ദൈവദശകം ഒരു സൂക്ഷ്‌മവായന

‘പ്രാര്‍ത്ഥന’ എന്നു പറഞ്ഞാല്‍ പ്രകര്‍ഷത്തിനായുള്ള അര്‍ത്ഥന അഥവാ ഉയര്‍ച്ചയ്ക്കായുള്ള അപേക്ഷയാണ്. ദൈവത്തോടാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ലോകത്തുള്ള എല്ലാ സൃഷ്ടിജാലങ്ങളും, സ്രഷ്ടാവും, സൃഷ്ടി എന്ന കര്‍മ്മവും എല്ലാം ദൈവം തന്നെയാണ് എന്ന് പറയുമ്പോള്‍ – ഗുരുദേവന്‍ തന്നെ ദൈവദശകത്തില്‍ പറയുന്നുണ്ട് ”നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും” എന്ന്. അങ്ങനെ വരുമ്പോള്‍ ഈ പറയുന്ന ദൈവം എന്നില്‍ നിന്നും ഭിന്നമല്ലാത്തതിനാല്‍ ഫലത്തില്‍ പ്രാര്‍ത്ഥന നാം നമ്മോടുതന്നെയാണ് ചെയ്യുന്നത്.

ശ്രീനാരായണഗുരുദേവന്‍ ഒരു മഹത്തായ ഇതിഹാസത്തിലെ നായകനായിരുന്നു. ആദര്‍ശ- സംസ്ഥാപനം ചെയ്തുകൊണ്ട് സമൂഹത്തിന്റെ സമഗ്രമായ ഉന്നതിയെ അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ച ശ്രീനാരായണഗുരുദേവന്റെ ഉദാത്തമായ ജീവിതത്തെ ഇതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്.

”ഇതിഹാസം” എന്ന വാക്കിന്റെ അര്‍ത്ഥം ”ഇതി ഇഹ ആസം” എന്നു പറഞ്ഞാല്‍ ”ഇപ്രകാരം ഇവിടെ ആയിരുന്നു” എന്നര്‍ത്ഥം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമൂഹികവും, രാഷ്ട്രീയവും, സാമുദായികവും, സാംസ്‌കാരികവുമായ സമസ്തവിഷയങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാവ്യ സൃഷ്ടിയാണ് ഇതിഹാസം. അതുകൊണ്ടുതന്നെയാണ് അതാത് ഇതിഹാസങ്ങളുടെ കര്‍ത്താക്കളും ആ ഇതിഹാസത്തിലെ ഒരു കഥാപാത്രമായി വരുന്നത്. രാമായണത്തിന്റെ കര്‍ത്താവായ വാത്മീകിമഹര്‍ഷി രാമായണത്തിലേയും, മഹാഭാരതത്തിന്റെ കര്‍ത്താവായ വ്യാസന്‍ മഹാഭാരതത്തിലേയും കഥാപാത്രമാണ്. ഇവിടെ അതേ അര്‍ത്ഥത്തില്‍ തന്നെയാണ് ഗുരുദേവന്‍ ഒരു മഹത്തായ ഇതിഹാസത്തിലെ നായകനായിരുന്നു എന്നു പറഞ്ഞത്.

കൂടാതെ ഒരു അദ്വൈതിയുടേയും സമൂഹപരിഷ്‌കര്‍ത്താവിന്റേയും ഇഴചേര്‍ന്ന ഒരു സങ്കീര്‍ണ്ണവ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ഗുരുദേവന്‍. ഗുരുദേവന്റെ മറ്റൊരു പ്രത്യേകത പഴയകാലത്തെ സന്യാസിമാരെ പോലെ സമൂഹജിവിതത്തില്‍ നിന്ന് അകന്ന് സദാ ധ്യാനലോകത്തില്‍ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല ഗുരുദേവന്‍, എന്നു മാത്രമല്ല ഇന്ന് നാടടക്കി വാഴുന്ന രാഷ്ട്രീയക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തനായി അക്ഷരാര്‍ത്ഥത്തില്‍ തന്നെ യഥാര്‍ത്ഥ രാഷ്ട്രസ്‌നേഹിയായ ഒരു രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. ഗുരുദേവനിലുള്ള അതുല്യമായ ഈ സവിശേഷതയെ വളരെ സരസമായി കുമാരനാശാന്‍ പറഞ്ഞിട്ടുള്ളത് നമുക്കറിയാം.

”അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സുവപുസ്സും
ധന്യത്വമൊടങ്ങാത്മ തപസ്സും ബലി ചെയ്‌വൂ
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ -” എന്നാണ്
അന്യരുടെ സുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ആദര്‍ശത്തിന്റെ സാക്ഷാത്ക്കാരത്തില്‍ ആത്മസുഖം കണ്ടെത്തലാണ് യഥാര്‍ത്ഥ മതബോധം. അതുകൊണ്ടുതന്നെ അനുകമ്പയുടേയും പരസേവനത്തിന്റെയും സന്ദേശമായ മതസാരമാണ് ശ്രീനാരായണധര്‍മ്മം. ഗുരുദേവന്‍ ഒരു മതനിഷേധിയായിരുന്നില്ല. മതഭേദനിഷേധിയായിരുന്നു. ആത്മോപദേശശതകത്തില്‍ ഗുരുദേവന്‍ പറയുന്നു
”അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയില്‍ ഇമ്മതം ഏകം എന്നു ചിന്തിച്ച്
അഘമണയാതെ അകതാരമര്‍ത്തിടേണം….” എന്നാണ്.

കുമാരനാശാൻ

ഈ ശ്ലോകത്തില്‍ ഗുരുദേവന്‍ പറയുന്നത് എല്ലാവരും ആത്മസുഖത്തിനായിട്ടാണ് എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആയതിനാല്‍ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ആ ”സുഖം” തന്നെയാണ് ഈ പ്രപഞ്ചത്തിലെ ഏകമതം. ഗുരുദേവന്‍ പറഞ്ഞ ഈ ഏകമതമാണ് വിവേകാനന്ദസ്വാമികളുടെ വിശ്വമതം. മഹത്തായ ഈ ആശയത്തെ ഗുരുദേവന്‍ ഒന്നുകൂടി വ്യക്തമാക്കുന്നു –
”അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന്.

ശ്രീശങ്കരാചാര്യര്‍ ദൈവത്തെ ”ജ്ഞാനസിന്ധോ” എന്ന് വിളിച്ചപ്പോള്‍ ഗുരുദേവന്‍ ദൈവത്തെ ദൈവദശകത്തില്‍ ”ദയാസിന്ധോ” എന്നാണ് വിളിക്കുന്നത്. ജ്ഞാനത്തില്‍നിന്നും ദയയിലേക്കുള്ള ഈ പരിവര്‍ത്തനത്തിന്റെ ഭാഗമായിട്ടുതന്നെയാണ് പൗരാണിക ഭാരതീയ ഋഷികള്‍ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലുമുള്ള നാനാത്വത്തെ നിഷേധിച്ചപ്പോള്‍ മനുഷ്യരുടെ ഇടയിലുള്ള അനൈക്യത്തേയും ഭേദങ്ങളേയും പ്രത്യേകം നിഷേധിച്ചുകൊണ്ട് മനുഷ്യര്‍ക്കിടയിലുള്ള അദ്വൈത സത്യത്തെ ആദ്യമായി ലോകത്തോട് ഉറക്കെ പറയാന്‍ ഗുരുദേവനു കഴിഞ്ഞത്.

