നിയമവഴികളിലെ ചെണ്ടകൊട്ടും ചൊവ്വാദോഷവും
മനുഷ്യര്‍ സാമൂഹ്യജീവി എന്നതിലുപരിയായി ഓരോരുത്തരും ഓരോ വ്യക്തികളായി ചുരുങ്ങി. ആധുനിക കാലത്തെ സംഘര്‍ഷം വല്ലാതെ വര്‍ദ്ധിച്ചു. ചെറിയ പ്രശ്നങ്ങളില്‍ പോലും ആളുകള്‍ തകര്‍ന്നു പോകുന്നു. ചെറിയ പ്രതിസന്ധിയെ പോലും മറി കടക്കാനാവുന്നില്ല. അതിനുള്ള മാനസിക കരുത്തില്ലാതാകുന്നു. അങ്ങനെ വരുമ്പോൾ ചിലര്‍ ജ്യോതിഷികളെ സമീപിക്കും, മറ്റു ചിലര്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യും, അത്ഭുത ശക്തികളുണ്ടെന്ന് വിചാരിക്കുന്ന, അല്ലെങ്കില്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച ആളുകളുടെ അടുത്ത് പോകും.
പി.കെ. ബാലകൃഷ്ണന് എഴുതിയ ഒ. ചന്തുമേനോന്റെ ജീവചരിത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു സംഭവമുണ്ട്. ഇന്ദുലേഖയും ശാരദയും എഴുതിയ ഒ.ചന്തുമേനോൻ ജ ഡ് ജിയും പരമരസികനായ ഒരു മനുഷ്യനുമായിരുന്നു. ഇംഗ്ലീഷുകാരനായ ജഡ് ജിയായിരുന്നു തൊട്ടടുത്ത കോടതിയില്‍. അവര്‍ തമ്മില്‍ അത്ര സുഖകരമായ ബന്ധമായിരുന്നില്ല. ഇംഗ്ലീഷുകാരനായ ജഡ്ജിക്ക് ഉറക്കെ സംസാരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും ഇഷ്ടമല്ല. ചന്തുമേനോന്‍ നേര്‍വിപരീത സ്വഭാവക്കാരനാണ്.
അങ്ങനെയിരിക്കെയാണ് ചന്തുമേനോന്റെ കോടതിയില്‍ ഒരു ചെണ്ടക്കാരന്റെ കേസ് വരുന്നത്. താളവാദ്യ വിദഗ് ദനായ അയാള്‍ ക്ഷേത്രത്തില്‍ ചെണ്ടകൊട്ടാന്‍ പോയി.ഒന്നാം ക്ലാസ് ചെണ്ടക്കാരന് കിട്ടുന്ന പ്രതിഫലം ഉറപ്പിച്ച ശേഷമാണ് പോയത്. പക്ഷെ ചെണ്ടകൊട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞ പണം കിട്ടിയില്ല. കൊട്ട് വേണ്ടത്ര ഫലപ്രദമായില്ലെന്നും പറഞ്ഞ റേറ്റ് തരാന്‍ പറ്റില്ലെന്നുമായി സംഘാടകര്‍. ധനനഷ്ടത്തേക്കാള് മാനഹാനിയുണ്ടായതാണ് ചെണ്ടക്കാരനെ ഏറെ ദു:ഖിപ്പിച്ചത്.
കേസില്‍ തീരുമാനമെടുക്കുന്നതിന് കോടതിയില്‍ ചെണ്ടക്കാരനോട് ചെണ്ടയെടുത്ത് കൊട്ടാന്‍ ചന്തുമേനോന്‍ നിര്‍ദ്ദേശിച്ചു. ചെണ്ടക്കാരന് കൊട്ടിത്തകര്‍ക്കുന്നത് കേട്ട് താളം പിടിച്ചിരുന്ന് ചന്തുമേനോന്‍ തലയാട്ടി. ഇയാള്‍ ഒന്നാം ക്ലാസ് കൊട്ടുകാരനാണെന്നും പറഞ്ഞ പൈസ തന്നെ കൊടുക്കണമെന്നും ചന്തുമേനോന്‍ വിധി പാസാക്കി.
ചെണ്ടമേളം കേട്ട് സായിപ്പ് ജഡ്ജി കോപാകുലനായി. ‘ഇതെന്തൊരു അസംബന്ധമാണ്’ – കോപം കൊണ്ട് തുള്ളി വിറച്ച് സായിപ്പ് ചോദിച്ചു.
‘ഇത് ചെണ്ടക്കാരന്റെ പ്രശ്നമാണ് ചെണ്ടകൊട്ടി മാത്രമേ തീരുമാനി ക്കാനാവൂ. വേറെ മാര്‍ഗ്ഗമില്ല’ – ചന്തുമേനോന്‍ പറഞ്ഞു. അങ്ങനെ ചെണ്ടക്കാരന്റെ പ്രശ്നവും പരിഹരിച്ചു സായിപ്പിന്റെക്രോധവും ശമിപ്പിച്ചുവെന്നാണ് പി.കെ. ബാലകൃഷ്ണന് രേഖപ്പെടുത്തിയിരിക്കുന്നത്.
