സൂര്യന്കൂടുതല്‍ അടുത്ത്; അഭിമാനമായി ആദിത്യ
ഏകദേശം പതിനഞ്ചുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിത്യ എല്‍-1 ഓര്‍ബിറ്റില്‍ എത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമായ പതിനഞ്ചുകോടി കിലോമീറ്ററിന്റെ വെറും ഒരുശതമാനം മാത്രമാണ് ആ ദൂരമെങ്കിലും അത്രയും അടുത്ത് നമുക്ക് എത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ഒടുവില്‍ ആ യാത്രയും ലക്ഷ്യം കണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ കണിശമായ പ്രയാണത്തിന്റെയും 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെയും ചിറകിലേറി ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു. ഇത് ഐ.എസ്.ആര്‍.ഒയ്ക്കും ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമാണ്. നീണ്ട നാലുമാസങ്ങള്‍ നീണ്ട യാത്രക്കൊടുവിലാണ് ആദിത്യ ലക്ഷ്യസ്ഥാനത്തു എത്തിയിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 2 നു വിക്ഷേപിച്ച പേടകം 125 ദിവസം നീണ്ട യാത്രയ്ക്കുശേഷമാണ് ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെ ലെഗ്രാന്റ് പോയിന്റില്‍ എത്തിയിരിക്കുന്നത്.
സ്വപ്നതുല്യമായ തുടക്കം
സൂര്യനെക്കുറിച്ചു പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ 1,480.7 കിലോഗ്രാം ഭാരമുള്ള ‘ആദിത്യ എല്‍ 1’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് സെപ്റ്റംബര്‍ 2 നു 11.50 ഓടെ പി..എസ്.എല്‍.വി- സി 57 റോക്കറ്റില്‍ വിക്ഷേപിക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയതിനൊപ്പം, ആദിത്യയിലൂടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മറ്റൊരു നാഴികക്കല്ലാണ് നാം താണ്ടിയിരിക്കുന്നത്. റോക്കറ്റ് കുതിച്ചുയര്‍ന്നു 64 മിനിറ്റിനുശേഷം ഭൂമിയില്‍നിന്നും 648 കിലോമീറ്റര്‍ അകലെ ‘ആദിത്യ’ റോക്കറ്റില്‍ നിന്നും വേര്‍പെട്ടു. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തി ലഗ്രാന്‍ജ് ബിന്ദുവില്‍ എത്തുകയായിരുന്നു. ഏകദേശം പത്തുവര്‍ഷത്തോളമായി സൂര്യനിലേക്കുള്ള ഈ ദൗത്യത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു ഐ.എസ്.ആര്‍.ഒ. അതിന്റെ സാക്ഷാത്കാരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ലക്ഷ്യങ്ങള്‍ അനവധി
ഭൂമിയിലെ ജീവന്റെതന്നെ ആധാരമായി കണക്കാക്കുന്ന സൂര്യനെക്കുറിച്ചു കൂടുതല്‍ വിശദമായി പഠിക്കുകവഴി ശാസ്ത്രരംഗം ലക്ഷ്യമിടുന്നത് സൂര്യനെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല; സമാനമായ മറ്റു നക്ഷത്രങ്ങളെ പറ്റിയുള്ള പഠനം കൂടെയാണ്. സൂര്യനെക്കുറിച്ചുള്ള പഠനംവഴി നമ്മുടെ ക്ഷീരപഥത്തിലെ മറ്റു നക്ഷത്രങ്ങളെക്കുറിച്ചും, വിവിധ ഗ്യാലക്‌സികളിലെ നക്ഷത്രങ്ങളെക്കുറിച്ചും അതുവഴി പ്രപഞ്ചോല്പത്തിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും.