ഇന്ത്യന്‍ വംശജനായ (മലബാറുകാരനായ) രാവുണ്ണി പണിക്കരുടേയും സ്‌പെയിനിലെ പ്രഭ്വിയുടെ മകളായ കാര്‍മെയുടെയും മകനും സ്പാനിഷ് ദാര്‍ശനികനുമായ റെയ്മണ്‍ പണിക്കരുടെ അഭിപ്രായത്തില്‍ ശാസ്ത്രം മാത്രം പഠിച്ചതുകൊണ്ട് മനുഷ്യന്‍ പൂര്‍ണനാവുകയില്ല. ശാസ്ത്രവും സാഹിത്യവും ആധ്യാത്മികതയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളു എന്നാണ്. കാരണം ശാസ്ത്രം ഒരു വസ്തുവിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ആ വസ്തു എന്തെന്നറിയാതെ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മാത്രം അറിയുന്നത് കൊണ്ട് ഒരാളുടെ ജ്ഞാനം പൂര്‍ണ്ണമാകുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എന്നെ സംബന്ധിക്കുന്ന അഥവാ ഞാനുമായി ബന്ധമുള്ള വിഷയങ്ങളെ കുറിച്ച് അറിയുന്നതോടൊപ്പം ”ഞാന്‍” ആരാണെന്നു കൂടി അറിയണം. എന്നാല്‍ മാത്രമേ അറിവ് പൂര്‍ണമാവുകയുള്ളൂ. അപ്രകാരം പൂര്‍ണ്ണജ്ഞനായ ഗുരുദേവനെ ”പൂര്‍ണ്ണജ്ഞാനിയായ ഗുരു” അഥവാ ‘ബ്രഹ്മജ്ഞാനിയായ ഗുരു’ എന്ന് തിരിച്ചറിയാത്ത കാലത്തോളം ഗുരുവിന്റെ വിശ്വമാനവികഗുരുത്വത്തെ അറിയാതെ ഗുരുദേവന് കേവലം ഒരു സമുദായസ്വത്വം മാത്രം നല്‍കുവാനെ നമുക്ക് കഴിയുകയുള്ളൂ.

ഗുരുദേവനെ ‘ബ്രഹ്മജ്ഞാനി’ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ‘ബ്രഹ്മം’ എന്താണ് എന്ന് അറിയേണ്ടതുണ്ട്.

‘ബ്രഹ്മം’ എന്നത് ഒരു വിശ്വാസമല്ല. അത് ”അറിവ്” അഥവാ പൂര്‍ണ്ണജ്ഞാനമാകുന്നു. അതുകൊണ്ടാണ് ഗുരുദേവന്‍ തന്റെ കൃതികളില്‍ ബ്രഹ്മത്തെ ‘അറിവ്’ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നത്. ആപേക്ഷികമായ അറിവുകളില്‍ നിന്നും അഥവാ ശാസ്ത്രജ്ഞാനത്തില്‍ നിന്നും ഭിന്നമായ ആ അറിവ് അഥവാ ബ്രഹ്മജ്ഞാനം ചരിത്രത്തിനും കാലത്തിനും മാറ്റങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്നതാണ്. ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ പരമമായ ആ യഥാര്‍ത്ഥജ്ഞാനം യാതൊരു മദ്ധ്യസ്ഥതയുമില്ലാതെ നേരിട്ട് അനുഭവിച്ചറിയുമ്പോഴുണ്ടാകുന്ന വികാരാവിഷ്‌ക്കാരത്തിന്റെ പരിണതഫലമാണ് മിസ്റ്റിസിസം അഥവാ അധ്യാത്മജ്ഞാനം അഥവാ ബ്രഹ്മസാക്ഷാത്ക്കാരം. അതുകൊണ്ട് തന്നെ അത് വെറും വിശ്വാസമല്ല. അനുഭൂതിയാണ്. ആ അനുഭൂതിതലത്തില്‍ എത്തിച്ചേരാനുള്ള ഉപാധിമാത്രമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഭാരതീയര്‍ക്ക് ”ഈശ്വരന്‍” എന്നത് കേവലം വിശ്വാസമല്ല, ഇടതിങ്ങിയ ഒരനുഭൂതിയാണ്.

