ഡോ. പല്പു :അവകാശ പോരാട്ടത്തിന്റെ അമരക്കാരൻ

ഡോ. പല്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് എഴുപത്തിയഞ്ചു വർഷം പൂർത്തിയാകുമ്പോഴും ഇവിടുത്തെ ചരിത്ര കോൺഗ്രസുകൾ ഈ വിദ്യാഭ്യാസ നവോത്ഥാന നായകനെ അധ്യയന പാഠ്യ ശ്രേണിയുടെ ഭാഗമാക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.

കെട്ടിടങ്ങളുടെ ജീർണ്ണോദ്ധാരണം പോലെ പെട്ടെന്നു പരിഹരിക്കാവുന്ന ഒരു പ്രതിസന്ധിയല്ല സമുദായത്തെ സംബന്ധിക്കുന്ന ചെറുതും വലുതുമായ അവകാശലംഘനങ്ങൾ. അങ്ങനെ വരുമ്പോൾ ചിന്തയിൽ വീരസാഹസികത നഷ്ടപ്പെടാതെ ചില പ്രതിരോധങ്ങൾ തീർക്കേണ്ടി വരും. സവർണ മേൽക്കോയ്മയുടെ എല്ലാത്തരം അവഗണനകൾക്കും ഇരയായ ആളായിരുന്നു ഡോ. പല്പു. മാനുഷികമൂല്യങ്ങളെ വീണ്ടും വീണ്ടും വിലയിരുത്താനും ഉടച്ചുവാർക്കാനും ശ്രമിച്ചവരൊന്നും അന്ന് പല്പുവിനെ പിന്തുണച്ചില്ല. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും സ്വസമുദായത്തിനു വേണ്ടി ഒന്നും ചെയ്യാനാവാത്തതിന്റെ കുറ്റബോധത്തിന്റെ വേദന ആദ്യകാലങ്ങളിൽ പല്പുവിനെ പിന്തുടർന്നിരുന്നു.
ഡോ. പല്പു അടങ്ങിയിരുന്നില്ല. അദ്ദേഹം സമുദായ പ്രാതിനിധ്യം ഒരർത്ഥത്തിൽ സ്വയം ഏറ്റെടുക്കുകയായിരുന്നു. സവർണ സർക്കാരിന്റെ അവഗണനയുടെയും അവകാശനിഷേധത്തിന്റെയും കല്ലേറ് കൊണ്ട ഡോ.പല്പു അതെല്ലാം സ്വസമുദായത്തിനു നേരെയുള്ള ആക്രമണമായി തിരിച്ചറിയുകയും അതിൻപ്രകാരം സമുദായ സമുദ്ധാരണ സമരത്തിന്റെ നേതാവായി രംഗപ്രവേശം ചെയ്യുകയും ഈഴവ സമുദായം തിരുവിതാംകൂറിൽ അനുഭവിച്ചിരുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മർദ്ദനങ്ങളെ അതിന്റെ പൂർണ രൂപത്തിൽ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ അതിനെ കൺതുറന്നു കാണേണ്ടവർ ഗൗനിക്കാതെ വന്നപ്പോൾ ചില അവകാശപോരാട്ടങ്ങളുമായി മുന്നോട്ടുവരികയാണുണ്ടായത്.

താൻ വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയിട്ടും സ്വന്തം ദേശത്ത് തൊഴിൽ ലഭിക്കാതെ വന്നപ്പോഴാണ് മൈസൂരിൽ ജോലിയിൽ പ്രവേശിച്ചത്. അവിടെയിരുന്നും സമുദായത്തിനു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയായിരുന്നു.
ഒരു കാലഘട്ടത്തിൽ ഈഴവസമുദായം നേരിട്ട അവഗണനയെ എങ്ങനെയൊക്കെയാണ് ഡോ. പല്പു നേരിട്ടതെന്നും മറികടന്നതെന്നുമറിയാൻ ചില ചരിത്രരേഖകൾ പരിശോധിക്കേണ്ടതുണ്ട്.
തിരുവിതാംകൂർ മഹാരാജാവിന് 1891ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ സാമൂഹിക നീതി ലഭ്യമാക്കാനുള്ള മുന്നേറ്റമായി. ഡോ.പല്പു മൂന്നാമനായി ഒപ്പുവച്ച് സമർപ്പിച്ച ഹർജിക്ക് മറുപടിയായി 1891 ഏപ്രിൽ 21 ന് സർക്കാർ നൽകിയ മറുപടി അനുകൂലമായിരുന്നില്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന നിവേദന സമരത്തിന്റെ പ്രയോജനം സിദ്ധിച്ചത് നായർവിഭാഗത്തിനായിരുന്നു.
ഈഴവ മെമ്മോറിയലിന്റെ
ശില്പി
സർക്കാരിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഒഴിവാക്കാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു ഭീമഹർജി സർക്കാരിനു സമർപ്പിക്കാൻ ഒപ്പു ശേഖരണം നടത്തി. 1896 സെപ്തംബർ 3 ന് സമർപ്പിച്ച 13,176 പേർ ഒപ്പിട്ട ഭീമഹർജിയാണ് ‘ഈഴവ മെമ്മോറിയൽ’.
