ഈഴവര്‍ക്ക് വേണ്ടിയുള്ള ക്രിസ്ത്യന്‍ മിഷനും ഹിന്ദു മിഷനും

1921-ല്‍ കരപ്പുറം മിഷന്‍ എന്ന പേരിലാണ് സി.എം.എസ് മിഷനറിമാര്‍ ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഈഴവര്‍ കൂടുതലായി താമസിക്കുന്ന ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുവാനായി മലയാളി മിഷനറിമാരെ അയക്കുകയും അതോടൊപ്പം സ്ത്രീകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ മിഷന്‍ ഈഴവരുടെ ഇടയില്‍ ആരംഭിക്കുകയും ചെയ്തു. ഈഴവ മിഷന്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ സംരംഭത്തിന്റെ ചെലവിലേക്ക് പണം ലഭിക്കുന്നതിനായി 1924 ഡിസംബര്‍ 26-നു എക്സിബിഷന്‍ നടത്തുകയും അതിന്റെ ഫലമായി 175-രൂപ ലഭിക്കുകയും ചെയ്തു. ഇതിനിടയില്‍സി.എം.എസ് മിഷനറിമാര്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ദേശാഭിമാനി പത്രത്തില്‍കൂടി ഒരു അഭ്യര്‍ത്ഥന ഈഴവ യുവാക്കള്‍ നടത്തുകയുണ്ടായി.എം.സി കുട്ടന്‍ ആയിരുന്നു ഈ യുവാക്കളുടെ നേതാവായി പ്രവര്‍ത്തിച്ചിരുന്നത്.

1910-കള്‍ക്ക് ശേഷം ഇന്ത്യയിലെമ്പാടും മത പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ സജീവമായതിന്റെ ഫലമായി ഹിന്ദു, സിക്ക്, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളെല്ലാം കൂടുതല്‍ ആളുകളെ അവരുടെ സ്വന്തമാക്കുന്നതിനായി കഠിന പ്രവര്‍ത്തനമാണ് നടത്തിവന്നത്. ഈ പശ്ചാത്തലത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും മതപരിവര്‍ത്തന ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടങ്ങളില്‍ ആരംഭിച്ചപ്പോഴും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കിയപ്പോഴുമെല്ലാംഈഴവര്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നതിനാല്‍ വലിയ ഒരു വിഭാഗം ഈഴവര്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം മിഷനറിമാര്‍ ഈഴവരുടെ സഹായികളായി എത്തിയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ ചേരുന്ന ഈഴവരുടെ അവസ്ഥയായിരുന്നു ഏറ്റവും മോശമായിരുന്നത്. ഡോക്ടര്‍ പി. പല്‍പ്പുവിന്റെ കുടുംബ അനുഭവം നോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. 1866-ല്‍ തിരുവനന്തപുരത്തെ പേട്ട സ്വദേശിയായ പി. ടി. പപ്പു എന്ന ഈഴവന്‍ തിരുവിതാംകൂറിലെ ആദ്യത്തെ പ്ലീഡര്‍ പരീക്ഷയ്ക്കു ചേരാന്‍ അപേക്ഷ കൊടുത്തു. അദ്ദേഹത്തിന്റെ അപേക്ഷാഫീസും വാങ്ങിവെച്ചു. എന്നാല്‍ അദ്ദേഹം ഈഴവനാണെന്നു മനസിലായപ്പോള്‍ അപേക്ഷ നിരസിക്കുകയും ഫീസ് മടക്കി നല്കാതെയുമിരുന്നു (ജെഫ്രി 2014: 185). യൂറോപ്യന്‍ മിഷനറിമാരില്‍ നിന്നുമാണ് പപ്പു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. പപ്പുവിന്റെ കുടുംബത്തിലെ ഒരു ശാഖക്കാര്‍ ക്രിസ്തുമതത്തില്‍ ചേരുകയും ചെയ്തു. പപ്പുവിന്റെ മക്കളായ പി. വേലായുധനും, പി. പല്‍പ്പുവും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് നന്നേ കഷ്ടപ്പെട്ടിരുന്നു. 1872-ല്‍ ചിറയിന്‍കീഴിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ച അന്‍പത് ഈഴവ വിദ്യാര്‍ഥികള്‍ക്കായി സാമുവേല്‍ മറ്റീര്‍ എന്ന ലണ്ടന്‍ മിഷനറിയാണ് അവിടെത്തന്നെ പുതിയ ഒരു സ്‌കൂള്‍ ആരംഭിച്ചത്. ഇവരില്‍ ആരുംതന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. മറ്റീറിനു സാധ്യമാകുന്നതിലും കൂടുതല്‍ സ്‌കൂളിനുള്ള അപേക്ഷകള്‍ ഈഴവരില്‍നിന്നും വന്നുകൊണ്ടേയിരുന്നു.
വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മാത്രമേ സര്‍ക്കാരിന് സാധിച്ചുള്ളൂ, ഈഴവരെ പോലും വേണ്ടത്ര പഠിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. 1891-ല്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന മുപ്പത് ഈഴവര്‍ ഉണ്ടായിരുന്നു, ഇവരില്‍ അധികംപേരും മിഷനറിമാരുടെ വിദ്യാഭ്യാസത്തിനോട് കടപ്പെട്ടവരാണ് (ജെഫ്രി 2014:143). 1891-1892 വര്‍ഷങ്ങളില്‍ തിരുവിതാംകൂറിലെ ഈഴവരിലെ 2. 1% മാത്രമായിരുന്നു സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പഠിച്ചിരുന്നത് (Kawashima 1998: 107). തന്നെയുമല്ല1890-കാലത്ത് പത്ത് രൂപയില്‍ കൂടുതല്‍ പ്രതിമാസ ശമ്പളമുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഒറ്റ ഈഴവന്‍ പോലുമില്ലായിരുന്നു (ജെഫ്രി 2014:170). ഇത്തരം ഒരു സാഹചര്യത്തില്‍ സാമൂഹിക പദവി ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി ഒരു വിഭാഗം ഈഴവര്‍ ക്രിസ്തുമതം തിരഞ്ഞെടുക്കുകയുണ്ടായി. എന്നാല്‍ ശ്രീനാരായണ പ്രസ്ഥാനം ശക്തിയായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ക്രിസ്തുമതം സ്വീകരിച്ച ഈഴവരെ തിരികെ ഹിന്ദു മതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എസ്. എന്‍. ഡി. പി യോഗത്തിന്റെ ഔദ്യോഗിക മാസികയായ വിവേകോദയം 1915- ധനുമാസത്തില്‍ [വോള്യം – XI പേജ് 312] റിപ്പോര്‍ട്ട് ചെയ്യുന്നു, ‘കോട്ടുകാലില്‍ (നെയ്യാറ്റിന്‍കര) കുറെയധികം ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി, ശ്രീനാരായണ ഗുരു അവരെ നേരില്‍ കാണുകയും ക്രിസ്തുമതം ഉപേക്ഷിച്ചു തിരികെ വരണമെന്നും പറഞ്ഞതിന്റെ ഫലമായി അവര്‍ തിരികെ വരുകയും, പള്ളികളുടെ സ്ഥാനങ്ങളില്‍ അമ്പലങ്ങള്‍ പണിയുകയും ഉണ്ടായി (Gladstone 1984: 292).എന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഈഴവര്‍ തികച്ചും സങ്കീര്‍ണ്ണമായ ഒരു സാമൂഹിക ക്രമത്തിനുള്ളില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടതിനാല്‍ ഹിന്ദുമതം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുക എന്ന പദ്ധതി പലയിടങ്ങളിലായി ആസൂത്രണം ചെയ്യപ്പെട്ടു.
1921-ല്‍ കരപ്പുറം മിഷന്‍ എന്ന പേരിലാണ് സി.എം.എസ് മിഷനറിമാര്‍ ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ ഭാഗമായി സി.എം. എസ് ബിഷപ്പ്എഡ്വേര്‍ഡ് മൂര്‍ ഈഴവരുടെ മതപരിവര്‍ത്തനവും പ്രവര്‍ത്തന പദ്ധതിയും എന്ന പേരില്‍ നിരവധി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും മിഷന്റെ മലയാള പ്രസിദ്ധീകരണങ്ങളില്‍ എങ്ങനെയെല്ലാമാണ് ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ഈഴവ മിഷനിലേക്ക് മാത്രമായി നൂറ് പ്രവര്‍ത്തകരെയാണ് സി.എം.എസ് മിഷന്‍ തിരുവിതാംകൂര്‍- കൊച്ചി എന്നീ രാജ്യങ്ങളുടെ വിവിധ ഇടങ്ങളിലേക്ക് അയച്ചത്. ഈഴവര്‍ കൂടുതലായി താമസിക്കുന്ന ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുവാനായി മലയാളി മിഷനറിമാരെ അയക്കുകയും അതോടൊപ്പം സ്ത്രീകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ മിഷന്‍ ഈഴവരുടെ ഇടയില്‍ ആരംഭിക്കുകയും ചെയ്തു.
