ചണ്ഡാലഭിക്ഷുകി: സര്‍വസാഹോദര്യത്തിന്റെ മാസ്മരദൃശ്യം
ജാതിയെ ധ്വംസിച്ച് മനുഷ്യസമുദായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതായിരുന്നു ചണ്ഡാലഭിക്ഷുകി എന്ന ഗാനകാവ്യരചനയിലൂടെ കവി ഉദ്ദേശിച്ചത്. അതോടൊപ്പം തന്റെ സ്നേഹസങ്കല്പത്തെ- മാംസനിബദ്ധമല്ലാത്ത രാഗത്തെ-അരക്കിട്ടുറപ്പിക്കാനും ആശാനു സാധിച്ചു.
ചിത്രാപൗര്‍ണമി നാളിലാണ് കുമാരനാശാന് ജന്മം കൊണ്ടത്. 1873 ഏപ്രില്‍ 12ന് .സ്വഗൃഹത്തിലെ സാഹിത്യവിചാരങ്ങളും രചനാകൗതുകങ്ങളുമൊക്കെ കണ്ടുംകേട്ടുമാണ് അദ്ദേഹം വളര്‍ന്നത്. ആദ്യകാലത്ത് സ്തോത്രകൃതികള്‍ രചിക്കുന്നതില്‍ അദ്ദേഹം ഉത്സുകനായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ വേഡ്സ്വര്‍ത്തും ഷെല്ലിയും കീറ്റ്സുമെല്ലാം കാല്പനിക സാഹിത്യത്തിന്റെ (റൊമാന്റിസത്തിന്റെ) മണിച്ചെപ്പു തുറന്ന കാലഘട്ടമായിരുന്നു അത്. അതോടെ നിയോ ക്ലാസിസത്തിന്റെ പിടിയിലമര്‍ന്നു പോയ മലയാള സാഹിത്യത്തിനും മാറ്റമുണ്ടായി. കാവ്യാഭാസങ്ങള് കണ്ടുമടുത്ത കേരളീയ മനസ്സുകളില്‍ കുളിര്‍മഴ ചൊരിയാന്‍ ‘വീണപൂ’വെന്ന ആശാന്റെ ആദ്യകൃതിക്കു തന്നെ സാധിച്ചു.
നമുക്കിനി ചണ്ഡാലഭിക്ഷുകിയിലേക്കു പോകാം. 1098-ല്‍ സ്വന്തം ആമുഖത്തോടെയാണ് ആശാന് ചണ്ഡാലഭിക്ഷുകി പുറത്തിറക്കിയത്. ‘ദ എസെന്‍സ് ഓഫ് ബുദ്ധിസം’ എന്ന ലക്ഷ്മി നരസുവിന്റെകൃതിയെ ആസ്പദമാക്കിയാണ് കുമാരകവി ചണ്ഡാലഭിക്ഷുകി രചിച്ചത്. ബോധിസത്വന്റെ ജാതി ചിന്താസരണി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലൂടെ സ്വായത്തമാക്കിയ കവി വളരെ നാടകീയമായി ആവിഷ്കരിച്ച ഒരു ഗാന കാവ്യമാണ് ചണ്ഡാലഭിക്ഷുകി. മധുരമായി ആലപിക്കാന്‍ കഴിയുന്ന പ്രസ്തുത കൃതി ബുദ്ധശിക്ഷ്യനായ ആനന്ദനെ നമുക്കു കാട്ടിത്തരുന്നു. ആനന്ദന് അവധൂതനായി കഴിയുന്ന വേളയില്‍ ഒരുച്ചനേരത്ത് ദാഹിച്ചു വലഞ്ഞ അദ്ദേഹം വായ്ക്കല്ലു പൊട്ടിവീണ ഒരു പഴയ കിണര്‍ കണ്ടു. ആ കിണറ്റില്‍ നിന്നും വെള്ളംകോരാനെത്തിയ മാതംഗി ജാതിയില്‍പ്പെട്ട കന്യകയോട് അദ്ദേഹം ദാഹജലം ആവശ്യപ്പെട്ടു. അതുകേട്ട് അവള് അമ്പരന്നു. തീണ്ടിയാല്‍ അശുദ്ധമാകുന്ന എന്നോട് ആനന്ദഭിക്ഷുവിനെപ്പോലൊരാള് കുടിക്കാന്‍ വെള്ളം ചോദിക്കുകയോ? അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ‘സോദരീ ഞാന്‍ നിന്റെ ജാതി ചോദിക്കുന്നില്ല. അല്പം ദാഹജലമാണ് എനിക്കു വേണ്ടത്. അതുതരാന്‍ നീ ഭയപ്പെടുകയേ വേണ്ട’എന്നുള്ള ആനന്ദന്റെ വാക്കുകളും അദ്ദേഹത്തിന്റെ ചെന്നളിനമനോഹരമായ കരപുടവും വെള്ളം കൊടുക്കാതിരിക്കാന്‍ അവളെ അനുവദിച്ചില്ല. അവളും ഒരു പെണ്‍കുട്ടിയാണല്ലോ’ അവളോടു നന്ദി പറഞ്ഞ് ഭിക്ഷു പോയെങ്കിലും അവളുടെ ഹൃദയത്തില്‍ നിന്ന് ആനന്ദന് പോയില്ല. അവള് വീടുവിട്ട് ബുദ്ധാശ്രമത്തിലേക്കു തിരിച്ചു. ബുദ്ധദേവന് ധര്‍മ്മോപദേശം നല്കി അവളെ ഭിക്ഷുകിയായി സ്വീകരിച്ചു. മനുഷ്യര്‍ക്കു തമ്മില്‍ ഉണ്ടെന്നു കരുതുന്ന അസമത്വം പ്രകൃതി തത്വങ്ങളുടെ നിഷേധമാണെന്ന് അങ്ങനെ ആശാന് നമ്മെ പഠിപ്പിച്ചു.
നാമിവിടെ കണ്ടതെന്തൊക്കെയാണ്? ചണ്ഡാലിക്ക് തന്റെ ജാതിയെക്കുറിച്ചുള്ള അപകര്‍ഷതാബോധം. ഭിക്ഷുവിന്റെ ജാതിനിഷേധം. അതുകേട്ടപ്പോള്‍ മാതംഗിക്കുണ്ടായ അത്ഭുതവും ആനന്ദവും. ജാതിചിന്തയില്ലാതെ ബുദ്ധവിഹാരത്തിലേക്കുള്ള മാതംഗിയുടെ യാത്ര. ബുദ്ധവിഹാരത്തിലെ സര്‍വസാഹോദര്യത്തിന്റെ മാസ്മരദൃശ്യം. ജാതിയുടെ അര്‍ത്ഥശൂന്യതയും ജാതി, പ്രകൃതി തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നുള്ള നിതാന്ത സത്യത്തിന്റെ ഉദ്ബോധനം. അതിലുപരി മനോഹരമായ ഒരു പ്രണയഗാന കാവ്യം.
അവതരണത്തിലെ നാടകീയതയും കാവ്യവസ്തുവിന്റെ ജീവിതസ്പര്‍ശിയായ ആവിഷ്കാരവും സംവിധാന ഭംഗിയോടെ ഇവിടെ അനുവാചക ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നു.
”പണ്ടുത്തരഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ്
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍”
എന്നു തുടങ്ങുന്ന സ്ഥലകാലവര്ണനയോടെയുള്ള കാവ്യപശ്ചാത്തലം അനുപമമാണ്. അപ്പോഴതാ ചാരത്തേക്ക് ആരോ ഒരാള്‍ നടന്നു കുഴഞ്ഞു വരുന്നു. അയാളൊരു ഭിക്ഷുവാണ്. ദീര്‍ഘമാം വാമഹസ്തത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള മരയോടും വലംകൈയില്‍ വിശറിയുമായി നടന്നുവരുന്ന ആജാനുബാഹുവായ ആ ഭിക്ഷു ഒറ്റച്ചിറകേലും ദേവതപോല്‍ അവിടെയുള്ള ആല്മരത്തണിലിരിക്കുമ്പോഴാണ് ചടുലഗമനത്താല് ചലിക്കുന്ന പാദസരത്തിലെ കിങ്ങിണി കിലുങ്ങുമാറ് അരയ്ക്കുമേല്‍ ചെപ്പുക്കുടവും പാളയും കയറുമായി ഒരു സുന്ദരി വഴിക്കിണറില്‍ നിന്നു വെള്ളം കോരാനായി