ആത്മോപദേശശതകം നൂറാം ശ്ലോകത്തില്‍ ഗുരുദേവന്‍ പറയുന്നത് ഇതുതന്നെയാണ്.
”അതുമിതുമല്ലസദര്‍ത്ഥമല്ലഹം
സച്ചിദമൃതമെന്ന് തെളിഞ്ഞു ധീരനായി
സദസദീതി പ്രതിപത്തിയറ്റ് സത്തോ
മിതി മൃദുവായ് മൃദുവായമര്‍ന്നിടേണം”
അപ്രകാരമുള്ള പരമമായ അറിവില്‍ (ഭാസില്‍), താത്പര്യമുള്ളവര്‍ (രതിയുള്ളവര്‍) എന്നര്‍ത്ഥത്തിലാണ് ”ഭാരതം” എന്ന പേരു വന്നത്. അര്‍ത്ഥവത്തായ ”ഭാരതം” എന്ന ആ പേര് അനുഭൂതിയായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ഭാരതീയന്‍. അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് മഹാകവി വള്ളത്തോള്‍ പാടിയത് ”ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം” എന്ന്.
അപ്രകാരമുള്ള ബ്രഹ്മത്തെ ഒരു വിഷയമായി ചര്‍ച്ച ചെയ്യാന്‍ ഒരുള്‍ക്കാഴ്ച അത്യന്താപേക്ഷിതമാണ്. ആ ഉള്‍ക്കാഴ്ച ഇല്ലായ്മയാണ് പ്രപഞ്ചത്തിനു മുഴുവന്‍ ആധാരമായിരിക്കുന്ന അദൃശ്യമായ ബോധസ്വരൂപമായ ചൈതന്യത്തെ കേവലം വിശ്വാസം എന്ന പേരില്‍ തള്ളിക്കളഞ്ഞ് ‘സനാതനമായ ധര്‍മ്മം’ എന്നൊന്നില്ല, കേവലം ശാസ്ത്രജ്ഞാനം മാത്രമാണ് പുരോഗതിയുടെ അടിസ്ഥാനമെന്ന് അന്ധമായി പറയാന്‍ കാരണം. അപ്പോള്‍ ഇവിടെ ”ധര്‍മ്മം” എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം കൂടി എന്താണെന്നറിയണം. ‘ധാരയതി ഇതി ധര്‍മ്മഃ” എന്നാണ്. അതായത് ധരിച്ചുകൊണ്ടിരിക്കുന്നത് അഥവാ ആധാരമായിരിക്കുന്നത് ഏതോ അതാണ് ധര്‍മ്മം. എന്നു പറഞ്ഞാല്‍ കോടിക്കണക്കിന് സൗരയൂഥങ്ങളടങ്ങിയ അതിബൃഹത്തായ ഈ പ്രപഞ്ചത്തിലെ സൂര്യചന്ദ്രൻമാരടങ്ങുന്ന ഭൂമിയടങ്ങുന്ന കോടാനുകോടി നക്ഷത്രങ്ങളിലോരോന്നും അതതിന്റെ നിശ്ചിതമായ ഭ്രമണപഥത്തിലൂടെ അപരിമിതമായ ഗതിവേഗത്തില്‍ തുടര്‍ച്ചയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അവയിലേതെങ്കിലുമൊന്നിന്റെ ഗതിവേഗത്തിന് ചെറിയ ഒരു വ്യതിയാനം സംഭവിച്ചാലുണ്ടാവുന്ന ദുരന്തമെന്തായിരിക്കുമെന്ന് സങ്കല്‍പിക്കുവാന്‍പോലും നമുക്ക് സാധ്യമല്ല. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല. അതിനു കാരണം ഈ പ്രപഞ്ചത്തെ മുഴുവനായും ആവരണം ചെയ്തുകൊണ്ട്, അതിലോരോന്നിന്റേയും ഏറ്റവും ചെറിയ ചലനത്തെപോലും നിയന്ത്രിച്ചുകൊണ്ട്, എല്ലാത്തിനും ആധാരമായി, എല്ലാത്തിനേയും ധരിച്ചുകൊണ്ട്, സര്‍വാന്തര്‍യാമിയായ ഒരു ചൈതന്യവിശേഷം അദ്യശ്യമായി നിലകൊള്ളുന്നുവെന്നുള്ളതാണ്. കാലത്തിനും മാറ്റങ്ങള്‍ക്കും അതീതമായി എന്നും എപ്പോഴും എവിടെയും ഒരുപോലെ നിലകൊള്ളുന്ന സനാതനമായ ധര്‍മ്മമാകുന്ന അതായത് ഈ പ്രപഞ്ചത്തെ ഇപ്രകാരം താങ്ങി നിര്‍ത്തുന്ന, ധരിക്കുന്ന ആ ചൈതന്യത്തെ തന്നെയാണ് നാം ”ദൈവം” എന്നു വിളിക്കുന്നത്. അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന ആ ചൈതന്യത്തെ അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നതിനുള്ള ഗീതമാണ് ദൈവദശകം. അതുകൊണ്ടുതന്നെ ഈ കൃതിയിലെ ഏറ്റവും പരമപ്രധാനമായ പദമാണ് ”ദൈവം”