സത്യത്തില്‍ അലഹബാദ് കോടതിയിലുണ്ടായത് ഇതുപോലെയുള്ള ഒരു സംഭവമാണ്. വേറെ രീതിയിലാണെന്ന് മാത്രം.
വിവാഹ വാഗ്ദാനം നല്കി യുവതിയെ ശാരീരിക ചൂഷണത്തിനിരയാക്കി. അതു കഴിഞ്ഞ് കല്യാണം കഴിക്കണമെന്നു പറഞ്ഞപ്പോള്‍ യുവാവ് ജോത്സ്യന്റെ അടുത്തുപോയിജാതകം പരിശോധിച്ചു. ഈ സ്ത്രീയുടെ ജാതകത്തില്‍ ചൊവ്വാദോഷമുണ്ടെന്ന് ജോത്സ്യന് പറഞ്ഞു.അതുകൊണ്ട് വിവാഹം കഴിച്ചാല്‍ ആയുസിന് ദോഷം വരും. ചൊവ്വ ഏഴിലും പതിനൊന്നിലുമൊക്കെ നില്ക്കുകയാണെങ്കില് വിവാഹം നടക്കുകയില്ല. ഒട്ടേറെ പെണ്‍കുട്ടികളുടെ വിവാഹം മുടക്കിയ വില്ലനാണ് ചൊവ്വ.
യഥാര്‍ത്ഥത്തില്‍ ജ്യോത്സ്യന് ഇങ്ങനെ പറഞ്ഞുവോയെന്ന് അറിയില്ല. ഒരു അടവു നയവുമായി ഉപയോഗിച്ചതാണോയെന്നും അറിയില്ല. ഏതായാലും ഈ കാരണം പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്ന് ഒഴിവായി. പെണ്‍കുട്ടി പീഡനത്തിന് കേസ് കൊടുത്തു.
വിവാഹ വാഗ് ദാനം നല്കി ലൈംഗീക ചൂഷണം നടത്തുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ അത് ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വരും. വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നുവെന്നും ചൊവ്വാദോഷം ജാതകത്തില്‍ കണ്ടുപിടിച്ചത് കൊണ്ടാണ് പിന്മാറിയതെന്നും കോടതിയില്‍ യുവാവിന്റെ അഭിഭാഷകന് വാദിച്ചു.അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ദൈവവിശ്വാസികളാണ്. അലഹബാദില്‍ മാത്രമല്ല. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ജഡ്ജിമാരില്‍ 99 ശതമാനവും ദൈവവിശ്വാസികള്‍ തന്നെ. അവരില്‍ തന്നെ ചെറുതല്ലാത്ത വിഭാഗം, ജോതിഷം, ഷുദ്രം, മാരണം, കൂടോത്രം എന്നിവയില്‍ കൂടിയും കുറഞ്ഞും വിശ്വസിക്കുന്നവരാണ്. കേരളത്തില്‍ അങ്ങനെയാണ്. അലഹബാദിലും സ്വാഭാവികമായും അങ്ങനെ തന്നെയായിരിക്കണം.
അതുകൊണ്ട് ജഡ്ജി കേസ് ചന്തുമേനോന്റെ ലൈനില്‍ തീരുമാനിക്കാന്‍ നിശ്ചയിച്ചു. യഥാര്‍ത്ഥത്തില്‍ ചൊവ്വാദോഷമുണ്ടോയെന്നറിയാൻ പ്രമുഖനായ ജ്യോതിഷിയുടെ സഹായം തേടി. വിവാഹവാഗ് ദാനത്തില്‍ നിന്ന് പിന്മാറിയതിനു ന്യായമുണ്ടോയെന്ന് ഉറപ്പിക്കാന്‍ രാഹു, കേതു, ശുക്രന്, കുജന് മുതലായവർ എവിടെ നില്‍ക്കുന്നുവെന്ന് അറിയണമല്ലോ . എന്നാല്‍ അതിന് മുമ്പായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ വാര്‍ത്ത പത്രത്തില്‍ വായിച്ച് ഉടൻ തന്നെ സ്വമേധയാ കേസെടുത്തു. സുപ്രീംകോടതി വേനലവധിക്ക് പൂട്ടിയിരിക്കുകയാണ്. എന്നാൽ രണ്ട് ജഡ്ജിമാര്‍ അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തി ഉത്തരവ് സ്റ്റേ ചെയ്തുവെന്നാണ് നമ്മള് പത്രത്തില്‍ വായിച്ചത്.
