ജാതിയില്ലാത്ത ഇന്ത്യക്കാരും സവർണസംവരണവും
വെള്ളക്കാരന്റെ ക്രൂരമായ റേസിസം , അവനും കറുത്ത വംശജരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവില്‍ നിന്ന് ഉണ്ടായി വരുന്നതാണ്’ എന്ന് പ്രശസ്ത സോഷ്യോളജിസ്റ്റ് സ്റ്റുവര്‍ട്ട് ഹാള്‍ വംശീയതയെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് സംവരണവിരുദ്ധത സവര്‍ണ്ണരിലും ഉണ്ടായിവരുന്നത്. രണ്ടു വിഭാഗങ്ങളും തുല്യരാകുന്നു എന്ന ബോധ്യം സവര്‍ണ്ണ വിഭാഗങ്ങളുടെ പ്രൗഢിയേയും, അന്തസ്സിനെയും, മേധാവിത്ത ചിന്തയേയും കാര്യമായി ബാധിക്കുകയും ഏത് വിധേനയും സംവരണത്തെ എതിര്‍ക്കണം എന്ന ബോധത്തിലേക്ക് എത്തുകയും ചെയ്യുന്നു. ‘ എന്റെ വീടിന് അടുത്ത് ബെന്‍സ് കാറുള്ള ദലിതന്‍ ഉണ്ട്’ എന്നൊക്കെയുള്ള വിചിത്രവാദങ്ങള്‍ അതിന്റെ ബാക്കിയായി ഉണ്ടാക്കുന്നതാണ്. അതായത് മേല്പറഞ്ഞ സവര്‍ണ്ണ സമുദായങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉള്ളവര്‍ അനേകമായിരം ഉണ്ടെങ്കിലും ദലിതന്‍ അത് വാങ്ങി എന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. അവരുടെ അന്തസ്സിനെ അത് വല്ലാതെ ബാധിക്കുന്നു
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്ഥൂലമായും നിയമപരമായും തുടങ്ങുന്നത് ഭരണഘടന നിലവില്‍ വന്നതോട് കൂടിയായിരുന്നു. ഭരണഘടനയുടെ പ്രഥമ ഉദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ രാജ്യത്തിന്റെ അധികാരവ്യവസ്ഥയില്‍ നിലനിന്ന ജാതി അധീശത്വത്തിനെ മറികടക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ-ധാര്‍മിക ദിശയായി വര്‍ത്തിക്കുക എന്നതായിരുന്നു . ഇന്ത്യയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വര്‍ണ്ണവ്യവസ്ഥയില്‍ അധിഷ്ഠിതമായിട്ടായത് കൊണ്ട് തന്നെ സമത്വവും, സഹോദര്യവും സ്വാഭാവികമായി സമൂഹത്തില്‍ ഉണ്ടായിവരില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഭരണഘടന സംസാരിച്ചു തുടങ്ങുന്നത്. ഏറ്റവും അടിസ്ഥാനപരമായി ഈ സാമൂഹിക അനീതികളെ ഉന്മൂലനം ചെയ്തുകൊണ്ട് മാത്രമേ ഏതൊരു രാജ്യത്തിനും സംസ്‌കാരികവും സാമ്പത്തികവുമായി വികസിക്കാന്‍ സാധിക്കുകയുള്ളു താനും. അത്തരത്തില്‍ നൂറ്റാണ്ടുകളായി സാമൂഹിക അനീതിയിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട ജാതി ഇന്ത്യയുടെ അധികാരരൂപങ്ങളെ വേരോടെ പിഴുതെറിഞ്ഞുകൊണ്ട് ജനാധിപത്യസമൂഹത്തിന്റെ പ്രതിനിധാനങ്ങളെ ഭരണകൂടങ്ങളാക്കി മാറ്റുകയെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അധികാരപ്രയോഗത്തിന്റെ മുഖ്യഘടകം.
സാമൂഹിക ജനാധിപത്യ സമൂഹമായി വികസിക്കുന്നതിലെ ഭരണഘടനാപരമായ ഇടപെടല്‍ പോലും സംസ്‌കൃതവല്‍ക്കരിച്ചു മാറ്റിയെടുക്കാന്‍ സാധിക്കും എന്ന ആപല്‍ക്കരവും, ആശങ്കയുണര്‍ത്തുന്നതുമായ സാമൂഹിക യാഥാര്‍ഥ്യം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. ഭരണഘടനാ നിര്‍മാണ സമയത്ത് ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് പൊതുവെ ഇത്തരം ഒരു ധാരണ അവ്യക്തമായിരുന്നു എന്ന് വേണം കരുതാന്‍. എങ്കിലും ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കാനോ, ഭരണഘടനാ ധാര്‍മികത ഒരു സ്വാഭാവിക വികാരമായോ ഇന്ത്യന്‍ ഭൂരിപക്ഷ ജനതയില്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ലായെന്ന് ബാബാസാഹെബ് അംബേദ്കറിന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ തന്നെയാണ് സംവരണവും, അട്രോസിറ്റി നിയമവും ഉള്‍പ്പടെയുള്ളവ നിയമം വഴി തീര്‍ച്ച വരുത്തിയത്.