സൂര്യന്റെ ഉപരിതലത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുവാനായി 2008 ല്‍ ആണ് ഐ.എസ്.ആര്‍.ഒ ആദ്യമായി പദ്ധതിയിടുന്നത്. എന്നാല്‍ സൂര്യന്റെയും, ഭൂമിയുടെയും ഗുരുത്വാകര്‍ഷണം ഏറെയുണ്ടാകുന്ന ഓര്‍ബിറ്റിലൂടെയുള്ള യാത്രയ്ക്ക് വലിയ വെല്ലുവിളികള്‍ ഉണ്ട്. ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്നത് വലിയ ഇന്ധനച്ചെലവും, ഒപ്പം ഹ്രസ്വമായ കാലത്തേക്ക് മാത്രം ചെയ്യുവാന്‍ കഴിയുന്ന ദൗത്യവും ആയതിനാലാണ് പല ദൗത്യങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കാന്‍ കഴിയാതെ വരുന്നത്. എന്നാല്‍ സൂര്യന്റെയും, ഭൂമിയുടെയും ഗുരുത്വാകര്‍ഷണം പൂജ്യം ആയ അഞ്ച് പോയന്റുകളാണ് ഉള്ളത്. ഈ പോയന്റുകള്‍ക്ക് പറയുന്ന പേരാണ് ‘ലഗ്രാന്‍ജ് പോയന്റ്’. ഇവിടെ സൂര്യന്റെയും, ഭൂമിയുടെയും ആകര്‍ഷണ വികര്‍ഷണ പരിധിയില്‍ ഇന്ധനത്തിന്റെ ഉപഭോഗം കുറച്ച് ഒരേപാതയില്‍ സന്തുലിതമായി തുടരുവാന്‍ സാധിക്കുന്നു. ഇറ്റാലിയന്‍ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലഗ്രാന്‍ജിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേര് നല്‍കിയിരിക്കുന്നത്.
എല്‍-1, എല്‍-2, എല്‍-3, എല്‍-4, എല്‍-5 എന്നിങ്ങനെയാണ് അവയെ വിളിക്കുന്നത്. ജയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി എല്‍-1 ലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെത്തന്നെയാണ് ആദിത്യാ പേടകത്തെയും സ്ഥാപിക്കുവാന്‍ പോകുന്നത്. അതുകൊണ്ടാണ് ആദിത്യ എല്‍-1 എന്ന് പേരും നല്‍കിയിരിക്കുന്നത്. ഇവിടെയുള്ളപ്പോള്‍ പേടകത്തില്‍ ഗുരുത്വാകര്‍ഷണം ബാധിക്കുന്നില്ല എന്നുമാത്രമല്ല, ഭൂമിയോ മറ്റു ഗ്രഹങ്ങളോ നിഴല്‍ വീഴ്ത്തുന്നുമില്ല. അതിനാല്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുവാനും, 24 മണിക്കൂറും സൂര്യനെ നിരീക്ഷിക്കുവാനും, ചിത്രങ്ങള്‍ എടുക്കുവാനും സാധിക്കുന്നു.
ഏകദേശം പതിനഞ്ചുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിത്യ എല്‍-1 ഓര്‍ബിറ്റില്‍ എത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമായ പതിനഞ്ചുകോടി കിലോമീറ്ററിന്റെ വെറും ഒരുശതമാനം മാത്രമാണ് ആ ദൂരമെങ്കിലും അത്രയും അടുത്ത് നമുക്ക് എത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ഏഴു ഉപകരണങ്ങള്‍
ഈ പേടകത്തില്‍ പ്രധാനമായും ഏഴു ഉപകരണങ്ങള്‍ (പേലോഡുകള്‍) ആണുണ്ടായിരുന്നത്.. ആദ്യത്തേത് വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് (VEL) ആണ്. വിസിബിള്‍, ഇന്‍ഫ്രാറെഡ് ലൈറ്റില്‍ സൂര്യനെ നിരീക്ഷിച്ചു കൊറോണല്‍ മാസ് ഇജക്ഷനെക്കുറിച്ചും, സോളാര്‍ ഫ്ളെയറിനെക്കുറിച്ചും പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടാമത്തേത് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പാണ് (SUIT). സൂര്യന്റെ ഓരോ പാളികളെക്കുറിച്ചു പഠിക്കുന്നതിനായാണ് ഇത് പ്രയോജനപ്പെടുന്നത്. പിന്നെ ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (HEL-1OS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് (ASPEX), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), മാഗ്‌നെറ്റോമീറ്റര്‍ (Magnetometer), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (SOLEXS) എന്നിവയാണ് മറ്റു പേലോഡുകള്‍. ഓരോന്നിനും ഓരോ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുണ്ട്.
