ഏഴിമല സമ്മേളനം’ലോക സമാധാനം ഏകാത്മകതാ ബോധം വഴി’
1970 നവംബര്‍ 11ന് കൃത്യം 11.11.ന് ഏഴിമല ഗുരുകുല അദ്ധ്യക്ഷന്‍ ഫ്രെഡി വാന്റര്‍ ബോഗ് ഒന്നാം ലോകസമാധാന സമ്മേളനത്തിന് പതാക ഉയര്‍ത്തി. തലശ്ശേരി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച് സമാധാന കരാരില്‍ ഒപ്പുവച്ച ദിനമായിരുന്നുനവംബര്‍ 11 . കരാര്‍ ഒപ്പിട്ട സമയം പകല്‍ 11.11നാണ് നവംബര്‍ 11ന് ആരംഭിച്ച് 21 വരെയുള്ള 11 ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്.
ശ്രീനാരായണഗുരു 1924ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടത്തിയ സര്‍വമത സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് നടരാജഗുരു 1970ലും 1971ലും ഏഴിമലയിൽ വച്ച് ഒരു ലോകസമ്മേളന പരമ്പര സംഘടിപ്പിച്ചത്.’ലോക സമാധാനം ഏകാത്മകതാ ബോധം വഴി’ എന്നായിരുന്നു അതിന് പേരിട്ടത്.
ഈ സമ്മേളനത്തിന് വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങള്‍ നടരാജുഗുരുവിന് ഉണ്ടായിരുന്നു. മനുഷ്യരാശി നേരിടുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മുതല്‍ ആഗോളപരമായ പ്രശ്‌നങ്ങള്‍ക്ക് വരെ ശാശ്വതമായ പരിഹാരവും സമാധാനവും കാണുവാന്‍ അദ്വൈത ദര്‍ശനത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് ഈ സമ്മേളന പരമ്പര കൊണ്ട് ഉദ്ദേശിച്ചത്.
ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് നടരാജഗുരു എഴുതിയ ആമുഖക്കുറിപ്പുകളുടെയും പ്രബന്ധത്തിന്റെയും സ്വതന്ത്ര പരിഭാഷയാണ് ഈ ഗ്രന്ഥം.
സമ്മേളനത്തിന്റെ
സവിശേഷതകള്‍
മനുഷ്യന്റെ വിവിധ ജീവിത രംഗങ്ങളില്‍ അദ്വൈത ദര്‍ശനത്തിന്റെ സാരവും, അതിന്റെ പ്രയോഗവും എങ്ങനെ കൈവരുത്താം എന്നതായിരുന്നു. എല്ലാ സെമിനാറുകളിലും ചര്‍ച്ചാവിഷയം. രണ്ടു വര്‍ഷങ്ങളിലായി നടത്തിയ സെമിനാറുകള്‍ക്ക് തെരഞ്ഞെടുത്ത ചര്‍ച്ചാവിഷയങ്ങള്‍ ഇവയായിരുന്നു.
- ലോക സര്‍ക്കാര്‍
- ലോക പരൗരത്വം
- ലോക നിയമം
- വിദ്യാഭ്യാസം
- മതം
- യോഗം
- നൈതികത-ധാര്‍മ്മിക മൂല്യചിന്ത
- സൗന്ദര്യശാസ്ത്രം
- ധനതത്ത്വശാസ്ത്രം
- ശാസ്ത്രങ്ങളുടെ സമന്വയം
1970ല്‍ നടത്തിയ ഈ സമ്മേളനത്തിലാണ് മുനി ഗുരു ഒരു പ്രബന്ധം ആദ്യമായി ഇംഗ്ലീഷില്‍ അവതരിപ്പിച്ചത്. നടരാജഗുരു, ഗാരിഡേവിഡ്, സ്വാമി ജോണ്‍സ്പിയേഴ്‌സ്, കുമാരി ഭാരതി ത്രിവേദി, മാര്‍ക്ക് ആല്‍ബര്‍ട്ട്, ചാള്‍സ് എറിക്‌സണ്‍ എന്നിവര്‍ ആ വര്‍ഷം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