എന്തായാലും സമകാലീന കേരളത്തെ സൂഷ്മമായി നോക്കുകയാണെങ്കില്‍ മേല്പറഞ്ഞപോലെ സംസ്‌കൃതവല്‍ക്കരണത്തെക്കുറിച്ച്(സാമൂഹികവും, സംസ്‌കാരികവും,രാഷ്ട്രീയവും,നിയമപരവും) അക്കാലത്തെ ബൗദ്ധികരുടെ ഭരണഘടനാപരവും, സാമൂഹികവുമായ വ്യക്തതയില്ലായ്മയെ സാധൂകരിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് കാണാവുന്നതാണ്. സാമൂഹിക മാറ്റത്തിന് വഴി തെളിക്കാന്‍ കേരളീയ നവോത്ഥാനത്തില്‍ ഉരുത്തിരിഞ്ഞ പ്രായോഗിക പ്രവര്‍ത്തനങ്ങളും, മൂല്യബോധ്യങ്ങളും ഉപയോഗപ്പെടുത്തിത്തന്നെ കേരളീയ നവോത്ഥാനത്തെ റദ്ദ് ചെയ്യുന്ന ഒരുതരം ബ്രാഹ്മണ്യ രീതി സാംസ്‌കാരികമായി തന്നെ നിലനില്‍ക്കുന്നുണ്ട് . ജാതിയെ മറികടക്കുന്ന അന്യജാതി/ഗോത്ര വിവാഹങ്ങള്‍ നടക്കുമ്പോഴും, ആ രണ്ട് വ്യക്തികളിലെ ‘ഉയര്‍ന്ന’ ജാതിയെയും അതിന്റെ ആചാരങ്ങളെയും അല്ലെങ്കില്‍ ജാതിയുടെ വിശേഷാധികാരങ്ങളെയോ പങ്കാളികള്‍ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന രീതി ഇത്തരം സാമൂഹിക വ്യക്തതയില്ലായ്മയുടെ ഉദാഹരണമാണ്. ഇത്തരത്തില്‍ സംസ്‌കാരികമായി പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണിസം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണഘടനാ അനുസൃത പ്രവര്‍ത്തനങ്ങളെപ്പോലും സംസ്‌കൃതവല്‍ക്കരിച്ചു തെറ്റിദ്ധരിപ്പിച്ചു കാണിക്കുകയോ, ഹിന്ദുത്വപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയോ ചെയ്തുപോരുന്നുണ്ട്. ചരിത്രകാരനും ഇന്‍ഡോളജിസ്റ്റുമായ എ. എല്‍. ബാഷാം ഇന്ത്യന്‍ ജനാധിപത്യത്തെ പറ്റി നടത്തുന്ന ഒരു പ്രസ്താവന ഇത്തരമൊരു ആശങ്കയെ പിന്‍പ്പറ്റിക്കൊണ്ടുള്ളതാണ്.