നാസയുടെയും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും പാര്‍ക്കര്‍ സോളാര്‍ പ്രോബ്, സോളാര്‍ ഓര്‍ബിറ്റര്‍ എന്നീ ദൗത്യങ്ങള്‍ സൂര്യന്റെ കൂടുതല്‍ അടുത്ത് ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അവയിലൂടെ ഒരുപാട് വിവരങ്ങള്‍ നാം അറിയുന്നുമുണ്ട്. അതില്‍ കൂടുതലായി എന്താണ് നമ്മുടെ ആദിത്യ എല്‍-1 ശാസ്ത്രലോകത്തിന് സംഭവനചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് തോന്നിയേക്കാം. ബഹിരാകാശഗവേഷണങ്ങളില്‍ ഉണ്ടാകുന്ന ഓരോ ചെറിയ കണ്ടെത്തലുകളും വലിയ ശാസ്ത്രനേട്ടങ്ങള്‍ തന്നെയാണ്. ചന്ദ്രനില്‍ മറ്റുരാജ്യങ്ങള്‍ പോയി വര്‍ഷങ്ങള്‍ക്കുശേഷമാണ് നമുക്ക് പോകുവാന്‍ കഴിഞ്ഞതെങ്കിലും സ്വതവേ ബുദ്ധിമുട്ടേറിയ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി നാം ചരിത്രം സൃഷ്ടിച്ചപോലെ ഇതുവരെ കണ്ടെത്താത്ത എന്തെങ്കിലും ഒക്കെ ശാസ്ത്രസത്യങ്ങള്‍ ആദിത്യയ്ക്കായി പ്രപഞ്ചം കാത്തുവച്ചിട്ടുണ്ടാകും.
സൂര്യനെ ഇനി അടുത്തുകാണും
ആ വലിയ പ്രതീക്ഷയില്‍ തന്നെ ദിവസങ്ങളില്‍ ആദിത്യ എല്‍ 1 സൂര്യനെ നമ്മളെക്കാളൊക്കെ ഏറെ അടുത്ത് കണ്ടുകൊണ്ടിരിക്കും. സൂര്യന്‍ ഇതുവരെ പറയാത്ത ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്തി നമുക്ക് പകര്‍ന്നുതന്നുകൊണ്ടേയിരിക്കും. സൂര്യരശ്മികളുടെ പ്രത്യേകതകളും, അതിലുണ്ടാവുന്ന മാറ്റങ്ങളും സസൂക്ഷ്മം വീക്ഷിക്കും. ഓരോ ചെറിയ ചുവടുവെപ്പുകളും വലിയ നേട്ടങ്ങള്‍ക്ക് വിധേയമാകുന്നതുപോലെ, ആദിത്യയുടെ ഓരോ നേട്ടവും സമൂഹത്തിലും, മനുഷ്യരാശിയ്ക്കും വലിയ പുരോഗതി സമ്മാനിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
ഇന്നൊരുപക്ഷേ ശാസ്ത്ര-സാങ്കേതികവിദ്യാരംഗത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം. എന്നാല്‍ വലിയ ചര്‍ച്ചകള്‍ക്കപ്പുറം ക്രിയാത്മകമായ എന്ത് നീക്കമാണ് ശാസ്ത്രം സമൂഹത്തിന്റെ ഗുണഗണങ്ങള്‍ക്കായി ചെയ്തിട്ടുള്ളത്? അതല്ലെങ്കില്‍ ശാസ്ത്രത്തിന് സമൂഹങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കുവാനുള്ള ഒരു പ്രതലം ഒരുക്കിക്കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നുവേണം കരുതാന്‍. ഇപ്പോള്‍ നാം നേടിയ ഈ നേട്ടങ്ങളുടെയും ഗുണഫലങ്ങള്‍ ചുരുങ്ങിയ ആളുകളില്‍ ഒതുങ്ങാതെ സമൂഹത്തിനാകമാനം ഗുണപ്രദമാകാന്‍ കഴിയണം. അത്തരത്തില്‍ ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ സമൂഹങ്ങളില്‍ എത്തിയാല്‍ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം നമ്മുടെ രാജ്യത്ത് പുലരുകയുള്ളൂ എന്നകാര്യത്തില്‍ സംശയമില്ല.
9946199199