സകലതിനെയും തന്നില്‍ നിന്നന്യമല്ലാതെ
പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്യന്തികമായ കാരണമെന്ത്? ആ കാരണത്തെ പരമേശ്വരന് എന്നും ബ്രഹ്മാവെന്നും വിഷ്ണുവെന്നും ശിവനെന്നും മാത്രമല്ല പരം എന്നും കൂടി ഗുരു വിളിക്കുന്നുണ്ട്. വിളിക്കുന്ന പേരുകളിലല്ല മറിച്ച് ആ പേരുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്നാണ് നാം മനസ്സിലാക്കേണ്ടത്.
ദര്‍ശനമാലയിലെ ആദ്യ അദ്ധ്യായമായ ‘അധ്യാരോപദര്‍ശനം’, നാം ഈ കാണുന്ന പ്രപഞ്ചത്തെ അംഗീകരിച്ചുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് എല്ലാവര്ക്കും നേരിട്ട് അറിയാവുന്നതില്‍ തുടങ്ങി ഇതുവരെ അറിഞ്ഞിട്ടില്ലാത്തതും അറിയേണ്ടതുമായതിലേക്ക് കടന്നുപോകുന്ന രീതിയിലാണ്. ദര്‍ശനമാല എന്ന കൃതി ബ്രഹ്മവിദ്യയുടെ സ്വരൂപമാണല്ലോ അവതരിപ്പിക്കുന്നത്. അത് തുടങ്ങുന്നത് നമ്മളെല്ലാം ജനിക്കാനിടയായതും ജീവിക്കുന്നതുമായ ഈ പ്രപഞ്ചത്തിന്റെ ഉണ്മയുടെ പ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ്. അത് വച്ചുകൊണ്ടാണ് പ്രപഞ്ചത്തെ സംബന്ധിക്കുന്ന സമഗ്രമായ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈയൊരു നിലപാട് ദാര്‍ശനിക ചിന്തയില്‍ മാത്രമല്ല, വെറും സാധാരണ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഉപയുക്തമാണ്.
അധ്യാരോപദര്‍ശനത്തിലെ, അധ്യാരോപം എന്ന വാക്കിലെ രണ്ടുഭാഗങ്ങളാണ് ‘അധി’ എന്നതും ‘ആരോപം’ എന്നതും. രണ്ടും ഒരേ സമയം അറിവില്‍ നടക്കുന്ന ആന്തരികമായ ഒരു കല്പനയെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് ഇവിടെ ബോധത്തില്‍ നടക്കുന്ന ഒരു വ്യക്തിക്കാണ് മുഖ്യസ്ഥാനം. മാത്രമല്ല ഈ അദ്ധ്യായത്തിന് ആകെക്കൂടി ഒരു ആന്തരികഭാവത്തിന്റെ സ്വഭാവമാണുള്ളത്.
പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്യന്തികമായ കാരണമെന്ത്? ആ കാരണത്തെ പരമേശ്വരന് എന്നും ബ്രഹ്മാവെന്നും വിഷ്ണുവെന്നും ശിവനെന്നും മാത്രമല്ല പരം എന്നും കൂടി ഗുരു വിളിക്കുന്നുണ്ട്. വിളിക്കുന്ന പേരുകളിലല്ല മറിച്ച് ആ പേരുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഒരേ സത്യത്തില്‍ നടക്കുന്ന നിരന്തരമായ സംഭൂതി പ്രക്രിയയിലെ സൃഷ്ടി, സ്ഥിതി, സംഹാരം എന്ന മൂന്ന് വശങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ മാത്രമാണ് ത്രിമൂര്‍ത്തികള്‍. ഏതൊരു സത്യത്തിലാണോ സംഭൂതി പ്രക്രിയ നടക്കുന്നത് അതില്‍ ഈ മൂന്നു ത്രിമൂര്‍ത്തികളും ഏകീഭവിക്കും. ഇങ്ങനെ വ്യത്യസ്ത വശങ്ങളെ വെവ്വേറെയെടുത്ത് കാണിക്കുന്നത് സംഭൂതി പ്രക്രിയയുടെ സ്വഭാവം വെളിവാക്കുന്നതില്‍ അനിവാര്യമായി വരുന്ന ഭാഷാപരമായ ഉപായം മാത്രമാണ്. ഇത്തരത്തില്‍ ത്രിമൂര്‍ത്തികളെ ഒന്നില്‍ ഏകീഭവിക്കുന്നതായി കാണുമ്പോള്‍ ഇവിടെ ഉണ്ടെന്നു തോന്നിപ്പോകുന്ന, ബഹുദൈവസങ്കല്‍പവും വിഗണിക്കത്തക്കതായിത്തീരും. ആധുനികമായ ചിന്താഗതി മാത്രം സ്വീകാര്യമായവര്ക്കുവേണ്ടിയും ഗുരു ഒരാശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. ‘പരം’ എന്നത് കൂടുതല്‍ താത്വികമായി ചിന്തിക്കുവാന്‍ അവസരം നല്കുന്നു. മാത്രമല്ല അതിന് നിരപേക്ഷമായ ഒരു മാനം കൂടിയുണ്ട്. പരമമായ സത്യത്തിന് ഏതെങ്കിലും തരത്തിലുള്ള മനുഷ്യാകാരം നല്കാന് സമ്മതമല്ലാത്തവര്ക്കുവേണ്ടി ഗുരു ഇപ്പറഞ്ഞതിനും അപ്പുറം പോകാന്‍ തയാറായിരിക്കുന്നു. ഗുരു പറയുന്നു, ‘സര്‍വ്വ ഏവസ:’ (സര്‍വ്വവും അവന് തന്നെ). അതായത് പ്രപഞ്ചത്തില്‍ ആദികാരണമെന്നോ അന്തിമകാരണമെന്നോ പറയാവുന്ന ഒന്നായി ‘പര’ത്തെ കാണുന്നു.