1971-ല്‍ നടരാജഗുരു, കരണ്‍ എ.ഡി., ബ്രൂളര്‍, മാര്‍ക്ക് ആല്‍ബര്‍ട്ട്, ഫ്രെഡി വാന്‍സെര്‍ബറോസ്, പാട്രിക് മിഷന്‍, ബ്രിജറ്റ് ലഷര്‍ട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഈ പ്രബന്ധങ്ങള്‍ എല്ലാം സമാഹരിച്ച് നടരാജുഗുരുവിന്റെ അവതാരികയും ചേര്‍ത്ത് 1973ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ബാംഗ്ലൂര്‍ സോമനഹള്ളി ഗുരുകുലത്തില്‍ വച്ച് 1972ലും 1973ലും ഈ വിഷയത്തില്‍ 7 ദിവസത്തെ സമ്മേളനങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് ഇതിന് തുടര്‍ച്ച ഉണ്ടായില്ല. - 1970 നവംബര്‍ 11ന് കൃത്യം 11.11.ന് ഏഴിമല ഗുരുകുല അദ്ധ്യക്ഷന്‍ ഫ്രെഡി വാന്റര്‍ ബോഗ് ഒന്നാം ലോകസമാധാന സമ്മേളനത്തിന് പതാക ഉയര്‍ത്തി. തലശ്ശേരി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച് സമാധാന കരാരില്‍ ഒപ്പുവച്ച ആര്‍മസ്റ്റീസ് ദിനമായിരുന്നു നവംബര്‍ 11. കരാര്‍ ഒപ്പിട്ട സമയം പകല്‍ 11.11നാണ് നവംബര്‍ 11ന് ആരംഭിച്ച് 21 വരെയുള്ള 11 ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്. നടരാജഗുരുവിന്റെ ഹിപ്പി ശിഷ്യന്മാരായിരുന്നു സമ്മേളനത്തിന്റെ പ്രധാന സംഘാടകരും പങ്കാളികളും. സമ്മേളനം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രചാരണപരിപാടികള്‍ ആരംഭിച്ചു. ഒരു സ്വാഗതസംഘവും രൂപീകരിച്ചു. പ്രസിഡന്റ് നടരാജഗുരു, സെക്രട്ടറി ഗുരുനിത്യചൈതന്യയതി, കരണ്‍ എ.ഡി. ബ്രൂളര്‍ (കണ്‍വീനര്‍), സാമുവല്‍ ആറോണ്‍ (ചെയര്‍മാന്‍), അഡ്വ. പി. ചീരുകണ്ടന്‍, എം.എ. സുന്ദരം (അംഗങ്ങള്‍). ഏകദേശം 300 പേരോളം ഓരോ ദിവസവും എത്തിയിരുന്നു. ധാരാളം ഗുരുകുല ബന്ധുക്കളും, വിശിഷ്ട വ്യക്തികളും എത്തി., യുറോപ്പിലെ വിവിധ രാജ്യങ്ങള്‍, അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ആളുകള്‍ എത്തിയത്. ഗുരുനിത്യ വിദേശത്തായിരുന്നതിനാല്‍ ഗുരു മുനിക്കായിരുന്നു നടത്തിപ്പ് ചുമതല. ഭൗതീക സൗകര്യങ്ങള്‍ കുറവായിരുന്നുവെങ്കിലും ലോകോത്തര സമ്മേളനങ്ങളുടെ കെട്ടും മട്ടും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും താമസവും, ആഹാരവും ഉണ്ടായിരുന്നു. - പ്രബന്ധകാരന്‍മാര്‍ക്ക് വിഷയം മുന്‍കൂട്ടി നല്‍കി പ്രബന്ധങ്ങള്‍ എഴുതി വാങ്ങി. പിന്നീട് കിരണ്‍ എ.ഡി. ബ്രൂളര്‍ അത് എഡിറ്റ് ചെയ്ത് നടരാജഗുരുവിന്റെ അവതാരികയും ചേര്‍ത്ത് പുസ്തകമായി അച്ചടിച്ച് സമ്മേളനസ്ഥലത്ത് വിതരണം ചെയ്തു. കൂടാതെ ഓരോ ദിവസവും അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ നടരാജുഗുരു തന്നെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചിരുന്നു. ഓരോ ദിവസത്തിലും നടന്ന പരിപാടികളടെ റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
ഇംഗ്ലീഷില്‍ നടത്തിയ സമ്മേളന പരിപാടി അന്നാട്ടുകാര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. അതിനാല്‍ അവര്‍ക്കായി ഗുരുകുലത്തിന് താഴെ ബീച്ച് തുടങ്ങുന്ന ഭാഗത്ത് വേദിയൊരുക്കി ഓരോ ദിവസവും വൈകുന്നേരം പൊതുസമ്മേളനം നടത്തി. രാത്രിയില്‍ കലാപരിപാടികളും നടത്തിയിരുന്നു.
