മനോമോഹനമായ രക്ഷപ്പെടുത്തലുകൾ

ചൈന പ്രായോഗിക രാഷ്ട്രീയ-സാമ്പത്തികത്തിന്റെ ഉസ്താദായി മാറാൻ തുടങ്ങിയത് ദെങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിനെത്തുടർന്ന് ഇത്രയും നാടകീയവും കണ്ണഞ്ചിപ്പിക്കുന്നതുമായ സാമ്പത്തിക സൗഭാഗ്യങ്ങൾ , ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവവേദ്യമാക്കിയ ഒരു രാജ്യവും ലോകചരിത്രത്തിലില്ല .ഇന്നിപ്പോൾ ചൈനയ്ക്ക് ശേഷം ലോകത്തെ മൂന്നാം നമ്പർ സാമ്പത്തികശക്തിയെന്ന നിലയിൽ, രണ്ടു വർഷത്തിനുള്ളിൽ ,എത്താൻ പോകുന്ന ഇന്ത്യ, 2047-ൽ വികസിത രാജ്യമെന്ന നിലയിലേക്ക് ഉയരാനുള്ള അടിത്തറ പാകിയത് മൻമോഹൻ സിംഗാണ്
ഗജസമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ, 1990-91-ൽ, അടിതെറ്റിയ അവസരത്തിൽ, വീഴാതെ കാത്ത ധനമന്ത്രിയായിരുന്നു മൻമോഹൻസിംഗ്. അതുപോലെതന്നെ 2008–09 ൽ ലോകത്തെയാകെ ബാധിച്ച ധന പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും നമ്മുടെ രാജ്യത്തെ ഗ്രസിക്കാതെ കാത്തുസൂക്ഷിച്ച പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ ഔദാര്യങ്ങളല്ല ദുർബലർക്ക് വേണ്ടതെന്നും, ആർക്കും ലംഘിക്കാൻ കഴിയാത്ത അവകാശ നിയമങ്ങൾ ഉണ്ടാക്കി അവരെ സംരക്ഷിക്കുകയാണ് വേണ്ടതെന്നുമുള്ള ആശയത്തെ പ്രാവർത്തികമാക്കിയ ഭരണത്തലവനുമായിരുന്നു മൻമോഹൻ സിംഗ്.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി സമയത്ത് പ്രധാനമന്ത്രിയായി വന്ന നരസിംഹറാവു തന്റെ ധനമന്ത്രിയായി കണ്ടെത്തിയത് സാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിലും അവയുടെ പ്രയോഗങ്ങളിലും അഗാധ ജ്ഞാനമുള്ള മൻമോഹനെയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം നഷ്ടപ്പെടുംവിധം വിദേശനാണ്യ ശേഖരം വരണ്ടുപോയ സമയമായിരുന്നു അത്. മൂന്നുമാസത്തെ വിദേശ ബാധ്യതകൾ കൊടുത്തു തീർക്കാനുള്ള സംഖ്യയെങ്കിലും കരുതലായി വേണമെന്ന സാമ്പത്തിക കൽപ്പനയുടെ സ്ഥാനത്ത് മൂന്നാഴ്ചത്തെ ഇറക്കുമതിബിൽ അടക്കാനുള്ള മറുനാടൻപണം മാത്രമേ ഖജനാവിൽ ഉണ്ടായിരുന്നുള്ളു. രാജ്യത്തിന്റെ ആഗോള സാമ്പത്തിക റേറ്റിംഗ്, പ്രതിസന്ധി കാരണം, താഴെത്തട്ടിലേക്ക് വന്നുചേർന്നതിനാൽ വിദേശകടമെടുക്കാനുള്ള അവസരവും കൊട്ടിയടക്കപ്പെട്ടു. ഏറ്റവും രൂക്ഷമായ ഈ ധനത്തകർച്ചയെ വലിയ പരിവർത്തനങ്ങൾക്കുള്ള അവസരമാക്കി മാറ്റാൻ കഴിഞ്ഞിടത്താണ് മൻമോഹൻ സിംഗിനോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്.