അലഹബാദ് ഹൈക്കോടതി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സുപ്രീം കോടതി ഇടപെട്ട് നീതി നടപ്പാക്കിയെന്നും വ്യാഖ്യാനങ്ങള്‍ വന്നു. സത്യത്തില്‍ അങ്ങനെയല്ല. സംഗതി അന്ധവിശ്വാസമാണെങ്കിലും കോടതി സത്യം കണ്ടെത്താനാണ് ശ്രമിച്ചത്. ചന്തുമേനോന്‍ ചെണ്ട കൊട്ടിച്ച പോലെ. ജാതകത്തില്‍ യഥാര്‍ത്ഥത്തില്‍ ചൊവ്വാദോഷമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ശ്രമം.
ഇന്ത്യ പോലെയുള്ളൊരു രാജ്യത്ത് ജനാധിപത്യ വ്യവസ്ഥിതിയുണ്ട്. നിയമവാഴ്ചയുണ്ട്. അഞ്ചു കൊല്ലത്തിലൊരിക്കല് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. കംപ്ട്രോാളര് ആന്റ് ഓഡിറ്റര്‍ ജനറലുണ്ട്. ഇതൊക്കെയുണ്ടെങ്കിലും ആളുകള്‍ അടിസ്ഥാനപരമായി ജാതകത്തിലും ജ്യോതിഷത്തിലുമൊക്കെ വിശ്വസിക്കുന്നവരാണ്. ഭരണഘടനയും നിയമവാഴ്ചയും മൗലികാവകാശമൊക്കെ ഒരു പരിധിവരെ മാത്രമേ രാജ്യത്ത് വിലപ്പോവുകയുള്ളു. ജനങ്ങൾ ഈശ്വര വിശ്വാസികളാണ്. അതുപോലെ ജാതിമത ചിന്തകള്‍ ഉള്ളവരാണ്. ചൊവ്വയിലും ശുക്രനിലും വിശ്വസിക്കുന്നവരാണ്. അപ്പോള്‍ സ്വാഭാവികമായും ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകും.
വിവാഹമോചനത്തിനും
ജോത്സ്യം
ഇതിനോട് സാദൃശ്യമുള്ള മറ്റൊരു സംഭവം പറയാം. ഒരു പെണ്‍കുട്ടി വിവാഹമോചനക്കേസുമായി വന്നു.പ്രണയവിവാഹമായിരുന്നു.യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. ചെറുപ്പക്കാരന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രവര്‍ത്തകനാണ്.
നാലുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം നടക്കുമെന്ന ഘട്ടമായപ്പോള്‍ ചെറുപ്പക്കാരന് ജാതകം ജോത്സ്യനെ കാണിച്ചു. ജോത്സ്യന് നോക്കിയപ്പോള്‍ ഒരുവിധത്തിലും ഇത് പൊരുത്തപ്പെടുന്നില്ല. സംഗതി കുഴപ്പത്തിലായി. കല്യാണത്തിന് സന്നദ്ധനായിരുന്ന യുവാവ് ഹതാശയനായി. മറ്റൊരു ജോത്സ്യനെ കൊണ്ട് നോക്കിക്കാമെന്ന് കൂടെയുള്ള യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉപദേശിച്ചു.
ഒരു ജോത്സ്യന് പറയുന്നതിന് എതിരായിരിക്കും മിക്കവാറും മറ്റൊരു ജോത്സ്യന് പറയുക. എന്നാൽ രണ്ടാമത്തെ ജോത്സ്യനും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ഒരു കാരണവശാലും ഇരുവരുടെയും ജാതകം പൊരുത്തപ്പെടുന്നില്ല. യുവജനനേതാവ് പരവശനായി. എന്നാല്‍ കൂട്ടുകാര്‍ വിടാന്‍ തയ്യാറായിരുന്നില്ല. അവര്‍ മൂന്നാമതൊരു ജോത്സ്യനെ ആദ്യമേ ചെന്നു കണ്ടു. ഇന്ന ഇന്ന ലക്ഷണമുള്ള ഒരു ചെറുപ്പക്കാരന് അല്‍പ്പം കഴിഞ്ഞ് വരും. അദ്ദേഹം കൊണ്ടുവരുന്ന ജാതകം ചേരുകയില്ല; എങ്കിലും ചേരുമെന്ന് പറഞ്ഞ് സഹായിക്കണം. ഇതിന് ശേഷം യുവാവിനെ ഈ ജോത്സ്യന്റെ സമീപത്തേക്ക് പറഞ്ഞുവിട്ടു. അയാള്‍ നോക്കിയപ്പോഴും പ്രശ്നം ഇതു തന്നെ. ലഗ്നാലോ ചന്ദ്രാലോ ഇവര്‍ തമ്മില്‍ പൊരുത്തപ്പെടുകയില്ല. പക്ഷേ കാശ് ആദ്യം ഇവരില്‍ നിന്ന് വാങ്ങിച്ചും പോയി. ”ഇത് വലിയ കുഴപ്പമില്ല ഒപ്പിക്കാവുന്നതാണെന്നൊക്കെ” പറഞ്ഞ് യുവാവിനെ പറഞ്ഞുവിട്ടു. വിവാഹവും നടന്നു. ദോഷം പറയരുതല്ലോ വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല, 26-ാം ദിവസം ഇവര്‍ തമ്മില്‍ ഇനി ഒരിക്കലും കൂടിചേരാന്‍ പറ്റാത്ത വിധത്തില്‍ വേർപിരിഞ്ഞു.
