, മരിയ്ക്കാമമ്മ രോഗാതുര” എന്ന് ആശ്വസിയ്ക്കുമ്പോഴും “ഓർക്കിലഴലേറുന്നൂ, ജയിപ്പൂ വിധി” എന്ന് വിധിയ്ക്കു കീഴടങ്ങുന്നതിനോടൊപ്പം ഏറെ സങ്കടപ്പെടുന്നുമുണ്ട്. വർത്തമാനകാലജീവിതം ‘ആത്മഭോഗസദൃശം ഭാവിച്ചും’ വരുങ്കാലം ‘തനിയ്ക്കൊത്തപോലെ സുഖാസുഖങ്ങളിൽ നിറം തേച്ചും’ “മർത്ത്യൻ നീണ്ടൊരു കാലതന്തു നടുവേ നില്ക്കുന്നു”. “നീർപ്പോളയിജ്ജീവിതം” എന്നു തിരിച്ചറിഞ്ഞ് ചെയ്യാനുള്ളതു പിന്നേയ്ക്കു വെക്കാതെ അപ്പപ്പോൾ ചെയ്തുതീർക്കുക.
"ശോകത്താലിഹ'യോഗ'സങ്ഗതി സമാ-
ധാനം തരുന്നില്ലെനിയ്-
ക്കേകുന്നീല ചിരാനുഭൂതരസമി-
ന്നദ്ധ്യാത്മബോധം സുഖം
ഹാ കഷ്ടം! സുഖമല്ലതാൻ സുഖവും ഇ-
ങ്ങൈകാന്തികം സൗഖ്യം—ഈ
ലോകപ്രീതിദശാനിബന്ധിനി, ഉപാ-
സിയ്ക്കുന്നു ദുഃഖത്തെ ഞാൻ."
അസഹ്യമായ ദുഃഖം കാരണം സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധിയ്ക്കാനാവുന്നില്ല എന്ന ചിന്ത നല്കുന്ന സമാധാനക്കേട്, ഏറക്കാലമായി അനുഭവിച്ചുപോരുന്ന അദ്ധ്യാത്മബോധംകൊണ്ടു ലഭിയ്ക്കേണ്ടിയിരുന്നസുഖവും ലഭിയ്ക്കുന്നില്ല എന്ന അനുഭവം- ഇവയൊക്കെ സുഖമെന്നുള്ളത് ആ വിളിപ്പേരിൽമാത്രമേ ആകുന്നുള്ളൂ എന്ന പാഠവും ദുഃഖത്തെ ഉപാസിയ്ക്കാൻ കവിയെ നിർബ്ബന്ധിതനാക്കുന്നു.
"വിനയാർന്ന സുഖം കൊതിയ്ക്കയി-
ല്ലിനിമേൽ ഞാൻ–അസുഖം വരിയ്ക്കുവൻ
മനമല്ലൽ കൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ ദുർവ്വിധി"
എന്ന് ദുഃഖോപാസകനാകാനുള്ള കാരണവും കവി സീതയിലൂടെ പറയുന്നു.
"ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ"
എന്നു സംഭാവനം ചെയ്കയും
"അഥവാ സുഖദുർഗ്ഗമേറുവാൻ
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയൻപിനാൽ
വിരവോടുന്തിവിടുന്നുതന്നെയാം"
എന്ന് ആ ‘സംഭാവന’ത്തിന് ‘ആക്ഷേപം’ കല്പിച്ച് തിരുത്തി ഉറപ്പിയ്ക്കയും ചെയ്യുന്നു. എന്തുതന്നെയായാലും ഒരു കാര്യം ഉറപ്പാണ്– ദേഹിയ്ക്കു നിത്യം മൃതി.
".................പ്രതിഭാപ്രകാശഭരമാർ‐
ന്നർക്കോജ്ജ്വലൻ മർത്ത്യനും
ലോകത്തിമ്മൃതി തുല്ല്യമിന്നുമൊളിക-
ണ്ടീടാത്ത കീടത്തിനും;
ഈ കർമ്മക്ഷമവിദ്യയൊന്നു മിനിയും
നല്കീല സാഹായ്യമീ ‐
ശോകത്തിന്നു,–വൃഥാ കപാലഫലകം
കായിച്ചു നീണാൾ നരൻ!
