അവര്‍ണ്ണ -സവര്ണ്ണബന്ധങ്ങളിലെ ഭിന്നിപ്പുകൾ
‘ഭൂഗോളത്തില്‍ ഏതൊരു ഭാഗത്തിലെങ്കിലും പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിപ്പാന്‍ മനുഷ്യനെ മനുഷ്യന് അനുവദിക്കാത്ത ദിക്കുണ്ടോ ? മനുഷ്യനെ തൊട്ടാല്‍ മനുഷ്യന് കുളിക്കാറുണ്ടോ ? മനുഷ്യനെ തീണ്ടിയാല്‍ പുണ്യാഹം കഴിക്കാറുണ്ടോ ? ഹിന്ദുപണ്ഡിതന്മാര്‍ എത്രകാലമാണ് ഈ പുണ്ണിനെ പൊതിഞ്ഞുവയ്പ്പാന് ആശിക്കുന്നത് ?’
ജാതിനിയമങ്ങള്‍ അതികര്‍ക്കശമായി പാലിച്ചിരുന്നെങ്കിലും, ശക്തിമാന്മാരായ ചില രാജാക്കന്മാരുടെയും ആചാര്യന്മാരുടെയും കാലങ്ങളില്‍ അവര്‍ക്ക് ബോധിച്ചതുപോലെ ചില ജാതികളെ പൊക്കുകയും ചിലരെ താഴ്ത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. ആശാന് എഴുതുന്നതു കാണുക:
‘മലയാള ബ്രാഹ്മണരുടെ ഉത്ഭവത്തെപ്പറ്റി സ്കന്ദപുരാണം സഹ്യാദ്രിഖണ്ഡത്തില്‍ പറയുന്ന സംഗതികളെ സംവദിപ്പാന് നമുക്കു മടിതോന്നുമെങ്കിലും ശ്രീരാമാനുജാചാര്യര്‍ പറയര് മുതലായ താഴ്ന്നജാതിക്കാരില് ചിലരെ പൊക്കി ഒരുവിധം ഉയര്‍ന്ന ജാതികളാക്കിത്തീര്ത്തിട്ടുള്ള വസ്തുതയെപ്പറ്റി ആരും തര്ക്കിക്കുന്നതല്ലല്ലോ. ഇതുപോലെ ശ്രീചൈതന്യന്‍ മുതലായ മതാചാര്യന്മാര് ബംഗാളത്തും ചെയ്തിട്ടുണ്ട്. ബംഗാളത്തെ ശക്തിയേറിയ ഒരു രാജാവായിരുന്ന ബലസേനന് ചില ജാതിക്കാരെ നിര്‍ദ്ദയമായി താഴ്ത്തുകയും ചിലരെ പൊക്കുകയും ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. ഇതുപോലെ മറ്റു സ്ഥലങ്ങളിലും സംഭവിച്ചിരിക്കും. മലയാളത്തെ താണജാതിക്കാര്‍ അവരുടെ ഇപ്പോഴത്തെ അധോഗതിയ്ക്കുകാരണം വന്ദ്യരായ ശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുപോരുന്നു. രാക്ഷസന്മാരെയും മറവന്മാരെയും പോലെ സമസൃഷ്ടികളെ അനുകമ്പകൂടാതെ ദ്രോഹിച്ച് വസ്തുക്കളും ഭൂമികളും കരസ്ഥമാക്കി കയ്യൂക്കുകൊണ്ടുമാത്രം കേമന്മാരായിത്തീര്ന്ന പലജാതിജമീന്ദാരന്മാരും രാജാക്കന്മാരും ക്രമേണ ക്ഷത്രിയ ശിരോമണികളായിത്തീരുകയും ചിലപ്പോള്‍ ഉന്നതങ്ങളായ സോമസൂര്യവംശങ്ങളുടെ ശാഖകളില്ത്തന്നെ തൊങ്ങിക്കൊള്ളാന് കുതിച്ചുചാടുകയും ചെയ്യുന്നതും ചരിത്രജ്ഞന്മാര്ക്ക് അറിയാവുന്ന വസ്തുതകളാണല്ലോ.
