ആന നമ്മോടും,നാം അവരോടും….!
ഓരോ ജീവിയേയും സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയിലൂടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്. ഓരോ ജീവിയും, അവയുടെ വലിപ്പത്തിനും സ്വാധീനത്തിനും, എണ്ണത്തിനും അനുസരിച്ചു അവയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും കരുപ്പിടിപ്പിക്കുന്നു. ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് പ്രകൃതിയുടെ നിയമമാണ്. ഭക്ഷ്യശൃംഖല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും ഈ ജീവികളുടെയെല്ലാം ക്രമമായ ജീവിതചക്രവുമായി ചേര്‍ന്നുകൊണ്ടാണ്. എന്നാല്‍ ഇവയെല്ലാം ചെന്നെത്തുന്നത് മനുഷ്യനില്‍ വരെ മാത്രമാണ് എന്നതാണ് വിരോധാഭാസം. അതിനപ്പുറത്തേക്ക് ഈ ശൃംഖല കടക്കാത്തത് എന്തുകൊണ്ടാണ്?
കാട്ടാനകളുടെ ആക്രമണം മൂലം മനുഷ്യജീവനുകള്‍ പൊലിയുന്ന വാര്‍ത്ത നിരന്തരം വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് കഴിഞ്ഞദിവസം ഗുരുവായൂരില്‍ രണ്ട് ആനകളെ പാപ്പാന്മാര് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പറത്തുവന്നത്. ഇവരണ്ടും വിവിധ വശങ്ങളില് നിന്ന് നോക്കിക്കാണുമ്പോള്‍ മനുഷ്യരുടെ സംരക്ഷണം എങ്ങിനെ സര്‍ക്കാര്‍ ഉറപ്പാക്കണം എന്ന വസ്തുത ഒരുവശത്തും, മനുഷ്യര്‍ വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ കടന്നുകയറ്റം നടത്തുന്ന വിഷയം മറുവശത്തും ശക്തമായി നിലകൊള്ളുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പരാതിയ്ക്കൊപ്പം നാം വന്യമൃഗങ്ങളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യവും പ്രസക്തമാണ്. ഒരുപക്ഷേ, മനുഷ്യന് വന്യജീവികളോട് പുലര്‍ത്തേണ്ട മര്യാദയും, നൈതികതയും ആദ്യം ചര്‍ച്ചചെയ്തതിനുശേഷം മാത്രമാണ് അവയുടെ കടന്നുകയറ്റത്തെപ്പറ്റി നാം പ്രസംഗിക്കേണ്ടത്. മനുഷ്യന് ഉദാത്തമായ ജീവികള്‍ ആവുമ്പോഴും, മറ്റുജീവികളുടെ ഭാഗത്തുനിന്നും കൂടി സംസാരിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്.
പാരിസ്ഥിതിക
സന്തുലിതാവസ്ഥ
പരിസ്ഥിതിയ്ക്ക് ഒരു താളമുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ (Ecological Balance) എന്ന് നാമതിനെ വിളിക്കാറുണ്ട്. അത് വലിയ അര്‍ത്ഥതലങ്ങള്‍ ഉള്ള ഒരു കാര്യമാണ്. ഓരോ ജീവിയേയും സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയിലൂടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്. ഓരോ ജീവിയും, അവയുടെ വലിപ്പത്തിനും സ്വാധീനത്തിനും, എണ്ണത്തിനും അനുസരിച്ചു അവയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും കരുപ്പിടിപ്പിക്കുന്നു. ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് പ്രകൃതിയുടെ നിയമമാണ്. ഭക്ഷ്യശൃംഖല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും ഈ ജീവികളുടെയെല്ലാം ക്രമമായ ജീവിതചക്രവുമായി ചേര്‍ന്നുകൊണ്ടാണ്. എന്നാല്‍ ഇവയെല്ലാം ചെന്നെത്തുന്നത് മനുഷ്യനില്‍ വരെ മാത്രമാണ് എന്നതാണ് വിരോധാഭാസം. അതിനപ്പുറത്തേക്ക് ഈ ശൃംഖല കടക്കാത്തത് എന്തുകൊണ്ടാണ്? മനുഷ്യനാണോ പ്രകൃതിയിലെ ഏറ്റവും ഉദാത്തമായ ജീവി? ഉത്തരം പ്രകൃതിയ്ക്ക് അറിയാം. പക്ഷേ, നാം അത് നമ്മള് തന്നെയെന്ന് വിധിയെഴുതിയിരിക്കുന്നു. എല്ലാം നമുക്കുകീഴെ എന്ന് നിജപ്പെടുത്തിയിരിക്കുന്നു.
