തകര്‍ക്കപ്പെട്ട പള്ളിക്കൂടങ്ങള്‍ നഷ്ടങ്ങളുടെ ബാല്യം
യുദ്ധം എന്ന ദുഃസ്വപ്നം നാളെ ഒരുപക്ഷേ മുതിര്‍ന്നവര്‍ക്ക് വളരെയെളുപ്പം മറന്നുകളയാന്‍ കഴിയുമെങ്കിലും കുട്ടികളില്‍ അതേല്‍പ്പിക്കുന്ന നഷ്ടബോധം അവരുടെ അബോധമനസ്സില്‍ എപ്പോഴും കൊരുത്തുകിടക്കുകയും, നാളെയൊരുനാള്‍ അവര്‍ അത് ഓര്‍ത്തു പരിതപിക്കുകയും ചെയ്തേക്കാം. ആ നഷ്ടം ലോകത്തിന് സമ്മാനിക്കുന്നതിന്റെ ആഴവും പരപ്പും നാം ഭാവിയില്‍ അറിയാന്‍ പോകുന്നതേയുള്ളൂ.
യുദ്ധക്കെടുതിയില്‍ ഒരു രാജ്യത്തിന്റെയാകെ പ്രതീക്ഷയും നേട്ടവുമായിരുന്ന ആ രാജ്യത്തെ പള്ളിക്കൂടങ്ങള്‍ നിലംപൊത്തുമ്പോള്‍ വര്‍ത്തമാനകാലത്തെ മാത്രമല്ല, ആ നാടിന്റെ ഭാവിയെക്കൂടിയാണ് അതിന്റെ ഇല്ലാത്ത നിഴലുകള്‍ ബാധിക്കാന്‍ പോകുന്നത്. അറിവും ആദ്യാക്ഷരങ്ങളും നുകരാതെ ചുറ്റും അരക്ഷിതാവസ്ഥയും അക്രമവും മാത്രം കണ്ടുവളരുന്ന കുട്ടികളുടെ മുന്നില്‍ പല വഴികളില്ല. നഷ്ടപ്പെടലും, നശീകരണവും എന്ന ചില മന്ത്രങ്ങള്‍ മാത്രം. ഗാസയിലെ തകര്‍ന്നുപോയ പള്ളിക്കൂടങ്ങള്‍ ഇനിയും പ്രവര്‍ത്തനമാകാതെ വരുമ്പോള്‍ ഗാസയുടെ നാളെകള്‍ വരെ ഇരുട്ടില്‍ ആകുമോയെന്ന ഭയം ശക്തമായി നിലനില്‍ക്കുകയാണ്.
യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവുമധികം ബാധിക്കുന്നത് മറ്റാരേക്കാളും ഏറെ കൊച്ചുകുട്ടികളെ ആണെന്ന് പറയുവാന്‍ കാരണം അവരുടെ വളര്‍ച്ചാഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം യുദ്ധത്തിന്റെ ഭീതിയിലും, പഠനത്തിന്റെ അപര്യാപ്തതയിലും ആയിപ്പോകുന്നതിനാലാണ്. മാനസികമായും, ശാരീരികമായും കഷ്ടതകള്‍ അനുഭവിക്കപ്പെടേണ്ടിവരുന്ന കാലം. ലോകം ഇതാണ് എന്നത് അവര്‍ കണ്ടറിയുന്ന പ്രായം. പലസ്തീനില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും 11 മാസമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ തുറന്നിട്ടില്ല. ഏതാണ്ട് തൊണ്ണൂറുശതമാനം സ്‌കൂളുകളും യുദ്ധത്തില്‍ തകര്‍ന്നുപോയിക്കഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളാവട്ടെ അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. ഈ വര്‍ഷം ഏകദേശം 58,000 കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലാണ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത്. ഇനി ആ സ്‌കൂളുകളൊക്കെ എപ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങും എന്നതിനെക്കുറിച്ചും ഒരു അറിവുമില്ല. യുദ്ധത്തിന്റെ മറ്റൊരു ഭീകരമായ മുഖമാണ് ഇതിലൂടെ ലോകം കാണുവാന്‍ പോകുന്നത്. ആദ്യ അറിവുകള്‍ നിഷേധിക്കപ്പെട്ട ഒരു തലമുറ, വിദ്യാഭ്യാസം അന്യമാകാന്‍ പോകുന്ന ഒരു തലമുറ നാളെ എന്താവും ഈ ലോകത്തിന് സമര്‍പ്പിക്കാന്‍ പോകുന്നത് എന്നത് വലിയ ഒരു ചോദ്യമാണ്.
പ്രഥമം,
വിദ്യാഭ്യാസം.