എത്തിയത്. കാക്കയും വന്നു പനമ്പഴവും വീണു എന്നു പറയുമ്പോലെ ദാഹിച്ചു വലഞ്ഞ ഭിക്ഷു, തന്നെ തുണയ്ക്കാനെത്തിയ ഈശ്വരസാന്നിദ്ധ്യമാണ് അവളില്‍ കണ്ടത്. എന്തുംവരട്ടെ എന്നു കരുതി ഭിക്ഷു അവളോട് അല്പം വെള്ളം ചോദിച്ചു. ആപത്തില്‍ നല്ലവരെ സഹായിക്കാന്‍ ദൈവം തന്നെ എത്തുമല്ലോ. പക്ഷേ ചോദ്യം കേട്ട് ആ സുന്ദരി അമ്പരന്നു പോയി. ചണ്ഡാലിയായ താന്‍ അങ്ങേയ്ക്കു ജലം തന്നാല്‍ പാപമുണ്ടാകുമെന്നാണവള് പ്രതികരിച്ചത്. ഞാന്‍ ജാതി ചോദിക്കുന്നില്ല, ദാഹം കൊണ്ട് അല്പം ജലമാണു ചോദിച്ചത്. ഒരു ഭയവും കൂടാതെ എനിക്കു വെള്ളം തന്നോളൂ എന്നു ഭിക്ഷു പറഞ്ഞെന്നു മാത്രമല്ല ആ സുന്ദരന്‍ തന്റെ ചെന്നളിന മനോഹരമായ കരപുടം നീട്ടുകയും ചെയ്തു.
”പിന്നെത്തര്‍ക്കം പറഞ്ഞില്ലയോമലാള്‍
തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല’‘
എന്ന കവിയുടെ വാക്കുകള്‍ എത്ര സമുചിതമാണ്! ആശാന് വരച്ചുകാട്ടുന്ന മാതംഗിയുടെ ചിത്രം ആസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠയാര്ജ്ജിക്കുവാന് ആ യുവതിയുടെ ഹൃദയം കണ്ട കവിയെ നമുക്കിവിടെ കാണാം. ബുദ്ധാശ്രമത്തിലെത്തിയ മാതംഗി അവിടെ കണ്ടത് പരസ്പര വിദ്വേഷമോ വര്ഗ്ഗവര്ണ വ്യത്യാസമോ കൂടാതെ ഏവരും സ്നേഹത്തോടെ കഴിഞ്ഞു പോകുന്നതാണ്. മാതംഗി ഭൂഷണങ്ങള്‍ ഉപേക്ഷിച്ചു. തലമുണ്ഡനം ചെയ്തു. മഞ്ഞ പിഴിഞ്ഞുടുത്തു. അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ ഗ്രഹിച്ചു. തന്നെ മകളേ എന്നു വിളിച്ച ബുദ്ധദേവന്റെ സാമീപ്യം നിര്‍വൃതിദായകമായിരുന്നു ‘ധര്‍മ്മോപദേശം’ നേടി ജേതൃവന വിഹാരത്തില്‍ കഴിഞ്ഞു കൂടിയ മാതംഗിക്ക് ആനന്ദനില്‍ തോന്നിയ അനുരാഗം ഭക്തിയായി മാറി. ജാതിയെ ധ്വംസിച്ച് മനുഷ്യസമുദായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതായിരുന്നു ചണ്ഡാലഭിക്ഷുകി എന്ന ഗാനകാവ്യരചനയിലൂടെ കവി ഉദ്ദേശിച്ചത്. അതോടൊപ്പം തന്റെ സ്നേഹസങ്കല്പത്തെ- മാംസനിബദ്ധമല്ലാത്ത രാഗത്തെ-അരക്കിട്ടുറപ്പിക്കാനും ആശാനു സാധിച്ചു. നാലു ഭാഗങ്ങളിലായി ആവിഷ്കരിച്ചിരിക്കുന്ന ഈ കൃതിയിലെ രണ്ടാം ഭാഗമാണ് ഏറ്റവും മനോഹരമായിട്ടുള്ളത്. മനുഷ്യനും മനുഷ്യനും തമ്മിലകലാതെ സ്നേഹോഷ്മളമായ ഒരു പുതുജീവിതം നയിക്കാന്‍ ആശാന് കൃതികള്‍ സഹായിക്കും-സംശയമില്ല