‘ഇന്ത്യന്‍ ജീവിതത്തിന്റെ അടിത്തറ നൂറ്റാണ്ടുകളായി വ്യക്തികേന്ദ്രീകൃത മോക്ഷദര്‍ശനത്തിന്റേതായിരുന്നു. ഹിന്ദുയിസത്തിന്റെ അടിസ്ഥാന നിലപാടാണിത്. ആത്മവും ബ്രഹ്മവുമാണതിന്റെ കേന്ദ്രപ്രമേയം. ആധുനിക ഇന്ത്യന്‍ വ്യക്തിബോധവും ഈ ഇന്ത്യന്‍ ദാര്‍ശനികാടിത്തറയില്‍ വളര്‍ന്നു വന്നതാണ്. മറ്റ് ബ്രിട്ടീഷ് കൊളോണിയല്‍ രാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യം അനേകം വ്യക്തികള്‍ രഹസ്യമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് വോട്ട് ചെയ്യുന്ന (മോക്ഷമാര്‍ഗം ആലോചിക്കുന്ന) ഘടനയായിത്തീര്‍ന്നതിന്റെ പിന്നില്‍പോലും ഈ വ്യക്തിമോക്ഷവീക്ഷണം പ്രവര്‍ത്തിച്ചിട്ടുണ്ടാവണം.’ കൂടാതെ പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമായ സതിഷ് ദേശ് പാണ്ഡെയുടെ ‘ജാതിയും ജാതിയില്ലായ്മയും: ജനറല്‍ വിഭാഗത്തിന്റെ ജീവചരിത്രത്തിലേക്ക് ‘ എന്ന് പറയുന്ന പേപ്പറില്‍ ഭരണഘടനയിലെ ‘ജനറല്‍’ എന്ന അഭിസംബോധന എത്തരത്തില്‍ സവര്‍ണ്ണരെ ജാതിയുടെ എല്ലാ അധികാരങ്ങളും, സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് ജാതിയില്ലാത്തവരായി ജീവിക്കാന്‍ ഉതകുന്നതാക്കി എന്നും പറയുന്നുണ്ട്. മേല്പറഞ്ഞ ഉദാഹരണങ്ങള്‍ ഭരണഘടനാ നിര്‍മാണത്തില്‍ ഉണ്ടായ അവ്യക്തതയുടെ ബാക്കിപ്പത്രമായി മനസ്സിലാക്കിക്കൊണ്ട് സംവരണവിരുദ്ധ ഇടങ്ങളെ എങ്ങനെ വലിയ നിലയില്‍ നിര്‍മിക്കാന്‍ സാധിച്ചു എന്ന് കാണിച്ചു തരുന്നവയാണ്.
ഭരണഘടനയുടെ ഏറ്റവും അടിസ്ഥാന തത്വംപ്രാതിനിധ്യജനാധിപത്യമാണ്. അതായത് തുല്യനീതിയില്‍ അധിഷ്ഠിതമായ, സാമൂഹിക ജനാധിപത്യമുള്ള രാജ്യമാക്കി മാറ്റുക എന്നതാണ് ഭരണഘടന ഏറ്റവും പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തില്‍ സാമൂഹിക ജനാധിപത്യം കൈവരിക്കണമെന്നുണ്ടെങ്കില്‍ വ്യത്യസ്ത വിഭാഗം മനുഷ്യരുടെ പ്രതിനിധികള്‍ ഭരണതീരുമാന നിര്‍ണയ സ്ഥാനങ്ങളില്‍ ഉണ്ടാവണം. അങ്ങനെ നിര്‍ണയന അധികാരമുള്ള മനുഷ്യര്‍ എല്ലാ വിഭാഗത്തില്‍നിന്നും എത്തുമ്പോള്‍ എല്ലാ വിഭാഗങ്ങളുടെയും കാര്യങ്ങള്‍ തുല്യ പരിഗണനയില്‍ എത്തിപ്പെടുകയും അധികാരം എല്ലാവരുടേതുമാവുകയും ചെയ്യും എന്നതാണ് സംവരണത്തിന്റെ രാഷ്ട്രീയമേഖലയില്‍ പ്രയോഗയുക്തി. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക പിന്നാമ്പുറങ്ങളില്‍ ഇന്ത്യയുടെ ഉടമസ്ഥര്‍ തങ്ങളെന്ന് സവര്‍ണ്ണര്‍ സ്വാതന്ത്ര്യലബ്ധിക്കു മുന്‍പേ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. 1932ല്‍ സെപ്പറേറ്റ് ഇലക്ടറേറ്റ് ചര്‍ച്ചകള്‍ ഡോ. അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു. അത്തരം ഒരു കാര്യം നടപ്പിലായിരുന്നെങ്കില്‍ രാജ്യത്തിന്റെ അധികാരത്തില്‍ തുല്യവീതമുള്ള , രാജ്യത്തിന്റെ തന്നെ അവകാശികള്‍ ആയി ദലിത് ജനത അംഗീകരിക്കപ്പെടുമായിരുന്നു. എന്നാല്‍ അതിനെതിരെ മോഹന്‍ദാസ് ഗാന്ധി മരണം വരെ സമരം ഇരിക്കുകയും, ഡോ. അംബേദ്കര്‍ക്ക് മറ്റ് വഴിയില്ലാതെ സംവരണ സീറ്റ് സമ്മതിക്കുകയും ചെയ്തുകൊണ്ട് പൂന പാക്ടില്‍ ഒപ്പിട്ടതോടു കൂടി അടിത്തട്ട് ജനത ഭൂരിപക്ഷ സവര്‍ണ്ണരോട് പ്രത്യേക കണ്‍സെഷന്‍ വാങ്ങി കഴിയുന്ന ബ്രാഹ്മണിസത്തിന്റെ അഭയാര്‍ത്ഥികളായി മാത്രം പൊതുബോധം