ഭരണഘടന ജനാധിപത്യത്തിന്റെ ആത്മാവ്
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഭരണഘടന വിളംബരം ചെയ്യുന്ന തുല്യത ആര്‍ക്കൊക്കെ കിട്ടുന്നുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സമയത്ത് സാമൂഹ്യനീതിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ട് വെച്ച മഹാനായ വ്യക്തിയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍.
സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവിവേചനങ്ങള്‍ക്കെതിരെ ശക്തമായി പോരാടുകയും വിവേചനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിതം നീക്കിവെക്കുകയും ചെയ്ത് ജാതി ഉന്മൂലന പോരാട്ടത്തിന് ഡോ. അംബേദ്കര്‍ കരുത്തു പകര്‍ന്നു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജാതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികള്‍ അദ്ദേഹം വിവരിച്ചു. ഇന്ത്യന്‍ ഭരണഘടന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ഗോത്രങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പുനല്‍കുംവിധമാക്കി മാറ്റുന്നതിന് ഡോ. അംബേദ്കര്‍ അഹോരാത്രം പണിയെടുത്തു.
തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന താഴ്ന്ന ജാതി ഹിന്ദുക്കളുടെ അവസ്ഥതീര്‍ത്തും ശോചനീയമായിരുന്നു. കിണറുകളില്‍ നിന്ന് വെള്ളം കുടിക്കാനുള്ള വിലക്ക് മുതല്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് എത്താന്‍ വരെ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ജാതിവിവേചനം എന്ന അപകടത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന, പോരാടുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും നേരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള കരുത്ത് ഡോ. അംബേദ്കര്‍ നമുക്ക് നല്‍കി.
”എനിക്കൊരു മാതൃരാജ്യമില്ല, ആത്മാഭിമാനമുള്ള ഒരു ദളിതനും ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനാവില്ല. എങ്ങനെയാണ് ഞാന്‍ ഈ രാജ്യത്തെ മാതൃരാജ്യമെന്ന് വിളിക്കുക. തങ്ങളോട് മൃഗങ്ങളെക്കാള്‍ മോശമായി പെരുമാറുന്ന രാജ്യത്തെ എങ്ങനെയാണ് മാതൃരാജ്യമായി കാണുക’ ഗാന്ധിജിയുടെ മുന്നില്‍ അംബേദ് കര്‍ മുന്നോട്ടു വെച്ച ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ജാതി എന്നത് സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിതമാണ്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 വിളംബരം ചെയ്യുന്ന തുല്യത എവിടെ ആര്‍ക്കൊക്കെ കിട്ടുന്നുണ്ടെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.സംവരണം എന്ന ഭരണഘടനയുടെ അവിഭാജ്യഘടകത്തിന് 103-ാം ഭേദഗതി വെല്ലുവിളി ഉയര്‍ത്തുന്നു.
സവര്‍ണജാതി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥയിലെ പ്രാതിനിധ്യം ചോദ്യം ചെയ്യപ്പെട്ടി രിക്കുകയാണ്.
‘എന്റെ മരണകാരണം എന്റെ ജന്മ’മാണെന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതി വെച്ച രോഹിത് വെമൂല ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടേണ്ടിയിരിക്കുന്നു.
ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനുള്ള ആത്മാവാണ്. കാരണം ഭരണഘടന എല്ലാ വ്യത്യസ്തതകളേയും ഉള്‍ക്കൊള്ളുന്നു.