സാധാരണ ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നത് പട്ടണങ്ങളിലെ സൗകര്യങ്ങള്‍ ഉള്ള ഹാളുകളില്‍ ആണല്ലോ. എന്നാല്‍ ഈ സമ്മേളനം നടത്തിയത് ഏഴിമല എന്ന ഗ്രാമത്തിലും. വാഹന സൗകര്യങ്ങള്‍ ഒട്ടുമില്ല. കടത്ത് കടന്ന് എത്തിച്ചേരണം. രാമന്തളി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഗുരുകുല ഐലന്റ് ഹോം എന്ന് വിളിച്ചിരുന്ന ഗുരുകുലമായിരുന്നു ഏഴിമല. 1970ല്‍ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഈ ദ്വീപില്‍ വൈദ്യുതി ആദ്യമായി എത്തിയത്.
ഇത്തരം ഒരു സ്ഥലത്ത് വച്ച് എന്തിനാണ് ഈ സമ്മേളനം നടത്തിയത്, ഇതുകൊണ്ട് ലോകസമാധാനം കൈവരുമോ എന്ന് ഒരാള്‍ നേരിട്ട് തന്നെ ഗുരുവിനോട് സംശയം ചോദിച്ചു. ”സ്വപ്‌നം കാണുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. ഇതെന്റെ സ്വപ്‌നമാണ്. ഇത് യാഥാര്‍ത്ഥ്യമായിത്തീരുമോ എന്ന് ഞാന്‍ നോക്കുന്നില്ല. മാത്രവുമല്ല, എല്ലാ നല്ല സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമായിത്തീരുവാന്‍ സാധിക്കുന്ന തരത്തില്‍ നന്‍മ നിറഞ്ഞതല്ല ഈ ലോകം. എന്നാലും സ്വപ്‌നം കാണുന്നതിന് ഇതൊരു തടസ്സമാകുന്നില്ല” എന്നാണ് ഗുരു അതിന് നല്‍കിയ മറുപടി.
സമ്മേളനങ്ങള്‍ കൊണ്ട് എന്ത് നേടി? ലോകസമാധാനം കൈവന്നോ? ഇന്ന് ലോകസമാധാന സമ്മേളനങ്ങള്‍ പലതും നടക്കുന്നുണ്ട് അതൊക്കെ താല്‍ക്കാലികവും സാപേക്ഷവുമായാണ് എന്നാല്‍ ഈ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത് സാര്‍വത്രികവും, ശാശ്വതവും ആത്യന്തികവുമായ സമാധാനമാണ്. അതിനുള്ള ഒരേയൊരു വഴി എന്നത് അദ്വൈത ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഏകത്വബോധം മാത്രമാണ്. ഈ സത്യം കുറച്ചു പേരുടെയെങ്കിലും മനസില്‍ എത്തിക്കാന്‍ സാധിച്ചു. മനുഷ്യമനസ്സാണല്ലോ സമാധാനം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും. ലോകസമാധാന നില കൈവരേണ്ട ആ മാറ്റം ഏത് തരത്തിലുള്ളതായിരിക്കണം എന്നാണ് ഈ സമ്മേളനം വെളിപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് മുനി ഗുരു ഈ സമ്മേളനത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. (ആത്മായനം)
അദ്വൈത ദര്‍ശനത്തിന്റെ
മര്‍മ്മവും, സാരവും
ഓരോ മനുഷ്യനും ഉള്‍പ്പെടുന്ന ഈ മാനവ ജനത മുഴുവനും പ്രപഞ്ചസത്തയുടെ ഒരംശം മാത്രമാണ്. പ്രബന്ധത്തിന് മുഴുവന്‍ ആധാരമായിരിക്കുന്ന ഒരു കാരണസത്തയുണ്ടെന്ന് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പറയുന്നു. ഇപ്പോള്‍ ആധുനിക ഭൗതിക ശാസ്ത്രങ്ങളും ഇത് സമ്മതിക്കുന്നു. ആ സത്യത്തിന്റെ സ്വഭാവും, സ്വരൂപവും എന്ത് എന്ന കാര്യത്തില്‍ ഈ രണ്ട് ശാസ്ത്രങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ല.
ഈ ആധാര സത്യത്തില്‍ നിന്ന് വേറിട്ട് ഈ പ്രപഞ്ചത്തിനോ, അതിന്റെ വ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന മനുഷ്യനോ ഉണ്മയില്ല. പ്രബന്ധ വ്യവസ്ഥ അജ്ഞേയവും ആണ്.
ഈ ആധാരസത്യം, സ്വന്തം ക്രിയാത്മകതയാല്‍ പല ഭാവങ്ങളും രൂപങ്ങളും കൈവരിക്കുന്നു. ഇങ്ങനെ കൈവരിക്കുന്ന ഭാവങ്ങളില്‍ ഒരു പ്രതിഭാസം മാത്രമാണ് താന്‍ എന്നും, ആ സത്യത്തില്‍ നിന്നും വേറിട്ടുള്ള ഉണ്‍മ തനിക്കില്ലെന്നും ദൃഢനിശ്ചയം വന്ന്, ആ സത്യത്തില്‍ തന്നെ തന്റെ ഉണ്‍മയെ കണ്ട് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം അര്‍ത്ഥമുള്ളതും, സ്വസ്ഥതയുള്ളതും, ആനന്ദപൂര്‍ണ്ണവുമായിത്തീരുന്നതും. ഇതാണ് അദ്വൈത ദര്‍ശനത്തിന്റെ മര്‍മ്മം. ഇതാണ് നാരായണഗുരുവിന്റെ അദ്വൈത ദര്‍ശനസാരവും.
മനുഷ്യവര്‍ഗ്ഗത്തിലെ ഭൂരിപക്ഷം ആളുകളും ജീവിക്കുന്നത്, താന്‍ ആ ആത്യന്തിക സത്യത്തിന്റെ, താല്‍ക്കാലിക (നൈമിഷിക) ഭാവസ്ഫുരണം മാത്രമാണ് എന്ന് മൗലീകബോധം ഇല്ലാതെയാണ്. ലോകത്തെ നിയന്ത്രിക്കുന്ന നേതാക്കന്മാര്‍ ഉള്‍പ്പെടെ ഈ തലത്തിലാണ് ജീവിക്കുന്നത്. ഇക്കാരണത്താലാണ് ഒരു വ്യക്തിയുടെ താല്പര്യം മറ്റൊരു വ്യക്തിയുടെ താല്പര്യവും തമ്മില്‍ ഇണങ്ങാതെ വരുന്നത്. ഒരു രാജ്യത്തിന്റെ താല്പര്യം മറ്റൊരു രാജ്യത്തിന്റെ താല്പര്യത്തിന് ഇണങ്ങാതെ വരുന്നു. ഒരു മതത്തിന്റെ വീക്ഷണം മറ്റൊരു മതത്തിന്റെ വീക്ഷണത്തിന് യോജിക്കാതെ വരുന്നു.
ഇത്തരം ചേരിതിരിവുകളും, അതിനെ ന്യായീകരിക്കുന്ന ശാസ്ത്രങ്ങളും, പ്രത്യയശാസ്ത്രങ്ങളും എല്ലാം ചേര്‍ന്ന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്, മനുഷ്യരാശി ഇന്ന് നേരിടുന്ന വിവിധ തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇന്ന് ലോകത്ത് മുഴുവന്‍ ഉള്ള മനുഷ്യരുടെയും സമാധാനം കെടുത്തുന്ന പ്രശ്‌നങ്ങളായി ഇവ മാറിയിട്ടുണ്ട്.