നിര്‍മ്മിക്കപ്പെട്ടു. ഇത് മാറിവന്ന സാമൂഹിക സാഹചര്യത്തില്‍ വീണ്ടും അടിത്തട്ടിലെ മനുഷ്യരെ പഴയപടി നിര്‍ത്തിയതായിട്ടാണ് മനസ്സിലാക്കേണ്ടത്. സ്റ്റേറ്റ് ഉള്‍പ്പടെ ഇതിനെ പിന്താങ്ങിക്കൊണ്ടാണ് ഇന്നിപ്പോള്‍ പിന്നോക്ക അടിത്തട്ടു വിഭാഗങ്ങളെ ജാതിവാദികള്‍ ആക്കി സംവരണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. വര്‍ണങ്ങളെയും ജാതിയെയും അവയുടെ അസമത്വ പ്രവര്‍ത്തനങ്ങളെയും അതേപടി സംരക്ഷിക്കുകയാണല്ലോ ഇന്ത്യയുടെ ഭരണവര്‍ഗ്ഗ-ഭരണകൂട ധര്‍മ്മം. വാല്മീകി രാമായണത്തില്‍ രാമന്‍ ഭരതനോട് ചോദിക്കുന്നത് ‘ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ധാരാളമുണ്ട് നമ്മുടെ അയോധ്യയില്‍. ആ അയോധ്യയെ നീ സംരക്ഷിക്കുമല്ലോ?'(രാമായണം 2, 100, 42) എന്നാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ജാതി വ്യവസ്ഥിതിയും, ബ്രാഹ്മണിസവും അപകടത്തിലാവുമെന്ന പരിതസ്ഥിതിയെ മറികടക്കാന്‍ സംവരണത്തെ ഇല്ലായ്മ ചെയ്യുക എന്നത് ഭരണകൂടത്തിന്റെയും കൂടി കര്‍ത്തവ്യമാണ്. അതിന്റെ ശ്രമം തന്നെയാണ് സംവരണവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സവര്‍ണ്ണ സംവരണം വരെയുള്ളവ.
സംവരണ വിരുദ്ധത മുതല്‍
സവര്‍ണ്ണ സംവരണം വരെ
സംവരണ ചരിത്രത്തിനു ഒരു നൂറ്റാണ്ട് കഥകള്‍ പറയാനുണ്ട്. പ്രത്യേകിച്ചും കേരളചരിത്രം പരിശോധിച്ചാല്‍ തിരുവിതാംകൂറില്‍ 1891ല്‍ ‘മലയാളി മെമ്മോറിയല്‍’ അവതരിപ്പിക്കുന്നത് തന്നെ പ്രാതിനിധ്യത്തിന് വേണ്ടിയായിരുന്നു. ഉദ്യോഗജോലികള്‍ മുഴുവന്‍ പരദേശബ്രാഹ്മണര്‍ കയ്യടക്കിയപ്പോള്‍ വിദ്യാഭ്യാസമുള്ള മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല എന്നും തങ്ങള്‍ക്ക് തൊഴില്‍ പ്രാതിനിധ്യം നല്‍കണം എന്നതുമായിരുന്നു മലയാളി മെമ്മോറിയലിന്റെ ഉള്ളടക്കം. കഴിവില്ലാത്തത് കൊണ്ടാണ് നിങ്ങള്‍ക്ക് ജോലി ലഭിക്കാത്തത് എന്ന് ഏതെങ്കിലും പരദേശബ്രാഹ്മണര്‍ അന്നും മെറിട്ട് വാദം പറഞ്ഞിരിക്കാം. എന്തായാലും മലയാളികള്‍ പ്രത്യേകിച്ചും മെമ്മോറിയല്‍കൊണ്ട് തൊഴില്‍മേഖലയിലേക്ക് വലിയ നിലയിലുള്ള പ്രവേശനം സാധ്യമായ നായര്‍ സമൂഹം അതിനെ അംഗീകരിച്ചു കാണാന്‍ വഴിയില്ല. കൊളോണിയല്‍ കാലത്തെ ഇന്ത്യന്‍ സിവില്‍ സര്‍വീസിലും ഇതുപോലെ കയറിക്കൂടാന്‍ ഇന്ത്യന്‍ ബ്രാഹ്മണര്‍ വയസ്സിനു ഇളവ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ മിലിട്ടറിയുടെ ഉന്നത സ്ഥാനങ്ങളിലേക്കും പ്രാതിനിധ്യത്തിനായി ബംഗാളി ഭദ്രലോക് ഉള്‍പ്പെടുന്ന ദ്വിജന്മാര്‍ അപേക്ഷിച്ചിരുന്നതായി ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര ഉള്‍പ്പടെ ഉള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും പ്രാതിനിധ്യം ജനാധിപത്യസമൂഹത്തിന്റെ നെടുംതൂണ്‍ ആണെന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് ആര്‍ക്കും സംശയം ഇല്ലെന്ന് മേല്പറഞ്ഞതില്‍ നിന്നൊക്കെ വ്യക്തമാണ്. അപ്പോള്‍ പിന്നെ ഇന്ന് കാണുന്ന സംവരണവിരുദ്ധ മനോഭാവത്തെ എങ്ങനെ മനസ്സിലാക്കണം എന്ന കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. അത് ജാതിയുടെ ശ്രേണീകൃതമായ സ്വഭാവത്തിന്റെയും വര്‍ണ്ണ വ്യവസ്ഥയുടെ അയവില്ലാത്ത ചട്ടക്കൂടിന്റെയും ഉത്പന്നമാണ്.