ഈഴവ മിഷന്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ സംരംഭത്തിന്റെ ചെലവിലേക്ക് പണം ലഭിക്കുന്നതിനായി 1924- ഡിസംബര്‍ 26-നു എക്സിബിഷന്‍ നടത്തുകയും അതിന്റെ ഫലമായി 175-രൂപ ലഭിക്കുകയും ചെയ്തു. (Gladstone 1984: 359). ഇതിനിടയില്‍സി.എം.എസ് മിഷനറിമാര്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ദേശാഭിമാനി പത്രത്തില്‍കൂടി ഒരു അഭ്യര്‍ത്ഥന ഈഴവ യുവാക്കള്‍ നടത്തുകയുണ്ടായി.എം.സി കുട്ടന്‍ ആയിരുന്നു ഈ യുവാക്കളുടെ നേതാവായി പ്രവര്‍ത്തിച്ചിരുന്നത്. എന്തായാലും 1926- ഓഗസ്റ്റ് പതിനൊന്നിന് ആലപ്പുഴ ക്രൈസ്റ്റ് പള്ളിയില്‍ കുട്ടനും ഭാര്യയും ക്രിസ്ത്യാനികളായി മാറി എബ്രഹാം, സാറ എന്നീ പേരുകള്‍ സ്വീകരിച്ചു. പിന്നീട് കുട്ടന്റെ സഹോദരനും പള്ളിയില്‍ ചേരുകയുണ്ടായി (നൈനാന്‍ 1997: 87). മറ്റൊരു ശ്രദ്ധേയനായ ഈഴവ നേതാവ് കെ.സി. കുട്ടനാകട്ടെ സിഖ് മത വിശ്വാസിയായി മാറുകയുണ്ടായി.ശ്രീനാരായണ ഗുരുവിന്റെ മരണാനന്തരം ഈഴവ യുവാക്കള്‍ക്കിടയില്‍ തീവ്രമായ ചര്‍ച്ചകള്‍ നടക്കുന്ന സമയംകൂടിയായിരുന്നു അത്.

1930-കളിലെ ഈഴവ ചെറുപ്പക്കാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് സി. കേശവന്‍ തന്റെ ജീവിതത്തെ മുന്‍നിര്‍ത്തി പറയുന്നത് ഇങ്ങനെയാണ്. ”ഈഴവസമുദായം ഇക്കാലത്ത് പഴയകൂറ്റുകാരും പുത്തന്‍കൂറ്റുകാരും എന്നു രണ്ട് ചേരിയായി തിരിയുന്നുണ്ടായിരുന്നു. ആശയത്തെയും ആദര്‍ശത്തെയും അടിസ്ഥാനമാക്കിയ തിരിവായിരുന്നു. ഗവണ്‍മെന്റിന്റെയും അന്യസമുദായങ്ങളുടെയും, വിശേഷിച്ച് നായന്മാരുടെയും, സൗജന്യങ്ങള്‍ക്ക് പിച്ചച്ചട്ടിയുമായി നടക്കാന്‍ ഈഴവയുവാക്കള്‍ മേലാല്‍ സന്നദ്ധരല്ലായെന്ന ഒരു വെല്ലുവിളിയുടെ മുഴക്കം എവിടെയും കേള്‍ക്കാമായിരുന്നു. നാരായണഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം ഒരു ദൈവം’ എന്ന അദ്ധ്യാത്മദര്‍ശനത്തെ തന്നെ അവര്‍ ചോദ്യം ചെയ്തിരുന്നു. നിര്‍ജാതിത്വം, നിര്‍മ്മതത്വം, നിര്‍ദ്ദേവത്വം എന്ന് അവര്‍ അതിനെ പരിഷ്‌കരിച്ചു. ഹിന്ദുമതത്തിന്റെയും സവര്‍ണ്ണമേധാവിത്വത്തിന്റെയും ഉരുക്കുക്കോട്ടയില്‍ നിന്ന് പുറത്തുചാടി ഒരു പുതിയ സ്വര്‍ഗ്ഗത്തിലേക്ക് ഓടിപ്പോവാന്‍ അവര്‍ വെമ്പല്‍ കൊണ്ടു (കേശവന്‍ 2015: 272 )’.ആധുനിക പൗരന്മാരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ ഈഴവര്‍ തുടര്‍ച്ചയായി നടത്തികൊണ്ടേയിരുന്നു. എന്നാല്‍ ഈഴവര്‍ക്ക് ഭേദിക്കാന്‍ സാധിക്കാത്ത ഇടങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 1936-ലെ കണക്ക് പ്രകാരം ഈഴവര്‍ക്ക് പ്രവേശനം നിഷേധിച്ച 12-സ്‌കൂളുകളും ഈഴവര്‍ക്ക് സഞ്ചരിക്കാന്‍ അവകാശം ഇല്ലാത്ത നൂറിലധികം റോഡുകളും തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു (smith 1936: 334; കുഞ്ഞിരാമന്‍ 1936: 4).