മലയാളി മെമ്മോറിയലിനെ അപേക്ഷിച്ച് നിരവധി സവിശേഷതകളുണ്ടായിരുന്നു ഈഴവ മെമ്മോറിയലിന് . സ്കൂൾ പ്രവേശനവും സർക്കാർ സർവ്വീസിൽ പ്രവേശനവുമായിരുന്നു മുഖ്യമായും മെമ്മോറിയലിൽ ആവശ്യപ്പെട്ടിരുന്നത്. അതും മതം മാറുന്നവർക്ക് കിട്ടുന്നത് മതം മാറാതിരിക്കുന്നവർക്കും ലഭിക്കണമെന്നായിരുന്നു മെമ്മോറിയലിൽ മുഖ്യമായും ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ.
ഇതിന്റെ തുടർച്ചയെന്നോണം നടത്തപ്പെട്ട പാർലമെന്റ് പ്രക്ഷോഭണ പരിപാടിയും നവോത്ഥാന മുന്നേറ്റത്തിനു സഹായകമായി മാറി. ഇതു കൂടി ആയപ്പോൾ സവർണ സർക്കാർ അന്നോളം മുറുക്കിപ്പിടിച്ചിരുന്ന യാഥാസ്ഥിതിക നയങ്ങൾക്ക് നേരിയ അയവ് വന്നു തുടങ്ങി. അതിനുപിന്നാലെയാണ് ഈഴവരുൾപ്പെട്ട തിരുവിതാംകൂറിലെ അവർണ ജനവിഭാഗത്തിന് സർക്കാർ സർവീസിന്റെയും വിദ്യാലയങ്ങളുടെയും മുൻവാതിലുകളിലേക്ക് അല്പാല്പമായി പ്രവേശനം ലഭിച്ചു തുടങ്ങിയത്. ഡോ.പല്പുവിന്റെ ഇത്തരം ഇടപെടലുകൾ കൊണ്ടാണ് സമുദായംഗങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടായതും ഈഴവർക്കിടയിൽ ഒരു പുതിയ ഉണർവുണ്ടാക്കിയതും. ഇതിനിടയിൽ തന്നെയാണ് ഡോ. പല്പു തന്റെ അദ്ധ്വാനത്തിന്റെ ഓഹരി സമുദായത്തിലുള്ള കുമാരനാശാൻ അടക്കമുള്ളവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചെലവിട്ടതും. ഒരേസമയം ആശയപരവും ഭൗതികപരവുമായ പ്രവർത്തനങ്ങളാലാണ് ഡോ. പൽപു സമുദായത്തിന്റെ നവോത്ഥാന യജ്ഞങ്ങൾക്ക് നെടുനായകത്വം വഹിച്ചത്.
ഈഴവമഹാജനസഭ
എന്ന സ്വപ്നം !
മുകളിൽ വിവരിച്ച നവോത്ഥാന പ്രക്രിയകളിൽ മുഴുകുമ്പോൾ തന്നെ സുശക്തമായ ഒരു സംഘടനയുടെ ആവശ്യവും ഡോക്ടർക്ക് ബോദ്ധ്യമായി തുടങ്ങിയിരുന്നു. ഈഴവരുടെ ഉന്നമനത്തിനായി ഈഴവമഹാജനസഭ എന്നൊരു സംഘടനയ്ക്ക് രൂപം നൽകാൻ പല്പു ശ്രമിച്ചു. ഇത്തരം ഒരു സംഘടനയ്ക്ക് ആവശ്യമായ നിയമാവലി എഴുതിയുണ്ടാക്കുകയും അന്നു കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളി എന്ന പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊല്ലത്തിനു ചുറ്റുമുള്ള ചില പ്രദേശങ്ങളിൽ ഈഴവരുടെ യോഗങ്ങൾ അദ്ദേഹം വിളിച്ച് ചേർക്കുകയും സംഘടനയുടെ ആവശ്യത്തെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. അതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിൽ പോലും ഈഴവർക്ക് ഒരു ഉറച്ച സമുദായ സംഘടനയുണ്ടാവേണ്ടതിന്റെ ആവശ്യകത സമുദായംഗങ്ങളിലെത്തിക്കാൻ ഉപകരിച്ചുവെന്നതാണ് വാസ്തവം. വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ വൻ കുതിപ്പുകൾ തീർക്കാൻ ഡോ.പല്പുവിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്കു കഴിഞ്ഞുവെന്നതു തർക്കമില്ലാത്ത കാര്യമായതിനാൽ തന്നെ പോരാട്ടങ്ങളുടെ അമരക്കാരനായി വേണം ഡോ. പല്പുവിനെ ചരിത്രം രേഖപ്പെടുത്തിയെടുക്കാൻ.