ഇന്ത്യക്കാരുടെ ജാതീയത വളരെ കൃത്യമായി മനുഷ്യന്റെ അളവുകോലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ആരും തന്നെ മനുഷ്യരായി ജനിക്കുന്നില്ലെന്നും, അവരെല്ലാം ഓരോ ജാതിയുടെയും പ്രതിനിധികളായാണ് ജനിക്കുന്നതെന്നും ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞത് അതിനാലാണ്. ഈ ജാതി ഏണി മുകളിലേക്ക് കയറുംതോറും ജാതികള്‍ക്ക് മൂല്യങ്ങള്‍ കൂടി വരികയും, താഴേക്ക് പോകും തോറും മ്ലേച്ചത കൂടി വരികയും ചെയ്യുന്നതായി ഇന്ത്യന്‍ ഹിന്ദു സമൂഹം നൂറ്റാണ്ടുകളായി നിര്‍ണ്ണയിച്ചു വച്ചിരിക്കുന്നതാണ്. അതിനാല്‍ തന്നെ രാജ്യത്തെ സവര്‍ണ്ണ ജാതി സമൂഹത്തിന് തങ്ങളുടെ തുല്യ അധികാരം അടിത്തട്ട് ജാതികള്‍ക്കും വീതിച്ചു ലഭിക്കുന്നതില്‍ ഉള്ള ക്രൂരമായ അസംതൃപ്തിയാണ് സംവരണ വിരുദ്ധതയ്ക്ക് കാരണം വെള്ളക്കാരന്റെ ക്രൂരമായ റേസിസം , അവനും കറുത്ത വംശജരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവില്‍ നിന്ന് ഉണ്ടായി വരുന്നതാണ്’ എന്ന് പ്രശസ്ത സോഷ്യോളജിസ്റ്റ് സ്റ്റുവര്‍ട്ട് ഹാള്‍ വംശീയതയെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് സംവരണവിരുദ്ധത സവര്‍ണ്ണരിലും ഉണ്ടായിവരുന്നത് . രണ്ടു വിഭാഗങ്ങളും തുല്യരാകുന്നു എന്ന ബോധ്യം സവര്‍ണ്ണ വിഭാഗങ്ങളുടെ പ്രൗഢിയേയും, അന്തസ്സിനെയും, മേധാവിത്ത ചിന്തയേയും കാര്യമായി ബാധിക്കുകയും ഏത് വിധേനയും സംവരണത്തെ എതിര്‍ക്കണം എന്ന ബോധത്തിലേക്ക് എത്തുകയും ചെയ്യുന്നു. ‘ എന്റെ വീടിന് അടുത്ത് ബെന്‍സ് കാറുള്ള ദലിതന്‍ ഉണ്ട്’ എന്നൊക്കെയുള്ള വിചിത്രവാദങ്ങള്‍ അതിന്റെ ബാക്കിയായി ഉണ്ടാക്കുന്നതാണ്. അതായത് മേല്പറഞ്ഞ സവര്‍ണ്ണ സമുദായങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉള്ളവര്‍ അനേകമായിരം ഉണ്ടെങ്കിലും ദലിതന്‍ അത് വാങ്ങി എന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. അവരുടെ അന്തസ്സിനെ അത് വല്ലാതെ ബാധിക്കുന്നു. സംവരണം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ഉള്ളതല്ല എന്ന് ബോധ്യമുണ്ടെങ്കില്‍ പോലും ഇത്തരമൊരു സാങ്കല്പിക കഥ ഉണ്ടാക്കുന്നത് വഴി ജാതീയതയെ എങ്ങനെയെങ്കിലും നിലനിര്‍ത്താനും, സംവരണത്തെ തടയാനും ഉള്ള ഇരട്ട പ്രയോജനങ്ങള്‍ ആണ് ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.