മനുഷ്യന് ഇങ്ങനെ നേടിയ നേട്ടങ്ങളൊക്കെ കൊണ്ടുതന്നെ മനുഷ്യന് എല്ലാം വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞു എന്നാകിലും, മറ്റുള്ള ജീവികളുടെ ജീവനുപോലും ഭീഷണിയാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഭൂഷണമല്ല. കിരീടവും, ചെങ്കോലും, കടിഞ്ഞാണും ഒക്കെ നമ്മുടെ കൈവശമുള്ളപ്പോളും ആ ചിന്താശക്തിയുടെ പിന്‍ബലത്തില്‍ ഓരോ ജീവിയുടെയും പ്രാധാന്യം മനസ്സിലാക്കുകയും, അവയ്ക്കായിക്കൂടി ഈ ഭൂമിയെ ഉപയോഗിക്കുകയും ചെയ്യുക എന്നതല്ലേ പ്രകൃതിയുടെ താളത്തിനൊപ്പം തന്നെ നാം ജീവിക്കുന്നതിന്റെ പൊരുള്‍? ഓരോ ചെറിയ ജീവിയ്ക്കുപോലും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതോടൊപ്പം അവയുടെ സ്വൈര്യവിഹാരത്തെ തടസപ്പെടുത്താന്‍ ഒരു മനുഷ്യനും അവകാശമില്ല. നാം നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുന്നതുപോലെ, മറ്റുള്ള ഓരോ ജീവിയേയും അവരുടെ ഇഷ്ടത്തിനനുസരിച്ചു, അവരുടെ ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയാകും.
ആന അന്നുമിന്നും ഒരു വന്യജീവി മാത്രമാണ്. അതായത് കാറ്റിന്റെ പച്ചപ്പിലും, ശീതളിമയിലുമാണ് അവയുടെ ജീവിതം അവര്‍ ചെലവഴിക്കേണ്ടത്. അവരുടെ പാരമ്പര്യവും, ശാരീരിക അവസ്ഥകളുമൊക്കെ അതിനനുസരിച്ചാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അവിടെനിന്നും നാം പണ്ടുകാലത്തു കൊണ്ടുവന്നു കൂപ്പില് പണിയെടുപ്പിച്ചതോടെ ആനയുടെ ശക്തിയും, വലിപ്പവും നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു ഉപയോഗപ്പടുത്താന്‍ ശ്രമം തുടങ്ങി. നമ്മുടെ കയ്യിലെ ഉപകരണങ്ങളില്‍ നിന്നും അവരില്‍ ഭയം ജനിച്ചതോടെ അവര്‍ അവിടെ കീഴടങ്ങുകയാണുണ്ടായത്. ആ കീഴടങ്ങലില്‍ നിന്നും തിരിച്ചുകയറാനുള്ള മനോബലം ആ ജീവിക്ക് ഉണ്ടാകാതെപോയി. അഥവാ അങ്ങനെ ഉണ്ടായാല്‍ പോലും അതിനെ അതിജീവിക്കാന്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ഫലമോ, മനുഷ്യന്റെ ആജ്ഞയ്ക്കനുസരിച്ചു അവന് പറയുന്നതെന്തും കേട്ടുകൊണ്ടും, അനുസരിച്ചുകൊണ്ടും ഒരു ജീവിതം മുഴുവന്‍ ഹോമിക്കുകയും ചെയ്തു.