ദുർഘടസ്ഥിതി മറികടക്കാനായി അദ്ദേഹം ആദ്യം ചെയ്തത് രൂപയുടെ വിദേശ മൂല്യം രണ്ടുതവണയായി 18% കുറച്ചുകൊണ്ട് വിദേശ നാണ്യ വരവ് കൂട്ടുന്നതിന് പ്രചോദനമേകി. അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പ സ്വീകരിച്ചുകൊണ്ട് രക്ഷാ കവചങ്ങൾ തീർക്കാനും അദ്ദേഹം സന്നദ്ധമായി. വായ്പ അനുവദിക്കുന്നതിനായി ഐഎംഎഫ് മുന്നോട്ടുവച്ച വ്യവസ്ഥകളെ പ്രതിസന്ധിഘട്ടത്തിലെ അവസരങ്ങളായിട്ടാണ് അദ്ദേഹം വീക്ഷിച്ചത്. പിന്നീടങ്ങോട്ട് സാമ്പത്തിക ഉദാരവൽക്കരണ നടപടികളുടെ ഘോഷയാത്രയാണ് ഇന്ത്യ കണ്ടത് .രാജ്യത്തെ ഉത്പാദന ക്രമത്തെ ശ്വാസംമുട്ടിക്കുന്ന തരത്തിലെത്തിയിരുന്ന ലൈസൻസ്- പെർമിറ്റ് ദുർഭരണത്തിന് അറുതി വരുത്തുകയായിരുന്നു ആദ്യ നടപടി. സാമ്പത്തിക സംരംഭങ്ങൾ ആരംഭിക്കാനും വളർത്താനുമുള്ള വ്യവസ്ഥകൾ ബിസിനസ് – സൗഹൃദ രീതിയിൽ കരുപ്പിടിപ്പിച്ചു .

ബിസിനസ് സംരംഭങ്ങളുടെ ഉത്പാദന തോത് ഉയര്‍ത്താനും വൈവിധ്യ മേഖലകളിലേക്കുള്ള അവരുടെ പ്രവേശനത്തിനും തടസ്സമായി നിലനിന്ന കുത്തക നിയമം പൊളിച്ചടുക്കി. വിദേശമൂലധനത്തിനും നിക്ഷേപത്തിനും തൊട്ടുകൂടായ്മകൾ നിഷ്കർഷിച്ചിരുന്ന നിയമങ്ങൾ തിരുത്തി എഴുതി .57 ശതമാനമായിരുന്ന കോർപ്പറേറ്റ് നികുതികൾ 46 ശതമാനത്തിലേക്ക് താഴ്‌ത്തിക്കൊണ്ട് അവരുടെ നിക്ഷേപങ്ങൾക്ക് പ്രചോദനമേകി. വ്യക്തിഗത വരുമാനങ്ങളിൻമേലുള്ള വരുമാന നികുതി 56%-ൽ നിന്ന് 46%-മായി കുറച്ചുകൊണ്ടും, നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയർത്തിക്കൊണ്ടും ജനങ്ങളുടെ ഉപഭോഗ ചെലവ് ഉയർത്തുവാനും അതുവഴി ഉല്പാദന വളർച്ചയ്ക്കുള്ള സ്രോതസാക്കാനും നടപടിയെടുത്തു. സർവ്വവ്യാപിയായ പൊതുമേഖലയുടെ കുത്തക അവശ്യം വേണ്ട രംഗങ്ങളിൽ മാത്രമാക്കാനും മറ്റു തുറകൾ സ്വകാര്യമേഖലയ്ക്ക് കൂടി തുറന്നിടാനും തീരുമാനമുണ്ടായി .പല ഉൽപ്പന്നങ്ങളിൽ മേലുള്ള ഇറക്കുമതി ചുങ്കം ഗണ്യമായി കുറച്ചുകൊണ്ട് സ്വദേശത്തെ ഉത്പാദകരെ സംരക്ഷണത്തിന്റെ ശീതളച്ഛായയിൽ വസിക്കാതെ അന്യദേശങ്ങളുടെ ഉൽപ്പന്നങ്ങളുമായുള്ള മത്സരത്തിലൂടെ അവരുടെ ഉത്പാദനക്ഷമതയെ ഉയർത്താനും, ചെലവ് കുറയ്ക്കാനുമുള്ള അരങ്ങൊരുക്കി .