. ഹിന്ദുവിവാഹനിയമപ്രകാരം വിവാഹം കഴിഞ്ഞ് ഒരു കൊല്ലത്തിനകം കേസ് കൊടുക്കാന്‍ പാടില്ല. അല്ലെങ്കില്‍ അത്രയും നിവൃത്തിയില്ലാത്ത സാഹചര്യമായിരിക്കണം. അത് പെറ്റീഷനില്‍ പറയണം. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ വിശദമായ സത്യവാങ് മൂലവും തെളിവുകളും ഹാജരാക്കണം. കോടതിക്ക് കൂടി യുക്തമെന്ന് ബോധ്യമായാല്‍ ഒരു കൊല്ലത്തിനുള്ളില്‍ ഹർജി പരിഗണിക്കും.
ഇതൊക്കെ പെണ്‍കുട്ടിക്ക് വിശദീകരിച്ച് കൊടുത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി വീണ്ടും വിളിച്ചു. കേസ് ഫെബ്രുവരി 15 കഴിഞ്ഞ് കൊടുത്താല്‍ മതി. ഹർജിയൊക്കെ തയ്യാറാക്കി വച്ച് ഫെബ്രുവരി 15-ാം തീയതി പെണ്‍കുട്ടിയെ വിളിച്ചു. എന്താണ് ഫെബ്രുവരി 15-ാം തീയതി വല്ല മുഹൂർത്തവും ഉണ്ടോയെന്ന് അല്പം പരിഹാസ സ്വരത്തിൽ ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞു: ”ഞാന്‍ ഒരു ജോത്സ്യനെ കണ്ട് ജാതകം പരിശോധിപ്പിച്ചു. ഫെബ്രുവരി15 കഴിഞ്ഞ് കൊടുത്താല്‍ മതിയെന്ന് ജോത്സ്യന് നിര്‍ദ്ദേശിച്ചു. അപ്പോഴേക്കും ദശാസന്ധി മാറും. കേസ് കൊടുത്താല്‍ ജയം സുനിശ്ചിതം.”
ഫെബ്രുവരി 16ന് കേസ് കൊടുത്തു. വലിയ ബുദ്ധിമുട്ടില്ലാതെ ആറുമാസത്തിനകം വിവാഹബന്ധം വേര്‍പെടുത്തി ഉത്തരവായി.
വിവാഹത്തിന് ജാതകം നോക്കാത്ത ആളുകളില്ല. വിവാഹമോചനത്തിനും ജാതകം നോക്കുന്ന ആളുകളുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നത്.
നാളെയെക്കുറിച്ചുള്ള
ആശങ്ക അടിസ്ഥാനം
മനസ്സിന്റെ ബലക്കുറവാണ് ജ്യോതിഷത്തിലുള്ള അമിത വിശ്വാസത്തിന്റെ അടിസ്ഥാനം. നാളെയെക്കുറിച്ച് ആര്‍ക്കുമറിയില്ല. ഇന്ന് നമുക്ക് ആരോഗ്യമുണ്ട്, പണമുണ്ട്, ജീവിക്കാന്‍ മാര്‍ഗ്ഗമുണ്ട്. മാതാപിതാക്കള്‍, ഭാര്യ, കുട്ടി ഇങ്ങനെ ഒരു സംവിധാനത്തില്‍ ജീവിക്കുമ്പോള്‍ ഒരു വേവലാതിക്ക് ആവശ്യമില്ല. എന്നാൽ പോലും നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല. അങ്ങനെയിരിക്കുമ്പോഴായിരിക്കും കുടുംബത്തില്‍ ഒരാള്‍ മരിക്കുന്നത്. അല്ലെങ്കില്‍ വളരെ നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവം ഉണ്ടാകുന്നത്. ഒരു അപകടം, ഒരു മരണം. അപ്പോള്‍ നമ്മള് ആകെ ദുര്‍ബലനാകും. ഇങ്ങനെയുളള സമയത്താണ് ജ്യോതിഷികളുടെ അല്ലെങ്കില്‍ അത്ഭുതസിദ്ധിയുണ്ടെന്ന് ആളുകള്‍ വിചാരിക്കുന്ന ചില സിദ്ധന്, ചാത്തന്, ക്രിസ്ത്യന്‍ സമുദായത്തിലെ ചില പാസ്റ്റര്‍മാര്‍ ,പ്രാര്‍ത്ഥിച്ച് രോഗം മാറ്റുന്ന ആളുകള്‍ ഇവരുടെയൊക്കെ അടുത്ത് പോകുന്നത്. ചിലപ്പോഴൊക്കെ മരുന്ന് കൊടുത്ത് മാറ്റേണ്ട രോഗം ഇതുപോലുള്ള സിദ്ധന്മാര് ഭസ്മം കൊടുത്ത് മാറ്റാൻ ശ്രമിക്കും. ചില പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥന കൊണ്ടു സുഖപ്പെടുത്താൻ നോക്കും. പക്ഷേ രോഗി അവസാനം മരിച്ചു പോകുകയും ചെയ്യും.