‘ബംഗാളത്തെ താഴ്ന്നജാതി ശൂദ്രര്‍ തങ്ങള്‍ ദ്വിജന്മാരായിരുന്നുവെന്നും ഏതോ സംഗതിവശാല്‍ ഭ്രഷ്ടരാവുകയും പൂണൂല് ഉപേക്ഷിക്കപ്പെടുകയും ചെയ്തതാണെന്നും പ്രമാണം കണ്ടുപിടിച്ചിരിക്കുന്നു. ബോംബെയിലെ മദ്യവ്യാപാരികളായ ‘ഭണ്ഡാരികള്‍’ തങ്ങള്‍ ‘വേനന്‍’ എന്ന ക്ഷത്രിയരാജാവിന് ഒരു ഗോപാലസ്ത്രീയില് ജനിച്ച സന്താനങ്ങളാണെന്ന് ‘ശൂദ്രകമലാകര’ത്തില്‍ നിന്ന് പ്രമാണം ഉദ്ധരിച്ചുകാണിക്കുന്നു. മദ്രാസില്‍ തിരുനെല്‍വേലി മുതലായ ഡിസ്ട്രിക്ടുകളിലെ ചാന്നാന്മാര് അല്ലെങ്കില്‍ നാടാന്മാര് തങ്ങള്‍ ക്ഷത്രിയരാണെന്ന് തന്നെയല്ല ശ്രീരാമന്, ശ്രീകൃഷ്ണന് മുതലായ അവതാരപുരുഷന്മാര് കൂടി തങ്ങളുടെ ഗോത്രക്കാരാണെന്ന് തമിഴ് ഗ്രന്ഥസമുച്ചയത്തില്‍ നിന്ന് അനേകം പ്രമാണങ്ങളെ എടുത്തുകാട്ടി തെളിയിക്കാന്‍ ഉദ്യമിച്ചിരിക്കുന്നു. മധുരയിലെ ഒരു ജാതി നെയ്ത്തുകാര്‍ ‘സൌരാഷ്ട്രബ്രാഹ്മണരാ’യി കഴിഞ്ഞിരിക്കുന്നു’12.
ഭൂതകാലത്തില്‍ മാത്രമല്ല വര്‍ത്തമാനകാലത്തും പഞ്ചമന്മാര്‍ക്ക് ശൂദ്രരാകാനും, ശൂദ്രര്‍ക്ക് വൈശ്യരോ ക്ഷത്രിയരോ അല്ലെങ്കില്‍ ദ്വിജന്മാരോ ആകാനുമുള്ള ഒരു തിരക്ക് സൂക്ഷിച്ചുനോക്കിയാല്‍ ഏറെക്കുറെ എവിടെയും കാണാമെന്ന് ആശാന് പറയുന്നുണ്ട്. സി. ശങ്കരന്‍നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന മൂന്നാമത് കേരളീയ നായര്‍ സമാജയോഗത്തില് (1909) വളരെ പഠിപ്പുള്ള ചില യോഗ്യന്മാര് ഈവക തിരക്കിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചതായി ആശാന് ഗ്രഹിച്ചിരുന്നു. നായന്മാരെപ്പോലെ വിദ്യാഭ്യാസം കൊണ്ടും മറ്റും ഏറ്റവും ഉയര്‍ന്നനിലയില്‍ എത്തിയിരിക്കുന്ന ഒരു സമുദായത്തിനുകൂടി ഈവകകളില് ഭ്രമമാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നാണ് ആശാന്റെ വാദം13.