അസമാധാനം ഒരു അളവ് വരെ എവിടെയും, എല്ലാവരും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് മുര്‍ച്ഛിക്കുന്ന സന്ദര്‍ഭത്തില്‍ അതതു രംഗത്ത് സമാധാനം കണ്ടെത്താനുള്ള വഴികള്‍ നേതാക്കന്‍മാര്‍ ആലോചിക്കാറുണ്ട്. തല്‍ക്കാലത്തേക്ക് ചില പ്രതിവിധികള്‍ കണ്ടെത്തി തീ അണക്കാന്‍ സാധിച്ചെന്നിരിക്കും. ഇതിനെ നടരാജഗുരു വിശേഷിപ്പിച്ചത് കഠിനരോഗം വന്ന്, കടുത്ത വേദന അനുഭവിക്കുന്ന ഒരു രോഗിക്ക് താല്‍ക്കാലിക ആശ്വാസം കിട്ടാനായി മരുന്നോ ശുശ്രൂഷയോ നല്‍കുന്ന പോലെയാണിത് എന്നാണ്. രോഗത്തെ വേരോടെ പിഴുത് മാറ്റുന്ന ചികിത്സയാണ് ഇവിടെ വേണ്ടത്. മനുഷ്യരാശി നേരിടുന്ന മുഴുവന്‍ ആഗോള പ്രശ്‌നങ്ങള്‍ക്കും ഇത്തരത്തിലുള്ള താല്‍ക്കാലികവും, പ്രാദേശികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് അപ്പുറത്ത്, മനുഷ്യന് ഈ ലോകത്തിന്റെ ഭാഗമായി സമാധാനത്തോടെ ജീവിക്കാന്‍ ആവശ്യമായ ചികിത്സയാണ് നല്‍കേണ്ടത്.
ശ്രീനാരായണഗുരുവിന്റെ
സ്വാധീനം
ഇത്തരമൊരു സമ്മേളനം നടത്തണമെന്ന ആശയത്തിന്റെ ആദ്യത്തെ വിത്ത് പാകിയത് ഇതേ കേരളക്കരയുടെ തെക്കേയറ്റത്ത് ഒരു നൂറ്റാണ്ട് കാലം മുമ്പ് ജീവിച്ച ശ്രീനാരായണഗുരു എന്ന ഋഷിയാണ്. അദ്ദേഹം ഒരു സാധാരണക്കാരനേപ്പോലെ ജനിച്ചു ജീവിച്ച ആളായിരുന്നു. എന്നാല്‍ അദ്ദേഹം മോഹന്‍ജദാരോ, ഹാരപ്പാ എന്നിങ്ങനെയുള്ള അതിപുരാതനമായ സംസ്‌കാരങ്ങളുടെ കാലം മുതല്‍, ഭാരതത്തില്‍ പരമ്പരയായി ജീവിച്ചു പോന്നിട്ടുള്ള ജ്ഞാനികളുടെ പരമ്പരയില്‍പ്പെട്ടയാളായിരുന്നുവെന്നതിന് ഒരു സംശയവും ഇല്ലാത്തതാണ്. എല്ലാവരും തള്ളിക്കളഞ്ഞ ഈ കേരളക്കരയുടെ അങ്ങോളമിങ്ങോളം അദ്ദേഹം സഞ്ചരിച്ചു. ഈ നാടാകട്ടെ ഐക്യമില്ലായ്മയ്ക്കും, അഭിപ്രായൈക്യമില്ലായ്മയ്ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ചതുമാണ്. അതിന് ചരിത്രപരമോ ഭൂമിശാസ്ത്രപരമായതോ ആയ കാരണങ്ങള്‍ ഉണ്ടാകാം. അതേ സമയം കാലവര്‍ഷം കനിഞ്ഞ് അനുഗ്രഹിക്കുന്ന ഈ നാട്ടില്‍ അറേബ്യന്‍ സമുദ്രത്തിന്റെ മറുകരയില്‍ നിന്നും കാലാകാലമായി ആളുകള്‍ ഇവിടെ കുടിയേറി പാര്‍ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനാരായണഗുരു ഈ നാടിനെ വളരെയധികം സ്‌നേഹിച്ചു. അതേ സമയത്ത് തന്നെ മനുഷ്യരാശിയെ ഒന്നാകെയും സ്‌നേഹിച്ചു. മനുഷ്യരോടുള്ള സ്‌നേഹത്തിന്റെയും ഒപ്പം തന്നെ പരമമായ സത്യത്തിനോടുള്ള പ്രേമത്തിന്റേതുമായ സന്ദേശം മനുഷ്യര്‍ക്ക് നല്‍കിയതോടൊപ്പം, അദ്ദേഹം ആ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ജീവിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുമുള്ള സോപാധിക താല്പര്യങ്ങളുടേതായ അതിര്‍വരമ്പുകള്‍ മനുഷ്യന് എത്രമാത്രം ദോഷം ചെയ്യുമെന്നും അദ്ദേഹം പഠിപ്പിച്ചു. ലോകത്ത് എവിടെയുമുള്ള മനുഷ്യരാശിയുടെ നന്മ നിലനില്‍ക്കുന്നതിന് വേണ്ടി ഈ സത്യം പുലരേണ്ടത് എത്ര ആവശ്യമാണെന്ന് അദ്ദേഹം കണ്ടറിഞ്ഞു. ഒരു നൂറ്റാണ്ട് കാലത്തിലധികമായി നീണ്ടുനില്‍ക്കുന്നതാണ് അദ്ദേഹം ചെലുത്തിയ സ്വാധീനം.