ഒരർത്ഥത്തിൽ, അൽപ്പവികസിത രാജ്യമായ ചൈനയെ ലോകത്തെ രണ്ടാം നമ്പർ സാമ്പത്തിക ശക്തിയായി ഉയർത്തിയതിന്റെ അടിത്തറ പാകിയ ദെങ്ങിന്റെ പ്രവർത്തനങ്ങളോട് സാമ്യപ്പെടുത്താവുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ മൻമോഹൻസിംഗ് ചെയ്തത്. ചൈന പ്രായോഗിക രാഷ്ട്രീയ-സാമ്പത്തികത്തിന്റെ ഉസ്താദായി മാറാൻ തുടങ്ങിയത് ദെങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിനെത്തുടർന്ന് ഇത്രയും നാടകീയവും കണ്ണഞ്ചിപ്പിക്കുന്നതുമായ സാമ്പത്തിക സൗഭാഗ്യങ്ങൾ ,ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവവേദ്യമാക്കിയ ഒരു രാജ്യവും ലോകചരിത്രത്തിലില്ല .ഇന്നിപ്പോൾ ചൈനയ്ക്ക് ശേഷം ലോകത്തെ മൂന്നാം നമ്പർ സാമ്പത്തികശക്തിയെന്ന നിലയിൽ, രണ്ടു വർഷത്തിനുള്ളിൽ ,എത്താൻ പോകുന്ന ഇന്ത്യ ,2047-ൽ വികസിത രാജ്യമെന്ന നിലയിലേക്ക് ഉയരാനുള്ള അടിത്തറ പാകിയത് മനുമോഹൻ സിംഗാണ് ; തീർച്ചയായും അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണയും പ്രോത്സാഹനവും നൽകിയത് നരസിംഹറാവു തന്നെയായിരുന്നു. 1978-ൽ ഇന്ത്യയും ചൈനയും സാമ്പത്തികമായി ഒരേനിലയിലായിരുന്നുവെങ്കിലും, ചൈന സാമ്പത്തിക പരിഷ്കാരങ്ങളുടെ പാതയിലേക്ക് 1978ൽ മാറിയെങ്കിൽ ,1991-ൽ മാത്രമാണ് ഇന്ത്യക്ക് അതിന് കഴിഞ്ഞത്. വൈകിയെങ്കിലും മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് മൻമോഹന്റെ മഹിമ വർദ്ധിപ്പിക്കുന്നു.
മൻമോഹൻ സിംഗ് രാഷ്ട്രത്തിന്റെ രക്ഷകനാകുന്നതിന്റെ രണ്ടാമൂഴം സംഭവിക്കുന്നത്, ലോകത്തെയാകെ ബാധിച്ച ധനപ്രതിസന്ധിയുടെയും അതുവഴി വന്നുഭവിച്ച മാന്ദ്യകാലവുമായ 2008-09ലായിരുന്നു. വളരെ അയഞ്ഞ നിയന്ത്രണങ്ങൾ മാത്രം ഉണ്ടായിരുന്ന ലോകത്തെ പല ധനകാര്യ സ്ഥാപനങ്ങളും തകരുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം വഴുതിവീഴുകയും ചെയ്ത സമയമായിരുന്നു അത്. എന്നാൽ റിസർവ്ബാങ്ക് ഗവർണറായും ധനമന്ത്രിയായും മറ്റു നിലകളിലും പ്രവർത്തിച്ച കരുത്തുമായി പ്രധാനമന്ത്രിപദത്തിൽ എത്തിയ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിന് ഇന്ത്യയിലെ ധന സ്ഥാപനങ്ങളുടെ തകർച്ച ഒഴിവാക്കാൻ കഴിഞ്ഞു. സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഗ്രസിക്കാതെ കാത്തുസൂക്ഷിക്കുനുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അതിൽ പ്രധാനമായ ഒരിനം കർഷകരുടെ 60,000 കോടി രൂപയിലധികം വരുന്ന കടബാധ്യത എഴുതിത്തള്ളിയതാണ്.