എന്തായീ ശ്രമ?മെത്രനാളുഴറി നീ
ശാരീരവിജ്ഞാനമേ!
എന്താശിപ്പതു 'രാസഭൗതികമഹാ-
തന്ത്രങ്ങ'ളേ! നിങ്ങളും?
ചിന്താജർജ്ജരനായ നിങ്ങടെ പിതാ-
വാം മർത്ത്യനെത്തീടുമീ
യന്താവസ്ഥയഹോ! ദയാർഹമിതഹോ!
നിങ്ങൾക്കു ലജ്ജാവഹം."

മരണത്തിൽനിന്നു രക്ഷപ്പെടാനുള്ള വിദ്യയന്വേഷിച്ചു വെറുതേ തല പുകയ്ക്കേണ്ടതില്ല. “ധർമ്മവ്യായതചക്രചാരി പുരുഷൻ വീണ്ടും വരുന്നുണ്ട”ത്രേ, ചത്തവന്റെ കർമ്മഫലം തിട്ടപ്പെടുത്തി അനന്തരഗതി നിർണ്ണയിച്ചു യാത്രയാക്കാൻ! കാറ്റടിച്ചോ എണ്ണവറ്റിയോ അണഞ്ഞുപോയ വിളക്കുപോലെ ചത്താൽ ജീവിതവാർത്തയും കഴിഞ്ഞു, അത്രതന്നേ. അല്ലെങ്കിൽ, ഒരർത്ഥവുമില്ലെങ്കിൽ, വിശ്വാസങ്ങൾ നിലനില്ക്കുമോ?
“ചൊല്ലാം തീയുടെ തീക്ഷ്ണദന്തമണയാ-
തത്ത്യന്തസൂക്ഷ്മാങ്ഗമായ്
തെല്ലാശാസ്പദമങ്ങു 'തടി'യിൽ
ശേഷിയ്ക്കുമെക്കാലവും;
അല്ലാഞ്ഞാൽ നരവാഴ്ചയല്ല; ഭുവനം-
താനും വൃഥാരംഭമാം;
ഇല്ലാതാം വില കണ്ണുനീരിനു,മതി-
ന്നാർക്കാനുമോർക്കാവതോ?”
ദേഹി ദേഹം വിട്ടുപോയാലും അത്യന്തസൂക്ഷ്മാങ്ഗമായ എന്തോ ഒന്ന് ശേഷിയ്ക്കുമെന്ന വിശ്വാസത്തിന് ബലംവെക്കാനുതകുന്നതാണ് ഈ വരികൾ. മരണം മാംസഭോജിയായ പുലിയല്ല പച്ചപ്പുല്ലു തിന്ന് പാൽ ചുരത്തുന്ന പശുവാണെന്നു കരുതുന്നതിൽ തെറ്റുമില്ല. യുദ്ധഭൂമിയിൽ വീരമരണം വരിയ്ക്കുന്ന തരുണർക്ക് അല്ലയോ മരണമേ! നീ മങ്ഗളകാരിയാണ്. എന്തെന്നാൽ, പൂവുടലാളുകൾ അവരുടെ അനുരാഗസരണിയിൽ ഏറ്റ മുള്ളിന്റെ നോവാറ്റുവാൻ അവലംബമാക്കുന്നത് നിന്റെ അങ്ഗസങ്ഗമാണല്ലോ! “ചണ്ഡനായണഞ്ഞ ദുഷ്ക്കാലരാക്ഷസൻ” എന്ന് സന്ധിഗീതത്തിൽ വിശംസിച്ച മാരണത്തെയാണ് ഇവിടെ ആശ്വാസകാരിയായി കവി പ്രശംസിയ്ക്കുന്നത്.