അരിക്കൊമ്പന്റെ കാര്യം തന്നെയെടുക്കാം. അവന് എന്തിനാണ് നാട്ടിലേക്ക് വരികയും, കടകള്‍ നശിപ്പിക്കുകയും ചെയ്തത്? മനുഷ്യന്റെ ജീവിതത്തിന് ഭീഷണിയാകുന്ന ഒന്നും നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടതില്ല. മനുഷ്യന്റെ വികാരവും, ജീവനും തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്. എന്നാല്‍, അരിക്കൊമ്പന്റെ അക്രമണത്തിനുകാരണം മനുഷ്യന്റെ കൂടി ഇടപെടല്‍ ഉണ്ടായിരുന്നില്ല എന്ന് പറയാനാകുമോ? കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പോലും പലവിധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവയുടെ ജീവിതം നാം അട്ടിമറിക്കുകയല്ലേ ചെയ്യുന്നത്. അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രകാശമലിനീകരണം കാട്ടിലെ ജീവികളുടെ ജൈവഘടികാരത്തെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് നാം വായിച്ചറിഞ്ഞിരുന്നു. പകലും, രാത്രിയും നമ്മുടെ ഓരോ ജീവിയുടെ ശരീരത്തിലും ഒരുദിവസം നീളുന്ന ഒരു ക്ളോക്ക് ഉണ്ടാക്കിയിരിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ ഇന്നത്തെ ജീവിതം രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ രാത്രിസമയങ്ങള്‍ പോലും വെളിച്ചത്തിന്റെ ആധിക്യത്തില്‍ പകല്‍പോലെ അവശേഷിക്കുകയാണല്ലോ. രണ്ടോമൂന്നോ ദിവസം ഒരുപോള കണ്ണുപോലുമടയ്ക്കാതെയിരുന്നാല് എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്? അതുതന്നെയാണ് കാട്ടിലെയും, നാട്ടിലെയും മറ്റു ജീവികളിലും സംഭവിക്കുന്നത്. അത്തരത്തില്‍ മനോനിലത്തന്നെ തെറ്റുന്നതരത്തില് ആവുന്ന ജീവികള്‍ നാട്ടില്‍ ഇറങ്ങിയെന്നുവരാം. കൂടാതെ കാട്ടിലെ ജീവികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതും, അതിനനുസരിച്ചു കാടിന്റെ വിസ്തൃതി കൂടാതെവരുന്നതും കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
വികാരങ്ങളും വിചാരങ്ങളും
നമ്മുടെ ഓരോ ജീവിതം എന്ന് പറയുന്നത് എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍ മാത്രമാണ്. നമുക്കുചുറ്റുമുള്ള ഏറെക്കുറെ ജീവികളുടേതാവട്ടെ അതിനേക്കാള്‍ കുറവുമാണ്. മനുഷ്യനെപ്പോലെ തന്നെ വികാരങ്ങളും വിചാരങ്ങളും ഒക്കെ ഉള്ളതിനാലാണ് ഇവയൊക്കെ നമ്മുടെ ആവശ്യങ്ങള്‍ക്കൊപ്പം കണ്ടറിഞ്ഞു നമ്മുടെകൂടെ നില്‍ക്കുന്നത്. നായകള്‍ക്കും, പക്ഷികള്‍ക്കും, ആനയ്ക്കുമൊക്കെ വികാരങ്ങളും വിചാരങ്ങളും ഒക്കെയുണ്ടെന്ന് പഠനങ്ങള്‍ ഉണ്ട്.
അങ്ങനെയാവുമ്പോള്‍ ഇക്കഴിഞ്ഞദിവസം ഉപദ്രവിക്കപ്പെട്ട ആ ആനകളുടെ ശരീരത്തിന്റെ വേദനയ്ക്കുമപ്പുറം അവയുടെ മനസ്സിനെക്കൂടി അത് സ്പര്‍ശിച്ചിരിക്കാന്‍ ഇടയില്ലേ? ശക്തമായ അടി ശരീരത്തില്‍ പതിക്കുമ്പോളും, താന്‍ എന്നും കാണുന്ന, തന്റെ തണലായി നില്ക്കുന്ന ഒരു പാപ്പാന് ഇങ്ങനെയാണോ തന്നെ കാണുന്നതെന്ന് കരുതുന്നുന്നുണ്ടാവില്ലേ. അവരുടെ വികാരങ്ങളെ തൊട്ടറിയാന്‍ നമുക്ക് കഴിയാതെ പോകുന്നതുതന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യന് ചെയ്യുന്നതിന്റെ പ്രധാനകാരണം. നമ്മുടെ ശാസ്ത്രം അത്രമാത്രം വളര്‍ന്നെങ്കിലും അവയൊക്കെ നാം പഠിക്കുന്നെങ്കിലും അത് നാം നമ്മുടെ പ്രവൃത്തിയില്‍ വരുത്താത്തതെന്താണ്? അവിടെയാണ് പ്രശ്നമുള്ളത്. നമ്മെ സംബന്ധിച്ച് നാം മാത്രമാണ് പ്രകൃതിയിലെ ജീവികള്‍. മറ്റുള്ളവര്‍ നമുക്കായി, നമ്മെ സേവിക്കുവാന്‍ മാത്രമായി ജനിച്ച വെറും ജീവികള്‍ മാത്രം.