ഹിന്ദുമത പരമ്പരയിലാണ് പല്പു ജനിച്ചതെങ്കിലും ഊർജ്ജസ്വലമായ സ്വാതന്ത്ര്യത്തോടെ വ്യാപരിച്ച ശുശ്രൂഷാമേഖലകൾ പലതും ഒരു മതാതീത ആത്മീയതയിൽ ഊന്നിയതും സനാതനധർമ്മത്തിന്റെ ശ്രേഷ്ഠതയിൽ നിലനിന്നുകൊണ്ടുമാണ് പ്രകാശിപ്പിച്ചത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് താൻ തൊഴിൽ ചെയ്തിരുന്ന മൈസൂരിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ മതിയായ വൈദ്യശാസ്ത്ര പുരോഗതികൾ ആർജ്ജിച്ചിട്ടില്ലാതിരുന്നിട്ടും വിദേശ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നിസ്വാർത്ഥമായി പ്ലേഗിനെ തുരത്താനുള്ള വൈദ്യ ക്രമങ്ങൾ കണ്ടെത്തിയതും അത് യാഥാർത്ഥ്യമാക്കിയതും. അവിടെ ഒരു സമുദായത്തിന്റെ മാത്രം ആഴം അന്വേഷിക്കാനിറങ്ങിയ ഒരു നിശബ്ദനായിട്ടല്ല ഡോ. പല്പു വ്യാപരിച്ചത്. വിദ്യ കൊണ്ട് പ്രബുദ്ധരാകൂ എന്ന ഗുരുവരുളിനെ
ആത്മീയവത്കരിക്കുന്ന ഒരാൾക്കേ താൻ ആർജ്ജിച്ച ബൗദ്ധിക ( ഭൗതികവും ) ജ്ഞാനം കൊണ്ട് ഉപയോഗമുള്ളുവെന്ന് സ്ഥിരീകരിക്കുന്നവയാണ് ഡോ.പല്പു ജീവിതത്തിൽ നടത്തിയ ഓരോ പോരാട്ടങ്ങൾക്കും പിന്നിലുള്ള രഹസ്യം.
ഈഴവ സമുദായം തിങ്ങിപ്പാർക്കുന്ന ഓരോ ദിക്കുകളിലെയും ആരാധനാമുദ്രയായി പല്പു മാറുന്നതിനെ ഒരുപക്ഷെ ഒരു പരിധി വരെ തടഞ്ഞുനിർത്തുന്നത് ഇവിടുത്തെ മാറിമാറി വരുന്ന ഭരണകൂടങ്ങളാണ്. നമ്മുടെ സമുദായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അദ്ധ്യയന ശാലകളുടെ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ സർക്കാരുകൾ എടുക്കുന്ന നയങ്ങൾ പല്പു സ്വപ്നം കണ്ട അധ്യയനമുറകൾക്കും സ്വപ്നങ്ങൾക്കും വിപരീതമാണ്. പല്പുവിനെ പോലെയൊരാൾ ജ്ഞാനിയായി തീർന്നത് ജന്മാർജിതമായ സംസ്കാരവും അവഗണനയുടെ അനുഭവങ്ങളിൽ നിന്നുള്ള വീണ്ടെടുക്കലും കൊണ്ടാണ്.
ജന്മം കൊണ്ട് ഈഴവനാണെങ്കിലും കർമ്മംകൊണ്ട് ഒരു നവോത്ഥാനനായകനായി മാറുന്ന പല്പുവിന്റെ ഉപനയനക്രിയയ്ക്ക് സാക്ഷ്യം നൽകാൻ ഈ എഴുപത്തിയഞ്ചാം വർഷത്തിലും നമ്മുടെ കാലം പരാജയപ്പെടുകയാണ്. അറിവിന്റെ ദുരിതം പിടിച്ച വഴികളെ ഒരു സമുദായത്തിനെന്നല്ല , നമ്മുടേതു പോലൊരു രാജ്യത്തിന് തെളിമയോടെ കാണിച്ചുകൊടുത്ത ഡോ.പല്പു എന്ന വൈദ്യപുരോഹിതന്റെ ചരിത്രപ്രാധാന്യത്തെ ഇനിയും ഭരണകൂടം കണ്ടില്ലെന്നു നടിക്കാൻ പാടില്ല. പല്പുവിന് ചരിത്രഭക്തിമാർഗത്തിന്റെ ജലധാരയേക്കാൾ ഇന്നാവശ്യം ഉചിതമായ അധ്യയന സ്മാരകങ്ങൾ തന്നെയാണ്. താഴത്തെ പടവുകൾ ചവിട്ടിക്കയറി മാത്രം മുകളിലത്തെ പടവുകളിലെത്തിയ ഒരു സാമൂഹ്യപരിഷ്കർത്താവിനെ എന്തിനാണ് ചരിത്രം വിസ്മരിക്കുന്നത് ?
ഡോ. പല്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് എഴുപത്തിയഞ്ചു വർഷം പൂർത്തിയാകുമ്പോഴും ഇവിടുത്തെ ചരിത്ര കോൺഗ്രസുകൾ ഈ വിദ്യാഭ്യാസ നവോത്ഥാന നായകനെ അധ്യയന പാഠ്യ ശ്രേണിയുടെ ഭാഗമാക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.