ദൈവം ആരാണ് എന്ന് ശ്വേതാശ്വതരോപനിഷത്തില്‍ വളരെ വ്യക്തമായി പറയുന്നു:-
”ഏകോ ദേവഃ സര്‍വ്വഭൂതേഷു ഗൂഢ;
സര്‍വ്വവ്യാപീ സര്‍വ്വഭൂതാന്തരാത്മാ
കര്‍മ്മാദ്ധ്യക്ഷ: സര്‍വ്വഭൂതാധിവാസ:
സാക്ഷീ ചേതാ കേവലോ നിര്‍ഗുണശ്ച.”
അര്‍ത്ഥം –
സ്വയം പ്രകാശിക്കുന്നവനായ ദേവന്‍ ഒന്നേയുള്ളൂ. ആ ദേവന്‍ സര്‍വ്വചരാചരങ്ങളിലും ഒളിഞ്ഞിരിക്കുന്നു. സര്‍വ്വവ്യാപിയാണ്. എല്ലാ ജീവജാലങ്ങളുടേയും അന്തരാത്മാവാണ്. സര്‍വ്വ ജീവികളുടേയും കര്‍മ്മങ്ങളുടേയും പ്രേരകനാണ്. സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയവുമാണ്. സര്‍വ്വസാക്ഷിയായ ആ ചൈതന്യം പ്രകൃതിയുടെ ഗുണങ്ങളൊന്നും (സത്വരജസ്തമോ ഗുണങ്ങള്‍) തീണ്ടാതെ കേവലനായി വിളങ്ങുന്നു.
ചുരുക്കി പറഞ്ഞാല്‍ സമസ്തജീവജാലങ്ങളുടേയും അന്തരാത്മാവായിരിക്കുന്ന ചൈതന്യ വിശേഷമാണ് ”ദൈവം”.