മനുഷ്യ നന്മയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉള്ള സത്യസന്ധതയെ ആര്‍ക്കും ഇതുവരെ ചോദ്യം ചെയ്യാനായില്ല. പരമ്പരാഗതമായ കീഴ്‌വഴക്കങ്ങള്‍ വച്ച് നോക്കിയാല്‍ അദ്ദേഹം ഒരു യാഥാസ്ഥിതിക ഹിന്ദുവായിരുന്നില്ല. എന്നാല്‍ ഒരു ഹിന്ദുവായി തന്നെ കണക്കാക്കുന്നതില്‍ വിരോധം കാണിച്ചിട്ടുമില്ല. എന്നാല്‍ മതപരമായ യാഥാസ്ഥിതികതയുടെ അതിര്‍വരമ്പുകളെല്ലാം അതിലംഘിച്ചുകൊണ്ട് ഗുരുപറഞ്ഞിട്ടുണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
ഒന്നിനെയും അന്യമായി കാണാത്ത തരത്തിലുള്ള തുറന്നതും, സകലതിനെയും ഉള്‍ക്കൊള്ളുന്നതുമായ ഈ സമീപനം തന്നെയാണ് മനുഷ്യന് താല്പര്യമുള്ള എല്ലാ മണ്ഡലങ്ങളിലും, പ്രശ്‌നങ്ങളിലും ഗുരു സ്വീകരിച്ചു പോന്നിട്ടുള്ളതും.
മതങ്ങളുടെ പേരിലുള്ളതായാലും സാമൂഹികതയുടെ പേരിലുള്ളതായാലും പ്രത്യയശാസ്ത്രങ്ങളുടെ പേരിലുള്ളതായാലും ദേശാഭിമാനത്തിന്റെ പേരിലുള്ളതായാലും എന്തിനേറെ സ്ത്രീപുരുഷ ഭേദത്തിന്റെ പേരിലായാല്‍ പോലും മനുഷ്യനെ സാപേക്ഷമായി വേര്‍തിരിച്ചു നിര്‍ത്തുന്ന അതിര്‍ വരമ്പുകളെയെല്ലാം ഞങ്ങളിവിടെ ഏകാത്മതാ ബോധം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്ന അറിവുകൊണ്ട് ഇല്ലാതാക്കുകയോ പരിഹരിക്കുകയോ ചെയ്യാന്‍ സാധിക്കുമെന്ന് ഗുരുവിന് നല്ല ബോധ്യം ഉണ്ടായിരുന്നു.
ഏകാത്മകതാ ബോധം എന്നതുകൊണ്ട് ഞങ്ങളിവിടെ അര്‍ത്ഥമാക്കുന്നത് മനുഷ്യനെ മോചിതനാക്കി തീര്‍ക്കുന്ന പരമമായ സത്യം എന്നല്ലാതെ മറ്റൊന്നുമല്ല.
മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങളെ പരമമായ സത്യത്തിന്റെ വെളിച്ചത്തില്‍ ഏകാത്മകമായി സമീപിക്കുന്ന രീതി, പണ്ട്കാലം മുതല്‍ ഭാരതത്തില്‍ നിലനില്‍ക്കുന്ന അദ്വൈതദര്‍ശനത്തിന് സമാനതയുള്ളതാണ്. ഭാരതീയമായ അദ്ധ്യാത്മിക ജ്ഞാനത്തിന്റെ അന്ത:സാരം ഈ രീതി തന്നെയാണ്.