“ത്രാണിയ്ക്കൊത്തു പകൽ പരിശ്രമമിയ-
ന്നോർക്കൻപിയന്നന്തിയിൽ
പേണിക്കണ്ണുതലോടിയെന്നുമണവോ-
രാ ഭദ്രയാം നിദ്രപോൽ
പ്രാണിയ്ക്കിന്നെടുജീവിതപ്പെരുവഴി-
ക്ലേശം കഴിച്ചെത്രയും
ക്ഷീണിയ്ക്കും ഹൃദയത്തെ മൂടിയൊടുവിൽ
ച്ചേർക്കുന്നു സൗഖ്യം മൃതി.”
പകൽനേരത്തെ അദ്ധ്വാനത്തിന്റെ ക്ഷീണം തീർത്ത് അന്തിനേരത്ത് തലോടിയുറക്കാൻ വരുന്ന നിദ്രയെപ്പോലെ ജീവിതപ്പെരുവഴി താണ്ടിയലഞ്ഞവശനായെത്തുന്നവന്റെ ഹൃദയത്തിന് സുഖാവരണം സമ്മാനിയ്ക്കുകയാണ് മൃതി ചെയ്യുന്നതെന്ന് പ്രകീർത്തിയ്ക്കുന്ന കവിയെപ്പറ്റി “കൗമാരത്തിൽ എഴുതിത്തുടങ്ങിയ സ്തോത്രങ്ങൾമുതൽ മൃത്ത്യുവിന്റെ വിളി അന്തരങ്ഗത്തെ അറിയാതെ ഗ്രസിച്ചുനില്ക്കേ എഴുതിത്തീർത്ത കരുണവരെയുള്ള കൃതികൾ ഒന്നൊഴിയാതെ, മരണം കുമാരനാശാനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നുവെന്നതിനു തികഞ്ഞ തെളിവുകളാ”ണെന്ന് എങ്ങനെ വിലയിരുത്താനാവും. “വിവൃതകവാടയനാരതം മൃതി” എന്ന് അർത്ഥപാലകന്റെ മരണവാർത്ത അറിയിയ്ക്കുന്നതിനു മുന്നേ
“ഹന്ത! സാദ്ധ്വി, മധുരീകരിച്ചൂ നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തുനാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ, ഖരൻ, യമൻ?”
എന്ന് നളിനിയോടായി പറയുന്നുണ്ടല്ലോ ആശാനിലെ ദിവാകരൻ. മാത്രമോ? ആരും ത്യജിയ്ക്കാൻ തയ്യാറാവാത്ത ഈ ഭോഗലാലസജഗ ത്തിനെ പൊടുന്നനെ വെടിഞ്ഞ നളിനി മഹാഭാഗയാണ്, ധന്യയുമാണ് ആശാന്.
“എന്റെ ആരോഗ്യവും ശരീരശക്തിയും അനന്യസാധാരണമാണെന്ന് ഞാൻ അഭിമാനിയ്ക്കുന്നു. ഈ കൂടുവിട്ട് ജീവൻ പോകുന്നത് എങ്ങനെയെന്നുപോലും എനിയ്ക്ക് പലപ്പോഴും അദ്ഭുതം തോന്നാതിരുന്നിട്ടില്ല.” ഭാനുമതിയമ്മയുമായുള്ള വിവാഹത്തിന് തടസ്സമായി പ്രായവ്യത്യാസം ഉന്നീതമായപ്പോൾ ആശാൻ നല്കിയ ഈ മറുപടി ‘കുമാരനാശാൻ – ചില സ്മരണകൾ’ എന്ന പുസ്തകത്തിൽ ഭാനുമതിയമ്മയുടെ സഹോദരൻ കെ സദാശിവൻ ചേർത്തിട്ടുണ്ട്. അതേ പുസ്തകത്തിൽനിന്ന് ഏതാനും ഭാഗങ്ങൾകൂടി ഇവിടെ പകർത്തുന്നു:
“നേരാമായതു ഹാ!ശുഭേ! ഭയദമാം
വൻതോക്കുതൻ വായിലാ
വീരാഖ്യയ്ക്കു കൊതിയ്ക്കുമെത്ര തരുണർ-
ക്കാശ്വാസമേകുന്നു നീ!
ആരായുന്നിതു രാഗപുഷ്പസൃതിമേൽ
മുള്ളേറ്റ നോവാറ്റുവാൻ
താരാർമേനികൾതന്നെ ശീതതരമാം
നിന്നങ്ഗസങ്ഗം മൃതേ!
“ഈ പദ്യം ആപത്തിൻ പരകാഷ്ഠയായിക്കരുതിപ്പോരുന്ന മരണത്തിന്റെ ഒരു പ്രകീർത്തനമാണ്. ആ പദ്യം വായിയ്ക്കുമ്പോൾ മരണമാണ് ആത്മസുഹൃത്തെന്നും അവളെ ആലിങ്ഗനം ചെയ്തുകളയാമെന്നും ഒരു ആവേശം ഉണ്ടായിപ്പോകുന്നു. മനുഷ്യസ്നേഹിയായി ലോകത്ത് ആരെങ്കിലുമുണ്ടെങ്കിൽ, മരണഭയത്തിൽനിന്നും മനുഷ്യനെ രക്ഷിയ്ക്കുന്ന ആളായിരിയ്ക്കണം അത്. ഇതാണ് ആശാൻ ഇവിടെ നിർവ്വഹിച്ചിരിയ്ക്കുന്ന മഹാകൃത്ത്യം. മരണത്തിന്റെ മാധുര്യം ആസ്വദിപ്പിയ്ക്കുക എന്നു വന്നാൽ നരകഭയത്തിൽനിന്ന് നമ്മെ വിമോചിപ്പിയ്ക്കുക എന്നാണ് സാരം. അതു കഴിഞ്ഞാൽ മോക്ഷപ്രാപ്തിയായി. ഇതിനുപരിയായ ജന്മസാഫല്ല്യം എന്താണുള്ളത്?
“ആ പക്ഷംശരിയെങ്കിലിന്നയി മൃതേ
ഹാ!നിന്റെ ഘോരങ്ങളാ-
മാപ്പല്ലിൻ നിരകൾക്കു മൂർച്ചയിനിയും
പോരെന്നു തോന്നാമുടൻ;
ആപത്തിൻ പരകാഷ്ഠയായ പുലിയാ-
യീ ഞങ്ങളെണ്ണുന്നൊരാ
നീ പച്ചത്തൃണരാശി തിന്നരിയപാ-
ലേകുന്ന ഗോവെന്നുമാം.
“വിശ്വോത്തരമായ തത്ത്വജ്ഞാനമാണ് കവിതയുടെയും കവിതയായി ഈ വരികളിൽനിന്നു നിർഗ്ഗളിയ്ക്കുന്നത്. മരണത്തെയും മധുരീകരിയ്ക്കുന്ന മനുഷ്യസ്നേഹമാഹാത്മ്യമേ, നിന്നിലും വിഷാദാത്മകത്വം ദർശിയ്ക്കുവാൻ തുനിയുന്ന സാഹസികരുണ്ടല്ലോ . “വണ്ടേ, നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നിതേ” എന്നു കവിയോടൊത്തു നമുക്കും സമാധാനിയ്ക്കാം. കവി വളരെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു പദ്യം ഞാൻ ഉദ്ധരിയ്ക്കാം:
“നക്ഷത്രങ്ങളെ നോക്കിയിപ്പുഴു പറ-
ന്നീടുന്നു മേല്പോട്ടതിൻ
പക്ഷം ദുർബ്ബലമാണതോർത്തു ഭയവും
തോന്നുന്നു മേന്മേൽ വിഭോ!
രക്ഷയ്ക്കായതിനുനിൻ കരുണയ-
ല്ലാതില്ല രാപ്പക്ഷിതൻ
ഭിക്ഷയ്ക്കാക്കൊല, നിൻപ്രകാശകണിക-
യ്ക്കാപത്തു ചേർത്തീടൊലാ.

പ്രൊഫ. മാലൂർ മുരളീധരൻ
“വിരുദ്ധങ്ങളായ പല തത്ത്വശാസ്ത്രസിദ്ധാന്തങ്ങളെയും കവി ഇവിടെ ചർച്ചാവിഷയമാക്കി. താൻ ഒരു ഉറച്ച ആസ്തികനും അദ്വൈതസിദ്ധാന്തപക്ഷപാതിയുമാണ്. ഇവയ്ക്കൊക്കെ എതിരായ സിദ്ധാന്തങ്ങളെ അനുഭാവത്തോടുകൂടി ചർച്ചചെയ്യേണ്ടിവന്നതിൽ, ദീർഘകാലത്തെ യോഗനിഷ്ഠകൊണ്ട് തന്റെ നിത്ത്യാനുഭൂതിയ്ക്കായി നേടിവെച്ച ആ ആദ്ധ്യാത്മികസ്വർഗ്ഗത്തിന് അല്പം കളങ്കം പറ്റുകയില്ലയോ എന്ന് കവി ശങ്കിയ്ക്കുന്നു. അതിനുള്ള ഒരു പരിഹാരവിധിയോ ക്ഷമാപണമോ ആണ് ഈ പദ്യംകൊണ്ടു സാധിയ്ക്കുന്നത്. തിരിയെ അദ്വൈതത്തിൽ പോയി ലയിച്ചാണ് കാവ്യം അവസാനിയ്ക്കുന്നതും”.
തത്ത്വശാസ്ത്രം എന്തൊക്കെ പറഞ്ഞാലും
“ചത്തവർക്കു കണക്കില്ലയെന്നാലും
എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽ കൂറീയന്നവർ പോകുമ്പോൾ
പുത്തനായ്ത്തന്നേ തോന്നുന്നഹോ! മൃതി”
എന്നും
“കരയുവതിനുമില്ല കെല്പു മേ
കരളെഴുമാധിയിലന്ധമാകയാൽ;
ചൊരിയുവതിനുമില്ല കണ്ണുനീർ
സിരകൾ തപിച്ചു വരണ്ടുപോകയാൽ“
എന്നും
“അരിയോരന്നമേ! അതിചിരമെന്റെ
ഹൃദയപ്പങ്കജസഖനായ് വാണ നീ
പറന്നുപോകുന്നോരളവപ്പൂവിന്റെ
യടിനാളംകൂടി ഹരിച്ചുവെന്നതോ!”
എന്നുമൊക്കെ വിലപിയ്ക്കേണ്ടിവരുന്നസന്ദർഭങ്ങളുണ്ടായിട്ടുണ്ട്, ആശാനും.
“ജീവച്ഛേദകമാകുമാധി പിടിപെ-
ട്ടാലും മനസ്വിവ്രജം
വൈവശ്യം കലരാതെ കൃത്ത്യമതിയാൽ
വാഴാം കുറഞ്ഞോരുനാൾ
പൂവറ്റാലുമുടൻ കൊഴിഞ്ഞിടുവതി-
ല്ലോരില്ല തീക്ഷ്ണക്ഷതം;
ഭാവത്തിൻ പരകോടിയിൽ സ്വയമഭാ
വത്തിൻ സ്വഭാവം വരാം.”
പക്ഷേ, ഇപ്പറഞ്ഞപ്രകാരമുള്ള മനസ്വികൾ – ദുഃഖസത്യജ്ഞന്മാർ – മോദസ്ഥിരന്മാർ – എണ്ണത്തിലെത്രയുണ്ടാവും?
മരണത്തെ കറുത്തവാവിന്റെ തന്തയായി അദ്ധ്യവസായം ചെയ്യുന്ന കവി, മൃതിയുടെ മകളെന്ന് - കവിഭാഷയിൽ, മൃതിതൻ മകളെന്ന് - അന്യതാദാത്മ്യസംഭാവനം ചെയ്യുന്നത് മൂർച്ഛയെ ആണ്.