ദൈവം എന്ന പദത്തിന്റെ ഏറ്റവും വലിയ സവിശേഷത ”ദൈവം” എന്ന പദത്തിന്റെ അര്‍ത്ഥം നമുക്കറിയാമെന്നാണ് നാം കരുതുന്നത്. കാരണം ഈശ്വരന്‍ തന്നെയാണ് ദൈവം എന്ന് നമ്മള്‍ പറയും. ഇത് തെറ്റാണെന്നു പറയുന്നില്ല. പക്ഷേ മനുഷ്യര്‍ തങ്ങളുടെ മക്കള്‍ക്ക് ഈശ്വരന്‍, മഹേശ്വരന്‍, മഹേശ്വരി എന്നെല്ലാം പേരിടാറുണ്ടെങ്കിലും ‘ദൈവം’ എന്നു മാത്രം പേരിടാറില്ല. എന്തുകൊണ്ടാണത്? മലയാളത്തില്‍ മാത്രമല്ല ഒരു ഭാഷയിലും അതേ അര്‍ത്ഥമുള്ള പദങ്ങള്‍ മനുഷ്യര്‍ക്ക് പേരായി ഇടാറില്ല. ‘ഗോഡ്’ എന്നോ ‘അള്ളാ’ എന്നോ പേരുള്ളവരില്ല. അപ്പോള്‍ ”ദൈവം” ”ഈശ്വരന്‍” എന്നീ സങ്കല്പങ്ങള്‍ തമ്മില്‍ എന്തോ കാര്യമായ ഭേദമുണ്ടെന്നു വ്യക്തം. ഈ ഭേദബുദ്ധി നമ്മുടെ ബോധമനസ്സിനില്ലെങ്കിലും നമ്മുടെ ഉപബോധമനസ്സിനുണ്ട്. അതുകൊണ്ടാണ് ആരോടെങ്കിലും പേരു ചോദിക്കുമ്പോള്‍ ‘ദൈവം’ എന്നു കേട്ടാല്‍ നമുക്ക് ചിരിക്കാതിരിക്കാന്‍ കഴിയാത്തത്. എന്നു മാത്രമല്ല ‘ദൈവം’ എന്ന വാക്ക് ആണ്‍-പെണ്‍ ഭേദം കൂടാതെയുള്ള ഒരറിവാണ് നമുക്ക് തരുന്നത്. എന്നാല്‍ ഈശ്വരന്‍ എന്ന പദം അപ്രകാരം ഉള്ളതല്ല. അവിടെ ”ഈശ്വരന്‍” ”ഈശ്വരി” എന്ന ലിംഗഭേദം ഉണ്ട്. ഇപ്രകാരം നമ്മുടെയെല്ലാം ഉപബോധമനസ്സിനറിയാവുന്ന ഈ അര്‍ത്ഥഭേദം ബോധമനസ്സിലേക്ക് ഉയരുന്നതിന് ”ദൈവദശകം” എന്ന കൃതിയുടെ സൂക്ഷ്മവായന നമ്മെ സഹായിക്കും. അപ്രകാരമുള്ള ദൈവത്തെക്കുറിച്ച് പത്തുപദ്യങ്ങളടങ്ങുന്ന ”ദൈവദശകം” ശ്രീനാരായണഗുരുദേവന്റെ ഉത്തമോത്തമ കൃതികളില്‍ ഒന്നാണ്.