ഈ ആദ്ധ്യാത്മീക ജ്ഞാനത്തിന് ആവശ്യമായ തിരുത്തലുകള്‍ നടത്തി വില പുതുക്കി അവതരിപ്പിക്കുവാനുള്ള ഭാഗ്യം ഉണ്ടായത് ലോകത്തിന്റെ ഈ കോണില്‍ വന്നു ജനിക്കാന്‍ ഇടയായ ശ്രീനാരായണഗുരുവിനാണു താനും.
എല്ലാവര്‍ഷവും 11 ദിവസം നീണ്ടുനില്‍ക്കുന്ന വെറുമൊരു ആഘോഷമാക്കി ഇതിനെ മാറ്റുവാനല്ല ഞങ്ങള്‍ക്ക് ഉദ്ദേശം. ഇത് എല്ലാവര്‍ഷവും നടത്തിക്കൊണ്ട് പോകണം. ഇതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല, ഇവിടെ ഞങ്ങള്‍ ഏകാത്മകതാ ബോധം എന്ന് വിളിക്കുന്ന സമീപനരീതി വച്ച് കൊണ്ട് ലോകത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ശ്രമം നടത്തുക എന്നതാണ്.
ലോകത്തിന്റെ സമാധാനം കെടുത്തുന്ന സംഭവങ്ങളാണ് യുദ്ധങ്ങള്‍. ഓരോ യുദ്ധത്തിന് മുന്‍പും, പിന്‍പും കടുത്ത അനീതികളും, സര്‍വനാശവും സംഭവിക്കുന്നു. ഇത്തരംസംഭവങ്ങള്‍ രൂപം കൊള്ളാനുള്ള സാദ്ധ്യത മനുഷ്യമനസ്സില്‍ അങ്കുരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, അവയെല്ലാം മുളയിലേ നുള്ളിക്കളയുവാന്‍ സാധിക്കും.
‘യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ്’ എന്നത് ഐക്യരാഷ്ട്രസഭ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യമനസ്സിലാണ് സര്‍വനാശത്തിനും സാധ്യതകള്‍ ആദ്യം നാമ്പിടുന്നത്. അതിനാല്‍ അതിനുള്ള പരിഹാരം ഉണ്ടാക്കേണ്ടതും മനുഷ്യമനസ്സില്‍ തന്നെയാണ്. മനുഷ്യവര്‍ഗത്തിന്റെ ഒരംശത്തെ പരസ്പരം കൊന്നൊടുക്കിക്കൊണ്ട് ഒരിക്കലും സമാധാനം ഉണ്ടാകുന്നില്ല. ഇങ്ങനെ കൊന്നൊടുക്കുന്നതിന് ശത്രുനാശം എന്നോ വീരമൃത്യു എന്നോ ഒക്കെ സന്ദര്‍ഭത്തിനു ചേര്‍ന്ന രീതിയില്‍ ന്യായീകരിക്കുന്നു എന്നു മാത്രം.
സമ്മേളനത്തില്‍ തെരഞ്ഞെടുത്ത ചര്‍ച്ചാവിഷയങ്ങള്‍ മുഴുവനും, മനുഷ്യ നന്മയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും പുതിയൊരു കാഴ്ചപ്പാടോടു കൂടി നോക്കിക്കണ്ട് അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിഷയങ്ങളെ വിശാല മനസ്‌കതയോടെയും ഉദാരതയോടെയും ആഗോളമായ സമീപനത്തോടെയും കൂടിയായിരിക്കും സമീപിക്കേണ്ടത്. ഇത്തരം സമീപനം മാത്രമേ, ഏകാത്മകതാ ബോധത്തില്‍ അടിസ്ഥാനമായ ശാശ്വത പ്രശ്‌നപരിഹാരം സാധ്യമാകൂ. അതതു പ്രശ്‌നത്തെ ഓരോരുത്തരും സമീപിക്കേണ്ടത് അത് മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നം എന്ന രീതിയില്‍ കണക്കിലെടുക്കണം. ലോക കാര്യങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു വേദിയായി ഒരു കാലത്ത് ഇത് വളരണം. എങ്കില്‍ മാത്രമേ സ്വന്തം സന്തോഷത്തിന്റെയും, സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ മനുഷ്യര്‍ക്ക് ഒരു ഐക്യം ഉണ്ടാകുകയുള്ളു.
9400919306