ലോകത്തെ ഏറ്റവും പുരോഗതിയുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടെയുള്ള വിദ്യാഭ്യാസത്തിന് അവര്‍ നല്‍കുന്ന പ്രാമുഖ്യമാണ്. ലോകത്തെ ഒന്നാംലോക രാജ്യങ്ങളുടെ എല്ലാം കാര്യമെടുക്കുക. എണ്ണംപറഞ്ഞ വിദ്യാഭ്യാസരീതിയാവും അവിടെ പിന്തുടരുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഫിന്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ വിദ്യാഭ്യാസരീതിയുടെ മികവില്‍ എന്നും ഗവേഷണങ്ങളും, പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. വിദ്യാഭ്യാസമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും ഏറ്റവും ഉദാത്തമായ ലക്ഷ്യവും. എന്നാല്‍ യുദ്ധത്താല്‍ നശിച്ചുപോകുന്ന ഒരു രാജ്യത്തിലെ ജനത പ്രത്യേകിച്ച് സ്‌കൂളുകളിലേക്ക് കാലെടുത്തുവെക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ആ രാജ്യത്തിന്റെ നാളെകളെ തന്നെ നിര്‍ണ്ണയിക്കാന്‍ പോന്നവയാണ് എന്നകാര്യത്തില്‍ സംശയമില്ല.
സ്‌കൂളുകളില്‍ നിന്നല്ലാതെ യുദ്ധരംഗത്തുനിന്നും എന്ത് അറിവുകളാണ് അവര്‍ ആര്‍ജ്ജിക്കുവാന്‍ പോകുന്നത്? പരിശീലനം ലഭിച്ച അധ്യാപകരില്‍നിന്നല്ലാതെ എന്തൊക്കെ കാര്യങ്ങളാവും അവര്‍ അവരുടെ ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുന്നത്? നല്ലതുകണ്ട് പഠിക്കുന്നവര്‍ നല്ലവരാവുകയും, ചീത്തയും ഭീതിജനകവും, അക്രമണോത്സുകതയും കണ്ടുപഠിക്കുന്നവര്‍ അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നതും സ്വാഭാവികമാണ്. അങ്ങനെ നോക്കുമ്പോള്‍ എങ്ങും പ്രശ്നങ്ങളും വേദനയും, പട്ടിണിയും നിറഞ്ഞ അന്തരീക്ഷത്തില്‍ അവര്‍ നേടുവാന്‍ പോകുന്ന അറിവുകള്‍ അവരെ നയിക്കാന്‍ പോകുന്നത് ശരിയായ ദിശയില്‍ ആയിരിക്കുവാന്‍ ഇടയില്ല.
ശാസ്ത്രസാങ്കേതിക
അറിവുകള്‍
പ്രാഥമികമായ അറിവിനൊപ്പം അവര്‍ക്ക് നഷ്ടപ്പെടുന്ന ശാസ്ത്രസാങ്കേതിക അറിവുനേടലുകള്‍ വലിയ ഒരു കുറവാണ് ബാക്കിവെക്കുന്നത്. പഠനത്തിലൂടെ അവര്‍ അടുത്തറിയേണ്ട ശാസ്ത്രം നഷ്ടമായി അവശേഷിക്കുമ്പോള്‍ മറ്റേതുവഴിയിലൂടെയും പുരോഗതി നമുക്ക് പ്രതീക്ഷിക്കാന്‍ ആവില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുരോഗതി മനുഷ്യന്റെ വികസന പന്ഥാവുകളില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് വഹിക്കുന്നത്. ആദിമമനുഷ്യന്‍ കല്ലുകള്‍ കൂട്ടിയുരുമ്മി തീ ഉണ്ടാക്കിയതും, മരത്തടികള്‍ ഉരുട്ടിയുരുട്ടി ചക്രങ്ങള്‍ നിര്‍മ്മിച്ചതുമൊക്കെ മനുഷ്യന്റെ ജീവിതത്തെത്തന്നെ സ്വാധീനിച്ച കണ്ടുപിടുത്തങ്ങള്‍ ആയിരുന്നല്ലോ. പിന്നീടിങ്ങോട്ട് ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്‍ ശാസ്ത്രരഹസ്യങ്ങളുടെ കെട്ടുകള്‍ അഴിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ചു മനുഷ്യന്റെ ജീവിതനിലവാരം മെല്ലെമെല്ലെ ഉയരുകയും ചെയ്തു. എന്നാല്‍ ‘NECESSITY IS THE MOTHER OF INVENTION’ എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മനുഷ്യന്റെ ആവശ്യങ്ങള്‍ക്കെല്ലാം ശാസ്ത്രനേട്ടങ്ങളുടെ അടിത്തറയില്‍ അവന്‍ അത്ഭുതങ്ങള്‍ കെട്ടിപ്പടുത്തപ്പോള്‍ അവനില്‍ത്തന്നെ നിര്‍ലീനമായ വാശിയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ കൂടി വളര്‍ച്ചപ്രാപിച്ചുകൊണ്ടിരുന്നു. അന്നുമുതല്‍ മനുഷ്യന്‍ നിയന്ത്രിച്ച ശാസ്ത്രം, തിരിച്ചു മനുഷ്യനെ നിയന്ത്രിക്കാന്‍ തുടങ്ങി. ശാസ്ത്രം മനുഷ്യന്റെ നിയന്ത്രണത്തില്‍ ഉത്തമനായൊരു അടിമയും അങ്ങനെയല്ലാത്തപക്ഷം ഒരു അധമനായ ഗുരുവുമാണ്. ഇന്ന് ശാസ്ത്രത്തിന്റെ നല്ലവശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കൂടുതലായി കാണുന്നത് ശാസ്ത്രത്തിന്റെ തണലില്‍ പിറവിയെടുക്കുന്ന യുദ്ധസാമഗ്രികളും വെടിക്കോപ്പുകളും അണ്വായുധങ്ങളുമാണ്.