ഡോക്ടര്‍മാര്‍ മരുന്ന് കൊടുത്തിട്ട് രോഗം മാറിയില്ലെങ്കില്‍ ആളുകള്‍ക്ക് ഡോക്ടറോട് വിരോധമുണ്ടാകും.
ചിലപ്പോഴൊക്കെ ദേഹോപദ്രവവും പ്രതീക്ഷിക്കാം. പക്ഷെ സിദ്ധന്റെ മരുന്ന് കഴിച്ചോ, പെന്തക്കോസ്തുകാരന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു കഴിഞ്ഞോ ആളുകള്‍ മരിച്ചാല്‍ ആര്‍ക്കും വിഷമമില്ല. കാരണം അത് ദൈവനിശ്ചയമാണെന്ന് കരുതി സമാധാനിക്കും. സങ്കീർണമായ ഹൃദയശസ്ത്രക്രിയയുടെ തലേ ദിവസം തന്നോട് ‘ബോൺ എഗെയ്ൻ’ ക്രിസ്ത്യനാകാമോ എന്ന് ചോദിച്ച ഡോക്ടറെ പറ്റി മലയാള മനോരമ പത്രാധിപർ കെ.എം. മാത്യു അദ്ദേഹത്തിന്റെ എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ പറയുന്നുണ്ട്.
ഏറ്റവുമധികം അന്ധവിശ്വാസം നിലനില്‍ക്കുന്നത് മൂന്ന് വിഭാഗങ്ങളിലാണ്. ഒന്ന് ബിസിനസ്സുകാര്‍.ലാഭനഷ്ടക്കണക്കുകളില്‍ അനിശ്ചിതത്വമുള്ളവരാണ് അവര്‍. കൈയ്യില്‍ ചരട് കെട്ടി നടക്കുന്നവരുണ്ട്. പ്രത്യേകമായ മൂര്‍ത്തികളെ ഉപാസിക്കുന്നവരുണ്ട്. സിനിമാക്കാരാണ് അടുത്ത വിഭാഗം. അവിടെയും എപ്പോള്‍ ലാഭം കിട്ടും, ഏതു സിനിമ ഹിറ്റാകും എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് സിനിമക്കാര്‍ എല്ലാവരും തന്നെ കടുത്ത അന്ധവിശ്വാസികളാണ്.
യുക്തിവാദി ഡോ. എ.ടി. കോവൂരിന്റെ അനുഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്പുനര്ജന്മം. അന്ധവിശ്വാസത്തിന് എതിരെ ഡോ. എ.ടി. കോവൂർനടത്തുന്ന പ്രസംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഈ സിനിമയുടെ നെഗറ്റീവ് നിര്‍മ്മാതാവായിരുന്ന എം.ഒ. ജോസഫ് വേളാങ്കണ്ണി പള്ളിയില്‍ കൊണ്ടുപോയി വെഞ്ചരിച്ചശേഷമാണ് റിലീസാക്കിയത്. എ.ടി. കോവൂരിനെ വരെ വേളാങ്കണ്ണിയില്‍ കൊണ്ടുപോയവരാണ് നമ്മുടെ സിനിമാക്കാര്.
എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു നമ്പൂതിരിഇല്ലമുണ്ട്. അവിടത്തെ കുടുംബനാഥൻ ക്ഷേത്രത്തിലെ പൂജാരിയും വീടുകളിൽ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നയാളുമായിരുന്നു. (അദ്ദേഹം ഏതാനും വർഷം മുമ്പ് മരിച്ചു). അദ്ദേഹത്തിന് ആരോഗ്യമുള്ളകാലത്ത് ഞങ്ങളുടെ ഇടവഴിയിലൂടെ ബെൻസ്, ബി.എം.ഡബ്ലിയു, ടൊയോട്ട തുടങ്ങിയ ആഡംബര കാറുകള്‍ പോകുന്നത് കാണാം. ജ്യോതിഷം നോക്കാനും പൂജകള്‍ ചെയ്യാനും പോകുന്നവരാണ് കാറുകളിൽ. ഇദ്ദേഹം പൂജകള്‍ ചെയ്താല്‍ ഫലിക്കുമെന്നാണ് സങ്കല്പം. ഹിന്ദുക്കളായ സിനിമാ നിര്‍മ്മാതാക്കള്‍ അവരുടെ വീട്ടില്‍ വെച്ച് പൂജ നടത്തും. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായ നിര്‍മ്മാതാക്കള്‍ക്ക് വീട്ടില്‍ വെച്ച് നടത്താന്‍ കഴിയില്ല, അവര്‍ ഇദ്ദേഹത്തിന്റെ ഇല്ലത്തു വച്ചു നടത്തും.