മനുഷ്യന്റെ
കൈകടത്തലുകള്‍
സഹജീവികളോടുള്ള മനുഷ്യന്റെ ഉപദ്രവങ്ങള്‍ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. ആനകളോടുള്ള ഉപദ്രവങ്ങള്‍ അതിരുകടക്കുമ്പോളാണ് അവര്‍ പ്രതികരിക്കാറുള്ളത്. നല്ല ചൂടുള്ള സമയങ്ങളില്‍ ആനകളെ ചുട്ടുപഴുത്ത റോഡിലൂടെ നടത്തിക്കൊണ്ടുപോകുന്നത് പലപ്പോളും കണ്ടിട്ടുണ്ട്. അന്തരീക്ഷത്തിലെ കാലാവസ്ഥാമാറ്റങ്ങള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് മറ്റു ജീവികളെയാണ്. ചുട്ടുപഴുത്ത റോഡിലൂടെ നമുക്ക് ചെരിപ്പിട്ടു നടന്നുപോകുവാന്‍ കഴിയുമ്പോള്‍ അതിനാകാതെ വെറും കാലില്‍ നടന്നുപോകുന്ന ആനകള്‍ എത്രമാത്രം ആ ചൂട് സഹിക്കുന്നുണ്ടാവും! ഒരു ലോറിയില്‍ നിര്‍ത്തിക്കൊണ്ട് റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ അവയ്ക്ക് നിലതെറ്റാതെ നില്ക്കാന് എത്ര പാടുപെടുന്നുണ്ടാവും.
തമിഴ് നാട്ടില്‍ നിന്നൊക്കെ പശുക്കളെയും, കാളകളെയും അറക്കാന്‍ കൊണ്ടുവരുന്നത് നാം കാണാറുണ്ട്. ഉറങ്ങി അവ താഴെ കിടന്നാല്‍ കൂടുതല്‍ സ്ഥലം നഷ്ടപ്പെടുന്നതിനാല്‍ അവഉറങ്ങാതെനില്ക്കുന്നതിനായി വണ്ടിക്കാര് ചെയ്തിരുന്ന രീതി അവയുടെ കണ്ണില്‍ പച്ചമുളക് തേക്കുക എന്നതായിരുന്നു. വേദനകൊണ്ട് അവ ഉറങ്ങുകയില്ലല്ലോ. ഇത്തരം അങ്ങേയറ്റം ക്രൂരമായ പ്രവൃത്തികളാണ് പലപ്പോളും നാം മറ്റു ജീവികളോട് ചെയ്യാറുള്ളത്. കുറച്ചുനാള്‍ മുമ്പ് ഒരു നായയെ കാറിന്റെ പിറകില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയത് വാര്‍ത്തയായിരുന്നു. അതിന്റെയൊക്കെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഗുരുവായൂരില്‍ സംഭവിച്ചിരിക്കുന്നത്.
ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് മറ്റെന്തിനേക്കാളും ഏറെ അവന്റെ സഹജീവികളോടുള്ള മനോഭാവവും, അവര്‍ക്കു നല്കുന്ന പരിഗണനയും ഒക്കെ കണക്കിലെടുത്തുകൊണ്ടാണ്. ഓരോ ജീവിയും ഭൂമിയുടെ അവകാശികള്‍ തന്നെയാണ്. അവരെ അവരുടെ വാസസ്ഥലങ്ങളില്‍ തന്നെ ജീവിക്കാനും, ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും നാം ശ്രമിക്കണം. ആന വന്യജീവിയായതുകൊണ്ടുതന്നെ അവരെ വനങ്ങളില്‍ തന്നെ ജെ ജീവിക്കാന്‍ അനുവദിക്കണം, പക്ഷികളെ കൂട്ടിലിട്ടുകൊണ്ട് അവരെ സ്നേഹിക്കുന്നതിനുപകരം ആകാശത്തു പറന്നുനടക്കാന് അനുവദിച്ചുകൊണ്ടാണ് അവരെ സ്നേഹിക്കേണ്ടത്. നായകള്‍ നമ്മുടെ വീടുകളില്‍ ജീവിക്കുമ്പോളും അത് അര്‍ഹിക്കുന്ന സ്വാതന്ത്ര്യവും, പരിഗണനയും നല്‍കണം. ഒരു ജീവിയേയും ഉപദ്രവിക്കാന്‍ നമുക്ക് അവകാശമില്ല. തൊടിയിലെ ഒരു ചുള്ളിക്കമ്പ് എടുത്തു സുഹൃത്തിനു നല്‍കിയിട്ട് നമ്മെ ഒന്ന് ആഞ്ഞടിക്കാന്‍ പറയുക. ആ വേദന അനുഭവിച്ചുകൊണ്ട് ഈ പാപ്പാന്മാര് ആ ആനകളെ കുളിപ്പിക്കാന്‍ പോയിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. അപ്പോള്‍ പ്രശ്നം മറ്റൊന്നുമല്ല. നമ്മെ ആ അടിയുടെ വേദന അറിയിക്കാന്‍ ആരുമില്ലാത്ത അഹങ്കാരം തന്നെയാണ്.
9946199199