സമുദായ സംവരണത്തെ തടയാന്‍ പൊതുവെ മൂന്ന് തരം വാദങ്ങള്‍ ആണ് പറയാറുള്ളത്. (1) സംവരണം മെറിറ്റിനെ ഇല്ലാതാക്കുന്നു. (2) സംവരണം ജാതിയെ നിലനിര്‍ത്തുന്നു. (3) സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ ആക്കണം എന്നിവയാണ്. നമുക്ക് ഓരോന്നായി എടുത്ത് പരിശോധിക്കാം. സംവരണം മെറിറ്റിനെ ഇല്ലാതാക്കും എന്ന വാദം യഥാര്‍ത്ഥത്തില്‍ കഴിവിനേക്കാള്‍ ഏറെ ജാതിയെ പിന്‍പറ്റിയുള്ള സവര്‍ണ്ണ ആശങ്കയാണ്. ഉദാഹരണത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ എടുക്കാം. അവിടെ മെറിറ്റിനെ കുറിച്ചുള്ള ആശങ്ക റിസര്‍വേഷനില്‍ വരുന്ന കുട്ടികളോട് മാത്രമേ ഉള്ളു മറിച്ച് എക്‌സാം പോലും എഴുതാതെ മാനേജ്‌മെന്റ് – എന്‍. ആര്‍. ഐ ക്വാട്ടകളില്‍ കയറുന്ന കുട്ടികളെക്കുറിച്ച് ആര്‍ക്കും അത്തരം ആശങ്കകള്‍ ഇല്ല. സമാനമായി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സംവരണ ചര്‍ച്ച വരുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന വാദമാണ് സംവരണത്തില്‍ കയറിയ ഡോക്ടര്‍ നോക്കുന്നത് തങ്ങള്‍ക്ക് ഭയമാണ് എന്നത്. എന്തൊരു യുക്തിരഹിതമായ വാദമാണെന്ന് നോക്കു. ഒരാള്‍ ഡോക്ടര്‍ ആകണമെങ്കില്‍ അവസാന പരീക്ഷ പാസ്സ് ആവണം. അതും എല്ലാ വിദ്യാര്‍ത്ഥികളെയും പോലെ തന്നെ. സംവരണം പ്രവേശനപരീക്ഷയ്ക്ക് മാത്രമാണ്. അപ്പൊഴെന്താണ് ഇവര്‍ പറയുന്ന മെറിറ്റ് എന്ന് ശ്രദ്ധിച്ചാല്‍ അത് ജാതി അല്ലാതെ മറ്റൊന്നുമല്ല എന്ന് ബോധ്യപ്പെടും.
മറ്റൊരു വാദം സംവരണം ജാതിയെ നിലനിര്‍ത്തുന്നു എന്നതാണ്. സവര്‍ണ്ണ സംവരണം അംഗീകരിച്ചുകൊണ്ടുള്ള വിധി ന്യായത്തില്‍ പോലും സമാനമായ ഒരു പ്രസ്താവന കണ്ടു. യഥാര്‍ത്ഥത്തില്‍ പ്രാതിനിധ്യമില്ലായ്മ കൃത്യമായി പഠനം നടത്തി ബോധ്യപ്പെട്ടാണ് സംവരണത്തെ അടിസ്ഥാനപ്പെടുത്തുന്നത്. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ബാക്ക് വേര്‍ഡ് ക്ലാസ്സസ് തുടങ്ങിയവ രാജ്യത്ത് നിലനില്‍ക്കുന്നത് ഇത്തരത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, എടുത്ത് മാറ്റണം എന്നീ മാനദണ്ഡങ്ങളോടും, അധികാരങ്ങളോടും കൂടിയാണ്. അതിനാല്‍ തന്നെ പിന്നോക്കമായി പരിഗണിക്കപ്പെടാത്ത വിഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥ ഉള്ളവര്‍ അല്ലായെന്ന് തിരിച്ചറിയേണ്ടതുണ്ട്. പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജാതിയാണ്. ഇന്ത്യയുടെ എല്ലാത്തരം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിരുന്നത് ജാതിയിലൂടെ ആണ്. നമ്മുടെ പിന്നോക്ക സമുദായ ലിസ്റ്റ് നോക്കുകയാണെങ്കില്‍ അതില്‍ ബഹുഭൂരിപക്ഷവും വര്‍ണ്ണാശ്രമധര്‍മ്മ വ്യവസ്ഥക്ക് പുറത്തുള്ള വിഭാഗങ്ങള്‍ ആണ്. ഇത് തീര്‍ച്ചയായും മുന്നോട്ട് വയ്ക്കുന്നത് ജാതി എത്തരത്തില്‍ ഇന്നും മനുഷ്യരെ പ്രാതിനിധ്യമില്ലാത്ത പ്രജകള്‍ ആക്കി നിര്‍ത്തുന്നു എന്നത് കൂടിയാണ്. ഈ ജാതി പ്രഭുഭരണമാണ് ഇന്നും മുന്നോക്കത്തെയും പിന്നോക്കത്തെയും നിര്‍മ്മിക്കുന്നത്. സംവരണം ജാതിയ്ക്കും അതുകൊണ്ടുള്ള പ്രാതിനിധ്യമില്ലായ്മക്കും ഉള്ള ഒരു മരുന്നാണ്. അസുഖം ഉള്ളതുകൊണ്ടാണ് മരുന്ന് ഉള്ളത്. അതല്ലാതെ മരുന്ന് ഉള്ളതുകൊണ്ടല്ല അസുഖം ഉണ്ടാവുന്നത് എന്ന് യുക്തിബോധത്തോടെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആക്കണം എന്ന് പറയുന്ന വാദം യഥാര്‍ത്ഥത്തില്‍ സംവരണതത്വത്തിന് തന്നെ എതിരാണ്. ദാരിദ്ര്യത്തെ മുന്‍നിര്‍ത്തി മുന്നോക്ക ജാതിക്കാര്‍ക്കും സംവരണം നല്‍കണമെന്ന് ഒരു വാദം ഉന്നയിക്കുമ്പോള്‍ പോലും ഇന്ത്യയിലെ ഏറ്റവും ദരിദ്രരും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ദലിത്-ആദിവാസി പിന്നോക്ക ജനതയാണെന്നതാണ് യാഥാര്‍ഥ്യം. എന്തായാലും സംവരണം ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയല്ല എന്നിരിക്കെ ഇത്തരമൊരു വാദം ഉയര്‍ന്നു വരുന്നതിലെ ഉദ്ദേശം അല്പം പോലും നിഷ്‌കളങ്കമല്ല. സവര്‍ണ്ണ ജാതി സമൂഹം ഇത്തരമൊരു വാദം ഉന്നയിക്കുന്നതില്‍ രണ്ട് വശം ഉണ്ടെന്നാണ് തോന്നുന്നത്. ഒന്നാമതായി സംവരണീയര്‍ക്ക് ലഭിക്കുന്ന പരിരക്ഷ ഇക്കൂട്ടരുടെ ജാതി മനസ്സിന് അംഗീകരിക്കാന്‍ സാധിക്കാത്തത് ആണ് എന്നതാണ്. തങ്ങളുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്നതില്‍ നിന്നുണ്ടാവുന്ന വൈരാഗ്യബോധമാണ് ഇത്തരത്തില്‍ വാദങ്ങള്‍ നിരത്താന്‍ പ്രേരണയാവുന്നത്. മറ്റൊരു വശം തീര്‍ച്ചയായും സാമൂഹിക വിശേഷാധികാരത്തെ കുറിച്ചുള്ള അജ്ഞതയും, അനുഭവപരിസരമില്ലായ്മയുമാണ്. ഇന്ത്യയുടെ പൊതുവിലുള്ള സാമൂഹിക പശ്ചാത്തലം മറ്റൊരു രൂപത്തിലേക്ക് മാറിയ ഇരുപതാം നൂറ്റാണ്ടിലെ ഒന്നാം പകുതിയില്‍ ചെറിയ നിലയിലെങ്കിലും അടിത്തട്ട് വിഭാഗങ്ങള്‍ ആര്‍ജിച്ച സാമ്പത്തിക-സാമൂഹിക-ആത്മീയ മൂലധനങ്ങള്‍ തങ്ങളുടെ മേധാവിത്തത്തെ ബാധിച്ചു എന്ന തോന്നല്‍ സവര്‍ണ്ണരില്‍ ഉളവാക്കിയിരുന്നു. അവരെ സംബന്ധിച്ച് എല്ലാത്തരം മൂലധനങ്ങളും കീഴ്ത്തട്ടിലെ മനുഷ്യര്‍ക്ക് ലഭിക്കാന്‍ കാരണം