സിനിമാക്കാര്‍ക്കിടയില്‍ അതിഭയങ്കരമായ വിശ്വാസമാണ് നിലനില്‍ക്കുന്നത്.
ദിലീപിന്റെ ‘സദാനന്ദന്റെ സമയം’ കൃത്യമാണ്. ഇതുപോലത്തെ സദാനന്ദന്മാരാണ് സിനിമയില്‍ കൂടുതലും. പണ്ട് കോര എന്നയാൾ ചീട്ടെടുത്താണ് സിനിമയില്‍ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഈ സിനിമയിലെ നായകനായി മമ്മൂട്ടി, ഉപനായകനായി ലാലു അലക്സ്,കൂടാതെ ബേബിശാലിനി എന്ന് കോര പറയുമായിരുന്നു. കോരയുടെ ചീട്ടിന്റെ അടിസ്ഥാനത്തിലാണ് മലയാള സിനിമ ഒരു കാലത്ത് ഓടിക്കൊണ്ടിരുന്നത്.
മൂന്നാമത്തെ വിഭാഗം രാഷ്ട്രീയക്കാരാണ് .രാഷ്ട്രീയത്തില്‍ അവരവരുടെ ജാതകം മാത്രമല്ല, എതിര്‍പാര്‍ട്ടിക്കാരുടെ ജാതകം കൂടി നോക്കിക്കുന്ന ആളുകളുണ്ട്. സി.പി.എം നേതാക്കള്‍ നിരീശ്വരവാദികളായി ഭാവിക്കുമെങ്കിലും അവരുടെ ഭാര്യയും കുട്ടികളും വലിയ വിശ്വാസികളായിരിക്കും. അതുകൊണ്ടാണ് കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തുന്നതും. ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടത്തുന്നതും. തിരുവനന്തപുരത്ത് സി.പി.എമ്മിന്റെ റാലി നടക്കുമ്പോൾ മഴപെയ്യാതിരിക്കാൻ കാട്ടായിക്കോണം ശ്രീധര്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങ ഉടച്ചു.റാലി വിജയിച്ചു. പക്ഷേ സഖാവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.
ഇതൊക്കെ അറിയപ്പെട്ടവ. അറിയപ്പെടാത്ത എത്രയോ കാര്യങ്ങള്വേറെയുണ്ട്. മിക്കവാറും എല്ലാവരും തന്നെ തിരഞ്ഞെടുപ്പില്‍ നോമിനേഷന് കൊടുക്കുന്നതിന് മുമ്പ് ജോത്സ്യനെക്കൊണ്ട് സമയം നോക്കിക്കും. അവര്‍ കുറിച്ചു കൊടുത്ത സമയത്ത് മാത്രമേ ഇവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയുള്ളു. കേരളത്തില്‍ മാത്രമല്ല മറ്റെല്ലാസംസ്ഥാനങ്ങളിലും ഈ രീതി വ്യാപകമായുണ്ട്. എന്‍.ടി. രാമറാവു ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ള ആളായിരുന്നു. ജ്യോതിഷിയുടെ നിർദേശമനുസരിച്ചാണ് അദ്ദേഹം ഒരു കാതില്‍ മാത്രം കുണ്ഡലം ധരിച്ച്, കാവിവസ്ത്രവും ഉടുത്ത് നടന്നിരുന്നത്.മുൻപ്രധാനമന്ത്രി ദേവഗൗഡയും രാഷ്ട്രീയത്തിലെ ചിരന്തന വൈരിയായ യെഡ്യൂരപ്പയും കടുത്ത അന്ധവിശ്വാസികളാണ്. അവരിൽ ആരാണ് കൂടുതല്‍ ജാതകവിശ്വാസി എന്ന് പറയുക വയ്യ. കര്‍ണാടക രാഷ്ട്രീയത്തില്‍ ഒട്ടും ദൈവവിശ്വാസമില്ലാത്ത ആളാണ് സിദ്ധരാമയ്യ. കമ്യൂണിസ്റ്റ് ഇതര പാര്‍ട്ടികളില്‍ ദൈവവിശ്വാസമില്ലാത്ത ഒരേ ഒരു നേതാവ് സിദ്ധരാമയ്യ മാത്രമായിരിക്കും.