ചായക്കടകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറിയതിന്റെ പേരില്‍ പലയിടങ്ങളിലും ഈഴവര്‍ അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടു.ജാതിയുടെ പേരില്‍ ആക്രമിക്കപ്പെടുന്ന ഈഴവര്‍ ജാതി വിലക്കുകളെ മറികടക്കുവാന്‍ മത പരിവര്‍ത്തനം ഒരു ആയുധമായി പ്രയോഗിക്കുമെന്നു വെല്ലുവിളിക്കുകയും ക്രിസ്ത്യാനികള്‍ നടത്തുന്ന അവരുടെ മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാനും തുടങ്ങി.1936- ഫെബ്രുവരിയില്‍ മാര്‍ത്തോമ്മാ സഭയുടെ കീഴില്‍ നടത്തപ്പെട്ട മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിരവധി ഈഴവര്‍ പങ്കെടുക്കുകയും, അതിലൊരു യോഗത്തില്‍ സി.വി. കുഞ്ഞുരാമന്‍ പ്രസംഗ വേദിയില്‍ കയറി ഞാന്‍ ഒരു ക്രിസ്ത്യാനിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു( smith 1936: 337).
ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കണം എന്ന് ഈഴവ നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ഈഴവ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അതിന്റെ ഭാഗമായി1936- ഫെബ്രുവരിയില്‍ ആംഗ്ലിക്കന്‍ സഭയിലെ ആദ്യ ഇന്ത്യന്‍ ബിഷപ്പ് ആയ വി. എസ് അസറിയ ഈഴവരുടെ മതം മാറ്റത്തെ കുറിച്ചറിയുവാന്‍ കോട്ടയത്ത് എത്തിച്ചേര്‍ന്നു. ഈഴവ നേതാക്കളുമായി നിരവധി യോഗങ്ങള്‍ അദ്ദേഹം കോട്ടയം ഭാഗത്ത് നടത്തുകയുണ്ടായി. ഓരോന്നിലും അഞ്ഞൂറ് മുതല്‍ എണ്ണൂറ് ഈഴവര്‍ വരെ പങ്കെടുത്തിരുന്നു (Gladstone 1984: 367). 1936 ഫെബ്രുവരിയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ എസ്സിക്യൂട്ടീവ് യോഗത്തില്‍ നാലിനെതിരെ ഇരുപത്തിയാറ് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എടുത്ത് തീരുമാനം ഹിന്ദു മതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിക്കുക എന്നതായിരുന്നു. ആ കാലത്ത് തിരുവിതാംകൂറില്‍ മാത്രം 495 എസ്.എന്‍.ഡി.പി യോഗം ശാഖകളുണ്ടായിരുന്നു ( smith 1936: 334).എന്തായാലും 1936- ജൂലൈ പത്തിന് കോട്ടയത്ത് വെച്ച് ചേര്‍ന്ന ഈഴവരുടെ ഒരു യോഗത്തില്‍ കഴിവതും വേഗം ഹിന്ദു മതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിക്കണം എന്ന പ്രമേയം പാസാക്കി. ഇതിനിടയില്‍ ശ്രീനാരായണ ഗുരുവിന്റെ സഹോദരന്റെ മകന്‍ യാക്കോബായ സിറിയന്‍ സഭയില്‍ ചേര്‍ന്നത് വലിയ ഒച്ചപ്പാടുകളുണ്ടാക്കി (Gladstone 1984: 366).കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന് കണ്ട സ്വയം പ്രഖ്യാപിത ഹിന്ദു രാജ്യം ഈഴവരുടെ മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ രഹസ്യ പോലീസിനെ നിയമിക്കുകയുണ്ടായി.എന്നാല്‍ പ്രത്യക്ഷത്തില്‍ ഇതിനെയെല്ലാം പ്രധിരോധിക്കുവാന്‍ ഹിന്ദു മിഷന്‍ രംഗത്തെത്തി.