‘സ്നേഹവും ധര്‍മ്മവും അല്ലെങ്കില്‍ ഉത്തമമായ രാജഭക്തിപ്രകടനം’ എന്ന ലേഖനത്തില്‍ ബുദ്ധമതത്തിനുമുമ്പും അതിനുശേഷവും ഹിന്ദുമതത്തിന്റെ അധോഗതിയ്ക്കുള്ള അടിസ്ഥാനഹേതുക്കളില് യാതൊരുവിധ മാറ്റവും ഉണ്ടായില്ലെന്ന് ആശാന് കാണുന്നു. അതിനെപ്പറ്റി അദ്ദേഹം എഴുതുന്നതുകാണുക: ‘ബുദ്ധമതകാലത്തിനുമുമ്പിലും ബുദ്ധമതത്തിന്റെ അധഃപതനാനന്തരവും നടപ്പിലിരുന്ന മതത്തിന്റെ അധോഗതിഹേതുക്കള് മറഞ്ഞുപോകയോ ബുദ്ധമതത്തെ തുടര്‍ന്നുവന്ന പരിഷ്കൃതഹിന്ദുമതത്തിന്റെ വിവിധരൂപങ്ങളുടെ മേല്‍ അവ വ്യാപരിക്കുന്നതില്‍ നിന്ന് വിരമിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ഫലമായി പരിഷ്കൃത ഹിന്ദുമതകാലത്തില് പൊതുജനങ്ങളുടെ അഭിവൃദ്ധിമാര്ഗ്ഗം നിരുദ്ധമായി എന്നുമാത്രമല്ല, അവരുടെ സ്ഥിതി ഗണ്യമാംവണ്ണം പിന്നോട്ടുപോവാന്‍ തുടങ്ങുകയും ചെയ്തു. ജാതിമതങ്ങളെ സംബന്ധിച്ച ഹിന്ദുരാജക്കന്മാരുടെ അസൂയകളും ശല്യങ്ങളും പൂര്‍വ്വാധികം വ്യാപിക്കയും പൂര്‍വ്വാധികം കഠിനമായിത്തീരുകയും ചെയ്തു. ബുദ്ധമതം ക്ഷയോന്മുഖമായതുമുതല് ഈ മഹാരാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പ്രഭുത്വം വഹിച്ചിരുന്ന നാനാവര്ഗ്ഗക്കാരില് ഓരോരുത്തരും അവര്‍ ഭരിച്ചുവന്ന ഭിന്നവര്‍ഗ്ഗക്കാരായ പൊതുജനങ്ങളുടെ അഭിവൃദ്ധിയ്ക്ക് ജാതിഭേദമോ വര്‍ഗ്ഗഭേദമോ വിചാരിക്കാതെ തുല്യമായ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്കാന് വേണ്ടത്ര വിശാലമായ സ്നേഹവും അനുകമ്പയുമുള്ളവരായിരുന്നതായി നാം ചരിത്രത്തില്‍ കാണുന്നില്ല. ഇന്ത്യയുടെ പ്രേരണയാല്‍ ഗണ്യമാംവണ്ണം പരിഷ്കരിക്കപ്പെട്ട മതവും നാഗരികതയുമുള്ള വെളിയില്‍ നിന്നുവന്ന വര്‍ഗ്ഗക്കാര്‍ ആണ് മറ്റു വിഷയത്തില്‍ തങ്ങളുടെ കുറ്റങ്ങള്‍ എന്തൊക്കെ ആയിരുന്നാലും ഈ വിഷയത്തില്‍ ഭേദമായിരിക്കുന്നത്’.