മൻമോഹൻ സിംഗ് എന്ന പ്രധാനമന്ത്രി അപകട സാധ്യത ഏറ്റെടുക്കാനുള്ള കരുത്ത് തെളിയിച്ചതും, രാഷ്ട്രത്തിനു വലിയ നേട്ടം സമ്മാനിച്ചതുമാണ് 2005-ൽ അമേരിക്കയുമായി ഒപ്പിട്ട ആണവക്കരാർ. ഈ ഉടമ്പടി വഴി ന്യൂക്ലിയർ രംഗത്ത് ഇന്ത്യയ്ക്ക് കൽപ്പിച്ചിരുന്ന 30 വർഷമായുള്ള അയിത്തം മാറിക്കിട്ടാനുള്ള അവസരമാണ് വന്നുചേർന്നത്. ആണവ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ സമ്പുഷ്ട യുറേനിയത്തിന്റെ ലഭ്യത മാത്രമല്ല ഇതുമൂലം സംജാതമായത് ;ന്യൂക്ലിയർ സാങ്കേതിവിദ്യയുടെ ലഭ്യതയും സൗകര്യപ്രദമാക്കി.
വൻ സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരമൊരുക്കിയ അദ്ദേഹത്തിന് അതിന്റെ അഭികാമ്യമല്ലാത്ത പാർശ്വഫലങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. സാമ്പത്തിക വളർച്ചയെന്ന ട്രപ്പീസിയംകളിയിൽ ധന കരുത്ത് ഇല്ലാത്തവർ നിലം പൊത്തുമെന്നും അവർക്കായി സുരക്ഷിതത്വ വലകൾ വിരിക്കണെന്നുമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പരമ്പരാഗത ചിന്തകളെ ഭേദിക്കുവാൻ കഴിഞ്ഞടത്താണ് മൻമോഹന്റെ മഹത്വം കുടികൊള്ളുന്നത്. അമർത്യാസെന്നിനെ പോലുള്ളവർ ചൂണ്ടിക്കാണിച്ച വഴിയാണ് അദ്ദേഹവും സ്വീകരിച്ചത് നിസ്വരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ അവർക്കു വേണ്ടത് ദാനങ്ങൾ അല്ലെന്നും, അവകാശങ്ങൾ നൽകി അവരെ ശക്തരാക്കണമെന്നുള്ള മാർഗമാണ് അദ്ദേഹം നടപ്പിലാക്കിയത്. ഒരു കുടുംബത്തിന് ഒരു വർഷം 100 ദിവസത്തെ തൊഴിലുറപ്പാക്കുന്ന നിയമം കൊണ്ടുവന്നു. ലോകത്ത് തന്നെ ഏറ്റവും വലിയ തൊഴിൽ അവകാശ സാക്ഷാത്കാരമായി ആ പദ്ധതി മാറി. ഭക്ഷ്യസുരക്ഷയ്ക്കുള്ള അവകാശവും നിയമത്തിലൂടെ ഉറപ്പാക്കി. 2009ൽ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം-ആറു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് അനുശാസിക്കുന്ന നിയമം-മറ്റൊരു നാഴികക്കല്ലാണ്. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ അധികാരികളെ ചുമതലപ്പെടുത്തുന്ന വിവരാവകാശ നിയമം സാധാരണക്കാരുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാനുള്ള ഒരു മാർഗ്ഗമായിമാറി.അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന പത്തുവർഷക്കാലത്തെ ശരാശരി സാമ്പത്തിക വളർച്ചാനിരക്കായ 7.5 ശതമാനമെന്നത് ഒട്ടനവധി പേരെ ദാരിദ്ര്യ രേഖയുടെ മുകളിൽ കൊണ്ടുവരാനും സഹായകരമായി.