1931-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ ജാതി തിരിച്ചുള്ള കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് സകല ഹിന്ദു മത നേതാക്കളെയും ഞെട്ടിക്കുകയുണ്ടായി.പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് നിരവധി പിന്നാക്ക-അയിത്ത ജാതികള്‍ മത പരിവര്‍ത്തനം നടത്തിയതും, അവരുടെ സാക്ഷരതാ നിരക്ക് ഉയര്‍ന്നതുമെല്ലാം ഹിന്ദു നേതാക്കളെ നന്നേ ഭയപ്പെടുത്തി.ദേശീയ തലത്തില്‍ സജീവമായിരുന്ന ആര്യസമാജത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ക്രിസ്തുമതം ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് എത്തിയത് കേരളത്തിലായിരുന്നു. ഈഴവരുമായി ബന്ധപ്പെട്ടു ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ഹിന്ദുമിഷനും ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.എന്നാല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഹിന്ദു മിഷന്റെ ഭാഗമായി ഹൈന്ദവ സേവാ സംഘവും ഹിന്ദു നാടാര്‍ അസോസിയേഷനും സജീവമായിരുന്നു.1934- മാര്‍ച്ച് 19-നു കന്യാകുമാരിയില്‍ കുളച്ചിലില്‍ വെച്ച് സി.എം. ബാഹുലേയന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തോട് കൂടിയാണ് ദേവസ്വം ലീഗ് സജീവമാകുന്നത്. ഹിന്ദുക്കളുടെ വസ്തുക്കള്‍/സ്വത്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന പ്രമേയം ഈ യോഗത്തില്‍വെച്ചു പാസാക്കുകയും ചെയ്തു (David 2009: 55).
ക്രിസ്തുമത പരിവര്‍ത്തനത്തിലൂടെ ദേശസ്നേഹം നഷ്ടമാകുന്നു എന്ന വാദമാണ് ഹിന്ദുമിഷന്‍ പ്രധാനമായും മുന്നോട്ടു വെച്ചത്. ഇവരുടെ പ്രവര്‍ത്തന ഫലമായി വക്കം, ആറ്റിങ്ങല്‍ പോലുള്ള സ്ഥലങ്ങളിലെ ഈഴവര്‍ തിരികെ ഹിന്ദുവിശ്വാസത്തിലേക്ക് പോവുകയുണ്ടായി.ഹൈക്കോര്‍ട്ട് ജഡ്ജിമാര്‍, പെന്‍ഷനായ ഒരു ദിവാന്‍, ഉയര്‍ന്ന പദവികളില്‍ നിന്നും പെന്‍ഷനായ മറ്റ് ചില ഉദ്യോഗസ്ഥര്‍ തുടങ്ങി സര്‍ക്കാര്‍ സംവിധാനത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന ഒരു നിര അണിനിരന്ന ഒരു പ്രസ്ഥാനമായിരുന്നു ദേവസ്വം ലീഗ്. അതേപോലെ കേരളത്തില്‍ ആരംഭിച്ച മറ്റൊരു സംഘടനയാണ് ദി കേരളാ ഹിന്ദു മിഷന്‍. പെന്‍ഷനായ ദിവാന്‍ ശങ്കര സുബ്ബയ്യര്‍ ഹിന്ദുമിഷന്‍ പ്രസിഡന്റായും ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍, പി.കെ. കൃഷ്ണപിള്ള, പി കെ നാരായണപിള്ള എന്നിവര്‍ സെക്രട്ടറിമാറുമായിരുന്നു. ഇതിന്റ പ്രവര്‍ത്തനത്തിനായി പതിനായിരം രൂപ സി.പി രാമസ്വാമിയുടെ സര്‍ക്കാര്‍ അനുവദിക്കുകയും തിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍ സ്ഥാപിതമായ ക്രിസ്ത്യന്‍ പള്ളികളുടെ സമീപ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രബോധകരെയും നിയമിക്കുകയുണ്ടായി (Gladstone 1984: 372).തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഹിന്ദു മിഷന്‍ പ്രവര്‍ത്തകരെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തു.ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് എത്തിക്കുകയും അതോടുകൂടി ഈഴവരുടെ ക്രിസ്തുമത സ്വീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യയും സഭകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ മറ്റൊരു ചരിത്രത്തിലേക്കാണ് നാം എത്തിച്ചേരുന്നത്.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏകപക്ഷീയമായ നിലവിലെ പഠനങ്ങള്‍ വായിച്ചാല്‍ കേരളത്തില്‍ ഏറ്റവുമധികം പിന്നാക്ക ജാതികള്‍ അംഗങ്ങളായി എത്തിയത് പ്രൊട്ടസ്റ്റന്റ് മിഷനറി പ്രസ്ഥാനത്തിലാണ് എന്ന് തോന്നിപോകും. എന്നാല്‍ യാഥാര്‍ഥ്യം അതല്ലായിരുന്നു.
(തുടരും)