‘പൊതുജനങ്ങള്‍’ എന്നതുകൊണ്ട് ആശാനിവിടെ അര്‍ത്ഥമാക്കുന്നത് രാജ്യത്തിന്റെ പൊതുക്ഷേമത്തിനും ഐശ്വര്യത്തിനുമായി അദ്ധ്വാനിക്കുന്ന അടിസ്ഥാന ജനവിഭാഗമായ അധഃസ്ഥിത പിന്നോക്കജാതികളെയാണ്. ബുദ്ധമതത്തിന്റെ പ്രഭാവകാലത്തിനുശേഷം, അതിന്റെ ഗുണവശങ്ങള്‍ ചിലതൊക്കെ സ്വാംശീകരിച്ച് വീണ്ടും ഉയര്‍ത്തെഴുന്നേറ്റ ‘പരിഷ്കൃത ഹിന്ദുമത’ത്തിലോ അവയെ പ്രതിനിധീകരിച്ച രാജാക്കന്മാരിലോ, അടിസ്ഥാനവര്‍ഗ്ഗത്തോടുള്ള സമീപനത്തില്‍ ആശയപരമോ പ്രായോഗികമോ ആയ പഥങ്ങളില്‍ യാതൊരു വ്യതിയാനവും ദര്‍ശിക്കാന്‍ ആശാനുസാധിച്ചില്ല. ഭാരതീയരുടെ മതസഹിഷ്ണുതയെയും സഹനത്തെയും വിശാലഹൃദയത്തെയും പറ്റിയുള്ള പ്രകീര്ത്തനങ്ങള്ക്കുപിന്നിലുള്ള കാപട്യത്തെ ഇവിടെ ആശാന് തുറന്നുകാട്ടുന്നു:
‘ഹിന്ദുക്കളായ നാം ഒരു വര്‍ഗ്ഗക്കാരുടെ നിലയില്‍ അധികം സ്നേഹവും സഹനവുമുള്ളവരാണെന്ന് പലപ്പോഴും അഭിമാനിച്ചുവരാറുണ്ട്. അത് പാഴ്സികള്‍, യഹൂദര്‍, മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍ ഈ വര്‍ഗ്ഗക്കാരെല്ലാം നമ്മുടെ ഇടയില്‍ നമ്മെപ്പോലെ തന്നെ സുഖമായും, പക്ഷെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്കാള്‍ അധികം നല്ല സ്ഥിതിയിലും, ജീവിച്ചുവരുന്നതായി ദൃഷ്ടാന്തങ്ങള്‍ കാണിപ്പാന്‍ കഴിയുമെന്നുള്ളത് കൊണ്ടായിരിക്കാം. എന്നാല്‍ ഹിന്ദുക്കളുടെ ഇടയിലുള്ള ഭിന്നജാതിക്കാര്‍ തമ്മിലും ഈ മാതിരി സ്നേഹവും സഹനവും ഉണ്ടെന്ന് പറയാവുന്നതാണോ ? ഹിന്ദുക്കളില്‍ ശക്തിയുള്ള വര്‍ഗ്ഗക്കാര്‍ പൊതുജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്നതായ അനുകമ്പയുടെയും പ്രോത്സാഹനത്തിന്റെയും ലേശമെങ്കിലും കാണിച്ചുവരുന്നുണ്ടോ? അന്യമതങ്ങളിലേക്ക് ജനങ്ങള്‍ പോകുന്നതിന്റെ പ്രധാന കാരണം എന്ത് ? പൊതുജനങ്ങളെ ഹിന്ദുക്കളുടെ വര്‍ഗ്ഗത്തില്‍ നിന്ന് ഒഴിച്ച് ഇപ്പോഴത്തെ ജനസംഖ്യാറിപ്പോര്‍ട്ടില്‍ പ്രത്യേകം കണക്കാക്കണമെന്നതായി നടന്നുവരുന്ന തര്‍ക്കത്തിന് കാരണമെന്ത്? വിദേശീയ രാജ്യാപഹരണവും, വിദേശീയഭരണവും കൊണ്ടുണ്ടായ ദോഷങ്ങള്‍ നമുക്കു പരസ്പരംസഹനവും ഐകമത്യവുമില്ലാത്തതിനാലുള്ള അബദ്ധത്തെ കാട്ടിത്തരാനായി ഉദ്ദേശിക്കപ്പെട്ടവയല്ലയോ ? അവ നമ്മുടെ സ്വാര്ത്ഥശീലം, ദുരഭിമാനം, അന്ധവിശ്വാസം, ദ്രോഹചിന്ത, ദ്വേഷം ഇവയുടെ സാക്ഷാല്‍ ഫലങ്ങളല്ലെയോ.’14.