അഭിഭാഷകരിൽ നല്ലൊരു വിഭാഗവും ജ്യോതിഷ വിശ്വാസികളാണ്.അഭിഭാഷകരുടെ തൊഴിലും അനിശ്ചിതത്വമുള്ള ഒന്നാണ്. കക്ഷികള്‍ വരണം, കേസ് ഏല്‍പ്പിക്കണം, ഫീസ് തരണം. അതുകൊണ്ട് തന്നെ അഭിഭാഷകരിൽ നല്ലൊരു വിഭാഗം വലത്തെ കൈയിലെ ചൂണ്ടുവിരലില്‍ മോതിരമിട്ടും ഇടതുകൈയിൽ ചരട് കെട്ടിയുംനടക്കുന്നവരാണ്. പക്ഷേ രാഹുകാലം നോക്കി കേസ് നടത്താനാവില്ല. അതാണ്
ഇതിലെയൊരു ബുദ്ധിമുട്ട്.
അഭിഭാഷകരെ
ബാധിക്കാത്ത ശനിദശ
വ്യക്തിപരമായ ഒരു അനുഭവം എനിക്കുണ്ട്. ജാതകവശാല്‍ എന്റെ 26-ാമത്തെ വയസ്സില്‍ വ്യാഴദശ അവസാനിക്കും. പിന്നീടങ്ങോട്ട് കഷ്ടകാലമാണ്-ശനിദശ. ജനിച്ച കാലത്തെഴുതിയ ജാതകത്തില്‍ ഇതുണ്ട്. എനിക്ക് അത് അറിയാമായിരുന്നു . 26-ാമത്തെ വയസ്സില്‍ എന്ത് കഷ്ടകാലമാണ് വരുന്നതെന്ന് കരുതി.24-25 വയസിൽ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അന്നത്തെ നിലക്ക് കഷ്ടകാലത്തിന് സാധ്യത ഉണ്ടായിരുന്നില്ല.കല്യാണം കഴിക്കുമായിരിക്കും,അതായിരിക്കും കഷ്ടകാലംഎന്ന് കരുതി. എന്നാല്‍ 26-ാമത്തെ വയസ്സില്‍ അച്ഛന് മരിച്ചു. ജീവിതത്തില്വലിയ തിരിച്ചടിയായി ആ മരണം.
ഒരുപാട് ജോത്സ്യന്മാരുള്ള സ്ഥലമാണ് ഞങ്ങളുടെ അയൽനാടായ ചൊവ്വര. പാരമ്പര്യമായി ജോത്സ്യവൃത്തി ചെയ്യുന്നചില സമുദായക്കാർ അവിടെയുണ്ട്. അവിടെ ചെന്ന് ഒരു ജോത്സ്യനെ കണ്ടു. അച്ഛന് കര്‍മ്മം ചെയ്യാന്‍ തീയതി നോക്കാന്‍ പോയതാണ്. നാള് ഏതെന്ന്എന്നോട് ചോദിച്ചു. തിരുവാതിര എന്ന് പറഞ്ഞു. ‘തിരുവാതിരക്കാര്‍ക്ക് ദശാസന്ധിയാണ്. ഇനിയങ്ങോട്ട് ശനിയാണ്. ശനിയുടെ തുടക്കമാണ് കണ്ടത്. അച്ഛന് മരിച്ചത് കഷ്ടകാലത്തിന്റെ തുടക്കമാണ്’.ജോത്സ്യന് പറഞ്ഞു.
അതിഭയങ്കര കഷ്ടകാലമാണ് വരുന്നത്. എന്ത് ജോലി ചെയ്താലും വിജയിക്കില്ല. നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത്? ജോത്സ്യന് ചോദിച്ചു. എല്‍എല്‍ബി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം വക്കീല്പ്പണിതുടങ്ങണം.
ജോത്സ്യന് കുറച്ചുനേരം ചിന്താമഗ്നനായ ശേഷം പറഞ്ഞു. ‘ഞാന്‍ ജോലി എന്നു പറഞ്ഞത് സത്യസന്ധമായ ജോലിയാണ്. വക്കീലന്മാരുടെ ജോലിക്ക് കുഴപ്പമില്ല. നിങ്ങള്‍ കളവ് പറഞ്ഞ് മനുഷ്യരെ പറ്റിച്ച് ജീവിക്കുന്ന ആള്‍ക്കാരാണ്.ഒന്നും പേടിക്കാനില്ല.’
ഇതാണ് ജോത്സ്യം.