(കുട്ടികള്‍ക്ക് വേണ്ടി രചിച്ച പ്രാര്‍ത്ഥനയാണ് ദൈവദശകമെങ്കിലും മഹാപണ്ഡിതനും അതിലുപരി ദാര്‍ശനികനും ആയി തീര്‍ന്നാലും വിട്ടുകളയാന്‍ കഴിയാത്തവിധം ആഴത്തില്‍ പ്രകാശം പരത്തുന്ന പ്രാര്‍ത്ഥനാരൂപമായ ഒരു മന്ത്രം തന്നെയാണ് ദൈവദശകം.)
‘പ്രാര്‍ത്ഥന’ എന്നു പറഞ്ഞാല്‍ പ്രകര്‍ഷത്തിനായുള്ള അര്‍ത്ഥന അഥവാ ഉയര്‍ച്ചയ്ക്കായുള്ള അപേക്ഷയാണ്. ദൈവത്തോടാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ലോകത്തുള്ള എല്ലാ സൃഷ്ടിജാലങ്ങളും, സ്രഷ്ടാവും, സൃഷ്ടി എന്ന കര്‍മ്മവും എല്ലാം ദൈവം തന്നെയാണ് എന്ന് പറയുമ്പോള്‍ – ഗുരുദേവന്‍ തന്നെ ദൈവദശകത്തില്‍ പറയുന്നുണ്ട് ”നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും” എന്ന്. അങ്ങനെ വരുമ്പോള്‍ ഈ പറയുന്ന ദൈവം എന്നില്‍ നിന്നും ഭിന്നമല്ലാത്തതിനാല്‍ ഫലത്തില്‍ പ്രാര്‍ത്ഥന നാം നമ്മോടുതന്നെയാണ് ചെയ്യുന്നത്. ഇത് എങ്ങനെ ശരിയാകും എന്നു ചോദിച്ചാല്‍ ഉത്തരം വ്യക്തികള്‍ നന്നായാലെ കുടുംബം നന്നാവുകയുള്ളൂ. കുടുംബങ്ങള്‍ നന്നാവുന്നതിലൂടെ സമൂഹവും, സമൂഹം നന്നാവുന്നതിലൂടെ രാഷ്ട്രവും നന്നാവും. രാഷ്ട്രങ്ങള്‍ നന്നാവുന്നതിലൂടെ ലോകം മുഴുവനും ശാന്തിയും സമാധാനവും നിറഞ്ഞ് ‘ലോകസമാധാനം’ എന്ന മഹത്തായ ആശയം സാക്ഷാത്ക്കരിക്കപ്പെടും. അപ്പോള്‍ നന്നാവേണ്ടത് വ്യക്തികളാണ്. വ്യക്തികള്‍ നന്നാവണമെങ്കില്‍ അവരവര്‍ തന്നെ വിചാരിക്കണം. അതിന് ‘ഞാന്‍’ ആരാണെന്നും എനിക്കും ഈ പ്രപഞ്ചത്തിനും തമ്മിലുള്ള ബന്ധം എന്താണെന്നും മനസ്സിലാക്കി അവരവരുടെ ഉള്ളിലുള്ള യഥാര്‍ത്ഥ ആത്മാവിനെ തിരിച്ചറിഞ്ഞ് അഥവാ യഥാര്‍ത്ഥ ”ഞാന്‍” ആരാണെന്ന് തിരിച്ചറിഞ്ഞ് ആ ആത്മാവിന്റെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പണം ചെയ്യണം. എന്നാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഭഗവത്ഗീതയും പറയുന്നു ഈശ്വരന്‍ അവരവരുടെ ഉള്ളില്‍ തന്നെയാണ് ഇരിക്കുന്നത് എന്ന്. ഗീതയില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട് – ”ഈശ്വര:സര്‍വ്വഭൂതേഷു ഹൃദ്ദേശേ അര്‍ജ്ജുന തിഷ്ഠതി” എന്ന്.

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ – ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായവ നിറവേറ്റി കഴിഞ്ഞാല്‍ അവന് സംതൃപ്തിയുണ്ടാകുമെന്ന ധാരണ ശരിയല്ല എന്ന്, ഇന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനസിക സമാധാനത്തിന് ആധുനിക മനുഷ്യന്‍ പലവിധ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ലോകത്ത് എവിടെയും ഇന്ന് അസ്വസ്ഥത കൂടി വരുന്നു.മാനവചരിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ മനുഷ്യന് താന്‍ പരാധീനനാണെന്ന ബോധം ഉണ്ടായിട്ടുണ്ട്.