സീതയുടെ ‘ചിന്തയാം വനകല്ലോലിനി’യിലുടെ ‘സ്യന്ദമാന’മായ ആ ‘മൊഴി’ ഇങ്ങനെ:
“അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പുപോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടിതേടിലും
മതി കാഞ്ഞു ഞെരുങ്ങുവോർക്കതി-
ങ്ങതിമാത്രം സുഖമേകിടുന്നുതാൻ”
മരണം കരണവൃത്തിയുടെ അറുതി(termination)യാണ്; മൂർച്ഛ അവയുടെ വിലോപ(suspenssion)വും. മോഹവും ഒരുതരം മൂർച്ഛയാണ്, അജ്ഞാനം. ബോധമണ്ഡലം നന്നായി ഉണർന്നുപ്രവർത്തിയ്ക്കുന്നുണ്ടാവില്ല. യഥാർത്ഥജ്ഞാനം ആദ്ധ്യാത്മികമായ അറിവാണെന്നും അതിന്റെ അഭാവമാണ് മോഹമെന്നും വേദാന്തികൾ പറയും.
“മോഹം കളഞ്ഞു ജനത്തെ-തമ്മിൽ
സ്നേഹിയ്ക്കാൻ ചൊല്ക നരേന്ദ്രാ!”
എന്ന പ്രസ്താവത്തിലെ മോഹം എന്ന പ്രയോഗം ഈ അർത്ഥതലം പേറുന്നതാണ്. “നെടുമോഹനിദ്രവിട്ടുണരുക” എന്നിടത്തേ മോഹനിദ്രയ്ക്ക് മേലുദ്ധരിച്ച വരികളിലെ ‘ശീതളമൂർച്ഛ’യുടെ പ്രതീതിയുണ്ട്- മൂർച്ഛയ്ക്ക് നേരിയ ശൈഥില്ല്യം സംഭവിച്ചതുപോലെയൊരു തോന്നൽ. കരളിലെ വ്രണവിരോപണത്തിന് കുഴമ്പു തുണയാകുമ്പോഴുള്ള ആശ്വാസം ആ പ്രകരണത്തിൽ അനുഭവപ്പെടുന്നുണ്ട്. ശിഥിലസമാധിപോലെ ശീതളമൂർച്ഛയും അല്പം ഒരയഞ്ഞമട്ടുകാണിയ്ക്കുന്നുണ്ട്. ശിഥിലമായാൽപ്പിന്നെ അത് സമാധിയല്ലല്ലോ! അതുകൊണ്ടാണ് അറിവറ്റുമുറയ്ക്കെഴാതെയുമുള്ള മൂർച്ഛ ശീതളമൂർച്ഛയായത്.
“സ്നേഹമെങ്കിലുമിയന്നു ഖിന്നരായ്
സാഹസങ്ങൾ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹനിദ്രയുണരുന്നനാൾവരെ”
‘നളിനി’യിലെ ഈ മഹാമോഹനിദ്ര ‘ലീല’യിലെ നെടുമോഹനിദ്രയിൽനിന്നു ഭിന്നമാണ്. ഒന്നിനു മഹത്ത്വവും മറ്റതിന് നീട്ടവുമാണെന്നതല്ല അത്. നളിനിയുടെ മോഹത്തിനു ഹേതു ഭുവനസങ്ഗമാണ്. ലീലയിലും ഭുവനസങ്ഗം ഉണ്ടെങ്കിലും ബാഹ്യേന്ദ്രിയങ്ങളുടെ ‘ജാഗ്രതക്കുറവ്’ മാത്രമാണ് അവിടെ വിവക്ഷിതം.
മോഹവും മൂർച്ഛയും ബോധക്കേടാണ്. പ്രജ്ഞ ജാഗ്രദവസ്ഥയിലല്ല, സുപ്താവസ്ഥയിലാണ്. ഉണരാം വീണ്ടും ഉറങ്ങാം. ഓരോ ചെറുമരണമാണ് ഓരോ ഉറക്കവും. ഈ ഉറക്കം “നീണ്ടനന്തരമിതാം വിശ്രാന്തി ജന്തുക്കളിൽ”. മൃതിതൻ മകളെന്ന് കവി ഉത്പ്രേക്ഷിയ്ക്കാനുള്ള കാരണവും അതാണ്.
മൂർച്ഛ അനുഗ്രഹമാകുന്ന സന്ദർഭങ്ങളുണ്ടാകാം. ആ ‘കുത്സാഹാമരഭാവ’ത്തിൽ ‘മൂർച്ഛേ തുണച്ചീടുക’!