നെഹ്റുവും ഇന്ദിരാഗാന്ധിയും
ജവഹര്‍ലാല്‍ നെഹ്റു അജ്ഞേയവാദിയായിരുന്നു. അവിശ്വാസിയായിരുന്ന അദ്ദേഹംദൈവം ഉണ്ടെന്നോ ഇല്ലെന്നോയെന്ന കാര്യം അത്ര പ്രസക്തമല്ല എന്ന അഭിപ്രായക്കാരനായിരുന്നു. ആരോഗ്യമുള്ള സമയത്ത് ഏതാണ്ട് 1955 കാലത്ത് അദ്ദേഹം വില്പത്രമെഴുതി. വില്പത്രത്തില് പ്രത്യേകം പറഞ്ഞ കാര്യമുണ്ട്. ‘ഞാന്‍ മരിക്കുമ്പോള്‍ മതപരമായ യാതൊരു ചടങ്ങും കൂടാതെ മൃതദേഹം സംസ്കരിക്കണം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഗംഗയിലൊഴുക്കണം. കാരണം ഞാന്‍ അലഹബാദില്‍ ജനിച്ചുവളര്‍ന്നയാളാണ്. ഗംഗ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്.
1962 ലെ ചൈനീസ് ആക്രമണത്തിന് ശേഷം നെഹ്റുവിന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചു. 1964 ജനുവരിയില്അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായി. പരിതാപകരമായ അവസ്ഥയി ലായി. നെഹ്റു തീരെ വയ്യാതിരിക്കുന്ന സമയത്ത് ഇന്ദിരാഗാന്ധി വലിയ ജ്യോതിഷികളെ തീന്‍മൂര്‍ത്തി ഭവനില്‍ കൊണ്ടുവന്ന് ജാതകം നോക്കിപ്പിച്ചു. നെഹ്റുവിന്റെ ആയുസിന്റെ ബലത്തിനായി കാശിയിൽ നിന്ന് പൂജാരിമാരെ വരുത്തിമൃത്യുഞ്ജയഹോമം അടക്കമുള്ള പൂജാകര്‍മ്മങ്ങള്‍ ഔദ്യോഗിക വസതിയില്‍ വെച്ച് നടത്തുകയും ചെയ്തു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. മേയ്27 ന് അദ്ദേഹം അന്തരിച്ചു.വീണ്ടും പൂജാരിമാരെ കൊണ്ടുവന്ന് ഹിന്ദുമതാചാരപ്രകാരമുള്ള സകലചടങ്ങുകളുംവിധിയാം വണ്ണം നടത്തി.
മൃതദേഹം ആചാരപ്രകാരം ദഹിപ്പിച്ചു. മന്ത്രോച്ചാരണങ്ങളോടെ തന്നെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുമില്ല. ഇന്ദിരാഗാന്ധി വലിയ അന്ധവിശ്വാസിയായിരുന്നു. അമ്മ കമലാ നെഹ്റു കടുത്ത ദൈവവിശ്വാസിയും അന്ധവിശ്വാസിയുമായിരുന്നു. ഇന്ദിരാഗാന്ധിയും അതേ തോതിൽ വിശ്വാസം പിന്തുടര്ന്നു.
പ്രതീക്ഷ പകരും,
ഒരു പരിധി വരെ
സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവരിലും അന്ധവിശ്വാസം വര്‍ദ്ധിച്ചുവരികയാണ്. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് പോയപ്പോഴുള്ള പ്രശ്നങ്ങളാണ് അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. മനുഷ്യര്‍ക്ക് പരസ്പരം സഹകരിച്ചും പൊരുത്തപ്പെട്ടും ജീവിക്കാനാകുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധങ്ങള്‍ തകരുന്നതും വിഷാദരോഗം വ്യാപകമാകുന്നതും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതും .മനുഷ്യര്‍ സാമൂഹ്യജീവി എന്നതിലുപരിയായി ഓരോരുത്തരും ഓരോ വ്യക്തികളായി ചുരുങ്ങി. ആധുനിക കാലത്തെ സംഘര്‍ഷം വല്ലാതെ വര്‍ദ്ധിച്ചു. ചെറിയ പ്രശ്നങ്ങളില്‍ പോലും ആളുകള്‍ തകര്‍ന്നു പോകുന്നു. ചെറിയ പ്രതിസന്ധിയെ പോലും മറി കടക്കാനാവുന്നില്ല. അതിനുള്ള മാനസിക കരുത്തില്ലാതാകുന്നു. അങ്ങനെ വരുമ്പോൾ ചിലര്‍ ജ്യോതിഷികളെ സമീപിക്കും, മറ്റു ചിലര്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യും, അത്ഭുത ശക്തികളുണ്ടെന്ന് വിചാരിക്കുന്ന, അല്ലെങ്കില്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച ആളുകളുടെ അടുത്ത് പോകും. ഇതാണ് സംഭവിക്കുന്നത്. വലിയൊരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ ഒരു പ്രതീക്ഷ നല്‍കുന്നുണ്ട് ജ്യോതിഷം. പരിമിതമായ അര്‍ത്ഥത്തില്‍ അത് നല്ലതുമാണ്. അത്രത്തോളം മാത്രം. അത് ‘സദാനന്ദന്റെ സമയം’ പോലെയാകരുത്.