പക്ഷെ നമ്മളെ പോലെയുള്ള സാധാരണ മനുഷ്യരെ സംബന്ധിച്ച് ഈ ആത്മാവ് അഥവാ ദൈവം (ദിവ് ധാതുവിന് പ്രകാശം എന്നാണര്‍ത്ഥം. സ്വയം പ്രകാശിക്കുകയും മറ്റുള്ളതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ദൈവം എന്നു പറയുന്നത്) അവരവരുടെ ഉള്ളിലാണ് എന്ന വസ്തുത അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല. അതുകൊണ്ട് നമ്മളെ സംബന്ധിച്ച് നമ്മളില്‍ നിന്നും ഭിന്നനായി ദൈവം പുറത്താണ് സ്ഥിതി ചെയ്യുന്നത്. അതുകാണ്ട് നമ്മള്‍ പുറത്തേക്കു നോക്കി അകത്തിരിക്കുന്ന ആത്മാവിനോട് അഥവാ ഈശ്വരനോട് എല്ലാവരുടേയും നൻമക്കായി പ്രാര്‍ത്ഥിക്കുകയാണ്. വ്യക്തികളുടെ ഒറ്റയ്‌ക്കൊറ്റക്കുള്ള വളര്‍ച്ചയേക്കാള്‍ കൂട്ടായ പുരോഗതിയാണ് കൂടുതല്‍ അഭികാമ്യം. അതായത് നമ്മുടെ പുരോഗതി മറ്റുള്ളവരുടെ പുരോഗതിക്കും, മറ്റുള്ളവരുടെ പുരോഗതി നമ്മുടെ പുരോഗതിക്കും കാരണമാകും. ഒരു വൃക്ഷം ചീയുന്നത് മറ്റൊരു വൃക്ഷത്തിന് വളമാകുമെന്നത് സ്വഭാവികമായ അന്ത്യത്തിന്റേയും അലിഞ്ഞു ചേരലിന്റേയും കാര്യത്തില്‍ മാത്രമാണ് ശരിയാവുക. മറിച്ച് രോഗം വന്നുള്ള ചീയലാണെങ്കിലും ഒടിഞ്ഞു വീഴലാണെങ്കിലും അടുത്തുനില്‍ക്കുന്ന വൃക്ഷത്തിനു കൂടി വിനാശകരമായിതീരും.

ദൈവത്തെപറ്റി ധാരാളം എഴുതിയ ഗുരുദേവന്‍ ദൈവദശകത്തില്‍ മനുഷ്യന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ട രീതിയെ കാണിച്ചുതരുന്നു. പ്രാര്‍ത്ഥനയില്‍ കൂടി നല്ല മനുഷ്യസമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഗുരുദേവന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കെതിരെ ദൈവത്തിന്റെ പേരില്‍ പോരാടിയ ധീരനായ ഗുരുദേവനേയും ഈ കൃതിയില്‍ നമുക്കു കാണാം.
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ – ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായവ നിറവേറ്റി കഴിഞ്ഞാല്‍ അവന് സംതൃപ്തിയുണ്ടാകുമെന്ന ധാരണ ശരിയല്ല എന്ന്, ഇന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനസിക സമാധാനത്തിന് ആധുനിക മനുഷ്യന്‍ പലവിധ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ലോകത്ത് എവിടെയും ഇന്ന് അസ്വസ്ഥത കൂടി വരുന്നു.

മാനവചരിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ മനുഷ്യന് താന്‍ പരാധീനനാണെന്ന ബോധം ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പറ്റുകയില്ല എന്ന സാമാന്യബോധം അവന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‍ എല്ലായിടത്തും എപ്പോഴും പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നു. ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും, ശാസ്ത്രം കൊണ്ട് നോടാവുന്നതെല്ലാം നേടിയാലും പ്രാര്‍ത്ഥനയ്ക്കുള്ള മനുഷ്യന്റെ അഭിവാജ്ഞ നിലനില്ക്കുക തന്നെ ചെയ്യും. അപ്പോള്‍ പ്രാര്‍ത്ഥിക്കണോ വേണ്ടയോ എന്നതല്ല വിഷയം. എങ്ങിനെ പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം? എന്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമെന്ന നിലയില്‍ വേണം നാം ദൈവദശകം എന്ന കൃതിയെ കാണാന്‍. ഇരുപതാം നൂറ്റാണ്ടിലെ സദ്ഗുരുവിനാല്‍ എഴുതപ്പെട്ട കൃതി എന്ന നിലയിലാണ് ദൈവദശകം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതെങ്കിലും അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആര്‍ഷസംസ്‌ക്കാരത്തില്‍ നിന്നും ഉടലെടുത്തതാണ് മന്ത്രരൂപമായ ഈ പ്രാര്‍ത്ഥന എന്നുള്ള കാര്യം നാം മറക്കാന്‍ പാടില്ല.

Author

Scroll to top
Close
Browse Categories