ആക്കൂട്ടരില്‍ ഉണ്ടായ സാമ്പത്തിക പുരോഗതിയാണെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഭൂമി, തൊഴില്‍, വിദ്യാഭ്യാസം ഒക്കെയും സാമ്പത്തിക മെച്ചപ്പെടലിന്റെ ഉപാധികള്‍മാത്രമായി അവര്‍ മനസ്സിലാക്കി. അടിത്തട്ട് മനുഷ്യരുടെ ഈ സാമ്പത്തിക പുരോഗതിയും തങ്ങളുടെ ജാതി സമൂഹത്തിന് മുന്‍പുണ്ടായിരുന്ന മേല്‍ക്കോയ്മയെ സാരമായി ബാധിച്ചതായി തോന്നിയ അവര്‍ ഇതിനൊക്കെ കാരണം തങ്ങള്‍ക്ക് ഉണ്ടായ സാമ്പത്തിക പരാധീനതയാണെന്ന് അക്കാലം മുതല്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന് പുറകിലെ ഉദ്ദേശം സാമ്പത്തികമല്ല ജാതിയാണെന്ന് വ്യക്തമാണ്.കാരണംസാമ്പത്തികം
ജാതിയുമായിബന്ധപ്പെട്ടതാണെന്നബോധ്യം അവര്‍ക്കുണ്ടായിരുന്നു.
തിരുവിതാംകൂര്‍ പ്രജാസഭ രേഖകള്‍ പരിശോധിക്കുന്ന സമയത്ത് ബ്രാഹ്മണ പ്രതിനിധികള്‍ചിലവാദം ഉന്നയിക്കുന്നുണ്ട്. ‘ഞങ്ങള്‍ സാമ്പത്തികമായി ദരിദ്രരും, വിദ്യാഭ്യാസപരമായി പിന്നോക്കവുമാണ്’ എന്ന് അവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും ദിവാന്‍,’ നിങ്ങള്‍ പൊതുവില്‍ ദരിദ്രരല്ല’ എന്ന മറുപടി നല്‍കുന്നതും നമുക്ക് കാണാവുന്നതാണ്. സമാനമായാണ്‌കേരളത്തിലെ നായര്‍ തറവാടുകളുടെ സാമ്പത്തിക ശിഥിലീകരണം നാടിന്റെ തന്നെ തകര്‍ച്ചയായി അക്കാലംമുതലേപ്രചരണംതുടങ്ങിയത്. സാഹിത്യം മുതല്‍ സിനിമ വരെ അതേറ്റു പാടി. ഇവര്‍ എല്ലാവരും അര്‍ത്ഥംവയ്ക്കുന്നത് സവര്‍ണ്ണരുടെ സാമ്പത്തിക തളര്‍ച്ചയല്ല എന്നും, അടിത്തട്ട് മനുഷ്യരുടെ സാമൂഹിക മുന്നോട്ട് പോക്കിലുള്ള അസംതൃപ്തിയാണെന്നും ഇന്നത്തെപോലും സാമ്പത്തികസ്ഥിതികള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാണ്. സംവരണത്തിന് എതിരായി നടത്തുന്ന സാമ്പത്തിക വാദവും ഇത്തരമൊരു അസംതൃപ്തിയുടെയും ജാതീയതയുടെയും ഉത്പന്നമാണ്. അതിനാല്‍ തന്നെ ഇത്തരമൊരു സാമ്പത്തിക സംവരണം മുന്നോട്ട് വയ്ക്കാന്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ ഒരുതരം സാങ്കല്പികസൃഷ്ടി മാത്രമാണ്. ജാതി സെന്‍സസ് തുടങ്ങിയാതൊരു പഠനവും ഇല്ലാതെ ഒരു രേഖകള്‍ പോലും ഇല്ലാതെ ഇത്തരമൊരു ആരോപണം നടത്തുന്നതിലെ ഉദ്ദേശം പിന്നോക്കക്കാരെ തങ്ങളുടെ അടിമകള്‍ ആയി വീണ്ടും കാണാനുള്ള വ്യഗ്രതയില്‍ നിന്നു കൂടി ഉണ്ടായിവരുന്നതാണ്. ദാരിദ്ര്യത്തെപറ്റിയുള്ള മുറവിളി ആവട്ടെ ജാതി ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമവും.
അടുത്ത ലക്കത്തിൽ:ഉത്തരാധുനികതയിലെ ജാതി ഒട്ടകം