മനുഷ്യന്റെ കൈകളിലെ ഏതൊരു ആയുധം പോലെയുമാണ് ശാസ്ത്രവും സാങ്കേതികവിദ്യയും. അത് എങ്ങിനെയും ഉപയോഗിക്കുവാനാകും. മനുഷ്യന്റെ കൈകളില്‍ ശാസ്ത്രത്തിന് അപാരമായ ശക്തിയും സാധ്യതയുമാണുള്ളത്. ഓരോ ശാസ്ത്രനേട്ടവും മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടിയാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ നല്ല കാര്യങ്ങള്‍ക്കൊപ്പം മോശം കാര്യങ്ങള്‍ക്കുകൂടി ശാസ്ത്രത്തെ ഉപയോഗിക്കുമ്പോള്‍ ശാസ്ത്രം മനുഷ്യന്റെ ശത്രുവായി മാറുന്നു. ഇവിടെ കുട്ടികളില്‍ ശാസ്ത്രത്തിന്റെ നല്ല മുഖം പരിചയപ്പെടുത്തുന്നത് അവരുടെ വിദ്യാലയങ്ങളാണ്. എന്നാല്‍ ഇവിടെ വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ഈ അറിവുകളുടെ എല്ലാം കുറവിലേക്കാണ് കുട്ടികളെ നയിക്കുന്നത്.
ബാല്യം എന്ന
വസന്തം
ബാല്യം അവിടെയുള്ളവരുടെ ചിന്തകളില്‍ നിന്നുപോലും മാഞ്ഞുപോകുകയാണ്. ഗാസയിലെ ജനത യുദ്ധക്കെടുതികളുടെയും പ്രതിസന്ധികളുടെയും ജീവിതക്രമങ്ങളോട് പടവെട്ടി അതിജീവനത്തിന്റെ ബാലികേറാമല നടന്നു തീര്‍ക്കുമ്പോള്‍, ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായ ‘ബാല്യം’ നമ്മുടെ ഓര്‍മ്മകളില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെടുകയാണ് . ഒരു കുഞ്ഞു പഠിക്കാന്‍ തുടങ്ങുന്നത് അവന്‍/അവള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെയെന്നാണ് പഠനങ്ങള്‍. ഭൂമിയിലേക്ക് വന്നു സ്വതന്ത്രന്‍ ആക്കപ്പെടുമ്പോളും, മുട്ടിലിഴഞ്ഞു തുടങ്ങുമ്പോളും, നടക്കാന്‍ തുടങ്ങുമ്പോഴുമൊക്കെ അവന്‍ ജീവിതത്തിന്റെ ഓരോരോ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ അന്തരീക്ഷവും, രക്ഷാകര്‍ത്താക്കളുടെയും, സഹോദരങ്ങളുടെയും സാമീപ്യവും അവന് സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്തമായ അറിവുകള്‍ പകര്‍ന്നുനല്‍കുമ്പോള്‍, സാഹോദര്യവും, സൗഹൃദവും, സഹജീവികളോടുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ഊഷ്മളതയും അവര്‍ മനസിലാക്കുന്നത് അവര്‍ അങ്കണവാടിയുടെയും, നഴ്‌സറിയുടേയുമൊക്കെ അന്തരീക്ഷത്തില്‍ മറ്റു കുട്ടികളുമായി ഇടപഴകുമ്പോള്‍ ആണ്. അത് വലിയ ഒരു പഠന കളരിയാണ്.
രക്ഷകര്‍ത്താക്കള്‍ അല്ലാതെ, തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പേറുന്ന കുട്ടികളുമായി ഇടപഴകുകവഴി അവര്‍ ജീവിതത്തിന്റെ പലവിധ മാനങ്ങളെ നേരില്‍ അനുഭവിക്കുകയാണ്, ലോകത്തിനെ കണ്ടറിയുകയാണ്, പുറത്തെ ലോകം എന്താണെന്ന് ഓരോരുത്തരിലൂടെയും തിരിച്ചറിയുകയാണ്. എല്ലാത്തിലുമുപരി കളികളിലൂടെയും, പഠനത്തിലൂടെയും അവരുടെ മനസ്സും ശരീരവും വളരുകയാണ്. അത്തരം മഹത്തായ അനുഭവങ്ങളാണ് കഴിഞ്ഞ പതിനൊന്നു മാസങ്ങളായി ഗാസയിലെ കുട്ടികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്.