അധ്യാരോപദര്‍ശനത്തിലെ അവസാന ശ്ലോകമാകുമ്പോള്‍ ഈ കൃതിയിലാകെക്കൂടിയുള്ള ധ്യാനവിഷയത്തിന്റെ നിഷ്പക്ഷ സ്വഭാവം അതിന്റെ പരകോടിയിലെത്തുന്നു. 6-ാം ശ്ലോകത്തിലും ധ്യാനാത്മകമായി ചിന്തിച്ച് മനസ്സിലാക്കേണ്ട ഈ സത്യത്തെ, യോഗി, സിദ്ധിവൈഭവം എന്നൊക്കെയുള്ള നമുക്ക് പരിചിതമായ വാക്കുകളില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ കാര്യത്തിനും കാരണത്തിനും ഇടയിലുള്ള ഒരു നടുനിലയിലാണ് ദൈവത്തിന്റെ അഥവാ പരമമായ സത്യത്തിന്റെ സ്ഥാനം. യോഗിയുടെ സിദ്ധിവൈഭവം പോലെയാണത്. യോഗി ഒരേ സമയം കാര്യവുമാണ് കാരണവുമാണ്. യോഗിയുടെ യോഗവൈഭവമാണല്ലോ സിദ്ധിജാലങ്ങളായി കാണപ്പെടുന്നത്.
ശ്ലോകം ഇങ്ങനെ
”ആസീത് പ്രകൃതിരേവേദം
യഥാഽദൗയോഗവൈഭവ:
വ്യതനോദഥ യോഗീവ
സിദ്ധിജാലം ജഗത്പതി:”
ആദിയില്‍ ഈ പ്രപഞ്ചം യോഗിയുടെ യോഗവൈഭവം എന്ന പോലെ, പ്രകൃതിയായിത്തന്നെ ഇരുന്നിരുന്നു. പിന്നീട് യോഗി സിദ്ധി ജാലത്തെയെന്ന പോലെ, ഈശ്വരന് ഈ പ്രപഞ്ചത്തെ വിസ്താരമാക്കിത്തീര്‍ത്തു. ഉല്‍പ്പത്തിക്ക് മുമ്പ് ഈ ലോകം കേവലം പ്രകൃതിയായിട്ടിരുന്നിരുന്നുവെന്നാണ് ഈ ശ്ലോകത്തില്‍ പറയുന്നത്. എന്താണ് പ്രകൃതി സ്വാഭാവികമായിത്തന്നെ സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളെ അതിശയകരമാംവണ്ണം വെവ്വേറെയാക്കിത്തീര്ത്തിരിക്കുന്നു എന്നുള്ള അര്‍ത്ഥത്തിലാണ് പ്രകൃതി എന്ന പേരുണ്ടായത്. ‘പ്രകര്‍ഷേണ കരോതി ഇതി പ്രകൃതി’ എന്നാണ് ഗുരു നിര്‍വചിച്ചിരിക്കുന്നത്. വേണ്ടവണ്ണം കൃതികള്‍ അഥവാ കര്‍മ്മം ചെയ്തു കൊണ്ടിരിക്കുന്നത് പ്രകൃതി. യോഗിയുടെ സിദ്ധിജാലം പോലെ, പ്രകൃതി കൃതിയോടുകൂടിയായതുകൊണ്ട് അതില്‍ നിന്ന് നിരന്തരം ഓരോന്ന് വെളിപ്പെട്ടുകൊണ്ടിരിക്കും. യോഗിയിലിരിക്കുന്ന യോഗ വൈഭവവമാണ് സിദ്ധിജാലം. വിഭവത്തെ സംബന്ധിക്കുന്നത് വൈഭവം. യോഗവൈഭവമെന്നാല് വേര്‍പെടുത്താനാകാത്ത തരത്തില്‍ യോജിച്ചിരിക്കുന്ന- അനന്യമായിരിക്കുന്നതാണ്. സിദ്ധിജാലമായി പ്രകടമായിത്തീരുന്നതും യോഗിയില്‍ നിന്നും അന്യമല്ല. തന്റെ സഹജമായ പ്രകൃതി ക്രിയാത്മകമായതു മാത്രമാണത്. എന്നാല്‍ യോഗിയുടെ സഹജമായ ഈ അവസ്ഥ അറിയാത്തവര്‍ ഇതിനെ അത്ഭുതമായിക്കാണുന്നു. യോഗി സകലതിനെയും തന്നില്‍ നിന്നന്യമല്ലാതെയാണ് കാണുന്നത്. അതുപോലെ, ജഗത്പിതാവ് തന്നെത്തന്നെ വിസ്താരമാക്കിത്തീര്ത്ത് സ്വയം പ്രപഞ്ചമായിത്തീര്ന്നുവെന്നാണ് ഇവിടെപ്പറയുന്നത്.
(തുടരും)