അന്നത്തെ സവര്ണ്ണഹിന്ദുഭരണകൂടത്തിനും വരേണ്യവര്ഗ്ഗത്തിനുമെതിരെ എയ്തുവിട്ട അതിതീക്ഷ്ണമായ ഈ ചോദ്യശരങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട ശേഷിയും ശേമുഷിയുമുള്ളവര് അന്നോ ഇന്നോ ഉണ്ടാവില്ല. ഈ ചോദ്യങ്ങള്‍ക്ക് പലതിനും ഇന്നും പ്രസക്തിയുണ്ടെന്ന് ഓര്‍ക്കുക. ഹിന്ദുക്കളുടെ ഇടയിലെ ഭിന്നജാതിക്കാര്‍ തമ്മിലുള്ള സ്നേഹവും സഹനവും ആശാന് ജീവിച്ച കാലത്തില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്ന് വര്‍ത്തമാനകാലജീവിതം നമ്മോട് പറയും. ഒരു സവര്ണണ്ണഹിന്ദുവിന് സവര്ണ്ണക്രിസ്ത്യാനിയോടുള്ള മമതയോ സഹിഷ്ണുതയോ, ഹിന്ദുമതത്തിലെ അധഃകൃതപിന്നോക്കവിഭാഗങ്ങളോടില്ലെന്ന് മനസ്സിലാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയം മാത്രം പരിശോധിച്ചാല്‍ മതി. കേരളീയ സമൂഹത്തിലെ ജാതിമതവര്ഗ്ഗബന്ധങ്ങളെ നന്നായി പ്രതിഫലിപ്പിക്കുന്ന ദര്പ്പണമാണത്. ആശാന് ഇന്ത്യാക്കാരുടെ മേല്‍ ആരോപിക്കുന്ന ദുര്‍ഗ്ഗുണങ്ങളില്‍ നിന്നും നാം ഇന്നും മുക്തരല്ലെന്ന് മാത്രമല്ല, മറ്റു പല ദോഷങ്ങളും അധികമായി കടന്നുകൂടുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. കാഞ്ച ഐലയ്യയുടെ ‘Why I’m not a Hindu’ എന്ന ഗ്രന്ഥവും ശശി തരൂരിന്റെ ‘Why I’m a Hindu’ എന്ന ഗ്രന്ഥവും, ഹിന്ദുമതത്തില്‍ പണ്ടേ പുലരുന്നതും ഇന്നും പരിഹരിക്കപ്പെടാതെ നിലനില്ക്കുന്നതുമായ അവര്‍ണ്ണ – സവര്ണ്ണബന്ധങ്ങളിലെ ഭിന്നിപ്പുകളുടെ ഹേതുക്കള്‍ നമുക്ക് പറഞ്ഞുതരും.
ശശി തരൂരിന് അഭിമാനിക്കാനാവുന്നതും കാഞ്ച ഐലയ്യക്ക് അഭിമാനിക്കാനോ തന്റേതെന്ന് അവകാശപ്പെടാനോ കഴിയാത്തതുമാണ് ഹിന്ദുമതം. ചാതുര്വര്ണ്ണ്യപ്രകാരം ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്രവിഭാഗങ്ങളേ ഹിന്ദുമതത്തിന്റെ പരിധിക്കകത്ത് വരുന്നുള്ളൂ. പഞ്ചമര്‍ ഹിന്ദുമതത്തിന് പുറത്തുള്ളവരാണ്. ബ്രിട്ടീഷിന്ത്യന്‍ മേധാവികള്‍ ഭരണനിര്‍വ്വഹണം സുഗമമാക്കുന്നതിനുവേണ്ടി സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരംഭിച്ചകാലത്ത് മാത്രമാണ് കേരളത്തിലെ ഈഴവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അധഃകൃതപിന്നോക്കജാതികള് ഹിന്ദുക്കളായിത്തീര്ന്നത്. അപ്പോള്‍ മാത്രമേ അസ്പർശ്യരായി അകറ്റി നിര്‍ത്തപ്പെട്ട പഞ്ചമരെക്കൂടി ഹിന്ദുമതത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളാന്‍ വരേണ്യര്‍ തയ്യാറായുള്ളൂ. അതിന്റെ പിന്നിലെ സ്വാര്‍ത്ഥത,അസ്പർശ്യരിലെ വിവേകികള്‍ അന്നേ മനസ്സിലാക്കിയിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും അക്കാലത്തുയരുകയുണ്ടായി. കുമാരനാശാനും ഹിന്ദുക്കളെയും താഴ്ന്നജാതിക്കാരെയും രണ്ട് മതവിഭാഗങ്ങളായിട്ടാണ് കണ്ടത്. ‘ഹിന്ദുക്കളും താഴ്ന്നജാതിക്കാരും’ എന്ന ശീര്‍ഷകത്തില്‍ ആശാന് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ശീര്‍ഷകത്തില്‍ നിന്നുതന്നെ അവര്‍ ഒരേ മതസ്ഥരല്ലെന്ന് വ്യക്തമാണ്. ‘സാക്ഷാല്‍ ഹിന്ദുക്കള്‍’ എന്നാണ് ശീര്‍ഷകത്തില്‍ പരാമര്‍ശിക്കുന്ന ഹിന്ദുക്കളെ ആശാന് വിശേഷിപ്പിക്കുന്നത്. പുതിയ പരിഷ്കാരവും വിദ്യാഭ്യാസവും വ്യാപിച്ചുവന്നതോടുകൂടി ഹിന്ദുക്കള്‍ തങ്ങളുടെ താഴ്ന്ന ജാതി സഹോദരന്മാരെപ്പറ്റി പൂര്‍വ്വാധികം വിചാരിക്കാന്‍ തുടങ്ങിയതായി ആശാന് കാണുന്നുണ്ടെങ്കിലും അതിനു മുഖ്യപ്രേരണ അല്ലെങ്കില്‍ കാരണം സംഖ്യാബലം രാജ്യഭരണസംബന്ധമായ കാര്യങ്ങളില്‍ പ്രാധാന്യമുള്ള ഒന്നായി മാറിയതാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അക്കാര്യം തുറന്നെഴുതുകയും ചെയ്തു: ‘ബ്രിട്ടീഷ് ഇന്ത്യയിലെ പുതിയ രാജ്യഭരണപരിഷ്കാരം അനുസരിച്ച് മുഹമ്മദീയര്‍ക്ക് ചില പ്രത്യേകാവകാശങ്ങള്‍ നല്കപ്പെട്ടതും അതിനെപ്പറ്റി ഹിന്ദുക്കള്‍ വഴക്കുപറയുന്നതും പ്രസിദ്ധമായ സംഗതികളാണല്ലോ. ആ വഴക്കുകളെ എതിര്‍ത്തുകൊണ്ട് വടക്കേ ഇന്ത്യയിലെ മുഹമ്മദീയര്‍ വാദിക്കുന്ന കൂട്ടത്തില്‍ ഹിന്ദുക്കള്‍ സംഖ്യയില്‍ ചുരുക്കമാണെന്നും താണജാതിക്കാരെ ഹിന്ദുക്കളെന്ന് വിചാരിപ്പാന്‍ പാടില്ലെന്നും ആക്ഷേപിക്കാറുണ്ട്. വാസ്തവമല്ലേ, ഒന്നിച്ചിരുന്നുണ്ണുകയോ സഹവസിക്കുകയോ പരസ്പരം തൊടുക തന്നെയോ ചെയ്വാന് പാടില്ലാത്ത ആളുകള്‍ തമ്മില്‍ എങ്ങനെ ഒരു സമുദായമാകും?’15. ജാതിഹിന്ദുക്കളുടെ സമന്വയവിചാരത്തിന്റെ മാപിനി ‘വോട്ടുബാങ്കുകള്‍’ക്കപ്പുറം അന്നോ ഇന്നോ ഉയര്‍ന്നിട്ടില്ല.
‘ഭൂഗോളത്തില്‍ ഏതൊരു ഭാഗത്തിലെങ്കിലും പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിപ്പാന്‍ മനുഷ്യനെ മനുഷ്യന് അനുവദിക്കാത്ത ദിക്കുണ്ടോ ? മനുഷ്യനെ തൊട്ടാല്‍ മനുഷ്യന് കുളിക്കാറുണ്ടോ ? മനുഷ്യനെ തീണ്ടിയാല്‍ പുണ്യാഹം കഴിക്കാറുണ്ടോ ? പരിശുദ്ധമായ ഹിന്ദുമതമേ! നിന്റെ പേരില്‍ എത്ര മഹാപാപമാണ് ഈ വൈദികമന്യന്മാര് ചെയ്യുന്നത്? ഹിന്ദുപണ്ഡിതന്മാര്‍ എത്രകാലമാണ് ഈ പുണ്ണിനെ പൊതിഞ്ഞുവയ്പ്പാന് ആശിക്കുന്നത് ?”16 എന്ന് ആശാന് എഴുതിയത് 1917 – ല്‍ ആയിരുന്നു. ഇത്തരമൊരു സമീപനം ഭിന്നവേഷങ്ങളില് ആധുനിക ജനാധിപത്യസൈബര്യുഗത്തിലും വരേണ്യവര്‍ഗ്ഗം കൃത്യമായി പരിപാലിച്ചുപോരുന്നുണ്ടല്ലോ.